ആത്മജ്ഞാനത്തിന്റെ ഉറവിടങ്ങൾ :
ഇമാം ശിഹാബുദ്ദീൻ സുഹ്റവർദി(റ) :
നബി(സ്വ)തങ്ങൾ മൊഴിയുന്നു:
”എന്റെയും എന്റെ ദൗത്യത്തിന്റെയും ഉപമ ഒരു മനുഷ്യന്റേതുപോലെയാണ്. ആ മനുഷ്യൻ തന്റെ സ്വന്തം ജനതയെ അഭിമുഖീകരിച്ച് പറയുന്നു: ജനങ്ങളെ…നമ്മെ ആക്രമിക്കാൻ വരുന്ന ശത്രുസേനയെ ഞാനെന്റെ നഗ്നദൃഷ്ടികൊണ്ട് കണ്ടതാണ്. അതിനാൽ ഞാനിതാ നിങ്ങൾക്ക് താക്കീത് ചെയ്യുന്നു. പ്രതിരോധത്തിന് തയ്യാറെടുത്തുകൊള്ളുക.
ഇൗ മുന്നറിയിപ്പ് ചിലർക്ക് മാത്രമേ സ്വീകാര്യമായുള്ളൂ. അവരാകട്ടെ പ്രതിരോധ സജ്ജരുമായി. അതിന്റെ ഫലമായി അവർ രക്ഷ പ്രാപിച്ചു. മുന്നറിയിപ്പ് അവഗണിച്ചവരാകട്ടെ ഒരു പ്രഭാതത്തിൽ ശത്രുക്കളുടെ ആക്രമണത്തിന് ഇരയായി. യാതൊരു മുന്നൊരുക്കവും ഇല്ലാതെ അശ്രദ്ധരായിരുന്നു അവർ. അതിനാൽ ശത്രുക്കൾക്ക് അവരെ എളുപ്പം ഉന്മൂലനം ചെയ്യാൻ സാധിച്ചു. ഇതാണ് പരമ സത്യമായ എന്റെ ദൗത്യം അംഗീകരിച്ച് എന്നെ അനുസരിച്ചവരുടെയും അത് നിഷേധിച്ച് എന്നെ ധിക്കരിക്കുന്നവരുടെയും ഉപമ.”(സ്വഹീഹുൽ ബുഖാരി)
മറ്റൊരു തിരുമൊഴി ഇപ്രകാരമുണ്ട്:
”സന്മാർഗപൂർണ്ണവും വൈജ്ഞാനികവുമായ എന്റെ ദൗത്യത്തിന്റെ അവസ്ഥ ഒരു പേമാരി പോലെയാണ്. ഒരു ഭൂമിയിൽ അത് വർഷിച്ചു. എന്നാൽ ആ ഭൂമിയിലെ നല്ല ഭാഗങ്ങൾക്ക് മാത്രമേ അത് പ്രയോജനം ചെയ്തുള്ളൂ. തൽഫലമായി അവിടെ സസ്യങ്ങൾ സമൃദ്ധമായി മുളച്ചുവളർന്നു. മാത്രമല്ല ആ ഭാഗങ്ങളിലെ ജലാശയങ്ങളിൽ ജലം നിറയുകയും ചെയ്തു. ജനങ്ങൾക്കും കന്നുകാലികൾക്കും കുടിക്കാനും കൃഷികൾ നനക്കാനും അത് പ്രയോജനപ്പെട്ടു. എന്നാൽ പാഴ്ഭൂമികളിൽ ആ മഴകൊണ്ട് യാതൊരു പ്രയോജനവുമുണ്ടായില്ല. വെള്ളം ശേഖരിച്ചുവെക്കാനോ സസ്യങ്ങളെ മുളപ്പിക്കാനോ ആ ഭൂമിക്ക് കഴിഞ്ഞില്ല. എന്റെ ദൗത്യം ഫലപ്പെട്ടവരുടെയും അല്ലാത്തവരുടെയും സ്ഥിതി ഇതാണ്. അതുകൊണ്ട് പ്രയോജനം സിദ്ധിച്ചവർ അല്ലാഹുവിന്റെ ദീൻ പഠിച്ചു. അതവർക്ക് അനുഗ്രഹമായി തീർന്നു. അതവർ മറ്റുള്ളവർക്ക് പഠിപ്പിക്കുകയും ചെയ്തു. ആ ദൗത്യം പ്രയോജനം ചെയ്യാത്തവരാകട്ടെ അങ്ങോട്ട് എത്തിനോക്കുക പോലും ചെയ്തില്ല. ഏതൊരു മാർഗദർശനവുമായി അല്ലാഹു എന്നെ നിയോഗിച്ചുവോ അത് സ്വീകരിച്ചതുമില്ല.”
ശൈഖ് അബൂനജീബ് അബ്ദുൽ ഖാഹിർ(റ)പറയുന്നു:
”ഭൂഭാഗങ്ങൾ പല വിധമാണ്. സസ്യലതാതികൾ സമൃദ്ധിയോടെ തഴച്ചുവളരുന്ന ഭാഗങ്ങളാണ് അവയിൽ ചിലത്. ഫലഭൂയിഷ്ഠമായ ഇൗ ഭൂമി പോലെയാണ് സത്യവിശ്വാസിയുടെ ഹൃദയം. അവിടെ നന്മ തഴച്ചുവളരുന്നു. അതുമൂലം ആ വ്യക്തിയിൽ ജ്ഞാനം ഫലപ്പെടുകയും അതയാളെ നേർവഴിയിലേക്ക് നയിക്കുകയും ചെയ്യുന്നു. അങ്ങനെ തിരുനബി(സ്വ)തങ്ങളെ അനുധാവനം ചെയ്യാൻ അയാൾക്ക് സൗഭാഗ്യം ലഭിക്കുന്നു.
ഫല സമൃദ്ധിയുള്ള ഭൂമിയിലെ ജലാശയങ്ങൾ പോലെയാണ് മറ്റ് ചിലരുടെ ഹൃദയങ്ങൾ. ജലാശയങ്ങൾ ജലം ശേഖരിച്ചുവെക്കുകയും ജീവജാലങ്ങൾക്കും കൃഷിസ്ഥലങ്ങൾക്കും അനുഗ്രഹമേകുകയും ചെയ്യും. ഇതുപോലെ പരിത്യാഗികളും സൂഫികളും ആത്മീയഗുരുക്കളുമായ മനുഷ്യരുടെ ഹൃദയമാകുന്ന ജലാശയങ്ങൾ വിജ്ഞാനദാഹികളായ പാമരജനങ്ങളുടെ നിർജ്ജീവമായ ഹൃദയങ്ങൾക്ക് ജീവനം നൽകുന്നു. ഉണങ്ങിവരണ്ട ആത്മാവുകളിലേക്കവർ വിജ്ഞാനമാകുന്ന ജീവജലം പകർന്നു നൽകുന്നു. അങ്ങനെ അവക്ക് പുതുജീവൻ വെക്കുന്നു.
മസ്റൂഖ്(റ)പറയുന്നു:
”സ്വഹാബികളിൽ പലരുമായും ഇടപഴകാൻ എനിക്ക് ഭാഗ്യം സിദ്ധിച്ചു. അവരുടെ ഹൃദയങ്ങളെല്ലാം ജ്ഞാനസരസ്സുകളാണെന്ന് എനിക്ക് ബോദ്ധ്യമായി. ജ്ഞാനം ശേഖരിക്കുന്നതിലും അത് വിതരണം ചെയ്യുന്നതിലും തെളിമയുറ്റ ആ മനസ്സുകൾക്കുണ്ടായിരുന്ന വൈഭവം വിസ്മയപൂർണ്ണമായിരുന്നു.”
”ശേഖരിച്ചുവെക്കാൻ കരുത്തുറ്റ കാതുകൾ അതു ശേഖരിച്ചുവെക്കും” എന്ന ഖുർആൻ സൂക്തം അവതരിച്ചപ്പോൾ അലിയ്യുബ്നു അബീത്വാലിബ്(റ)വിനോട് നബി(സ്വ)തങ്ങൾ അരുളി:
”ഹേ…അലീ…താങ്കളുടെ കാതുകൾ അത്തരത്തിലുള്ളതായിരിക്കാൻ ഞാനിതാ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു..”
അലി(റ)പറയുന്നു:”ഇൗ സംഭവത്തിന് ശേഷം മറവി എനിക്കുണ്ടായിട്ടേ ഇല്ല…”
അബൂബകറുൽ വാസിത്തി(റ)പറയുന്നു:
”ശേഖരിച്ചുവെക്കുന്ന കാതുകൾ എന്നതിന്റെ വിവക്ഷിതാർത്ഥം ജ്ഞാനരഹസ്യങ്ങൾ അല്ലാഹുവിൽ നിന്ന് ശേഖരിച്ചുവെക്കുന്ന കാതുകളാണ്. ആ കാതുകളുടെ ഉടമകൾ തങ്ങളുടെ സവിശേഷമായ ജ്ഞാനമേഖലകളിൽ നൈപുണ്യം നേടുന്നു. തഫ്സീർ, ഫിഖ്ഹ് തുടങ്ങിയ സവിശേഷ വിജ്ഞാന മേഖലകളിൽ പ്രവേശിച്ചവർ തങ്ങൾക്ക് അനിവാര്യമായ വിജ്ഞാന ശാഖകളിൽ വൈദഗ്ദ്യം നേടുന്നു. സൂഫികളും ഇപ്രകാരം തന്നെയാണ്. തഖ്വയുടെ അടിത്തറ ദൃഢപ്പെടുത്തിയ ശേഷം അവർ സുഹ്ദിൽ പ്രവേശിക്കുന്നു. അങ്ങനെ തഖ്വകൊണ്ട് അവർ ശരീരങ്ങളെ സ്ഫുടം ചെയ്യുകയും സുഹ്ദ് കൊണ്ട് ഹൃദയങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഭൗതികമായ ജോലികളിൽ നിന്നകന്ന് അല്ലാഹുവിങ്കലേക്കടുക്കുമ്പോൾ അവരുടെ ഒാരോ രോമകൂപത്തിലും കണ്ണുകളും ഹൃദയങ്ങളിൽ കാതുകളും തുറക്കപ്പെടുന്നു….”
തുടരും