ഇബ്നു സീന: തത്വചിന്തയുടെയും ശാസ്ത്രത്തിന്റെയും ചരിത്രത്തിലെ അനന്യനായ പ്രതിഭാശാലി: ഭാഗം: 4:
സയ്യിദ് ഹുസൈൻ നസ്റ്:
വിവർത്തനം: നിഹാൽ പന്തല്ലൂർ:
ഭിഷഗ്വരന്മാരിലെ രാജകുമാരന് എന്ന അഭിധാനത്തില് പ്രഖ്യാതനാവുകയും പടിഞ്ഞാറന് ലോകത്ത് അവിസെന്ന എന്നറിയപ്പെടുകയും ചെയ്യുന്ന അബൂ അലി ബിന് സീന ഹി. 370/ എ.ഡി 980 ന് ബുഖാറക്കടുത്താണ് ഭൂജാതനായത്. പില്ക്കാലത്ത് ഇസ്ലാമിക കലകളുടെയും ശാസ്ത്ര ശാഖകളുടെയും സര്വ മേഖലകളിലും ഏറ്റവും കൂടുതല് സ്വാധീനം ചെലുത്തിയ വ്യക്തിയായും ശൈഖുല് റഈസ്, ഹുജ്ജതുല് ഹഖ് എന്ന പേരില് അറിയപ്പെടുകയും ചെയ്ത യോഗീവര്യനായ ഇബ്നു സീന, ചെറുപ്പകാലം മുതല്ക്കേ പഠനത്തോട് അനല്പമായ നൈസര്ഗിക അഭിവാഞ്ച പ്രകടിപ്പിച്ചിരുന്നു. ഇസ്മാഈലി വിശ്വാസക്കാരനായിരുന്ന ഇബ്നു സീനയുടെ പിതാവ് അദ്ധേഹത്തിന്റെ പഠനകാര്യത്തില് വലിയ താത്പര്യം പ്രകടിപ്പിച്ചതിനാല് വലിയ ഭാഗ്യം സിദ്ധിച്ചയാളായിരുന്നു. മാത്രമല്ല, സമീപസ്ഥവും വിരൂരസ്ഥവുമായ ദേശങ്ങളില് നിന്നുള്ള പണ്ഡിതര് അദ്ധേഹത്തിന്റെ വീട്ടില് സംഗമിക്കുകയും ചെയ്തിരുന്നു. പത്താം വയസ്സാകുമ്പോഴേക്കും ഖുര്ആനും വ്യാകരണവും പഠിച്ച ഇബ്നു സീന പിന്നീട് തര്ക്കശാസ്ത്രവും അബൂഅബ്ദില്ലാ അല്നാതിലിക്ക് കീഴില് ഗണിതശാസ്ത്രവും പഠിക്കുകയും ചെയ്തു. ഇപ്പറഞ്ഞ മേഖലകളിലെല്ലാം വ്യുല്പ്പത്തി നേടിയ ഇബ്നു സീന പിന്നീട് ഭൗതികശാസ്ത്രവും, അഭൗതികശാസ്ത്രവും അബൂ സഹ്ലില് മസീഹിയുടെ അടുത്ത് നിന്ന് വൈദ്യശാസ്ത്രവും പഠിച്ചെടുത്തു. അങ്ങനെ, പതിനാറാം വയസ്സെത്തുമ്പോഴേക്ക് അഭൗതികശാസ്ത്രമല്ലാത്ത മറ്റെല്ലാ ശാസ്ത്ര ശാഖകളിലും ഇബ്നു സീന പ്രാവീണ്യം നേടിയിരുന്നു. അരിസ്റ്റോട്ടിലിന്റെ ‘മെറ്റാഫിസിക്സ്’ എന്ന ഗ്രന്ഥം പലവുരു വായിക്കുകയും മനഃപാഠമാക്കുകയും ചെയ്തെങ്കിലും അദ്ധേഹത്തിന് അത് പൂര്ണമായും മനസ്സിലാക്കാന് സാധിച്ചില്ല. എന്നാല്, പ്രസ്തുത പുസ്തകത്തിന് ഫാറാബി എഴുതിയ വ്യാഖ്യാന ഗ്രന്ഥം അവിചാരിതമായി കണ്ടെത്തുകയും തുടര്ന്ന് അതുവായിക്കുകയും ചെയ്തതോടെ ഇബ്നു സീനക്ക് നടേ പറഞ്ഞ പ്രയാസങ്ങളെല്ലാം ദൂരീകൃതമായി. പിന്നീട് പുതിയ ജ്ഞാനശാഖകളൊന്നും ഇബ്നു സീനക്ക് വിശാലമായി പഠിക്കേണ്ടിയിരുന്നില്ല. പതിനെട്ട് വയസ്സാവുമ്പോഴേക്ക് താന് ആര്ജ്ജിച്ചെടുത്ത ജ്ഞാന ശാഖകളില് ഗഹനത നേടേണ്ടതായി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജീവിതത്തിന്റെ അവസാന നാളുകളിലൊന്നില് തന്റെ ഇഷ്ട ശിഷ്യനായ അല്ജുസാനിയോട് അദ്ധേഹം പറഞ്ഞത് പതിനെട്ടാം വയസ്സില് തനിക്കറിയാമായിരുന്ന ജ്ഞാന ശാഖകളല്ലാതെ പുതിയതൊന്നും അതിന് ശേഷം താന് വിശാലമായി പഠിച്ചിരുന്നില്ല എന്നാണ്.
വൈദ്യശാസ്ത്രത്തില് ഇബ്നു സീന നേടിയ വ്യുല്പ്പത്തി മൂലം രാജാവിന്റെ ഇഷ്ടക്കാരനായി അദ്ധേഹം മാറിയിരുന്നു. രാജകൊട്ടാരത്തിന്റെ ഗ്രന്ഥശാലയുടെ വാതിലുകള് അദ്ധേഹത്തിനായി മലര്ക്കെ തുറന്നുവെന്നു മാത്രമല്ല, കൊട്ടാരത്തില് അദ്ധേഹം ഉന്നത സ്ഥാനം അലങ്കരിക്കുകയും ചെയ്തു. പക്ഷേ, ഗസ്നയിലെ മഹ്മൂദിന്റെ വര്ധിച്ചുവരുന്ന അധികാരംമൂലം മധ്യേഷ്യയില് രൂപപ്പെട്ട രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ സമ്മര്ദം ജന്മനാട്ടില് ജീവിക്കുന്നത് ദുസ്സഹവും ക്ലേശകരവുമായിത്തീര്ന്നു. പ്രസ്തുത സംഭവവികാസങ്ങള് ബുഖാറ ഒഴിവാക്കി ജുര്ജാനിയയിലേക്ക് പുറപ്പെടാന് അദ്ധേഹത്തെ നിര്ബന്ധിപ്പിക്കുകയും തുടര്ന്ന് അദ്ധേഹം ജുര്ജാനിലേക്ക് പുറപ്പെടുകയും ചെയ്തു. ഹി. 403/ എ.ഡി 1012 ല് ധാരാളം സഹയാത്രികര് മരിച്ചുവീണ പ്രയാസകരമായ യാത്രക്കൊടുവില് മരുഭൂമി മുറിച്ചുകടന്ന് ഇബ്നു സീന ഖുറാസാനിലെത്തിച്ചേര്ന്നു. പരമ്പരാഗത സ്രോതസുകള് പറയുന്നതനുസരിച്ച് കലാസ്നേഹിയായ ഖാബൂസ് ബിന് വുഷുംഗീറിനെ കാണുന്നതിനായി ജുര്ജാനിലെത്തുന്നതിന് മുമ്പ് സൂഫിവര്യനും കവിയുമായ അബൂ സഈദ് ബിന് അബില് ഖൈറിനെ അദ്ധേഹം സന്ദര്ശിച്ചു. പക്ഷേ, ഇബ്നു സീന അവിടെയെത്തും മുമ്പേ ആ കലാസ്നേഹി ഐഹികവാസം വെടിഞ്ഞിരുന്നു.
