അവാരിഫുൽ മആരിഫ്: അദ്ധ്യായം: 2:
ഇമാം ശിഹാബുദ്ധീൻ സുഹ്റ വർദി(റ):
സൈദ് ഇബ്നു സാബിത്(റ)വിൽ നിന്ന് നിവേദനം: മഹാനവർകൾ പറയുന്നു:
”നബി(സ്വ)തങ്ങൾ മൊഴിഞ്ഞിരിക്കുന്നു: “എന്നിൽ നിന്ന് ഒരു ഹദീസ് കേൾക്കുകയും അത് മന:പാഠമാക്കുകയും അങ്ങനെ അത് മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കുകയും ചെയ്ത മനുഷ്യനെ അല്ലാഹു അനുഗ്രഹിക്കട്ടെ…”
തന്നെക്കാളധികം ജ്ഞാനമുള്ളവർക്ക് ജ്ഞാനം എത്തിച്ചുകൊടുക്കുന്ന എത്രയെത്ര ആളുകളുണ്ടെന്നോ! ജ്ഞാനം പേറി നടക്കുന്നവരിൽ തന്നെ ജ്ഞാനമില്ലാത്തവർ എത്രയുണ്ടെന്നോ!
അല്ലാഹു പറയുന്നു:”അവരിൽ വല്ല നന്മയും അല്ലാഹു ഉദ്ദേശിച്ചാൽ ഉപദേശം കേൾക്കാനുള്ള മന:സ്ഥിതി അല്ലാഹു അവരിൽ ഉണ്ടാക്കി തീർക്കും.”
ഇതിന്റെ വ്യാഖ്യാനത്തിൽ ചില ജ്ഞാനികൾ പറയുന്നു:
”ഉപദേശം കേൾക്കാൻ ആഗ്രഹമുള്ളവർക്ക് അല്ലാഹു അവരുടെ കാതുകളുടെ മൂടി തുറന്നു കൊടുക്കും. അപ്പോൾ സത്യം കേൾക്കാനും അനുസരിക്കാനും അവർക്ക് ജിജ്ഞാസ വർദ്ധിച്ചുവരും.”
ശരീരത്തിന്റെ തന്നിഷ്ടങ്ങൾക്കും വസ് വാസുകൾക്കും അടിമയായി ജീവിക്കുന്നവർക്ക് സദുപദേശങ്ങളിലേക്ക് ചെവികൊടുക്കാൻ സാധിക്കുകയില്ല. സൂഫികൾക്കറിയാം, അല്ലാഹുവിന്റെ സൂക്തങ്ങൾ അവന്റെ ദാസർക്കുള്ള സന്ദേശങ്ങളാണ്. അല്ലാഹു തന്റെ ദാസരുമായി അഭിമുഖ സംഭാഷണം നടത്തുകയാണ് ആ സൂക്തങ്ങളിലൂടെ ചെയ്യുന്നത്. ഈ അറിവ് സൂഫികളിൽ രൂഢമൂലമായതിനാൽ ഓരോ ദിവ്യസൂക്തവും ഓരോ ജ്ഞാന സമുദ്രമായിട്ടാണവർ കാണുന്നത്. ആ സൂക്തങ്ങൾക്ക് ബാഹ്യാർത്ഥം മാത്രമല്ല ആന്തരീകവും ഗുപ്തവും തെളിഞ്ഞതുമായ സാരാംശങ്ങളുണ്ട്. ആ സൂക്തങ്ങളോരോന്നും സ്വർഗത്തിന്റെ ഓരോ കവാടമാണ്. അപ്രകാരം തന്നെ പ്രവാചക വചനങ്ങൾ കേൾക്കാനും സൂഫികൾക്കുള്ള ജിജ്ഞാസ സീമാതീതമാണ്. കാരണം പ്രവാചകൻ തന്നിഷ്ടപ്രകാരം ഒരക്ഷരം സംസാരിക്കുകയില്ല. വഹ് യ് മാത്രമാണവിടുന്ന് പ്രബോധനം ചെയ്യുന്നത് എന്ന് അവർക്കറിയാം. മാത്രമല്ല അല്ലാഹുവിന്റെയും റസൂൽ(സ്വ)തങ്ങളുടെയും വചനങ്ങളിലേക്ക് കാതുകൊടുക്കൽ പ്രപഞ്ച രഹസ്യങ്ങളുടെ കതകിൽ മുട്ടുന്നതിന് തുല്യമാണ്. തുടർച്ചയായും മുട്ടിക്കൊണ്ടിരിക്കുമ്പോൾ തീർച്ചായും രഹസ്യങ്ങളുടെ വാതിലുകൾ തുറക്കപ്പെടും. അനുഗ്രഹങ്ങൾ വർഷിക്കുകയും ചെയ്യും.
ആ വചനങ്ങളെ പറ്റി മനസ്സിലുരുവപ്പെടുന്ന വസ് വാസുകൾ(ദുർബോധനങ്ങൾ) താന്തോന്നിയായ നഫ്സിന്റെ ദുഷ്പ്രേരണയുടെ അഗ്നിയിൽ നിന്നുദ്ഭവിക്കുന്ന പുകയാണ്. പിശാച് ഹൃദയത്തിൽ ഊതിപ്പൊലിപ്പിക്കുന്ന അന്ധകാരമാണത്. ഇക്കാര്യം സൂഫികൾക്കറിയാം. ക്ഷണികമായ ഭൗതിക സുഖാസ്വാദനത്തിനുള്ള കാമനകൾ പ്രസ്തുത അഗ്നി ആളിക്കത്തിക്കാനുള്ള വിറകാകുന്നു. ആ വിറക് ദുഷ്പ്രേരണകളുടെ അഗ്നി പടർത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നു.
ഹൃദയത്തിന് കൂടുതൽ സങ്കുചിതത്വവും സങ്കോചവും വർദ്ധിക്കാൻ ഇതിടയാക്കി തീർക്കുന്നു. ഈ വസ്തുത ഗ്രഹിച്ച സൂഫികൾ ഭൗതിക സുഖങ്ങൾ ത്യജിക്കുകയും തങ്ങളുടെ നഫ്സിന്റെ ദുഷ്പ്രേരണാഗ്നി അണക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നു. ക്ഷണികമായ സുഖങ്ങളെന്ന വിറകൊരിക്കലും അവർ അതിലേക്ക് ഇട്ടുകൊടുക്കുകയില്ല.
ക്രമേണ ആ അഗ്നി കെട്ടടങ്ങുന്നു. മനസ്സ് വിസ്തൃതവും വിശാലവുമായി തീരുന്നു. അങ്ങനെ ആ ഹൃദയങ്ങൾ ജ്ഞാനത്തിന്റെ സ്രോതസ്സ് കണ്ടെത്തുകയും ജ്ഞാനസൂക്തങ്ങളിലേക്ക് ശ്രദ്ധയോടെ കാത് നൽകുകയും ചെയ്യുന്നു. മുശാഹദ സിദ്ധിക്കുന്ന അവർക്ക് ആ സൂക്തങ്ങളുടെ വാച്യാംശവും ഉൾസാരവും ഉൾക്കൊള്ളാൻ അനായാസം സാധിക്കുന്നു.
അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത്:
”ഈ ഖുർആനിൽ നിന്ന് ധാരാളം പാഠങ്ങളുൾക്കൊള്ളാനുണ്ട്. ഹൃദയമുള്ളവർക്ക്, അഥവാ ഹൃദയ സാന്നിദ്ധ്യത്തോടെ കാത് കൊടുക്കുന്നവർക്ക്.”
ഈ സൂക്തത്തെ വ്യാഖ്യാനിച്ച് ഇമാം ശിബ് ലി(റ) പറയുന്നത് ഇപ്രകാരമാണ്:
”ഹൃദയം അല്ലാഹുവിൽ കേന്ദ്രീകരിക്കുകയും ഒരു നിമിഷം പോലും അല്ലാഹു എന്ന വിചാരം ഹൃദയത്തിൽ നിന്ന് അകലാതിരിക്കുകയും ചെയ്യുന്നവർക്ക് ഖുർആനിൽ അന്തർലീനമായ നിരവധി പാഠങ്ങൾ ഉൾക്കൊള്ളാൻ സാധിക്കും.
ഇമാം യഹിയർറാസി(റ) പറയുന്നു:
”ഹൃദയങ്ങൾ രണ്ടു തരമുണ്ട്. ചിലരുടെ ഹൃദയങ്ങൾ ഭൗതിക ആസക്തികളിൽ ലയിച്ചിരിക്കും. അവർ പാരത്രിക കർമ്മങ്ങൾ പ്രവർത്തിക്കുമ്പോൾ തന്നെ തങ്ങളുടെ കർമ്മങ്ങളെ സംബന്ധിച്ച് അവർക്കോർമ്മയുണ്ടായിരിക്കുകയില്ല. കാരണം അവരുടെ ഹൃദയങ്ങളിൽ മുഴുവനായും ഭൗതിക കാര്യങ്ങൾ നിറഞ്ഞിരിക്കും. എന്നാൽ മറ്റ് ചിലരുടെ ഹൃദയങ്ങളാകട്ടെ പാരത്രിക ചിന്തകളാൽ മുഖരിതമായിരിക്കും. ഇതുമൂലം ഭൗതിക കാര്യങ്ങളെന്തെങ്കിലും പ്രവർത്തിക്കുമ്പോൾ തങ്ങളെന്താണ് ചെയ്യുന്നതെന്ന് പോലും അവർക്ക് ഓർമ്മയുണ്ടാവുകയില്ല. അവരുടെ ഹൃദയങ്ങൾ പരലോകത്തായിരിക്കും. ക്ഷണികമായ ഭൗതിക ചിന്തകളാൽ നിറഞ്ഞ പാത്രം എന്തുമാത്രം അധമമാണ്. ഓർത്തുനോക്കുക. ശാശ്വതമായ പാരത്രിക ചിന്തകളാൽ സജീവമായ അനുഗ്രഹീത ഹൃദയമുള്ളവർ എത്ര ഭാഗ്യവാന്മാരാണ്.
മുകളിലുദ്ധരിച്ച സൂക്തത്തിൽ ഹൃദയമുള്ളവർക്ക് എന്ന് പറഞ്ഞതിന്റെ പൊരുൾ ആരോഗ്യമുള്ള ഹൃദയമുള്ളവർക്ക് എന്നാണെന്ന് ചില ജ്ഞാനികൾ പറയുന്നു. സത്യനിഷേധം, അഹംങ്കാരം, ക്രോധം, അസൂയ, പക തുടങ്ങിയവയാണ് ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങൾ. ഈ രോഗങ്ങളിൽ നിന്ന് സുരക്ഷിതത്വം ലഭിച്ച ഹൃദയമുള്ളവർക്ക് ഖുർആൻ കേൾക്കാനും സംവേദനം ചെയ്യാനും അതിലെ അമൂല്യങ്ങളായ ആശയങ്ങൾ ഉൾക്കൊള്ളാനും സാധിക്കുമെന്നർത്ഥം.
ഇമാം ഹുസൈൻ ഇബ്നു മൻസൂർ(റ) ഇതിനെ വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്;
”ഏത് സ്ഥിതിയിലും അല്ലാഹു എന്ന ചിന്ത ഒഴിഞ്ഞു പോകാത്ത ഹൃദയമുള്ളവർക്ക് അത്തരം ഹൃദയങ്ങളിൽ ദിവ്യസൂക്തങ്ങളാകുന്ന മേഘങ്ങൾ തത്വജ്ഞാനങ്ങളുടെ പെരുമഴ ചൊരിഞ്ഞുകൊണ്ടേയിരിക്കും.
ഇബ്നു അത്താഅ്(റ) ആ ഹൃദയത്തെ വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്:
”ആദരവിന്റെ ദൃഷ്ടികൊണ്ട് ഉൺമയെ നിരീക്ഷിക്കുന്ന ഹൃദയം. ആ ഉൺമയിലേക്ക് ഉരുകിയൊഴുകുകയും അതല്ലാത്ത മറ്റെല്ലാത്തിൽ നിന്നും നിശ്ശേഷം കടപറിഞ്ഞു പോരുകയും ചെയ്ത ഹൃദയമാണത്.”
ഇമാം വാസ്വിതി(റ)യുടെ വ്യാഖ്യാനം ഇങ്ങനെ:
”ചില ജനവിഭാഗങ്ങൾക്ക് ഈ സൂക്തങ്ങളിൽ വിലമതിക്കാനാവാത്ത ജ്ഞാനരത്നങ്ങൾ ശേഖരിക്കാൻ സാധിക്കും. ഇതെല്ലാവർക്കും ലഭിക്കുന്ന സൗഭാഗ്യമല്ല. ഇവർക്ക് പ്രത്യേക തരം ഹൃദയങ്ങളുണ്ട്. ഇവരെയാണ് അല്ലാഹു ഖുർആനിൽ ”നിർജ്ജീവമായതിനുശേഷം നാം പുനരുജ്ജീവിപ്പിച്ചവർ” എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്.”
ഇമാം വാസിത്തി(റ) യുടെ വ്യാഖ്യാനം ഇപ്രകാരം തുടരുന്നു:
”മുശാഹദ ഉണ്ടാകുമ്പോൾ ഹൃദയം ആ പരമ സത്തയിൽ മുഴുകിപ്പോകുന്നു. ആ സത്തയുടെയും ഹൃദയത്തിന്റെയും ഇടയിൽ തിരശ്ശീല വീഴുമ്പോൾ മാത്രമാണ് സ്ഥലകാല ബോധമുണ്ടാകുന്നത്.”
എന്നാൽ ഇമാം വാസിത്തി(റ)യുടെ ഈ അഭിപ്രായം ഒരു വിഭാഗം സൂഫികളെ സംബന്ധിച്ച് മാത്രമേ സാധൂകരിക്കപ്പെടുന്നുള്ളൂ. മറ്റൊരു വിഭാഗത്തെ സംബന്ധിച്ച് മുശാഹദയുണ്ടാകുമ്പോഴും അവർക്ക് സ്ഥലകാല ബോധം വിനഷ്ടമാവുകയില്ല. മുശാഹദ അനുഭവിക്കുന്നതോടൊപ്പം തന്നെ ചുറ്റും നടക്കുന്ന കാര്യങ്ങൾ ഗ്രഹിക്കാനും അവർക്ക് സാധിക്കും. തസ്വവ്വുഫിൽ പദവിയിലെത്തിയ(ബഖാഅ്) ഇരുത്തം വന്നവരാണിവർ. ഈ മഹാത്മാക്കൾ മുശാഹദ ആസ്വാദിക്കുന്നത് ഹൃദയനേത്രങ്ങൾ കൊണ്ടാണ്. അതേ സമയം ചുറ്റും നടക്കുന്ന കാര്യങ്ങൾ ഗ്രഹിക്കുന്നത് ഹൃദയത്തിന്റെ കാതുകൊണ്ടുമാണ്. ഹൃദയത്തിന്റെ കണ്ണിനു ചില പ്രത്യേകളുള്ളതുപോലെ ഹൃദയത്തിന്റെ കാതിനുമുണ്ട് പ്രത്യേകതകൾ. ഈ അത്യുന്നതാവസ്ഥ പ്രാപിക്കാത്ത ഉന്മാദികളുടെ ഹൃദയത്തിന് കണ്ണും കാതും അവ രണ്ടും ഒരേ സമയത്ത് പ്രവർത്തിക്കുകയില്ല. കണ്ണു പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ കാതിന്റെ പ്രവർത്തനം അതിൽ നിലീനമാണെന്നതാണ് ഇതിന് കാരണം. അതാണ് മുശാഹദയുണ്ടാകുന്ന ഘട്ടത്തിൽ അവർക്ക് ചുറ്റുപാടുകളിലുള്ളതൊന്നും ഗ്രഹിക്കാൻ സാധിക്കുകയില്ലെന്ന് പറഞ്ഞത്. ഇവർ തങ്ങൾക്ക് ലഭിക്കുന്ന പരമാനന്ദകരമായ ദർശനാനുഭവത്തിന്റെ ലഹരിയിൽ ഉന്മത്തരായി സ്ഥലകാല ബോധമില്ലാതെ നടക്കുന്നതുകാണാം. ഈ ഉന്മാദത്തിൽ നിന്ന് തെളിഞ്ഞവരാണ് നേരത്തെ പറഞ്ഞവർ. അവർക്ക് തങ്ങളുടെ അവസ്ഥഭേദങ്ങളുടെ മസ്തിഷ്കം പിടിയിലൊതുങ്ങിയിരിക്കും. മാത്രമല്ല ഒരേ സമയത്ത് ഇത് രണ്ടും ആസ്വദിക്കാനും ഗ്രഹിക്കാനുമുള്ള ആറാമിന്ദ്രിയം അവർക്ക് ലഭിക്കുകയും ചെയ്തിരിക്കും. ഹൃദയത്തിന്റെ കണ്ണും കാതും ഒരേ സമയത്ത് പ്രവർത്തിക്കാനുള്ള കഴിവിനെയാണിവിടെ ആറാമിന്ദ്രിയമെന്ന് പറയുന്നത്. ഉന്മാദികളുടെ അവസ്ഥ വിട്ടുയർന്ന് ലഹരി നീങ്ങിയ ഘട്ടമാണിത്. ഈ അവസ്ഥ പ്രാപിച്ചവർക്ക് മുശാഹദയുടെ പ്രകാശമേൽക്കുമ്പോൾ ഹൃദയത്തിന്റെ കണ്ണ് മങ്ങുകയില്ല. ഇവർ സ്വയം ഇല്ലാതായ(ഫനാ) അവസ്ഥയിൽ നിന്നും നിത്യാസത്യാവസ്ഥ(ബഖാഅ്) പ്രാപിച്ചതുകൊണ്ടാണിത്.
തുടരും: