പൗരാണിക കൈത്തൊഴിലുകളും ആധുനിക വ്യവസായവും

പരിമാണത്തിന്റെ വാഴ്ചയും കാലഘട്ടത്തിന്റെ അടയാളങ്ങളും: അദ്ധ്യായം: 8: ആദ്യഭാഗം:
റെനെ ഗ്വെനോൺ:
മൊഴിമാറ്റം: ഡോ: തഫ്സൽ ഇഹ്ജാസ്:

പൗരാണികമായ കൈത്തൊഴിലുകൾ എന്തായിരുന്നുവോ അവയ്ക്കും, ഇന്ന് ആധുനിക വ്യവസായം എന്താണോ അതിനും ഇടയിലുള്ള വൈരുദ്ധ്യം, അടിസ്ഥാനപരമായി, ഇവയിൽ ആദ്യത്തേതിൽ മുന്തിനിൽക്കുന്ന ഗുണാത്മക കാഴ്ചപ്പാടും മറ്റേതിലുള്ള പരിമാണാത്മക കാഴ്ചപ്പാടും തമ്മിലുള്ള വിരുദ്ധതയുടെ സവിശേഷ ഉദാഹരണവും പ്രായോഗിക രൂപവുമാണ്. ഇത് തിരിച്ചറിയണമെങ്കിൽ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം, കലകൾക്കും (arts) കരകൗശല വിദ്യകൾക്കും (crafts), അഥവാ “കലാകാരനും” (artist) “കൈത്തൊഴിൽ വിദഗ്ധനും” (craftsman) ഇടയിലുള്ള വേർതിരിവ് തന്നെ സവിശേഷമായ രീതിയിൽ ആധുനികമായ ഒന്നാണെന്നതാണ്. ഇത് ഉണ്ടായിട്ടുള്ളത്, എല്ലാറ്റിലും പൈതൃക വിഭാവനക്ക് (traditional conception) പകരം അപവിത്ര വിഭാവനയെ (profane conception) സ്ഥാപിക്കുന്ന വ്യതിചലനവും അധഃപതനവും കാരണമായിട്ടാണ്. പൗരാണികർ, ‘Artifex’ എന്ന് വിളിച്ചിരുന്നത്, പരസ്പരം വകതിരിക്കാതെ, ഒരു കലയിൽ അല്ലെങ്കിൽ കൈത്തൊഴിലിൽ ഏർപ്പെട്ടിരുന്ന വ്യക്തിയെയായിരുന്നു. എന്നാൽ ഇത്, ഇന്ന് കലാകാരനും കൈത്തൊഴിൽ വിദഗ്ധനും നൽകിപ്പോരുന്ന അർത്ഥത്തിലല്ല (കൈത്തൊഴിൽ വിദഗ്ധൻ എന്ന വാക്ക് തന്നെ സമകാലിക ഭാഷയിൽ നിന്ന് കൂടുതൽ കൂടുതൽ അപ്രത്യക്ഷമായി കൊണ്ടേയിരിക്കുകയാണ്). ഈ പറഞ്ഞ രണ്ടിനും അപ്പുറമുള്ള ഒരാളാണ് ഇത്. കാരണം, പ്രാഥമികമായിട്ടാണെങ്കിലും, അയാളുടെ പ്രവർത്തികൾ ബന്ധപ്പെട്ടു കിടക്കുന്നത് കൂടുതൽ ഗഹനമായ ഒരു തലത്തിലുള്ള തത്വങ്ങളുമായിട്ടാണ്. ഇപ്രകാരം, കൈത്തൊഴിലുകൾ യഥാർത്ഥത്തിലുള്ള കലകളെ ഏതെങ്കിലും രീതിയിൽ ഉൾക്കൊള്ളുന്നുവെങ്കിൽ, അത് കൈത്തൊഴിലുകളുടെ ഗുണാത്മക സ്വഭാവം കൊണ്ടും, കലയുടെ അത്തരത്തിലുള്ള നിർവചിത സ്വഭാവത്തെ ആർക്കും