ദൗര്ഭാഗ്യകരമായ ഈ സംഭവത്തില് ദുഖിതനായ ഇബ്നു സീന കുറച്ചു വര്ഷം ഒരു ഗ്രാമത്തില് അന്തര്മുഖനായി താമസിക്കുകയും ഹി. 405/ എ.ഡി 1014 നും ഹി. 406/ എ.ഡി 1015 നുമിടയിലെ വര്ഷങ്ങള്ക്കിടയില് റയ്യിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. പേര്ഷ്യ ബുവൈഹിദ് സാമ്രാജ്യത്തിന്റെ അധികാരത്തിന് കീഴിലുള്ള കാലമായിരുന്നു അത്. പ്രസ്തുത സാമ്ര്യാജ്യത്തിലെ വ്യത്യസ്ത അംഗങ്ങള് രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളിലായിരുന്നു ഭരണം നടത്തിയിരുന്നത്. റയ്യിലെ രാജകൊട്ടാരത്തില് കുറച്ചുകാലം ചിലവഴിച്ച ഇബ്നു സീന രാജവംശത്തിലെ മറ്റൊരു അംഗമായ ശംസുദ്ധൗലയെ കാണാനായി ഹമദാനിലേക്ക് പുറപ്പെട്ടു. നഗരത്തിലെത്തിയ ഉടനെ, രോഗിയായ രാജാവിനെ ശുശ്രൂഷിക്കാന് നിര്ദേശിക്കപ്പെട്ടതിനാല് രാജാവുമായുള്ള സമാഗമം ഏറെ സുഗമമായി ഭവിച്ചു. തുടര്ന്ന് ശംസുദ്ധൗല രോഗമുക്തി പ്രാപിക്കുകയും ഇബ്നു സീന രാജകൊട്ടാരത്തിലെ ഇഷ്ടക്കാരനായി മാറുകയും ചെയ്തു. അതേതുടര്ന്ന് മന്ത്രിയായി നിയമിക്കപ്പെട്ട അദ്ധേഹം രാജാവിന്റെ മരണം വരെ ഏറെ ശ്രമകരമായ പ്രസ്തുത ദൗത്യങ്ങളെല്ലാം ഭംഗിയായി നിര്വഹിക്കുകയും ചെയ്തു. തുടര്ന്ന് അദ്ധേഹത്തിന് രാഷ്ട്രീയ ദുശ്ശകുനം വന്നുപെടുകയും മന്ത്രിയാകാന് നിരസിച്ചതിനെ തുടര്ന്ന് തുറുങ്കിലടക്കപ്പെടുകയും ചെയ്തു. ഹമദാന് ഉപരോധിക്കപ്പെട്ടതു കൊണ്ട് മാത്രമാണ് ഒരു ദര്വേശായി വേഷപ്രച്ഛന്നനായി അദ്ധേഹത്തിന് രക്ഷപ്പെടാന് സാധിച്ചത്.
ഹമദാനിലെ വ്യവഹാരങ്ങളില് നിന്നെല്ലാം സ്വതന്ത്രനായ ഇബ്നു സീന പ്രസിദ്ധമായ ജ്ഞാനകേന്ദ്രവും ഏറെക്കാലമായി സന്ദര്ശിക്കാന് ആഗ്രഹിച്ചിരുന്നതുമായ ഇസ്ഫഹാനിലേക്ക് പുറപ്പെട്ടു. ഇസ്ഹഫാനില് വെച്ച് അലാവുദ്ധൗലയുടെ ശ്രദ്ധയാകര്ഷിച്ച ഇബ്നു സീന പതിനഞ്ചോളം വര്ഷം സമാധാനപരമായി പ്രസ്തുത നഗരത്തില് കഴിച്ചുകൂട്ടി. അക്കാലത്ത് പ്രധാനപ്പെട്ട ധാരാളം കൃതികള് അദ്ധേഹം എഴുതുകയും വാനശാസ്ത്രം പഠിക്കാന് തുടങ്ങുകയും അതിനായി ഒരു നിരീക്ഷണാലയത്തിന്റെ നിര്മാണം ആരംഭിക്കുകയും ചെയ്തു. പ്രക്ഷുബ്ധമായ ജീവിതത്തിലെ സമാധാനപരമായ ഈ ഇടക്കാല ജീവിതം പോലും യൗവ്വന കാലത്ത് തന്നെ സ്വദേശം വിടാന് തന്നെ നിര്ബന്ധിപ്പിച്ച ഗസ്നയിലെ മഹ്മൂദിന്റെ മകനായ മസ്ഊദിന്റെ ഇസ്ഹഫാന് ആക്രമണം മൂലം അരക്ഷിതമായി മാറുകയും പ്രസ്തുത നുഴഞ്ഞുകയറ്റം മൂലം അമൂല്യമായ പല ഗ്രന്ഥങ്ങളും നഷ്ടപ്പെടുകയും ചെയ്തു. ഈയവസ്ഥകളില് പെട്ട് പൊറുതിമുട്ടുകും വയറുവേദന പിടിപെടുകയും ചെയ്ത ഇബ്നു സീന ഒരിക്കല് കൂടി ഹമദാനിലേക്ക് തിരിച്ചുപോവുകയും ഹി. 428/ എ.ഡി 1037 ന് അവിടെ വെച്ച് അന്തരിക്കുകയും അവിടെതന്നെ മറമാടപ്പെടുകയും ചെയ്തു.
ഒട്ടനേകം രാഷ്ട്രീയ സംക്ഷോഭങ്ങള് അനുഭവിക്കുകയും പ്രതിസന്ധികള്ക്ക് സാക്ഷിയാവുകയും ചെയ്ത സംഭവ ബഹുലമായ ആ ജീവിതത്തിന് അങ്ങനെ തിരശ്ശീല വീണു. ജീവിതത്തില് ധാരാളം നിമ്നോന്നതികളും ഉത്ഥാനപതനങ്ങളും നേരിട്ടയാളായിരുന്നു ഇബ്നു സീന. അനവധി സന്തോഷഭരിതമായ നിമിഷങ്ങളും പ്രയാസകരമായ ദിനങ്ങളും ആ ജീവിതത്തിലുണ്ടായിരുന്നു. അനേകം രാജകുമാരന്മാര്ക്ക് അദ്ധേഹം ഭിഷഗ്വര ജോലിയെടുക്കുകയും വളരെ സജീവമായ സാമൂഹിക ജീവിതം നയിക്കുകയും ചെയ്തു. ഒരവസരത്തില് രാഷ്ട്രം നിയന്ത്രിക്കേണ്ട ചുമതല പോലും ഏറ്റെടുക്കാന് അദ്ധേഹം നിര്ബന്ധിതനായിരുന്നു. എന്നിട്ടുപോലും, തീവ്രമായ ബൗദ്ധിക ജീവിതമാണ് അദ്ധേഹം നയിച്ചത്. അദ്ധേഹത്തിന്റെ കൃതികളുടെ എണ്ണവും സ്വഭാവവും വിദ്യാര്ത്ഥികളുടെ യോഗ്യതയും അതിന് സാക്ഷ്യം വഹിക്കുന്നുണ്ട്. ശാരീരികമായി വളരെയധികം ശക്തനായ വ്യക്തിയായിരുന്നു അദ്ധേഹം. ആനന്ദകരമായ ആഘോഷ പരിപാടികളില് രാത്രികളില് രാവേറെ ചിലവഴിച്ചിരുന്ന അദ്ധേഹം അവിടെനിന്ന് ശാസ്ത്രത്തെയോ തത്വചിന്തയെയോ സംബന്ധിച്ചുള്ള ചോദ്യങ്ങളെ കുറിച്ച് നിബന്ധം എഴുതാന് പോവുകയും ചെയ്തിരുന്നു. അസാധാരണമാംവിധം ഏകാഗ്രതാശക്തിയുള്ള വ്യക്തിയായ അദ്ധേഹം, യുദ്ധത്തിനായി രാജാവിനോടൊപ്പം കുതിരപ്പുറത്ത് സഞ്ചരിക്കുമ്പോള് പോലും പകര്ത്തിയെഴുത്ത് നടത്തുകയും തന്റെ കൃതികള് പറഞ്ഞെഴുതിക്കുകയും ചെയ്തിരുന്നു. വാസ്തവത്തില്, ഭൗതിക ലോകത്തെ/ ബാഹ്യമായ പ്രശ്നങ്ങളൊന്നും അദ്ധേഹത്തിന്റെ ബൗദ്ധിക സംഭാവനകളെ ഒട്ടും ബാധിച്ചിരുന്നില്ല. രാജകൊട്ടാരത്തിലെയും രാഷ്ട്രീയത്തിലെയും കര്മങ്ങളില് അത്യധികം നിമഗ്നനായിരുന്ന അദ്ധേഹം തന്നെയാണ്, മധ്യകാലഘട്ടത്തിലെ പണ്ഡിതോചിതമായ തത്വചിന്തക്ക് ശിലപാകിയത് മുതല് വൈദ്യശാസ്ത്രത്തിലെ ഗാലന്റെയും ഹിപോക്രാറ്റിന്റെയും പാരമ്പര്യങ്ങളെ സംശുദ്ധീകരിക്കുകയും തനിക്ക് മുമ്പോ പിമ്പോ മറ്റാര്ക്കും സാധിക്കാത്തവിധം ഇസ്ലാമിക കലകളിലും ശാസ്ത്രങ്ങളിലും സ്വാധീനം ചെലുത്തുകയും ചെയ്തത്.
മുഴുവന് നിബന്ധങ്ങളും കത്തുകളും കണക്കിലെടുത്താല് 250 വരുന്ന, ഇന്ന് ലഭ്യമായ ഇബ്നു സീനയുടെ കൃതികള് മധ്യകാലഘട്ടത്തില് പരിചിതമായിരുന്ന എല്ലാ വിഷയങ്ങളെയും ഉള്കൊള്ളുന്നവയാണ്. അവയിലധികവും അറബിയിലാണെങ്കിലും ആധുനിക പേര്ഷ്യന് ഭാഷയില് വിരചിതമായ പ്രഥമ തത്വചിന്താ കൃതിയായ ‘ദാനിഷ്നാമയേ അലാഇ’ പോലുള്ള കൃതികള് പേര്ഷ്യന് ഭാഷയിലും അദ്ധേഹം രചിച്ചിട്ടുണ്ട്. ഇബ്നു സീനയുടെ ആദ്യകാല രചനകളിലെ അറബി ഭാഷാ ശൈലി അല്പം പ്രയാസകരവും പരുപരുത്തതുമാണ്. ഇസ്ഹഫാനിലെ ദീര്ഘകാല വാസസമയത്ത്, ചില ഭാഷാപരിജ്ഞാനികളുടെ വിമര്ശനങ്ങള് വന്നതിനെ തുടര്ന്ന് അറബി ഭാഷ ആഴത്തില് പഠിക്കാന് തുടങ്ങിയതോടെയാണ് അദ്ധേഹത്തിന്റെ ശൈലി പതംവരികയും കുറ്റമറ്റതാവുകയും ചെയ്തത്. ‘ഇശാറാത്ത് വത്തന്ബീഹാത്’ പോലുള്ള, ഇബ്നു സീനയുടെ പില്ക്കാല കൃതികള് അതിന് സാക്ഷിയാണ്.
