അവാരിഫുൽ മആരിഫ്: അദ്ധ്യായം: 4
ഇമാം ശിഹാബുദ്ദീൻ സുഹ്റവർദി(റ):
ആന്തരീക മാലിന്യങ്ങളായ അഹങ്കാരം, അസൂയ, ലോകമാന്യത പോലുള്ള ദൂഷ്യങ്ങളിൽ നിന്ന് അകം ശുദ്ധമാക്കി ഹൃദയത്തെ പ്രകാശപൂർണ്ണമാക്കാനുള്ള സൂഫീ മാർഗങ്ങൾ തിരുചര്യയെ മുൻനിറുത്തി അവലോകം ചെയ്യുന്നു.
അനസുബിൻ മാലിക് (റ) റിപ്പോർട്ടു ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ(സ) എന്നോടരുളി: കുഞ്ഞുമകനേ, പ്രഭാതത്തിലും പ്രദോഷത്തിലും ആരോടും വഞ്ചന മനസ്സിലില്ലാതിരിക്കാൻ നിനക്കു സാധിക്കുമെങ്കിൽ അങ്ങിനെ ജീവിക്കുക. അതാണെന്റെ ചര്യ. എന്റെ ചര്യ സജീവമാക്കുന്നവ നാരോ, അവൻ എന്നെ പുനർ ജീവിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നെ പുനർ ജീവിപ്പിക്കുന്നവൻ സ്വർഗ്ഗത്തിൽ എന്നോടൊപ്പമായിരിക്കും.
നബിതിരുനബി(സ്വ) തങ്ങളുടെ ചര്യ (സുന്നത്ത്) മുറുകെപ്പിടിക്കുന്നവർക്കുള്ള മാഹാത്മ്യമാണിത്. ഈ മാഹാത്മ്യമാണ് സൂഫികളുടെ വിജയ രഹസ്യം. അവരുടെ ഹൃദയങ്ങൾ നിർമ്മലമാണ്. വഞ്ചന, അസൂയ എന്നിത്യാദി മാലിന്യങ്ങൾ മനസ്സിൽ നിന്നു കഴുകിക്കളയലാണു അവരുടെ മാർഗത്തിന്റെ അടിത്തറ. അവിടെയാണവരുടെ മഹത്വത്തിന്റെ മൂലക്കല്ല് സ്ഥിതിചെയ്യുന്നത്. ഭൗതിക സുഖങ്ങളെ ത്യജിച്ചതു കൊണ്ടും, ദുനിയാവിനെ തല്പരകക്ഷികൾക്ക് ഒഴിഞ്ഞു കൊടുത്തതു കൊണ്ടുമാണവർ ഇതു സാധിച്ചെടുക്കുന്നത്. എല്ലാ ചതിയുടെയും അസൂയയുടെയും വേരുകൾ സ്ഥിതിചെയ്യുന്നത് ദുനിയാവിനോടുള്ള സ്നേഹത്തിലും സ്ഥാനമാനങ്ങൾക്കുവേണ്ടിയുള്ള ആർത്തിയൊടുങ്ങാത്ത തേട്ടത്തിലുമാണല്ലോ? സൂഫികൾക്കിതൊന്നുമില്ല. ഒരു ജ്ഞാനി പറയുന്നു:
“സ്വന്തം ആത്മാവു കൊണ്ട് മാലിന്യം തൂത്തുവാരി വൃത്തിയാക്കാൻ തയ്യാറുള്ളവർക്കേ സൂഫിസം വിധിച്ചിട്ടുള്ളു.“
വഞ്ചനക്കും അസൂയക്കും സ്ഥാനമാന തൃഷ്ണക്കും അവിടെ സ്ഥാനമുണ്ടാകുന്നതെങ്ങിനെ? തന്റെ ആത്മാവിനെ അഴുക്കുകൾ തൂത്തുവാരാനുള്ള ചൂലായി ഉപയോഗിക്കുന്ന സൂഫി വിനയത്തിന്റെ പ്രതിരൂപമായിരിക്കും. തന്റെ ശരീരത്തിന്നു ഇതരന്മാരേക്കാൾ വല്ല മഹത്വവുമുള്ളതായി സൂഫി ഗണിക്കുകയില്ല. ദുർവികാരങ്ങളുടെ കവാടം അടഞ്ഞു പോകുന്നതു അങ്ങിനെയാണ്.
നമ്മുടെ സഹജീവിയായ ഒരു സൂഫി പറയുന്നു: “നേരത്തെപ്പറഞ്ഞ സൂഫി സൂക്തത്തിലെ “കുപ്പ’ എന്ന ശബ്ദം കൊണ്ടുദ്ദേശം സൂഫിയുടെ ശരീരം തന്നെയാണ്. ആത്മാവിനെ ചൂലിനോടും, ശരീരത്തെ കുപ്പയോടും ഉപമിച്ചിരിക്കുന്നു. എല്ലാ മാലിന്യങ്ങളുടെയും താവളമാണല്ലോ ശരീരം. സൂഫിയുടെ ആത്മാവാകട്ടെ അല്ലാഹുവുമായുള്ള സാമീപ്യത്താൽ തിളങ്ങുന്നതുമാണ്. ആ പ്രഭാപ്രസരം ശരീരത്തിലേക്ക് സംക്രമിക്കുമ്പോൾ ശരീരത്തിലെ ഇരുട്ടുകൾ നീങ്ങുന്നു. ചതി, അസൂയ, അഹന്ത, ശത്രുത, ധനമോഹം, കോപം തുടങ്ങിയ ചപ്പുചവറുകൾ സൂഫി തൂത്തു മാറ്റുന്നു.
സ്വർഗ്ഗവാസികളെ വിശേഷിപ്പിച്ചു കൊണ്ടു ഖുർആൻ പറയുന്നു. അവർ സഹോദരരെന്ന നിലയിൽ നാം അവരുടെ നെഞ്ചുകളിലുള്ള വഞ്ചനകളെല്ലാം ഊരിക്കളഞ്ഞു കട്ടിലുകളിൽ അവർ മുഖാമുഖം ഇരിക്കുന്നു.
അബൂഹഫ്സ്(റ) ചോദിക്കുന്നു;
“അവരുടെ നെഞ്ചുകളിൽ വഞ്ചനകളെങ്ങിനെ ബാക്കിയാകും? അല്ലാഹുവിനോടുള്ള പ്രേമത്തിൽ അവർ യോജിച്ചിരിക്കുന്നു. അവന്റെ ദിക്റിൽ ആനന്ദം കണ്ടെത്തിയിരിക്കുന്നു. നിർവൃതി പൂണ്ടിരിക്കുന്നു. ശരീരത്തിന്റെ ചേറുകളിൽ നിന്നും സംശുദ്ധമായ ഹൃദയങ്ങളാണത്. പ്രാകൃതമായ അന്ധകാരങ്ങളകന്ന മനസ്സുകൾ. പ്രേമത്തിന്റെ പ്രഭയാൽ സുറുമയിട്ട മസ്തിഷ്കങ്ങൾ.“
തിരുനബി(സ്വ) തങ്ങളുടെ ചര്യകൾ ജീവിതത്തിൽ മനസാ-വാചാ-കർമ്മണാ പകർത്താൻ തടസ്സമായി നിൽക്കുന്നതു ശരീരത്തിലെ(നഫ്സിലെ) കാറും ചേറുമാണ്. അതു നീങ്ങിക്കഴിഞ്ഞാൽ പ്രവാചകചര്യകളെ അനുഗമിയ്ക്കൽ ആനന്ദകരമായി മാറുന്നു. അതോടെ അല്ലാഹുവിന്റെ സ്നേഹ പാത്രമായിത്തീരുകയും, സ്നേഹത്തിന്റെ ഉറവിടവും കേദാരവും കണ്ടെത്താൻ സാധിക്കുകയും ചെയ്യുന്നു. തന്നിഷ്ടത്തിന്റെ പ്രേമമല്ല. സാക്ഷാൽ പ്രേമം അല്ലാഹു ഖുർആനിൽ അരുളുന്നു: “നബിയേ പറയുക: നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ പിൻ പറ്റുവിൻ. അല്ലാഹു നിങ്ങളെ സ്നേഹിക്കും.“
തിരുനബി(സ്വ)യെ പിൻ പറ്റുന്നതു അല്ലാഹുവിന്റെ സ്നേഹത്തിന്നു പാത്രീഭവിച്ചതിന്റെ ലക്ഷണമാണെന്നു ഇതിൽ നിന്നു വ്യക്തമാണല്ലോ. മുത്തുനബി(സ) യെ പിൻപറ്റുന്നതിന്നു അല്ലാഹു വാഗ്ദാനം ചെയ്ത പ്രതിഫലം തന്റെ പ്രേമമാണ്. സ്വർഗ്ഗത്തെക്കാൾ വലിയ പ്രതിഫലം. അപ്പോൾ നബി(സ) യെ പിൻപറ്റിയ ഭാഗ്യവാന്ന് അല്ലാഹുവിന്റെ പ്രേമത്തിന്നു പാത്രമാകലെന്ന മഹാഭാഗ്യവും ലഭിക്കുന്നു. ഇരട്ട സൗഭാഗ്യം. ഇതു സിദ്ധിച്ച വിഭാഗമാകുന്നു സൂഫികൾ. തിരുനബി(സ) എന്തൊന്നു കല്പിച്ചുവോ, അതവർ ശിരസാ വഹിക്കുന്നു. അവിടുന്നു എന്തൊന്നു നിരോധിച്ചുവോ, അതവർ പാടെ വർജ്ജിക്കുന്നു. ഖുർആൻ കൽപിക്കുന്നു: “റസൂൽ കൊണ്ടു വന്നതു കൈകൊള്ളുക. റസൂൽ നിരോധിച്ചതു വർജ്ജിക്കുക.”
അങ്ങിനെ കഠിനാദ്ധ്വാനം, ലോകം സുഖസുഷുപ്തിയിൽ ലയിച്ചു കിടക്കുമ്പോൾ നിദ്രയോടു വിട പറഞ്ഞു കൊണ്ടുള്ള നിസ്കാരം, സുന്നത്തു നോമ്പുകൾ എന്നിത്യാദി സുകൃതങ്ങളിൽ അവർ മുഴുകുന്നു. ലജ്ജ, നിഷ്കളങ്കത, നിസ്വാർത്ഥത, സഹനം, ദയ, കാരുണ്യം, സദുപദേശം, വിനയം, സ്നേഹം എന്നിത്യാദി സദ്ഗുണങ്ങളുടെ കേദാരമായി അവർ മാറുന്നു. ദൈവഭയം, അച്ചടക്കം, അന്തസ്സായ പെരുമാറ്റം, വന്ദനം, സംതൃപ്തി, ഭൗതിക സുഖത്യാഗം, ആത്മാർപ്പണം, അല്ലാഹുവിൽ ഭാരമേല്പിക്കൽ എന്നിത്യാദി കാര്യങ്ങളിൽ അവർ മാതൃകകളായി മാറുന്നു. അങ്ങിനെ പ്രവാചക ചര്യകളെ മനസാ-വാചാ-കർമ്മണാ, അവർ അനുകരിക്കുന്നു, കഴിവിന്റെ പരമാവധി.
അബ്ദുൽ വാഹിദിബിൻ സൈദ്(റ) നോടു ഒരാൾ ചോദിച്ചു: “ആരാണ് സുഫി?” അദ്ദേഹം പ്രതിവചിച്ചു: “ബുദ്ധി കൊണ്ടു തിരുനബി(സ)യുടെ ചര്യ മനസ്സിലാക്കുകയും, ഹൃദയം കൊണ്ടു ആ ചര്യകളെ പ്രദക്ഷിണം ചെയ്യുകയും, തിരുനബി(സ)യെ മുറുകെപ്പുണർന്ന് സ്വന്തം ശരീരത്തിന്റെ കാറു നീക്കുകയും ചെയ്യുന്നവൻ, അവനാണ് സൂഫി.”
ഇതാണ് സൂഫിയുടെ സമ്പൂർണ്ണമായ നിർവ്വചനം. സ്രഷ്ടാവിനെ സമ്പൂർണ്ണമായി ആശ്രയിക്കുകയായിരുന്നു തിരുനബി(സ) ചെയ്തിരുന്നത്.
അവിടത്തെ പ്രാർത്ഥന ശ്രദ്ധിക്കുക: “തമ്പുരാനേ, എന്നെ നീ ഒരു നിമിഷം പോലും എന്റെ ശരീരത്തെ ഏൽപിക്കരുതേ, ശിശുവിനെയെന്ന പോലെ എന്നെ നീ സംരക്ഷിക്കേണമേ!”
ഈ സമ്പൂർണ്ണമായ ആശ്രയവും അഭയം പ്രാപിക്കലുമാണ് സൂഫിയുടെ മുഖമുദ്ര. ഉള്ളിൽ മഅരിഫത്തു നിറയുകയും, ഹൃദയം വിശ്വാസദാർഢ്യത്താൽ പ്രഭാപൂരിതമാവുകയും, മനസ്സ് സ്രഷ്ടാവിന്റെ സിംഹാസനമായിത്തീരുകയും ചെയ്യുമ്പോൾ ഈ സ്വഭാവം പൂർണ്ണത പ്രാപിക്കുന്നു. അന്തരാളം ദർശനത്താൽ(മുശാഹദ) ആനന്ദതുന്ദിലമാകുമ്പോൾ ഈ സദ്ഗുണങ്ങളുടെ പ്രതീകമായി സൂഫിമാറുന്നു. അതോടൊപ്പം തന്നെ സ്വന്തം നഫ്സിനെ സൂഫി ഒരിക്കലും വിശ്വസിക്കുകയില്ല. കാരണം എല്ലാ ദുർഗ്ഗണങ്ങളുടെയും താവളമാണ് നഫ്സ്. അവിടെ ഒരു തീപ്പൊരി കെടാതെ കിടന്നാൽ മതി എല്ലാം ഭസ്മമാക്കാൻ. അതിനാൽ നഫ്സിന്നെതിരിൽ സൂഫി ജാഗരൂകനായിരിക്കും. ഏതു നിമിഷത്തിലും കെട്ടടങ്ങിയ തീ ജ്വാലകൾ ആളിക്കത്താം. ഉറങ്ങിക്കിടക്കുന്ന ക്രൂര സത്വങ്ങൾ പിടഞ്ഞെഴുന്നേൽക്കാം. ജാഗ്രത പുലർത്തിയില്ലെങ്കിൽ അപകടമാണെന്നു സൂഫി ക്കറിയാം. അല്ലാഹു ഇതിനെപ്പറ്റി സൂഫികൾക്ക് ദർശനം നൽകുന്നു. പ്രവാചകന്നു നൽകിയിരുന്ന ദർശനങ്ങൾ! നഫ്സിന്റെ ചതികളെപ്പറ്റിയുള്ള താക്കീതുകൾ! നഫ്സിന്നെതിരിൽ എപ്പോഴും അല്ലാഹുവിനോടു സൂഫി സഹായം തേടുന്നു. അഭയത്തിന്നു പ്രാർത്ഥിക്കുന്നു. നഫ്സിനെ ഒരു ചമ്മട്ടിയാക്കി വെച്ചിരിക്കുകയാണല്ലാഹു. ആ ചമ്മട്ടിയുടെ പ്രഹരത്തെ ഭയന്നു സൂഫി അതിവേഗം മുന്നോട്ടു ഓടുന്നു. അല്ലാഹുവിലേക്കുള്ള ഓട്ടം. “മഅ്രിഫത്തിലേക്കുള്ള പാലായനം. ആ പ്രഹരമേൽക്കാതിരിക്കാനുള്ള ഓട്ടം ഒരനുഗ്രഹമായിത്തീരുന്നു. അതിവേഗം സായൂജ്യത്തിലെത്തുന്നു. നേരെമറിച്ചു ആ ചമ്മട്ടിയെപ്പറ്റി ശ്രദ്ധയോ ഭയമോ ഇല്ലാത്തവർ അതിന്റെ ഭയങ്കരമായ പ്രഹരങ്ങളേറ്റു രണാങ്കണത്തിൽ തളർന്നു വീഴുന്നു. അവർക്ക് പിന്നെ ഒരിക്കലും ലക്ഷ്യത്തിലെത്താൻ സാധ്യമല്ല. ഇതു കൊണ്ടാണ് സൂഫികൾക്ക് നഫ്സിനെപ്പറ്റി ഇത്ര ജാഗ്രത. ഒരു നിമിഷം പോലും അവർ അതിനെപ്പറ്റി അശ്രദ്ധരാവുകയില്ല. റബ്ബിനെ പറ്റി ഒരു നിമിഷവും അശ്രദ്ധരാകാത്തതു പോലത്തന്നെ. നഫ്സിന്റെ ചതിയെപ്പറ്റി അറി യാത്തവന്ന് സായൂജ്യം ലഭിക്കുകയില്ല. നബി(സ) അരുളുന്നു.
“വല്ലവനും സ്വന്തം നഫ്സിനെ സൂക്ഷ്മമായി അറിഞ്ഞാൽ തന്റെ റബ്ബിനെയും അവൻ അറിഞ്ഞു.“
പകലിനെ അറിഞ്ഞാലേ രാത്രിയെ മനസ്സിലാക്കാൻ പറ്റുകയുള്ളൂ. അതു പോലെയാണിതും. നഫ്സിനെ മനസ്സിലാക്കുമ്പോഴേ റബ്ബിനെ മനസ്സിലാക്കാൻ കഴിയൂ. നഫ്സിനെപ്പറ്റിയും റബ്ബിനെപ്പറ്റിയും അറിയലാണു “മഅ്രിഫത്തു’, അതാണു ഹഖീഖിയായ ജ്ഞാനം. സ്വന്തം നഫ്സിനെ അറിയുന്നതോടെ എല്ലാ ലോകങ്ങളെപ്പറ്റിയും അറിയുന്നു. എല്ലാ ലോകങ്ങളും നിന്നിൽ പ്രവർത്തിക്കുന്നുണ്ട്. പിന്നെ സ്രഷ്ടാവിനെ കണ്ടെത്താൻ പ്രയാസം വരില്ല. അതു തന്നെയാണ് മഅ് രിഫത്ത്. പരമാനന്ദം!
പ്രവാചകചര്യകൾ മുറുകെപ്പിടിക്കുന്ന സൂഫികൾക്ക് മാത്രം ലഭ്യമാകുന്ന സൗഭാഗ്യമാണിത്. ഉൺമയിൽ ലയിക്കുകയും ആനന്ദം കണ്ടെത്തുകയും ചെയ്യാനുള്ള സൗഭാഗ്യമാണിത്. ആത്മാവ് ഈ നിർവൃതിയിൽ മുഴുകുമ്പോൾ ഹൃദയ നേത്രങ്ങൾ ഉൺമയിൽ കേന്ദ്രീകൃതമാകുന്നു. അപ്പോൾ ക്ഷണികമായ വിഹിതങ്ങൾ ത്യജിക്കുന്നു. അല്ലാഹുവിന്റെ രക്ഷാവലയത്തിൽ ആനന്ദം കൊള്ളുന്ന അവസ്ഥ. നിന്റെ കാറും ചേറും മുഴുവൻ നീങ്ങിയ സംശുദ്ധ പദവി. ഇതാണ് സൂഫിയുടെ പൂർണ്ണത.
ഇതിന്ന് സൂഫികൾക്ക് രണ്ടു പാതകളുണ്ട്. അതിലേക്ക് ഖുർആൻ വിരൽ ചൂണ്ടിയതിങ്ങിനെയാണ്: “അല്ലാഹു തനിക്കിഷ്ടമുള്ളവരെ തന്നിലേക്കു തെരഞ്ഞെടുക്കുന്നു. ഖേദിച്ചു മടങ്ങുന്നവർക്ക് അല്ലാഹു തന്നിലേക്കു വഴി കാണിച്ചു കൊടുക്കുകയും ചെയ്യുന്നു.“
ഈ ഖുർആൻ സൂക്തം പ്രസ്തുത രണ്ടു പാതകളെയും ഉൾക്കൊണ്ടിരിക്കുന്നു. അല്ലാഹു താൻ ഇച്ഛിക്കുന്നവരെ തന്റെ സമീപസ്ഥരായി തെരഞ്ഞ ടുക്കുന്ന പാതയാണ് ഒന്ന്.
പാപങ്ങളിൽ നിന്നു ഖേദിച്ചു മടങ്ങി അദ്ധ്വാനിച്ച് മുന്നേറുന്നവർക്ക് അല്ലാഹു മാർഗ്ഗദർശനം നൽകുന്ന പാതയാണ് മറ്റൊന്ന്. ആദ്യത്തെ വിഭാഗം ദർശനം ലഭിച്ചശേഷമാണദ്ധ്വാനത്തിൽ മുഴുകുന്നത്. രണ്ടാമത്തെ വിഭാഗം അദ്ധ്വാനം കൊണ്ടു ദർശനം നേടിയെടുക്കുന്നു. ആദ്യത്തെ വിഭാഗത്തെ അല്ലാഹു പ്രത്യേകമായി തെരഞ്ഞെടുക്കുകയാണ്. രണ്ടാമത്തെ വിഭാഗം അദ്ധ്വാനിച്ചു മുന്നേറുമ്പോൾ അനുഗ്രഹത്തിനു പാത്രീഭവിച്ചവരാണ്. രണ്ടും അല്ലാഹുവിന്റെ വിധിയും അനുഗ്രഹവും തന്നെ. പക്ഷേ ഒന്നാമത്തെ വിഭാഗത്തിന്റെ ഉയർച്ചക്കു അദ്ധ്വാനം കാരണമായിട്ടില്ല. അവരെ അല്ലാഹു നേരിട്ടു തെരഞ്ഞടുത്തു, തന്റെ പ്രേമഭാജനങ്ങളാക്കി. ഇതിന്റെ പിന്നിലുള്ള യുക്തി പഞ്ചേന്ദ്രിയങ്ങൾക്കതീതമാണ്. നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ പൂർണ്ണതയിലെത്തിയിട്ടില്ലല്ലോ. സമ്പൂർണ്ണയുക്തിയുടെ ഉടമ സാക്ഷാൽ ഉൺമയാണ്. ആ ഉൺമയാണു ഈ തെരഞ്ഞെടുപ്പു നടത്തുന്നത്. അതിൽ യുക്തി രാഹിത്യം ശകലവും ഉണ്ടാവുകയില്ലെന്ന കാര്യം തീർച്ചയാണ്. പ്രപഞ്ചലോകങ്ങളിലെ കേവലം ഒരു കൃമിയായ മനുഷ്യന്റെ യുക്തിക്കു ആ സമ്പൂർണ്ണ യുക്തിയുടെ മുമ്പിൽ എന്തു വില! അല്ലാഹു തന്റെ സൃഷ്ടികളിൽ പലരേയും ഇങ്ങിനെ പ്രത്യേകം തെര ഞെഞ്ഞെടുക്കാറുണ്ട്. മലക്കുകൾ അതിന്നു ഉദാഹരണമാണ്.
ഇങ്ങിനെ അല്ലാഹു പ്രത്യേകമായി തെരഞ്ഞെടുക്കുന്ന സൂഫികൾക്ക് അത്യദ്ധ്വാനം ചെയ്ത് ഇബാദത്തു ചെയ്യുന്നതിൽ ആനന്ദവും നിർവൃതിയും അനുഭവപ്പെടുന്നു. ഇബാദത്തു അവരുടെ കണ്ണിനു കുളിരും കരളിന്നു പുളകവും ആയിത്തീരുന്നു. അവർക്ക് ദർശനം ലഭിച്ച ശേഷമാണ് അവസ്ഥയുണ്ടാകുന്നത്.
മൂസാനബി(അ) യോടു എതിർക്കാൻ ഫീർഔൻ കൊണ്ടു വന്ന ജാലവിദ്യക്കാർക്കിങ്ങിനെ പെട്ടെന്നാണ് ദർശനം ലഭിച്ചത്. അവരെ അല്ലാഹു തന്റെ സമീപസ്ഥരായി തെരഞ്ഞെടുത്തതു കൊണ്ടാണിങ്ങിനെ സംഭവിച്ചത്. തന്മൂലം അവർ ഫിർഔന്റെ പക്ഷത്തു നിന്നു പെട്ടെന്നു മൂസാനബി(അ) യുടെ പക്ഷത്തേക്കു മാറി. മിഥ്യകൾക്കപ്പുറത്തെ സത്യം അല്ലാഹു അവർക്കു കാണിച്ചു കൊടുത്തു. അവർ താക്കീതു നൽകിയ ഫിർഔനോടവർ പറഞ്ഞു: “ഞങ്ങൾക്കു ദൃഷ്ടാന്തങ്ങൾ ലഭിച്ചു കഴിഞ്ഞു. ഇനി നിന്റെ ശിക്ഷ ഞങ്ങൾക്കു പേടിയില്ല.“
ഫിർഔന്റെ കഠിന ശിക്ഷ അവർ ഭയക്കുന്നില്ല. മരണശിക്ഷ സസന്തോഷം ഏറ്റുവാങ്ങുകയാണവർ ചെയ്തത്. മിഥ്യകൾക്കപ്പുറത്തെ സത്യം അല്ലാഹു അവർക്കു കാണിച്ചു കൊടുത്തതു കൊണ്ടാണിങ്ങിനെ സംഭവിച്ചത്.
ജഅ്ഫർ സാദിഖ്(റ) പറയുന്നു: “അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ കാറ്റ് അവരെ തലോടിയപ്പോൾ അവർ സഷ്ടാംഗ പ്രണാമം ചെയ്തു. അല്ലാഹു വിന്നു കൃതജ്ഞത പ്രകടിപ്പിച്ചു. ലോക രക്ഷിതാവിൽ ഞങ്ങളിതാ വിശ്വസിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അബൂസഈദുൽ ഖസ്സാർ (റ) പറയുന്നു: അല്ലാഹു തന്റെ അനുഗ്രഹത്തിന് പ്രത്യേകം തെരഞ്ഞെടുക്കുന്ന വ്യക്തികളുടെ ചലനങ്ങളെല്ലാം ഇബാദത്തായി മാറുന്നു. ഖിദുമത്തും അവർക്ക് സന്തോഷകരമായിത്തീരുന്നു. ദിക്റിലും, അല്ലാഹുവുമായി അടുത്ത മുനാജാത്തിലും അവർ നിർവൃതിയടയുന്നു.“
അദ്ദേഹം തുടരുന്നു: “അല്ലാഹു തന്റെ സാമീപ്യത്തിന്നായി പ്രത്യേകം തെരഞെഞ്ഞെടുക്കുന്ന വ്യക്തികൾ ഉന്നത പദവികൾക്കു പാത്രീഭവിക്കുന്നു. അത്തരക്കാരുടെ ഓരോ ചലനങ്ങളിലും അല്ലാഹുവിന്റെ സഹായം ലഭിക്കുന്നു. ചിന്തയോ മറ്റു ദൃഷ്ടാന്തങ്ങളോ അവർക്കാവശ്യം വരുന്നില്ല.
എന്നാൽ ഇവിടെ ചിലർക്കൊരു തെറ്റിദ്ധാരണ കുടുങ്ങിയിട്ടുണ്ട്. ചില ശൈഖുമാരിൽ സുന്നത്തായ ഇബാദത്തുകൾ കുറഞ്ഞുകാണുമ്പോഴാണ് ഇവർക്ക് തെറ്റിദ്ധാരണയുണ്ടാകാറ് എന്നും അവരുടെ ചര്യ അങ്ങിനെയായിരുന്നുവെന്നാണ് ഇവരുടെ ധാരണ. എന്നാൽ വസ്തുത അതല്ല. ദർശനം ലഭിച്ച ശേഷം കഠിനാദ്ധ്വാനം ചെയ്ത് ഉന്നത പദവിയിലെത്തുന്നതു വരെ ആ ശൈഖുമാർ ധാരാളം സുന്നത്തുകളിൽ വ്യാപൃതരായി ജീവിച്ചവരായിരിക്കും. ഇങ്ങിനെ ദീർഘകാലത്തെ കഠിനാദ്ധ്വാനത്തിന്നു ശേഷമാകാം അവരിൽ സുന്നത്തായ ഇബാദത്തുകൾ കുറഞ്ഞത്. ചൈതന്യം കരുത്താർജ്ജിച്ച ശേഷമാകാം അത്. എന്നാലും ഇങ്ങിനെ ഇബാദത്തുകൾ കുറഞ്ഞു പോകുന്നത് ഒരപൂർണ്ണതയാണ്. അല്ലാഹു തന്റെ സാമീപ്യത്തിന്നു പ്രത്യേകമായി തെരഞ്ഞെടുത്ത വ്യക്തി എന്നും ഇബാദത്തിൽ ആനന്ദവും നിർവൃതിയും അനുഭവിക്കുന്നതാണ് പൂർണ്ണത. ഇബാദത്തു കുറഞ്ഞു പോയാൽ അതിന്റേതായ അപൂർണ്ണതയും വിടവും കാണും. അവർ പരോക്ഷമായ ഇബാദത്തിലാണെങ്കിലും, ഒരേ സമയം പ്രത്യക്ഷമായും പരോക്ഷമായും ഇബാദത്തിൽ മുഴുകുന്നവരുടെ പൂർണ്ണത അവർക്കില്ല.
തുടരും