അംഗീകരിക്കാതിരിക്കാനാവാത്തത് കൊണ്ടും തന്നെയാണ്. ഇതേ കാരണം കൊണ്ട് തന്നെയാണ്, ആധുനികർ അവരുടെ കലയെ കുറിച്ച ശുഷ്കമായ കാഴ്ചപ്പാടിൽ നിന്ന് കൊണ്ട്, അതിനെ മനുഷ്യരുടെ ഇതര വ്യാപാരങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു അടഞ്ഞ മണ്ഡലമായി തരം താഴ്ത്തി വെച്ചിട്ടുള്ളതും. ഈ ഇതര വ്യാപാരങ്ങളെ അവർ കണക്കാക്കുന്നത് യാഥാർത്ഥ്യത്തെ (reality) (അവരുടേതായ യാഥാർത്ഥ്യത്തെ കുറിച്ച അപക്വമായ വിവക്ഷ പ്രകാരം) പ്രതിനിധാനം ചെയ്യുന്നതും ഉൾക്കൊള്ളുന്നതുമായാണ്. അങ്ങിനെ, പ്രായോഗികമായ സർവ ഭാവങ്ങളും ഉരിയപ്പെട്ട ആഢംബര വൃത്തിയായി (luxury activity) കലയെ സങ്കോചമേതുമില്ലാതെ വിശേഷിപ്പിക്കാൻ പോലും അവർ തുനിയുന്നു. ഈ പ്രയോഗമാവട്ടെ, യാതൊരു അതിശയോക്തിയുമില്ലാതെ തന്നെ പറയുകയാണെങ്കിൽ, നമ്മുടെ കാലഘട്ടത്തിന്റെ “വിഡ്ഢിത്തത്തെ” തന്നെയാണ് ശരിക്കും പ്രതിനിധാനം ചെയ്യുന്നത്.
എല്ലാ പാരമ്പര്യ നാഗരികതകളിലും (traditional civilization), നാം പലപ്പോഴും പറഞ്ഞിട്ടുള്ളത് പോലെ, മനുഷ്യന്റെ ഏത് പ്രവൃത്തിയെയും കണക്കാക്കുന്നത്, തത്വങ്ങളിൽ നിന്ന് മൗലികമായ അർത്ഥത്തിൽ ഉരുത്തിരിഞ്ഞു വരുന്നവയായാണ്. ശാസ്ത്രങ്ങളുടെ കാര്യത്തിൽ സവിശേഷമായും സത്യമായിട്ടുള്ള ഈ കാര്യം അതേ പോലെ തന്നെ കലകളുടെയും കൈത്തൊഴിലുകളുടെയും കാര്യത്തിലും സത്യം തന്നെയാണ്. അതിനുമപ്പുറം, ഇവയ്ക്കിടയിൽ ഗാഢമായ ഒരു ബന്ധവും നിലനിൽക്കുന്നുണ്ട്. കാരണം, മധ്യകാലത്തെ ശിൽപ്പികൾ ഒരു മൗലിക പ്രമാണമായി ഉന്നയിക്കാറുള്ള തത്വമാണ് – ശാസ്ത്രമില്ലാത്ത കല ഒന്നുമല്ല (ars sine scientia nihil). ഇവിടെ, സ്വാഭാവികമായും ശാസ്ത്രം എന്ന് നാം മനസ്സിലാക്കേണ്ടത് പാരമ്പര്യ ശാസ്ത്രമാണ്, അല്ലാതെ അപവിത്ര ശാസ്ത്രമല്ല. അപവിത്ര ശാസ്ത്രത്തിന്റെ പ്രയോഗത്തിന് ആധുനിക വ്യവസായമല്ലാത്ത മറ്റൊന്നിനും ജൻമം നൽകാൻ കഴിയുകയില്ല. തത്വങ്ങളോടുള്ള ഈ ബന്ധത്തിലൂടെ, മാനുഷിക വൃത്തികൾ “പരിവർത്തിതമായി” (transformed) തീരുന്നു. കേവലം