പെരിപാറ്ററ്റിക് പ്രകൃഷ്ട കൃതിയായ ‘അശ്ശിഫാ’, ഒറ്റ വ്യക്തിയെഴുതിയ ഏറ്റവും വലിയ വിജ്ഞാനകോശമായ ലാറ്റിന് ഭാഷയിലെഴുതിയ സഫിഷന്ഷ്യാ, അശ്ശിഫായുടെ സംക്ഷിപ്തമായ നജാത്, ഉയൂനുല് ഹിക്മ, ഒരുപക്ഷേ അദ്ധേഹത്തിന്റെ ഏറ്റവും അവസാനത്തേതും ഏറ്റവും മികച്ച പ്രകൃഷ്ടകൃതിയുമായ അല്ഇശാറാത് വത്തന്ബീഹാത് എന്നിവയാണ് ഇബ്നു സീനയുടെ തത്വചിന്താപരമായ കൃതികള്. ഇവക്കെല്ലാം പുറമെ, തര്ക്കശാസ്ത്രം, മനശാസ്ത്രം, പ്രപഞ്ചശാസ്ത്രം, അതിഭൗതികശാസ്ത്രം എന്നിവയിലെല്ലാം ധാരാളം നിബന്ധങ്ങളും അദ്ധേഹം രചിച്ചിട്ടുണ്ട്. അദ്ധേഹത്തിന്റെ ഓറിയന്റല് തത്വചിന്തയുമായി ബന്ധപ്പെട്ട ധാരാളം നിഗൂഢാര്ത്ഥവാദ ഗ്രന്ഥങ്ങളുമുണ്ട്. രിസാലതുന് ഫില് ഇശ്ഖ്, ഇശാറാത്ത് വത്തന്ബീഹാത്തിന്റെ അവസാന മൂന്ന് അധ്യായങ്ങളും നോവല്ത്രയങ്ങളുമായ ഹയ്യ് ബിന് യഖ്ളാന്, രിസാലതു ത്വാഇര്, സലാമാന് വഅബ്സാല് എന്നിവയും വിനിഷ്ടമായ ബൃഹത്തായ ഒരു രചനയുടെ ഭാഗമായ മന്ത്വിഖുല് മശ്രിഖിയ്യീന് എന്നിവയും അവയില് പ്രധാനപ്പെട്ട കൃതികളാണ്.
ഭൗതികശാസ്ത്രം, കാലാവസ്ഥാശാസ്ത്രം എന്നീ ശാസ്ത്ര ശാഖകളിലെ പ്രത്യേക പ്രശ്നങ്ങളെ സംബന്ധിച്ച് ധാരാളം നിബന്ധങ്ങളും അദ്ധേഹം എഴുതിയിട്ടുണ്ട്. ഇവക്കു പുറമെ ബൃഹത്തായ ജ്ഞാനസമാഹാരമായ ശിഫായിലും ജന്തുശാസ്ത്രം, സസ്യശാസ്ത്രം, ഭൂമിശാസ്ത്രം, മനശാസ്ത്രം എന്നിവയിലുള്ള അദ്ധേഹത്തിന്റെ വീക്ഷണങ്ങള് ധാരാളം കാണാം. ഇശ്റാഖി ഫിലോസഫിക്ക് വിരുദ്ധമായി ഭൗതികശാസ്ത്രത്തിന്റെയോ നാച്വറല് ഫിലോസഫിയുടേയോ ഭാഗമായാണ് മനശാസ്ത്രം പെരിപാറ്ററ്റിക് ഫിലോസഫിയില് പരിഗണിക്കപ്പെടുന്നത്. വൈദ്യശാസ്ത്ര മേഖലയില്, കിഴക്കില് ഇപ്പോഴും പഠിപ്പിക്കപ്പെടുന്നതും വൈദ്യശാസ്ത്ര ചരിത്രത്തില് ഏറ്റവും സ്വാധീനം ചെലുത്തിയ അദ്വിതീയ കൃതിയുമായ ഖാനൂന് എന്ന ഗ്രന്ഥവും, ഹൃദിസ്ഥമാക്കാന് പറ്റുംവിധം പ്രാസമൊപ്പിച്ചുള്ള ശീലുകളിലായി ഇസ്ലാമിക വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങള് വിവരിക്കുന്ന ഉര്ജൂസഃ ഫിത്വിബ് എന്ന കൃതിയും അറബി, പേര്ഷ്യന് ഭാഷകളില് വ്യത്യസ്ത രോഗങ്ങളെയും മരുന്നുകളെയും കുറിച്ചുള്ള ഒട്ടനവധി നിബന്ധങ്ങളും ഇബ്നു സീന എഴുതിയിട്ടുണ്ട്.
തത്വശാസ്ത്രപരവും ശാസ്ത്രീയവുമായ കൃതികള്ക്ക് പുറമ അറബി, പേര്ഷ്യന് ഭാഷകളില് ധാരാളം കവിതകളും ഇബ്നു സീന രചിച്ചിട്ടുണ്ട്. ഖസീദതുല് ഐനിയ്യ അതില് ഏറെ പ്രസിദ്ധമായ ഒന്നാണ്. ഇവക്കെല്ലാം പുറമെ ഖദര് ഖളാഇലുള്ള വിശ്വാസം പോലുള്ള മതപരമായ വിഷയങ്ങളില് നിബന്ധങ്ങള് രചിക്കുക മാത്രമല്ല ഖുര്ആനിലെ ചില അധ്യായങ്ങള്ക്ക് വ്യാഖ്യാനം എഴുതുകയും ചെയ്തിട്ടുണ്ട് അദ്ധേഹം. പ്രസ്തുത ഖുര്ആന് വ്യാഖ്യാനത്തിലൂടെയാണ് ധിഷണയും ദൈവിക വെളിപാടും തമ്മില് ഏകോപിപ്പിക്കുവാന് അദ്ധേഹം ശ്രമിച്ചത്. കിന്ദിയും ഫാറാബിയും ഇഖ് വാനുസഫയുമെല്ലാം ഇബ്നു സീനയുടെ മുമ്പും മീര് ദാമദും മുല്ലാ സദ്രയും അദ്ധേഹത്തിന് ശേഷവും ഫലപ്രാപ്തിയിലെത്തിക്കുകയും ചെയ്ത ഒന്നാണ് ധിഷണയും വെളിപാടും തമ്മിലുള്ള ജ്ഞാനവ്യവഹാരങ്ങള്. ബഹുതലസ്പര്ശിയായ ഇബ്നു സീനയുടെ രചനാസാഹിത്യങ്ങളുടെ പ്രധാന ഭാഗമാണ് അവയെല്ലാം. നിരീക്ഷണാത്മകവും അനുഭവാത്മകവുമായ ശാസ്ത്രം മുതല് സത്താമീമാംസ വരെയും ഗണിതശാസ്ത്രം മുതല് ജ്ഞാനവാദവും അതിഭൗതികശാസ്ത്രവും വരെയും തര്ക്കശാസ്ത്രം മുതല് ഖുര്ആനിക വ്യാഖ്യാനങ്ങള് വരെയും നീണ്ടുകിടക്കുന്ന അവയെല്ലാം ഇബ്നു സീനയുടെ രചനാ സാമ്രാജ്യത്തിന്റെ പ്രൗഢത അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
തുടരും: