അവാരിഫുൽ മആരിഫ്: അദ്ധ്യായം: 4
സൂഫികളുടെ അവസ്ഥാന്തരങ്ങൾ: വൈവിദ്ധ്യ പാതകൾ: അവസാന ഭാഗം:
ഇമാം ശിഹാബുദ്ദീൻ സുഹ്റവർദി(റ):
ഇതു വരെ പറഞ്ഞത് അല്ലാഹുവിന്റെ ദർശനം ലഭിച്ച ശേഷം കഠിനാദ്ധ്വാനത്തിൽ മുഴുകുന്നവരുടെ വഴിയെ കുറിച്ചാണ്. ഇനി കഠിനാദ്ധ്വാനങ്ങളുടെ അനന്തര ഫലമായി ദർശനം ലഭിക്കുന്നവരുടെ വഴിയെപ്പറ്റി പറയാം. ആ വഴിയെപ്പറ്റി അല്ലാഹു പറയുന്നു. “ഖേദിച്ചു മടങ്ങുന്നവർക്കല്ലാഹു തന്നിലേക്കു വഴി കാണിക്കും”. ഖുർആൻ“നമ്മുടെ മാർഗ്ഗത്തിൽ പോരാട്ടം നടത്തുന്നവരെ നാം നമ്മുടെ പാതകളി ലേക്കു നയിക്കുക തന്നെ ചെയ്യും.” ഖുർആൻപോരാട്ടം ശത്രുകളോടാണല്ലോ നടത്തുക. ദീനിന്റെ ശത്രുക്കളോടും നിന്റെ ശത്രുക്കളോടും. കാമക്രോധ മോഹമദമാത്സര്യാദികളാണ് നഫ്സിന്റെ ശത്രുക്കൾ. ഇതിന്നെതിരെയുള്ള പോരാട്ടമാണ് ഏറെ ക്ലേശകരം. കഠി നമായ പരിശീലനങ്ങൾ, നിസ്തുല ത്യാഗങ്ങൾ, നീണ്ട നിൽക്കുന്ന രാവുകളിലെ നിദ്രാരഹിതമായ ഇബാദത്തുകൾ, നട്ടുച്ചകളിൽ കൊടും ദാഹവും വിശപ്പും സഹിച്ചു കൊണ്ടുള്ള വ്രതാനുഷ്ഠാനങ്ങൾ ഇതൊക്കെയാണ് ആ പോരാട്ടം.
ത്യാഗത്തിന്റെ തീച്ചൂളകളിലിട്ടുരുക്കി നഫ്സിനെ കറകളഞ്ഞു അതിനെ തനി തങ്കമാക്കി മാറ്റാനുള്ള കഠിനാദ്ധ്വാനങ്ങൾ. ഭൗതിക സുഖങ്ങൾ ഉപേക്ഷിച്ച്, ഇഷ്ട ജനങ്ങളെയെല്ലാം പിരിഞ്ഞ്, ഏകാന്തതയിലിരുന്ന്, കണ്ണുനീരു കൊണ്ടു പാപങ്ങൾ കഴുകികളയുന്ന തീവ്രയത്നം. ഈ പശ്ചാത്താപമാണ് അല്ലാഹുവിന്റെ സാമീപ്യം നേടിക്കൊടുക്കുന്ന പാത.
“പശ്ചാത്തപിക്കുന്നവർക്ക് അല്ലാഹു തന്നിലേക്കു വഴി കാട്ടിക്കൊടുക്കും എന്ന് ഖുർആൻ പറഞ്ഞതു ആ വഴിയെപ്പറ്റിയാണ്. ഇതു സാധാരണ തര ത്തിലുള്ള വഴികാട്ടലാകുന്നു. തീവ്രമായ പ്രയത്നങ്ങൾക്ക് അല്ലാഹു നൽകുന്ന പ്രത്യേക പ്രതിഫലമാണിത്. അതിവേഗം അല്ലാഹുവിനെ സമീപിക്കാൻ ഈ തീവ്ര പ്രയത്നങ്ങൾ സഹായിക്കുന്നു. നഫ്സിന്റെ കറ നീങ്ങുമ്പോൾ ആത്മാവിന്നു ചിറകുമുളക്കുകയും, അതു അത്യുന്നതങ്ങളിലേക്കു പറന്നു മുന്നേറുകയും ചെയ്യുന്നു. പിന്നെ പ്രയാസങ്ങളില്ല. ക്ലേശങ്ങളില്ല. കഠിനാദ്ധ്വാനമില്ല. ദർശനം! നിർവൃതി! സായൂജ്യം! സാക്ഷാൽക്കാരം കഠിനാദ്ധ്വാനത്തിന്റെ ഫലം ആസ്വദിക്കൽ. കഠിനാദ്ധ്വാന ഫലമായിട്ടാണ് ഈ വിഭാഗം ദർശന സുഖമനുഭവിക്കുന്നത്. നേരത്തെപ്പറഞ്ഞ വിഭാഗം ഇങ്ങിനെയല്ല. അവരെ അല്ലാഹു നേരിട്ടു തെരഞ്ഞെടുത്തതാണല്ലോ? അതിനാൽ ദർശന സുഖം അനുഭവിച്ച ശേഷമാണവർ കഠിനദ്ധ്വാനങ്ങളിൽ മുഴുകുന്നത്.അബൂമുഹമ്മദുൽ ജരീരി(റ) പറയുന്നു: ജുനൈദുൽ ബഗ്ദാദി(റ) പറയു ന്നതു ഞാൻ കേട്ടു: “ഞങ്ങൾ തസ്വവ്വുഫ് പഠിച്ചത് ഐതിഹ്യങ്ങ ളിൽ നിന്നല്ല. വിശപ്പു സഹിക്കൽ, ഭൗതിക സുഖങ്ങൾ ത്യജിക്കൽ, പ്രിയപ്പെട്ട വരുമായി വേർപെടൽ, മോഹങ്ങളോടു പോരാടൽ തുടങ്ങിയവയിൽ നിന്നാണ്.മുഹമ്മദിബിൻ ഖഫീഫ്(റ) പറയുന്നു: “ലക്ഷ്യം നേടാൻ മനസ്സിനെ വളർത്തിയെടുക്കലാണ് തസ്വവ്വുഫ്. അതു സഫലമാകുന്നത് സ്ഥിരോത്സാഹം കൊണ്ടും വിശ്രമത്തോടു വിട പറയൽ കൊണ്ടുമാണ്.
അബൂ ഉസ്മാൻ (റ) പറയുന്നു:
“അല്ലാഹു അല്ലാതെ മറ്റു യാതൊന്നും ഹൃദ യത്തിൽ ഇല്ലാത്തവനാണ് യഥാർത്ഥ മുരീദ്.”മുരീദ്’ എന്ന ശബ്ദത്തിന്ന് ഉദ്ദേശിക്കുന്നവൻ എന്നാണർത്ഥം. അല്ലാഹുവിനെ മാത്രം ഉദ്ദേശിക്കുന്നവൻ അല്ലാഹുവിനെ മാത്രമാണ് സ്നേഹിക്കുക. അവസാനം അവന്റെ ഹൃദയത്തിലെ ഭൗതീക മോഹങ്ങളെല്ലാം നശിച്ചു പോകുന്നു. അഥവാ തന്റെ റബ്ബിനോടുള്ള കഠിനമായ പ്രേമാഗ്നി മറ്റു മോഹങ്ങളെ യെല്ലാം ചാമ്പലാക്കിക്കളയുന്നു.
അബൂ ഉസ്മാൻ(റ) തുടരുന്നു:
“മുരീദിന്റെ ഹൃദയത്തിന്നേൽക്കുന്ന ശിക്ഷയാണ് അയാളുടെ ദർശനങ്ങൾക്കുണ്ടാകുന്ന മറ. ഈ മറ മനസ്സിൽ പ്രത്യക്ഷപ്പെട്ടാൽ അവിടെ മോഹങ്ങൾ വീണ്ടും തല പൊക്കും. അതു പാപമായിട്ടാണ് പുണ്യാത്മാക്കൾ കരുതുന്നത്. സൂഫികളുടെ രണ്ടു വഴികളാണ് നാം ഇതു വരെ വിവരിച്ചത്. ഇതു കൂടാതെ രണ്ടു വഴികൾ കൂടിയുണ്ട് സൂഫികൾക്ക്. പക്ഷേ അവ രണ്ടും സമ്പൂർണ്ണമല്ല.
- അല്ലാഹുവിൽ ആകൃഷ്ടരായി “ജദ്ബി’ന്റെ അവസ്ഥയിലെത്തിയവർ. ദർശനം ലഭിച്ച ശേഷവും അവർ കഠിനാദ്ധ്വാനത്തിലേക്കു തിരിച്ചു വരുന്നില്ല. ‘ജദ്ബി’ന്റെ പാതയാണത്.
- കഠിനാദ്ധ്വാനം ചെയ്തു മുന്നേറിയിട്ടും തീരെ ദർശനം ലഭിക്കാത്തവർ.
ഇതിനെ സംബന്ധിച്ചെല്ലാം തസവുഫിൽ സുദീർഘമായ ചർച്ചയുണ്ട്. ഏതാ യാലും പ്രവാചകചര്യകളെ നല്ല നിലയിൽ പിൻപറ്റുന്ന പാത മാത്രമേ തസ്വവ്വുഫിൽ സ്വീകാര്യമായതുള്ളൂ. അതുകൂടാതെ ലക്ഷ്യത്തിലെത്താമെന്നോ ലക്ഷ്യത്തിലെത്തിയാൽ പിന്നെ അതൊന്നും ബാധകമല്ലെന്നോ വാദിക്കുന്നവർ വ്യാജന്മാരാണ്. അവർക്കും തസ്വവ്വു ഫിൽ യാതൊരു സ്ഥാനവുമില്ല. പിശാ ചിന്റെ ചതിയിൽ കുടുങ്ങിയവരാണവർ. ശൈത്താന്റെ മുരീദുകൾ.അബൂസഈദുസ്സകരി(റ) പറയുന്നു: അബൂസഈദുൽ ഖസ്സാർ അരുളി:
ശരീഅത്തിന്റെ പുറം തൊലിയോടു യോജിക്കാത്ത ഉൾക്കാമ്പെല്ലാം അസ്വീകാര്യമാണ്.
ജുനൈദുൽ ബഗ്ദാദി(റ) സാധാരണ പറയാറുണ്ടായിരുന്നു. നമ്മുടെ ഈ ജ്ഞാനം നബിചര്യയുടെ കണ്ണിയാണ്.മറ്റൊരു ജ്ഞാനി പറയുന്നു:
“നബിചര്യ വല്ലവന്റെയും വാക്കും പ്രവൃത്തിയും നിയന്ത്രിച്ചാൽ അവന്റെ വായിൽ നിന്നു വീഴുന്നതെല്ലാം മൊഴിമുത്തുകളായി രിക്കും. നേരെ മറിച്ച്, വല്ലവന്റെയും വാക്കും പ്രവൃത്തിയും തന്നിഷ്ടത്തിന്റെ നിയന്ത്രണത്തിലായാൽ അവന്റെ വായിൽ നിന്നു വീഴുന്നതെല്ലാം ബിദ്അത്തുകളായിരിക്കും. ഒരു ദിവസം അബൂയസീദുൽ ബിസ്താമി(റ)) ശിഷ്യരോടരുളി:
“വരൂ നമുക്ക് ആ ശൈഖിനെ ഒന്നു കണ്ടു പരിചയപ്പെടാം.അങ്ങനെ മഹാനവർകൾ തന്റെ ശിഷ്യന്മാരോടൊത്ത് പുറപ്പെട്ടു. വലിയ സാഹിദും ആരിഫും ആബിദുമായി പ്രസിദ്ധി നേടിയ ശൈഖിനെ കാണാൻ അവർ ചെന്നു. അവരവിടെ ചെന്നപ്പോൾ ആ ശൈഖ് വീട്ടിൽ നിന്നു പള്ളിയിലേക്കു പുറപ്പെട്ടു കഴിഞ്ഞി രുന്നു. നടന്നു പോകുന്ന ആ ശൈഖ് ഖിബ് ല യുടെ ഭാഗത്തേക്കു തുപ്പുന്നതു അബൂയസീദുൽ ബിസ്താമി(റ) കണ്ടു. ഉടനെ ശിഷ്യരോടദ്ദേഹം പറഞ്ഞു:
നമുക്കു തിരിച്ചു പോകാം.അബൂയസീദ്(റ) അയാൾക്ക് സലാം പറയുക പോലും ചെയ്യാതെ തിരിച്ചു പോയി. ഇതിന്റെ പൊരുളെന്തെന്നറിയാൻ ശിഷ്യർക്ക് തിടുക്കമായി. അവരോടദ്ദേഹം പറഞ്ഞു:
“ശിഷ്യരേ, നബിതിരുമേനി(സ) യുടെ ചര്യയിൽ പോലും വിശ്വ സ്തനല്ലാത്ത ആ മനുഷ്യന് ആരിഫീങ്ങളുടെ പദവിയുണ്ടെന്നുള്ള അയാളുടെ വാദം നാം എങ്ങിനെ വിശ്വസിക്കും?”
ശിബിലി(റ)യുടെ ശിഷ്യനോടു ഒരാൾ ചോദിച്ചു:
“താങ്കളുടെ ഗുരുവിന്റെ അന്ത്യ നിമിഷങ്ങൾ എങ്ങിനെയായിരുന്നു?”
ശിഷ്യൻ പ്രതിവചിച്ചു: “അദ്ദേഹത്തിന്റെ സംസാരശേഷി നിലച്ചു. നെറ്റി വിയർത്തു. അപ്പോൾ എന്നോടു അദ്ദേഹം ആംഗ്യരൂപേണ ആവശ്യപ്പെട്ടു. വുളു ചെയ്തു കൊടുക്കാൻ. ഞാൻ വുളു ചെയ്തു കൊടുക്കുമ്പോൾ അവിടുത്തെ താടി നല്ലവണ്ണം വിടർത്തിക്കഴുകാൻ ഞാൻ ശ്രദ്ധിച്ചില്ല. അപ്പോൾ അദ്ദേഹം എന്റെ കൈ പിടിച്ച് എന്റെ വിരലുകൾ താടി രോമങ്ങൾക്കിടയിൽ തിരുകിക്കാണിച്ചു തന്നു. ആ സുന്നത്തു നഷ്ടപ്പെടാതി രിക്കാനുള്ള ജാഗ്രത!
സഹ് ലിബിൻ അബ്ദില്ല(റ) പറയുന്നു: “ഖുർആനിന്റെയും, സുന്നത്തിന്റെയും അദ്ധ്യാപനങ്ങൾക്ക് യോജിക്കാത്ത ഇഷ്ഖുകളൊക്കെ വ്യാജ നിർമ്മിതമായി ഗണിക്കപ്പെടും. ഇതൊക്കെയാണ് സൂഫികളുടെ അവസ്ഥാന്തരങ്ങൾ. ഇതൊക്കെയാണ് അവരുടെ വഴികൾ. ഇതിന്നു വിരുദ്ധമായതൊന്നും സ്വീകര്യമല്ല. അത്തരം വാദങ്ങളുമായി വരുന്നവരൊക്കെ ഫിത്നയുടെ വിത്തു കൈയിലുള്ളവരാണ്. ഫിത്നയിൽ അകപ്പെട്ട നിർഭാഗ്യവാന്മാരും വ്യാജന്മാരുമാണവർ. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. ആമീൻ.
തുടരും