ബാഹ്യമാത്രമായ പ്രകടിത രൂപം എന്നതിൽ പരിമിതപ്പെടുന്നതിന് പകരം (ചുരുക്കത്തിൽ ഇതാണല്ലോ അപവിത്ര വീക്ഷണം), അവ പാരമ്പര്യത്തിലേക്ക് ഉദ്ഗ്രഥിതമായി തീരുകയും അവ ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം പാരമ്പര്യത്തിൽ ശരിക്കും പങ്ക്കൊള്ളാനുള്ള ഒരു മാധ്യമമായി തീരുകയും ചെയ്യുന്നു. ഇത്, അവയ്ക്ക് ശരിക്കും “പവിത്രവും” (sacred) അനുഷ്ഠാനപരവുമായ (ritual) ഒരു സ്വഭാവം ഉണ്ട് എന്ന് പറയുന്നതിന് തുല്യമാണ്. അത് കൊണ്ടാണ്, അത്തരത്തിലുള്ള ഒരു നാഗരികതയിൽ “എല്ലാ ഓരോ ജീവിതവൃത്തിയും ഒരു പൗരോഹിത്യമാണെന്ന് ” (every occupation is a priesthood) നമുക്ക് പറയാൻ സാധിക്കുന്നത് (1). ഈ സംജ്ഞക്ക് ഒരർത്ഥത്തിൽ അനുചിതമായ, പൂർണമായും അസഭ്യമല്ലെങ്കിൽ കൂടിയും, ഒരു അർത്ഥ വ്യാപ്തി നൽകപ്പെടുന്നത് ഒഴിവാക്കാൻ വേണ്ടി, നാം ഇങ്ങനെ പറയുന്നു – അതിൽ യഥാർത്ഥത്തിൽ ഉള്ള സവിശേഷത, തുടക്കത്തിൽ ഇല്ലാതിരുന്ന പവിത്രം (sacred) , അപവിത്രം (profane)) എന്ന വേർതിരിവ് ഉണ്ടാക്കപ്പെട്ടപ്പോൾ, സംരക്ഷിക്കപ്പെട്ടത് പൗരോഹിത്യ ധർമ്മങ്ങളിൽ മാത്രമാണ്.
മനുഷ്യരുടെ മുഴുവൻ പ്രവൃത്തികളുടെയും ഈ “പവിത്ര” സ്വഭാവത്തെ കേവലം ബാഹ്യമാത്രമായ അല്ലെങ്കിൽ ബാഹ്യാചാരപരമായ (exoteric) ഒരു കാഴ്ചപ്പാടിൽ നിന്നു പോലും തിരിച്ചറിയാൻ, നിങ്ങൾ ഇസ്ലാമിക നാഗരികതയെയോ അതല്ലെങ്കിൽ മധ്യകാലഘട്ടത്തിലെ ക്രൈസ്തവ നാഗരികതയെയോ പരിശോധിച്ചാൽ മതി. അപ്പോൾ അവിടെയെല്ലാം ജീവിതത്തിന്റെ ദൈനംദിന വൃത്തികളിൽ പോലും “മതകീയമായ” എന്തോ ഒന്നുണ്ട് എന്ന് കാണാൻ കഴിയും. അവിടെയൊന്നും തന്നെ, മതം ആധുനിക പാശ്ചാത്യർക്കെന്നത് പോലെ (ചുരുങ്ങിയത് ഏതെങ്കിലും മതത്തെ അംഗീകരിക്കാൻ തയ്യാറുള്ളവർക്ക് ) മറ്റുകാര്യങ്ങളുടെ മേലൊന്നും യാതൊരു ക്രിയാത്മക സ്വാധീനവും ഇല്ലാത്ത, പരിമിതമായതും വേറിട്ടതായ ഒരിടത്തിൽ മാത്രം ഒതുക്കപ്പെട്ടതും ആയ കാര്യമല്ല. മറിച്ച് അത് മനുഷ്യന്റെ അസ്തിത്വത്തിലുടനീളം വ്യാപിച്ചതാണ്. മറുവാക്കുകളിൽ പറഞ്ഞാൽ, ഈ അസ്തിത്വത്തിന്റെ ഭാഗമായ സർവ്വതും, പ്രത്യേകിച്ചും സാമൂഹിക ജീവിതവും അതിന്റെ മണ്ഡലത്തിൽ പെട്ടതാണെന്ന് കാണാൻ കഴിയും. അത്തരമൊരു സാഹചര്യത്തിൽ, യഥാർത്ഥത്തിൽ “അപവിത്രമായ” (profane) ഒന്നും തന്നെ ഉണ്ടായിരിക്കുക സാധ്യമല്ല. ഇനി ആർക്കെങ്കിലും അങ്ങിനെ ഉണ്ടെങ്കിൽ തന്നെ, അത് എന്തോ കാരണത്താൽ പാരമ്പര്യത്തിന് പുറത്തായവർക്ക് മാത്രമായിരിക്കും. അത്തരം അവസ്ഥകൾ കേവലം അസ്വാഭാവികതകൾ മാത്രവുമായിരിക്കും. ഇനി, “മതം” എന്ന പേര് അതിന്റെ ശരിയായ അർത്ഥത്തിൽ പ്രയോഗിക്കാൻ പറ്റാത്ത നാഗരികതകളെ പരിശോധിച്ചാലും, അവിടെയും പാരമ്പര്യപരവും (traditional) “പവിത്രവും” (sacred) ആയ നിയമരൂപങ്ങൾ (legislation) ഉണ്ട്. ഇവയുടെ സ്വഭാവം വ്യത്യസ്തമായിരിക്കുമെങ്കിലും മതത്തിന്റെ അതേ ധർമ്മം തന്നെയായിരിക്കും അവ നിർവഹിക്കുന്നത്. അത് കൊണ്ട് തന്നെ, ഈ മാനദണ്ഡങ്ങൾ ഭേദമൊന്നുമില്ലാതെ തന്നെ ഏതൊരു പാരമ്പര്യ നാഗരികതക്കും ബാധകവുമാണ്. ഇതിനുമപ്പുറം മറ്റൊന്നു കൂടിയുണ്ട് : നമ്മൾ ബാഹ്യാർത്ഥ തലത്തിൽ നിന്നും (exoterism) ഗൂഢാർത്ഥ തലത്തിലേക്ക് (esotersim) കടന്നു ചെല്ലുകയാണെങ്കിൽ (സൗകര്യത്തിന് വേണ്ടി മാത്രമാണ് നാം ഈ വാക്കുകളെ ഉപയോഗിച്ചിട്ടുള്ളത്; എല്ലായ്പ്പോഴും ഒരേ പോലെയുള്ള കൃത്യത ഇവയ്ക്ക് സാധ്യമല്ലെങ്കിലും), പൊതുവായി, കൈത്തൊഴിലുകളുമായി ബന്ധപ്പെട്ട് ഒരു ഉപക്രമം (initiation) നിലനിൽക്കുന്നതായി നമുക്ക് കാണാൻ കഴിയും. അത് ഇവയെ ഒരു അടിത്തറയായി സ്വീകരിക്കുന്നു (2). ഇതിൽ നിന്ന്, ഈ കൈത്തൊഴിലുകൾക്ക്, കൂടുതൽ ഉന്നതവും ഗഹനവുമായ ഒരർത്ഥം സാധ്യമാണെന്ന് വരുന്നു. അത് കൊണ്ടാണ് അവയ്ക്ക് ക്രിയാത്മകമായ രീതിയിൽ ഉപക്രമ മണ്ഡലത്തിലേക്കുള്ള (initiatory domain) പ്രവേശനമാർഗം തുറന്നു തരാൻ സാധിക്കുന്നത്. ഇത് സാധ്യമായിട്ടുള്ളത് അവയുടെ മൗലികമായ ഗുണാത്മക സ്വഭാവം കൊണ്ടാണെന്നുള്ളത് വ്യക്തമാണ്.
ഹൈന്ദവ സിദ്ധാന്ത പ്രകാരം സ്വധർമ്മം എന്ന് വിളിക്കപ്പെടുന്ന ആശയം ഇത് മനസ്സിലാക്കാൻ വളരെ ഉതകുന്നതാണ്. വളരെ ഗുണാത്മകത സ്വഭാവമുള്ള (qualitative) ഒരു ആശയമാണിത്. ഓരോ ഉൺമയും അതിന്റെ സത്തക്കും പ്രകൃതത്തിനും യോജിച്ച നിലയിലും, അതിലൂടെ നാം മുമ്പ് വിശദീകരിച്ചിട്ടുള്ള “ക്രമത്തിന്” (ഋതം) തികച്ചും ഉതകുന്ന രീതിയിലും ഒരു പ്രവർത്തിയെ സാക്ഷാത്കരിക്കുക എന്നതാണിത്. ഇതേ ആശയം തന്നെയാണ്, അഥവാ അതിന്റെ അഭാവം തന്നെയാണ് അപവിത്രവും ആധുനികവുമായ ആശയത്തിന്റെ തകരാറിനെ വ്യക്തമായി സൂചിപ്പിക്കുന്നത്. ഈ ആധുനിക ആശയപ്രകാരം, ഒരു മനുഷ്യന് ഏത് തൊഴിലും (profession) സ്വീകരിക്കാം, യഥേഷ്ടം തൊഴിൽ മാറുകയും ചെയ്യാം. അയാൾ യഥാർത്ഥത്തിൽ എന്താണോ അതുമായും, അയാളെ മറ്റൊരാളാക്കാതെ താനാക്കിത്തീർക്കുന്നതുമായും യാതൊരു ബന്ധവുമില്ലാത്ത, അയാൾക്ക് തികച്ചും ബാഹ്യമായ ഒരു കാര്യമായിട്ടാണ് തൊഴിലിനെ കാണുന്നത്. ഇതിൽ നിന്നും വിഭിന്നമായി, പാരമ്പര്യ കാഴ്ചപ്പാടിൽ ഓരോ ആളും സ്വാഭാവികമായി അയാളുടെ പ്രകൃതത്താൽ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതും ആ പ്രകൃതം മൗലികമായി സൂചിപ്പിക്കുന്ന നിർണിത അഭിരുചിക്കൾക്കനുസൃതമായതുമായ ധർമ്മം തന്നെ നിർവഹിക്കണം (3). താൻ ഭാഗമായിട്ടുള്ള മുഴു സാമൂഹിക ക്രമത്തിലും വലിയ പ്രത്യാഘാതങ്ങൾ ഉളവാക്കിയേക്കാവുന്ന ഗുരുതരമായ ക്രമക്കേട് സൃഷ്ടിച്ചു കൊണ്ടല്ലാതെ അയാൾക്ക് മറ്റൊരു ധർമ്മം നിർവഹിക്കുവാനാവില്ല. അതിനും പുറമെ, അത്തരത്തിലുള്ള ക്രമക്കേട് വ്യാപകമാവുകയാണെങ്കിൽ, അതിന്റെ പ്രതിഫലനങ്ങൾ പ്രാപഞ്ചിക പരിതസ്ഥിതിയിലേക്ക് പോലും വന്നെത്തിച്ചേർന്നേക്കാം. കാരണം, എല്ലാം കണിശമായിട്ടുള്ള പരസ്പര പൊരുത്തങ്ങളാൽ കൂട്ടിയോജിപ്പിക്കപ്പെട്ടവയാണ്. തൽക്കാലം, ഈ പറഞ്ഞ കാര്യത്തിന് സമകാലിക സാഹചര്യത്തിൽ പ്രസക്തി ഉണ്ടെങ്കിൽ കൂടിയും, കൂടുതൽ ഊന്നിപ്പറയാതെ തന്നെ ഇപ്രകാരം സംക്ഷേപിക്കാം: പാരമ്പര്യ കാഴ്ചപ്പാട് പ്രകാരം, ഉൺമകളുടെ സത്താപരമായ ഗുണങ്ങളാണ് അവയുടെ പ്രവൃത്തിയെ നിർണയിക്കുന്നത്. ഇതിൽ നിന്നും വിഭിന്നമായി, അപവിത്ര കാഴ്ചപ്പാടിൽ ഗുണങ്ങളെ കണക്കിലെടുക്കുന്നേയില്ല. വ്യക്തികളെ പരസ്പരം മാറ്റിവെക്കാവുന്നവയായും തികച്ചും സംഖ്യാപരവുമായ ” ഏകകങ്ങളായിട്ടുമല്ലാതെ” (units) പരിഗണിക്കുന്നുമില്ല. ഈയൊരു സങ്കൽപ്പം യുക്തമായും നയിക്കുക ശരിക്കും മാനുഷികമായതൊന്നും അവശേഷിക്കാത്ത ശുദ്ധ “യാന്ത്രിക” പ്രവർത്തികളിൽ വ്യാപരിക്കുന്നതിലേക്കാണ്. ഇത് തന്നെയാണ് നമ്മളിപ്പോൾ കണ്ട് കൊണ്ടിരിക്കുന്നതും. ആധുനികരുടെ, വ്യവസായത്തെ മുഴുവനായും രൂപപ്പെടുത്തുന്നതും അപവിത്രമായ ഒരു വ്യതിയാനത്തിന്റെ ഉൽപന്നമായിട്ടുള്ളതുമായ ഈ “യാന്ത്രിക” തൊഴിലുകൾ (trades), ഉപക്രമപരമായ ഒരു സാധ്യതയെയും നൽകുന്നില്ല. എന്നു മാത്രമല്ല, സർവതരത്തിലുള്ള ആത്മീയതയുടെ വികാസത്തിനും അവ വിഘാതമായി മാത്രമേ വർത്തിക്കുകയുമുള്ളൂ. സത്യം പറഞ്ഞാൽ, തൊഴിൽ എന്ന വാക്കിന് അതിന്റെ പാരമ്പര്യ അർത്ഥത്തെ നൽകുന്ന മൂല്യത്തെ സംരക്ഷിക്കണമെങ്കിൽ, ഈ പറഞ്ഞവയെ നിർവ്യാജമായ തൊഴിലുകളായി പോലും പരിഗണിക്കാനാവില്ല.

[1] A. M. Hocart, Les Castes, p. 27.
(2) പടിഞ്ഞാറൻ ലോകത്ത്, പ്രാമാണികമായ ഉപക്രമ സംഘടനകളിൽ ശിഷ്ടമായി നിലനിൽക്കുന്ന കാര്യങ്ങൾക്ക്, അവ ഇന്ന് ഏതൊരു ക്ഷയോൻമുഖതയുടെ അവസ്ഥയിലാണെങ്കിലും, ഇതല്ലാത്ത ഉൽഭവമില്ല. മറ്റു തരത്തിലുള്ള ഉപക്രമങ്ങളൊക്കെ വളരെ മുമ്പ് തന്നെ പൂർണമായും അപ്രത്യക്ഷമായിരിക്കുന്നു.
(3) ഇവിടെ ഒരു കാര്യം ശ്രദ്ധേയമാണ്. “profession” എന്ന വാക്കിന് ലാറ്റിൻ ഭാഷയിലുള്ള ministerium എന്ന പദത്തിൽ നിന്നുള്ള അതിന്റെ പദോൽപത്തിശാസ്ത്ര പ്രകാരമുള്ള വ്യുൽപന്നത്തിൽ നിന്ന് ലഭിക്കുന്ന അർത്ഥം ധർമ്മം എന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy