അൽ ബുർഹാനുൽ മുഅയ്യദ്

സുൽത്വാനുൽ ആശിഖീൻ അസ്സയ്യിദ് അഹ്മദുൽ കബീർ അർരിഫാഈ(റ)
ആശയ പരാവർത്തനം: അൽ ഹാഫിള് ആസിഫ് മുസ് ലിയാർ ഫാളിൽ ബാഖവി
:

സുൽത്വാനുൽ ആശിഖീൻ അസ്സയ്യിദ് അഹ് മദുൽ കബീർ അർരിഫാഈ(റ) വിന്റെ(ഹിജ്റ: 512-578) അൽ ബുർഹാനുൽ മുഅയ്യദ് ലി സാഹിബ് മദ്ദിൽ യദ് എന്ന വിഖ്യാത ​ഗ്രന്ഥത്തിന്റെ മലയാള ആശയ പരാവർത്തനമാണിത്. പ്രമുഖരായ നിരവധി സ്വൂഫിവ്യക്തിത്വങ്ങൾ ജീവിച്ച സവിശേഷ കാലഘട്ടത്തിൽ തന്നെ ജീവിക്കാൻ അവസരം ലഭിക്കുകയും ജനമനസ്സുകളെ അല്ലാഹുവല്ലാത്ത വിചാരങ്ങളിൽ നിന്നും മുക്തമാക്കുകയും ചെയ്ത് ദീനീ പ്രബോധന സംസ്കരണ രം​ഗത്ത് പ്രശോഭിച്ച സുൽത്വാനുൽ ആശിഖീൻ അഹ് മദുൽ കബീർ അർരിഫാഈ(റ) വിന്റെ പ്രഭാഷണങ്ങൾ സമാ​ഹരിച്ചതാണ് ഈ ​ഗ്രന്ഥം. സ്വൂഫി വിജ്ഞാനങ്ങളിൽ അവ​ഗാഹമുള്ള പ്രമുഖ പണ്ഡിതൻ അൽ ഹാഫിള് ആസിഫ് മുസ് ലിയാർ ഫാളിൽ ബാഖവി ഖിള് രി ശാഹ് അൻവാരിയാണ് പരിഭാഷകൻ.

ർവ്വ സ്തുതിയും അല്ലാഹുവിന് മാത്രമുള്ളതാണ്. ആ സ്തുതിയാകട്ടെ അവൻ സ്വയം തൃപ്തിപ്പെടുന്ന വിതാനത്തിലുള്ള സ്തുതിയാണ്. രക്ഷയും സമാധാനവും സൃഷ്ടിജാലങ്ങൾക്കൊക്കെയും നേതാവായ തിരുനബി(സ്വ) തങ്ങളുടെ മേൽ വർഷിക്കുമാറാകട്ടെ. തിരുനബി(സ്വ) തങ്ങളുടെ കുടുംബത്തിനെയും സ്വഹാബത്തിനെയും അല്ലാഹു തൃപ്തിപ്പെടട്ടെ. അവരെ പിൻപറ്റിയവരെയും, ശരീഅത്തിന്റെ മാർ​ഗത്തിൽ സൂക്ഷ്മതയോടെ ചരിക്കുന്നവരും സച്ചരിതരായവരുടെ ആന്തരീകാവസ്ഥകളെ അനുധാവനം ചെയ്യുന്നവരുമായവരെയും അല്ലാഹു തൃപ്തിപ്പെടട്ടെ…അല്ലാഹുവിന്റെ പക്കൽ നിന്നുള്ള സലാം നമ്മുടെയും സ്വാലിഹായ നല്ല അടിയാറുകളുടെ മേലും വർഷിക്കുമാറാകട്ടെ…
ബഹുമാനമുള്ളവരെ,
സുഹ്ദ് (പരിത്യാ​ഗം) എന്നാൽ അല്ലാഹുവിനെ ലക്ഷ്യം വെച്ച് മുന്നേറുന്ന സാലികീങ്ങളുടെ ഒന്നാമത്തെ കാലടയാളമാണ്. പരിത്യാ​ഗത്തിന്റെ അടിത്തറ തഖ് വയാണ്. തഖ് വയെന്നാൽ അല്ലാഹുവിനോടുള്ള ഭയമാണ്. ഹിക്മത്ത് എന്നാൽ അഥവാ എല്ലാ നന്മകളുടെയും ആകെത്തുക സമ്പൂർണ പുരുഷരായ, ആത്മാക്കളുടെയും ആകാരരൂപാദികളുള്ള വസ്തുപ്രപഞ്ചത്തിന്റെയും നേതാവായ തിരുനബി(സ്വ) തങ്ങളെ നല്ല നിലയിൽ (അല്ലാഹുവും തിരുനബി(സ്വ) തങ്ങളും തൃപ്തിപ്പെടുന്ന വിധം ഇഖ്ലാസ്വോടെ) അനുധാവനം ചെയ്യുക എന്നതാണ്. തിരുചര്യയുടെ പിൻപറ്റൽ എന്നതിന്റെ പ്രഥമപടി ഇമാമായി തിരുനബി(സ്വ) തങ്ങളെ സ്വീകരിക്കുക എന്നതാണ്. ഇതാകട്ടെ إنما الأعمال بالنيات എന്ന ഹദീസിന്റെ അമലാണ്. നിങ്ങൾ കാണുന്നില്ലേ?
ഒരാൾ വന്ന് തിരുനബി(സ്വ) തങ്ങളോട് ചോദിച്ചു: ഒരു വ്യക്തി അല്ലാഹുവിന്റെ മാർ​ഗത്തിൽ യുദ്ധം ചെയ്യാൻ പുറപ്പെടണമെന്നാ​ഗ്രഹിക്കുന്നു. അദ്ദേഹത്തിനാകട്ടെ ചില സാമ്പത്തിക ആവശ്യങ്ങൾ അതുകൊണ്ട് നിറവേറണമെന്നുമുണ്ട്. അപ്പോൾ റസൂൽ(സ്വ) തങ്ങൾ പറഞ്ഞു: അയാൾക്ക് ഒരു പ്രതിഫലവുമുണ്ടാവുകയില്ല. ഇതുകേട്ട ജനങ്ങൾക്കിടയിൽ ഇത് പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെട്ടു.(അതിന് കാരണം യുദ്ധം ചെയ്തവർക്കുള്ള പ്രതിഫലങ്ങളെ പറ്റി അല്ലാഹുവിന്റെ റസൂൽ(സ്വ) തങ്ങൾ നിരവധി വാ​ഗ്ദാനങ്ങൾ മുമ്പ് നൽകിയതാണ്. എന്നിട്ടും പ്രതിഫലമില്ലെന്ന് ഈ സന്ദർഭത്തിൽ പറയാൻ കാരണം എന്താണെന്ന് അറിയാൻ ജനങ്ങൾക്ക് കൗതുകമുണ്ടായിരുന്നു) ഇത് ജനങ്ങളോട് അറിയിച്ച അദ്ദേഹത്തോട് ജനങ്ങൾ വീണ്ടും നബി(സ്വ) തങ്ങളോട് ഇതിനെ സംബന്ധിച്ച് ചോദിച്ചുവരാൻ ആവശ്യപ്പെട്ടു. (നബി(സ്വ) തങ്ങളുടെ വാക്ക് ഇദ്ദേഹം യഥോചിതം മനസ്സിലാക്കിയിട്ടുണ്ടാവാത്തതിനാലാവും ഇതെന്ന് ധരിച്ചാണ് ജനങ്ങൾ ഇപ്രകാരം ആവശ്യപ്പെട്ടത്) അദ്ദേഹം രണ്ടാം തവണയും തിരുനബി(സ്വ) തങ്ങളുടെ അടുത്തു വന്ന് ഈ ചോദ്യം ആവർത്തിച്ചു. തിരുനബി(സ്വ) തങ്ങളാകട്ടെ ആദ്യത്തെ ഉത്തരം തന്നെ ആവർത്തിച്ചു. വീണ്ടും ജനങ്ങൾ ഇത് വലിയ വിഷയമായി ചർച്ച ചെയ്തു. അവർ അദ്ദേഹത്തെ വീണ്ടും നബി(സ്വ) തങ്ങളുടെ അടുത്തേക്ക് അയച്ചു. അപ്പോഴും തിരുനബി(സ്വ) തങ്ങൾ ആദ്യം നൽകിയ ഉത്തരം ആവർത്തിച്ചു.
അവലംബ യോ​ഗ്യരായ വലിയ ഇമാമീങ്ങളാണ് ഈ ഹദീസ് നിവേദനം ചെയ്തിട്ടുള്ളത്. ഇതാകട്ടെ സ്വ​ഹീഹിന്റെ ​ഗണത്തിൽ വരുന്നതാണ് താനും. (ഇതുപോലുള്ള ഹദീസുകളിൽ ചെയ്യാൻ നിർദ്ദേശിച്ച നന്മകൾ ചെയ്യുമ്പോൾ അതിന്റെ നിയ്യത്ത് ശരിയല്ലാത്തതിനാൽ അത് നന്മയല്ലാതെ ഭവിക്കാൻ സാധ്യതകളുണ്ട് എന്നതിലേക്കാണ് ഇവിടെ ശ്രദ്ധ ക്ഷണിക്കുന്നത്) ചെയ്യുന്ന കർമ്മം പ്രത്യക്ഷത്തിൽ നല്ലതായിരിക്കും, എന്നാൽ അതിന്റെ നിയ്യത്ത് ശുദ്ധമല്ലാത്തതിനാൽ അത് മോശമായി തീരും.

കിതാബ് സുന്നത്തുകളിൽ വന്നിട്ടുള്ള നസ്സായ(പ്രത്യക്ഷമായി ആശയം സംവേദനം സാധ്യമാകുന്ന) മാർ​ഗദർശനങ്ങളുടെ പ്രത്യക്ഷാർത്ഥത്തിൽ മാത്രം പരിമിതപ്പെടുത്താതെ നിങ്ങളുടെ അഖീദകളെ(വിശ്വാസത്തെ) നിങ്ങൾ കാത്തുസൂക്ഷിക്കണം.(കർമ്മങ്ങളിൽ മുതശാബിഅ് ആയ മാർ​ഗദർശനങ്ങൾ കുറവാണ്. അതിന്റെ പ്രത്യക്ഷാർത്ഥത്തിൽ പരി​ഗണിച്ചാൽ തന്നെ അത് ശരിയായി വരും. ഫുഖഹാക്കളിൽ അഭിപ്രായ വൈവിദ്ധ്യങ്ങളുള്ളതിനാൽ ആരുടെയെങ്കിലും അഭിപ്രായമനുസരിച്ച് ആ കർമ്മം സാധൂകരിക്കപ്പെടും. എന്നാൽ അഖീദ അങ്ങനെയല്ല. അതിനാൽ മുതശാബിഅ് ആയ ആയത്തുകൾ അങ്ങനെ തന്നെ വിശ്വസിക്കുമ്പോൾ സൂക്ഷിക്കണം) കാരണം മുതശാബ്അ്(സദൃശ വചനങ്ങൾ) ആയവകളിൽ പ്രത്യക്ഷാർത്ഥം കൊണ്ട് പരിമിതപ്പെടുത്തുക എന്നത് കുഫ്റിന്റെ അടിത്തറകളിൽ പെട്ടതാണ്.(ഹൃദയങ്ങളിൽ രോ​ഗമുള്ളവരാണ് അല്ലാഹുവിന്റെ ​ഗ്രന്ഥത്തിൽ നിന്ന് മുതശാബിഅ് ആയ ആയത്തുകളെ തേടുന്നതും അതിനെ കൊണ്ട് ഫിത് ന ഉദ്ദേശിക്കുകയും അതിന്റെ തഅ് വീൽ അന്വേഷിക്കുകയുമെല്ലാം ചെയ്യുന്നത്: വിശുദ്ധ ഖുർആൻ) ഇതുപോലുള്ള മുതശാബിഅ് ആയ ആയത്തുകളിൽ നിങ്ങളുടെ മേലും ഓരോ വകതിരിവുള്ളവന്റെ മേലും പ്രഥമമായും നിർബന്ധമായിട്ടുള്ളത് ഇത് അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്ന് വിശ്വസിക്കലാണ്. അല്ലാഹുവിന്റെ പ്രത്യേക അടിമയായ തിരഞ്ഞെടുക്കപ്പെട്ട തിരുനബി(സ്വ) തങ്ങൾക്കു വേണ്ടി ഇത് ഇറക്കി തന്നു. അതിനെ വ്യാഖ്യാനിക്കുന്ന തഫ്സീലിയായ ജ്ഞാനം നിർദ്ധാരണം ചെയ്യാൻ നമ്മെ അല്ലാഹുവും അവന്റെ റസൂൽ(സ്വ) തങ്ങളും ഏൽപിച്ചിട്ടില്ല. അല്ലാഹു അവന്റെ പരിശുദ്ധ ഖുർആനിലൂടെ وما يعلم تأويله إلا الله മുതശാബിഅ് ആയ ആയത്തുകളുടെ തഅ് വീൽ അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ എന്ന് അറിയിച്ചിട്ടുണ്ട്.
وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ آمَنَّا بِهِ ഇൽമിൽ ഉന്നത വിതാനത്തെ പ്രാപിച്ചവരും പറഞ്ഞു പോകും ഞങ്ങളതിൽ വിശ്വസിച്ചിരിക്കുന്നു كُلٌّ مِّنْ عِندِ رَبِّنَا ۗ എല്ലാം നമ്മുടെ റബ്ബിൽ നിന്നുള്ളതാണ്. മുതശാബിഅ് ആയ ആയത്തുകളുടെ കാര്യത്തിൽ മുൻ​ഗാമികളിൽ നിന്നുള്ള സച്ചരിതരുടെ നിലപാട് ആ ആയത്തിന്റെ ബാഹ്യം ഏതൊരു അർത്ഥത്തിനെ അറിയിക്കുന്നോ ആ അർത്ഥം അല്ലാഹുവിലേക്ക് ചേർക്കുന്നതിനെ തൊട്ട് അവൻ വളരെ പരിശുദ്ധനായവനാണ് എന്നാണ്. അതിന്റെ ഉദ്ദേശാർത്ഥത്തെ പരിശുദ്ധനായ അല്ലാഹുവിലേക്ക് മാത്രം ഏൽപിക്കുകയാണ്. ഇതുകൊണ്ടാണ് ഒരുവന്റെ ദീനിന് സംരക്ഷണം ലഭിക്കുക.

സുഹ്ദ് (പരിത്യാ​ഗം) എന്നാൽ അല്ലാഹുവിനെ ലക്ഷ്യം വെച്ച് മുന്നേറുന്ന സാലികീങ്ങളുടെ ഒന്നാമത്തെ കാലടയാളമാണ്. പരിത്യാ​ഗത്തിന്റെ അടിത്തറ തഖ് വയാണ്. തഖ് വയെന്നാൽ അല്ലാഹുവിനോടുള്ള ഭയമാണ്. ഹിക്മത്ത് എന്നാൽ അഥവാ എല്ലാ നന്മകളുടെയും ആകെത്തുക സമ്പൂർണ പുരുഷരായ, ആത്മാക്കളുടെയും ആകാരരൂപാദികളുള്ള വസ്തുപ്രപഞ്ചത്തിന്റെയും നേതാവായ തിരുനബി(സ്വ) തങ്ങളെ നല്ല നിലയിൽ (അല്ലാഹുവും തിരുനബി(സ്വ) തങ്ങളും തൃപ്തിപ്പെടുന്ന വിധം ഇഖ്ലാസ്വോടെ) അനുധാവനം ചെയ്യുക എന്നതാണ്. തിരുചര്യയുടെ പിൻപറ്റൽ എന്നതിന്റെ പ്രഥമപടി ഇമാമായി തിരുനബി(സ്വ) തങ്ങളെ സ്വീകരിക്കുക എന്നതാണ്.

ആരിഫീങ്ങളിൽ പെട്ട ഒരു മഹാനോട് അല്ലാഹു തആലായെ കുറിച്ചു ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം ചോദ്യ കർത്താവിനോട് തിരിച്ചു ചോദിച്ചു. അല്ലാഹുവിനെ കുറിച്ച് നിരുപാധികമായി നീ ചോദിക്കുന്നു. അല്ലാഹുവിന് ​ദാത്തുണ്ട്, സ്വിഫാത്തുണ്ട്, അഫ്ആലുണ്ട്. എന്തിനെ കുറിച്ചാണ് നീ ചോദിക്കുന്നത്? നീ അവന്റെ ദാത്തിനെ കുറിച്ചാണ് ചോദിക്കുന്നതെങ്കിൽ لَيْسَ كَمِثْلِهِ شَيْءٌ അവനെ പോലെ മറ്റൊരു ദാത്തില്ല. അല്ലാഹുവിന്റെ സ്വിഫാത്തിനെ കുറിച്ചാണ് നീ ചോദിക്കുന്നതെങ്കിൽ فهو أحَدُ,صَمَد, لَمْ يَلِدْ وَلَمْ يُولَدْ (3) وَلَمْ يَكُن لَّهُ كُفُوًا أَحَدٌ (4) അവൻ ഏകനാണ്. മറ്റൊന്നിലേക്കും ആശ്രയി അല്ലാത്ത മറ്റെല്ലാം ആശ്രയിക്കുന്ന അന്യൂനനായവനാണ്. അല്ലാഹു പ്രസവിച്ചിട്ടില്ല. പ്രസവിപ്പിക്കപ്പെട്ടിട്ടുമില്ല. അല്ലാഹുവിനോട് സദൃശപ്പെടുത്താനോ തുലനപ്പെടുത്താനോ ഒന്നുമില്ല. അല്ലാ​ഹുവിന്റെ അസ്മാഉകളെ കുറിച്ചാണ് നീ ചോദിക്കുന്നത് എങ്കിൽ അല്ലാഹുവിന്റെ അസ്മാഉകളെ കുറിച്ച് പരിശുദ്ധ ഖുർആനിൽ വന്നിട്ടുണ്ട്; هو الله الذي لا إله إلا هو عالم الغيب والشهادة ഇതിൽ അല്ലാഹുവിന്റെ തിരുനാമങ്ങളെ വിവരിക്കുന്നുണ്ട്. ആ നാമങ്ങളെല്ലാം അവന്റെ ​ഗുണവിശേഷങ്ങളാണ്. നീ അല്ലാഹുവിന്റെ അഫ്ആലുകളെ കുറിച്ചാണ് ചോദിക്കുന്നതെങ്കിൽ كل يوم هو في شأن ഓരോ സൂക്ഷ്മ നിമിഷത്തിലും അല്ലാഹു ഓരോരോ شأن ലാണുണ്ടാവുക.

തൗഹീദിന്റെ വിഷയത്തിൽ പറയപ്പെട്ടിട്ടുള്ള സർവ്വ അവസ്ഥകളെയും ഇമാമുനാ ശാഫിഈ(റ) തന്റെ താഴെ ഉദ്ധരിക്കുന്ന വാക്കുകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്: ഏതെങ്കിലും ഒരുവൻ തന്റെ കാര്യങ്ങളെ നിയന്ത്രിക്കുന്ന അല്ലാഹുവിനെ കുറിച്ച് അറിയണമെന്ന ലക്ഷ്യത്തോടെ പരിശ്രമിച്ചാൽ ഒരു ഉൺമയിലേക്ക്(മൗജൂദിലേക്ക്-സൃഷ്ടിയിലേക്ക്) അവന്റെ ബുദ്ധി എത്തുകയും അവിടെ അതവസാനിക്കുകയും ചെയ്യും. അപ്പോൾ ഈ ചിന്തിച്ചവൻ മുശബ്ബിഹായി (അല്ലാഹുവിന്റെ തശ്ബീഹ് മാത്രം അറിഞ്ഞവനായി തീരും) പോവും. എന്നാൽ തനി ശൂന്യതയിലേക്ക്(അദമ്) അവന്റെ മനസ്സ് ചെന്നുചേരുകയാണെങ്കിൽ അവൻ മുഅത്തിൽ എന്ന വിഭാ​ഗത്തിൽ(ഇവർ വിശ്വാസത്തിൽ പിഴച്ച വിഭാ​ഗമാണ്. അല്ലാഹുവിന് ഒരു നിലക്കുമുള്ള സ്വിഫാത്തുമില്ല, അവൻ ശൂന്യതയാണ് എന്ന വാദമുള്ളവരാണിവർ. മുഅ്തസലി വിഭാ​ഗത്തിനും അല്ലാഹുവിന്റെ ​ഗുണവിശേഷ സംബന്ധിയായി സമാനമായ ചില വാദങ്ങളുണ്ട്) പെട്ടു പോവും. എന്നാൽ ഒരുവൻ ഒരു മൗജൂദായ ദാത്തിലെത്തി (സ്വയം നിലനിൽക്കുന്നതും മറ്റുള്ളതിനെ നിലനിർത്തുന്നതുമായ ഉൺമയുള്ള സത്തയിലേക്ക്) തൃപ്തനാകുന്നതോടൊപ്പം ആ ​ദാത്ത് എങ്ങനെയാണെന്ന് ചിന്തിച്ചു മനസ്സിലാക്കിയെടുക്കാൻ താൻ അശക്തനാണ് എന്ന് തിരിച്ചറിയുന്നുമുണ്ടെങ്കിൽ അവനാണ് ശരിയായ മുവഹിദ്.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy