നബീൽ മുഅബി മന്ദലാംകുന്ന്:
ആധുനികതയുടെ സ്വാധീന ഫലമായി മുസ് ലിം ലോകത്ത് പടർന്നു പിടിച്ച മതയുക്തിവാദം ഉയർത്തുന്ന ചോദ്യങ്ങളിലൊന്നാണ് അഹ് ലു ബൈത്തിന്റെ വംശശുദ്ധി. തിരുഹദീസുകളിലൂടെ വ്യക്തമാക്കപ്പെട്ടതും മുസ് ലിം ലോകം പ്രാമാണികതയോടെ സ്വീകരിച്ചുവരുന്നതുമായ അഹ്ലുബൈത്തിനോടുള്ള ആദരണീയ പരിഗണന മതനവീകരണ യുക്തിവാദത്തിന്റെ മുരടൻ താർക്കികത കൊണ്ട് ഇല്ലാതാക്കാൻ സാധിക്കുന്നതല്ലെന്ന് പ്രാമാണികാടിത്തറയോടെ സമർത്ഥിക്കുന്ന പഠന ലേഖനം.
“താങ്കളുടെ അടുത്ത ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുക”(ശുഅറാഅ്-214) എന്ന വിശുദ്ധ ഖുര്‍ആനിന്‍റെ ആയത്ത് അവതരിച്ച പാശ്ചാത്തലത്തില്‍ നബി(സ) കുടുംബത്തിലുള്ളവരെ വിളിച്ചു കൂട്ടി സല്‍ക്കാരം നടത്തി. മുപ്പത്തോളം ആളുകള്‍ ആ സല്‍ക്കാരത്തില്‍ പങ്കുകൊണ്ടിരുന്നു. ആ ആഗതരായ കുടുംബാംഗങ്ങളോടായി നബി(സ) സംസാരിച്ചു. “നിങ്ങളില്‍ നിന്നും എന്‍റെ ദീനിനെ ഏറ്റെടുക്കുവാനും എന്‍റെ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുവാനും സന്നദ്ധതയുള്ളവര്‍ സ്വര്‍ഗ്ഗത്തില്‍ എന്നോടൊപ്പമുണ്ടായിരിക്കുന്നതും എന്‍റെ കുടുംബത്തില്‍ എന്‍റെ പ്രതിനിധിയായിത്തീരുന്നതുമാണ്.” അപ്പോള്‍ സദസ്സില്‍ നിന്നൊരാള്‍ പറഞ്ഞു, “അല്ലാഹുവിന്‍റെ പ്രവാചകരെ, താങ്കള്‍ ഒരു സമുദ്രമാണല്ലോ- താങ്കളുടെ ചുമതല ആര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയും?”. നബി(സ) ചോദ്യം രണ്ടും മൂന്നും പ്രാവശ്യം ആവര്‍ത്തിച്ചു. മൂന്നു തവണ പൂര്‍ത്തിയായപ്പോള്‍ അലി(റ) എഴുന്നേറ്റ് നിന്ന് പറഞ്ഞു, “അല്ലാഹുവിന്‍റെ പ്രവാചകരെ, ഞാന്‍ അതിന് സന്നദ്ധനാണ്”. അലി(റ) അത് ഏറ്റെടുത്തു. (ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവം ഇമാം ഇബ്നു കസീര്‍ സൂറത്തു ശുഅറാഇന്‍റെ 214-ാം ആയത്തിന്‍റെ തഫ്സീറില്‍ ഉദ്ധരിക്കുന്നുണ്ട്.)
മേല്‍ ഉദ്ധരിച്ച സംഭവത്തില്‍ നബി(സ) ആവശ്യപ്പെട്ട കാര്യം ഏറ്റെടുക്കുന്ന വ്യക്തിക്ക് രണ്ട് കാര്യമാണ് വാഗ്ദാനം നല്‍കിയത്. ഒന്ന് പരലോകത്ത് ലഭിക്കുന്നതും മറ്റൊന്ന് ഇഹലോകത്ത് വെച്ചുള്ളതുമാണ്. ഇഹലോകത്ത് നബി(സ) ഓഫര്‍ ചെയ്ത കാര്യമാണ് നമ്മുടെ ചര്‍ച്ചാ വിഷയം. നബി(സ) യുടെ കടങ്ങളെ ഏറ്റെടുക്കുകയും വാഗ്ദാനങ്ങളെ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നവര്‍ക്ക് കുടുംബത്തിന്‍റെ പ്രാതിനിധ്യം ഓഫര്‍ ചെയ്യപ്പെട്ടപ്പോള്‍ അലി(റ) യാണ് അത് എറ്റെടുത്തത്. അതാണ് നബി(സ) യുടെ കുടുംബ പരമ്പര അലി(റ) മുഖേന വരാന്‍ കാരണം. പിന്നീട് അലി(റ) ആ കടമകള്‍ ഏറ്റെടുത്ത് വിജയകരമായി നിര്‍വ്വഹിക്കുന്നത് ചരിത്രത്തില്‍ കണ്ടെത്താന്‍ സാധിക്കും. പ്രവാചക കുടുംബത്തിന്‍റെ പ്രാതിനിധ്യത്തില്‍ കേവലം വംശീയമായ പാരമ്പര്യമല്ലെന്ന് ഈ സംഭവം സൂചിപ്പിക്കുന്നുണ്ട്. മുപ്പതോളം ആളുകളില്‍ നിന്ന് അലി(റ) വാണ് നബി(സ) യുടെ വാഗ്ദാനത്തെ ശിരസ്സാവഹിക്കാന്‍ സന്നദ്ധരായത്. ഹാശിമി വംശത്തിലുള്ള മറ്റുള്ളവരേക്കാള്‍ അലി(റ) വിന്റെ സന്താനപരമ്പരക്ക് ‘ശുറഫാക്കള്‍’ എന്ന പ്രത്യേക മഹിമ ലഭിക്കാനുള്ള കാരണമതാണ്. നബി(സ) യോട് ശത്രുത പുലര്‍ത്തിയ അബൂലഹബിനും അബ്ദുശംസ് നൗഫല്‍ എന്നിവര്‍ക്കും ആ വംശമഹിമ ലഭിച്ചതുമില്ല. അബ്ബാസ്, ഉഖൈല്‍, ജഅഫര്‍, ഹാരിസ്, പോലുള്ളവര്‍ക്ക് ശുറഫാക്കളുടെ താഴെയുള്ള മഹത്വമാണ് ലഭിച്ചത്. ഈ തരംതിരിവുകളെല്ലാം നബി(സ) യോടുള്ള ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിര്‍ണയിക്കപ്പെട്ടിരിക്കുന്നത്. അതേ സമയത്ത് ഒരു കാരക്കയുടെ ചീള് ദാനം ചെയ്തിട്ടെങ്കിലും തന്‍റെ ശരീരത്തെ നരകത്തില്‍ നിന്ന് സംരക്ഷിച്ചുകൊള്ളുക എന്നാണ് നബി(സ) സ്വന്തം മകളായ ഫാത്തിമ ബീവി(റ) യോട് പറഞ്ഞിരിക്കുന്നത്. നബി(സ) യുമായുള്ള വംശ പാരമ്പര്യമുള്ളവരില്‍ ഉന്നതമായ ദീനിമൂല്യങ്ങള്‍ പ്രകടമായത് കുടുംബ ബന്ധത്തിന്‍റെ ബറക്കത്താണ്.
“ഹേ മനുഷ്യരെ, നിങ്ങളെ ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങള്‍ വ്യത്യസ്ത ഗോത്രങ്ങളും വര്‍ഗങ്ങളുമായി വേര്‍തിരിച്ചിരിക്കുന്നത് നിങ്ങളെ തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്. തീര്‍ച്ചയായും അല്ലാഹുവിനെ കൂടുതല്‍ സൂക്ഷിക്കുന്നവര്‍ക്കാണ് അല്ലാഹുവിന്‍റെ പക്കല്‍ ബഹുമാനമുള്ളത്.”(വി.ഖു-അല്‍ഹുജറാത്ത് 13).
ഇവിടെ വംശങ്ങളും മറ്റു സാമൂഹികമായ വര്‍ഗ്ഗീകരണങ്ങളും അല്ലാഹുവിന്‍റെ അടുത്ത് സ്ഥാനങ്ങള്‍ കരസ്ഥമാക്കാന്‍ സഹായകമല്ല എന്നും അതിന് അല്ലാഹുവിനെ അറിഞ്ഞ് അവനെ സൂക്ഷിച്ച് ജീവിക്കലാണ് വേണ്ടതെന്നുമാണ് വ്യക്തമാക്കുന്നത്. എന്നാല്‍, വംശങ്ങളെ തിരിച്ചറിയലും ആ നിലയില്‍ അടയാളപ്പെടുത്തുന്നതിനും വിലക്കില്ല. മാത്രമല്ല, അത് തിരിച്ചറിവിന് വേണ്ടി അല്ലാഹു ആക്കി തന്നിട്ടുള്ളതാണെന്നു തന്നെ വ്യക്തമാക്കുന്നുണ്ട്. പിതൃപാരമ്പര്യത്തില്‍ സ്വാലിഹീങ്ങളും ആലിമീങ്ങളുമുള്ള അതിന്‍റെ സംസ്കാരങ്ങളും പാരമ്പര്യങ്ങളും നിലനിര്‍ത്തുന്നവര്‍ക്ക് അതിന്‍റേതായ വ്യക്തിത്വ ഗുണങ്ങളുണ്ടാകാം. ആ വ്യക്തിത്വ ഗുണത്തെ പരിഗണിച്ച് പാരമ്പര്യമുണ്ടാവുകയും അതിന്‍റെ ഗുണമില്ലാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ ആ പരിഗണനക്ക് അര്‍ഹനാകുന്നില്ല. അങ്ങിനെ എടുത്തു പറയാവുന്ന പൈതൃക ഗുണങ്ങളില്ലാത്തവരില്‍ വ്യക്തിത്വ ഗുണം സമ്മേളിക്കുന്നുണ്ടെങ്കില്‍ അത്തരം ആളുകള്‍ക്ക് ശ്രേഷ്ഠതയുണ്ടാവുകയും ചെയ്യുന്നു. ചുരുക്കത്തില്‍ വ്യക്തിത്വപരമായ ഗുണങ്ങള്‍ക്ക് തന്നെയാണ് മഹത്വമുള്ളത്. വംശത്തിലും കുടുംബത്തിലും സ്വലാഹിയത്തും ഇല്‍മുമുണ്ടെങ്കില്‍ അതിലെ കുട്ടികള്‍ക്ക് അത് വേഗം പകര്‍ന്നു കിട്ടുമെന്നതാണ് അതിനെ പരിഗണിക്കാനുള്ള കാരണം. കുടുംബ ബന്ധം നലിനിര്‍ത്തുമ്പോള്‍ കുടുംബത്തില്‍ ഒരു മഹിമയുള്ള ദീനി സംസ്കാരത്തെ നിലനിര്‍ത്താന്‍ സാധിക്കും. വളര്‍ന്നു വരുന്ന സാഹചര്യം മനുഷ്യനെ വല്ലാതെ സ്വാധീനിക്കുമല്ലോ? ഗുണകരമായ ചുറ്റുപാടാണെങ്കില്‍ ഗുണപരമായി സ്വാധീനിക്കും തെറ്റായ സാഹചര്യമാണെങ്കില്‍ ആ തെറ്റ് ശീലമാകാനും ഇടയാകുന്നു. ആ ശീലങ്ങളെ പിന്നീട് മാറ്റുക വളരെ പ്രയാസമാണ്. ഈ കാരണങ്ങള്‍ കൊണ്ടാണ് വംശങ്ങളേയും കുടുംബങ്ങളെയും പ്രത്യേകം വേര്‍തിരിച്ചറിയല്‍ അനിവാര്യമാകുന്നത്. കുടുംബ-വംശ ബന്ധങ്ങളെ മറികടന്നു കൊണ്ട് പ്രവാചക കുടുംബവുമായി അടുപ്പം പുലര്‍ത്തിയ ബിലാല്‍(റ), സല്‍മാനുല്‍ ഫാരിസി(റ) പോലുള്ളവര്‍ നബികുടുംബത്തില്‍പ്പെട്ടവരാണെന്ന് നബി(സ) പറയുന്ന ഹദീസുണ്ടല്ലോ? അവരുടെ ശീലങ്ങളും വിശ്വാസങ്ങളും അത്രമാത്രം മാറിയത് കൊണ്ടാണ് അങ്ങിനെ പരാമര്‍ശിക്കാന്‍ കാരണം. വിശ്വാസത്തിലും സ്വഭാവങ്ങളിലും ശീലങ്ങളിലും നബി(സ) യുടെ ചര്യയോട് എത്രമാത്രം ചേരുന്നുവെന്നതാണ് ഒരാളുടെ പരലോക വിജയത്തിന്‍റെ മാനദണ്ഡം.
അബൂബക്കര്‍ സിദ്ധീഖി(റ)ന്‍റെ ഒരു വചനം ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു:
“അഹ്ലുബൈത്തില്‍ നിങ്ങള്‍ നബി(സ)യെ കാണുവീന്‍”.
നബീ(സ)യെ നേരിട്ട് കാണാനും സഹവസിക്കാനും സാധിച്ച സ്വഹാബാക്കളുടെ സൗഭാഗ്യം പില്‍ക്കാലക്കാര്‍ക്കും ലഭിക്കുന്നില്ലല്ലോ? അത്തരമൊരു ഘട്ടത്തിലാണ് അബൂബക്കര്‍ സിദ്ധീഖ്(റ) വിന്‍റെ ഈ വാചകം കൂടുതല്‍ പ്രസക്തമാകുന്നത്. ഇര്‍ക്കബൂ – മുറാക്കബ ചെയ്യൂ എന്നാണ് ഈ ഖബറില്‍ ഉപയോഗിച്ചിരിക്കുന്ന പദം. മുറാഖബ എന്നത് തസ്വവ്വുഫിന്‍റെ പദമാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതല്‍ മനസ്സിലാക്കിയവരും സൂഫികളാണ്. അഹ്ലുബൈത്തിനോടുള്ള സ്നേഹത്തിലൂടെ ദീനിയായ നേട്ടം കൈവരിച്ചവരും അവര്‍ തന്നെയാകും. പിതാവിനെ കാണാത്തവര്‍ക്ക് പുത്രനെ കാണുമ്പോള്‍ അതിലൂടെ പിതാവിന്‍റെ രൂപവും ഘടനയും സങ്കല്‍പ്പിക്കാവുന്നത് പോലെയാണ് ഈ വിഷയം. താബിഉകള്‍ക്കാണ് യഥാര്‍ത്ഥത്തില്‍ അഹ്ലുബൈത്തിനെ സഹവസിക്കാന്‍ ലഭിച്ചത്. താബിഉകളുടെ കാലഘട്ടത്തിനും ശേഷമുള്ളവര്‍ക്ക് താവഴിയിലുള്ള അഹ്ലുബൈത്തിനെയാണ് ലഭിക്കുന്നത്. ആ ലഭിച്ച നസബിന്‍റെ അഹ്ലുകാരുമായുള്ള സഹവാസ ബന്ധത്തിലൂടെയും അല്ലാഹുവിലേക്കും റസൂലിലേക്കും സാധാരണക്കാരായ ഉമ്മത്തുകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കും. അതാണ് അഹ്ലുബൈത്തിനോടുള്ള സ്നേഹത്തിന്‍റെയും ബഹുമാനത്തിന്‍റെയും രഹസ്യം.
അഹ്ലുബൈത്ത് പാപസുരക്ഷിതരാണെന്ന വിശ്വാസം ഇസ്ലാമിന് അന്യമാണ്. ഇല്‍മിന്‍റെ അഹ്ലുകാര്‍ക്ക് കൈകാര്യം ചെയ്യേണ്ട സ്ഥാനങ്ങളില്‍ ഇല്‍മുള്ളവര്‍ തന്നെ വേണം. ഇല്‍മിയായി കൈകാര്യം ചെയ്യേണ്ട മേഖലയില്‍ അതിന് പറ്റിയ ആള്‍ക്ക് മാത്രമെ പ്രവര്‍ത്തിക്കാന്‍ പറ്റൂവെന്നതില്‍ തര്‍ക്കമുണ്ടാകില്ല. അഹ്ലുബൈത്തിന്‍റെ സാന്നിധ്യം, നബി(സ) യോടുള്ള രക്തബന്ധവും കുടുംബ ബന്ധവും കാരണം അവരുടെ കൈപിടിച്ച് നബി(സ) യെ ഓര്‍ക്കാനും നബി(സ) യോടുള്ള സ്നേഹത്തെ ജീവസുറ്റതാക്കി മാറ്റാനും സാധിക്കുന്നു. ഇല്‍മിന്‍റെ രംഗത്തും കൂടി അവര്‍ ശോഭിക്കുകയാണെങ്കില്‍ അവര്‍ക്ക് ഇരട്ട പ്രകാശം ലഭിക്കുന്നു. അതാണ് പൂര്‍വ്വകാലത്തെ ചരിത്രത്തില്‍ നമുക്ക് വായിക്കാന്‍ കഴിയുന്നത്.
“കര്‍ബലക്ക് ശേഷവും ഹസ്രത്ത് അലി(റ) വിന്റെയും ഹസന്‍(റ), ഹുസൈന്‍(റ) വിന്റെയും പിൻഗാമികള്‍ തങ്ങളുടെ പൂര്‍വ്വഗാമികള്‍ ചരിച്ച മാര്‍ഗത്തില്‍ കര്‍മനിരതരായി. പ്രവാചക കുടുംബത്തിന്‍റെ ശ്രേയസ്സ് കുടികൊള്ളുന്നതും പ്രവാചകന്മാരുടെ അനന്തരാവകാശികളുടെ യഥാര്‍ത്ഥ അടയാളമായ ഹൃദയ വിശുദ്ധി, ഉദാത്തമായ ചിന്ത, ആരാധനകളോടുള്ള അഭിനിവേശം, പരലോകകാംക്ഷ, ഭൗതികതയോടുള്ള വിപ്രതിപത്തി, ആത്മസംസ്കരണ ചിന്ത, സ്വാശ്രയത്വം തുടങ്ങിയ എല്ലാ ഉല്‍കൃഷ്ട ഗുണങ്ങളും ഈ മഹാന്മാരുടെ ജീവിതത്തില്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ജ്വലിച്ചു നിന്നിരുന്നു. അവരുടെ പ്രവര്‍ത്തന രീതിയും ധാര്‍മിക വിശുദ്ധിയും സ്വഭാവ ഗുണങ്ങളും ഉയര്‍ന്ന ദീനി മാതൃകയും തലമുറകള്‍ക്ക് പഠിക്കാനും പകര്‍ത്താനുമുള്ള സദാചാരത്തിന്‍റെ പാഠശാലയുമാണ്.
ഹിജ്റ 38 ൽ ജനിച്ച് 94 ൽ വഫാത്തായ സൈനുൽ ആബിദീൻ(റ) വാണ് കര്‍ബലക്ക് ശേഷം നിലനിന്ന പ്രവാചക കുടുംബത്തിലെ സുപ്രധാന വ്യക്തിത്വം. ഹസൻ(റ) വിന്‍റെ അടുത്ത്, മദീനയിലാണ് മഹാനവര്‍കള്‍ അന്ത്യവിശ്രമം കൊള്ളുന്നത്. ഹസ്രത്ത് ഹുസൈൻ(റ) വിന്‍റെ വംശപരമ്പര അലിയ്യ് സൈനുൽ ആബിദീൻ(റ) എന്ന ഈ മഹല്‍ വ്യക്തിത്വത്തിലൂടെയാണ് ഇന്നും നിലനിൽക്കുന്നത്. സൈനുൽ ആബിദീൻ(റ) വിന്‍റെ മകൻ മുഹമ്മദ് ബാഖിര്‍(റ), അദ്ദേഹത്തിന്‍റെ മകൻ ജഅഫറുസ്സാദിഖ്(റ) അദ്ദേഹത്തിന്‍റെ മകൻ മൂസല് ഖാളിം എന്ന അപരനാമത്തിൽ വിശ്രുതനായ ഹസ്രത്ത് മൂസബ്നു ജഅഫർ(റ), അദ്ദേഹത്തിന്‍റെ മകൻ ഹസ്രത്ത് അലി രിദ(റ) തുടങ്ങിയ ഈ പരമ്പരയിലെ എല്ലാവരും തങ്ങളുടെ പിതാവിന്‍റെയും പിതാമഹന്മാരുടേയും കാലടികളെ പിന്തുടര്‍ന്ന് ധീരത, ഔദാര്യം, സത്യസന്ധത, ധാര്‍മിക വിശുദ്ധി എന്നിവയിലെല്ലാം മഹിതമായ മാതൃകകളാണ് കാഴ്ച്ചവെച്ചത്.”
അനുയായികള്‍ക്ക് മേല്‍ പുണ്യവാളൻ ചമയാനും നിയമത്തിനതീതരായ അതിമാനുഷരായി സ്വന്തത്തെ സങ്കല്‍പ്പിക്കാനോ ഈ തങ്ങന്മാര്‍ ശ്രമിച്ചിരുന്നില്ല. വിശുദ്ധി ജന്മാവകാശമാണെന്ന് ഗണിക്കുകയും എന്തെങ്കിലും അദ്ധ്വാനത്തിനോ പ്രയത്നത്തിനോ യാതൊരു ആവശ്യവുമില്ലാത്ത വിധം അതിനെ തങ്ങളുടെ ഉപജീവനത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന പൗരോഹിത്യ ചൂഷകര്‍ എല്ലായ്പ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാല്‍, പ്രവാചക കുടുംബ പരമ്പരയിലെ അംഗങ്ങള്‍ അത്തരക്കാരായിരുന്നില്ല. അങ്ങാടിയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോളും യാത്ര വേളകളിലും തങ്ങൾ പ്രവാചക കുടുംബമാണ് എന്നത് വെളിപ്പെടുത്താതെ സൂക്ഷിക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്.
”പ്രവാചക കുടുംബത്തിന്‍റെ കണ്ണും വിളക്കുമായ വ്യക്തികള്‍ അവര്‍ ഹസനീ ശാഖയില്‍ പെട്ടവരായാലും ഹുസൈനി ശാഖയില്‍ നിന്നുള്ളവരായിരുന്നാലും – ഇസ്ലാമിന്‍റെ പ്രബോധനത്തിലും പ്രചരണത്തിലും അനൽപമായ പങ്ക് വഹിച്ചിട്ടുണ്ട്. മഹത്തായ ഈ സേവനത്തിന്‍റെ പരമ്പര ഒരിക്കലും മുറിഞ്ഞു പോയിട്ടില്ല. ഇസ്ലാമിന്‍റെയും പ്രവാചകന്‍റെയും പേര് പോലും കേട്ടിട്ടില്ലാത്ത രാജ്യങ്ങളിലും പ്രദേശങ്ങളിലും ഇസ്ലാം എത്തിയതും വേരുപടര്‍ത്തി ഫലദായകമായ വൃക്ഷമായി ഇന്നും നിലനില്‍ക്കുന്നതും അവരിലൂടെയാണ്. ഈ രാജ്യങ്ങളിലെല്ലാം ധാരാളം പണ്ഡിതന്മാരും ശിക്ഷകന്മാരും പരിഷ്കര്‍ത്താക്കളും അവരിലൂടെ ജന്മം കൊള്ളുകയും ചെയ്തിട്ടുണ്ട്. ഒരിക്കലും കീഴ്പ്പെടുത്താന്‍ കഴിയുകയില്ലെന്ന് കരുതിയ ആഫ്രിക്കയിലെ ബര്‍ബറികള്‍ കൂട്ടത്തോടെ ഇസ്ലാം പുല്‍കിയതും അവരിലൂടെയാണ്. ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ കശ്മീരില്‍ ഒന്നാമതെത്തിയ ഇസ്ലാമിക പ്രബോധകനായ അലി സയ്യിദ് അലിയ്യുബ്നു ശിഹാബുല്‍ ഹമദാനി(റ) സയ്യിദ് കുടുംബക്കാരനായിരുന്നു.
ഇപ്രകാരം തെക്കുകിഴക്കൻ ഏഷ്യയിലും ഇന്തോനേഷ്യയിലും ഇസ്ലാം പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് സാദാത്തുകളാണ്. ലൂയിസ് ഫന്ദൻ തന്‍റെ ഗ്രന്ഥത്തില് എഴുതുന്നു-
“ജാവയിലേയും മറ്റും ഹിന്ദു രാജാക്കന്മാർ ഇസ്ലാം സ്വീകരിച്ചത് സാദാത്തുക്കളിലൂടെയും ശരീഫുമാരിലൂടെയുമാണ്. ഹളര്‍മൗത്തിലെ അറബികള്‍ അവിടെ വന്നിരുന്നുവെങ്കിലും അവര്‍ക്ക് സാദാത്തുക്കളുടേത് പോലുള്ള സ്വാധീനം നേടാനായില്ല. അതിനുള്ള യഥാര്‍ത്ഥ കാരണം ഈ മഹാന്മാര്‍ പ്രവാചകന്‍റെ മക്കളായിരുന്നുവെന്നതാണ്. അവർ കൊണ്ടുവന്നതാണല്ലോ ഈ മതം.”
ഫിലിപ്പൈൻ ദ്വീപുകളിൽ ഇസ്ലാം പ്രചരിച്ചത് അവിടെ വന്ന അലവി സാദാത്തുക്കളുടെ ഒരു സംഘം വഴിയായിരുന്നു. ആ രാജ്യത്തിന്‍റെ പുരോഗതിയിലും അവര്‍ വലിയ പങ്കുവഹിച്ചു. ആല്‍ഖമര്‍ ഉപദീപ് മുതൽ മഡഗാസ്കര്‍ ദ്വീപു വരേയും മൊസാംബിക്കില്‍ നിന്ന് മലയിലും സുലുവുവരേയും ഇസ്ലാമിക പ്രബോധനം വ്യാപിക്കുന്നതില്‍ അവര്‍ പ്രധാന പങ്കുവഹിച്ചു.
ആത്മീയ സംസ്കരണവും അല്ലാഹുവുമായുള്ള ബന്ധവും പരലോക ചിന്തയും ഊട്ടിയുറപ്പിക്കുന്നതിൽ തങ്ങളുടെ കഴിവും ശ്രദ്ധയും വ്യയം ചെയ്ത ആത്മീയ മുറബ്ബികളാണ് സയ്യിദുമാരില്‍ ഗണനീയമായ ഒരു വിഭാഗം. അവരുടെ പരിശ്രമഫലമായി ആയിരക്കണക്കിന് ദൈവദാസന്മാര്‍ക്ക് തഖ് വ യോടെ നബിചര്യ അനുധാവനം ചെയ്യാനുള്ള സൗഭാഗ്യം ലഭിച്ചു.”
“ഹസനിലൂടെയും ഹുസൈനിയിലൂടേയും പ്രവാചകനുമായി കുടുംബ ബന്ധമുള്ള ഒട്ടേറെ മഹാന്മാര്‍ ഇന്ത്യയിലും ജന്മം കൊണ്ടിട്ടുണ്ട്. ശരീരേഛയുടേയും പിശാചിന്‍റെയും ദുര്‍ബോധനങ്ങളിൽ നിന്ന് അല്ലാഹുവിന്റെ അടിമകളെ മോചിപ്പിച്ച് ദൈവികാടിമത്തത്തിന്‍റെ രാജപാതയിലേക്ക് അവർ നയിക്കുകയും ചെയ്തു. ആ വിശിഷ്ട വ്യക്തിത്വങ്ങളിൽ ഖ്വാജാ നിളാമുദ്ദീൻ മുഹമ്മദുബ്നു അഹ്മദ് ബദായൂനി, അദ്ദേഹത്തിന്‍റെ ഖലീഫ നസ്വീറുദ്ദീൻ മുഹമ്മദുബ്നു യഹ് യ അവദി, അദ്ദേഹത്തിന്‍റെ ഖലീഫ സയ്യിദ് മുഹമ്മദ് ബ്നു യൂസുഫ് ഹുസൈനി ഗുർബൽ ഗവി തുടങ്ങിയവരെ മാത്രം ഇവിടെ പരാമർശിക്കുകയാണ്.”
സ്വന്തം ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കാൻ വൈമനസ്യമുള്ള, ആധുനിക കാലഘട്ടത്തിൽ കടന്നുവന്ന ഉൽപത്തിഷ്ണുക്കൾക്ക് ഈ ചരിത്ര യാഥാർത്ഥ്യങ്ങളൊന്നും സ്വീകാര്യമല്ല. അവർ മുസ്ലിമായി ജനിക്കാൻ കാരണമായ പ്രബോധകരേയും അവരുടെ പിതൃപമ്പരയേയും സംശയത്തിന്‍റെ കണ്ണോടെ നോക്കി കാണുന്ന ഒരു തരം അഹന്ത ഭാവമാണ് പ്രകടമാക്കുന്നത്. അവരാണ് തങ്ങന്മാർ എന്ന് വിളിക്കപ്പെടുന്ന സാദാത്തുക്കളുടെ ചരിത്രത്തെ അപഹസിക്കുന്നത്.
സയ്യിദ് എന്ന് പറഞ്ഞാല്‍ മിസ്റ്റര്‍ എന്നാണ് അര്‍ത്ഥം എന്ന് പറയുന്ന ചിലരെ സമൂഹത്തില്‍ കാണാം. അത്തരക്കാര്‍ മനസ്സിലാക്കണം, സയ്യിദിന് മിസ്റ്റര്‍ എന്ന് അര്‍ത്ഥം വന്നത് പഴയ ബ്രീട്ടീഷ് യജമാനന്മാർ നമ്മെ കുറച്ചു കാലം അടിമപ്പെടുത്തിയതിന് ശേഷമാണ്. എന്നാല്‍, ഇസ്ലാമിക സമൂഹത്തിനകത്ത് ഇതിന് നല്‍കുന്ന ഒരു അര്‍ത്ഥമുണ്ട്. അതിന് അല്‍ മുന്‍ജിദ് ഡിക്ഷ്ണറി മാറ്റിവെച്ച് ഇമാം സുയൂത്തിയെ പോലുള്ള മുന്‍ഗാമികളായ ഇമാമുകളുടെ കിതാബ് നോക്കണം. ഇസ്ലാമിക സമൂഹം സയ്യിദ് – നേതാവ് എന്ന് വിളിച്ചത് നബികുടുംബത്തെയാണെന്ന് അപ്പോള്‍ മനസ്സിലാക്കാം. പിന്നീട് ബ്രിട്ടനെ യജമാനനാക്കിയവര്‍ രംഗത്ത് വന്നപ്പോള്‍ അവര്‍ക്ക് സയ്യിദ് മിസ്റ്റര്‍ മാത്രമായി മാറുകയായിരുന്നു. അതുപോലെ തന്നെ മന്തൂബ് എന്ന് ഫിഖ്ഹിന്‍റെ കിതാബുകളില്‍ കണ്ടാല്‍ പി.ആര്‍.ഒ എന്നു അര്‍ത്ഥം വെച്ചു നോക്കൂ. അപ്പോള്‍ അതെങ്ങിനെയുണ്ടാകും.?! ഇതേ പോലെ സന്ദര്‍ഭം നോക്കാതെ അര്‍ത്ഥം വെച്ചതാണ് പ്രശ്നമെന്ന് മനസ്സിലാക്കാം.
അഹ്ലുബൈത്തിന് പ്രത്യേക ബഹുമാനം കൊടുക്കുമ്പോള്‍ അതല്ലാത്തവരെ തരംതാഴ്ത്തുന്നതല്ല ഇസ്ലാമിന്‍റെ സമീപനം. ആദം നബി(അ) യുടെ മക്കളായ മനുഷ്യര്‍ക്ക് മുഴുവന്‍ അല്ലാഹു ബഹുമാനം നിശ്ചയിച്ചിട്ടുള്ളതാണ്. മനുഷ്യന്‍ എന്ന അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ അമുസ്ലിമാണെങ്കിലും അവന് ഇസ്ലാമിനോടും മുസ്ലിംകളോടും ശത്രുതയില്ലെങ്കില്‍ അവനും ബഹുമാന്യനാണ്. ആ ബഹുമാനത്തിന്‍റെ സമീപനമാണ് ഇസ്ലാമിനെ കിഴക്കും പടിഞ്ഞാറും ഭൂഖണ്ഡങ്ങളിലേക്ക് ത്വരിത വേഗതയില്‍ പ്രചരിക്കാന്‍ നിമിത്തമായത്. മനുഷ്യനെ മനുഷ്യന്‍ അടിമകളാക്കുകയും വംശത്തിന്‍റെ പേരില്‍ നിന്ദിക്കുകയും ചെയ്യുന്ന ജീര്‍ണ്ണോന്മുഖമായ ചരിത്രത്തിനിടയിലേക്കാണ് ഇസ്ലാം കടന്നു വന്നിട്ടുള്ളത്. ഇന്നും മനുഷ്യനെ വംശീയമായി വര്‍ഗ്ഗീകരിച്ച് കാണുകയും തന്‍റെ വംശമല്ലാത്തവരെ നിഗ്രഹിക്കണമെന്ന മനോഭാവമുള്ള വലതുപക്ഷ ഭീകരര്‍ വിളയാടുകയുമാണ്. മനുഷ്യനില്‍ പ്രകൃത്യായുള്ള ഈ വംശീയ ബോധത്തെ ഗുണാത്മകമായിട്ടാണ് ഇസ്ലാം വഴിതിരിച്ചു വിടുന്നത്. വംശീയമായ മഹിമ വംശ പിതാവിന്‍റെ നന്മയിലധിഷ്ഠിതമായാണെന്ന് ഇസ്ലാം പറയുമ്പോള്‍ നന്മ ചെയ്തവര്‍ക്ക് മാത്രമാണ് അതിന് പ്രതിഫലം ലഭിക്കുന്നുള്ളൂ. ബാക്കിയുള്ള വംശപിതാവിന്‍റെ പൈതൃകത്തിലുള്ളവര്‍ക്ക് അത് നന്മയിലേക്കുള്ള പ്രചോദനമായി മാത്രം വര്‍ത്തിക്കുന്നു. ഇനി വംശ മഹിമയോ കുല മഹിമയോ ഇല്ലാത്ത വ്യക്തി നന്മ പ്രവര്‍ത്തിച്ചാല്‍ നന്മയും തിന്മ പ്രവര്‍ത്തിച്ചാലും തിന്മയും ലഭിക്കുന്നു. മഹിതമായ പൈതൃകമുള്ളവര്‍ കര്‍മം കൊണ്ട് തിന്മയുടെ പക്ഷത്തായാല്‍ അവര്‍ക്ക് ശിക്ഷ ഇരട്ടിയാകുന്നു. കാരണം, അവന്‍റെ പൈതൃക പ്രേരണയില്‍ തിന്മയില്ലാത്തതിനാല്‍ കുറ്റം ചെയ്യാനുള്ള ദുഷ്പ്രേരണ അവന് കുറവായിട്ടും കുറ്റത്തിലേക്ക് അവന്‍ മുന്നിട്ടു വന്നതിന്‍റെ ശിക്ഷ. സമ്മര്‍ദ്ധത്തിന് വഴങ്ങി തിന്മയിലേക്ക് വന്ന് പതിക്കുന്നവരുണ്ട്. അവര്‍ സ്വന്തം അവസ്ഥയെ പറ്റി ഖേദമുള്ളവരാകും. അവരുടെ ഖേദം അല്ലാഹു തൗബയായി സ്വീകരിച്ചു രക്ഷപെടുത്തും. ചുരുക്കത്തില്‍ കര്‍മത്തിന്‍റെ പ്രതിഫലമാണ് മനുഷ്യന്‍ അനുഭവിക്കുക എന്നത് നബികുടുംബത്തെ ബഹുമാനപൂർവ്വം കാണുന്നതിന് എതിരല്ല.
നബി കുടുംബം മദീനയിലും മക്കത്തുമല്ലേ ഉണ്ടാകേണ്ടത്? അറേബ്യക്ക് പുറത്തുള്ള ബുഖാറയിലും നബി വസിക്കാത്ത ഹളർമൗത്തിലും മറ്റു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും എങ്ങനെ ഇവർ ഉണ്ടായി? ഈ ചോദ്യങ്ങളും ഇതിന്റെ അനുബന്ധമാണ്. അമവി അബ്ബാസിയ കാലഘട്ടത്തിൽ നബി കുടുംബത്തിന് നേരെ ഉണ്ടായ അക്രമങ്ങളും അവരുടെ കൂട്ടപ്പലായനങ്ങളും അഹ്ലുബൈത്തിനെ പല ദേശങ്ങളിലേക്കും വ്യാപിക്കാൻ നിമിത്തമാകുകയായിരുന്നുവന്ന ചരിത്രമാണ് ഇതിന് മറുപടി നൽകുന്നത്. പവിത്രത കല്പിക്കപെടേണ്ടതിനെയെല്ലാം നിസ്സാരമായി കാണുന്ന പ്രവണതയിലേക്ക് നമ്മെ നയിച്ച ഒരു തരം യുക്തി ചിന്തയാണ് നബികുടുംബത്തിന്റെ വിഷയത്തിലും സംഭവിച്ചിരിക്കുന്നത്.