അവാരിഫുൽ മആരിഫ്:
ഇമാം ശിഹാബുദ്ദീൻ സുഹ്റവർദി(റ):
അദ്ധ്യായം: 6:
സൂഫി എന്ന പദത്തിന്റെ ഉൽപത്തിയും ഉള്ളടക്കവും പ്രയോഗവും അവലോകനം ചെയ്യുന്ന അവാരിഫുൽ മആരിഫിൽ നിന്നുള്ള ഭാഗം.
സൽക്കർമ്മങ്ങളും, ഉന്നതപദവികളും, ലക്ഷ്യം നേടാനുള്ള ദൃഢനിശ്ചയവും കരുത്തുറ്റ സത്യവിശ്വാസവും കൈമുതലായുള്ള മഹാത്മാക്കളായിരുന്നു അവർ. ഭൗതിക സുഖങ്ങളും, അതിനോടുള്ള പ്രേമവും സൂഫികൾ ത്യജിച്ചു. സ്വന്തമായി ഇബാദത്തിൽ മുഴുകാൻ അവർ പർണ്ണശാലകൾ നിർമ്മിച്ചു. ചിലപ്പോൾ അവർ ഖാൻഖാഹുകളിൽ ഒന്നിച്ചു താമസിച്ചു. ചിലപ്പോൾ ഏകാന്തവാസമനുഷ്ഠിച്ചു. സുഫ്ഫത്തുകാരെ അവർ അനുകരിച്ചു. കാര്യകാരണ ബന്ധവ്യവസ്ഥകളെ അവഗണിച്ച്, തങ്ങളുടെ വേരുകളെല്ലാം പിഴുതെടുത്ത് അവർ അല്ലാഹുവിങ്കലേക്ക് കട പറിഞ്ഞു വീണു. സ്വയം ഒരു പറിച്ചുനടലിന്നവർ വിധേയരായി. അപ്പോൾ ഉന്നത പദവികളുടെ തേൻകനികൾ അവരാസ്വദിച്ചു. തെളിഞ്ഞ സ്രോതസ്സുകൾ അവർ കണ്ടെത്തി. അവർക്ക് പുതിയൊരു നാവും, പുതിയൊരു വെളിച്ചവും ലഭിച്ചു. അവരുടെ വിശ്വാസം പൂത്തു കായ്ച്ചു.
അനസ്(റ) റിപ്പോർട്ടു ചെയ്യുന്നു: “നബിതിരുമേനി(സ) അടിമകളുടെ ക്ഷണം സ്വീകരിക്കുകയും, കഴുതപ്പുറത്തു യാത്ര ചെയ്യുകയും, രോമവസ്ത്രങ്ങൾ ധരിക്കുകയും ചെയ്തിരുന്നു.“
സൂഫി എന്ന ശബ്ദത്തിന്ന് രോമവസ്ത്രം എന്നർത്ഥം. സൂഫികൾ മിക്കവാറും രോമത്തിന്റെ പരുക്കൻ വസ്ത്രങ്ങൾ ധരിക്കുന്നതുകൊണ്ടാണ് അവർക്ക് സൂഫി എന്ന സംജ്ഞ ലഭിച്ചത്. പ്രവാചകന്മാരുടെ വേഷം ഇതായിരുന്നുവത്രെ. തിരുനബി(സ) മൊഴിയുന്നു:
“റൗഹായിലുള്ള പാറക്കരികിലൂടെ എഴുപതു പ്രവാചകന്മാർ സഞ്ചരിച്ചിട്ടുണ്ട്. അവർ കഅ്ബയിലേക്കു പോവുകയായിരുന്നു. അവർ നഗ്നപാദരും കരിമ്പടം ധരിച്ചവരുമായിരുന്നു.“
മറ്റൊരു റിപ്പോർട്ടിൽ പറയുന്നു. “ഈസാനബി(അ) രോമവസ്ത്രമാണ് ധരിച്ചിരുന്നത്. കായ്കനികളാണ് ഭക്ഷിച്ചിരുന്നത്. രാത്രി എത്തിയേടത്തു കിടന്നുറങ്ങുകയായിരുന്നു പതിവ്.“
ഹസൻ ബസരി(റ) പറയുന്നു:
“ബദർ യുദ്ധത്തിൽ പങ്കെടുക്കുന്ന എഴുപത് സഹാബികളെ ഞാൻ കണ്ടിട്ടുണ്ട്. അവരെല്ലാം രോമവസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അവരെപ്പറ്റി അബൂഹുറൈറ(റ)വും, ഫളാലത്തുബിൻ ഉബൈദ്(റ)വും പറയുന്നു. വിശപ്പിന്റെ കാഠിന്യത്താൽ അവർ വഴിയിൽ തലചുറ്റി വീഴാറുണ്ടായിരുന്നു. കരിമ്പടമാണവർ ധരിച്ചിരുന്നത്. ഗ്രാമീണർ അവരെ ഭ്രാന്തരെന്നു തെറ്റിദ്ധരിച്ചിരുന്നു. വിയർക്കുമ്പോൾ അവരുടെ രോമവസ്ത്രത്തിൽ നിന്ന് നെയ്യാടിന്റെ മണം വരാറുണ്ട്. ഒരിക്കൽ ഒരാൾ തിരുനബി(സ) യോടു ചോദിച്ചു:
“ഇവരുടെ മണം എനിക്ക് അസ്വാസ്ഥ്യമുണ്ടാക്കുന്നു. അങ്ങേക്ക് ഇതു വിഷമമുണ്ടാക്കുന്നില്ലയോ?“ എന്ന്.
ഭൗതികസുഖങ്ങളിൽ താല്പര്യമില്ലാത്തതു കൊണ്ടാണ് അവർ രോമവസ്ത്രങ്ങൾ തെരഞ്ഞെടുത്തത്. വിശപ്പടക്കാൻ മാത്രം ഭക്ഷണം, നഗ്നത മറ യ്ക്കാൻ മാത്രം വസ്ത്രം, ഇതായിരുന്നു അവരുടെ ചര്യ. പാരത്രിക കാര്യങ്ങളിൽ മുഴുവൻ സമയവും അവർ ചെലവഴിച്ചു. ശാരീരിക സുഖത്തിനു വേണ്ടി ഒരു നിമിഷം പോലും അവർ ചെലവാക്കിയില്ല. അവരുടെ സമയം മുഴുവൻ ലോക രക്ഷിതാവിന്നു സേവനം ചെയ്യാൻ ഉഴിഞ്ഞുവെച്ചതായിരുന്നു. ചിന്ത മുഴുവൻ പരലോകത്തെപ്പറ്റിയായിരുന്നു. അനുനിമിഷം അവർ ഉന്നതങ്ങളിലേക്ക് കയറിപ്പൊയ്ക്കൊണ്ടിരുന്നു. നടന്നും, പറന്നും അവർ മുന്നേറി. എല്ലാ വൈതരണികളെയും അവർ നിഷ്പ്രയാസം തരണം ചെയ്തു. അല്ലാഹു തന്റെ അനുഗ്രഹ കവാടങ്ങൾ അവർക്കു നേരെ തുറന്നിടുകയും ചെയ്തു. അപ്പോൾ അവരുടെ അന്തരാളങ്ങൾ ജ്ഞാന സ്രോതസ്സുകളായി മാറി. ഇങ്ങിനെ ഉത്തരോത്തരം മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗത്തെ ഒരു പ്രത്യേക പദവി കൊണ്ടു നിജപ്പെടുത്താൻ സാധ്യമാകാതെ വന്നു. കാരണം അവരിൽ പല പദവിക്കാരും ഉണ്ട്. അപ്പോൾ അവരുടെ വേഷമനുസരിച്ചു നൽകിയ സാങ്കേതിക സംജ്ഞയാണ് സൂഫിയെന്ന്. സൂഫി എന്ന പേര് പ്രാരംഭ ദശയിലുള്ളവർക്ക് മുതൽ പൂർണ്ണ ദശ പ്രാപിച്ചവർക്കുവരെ ഉപയോഗിക്കപ്പെടുന്നു. വെറും വേഷം മാത്രം നോക്കി വിളിക്കുന്ന ഒരു നാമം. മുൻഗാമികളുടെ വേഷം അതായിരുന്നുവെന്നു മുമ്പു പ്രസ്താവിച്ചുവല്ലോ. അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ച മഹാന്മാരായ ആ സഹാബിവര്യരുടെ വേഷത്തിൽ നിന്നാണ് സൂഫി എന്ന നാമം ഉണ്ടായത്.
പുണ്യാത്മാക്കളെ അവരുടെ പദവികൾക്കനുസൃതമായി വെവ്വേറെ സ്ഥാന പേരുകളിൽ വിളിക്കുകയെന്നുള്ളത് പ്രയാസകരം തന്നെ. സൂഫി എന്നുള്ള പൊതു നാമം അവർക്കെല്ലാം അനുയോജ്യവുമാണ്. അവരോടുള്ള അദബു പാലിക്കാനും ഈ നാമം പര്യാപ്തം തന്നെ. പ്രത്യക്ഷവും പരോക്ഷവും വാചികവും കർമ്മപരവുമായ അദബുകൾ സൂഫീസത്തിന്റെ അടിത്തറയാണല്ലോ? ഈ പേര് അവരുടെ ലളിത ജീവിതത്തെ സൂചിപ്പിക്കുന്നതു കൂടിയാകയാൽ ഇതിന്നു പ്രത്യേക പ്രാധാന്യമുണ്ട്. ഈ വഴിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ ഈ പേരു കേൾക്കുമ്പോൾ തന്നെ ത്യാഗത്തിന്റെ മണം അനുഭവിക്കുന്നു. വസ്ത്രത്തിലും ഭക്ഷണത്തിലും ലാളിത്യം വേണമെന്നു ബോധം മനസ്സിലുദിക്കുന്നു. അങ്ങിനെ ലക്ഷ്യബോധത്തോടെ അതിൽ പ്രവേശിക്കാൻ സന്ദർഭം ലഭിക്കുന്നു. അവനെ സംബന്ധിച്ചേടത്തോളം മറ്റേതൊരു പേരിനേക്കാളും ഇതു ഫലപ്രദമായിത്തീരുന്നു.
മറ്റൊരർത്ഥത്തിലും ഈ പേര് അനുയോജ്യം തന്നെ. വലിച്ചെറിഞ്ഞ തുണിക്കഷണം എന്ന അർത്ഥത്തിൽ. വിനയം, അനുസരണം, ഏകാന്ത ജീവിതം മുതലായവയാണല്ലോ സൂഫികളുടെ പ്രത്യേകതകൾ. സ്വന്തം ശരീരത്തിന്നു ഒരു പഴയ തുണിക്കഷണത്തിന്റെ പ്രാധാന്യം മാത്രമേ സൂഫികൾ നൽകുന്നുള്ളൂ എന്ന ആശയം ഈ പേരിൽ നിന്നു ധ്വനിക്കുന്നു. ഇങ്ങിനെ പല അർത്ഥങ്ങളും ഈ പേരിന്നു പണ്ഡിതന്മാർ വ്യാഖ്യാനിച്ചിട്ടുണ്ട്. ഏതായാലും ഇതു പുണ്യാത്മാക്കളുടെയും ത്യാഗികളുടെയും ജ്ഞാനികളുടെയും വേഷമായിരുന്നുവെന്ന കാര്യത്തിൽ സംശയമില്ല.
ഇബ്നുമസ്ഊദു(റ) റിപ്പോർട്ടു ചെയ്യുന്നു:
“നബി തിരുമേനി(സ) അരുളി:
“മൂസാ നബി(അ) സീനാമലയിൽ വെച്ച് അല്ലാഹുവുമായി സംഭാഷണം നടത്തിയ ദിവസം തന്റെ വേഷം രോമത്തിന്റെ ജുബ്ബയും, കാലുറയും, രോമത്തിന്റെ ഒരു തുണിയുമായിരുന്നു. ഊറക്കിടാത്ത കഴുതത്തോലിന്റെ ചെരിപ്പും അദ്ദേഹം ധരിച്ചിരുന്നു.“
സൂഫി എന്ന പേരു കിട്ടിയത് അവർ ഒന്നാം സ്വഫ്(അണി)കാരായതു കൊണ്ടാണെന്നു ചിലർ പ്രസ്താവിച്ചിട്ടുണ്ട്. ഉയർന്ന ലക്ഷ്യം, ഹൃദയത്ത അല്ലാഹുവിങ്കൽ കേന്ദ്രീകരിക്കൽ, രഹസ്യങ്ങൾ അല്ലാഹുവിങ്കൽ സമർപ്പിക്കൽ തുടങ്ങിയ ഗുണങ്ങളിൽ അല്ലാഹുവിന്റെ സന്നിധിയിൽ അവർ മുന്നണിക്കാരണല്ലോ?
സ്ഫുടം ചെയ്യൽ എന്ന (സഫ് വൻ) ധാതുവിൽ നിന്നുള്ളതാണ് സൂഫി എന്ന സംജ്ഞയെന്നു മറ്റു ചിലർ അഭിപ്രായപ്പെടുന്നു.
തിരുനബി(സ) യുടെ ഏറ്റവും അടുത്ത ശിഷ്യരായ “സുഫ്ത്തുകാർ എന്ന വാക്കിൽ നിന്നാണ് സൂഫിയുടെ ഉത്ഭവമെന്നാണ് മറ്റൊരു പക്ഷം, മുഹാ ജിറുകളിൽ നിന്ന് ഏറ്റവും ദരിദ്രരായ സഹാബികളായിരുന്നുവല്ലോ സുഫ്ഫാത്തുകാർ. ഭൗതിക സുഖങ്ങളെല്ലാം ത്യജിച്ചു തിരുനബി(സ) യോടൊപ്പം പള്ളിയുടെ ചരുവിൽ താമസിച്ചിരുന്ന ആ പുണ്യാത്മാക്കളുടെ പാരമ്പര്യമാണല്ലോ സൂഫികൾക്കുമുള്ളത്.
“ഭൂമിയിൽ സഞ്ചരിക്കാൻ കഴിവില്ലാത്ത ഫഖീറുകൾ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജീവിതം നിയന്ത്രിക്കപ്പെട്ടവർ……….” എന്നു പരിശുദ്ധ ഖുർആൻ അവരെ വിശേഷിപ്പിച്ചു. ഭാഷാപരമായി നോക്കുമ്പോൾ സൂഫിയെന്ന വാക്കിന്റെ ധാതു സുഫാത്തായിരിക്കാൻ പറ്റുകയില്ലെങ്കിലും ആശയം ശരിയാണ്. സുഫ്ഫത്തുകാരുടെ പാരമ്പര്യമാണ് നൂറുശതമാനവും സൂഫികൾക്കുള്ളത്. അല്ലാഹുവിനു ജീവിതം സമർപ്പിച്ച് ഒത്തുകൂടിയവരായിരുന്നു അവർ. നാനൂറു പുരുഷന്മാരാണു ഏകദേശം സുഫ്ത്തുകാരുണ്ടായിരുന്നത്. മദീനയിൽ അവർക്ക് വീടോ കുടുംബമോ ഉണ്ടായിരുന്നില്ല. മദീനാപള്ളിയുടെ ചരുവിൽ അവർ ഒരുമിച്ചു ജീവിച്ചു. സൂഫികൾ ആശ്രമങ്ങളിലും, പർണശാലകളിലും ജീവിക്കുന്ന പോലെ തന്നെ അവർക്ക് കൃഷിയോ കച്ചവടമോ ഇല്ലായിരുന്നു. പകൽ വിറകു ശേഖരിക്കുകയും മറ്റും ചെയ്യാറുണ്ട്. രാത്രി മുഴുവൻ ഇബാദത്തും, ഖുർആൻ പഠനവും, പാരായണവും മാത്രം. നബി(സ) യുടെ സഹായം കൊണ്ടാണവർ ജീവിച്ചത്. അവരെ സഹായിക്കാൻ ജനങ്ങൾക്കു നബി(സ) പ്രേരണ നൽകുകയും ചെയ്തിരുന്നു. തിരുനബി(സ്വ) അവരോടൊപ്പം ഇരിക്കുകയും അവർക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. അവരെപ്പറ്റി നബിയോടു അല്ലാഹു കല്പിച്ചു: “തങ്ങളുടെ റബ്ബിന്റെ പ്രീതി കാംക്ഷിച്ച് പ്രഭാതത്തിലും പ്രദോഷത്തിലും റബ്ബിനെ ആരാധിക്കുന്ന കൂട്ടരെ താങ്കൾ ആട്ടിയോടിക്കരുത്.“ ഖുർആൻ
സുഫ്ഫത്തുകാരിൽപ്പെട്ട ഇബ്നു ഉമ്മിമക്തൂം(റ) എന്ന അന്ധനായ സ്വഹാബിയെ നബി(സ) ഒരിക്കൽ അല്പമൊന്ന് ശ്രദ്ധിക്കാതെ വന്നു. (ഉടനെ പരിശുദ്ധ ഖുർആനിൽ തിരുനബി(സ്വ) തങ്ങളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഇതു സംബന്ധമായ ഒരു വചനം അവതരിച്ചു.)
ഈ സംഭവത്തിനു ശേഷം നബി(സ) സുഫ്ത്തുകാരുടെ കാര്യത്തിൽ പൂർവ്വാധികം ശ്രദ്ധാലുവായിരുന്നു. അവരാരെങ്കിലും ഹസ്തദാനം ചെയ്താൽ അവർ കൈ പിൻവലിക്കുന്നതിനു മുമ്പ് നബി(സ) പിൻവലിക്കാറില്ല. ധനികനായ സഹാബികളിൽ ഓരോരുത്തരുടെ കൂടെ മൂന്നോ നാലോ സുഫത്തുകാരെ ഭക്ഷണം കഴിക്കാൻ തിരുനബി(സ) അയച്ചു കൊടുക്കാറുണ്ട്. സഅദുബിൻ മുആദ്(റ) എൺപതുപേർക്കു തന്റെ വീട്ടിൽ കൊണ്ടു പോയി ആഹാരം കൊടുക്കാറുണ്ടായിരുന്നു.
അബൂഹുറൈറ(റ) പറയുന്നു:
“ഒറ്റമുണ്ടെടുത്തു നിസ്കരിക്കാറുള്ള എഴുപതു സുഫത്തുകാരെ ഞാൻ കണ്ടിട്ടുണ്ട്. കഷ്ടിച്ചു മുട്ടു മറയുന്ന ഓരോ മുണ്ടുമാത്രമാണവർക്കു വസ്ത്രമായി ഉണ്ടായിരുന്നത്. റുക്കൂഅ് ചെയ്യുമ്പോൾ മുണ്ടിന്റെ താഴ്ഭാഗം അവർ കൂട്ടിപിടിക്കാറാണ് പതിവ്. നഗ്നത വെളിവാകുമെന്ന ഭയത്താൽ.“
സുഫ്ഫത്തുകാരിൽ പെട്ട ഒരു സഹാബി പറയുന്നു: ഞങ്ങളൊരിക്കൽ തിരുനബി(സ)യുടെ സന്നിധിയിൽ ചെന്നു പറഞ്ഞു:
“അല്ലാഹുവിന്റെ റസൂലേ, കാരയ്ക്ക ഞങ്ങളുടെ വയറ്റിൽ എരിച്ചിലുണ്ടാക്കുന്നു.“
ഇതു കേട്ട തിരുനബി(സ്വ) മിമ്പറയിന്മേൽ കയറിയിട്ടരുളി:
“ഒരു കൂട്ടരുടെ സ്ഥിതിയെന്തു പറയാൻ! അവർ പറയുന്നു: കാരയ്ക്കാ വയറ്റിൽ എരിച്ചിലുണ്ടാക്കുന്നുവെന്ന് നിങ്ങൾക്കറിയില്ലേ? ഈ കാരയ്ക്കാ തന്നെയാണ് മദീനക്കാരുടെ ഭക്ഷണം. നമുക്കവർ തന്നതു നാം നിങ്ങൾക്കും തന്നു. മുഹമ്മദിന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന തമ്പുരാനെത്തന്നെ സത്യം. അല്ലാഹുവിന്റെ റസൂലിന്റെ അടുക്കളയിൽ നിന്നു രണ്ടുമാസമായി റൊട്ടി ചുടുന്ന പുക പൊന്തിയിട്ടില്ല. ശുദ്ധജലവും കാരയ്ക്കയുമല്ലാതെ ആ വീട്ടിലില്ല.“
ഇബ്നു അബ്ബാസ്(റ) റിപ്പോർട്ട് ചെയ്യുന്നു. ഒരു ദിവസം തിരുനബി(സ) ‘സുഫ്ത്തുകാരുടെ അടുത്തു ചെന്നപ്പോൾ അവരുടെ ദുരിതവും, കഷ്ടപ്പാടും ഹൃദയശുദ്ധിയും കണ്ടു അരുളി:
“സുഫ്ഫത്തുകാരെ സന്തോഷിച്ചു കൊൾവിൻ. നിങ്ങളിൽ ഇന്നുള്ള ഈ സദ്ഗുണത്തോടെ സംതൃപ്തരായി വല്ല വരും തുടർന്നും ജീവിച്ചാൽ ഖിയാമം നാളിൽ അവർ എന്റെ സുഹൃത്തുളുടെ കൂട്ടത്തിലായിരിക്കും.“
പിൽക്കാലത്ത് ഈ സുഫ്ഫത്തുകാരിൽപെട്ട ചിലർ ഖുറാസാനിൽ പോയി അവിടത്തെ ഗുഹകളിൽ തങ്ങിയിരുന്നു. നഗരത്തിലേക്കോ ഗ്രാമത്തിലേക്കോ, അവർ പോകാറില്ലായിരുന്നു. ശക്ഫത്തിയ്യ എന്ന പേരിലാണവർ അറിയപ്പെട്ടിരുന്നത്. ‘ശക്ഫത്ത്’ എന്നതു ഖുറാസാനിലുള്ള ഒരു ഗുഹയുടെ പേരാണ് . ആ പേരിലാണവർ അറിയപ്പെട്ടത്. സിറിയയിൽ ഈ വിഭാഗം അറിയപ്പെട്ടത് വിശപ്പ് സഹിക്കുന്നവർ എന്ന അർത്ഥമുള്ള ‘ജൂഇയ്യ’ എന്ന പേരിലാണ് നന്മയുടെയും സുകൃതത്തിന്റെയും വക്താക്കളായാണ് ഖുർആൻ ഇവരെ വിശേഷിപ്പിച്ചത്. സജ്ജനങ്ങൾ (അബ്റാർ), സമീപസ്ഥർ (മുഖർറബീൻ) ക്ഷമാശീലർ (സാബിറൂൻ) സത്യാത്മാക്കൾ (സാദിഖൂൻ) ദിക്റുകാർ (ദാകിറൂൻ) എന്നെല്ലാം പരിശുദ്ധ ഖുർആൻ ഇവരെ വിശേഷിപ്പിച്ചിട്ടുണ്ട്. സൂഫി എന്ന സംജ്ഞ ഈ ഗുണവിശേഷങ്ങളെല്ലാം ഉൾക്കൊള്ളുന്നു. പക്ഷേ സൂഫി എന്ന പേരുണ്ടായത് തിരുനബി(സ്വ)യുടെ വിയോഗത്തിനു ശേഷമാണ്. താബിഉകളുടെ കാലത്താണ് ഈ പേർ വന്നതെന്നാണ് ചിലരുടെ അഭിപ്രായം.
ഹസൻ ബസരി(റ) പറയുന്നു:
”ഞാൻ കഅബ പ്രദക്ഷിണം ചെയ്യുമ്പോൾ ഒരു സൂഫിയെ കണ്ടുമുട്ടി. ഞാൻ അദ്ദേഹത്തിന് എന്തോ കൊടുത്തു. പക്ഷെ അത് വാങ്ങിയില്ല. അദ്ദേഹം പറഞ്ഞു: “എന്റെ കയ്യിൽ നാലു ദാനിഖുകളുണ്ട്. അതുകൊണ്ട് എന്റെ ആവശ്യത്തിന് അതുമതി.”
ഇതിന്നു ഉപോൽബലകമാണു സുഫ്‌യാനു സൗരി (റ)യിൽ നിന്നുള്ള റിപ്പോർട്ട്: അദ്ദേഹം പറയുന്നു:
“അബ്ദുഹാശിമുസ്സൂഫിയിൽ നിന്നാണ് ഞാൻ ലോകമാന്യതാ മനോഭാവത്തിന്റെ സൂക്ഷ്മ വശം പഠിച്ചത്.“
ഈ റിപ്പോർട്ടുകൾ രണ്ടും വ്യക്തമാക്കുന്നത് താബിഉകളുടെ കാലത്തു മാത്രമല്ല അതിനുമുമ്പും സൂഫിയെന്ന സംജ്ഞ ഉപയോഗിച്ചിരുന്നുവെന്നാണ്. മറ്റു ചിലർ പറയുന്നത് ഹിജ്റ രണ്ടാം നൂറ്റാണ്ടു വരെ ഈ സംജ്ഞ അറിയപ്പെട്ടിരുന്നില്ല എന്നാണ്. കാരണം തിരുനബി(സ്വ)യുടെ കാലത്ത് ജീവിച്ച വരെപ്പറ്റി സഹാബിയെന്നാണ് പറഞ്ഞിരുന്നത്. അവർക്ക് അതിലും നല്ല ഒരു സംജ്ഞ വേറെയില്ല. സഹാബിമാരിൽ നിന്ന് ജ്ഞാനം നുകർന്നവർക്ക് ‘താബിഇ’ എന്ന പേരാണുപയോഗിച്ചത്. പിന്നെ പ്രവാചകത്വത്തിന്റെ പ്രഭ മാഞ്ഞു പോവുകയും, വഹ് യിന്റെ പാശം അറ്റു പോവുകയും, അഭിപ്രായൈക്യം താറുമാറാവുകയും, ജ്ഞാന സരസ്സു കലങ്ങുകയും തന്നിഷ്ടപ്പെടുത്തുകയും തഖ് വയുടെ സുന്ദര സൗധത്തിനു മങ്ങലേൽക്കുകയും, സാഹിദുകളുടെ നിശ്ചയദാർഢ്യം പതർച്ചയെ അഭിമുഖീകരിക്കുകയും, അജ്ഞതാന്ധകാരം തലപൊക്കുകയും, അതിന്റെ തിരശ്ശീലകൾക്കു കട്ടികൂടുകയും ആചാരങ്ങളുടെ നിറങ്ങൾക്ക് വൈവിധ്യം വർദ്ധിക്കുകയും ആചാര്യന്മാരുടെ വീക്ഷണ വൈജാത്യങ്ങൾ ഏറി വരികയും, ദുനിയാവ് ചമഞ്ഞൊരുങ്ങുകയും, അങ്ങോട്ടുള്ള ആകർഷണം വർദ്ധിക്കുകയും ചെയ്തപ്പോൾ ഒരു വിഭാഗം പുണ്യാത്മാക്കൾ സമൂഹത്തിൽ നിന്നു അകന്നു ഏകാന്തതയിലേക്ക് നീങ്ങി. സൽക്കർമ്മങ്ങളും, ഉന്നതപദവികളും, ലക്ഷ്യം നേടാനുള്ള ദൃഢനിശ്ചയവും കരുത്തുറ്റ സത്യവിശ്വാസവും കൈമുതലായുള്ള മഹാത്മാക്കളായിരുന്നു അവർ. ഭൗതിക സുഖങ്ങളും, അതിനോടുള്ള പ്രേമവും അവർ ത്യജിച്ചു. സ്വന്തമായി ഇബാദത്തിൽ മുഴുകാൻ അവർ പർണ്ണശാലകൾ നിർമ്മിച്ചു. ചിലപ്പോൾ അവർ ആശ്രമങ്ങളിൽ ഒന്നിച്ചു താമസിച്ചു. ചിലപ്പോൾ ഏകാന്തവാസമനുഷ്ഠിച്ചു. സുഫ്ഫത്തുകാരെ അവർ അനുകരിച്ചു. കാര്യകാരണ ബന്ധവ്യവസ്ഥകളെ അവഗണിച്ച്, തങ്ങളുടെ വേരുകളെല്ലാം പിഴുതെടുത്ത് അവർ അല്ലാഹുവിങ്കലേക്ക് കട പറിഞ്ഞു വീണു. സ്വയം ഒരു പറിച്ചുനടലിന്നവർ വിധേയരായി. അപ്പോൾ ഉന്നത പദവികളുടെ തേൻകനികൾ അവരാസ്വദിച്ചു. തെളിഞ്ഞ സ്രോതസ്സുകൾ അവർ കണ്ടെത്തി. അവർക്ക് പുതിയൊരു നാവും, പുതിയൊരു വെളിച്ചവും ലഭിച്ചു. അവരുടെ വിശ്വാസം പൂത്തു കായ്ച്ചു.
ഹാരിസ്(റ) പറയുന്നു: ഞാൻ യഥാർത്ഥ വിശ്വാസിയായിത്തീർന്നത് വിശ്വാസത്തിന്റെ പുതിയ പദവികളെപ്പറ്റി ദർശനം ലഭിച്ചപ്പോഴാണ്.
ഇതവർക്ക് ജ്ഞാനത്തിന്റെ പുതിയ കവാടങ്ങൾ തുറന്നു കൊടുത്തു. അതനുസരിച്ചു ചില സാങ്കേതിക സംജ്ഞകൾ അവർ നിർമ്മിച്ചു. അവരുടേതായ സാങ്കേതിക ഭാഷയിൽ അവർക്കനുഭവപ്പെട്ട പദവികളെ വിശേഷിപ്പിക്കുന്ന സാങ്കേതിക സംജ്ഞകൾ! ആ സംജ്ഞകൾ പിൻഗാമികൾ തലമുറയായി കൈമാറി വന്നു. അതാണു നമുക്കു ലഭിച്ചത്. ഇവരാണ് സൂഫികൾ, അല്ലാഹുവിനെ സംബന്ധിച്ചുള്ള ജ്ഞാനമാണിവരുടെ മുഖമുദ്ര. ഇബാദത്താണിവരുടെ ആഭരണം. തഖ് വ യാണ് ചിഹ്നം. ഉൺമയുടെ പൊരുളാണിവരുടെ രഹസ്യം. മഹത്വത്തിന്റെ അത്യുന്നത മിനാരങ്ങളിൽ ഇവർ വാഴുന്നു. പ്രേമവിഭ്രാന്തിയുടെ മന്ദിരങ്ങളിൽ പ്രേമഭാജനത്തിന്റെ ഔദാര്യങ്ങൾക്കു പാത്രമായി പ്രേമപാരാവാരം ഇരമ്പുന്ന ഹൃദയങ്ങളുമായി ഇവർ ജീവിക്കുന്നു. ശൗഖിന്റെ അഗ്നികുണ്ഡം ആളിപ്പടരുന്നു. കാമുകരെ നക്കിത്തിന്നു കൊണ്ടതു ചോദിക്കുന്നു. “ഇനിയുമുണ്ടോ?”
തമ്പുരാനേ, ആ മഹാത്മാക്കളുടെ തണലിൽ സാധുക്കളായ ഞങ്ങളെ ഒരുമിച്ചു കൂട്ടേണമേ. ആമീൻ…
തുടരും