സൂഫികളും അനുകർത്താക്കളും

അവാരിഫുൽ മആരിഫ്: അദ്ധ്യായം: 7

ഇമാം ശിഹാബുദ്ദീൻ സുഹ്റ വർദി(റ):

ഒരു വിഭാ​ഗത്തെ സ്നേഹിക്കുകയും അവരോട് സാദൃശ്യം പുലർത്തുകയും ചെയ്യുന്നവർ അവരോടൊപ്പം തന്നെയായിരിക്കും എന്ന തിരുവചന പൊരുൾ വിശദീകരിക്കുന്ന അവാരിഫുൽ മആരിഫിൽ നിന്നുള്ള ഭാ​ഗം. സൂഫികളുടെ വേഷം അനുകരിച്ച് അവരോട് സാദൃശ്യമുള്ളവരാവാൻ പരിശ്രമിക്കുന്നവരുടെ പ്രയത്നങ്ങളൊന്നും വൃഥാവിലല്ല എന്ന പാഠം നൽകുന്ന ഈ ഭാ​ഗം സൂഫിസത്തിന്റെ പേരിലുള്ള പ്രച്ഛന്ന രൂപങ്ങളെ വിവേചിച്ചറിയാനുള്ള ഉൾക്കാഴ്ച കൂടി പകരുന്നു.

നസുബ്നു മാലിക്(റ) നിവേദനം ചെയ്യുന്നു. ഒരാൾ തിരുനബി(സ) യുടെ സന്നിധിയിൽ വന്നു ചോദിച്ചു:
“അല്ലാഹുവിന്റെ റസൂലേ, എപ്പോഴാണ് ലോകവസാനമുണ്ടാവുക?”
തിരുനബി(സ) അതിന്നു മറുപടി പറയാതെ നിസ്കരിക്കാൻ നിന്നു. നിസ്കാരം കഴിഞ്ഞ ശേഷം അവിടുന്നു ചോദിച്ചു:
“എവിടെ ആ ചോദ്യ കർത്താവ്?”
അയാൾ പ്രതിവചിച്ചു:
“അല്ലാഹുവിന്റെ റസൂലേ, ഞാൻ ഇതാ ഇവിടെയുണ്ട്.”
തിരുനബി(സ) ചോദിച്ചു: “ലോകാവസാനഘട്ടത്തിലേക്കു വേണ്ടി നീ എന്താണൊരുക്കിവെച്ചിട്ടുള്ളത്?”
അദ്ദേഹം പ്രതിവചിച്ചു: “ഞാൻ ധാരാളം നിസ്കാരമോ നോമ്പോ ഒരുക്കി വെച്ചിട്ടില്ലെങ്കിലും, അല്ലാഹുവിനെയും റസൂലിനെയും ഞാൻ സ്നേഹിക്കു ന്നുണ്ട്.”
തിരുനബി(സ) ഉടനെ അരുളി: “മനുഷ്യൻ ആരെ സ്നേഹിക്കുന്നുവോ അവരോടൊപ്പമായിരിക്കും.”
അനസ്(റ) പറയുന്നു. “ഇതു കേട്ട് എല്ലാവരും സന്തോഷിച്ചു; ഇസ്ലാംമതമാശ്ലേഷിച്ച ശേഷം മറ്റൊരവസരത്തിലും അവർ ഇത്ര സന്തോഷിച്ചിട്ടില്ല.”

മനുഷ്യൻ ആരെ സ്നേഹിക്കുന്നുവോ, അവരോടൊപ്പമാണെന്നാണ് തിരുനബി(സ) തങ്ങളുടെ തിരുമൊഴി. സൂഫികളുടെ വേഷം അനുകരിച്ചു ജീവി ക്കുന്ന ഭക്തന്മാർ സൂഫികളെ സ്നേഹിക്കുന്നവരാണ്. സൂഫികളെപ്പോലെ സൂക്ഷ്മമായ ജീവിതം നയിക്കാൻ അനുകരിക്കുന്നവർക്കു സാധിക്കുന്നില്ലെങ്കിലും അവരുടെ വേഷമെങ്കിലും അനുകരിച്ചു. അവരോടുള്ള കൂറും സ്നേഹവും പ്രകടിപ്പിക്കൽ തീർച്ചയായും പുണ്യകർമ്മമാണ്.
അബൂദർറുൽ ഗിഫാരി(റ) യിൽ നിന്നുള്ള ഒരു നിവേദനത്തിൽ പറയുന്നു:
തിരുനബി(സ) യോടു ഞാൻ ചോദിച്ചു:
“അല്ലാഹുവിന്റെ റസൂലേ, ഒരാൾ ഒരു വിഭാ​ഗത്തെ സ്നേഹിക്കുന്നു. പക്ഷേ, അവരെപ്പോലെ കർമ്മം ചെയ്യാൻ ഇയാൾക്കു സാധിക്കുന്നില്ല?”
തിരുനബി(സ) പ്രതിവചിച്ചു: “അബൂദർറേ, താങ്കൾ ആരെ സ്നേഹിക്കുന്നുവോ, അവരോടൊപ്പമാണ്.”
അബൂദർറ്(റ) തുടരുന്നു. “അപ്പോൾ ഞാൻ പറഞ്ഞു. ഞാൻ അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നു.”
ഉടനെ തിരുനബി(സ) പ്രതിവചിച്ചു: “എങ്കിൽ നീ സ്നേഹിച്ചവരോടൊപ്പം തന്നെയാണ്.”
ഞാൻ അതാവർത്തിച്ചപ്പോൾ തിരുനബി(സ) അവിടുത്തെ മറുപടിയും ആവർത്തിച്ചു. സ്നേഹമുണ്ടാകുന്നതു ആത്മാക്കൾ തമ്മിലുള്ള ആകർഷണം മൂലമാണ്. സൂഫികളുടെ ആത്മാക്കൾ ഏതൊന്നിലേക്കാകർഷിക്കുന്നുവോ, അതിലേക്കുള്ള ആകർഷണം നിമിത്തമാണ് അവരോടു സ്നേഹം ജനിക്കുന്നത്. അല്ലാഹുവിന്റെ ആജ്ഞയിലേക്കും, അവനുമായി സാമീപ്യമുണ്ടാക്കുന്ന കാര്യങ്ങളിലേക്കുമുള്ള ആകർഷണമത്രെ അത്. ഈ ആകർഷണമുണ്ടാകുമ്പോഴാണ് ഒരാൾ സൂഫികളെ സ്നേഹിക്കുന്നതും അവരെ അനുകരിക്കുന്നതും. പക്ഷേ, അനുകരിക്കുന്ന ആളുടെ നഫ്സിന്റെ അന്ധകാരം മുഴുവൻ നീങ്ങാതിരിക്കുമ്പോൾ അയാൾക്ക് സൂഫികളെപ്പോലെ കർമ്മം ചെയ്യാൻ കഴിയുന്നില്ല. സൂഫികളുടെ നഫ്സുകളാകട്ടെ അന്ധകാരങ്ങളെല്ലാം അകന്നു പ്രഭാപൂരിതങ്ങളായിരിക്കും.

സൂഫികളുടെ പാതയുടെ ആദ്യദശ ഈമാനും, പിന്നെ ജ്ഞാനവും, പിന്നെ സായൂജ്യവുമാണ്. ഈമാനാണ് അടിത്തറ. ഇതിൽ ഒന്നാമത്തെ ഘട്ടത്തി ലെത്തി നിൽക്കുന്നവൻ മുതശബ്ബിഹ് (സൂഫിയെ അനുകരിക്കുന്നവൻ) ആണ്. രണ്ടാമത്തെ ഘട്ടത്തിൽ (ജ്ഞാനത്തിൽ എത്തി നിൽക്കുന്നവൻ തസ്വവ്വുഫിന്റെ പാതയിലൂടെ നീങ്ങുന്നവർ (മുതസ്വിഫ്) ആണ്. മൂന്നാമത്തെ ഘട്ടത്തിൽ (സായൂജ്യത്തിൽ) എത്തിയവനാണ് സമ്പൂർണ്ണതയിലെത്തിയ സൂഫി. അപ്പോൾ മുതശബ്ബിഹി’ന്റെയും, മുതസ്വിഫിന്റെയും ‘നഫ്സു’കളിൽ ഇരുട്ടിന്റെ അംശം ബാക്കി നില്പ്പുണ്ടാകും. പൂർണ്ണതയിലെത്തിയ സൂഫിയുടെ നഫ്സാകട്ടെ ഇരുട്ടിന്റെ അംശം പൂർണ്ണമായും അകന്നു തങ്കമാനമായതും, കാറും ചേറും ദുർമ്മേദസ്സുമെല്ലാം പൂർണ്ണമായും നീങ്ങിയതുമായിരിക്കും. സ്ഫുടം ചെയ്യപ്പെട്ടതാണത്.

ജുനൈദുൽ ബഗ്ദാദി(റ) പറയുന്നു: “നമ്മുടെ ഈ പാതയിൽ ഈമാന്റെ പദവിയിലെത്തുന്നതു തന്നെ ഒരു വിലായത്താണ്. കാരണം ഈ ദിശയിലെ ത്തിയവർക്കു ഉറച്ച ഈമാൻ ലഭിക്കുന്നു. ഇതു അല്ലാഹു തന്റെ ഔദാര്യമായി ചില പ്രത്യേക ആളുകൾക്കു മാത്രം നൽകുന്ന സൗഭാഗ്യമാണ്. ഈ ഈമാനുള്ളവർക്കു മാത്രമേ സൂഫികളുടെ വെളിപാടുകളിലും പ്രത്യേക ജ്ഞാനദർശനങ്ങളിലും വിശ്വസിക്കാൻ സാധിക്കയുള്ളൂ. സൂഫികളുടെ ദൈവ സാമീപ്യാവസ്ഥകളും, മഹത്വങ്ങളും ഇവർക്കു മാത്രമേ ദൃഢമായി വിശ്വസിക്കാൻ കഴിയൂ. അല്ലാഹുവിന്റെ ഖുദ്റത്തിലുള്ള വിശ്വാസമാണിത്. ഈ വിശ്വാസമില്ലാത്തവരാണ് ഔലിയാക്കളുടെ കറാമത്തുകൾ നിഷേധിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നത്. വാസ്തവത്തിൽ അല്ലാഹുവിന്റെ ഖുദ്റത്തിനെയാണവർ നിഷേധിക്കുന്നത്. സൂഫികളെ സ്നേഹിക്കുകയും, അനുകരിക്കുകയും ചെയ്യുന്നവരാകട്ടെ, അല്ലാഹുവിന്റെ ഖുദ്റത്തിന്റെ വിവിധ വശങ്ങളെപ്പറ്റി പ്രത്യേക ജ്ഞാനവും, വെളിച്ചവും ലഭിച്ചവരാണ്. അല്ലാഹു അവർക്കു നൽകിയ ഒരു സൗഭാഗ്യമാണത്. അതു കൊണ്ടാണവർക്ക് കറാമത്തുകളെ നിഷേധിക്കാൻ സാധിക്കാതെ വന്നത്.

ആകയാൽ തസ്വവ്വുഫിന്റെ പാതയിൽ ആദ്യപടിയായ ‘ഈമാനിൽ ഉറച്ചു നിൽക്കുന്നവനെ സൂഫികളെ അനുകരിക്കുന്നവൻ (മുതശബ്ബിഹ്) എന്നും, രണ്ടാമത്തെ പടിയായ ‘ജ്ഞാനത്തിലെത്തിയവനെ മുതസ്വിഫ് എന്നും, മൂന്നാമത്തെ പടിയായ സായൂജ്യത്തിലെത്തിയവനെ നിർവൃതി (ദൗഖ്) നേടിയ സൂഫിയെന്നും പറയുന്നു. ഇതിൽ ഒന്നാമത്തെ പടിയായ ഈമാനിൽ നിന്ന് രണ്ടാമത്തെ പടിയായ ജ്ഞാനത്തിലെത്തണമെങ്കിൽ തസ്വവ്വുഫിന്റെ മാർ​ഗത്തിൽ ഏറെ ദൂരം ദുർഘടം പിടിച്ച വഴികളിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. പിന്നെയും ദീർഘദൂരം സഞ്ചരിക്കുമ്പോഴാണ് സായൂജ്യത്തിൽ (ദൗഖ്) എത്തുന്നത്. മുതശബ്ബിഹ് പുരോഗമിച്ച് മുതസ്വിഫ് ആയിത്തീരുകയും, മുതസ്വിഫ് പുരോഗമിച്ച് ദൗഖിലെത്തുകയും ചെയ്യുന്നു. അല്ലാഹുവിന്റെ നടപടി ക്രമങ്ങളിൽപ്പെട്ടതത്രെ ഇത്.

ആകയാൽ തസ്വവ്വുഫിന്റെ പാതയിൽ ആദ്യപടിയായ ‘ഈമാനിൽ ഉറച്ചു നിൽക്കുന്നവനെ സൂഫികളെ അനുകരിക്കുന്നവൻ (മുതശബ്ബിഹ്) എന്നും, രണ്ടാമത്തെ പടിയായ ‘ജ്ഞാനത്തിലെത്തിയവനെ മുതസ്വിഫ് എന്നും, മൂന്നാമത്തെ പടിയായ സായൂജ്യത്തിലെത്തിയവനെ നിർവൃതി (ദൗഖ്) നേടിയ സൂഫിയെന്നും പറയുന്നു. ഇതിൽ ഒന്നാമത്തെ പടിയായ ഈമാനിൽ നിന്ന് രണ്ടാമത്തെ പടിയായ ജ്ഞാനത്തിലെത്തണമെങ്കിൽ തസ്വവ്വുഫിന്റെ മാർ​ഗത്തിൽ ഏറെ ദൂരം ദുർഘടം പിടിച്ച വഴികളിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. പിന്നെയും ദീർഘദൂരം സഞ്ചരിക്കുമ്പോഴാണ് സായൂജ്യത്തിൽ (ദൗഖ്) എത്തുന്നത്. മുതശബ്ബിഹ് പുരോഗമിച്ച് മുതസ്വിഫ് ആയിത്തീരുകയും, മുതസ്വിഫ് പുരോഗമിച്ച് ദൗഖിലെത്തുകയും ചെയ്യുന്നു. അല്ലാഹുവിന്റെ നടപടി ക്രമങ്ങളിൽപ്പെട്ടതത്രെ ഇത്. ഇനി ഈ സായൂജ്യത്തിന്റെ (ദൗഖിന്റെ അവസ്ഥയെ മൂന്നായി വിഭജിക്കാം. 1. സാഹിബുഖദം- പാദമൂന്നി നിൽക്കുന്ന അവസ്ഥയുള്ളവൻ. 2. സാഹിബുനള്ർ; ഉറ്റുനോട്ടത്തിന്റെ അവസ്ഥയുള്ളവൻ. 3. സാഹിബു ഈമാൻ വിശ്വാസദാർഢ്യത്തിന്റെ അവസ്ഥയുള്ളവൻ അനുഭവ ജ്ഞാനത്തിന്റെ (ഹഖുൽ യഖീൻ) ഈമാനാണിത്.

പരിശുദ്ധ ഖുർആൻ പറയുന്നു:
“സജ്ജനങ്ങൾ അനുഗൃഹീതമായ സ്വർഗ്ഗത്തിൽ അലംകൃതമായ കട്ടിലുകളിൽ മുഖാമുഖം നോക്കി ഇരിക്കുന്നു.”
ഖുർആൻ അവരുടെ പാനീയത്തെ വിശേഷിപ്പിച്ചതിങ്ങിനെയാണ്:
“അതിന്റെ ചേരുവ സ്വർഗ്ഗപാനീയമായ തസ്നീമിൽ നിന്നാണ്.”
ഒരു സ്രോതസ്സാണത്. സാമീപ്യം സിദ്ധിച്ചവർ അതിൽ നിന്ന് പാനം ചെയ്യും.

ആദ്യത്തെ സൂക്തത്തിൽ സജ്ജനങ്ങളുടെ സ്വർഗ്ഗത്തിലെ അവസ്ഥ പറഞ്ഞു. രണ്ടാമത്തേതിൽ അവരുടെ പാനീയത്തെപ്പറ്റി പറഞ്ഞു. സാമീപ്യം സിദ്ധിച്ചവർ പാനം ചെയ്യുന്ന തസ്നീം’ എന്ന പാനീയത്തിന്റെ ചേരുവയുള്ള വിശിഷ്ട പാനീയമാണ് സജ്ജനങ്ങൾക്ക് സ്വർഗ്ഗത്തിൽ ലഭിക്കുന്നത്. ഇവിടെ സജ്ജനം എന്നതു കൊണ്ടു വിവക്ഷിതം സാധാരണക്കാരായ സജ്ജനങ്ങളാണ്. സാമീപ്യം സിദ്ധിച്ച പുണ്യാത്മാക്കൾക്ക് തനി തസ്നീം നൽകുന്നു. അവരുടെ താഴെ പദവിയിലുള്ളവർക്ക് അതിന്റെ ചേരുവയുള്ള വിശിഷ്ട പാനീയവും, സാമീപ്യം സിദ്ധിച്ചവരുടെ കൂട്ടത്തിൽ സൂഫികൾ, അതിനു താഴെ പദവിയിലുള്ളവർ മുതസ്വിഫ്, സൂഫിക്കു നൽകുന്ന പാനീയത്തിന്റെ ചേരുവയുള്ളതു മുതസ്വിഫിന്നു ലഭിക്കുന്നു. മുതസ്വിഫിന്റെ പാനീയത്തിന്റെ ചേരുവയുള്ളത് മുതശബ്ബിഹിനും ലഭിക്കുന്നു. അപ്പോൾ സൂഫി ആത്മാവിന്റെ
സ്രോതസ്സിങ്കൽ സാമീപ്യത്തിന്റെ പരവതാനിയിൽ സ്ഥിതി ചെയ്യുന്നു. സൂഫി മുതസ്വിഫ് എന്ന പദവികൾ പോലെയാണ് സാഹിദ്-മുതസഹ്ഹിദ്’ എന്നീ പദവികളും. സൂഫിയും, സാഹിദും തമ്മിലുള്ള വ്യത്യാസം മുമ്പു വിവരിച്ചിട്ടുള്ളതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല.

തിരുനബി(സ) അരുളി:
“നിങ്ങൾ മുന്നേറുക. ഏകാന്തപഥികർ വളരെ മുമ്പിലെത്തിക്കഴിഞ്ഞു.”
ആരാണ് ഏകാന്തപഥികരെന്ന് ഒരാൾ ചോദിച്ചപ്പോൾ തിരുനബി(സ) പ്രതിവചിച്ചു:
“അല്ലാഹുവിന്റെ ദിക്റിൽ നിദ്രവെടിഞ്ഞു മുഴുകിയവർ. ആ ദിക്ർ അവരുടെ പാപഭാരങ്ങളെ നീക്കം ചെയ്തു. തന്മൂലം ഖിയാമം നാളിൽ ഭാരം ചുമാക്കാതെ അവർ വരുന്നു.”

സൂഫി ഈ ഏകാന്ത പഥികന്റെ പദവിയിലാണ്. മുതസ്വിഫാകട്ടെ കാൽനടക്കാരുടെ പദവിയിലും. ദിക്ർ, ഹൃദയത്തിന്റെ സൂക്ഷ്മത (മുറാഖബ), അല്ലാഹുവിന്റെ വീക്ഷണം കണ്ടു നിർവൃതിയടയാനുള്ള ഉറ്റുനോട്ടം എന്നിവയിലൂടെ ലക്ഷ്യത്തിലേക്കവർ നടന്നു നീങ്ങുന്നു. ഹൃദയ നേത്രങ്ങൾ തെളിഞ്ഞു കിട്ടാനുള്ള നീക്കമാണത്. ആത്മാവിന്റെ സ്രോതസ്സിലേക്ക് നീങ്ങുന്ന സൂഫി മുശാഹദയുടെ അവസ്ഥയിലും, ഹൃദയ ചക്ഷുസ്സിങ്കലേക്ക് ടുത്തു കൊണ്ടിരിക്കുന്ന മുതസ്വിഫ് ഹൃദയസൂക്ഷ്മത (മുറാഖബ) യുടെ അവസ്ഥയിലും, നഫ്സുമായി പോരാടിക്കൊണ്ടിരിക്കുന്ന മുതശബ്ബിഹ് സ്വയം വിചാരണ (മുഹാസബ) യുടെയും, ആത്മസമര(മുജാഹദ) ത്തിന്റെയും അവസ്ഥയിലുമാണ്.

സൂഫിയുടെ നിർവൃതി ഖൽബിന്റെ ആസ്തിത്വം കൊണ്ടും, മുതസ്വവിഫിന്റെ നിർവൃതി നഫ്സിന്റെ ആസ്തിത്വം കൊണ്ടുമത്രെ. മുതശബ്ബിഹിന് നിർവൃതിയില്ല. കാരണം നിർവൃതി ഉന്നതപദവികളുള്ളവർക്കു മാത്രമേ അനുഭവപ്പെടുകയുള്ളൂ. മുതശബ്ബിഹ് അദ്ധ്വാനിച്ചു പദവി പ്രാപിക്കാൻ ശ്രമിക്കുന്നവനാണല്ലോ. ഇതു വരെ അവൻ പദവിയിലൊന്നും എത്തിചേർന്നിട്ടില്ല. എന്നാൽ ഈ മൂന്നു ദശയിലുള്ളവരും തെരഞ്ഞെടുക്കപ്പെട്ടവരുടെ വൃത്തത്തിൽ സമ്മേളിച്ചിട്ടുണ്ടുതാനും.

പരിശുദ്ധ ഖുർആൻ പറയുന്നു:
“പിന്നെ നാം നമ്മുടെ വേദത്തെ പ്രത്യേകം തെരഞ്ഞെടുത്ത നമ്മുടെ ദാസന്മാർക്കു അനന്തരാവകാശമാക്കിക്കൊടുത്തു. അവരിൽ സ്വന്തം നഫ്സിനെ മർദ്ദിക്കുന്നവരും, മദ്ധ്യനിലക്കാരും, നന്മകൾ കൊണ്ടു മുന്നേറിയവരും ഉണ്ട്.”
ചില മുഫസ്സിറുകളുടെ വ്യാഖ്യാന പ്രകാരം, ഇവിടെപ്പറഞ്ഞ സ്വന്തം നഫ്സിനെ മർദ്ദിക്കുന്നവർ സാഹിദുകളും, മധ്യനിലക്കാർ ആരിഫീങ്ങളും, നന്മ കൊണ്ടു മുന്നേറിയവർ അല്ലാഹുവിന്റെ ആശിഖീങ്ങളുമാണ്. മറ്റു ചില മുഫസ്സിറുകളുടെ വ്യാഖ്യാനമനുസരിച്ച് നഫ്സിനെ മർദ്ദിക്കുന്നവർ ആപത്തിൽ അക്ഷമ കാണിക്കുന്നവരും, മധ്യനിലക്കാർ ആപത്തിൽ ക്ഷമിക്കുന്നവരും, മുന്നേറുന്നവർ ആപത്തു ഒരനുഗ്രഹമായി ഗണിക്കുന്നവരു മാണ്. മറ്റൊരു വ്യാഖ്യാന പ്രകാരം, നഫ്സിനെ മർദ്ദിക്കുന്നവർ അശ്രദ്ധരായി ഒരു ചടങ്ങുപോലെ ഇബാദത്തു നിർവഹിക്കുന്നവരും, മധ്യ നിലക്കാർ പ്രതീക്ഷയോടെയും ഭയത്തോടെയും ഇബാദത്തു ചെയ്യുന്നവരും, മുന്നേറുന്നവർ അല്ലാഹുവിനോടുള്ള ഇശ്ഖ് (പ്രേമം) മൂലം ഇബാദത്തു ചെയ്യുന്നവരും ആകുന്നു. മറ്റൊരു വ്യാഖ്യാനമനുസരിച്ച്, നഫ്സിനെ മർദ്ദിക്കുന്നവൻ നാവു കൊണ്ടു ദിക്റ് ചൊല്ലുന്നവനും, മധ്യനിലക്കാരൻ ഹൃദയം കൊണ്ടു ദിക്ർ ചൊല്ലുന്നവനും, മുന്നേറുന്നവൻ ഹൃദയത്തെ റബ്ബിന്റെ സിംഹാസനമാക്കി തീർത്തവനും ആകുന്നു.

അഹ്മദുബിൻ ആസിമുൽ അന്താഖി(റ) പറയുന്നു: നഫ്സിനെ മർദ്ദിക്കുന്നവൻ എന്നതു കൊണ്ടുള്ള വിവക്ഷ വാക്കുകളിലൂടെ നീങ്ങുന്നവനും, മധ്യനിലക്കാരൻ കർമ്മങ്ങളിലൂടെ നീങ്ങുന്നവനും, മുന്നേറുന്നവൻ ഉയർന്ന പദവികളിലൂടെ നീങ്ങുന്നവരുമാണ്. ഈ അഭിപ്രായ വൈജാത്യങ്ങളെല്ലാം പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. സൂഫി, മുതസ്വിഫ്, മുതശബ്ബിഹ് എന്നീ മൂന്നു വിഭാഗത്തോടു ഏതാണ്ടു യോജിക്കുന്നവയാണിവ. നഫ്സിനെ മർദ്ദിക്കുന്നവൻ മുതശബ്ബിഹും മധ്യനിലക്കാരൻ മുതസ്വവിഫും മുന്നേറുന്നവൻ സൂഫിയുമത്രെ. മൂന്നു കൂട്ടരും വിജയികൾ തന്നെ. തെരഞ്ഞെടുക്കപ്പെട്ടവരുടെ വൃത്തത്തിൽ വിജയം ഇവരെ ഒരുമിച്ചു കൂട്ടുന്നു. അല്ലാഹുവിന്റെ പ്രത്യേക ദാസർ, അവന്റെ അനുഗ്രഹത്തിനു വിധേയരായവർ, സാമീപ്യം സിദ്ധിച്ചവർ എന്നീ അവസ്ഥകളിൽ ഇവർ തമ്മിൽ ബന്ധിക്കുന്നു.

ഉസാമത്തു ബിൻ സൈദ് (റ) വിൽ നിന്നുള്ള നിവേദനത്തിൽ പറയുന്നു: നേരത്തെ ഉദ്ധരിച്ച ഖുർആൻ സൂക്തത്തിൽ പറഞ്ഞു, നഫ്സിനെ മർദ്ദിക്കുന്നവനും, മധ്യനിലക്കാരനും, മുന്നേറുന്നവനുമെല്ലാം സ്വർഗ്ഗാവകാശികളാണെന്നു തിരുനബി(സ) അരുളുകയുണ്ടായി.

ഇബ്നു അത്താഉ(റ) പറയുന്നു: നഫ്സിനെ മർദ്ദിക്കുന്നവനെന്നു പറഞ്ഞാൽ, ദുനിയാവിന്റെ ആവശ്യങ്ങൾക്കു വേണ്ടി അല്ലാഹുവിനെ സ്നേഹി ക്കുന്നവനും, മധ്യനിലക്കാരനെന്നാൽ, പാരത്രിക കാര്യങ്ങൾക്കു വേണ്ടി അല്ലാഹുവിനെ സ്നേഹിക്കുന്നവനും, മുന്നേറുന്നവൻ അല്ലാഹുവിന്റെ ഇച്ഛയിൽ തന്റെ ഇച്ഛയെ ലയിപ്പിച്ചവനുമാണ്.
ഇതു തന്നെയാണ് സൂഫിയുടെ അവസ്ഥ. മുതശബ്ബിഹ് സൂഫികളെ അനുകരിക്കുകയാണ് ചെയ്യുന്നത്. ആ അനുകരണം സൂഫികളോടു അയാൾക്ക് സാമീപ്യം നേടിക്കൊടുക്കുന്നു. ഈ സാമീപ്യമാണ് എല്ലാ വിജയത്തിന്റെയും നിദാനം. നമ്മുടെ ശൈഖ്, ളിയാഉദ്ദീൻ സുഹ്റവർദീ(റ) ഒരിക്കൽ പറഞ്ഞു: ഞങ്ങൾ ഇസ്ഫഹാനിൽ താമസിക്കുമ്പോൾ ശൈഖ് അഹ്മദുൽ ഗസ്സാലി(റ) യുടെ സന്നിധിയിൽ ഒരു മുതലാളി ചെന്ന് ഖിർഖ നൽകാൻ അപേക്ഷിച്ചു അപ്പോൾ ശൈഖ് ആ മുതലാളിയെ എന്റെ അടുത്തേക്കു വിട്ടു. ഖിർഖ ധരിക്കുന്നവൻ മനസ്സിലാക്കേണ്ട കാര്യങ്ങൾ അയാൾക്കു പഠിപ്പിക്കാൻ വേണ്ടിയാണയാളെ എന്നിലേക്കയച്ചത്. ഞാനയാൾക്ക് ഖിർഖയുടെ ഗൗരവം പറഞ്ഞു മനസ്സിലാക്കി കൊടുത്തു. അതു ധരിക്കുന്നവനുവേണ്ട യോഗ്യതകളും, ചിട്ടകളും, അദബുകളും, ഞാനയാളെ ധരിപ്പിച്ചു. അപ്പോൾ അയാൾക്ക് പേടിയായി. ഖിർഖ ധരിക്കാൻ താനർഹനല്ലെന്നു അയാൾക്കു ബോധ്യം വന്നു. അയാൾ ശൈഖിനെ സമീപിച്ചു തന്റെ ഭയം അറിയിച്ചു. അപ്പോൾ ശൈഖ് എന്നെ വിളിച്ചു. എന്നിട്ടു പറഞ്ഞു:
“നീ ചെയ്തതു നന്നായില്ല. ഞാനയാളെ നിന്നിലേക്കയച്ചത് അയാളെ പേടിപ്പിക്കാനല്ല. ഖിർഖ ധരിക്കാനുള്ള ചിട്ടകൾ മനസ്സിലാക്കിക്കൊടുക്കുന്ന തോടൊപ്പം അതിന്നു ജിജ്ഞാസ അയാളിൽ വളർത്താനാണ്. അയാളുടെ ദൃഢ നിശ്ചയത്തെ തളർത്തുന്ന വിധത്തിൽ ഉപദേശിച്ച കാര്യങ്ങളെല്ലാം സത്യം തന്നെ. ഖിർഖ ധരിക്കുന്നവന്റെ ബാധ്യതകൾ തന്നെയാണത്. പക്ഷേ, നാം ആദ്യമേ അതെല്ലാം കൂടിയങ്ങു പറഞ്ഞാൽ പ്രാരംഭദശക്കാരൻ തളരും. അതൊന്നും പിൻപറ്റാൻ അവനെക്കൊണ്ടാവുകയില്ല. അതിനാൽ നാം ചെയ്യേണ്ടതു അവന്ന് ഖിർഖ ധരിപ്പിച്ച ശേഷം ക്രമേണ നന്നാക്കിയെടുക്കലാണ്. ഒരാൾ ഒരു വിഭാ​ഗത്തിന്റെ വേഷം അണിഞ്ഞാൽ പിന്നെ അയാളെ ആ വേഷം ആ വിഭാ​ഗവുമായി അടുപ്പിച്ചു കൊള്ളും. ആ അടുപ്പവും, സഹവാസവും, അവരുടെ ചര്യകളെ അനുകരിക്കാൻ അയാളിൽ പ്രചോദനമുണ്ടാക്കിത്തീർക്കും. ആ പ്രചോദനം മൂലം ക്രമേണ അയാൾ അവരുമായി അലിഞ്ഞു ചേരുകയും, അവരെ പൂർണ്ണമായും അനുകരിക്കാൻ അയാൾക്കു സാധിക്കുകയും ചെയ്യും.

മറ്റൊരിക്കൽ നമ്മുടെ ഗുരു ളിയാഉദ്ദീൻ സുഹ്റവർദി(റ) മൊഴിഞ്ഞു: ജൂനൈദുൽ ബഗ്ദാദി(റ) തന്റെ ശിഷ്യനോടിങ്ങനെ പറയുകയുണ്ടായി:
“ശിഷ്യാ, നീ ഒരാളെ അഭിമുഖീകരിക്കുമ്പോൾ ആദ്യം തന്നെ വിജ്ഞാനവുമായിട്ടല്ല അഭിമുഖീകരിക്കേണ്ടത്. മൃദുലത കൊണ്ടഭിമുഖീകരിക്കുക. വിജ്ഞാനം അവനെ മടുപ്പിക്കും. മൃദുലത അവനിൽ ആനന്ദവും ജിജ്ഞാസയും ഉണർത്തും. അതു ജ്ഞാനത്തിലെത്തിച്ചു കൊള്ളും.”
സൂഫികൾ മുതശബ്ബിഹുകളോടും ശിഷ്യരോടും മൃദുലമായി പെരുമാറുന്നു. തന്മൂലം അവരിൽ മടുപ്പു വരാതെ സൂക്ഷിക്കാൻ കഴിയുന്നു. സൂഫി എത്രത്തോളം ഉന്നതാവസ്ഥ പ്രാപിച്ചിരിക്കുന്നുവോ, അത്രത്തോളം കൂടുതൽ മൃദുലത പ്രാരംഭ ദശയിലുള്ളവരോടു കാണിക്കുന്നു.
ഒരു ജ്ഞാനിയെപ്പറ്റി റിപ്പോർട്ടു ചെയ്യപ്പെടുന്നു. ഒരു ശിഷ്യൻ അദ്ദേഹത്തെ ഗുരുവായി സ്വീകരിച്ചതു മുതൽ അദ്ദേഹം തന്റെ ഇബാദത്തുകൾ വർദ്ധിപ്പിക്കുകയും പൂർവ്വോപരി കഠിനാദ്ധ്വാനങ്ങളിൽ മുഴുകുകയും ചെയ്തു. ശിഷ്യൻ, തന്നെ അനുകരിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെയാണ് ഇപ്രകാരം ചെയ്തത്.

സൂഫികളുടെ പാതയിൽ വിശ്വാസവും, അതനുസരിച്ചുള്ള കർമ്മവും, പ്രയത്നവുമുള്ള യഥാർത്ഥ മുതശബ്ബിഹ് മുജാഹദ (നഫ്സിനോടു സമരം), മുഹാസബ (സ്വയം വിചാരണ) എന്നീ അവസ്ഥകളുള്ളവനായിരിക്കും. അവൻ പുരോഗമിച്ച് മുതസ്വിഫ് ആയിമാറിയാൽ മുറാഖബ(ഹൃദയ സൂക്ഷ്മത) എന്ന അവസ്ഥയിലെത്തുന്നു. പിന്നെയും പുരോഗമിച്ചു അവൻ പൂർണ്ണ സൂഫിയായി മാറുമ്പോൾ അവന് മുശാഹദ (ദർശനം) ലഭിക്കുന്നു.
ഈ മുന്നേറ്റം യഥാർത്ഥ മുതശബ്ബിഹിനു മാത്രമേ ഉണ്ടാകു. സൂഫികളുടെയും, മുതസ്വിഫുകളുടെയും വേഷം മാത്രം അനുകരിക്കുകയും, തഖ് വയും ചിട്ടകളുമൊന്നും അനുകരിക്കാതിരിക്കുകയും ചെയ്യുന്നുവന്ന് മുതശബ്ബിഹ് എന്ന പേരിന് പോലും അർഹതയില്ല. അവൻ മുതശബ്ബിഹിന്റെ മുതശ ബ്ബിഹാണ്, അനുകരിക്കുന്നവൻ. എന്നാലും വെറുതെയാവുകയില്ല. ഈ സമുദായത്തോടു ഏതെങ്കിലും തരത്തിൽ അടുപ്പമുള്ളവരൊന്നും പരാജിതരാവുകയില്ല. ഒരു സമുദായത്തെ അനുകരിക്കുന്നവൻ ആ സമുദായത്തിൽപെട്ടവൻ തന്നെയെന്നാണല്ലോ നബിവചനം.
അബുഹുറൈറ(റ) നിവേദനം ചെയ്യുന്നു: തിരുനബി(സ) അരുളി:
“അല്ലാഹുവിനു ചില മലക്കുകളുണ്ട്. ജനങ്ങളുടെ നന്മതിന്മകൾ രേഖപ്പെടുത്തുന്ന വകുപ്പുകാരാണവർ. പാതകളിലൂടെ അവർ പ്രദക്ഷിണം ചെയ്യും. ദിക്റിന്റെ സദസ്സുകളിൽ അവർ ചെന്നെത്തും. അവിടെയെത്തിയാൽ കൂട്ടുകാരെ അവർ വിളിക്കും: വരൂ, ഇതാ നിങ്ങളുടെ ലക്ഷ്യസ്ഥലം.
അപ്പോൾ ആ മലക്കുകളെല്ലാം വന്നു പൊതിയും. അവർ ചിറകുകൾ വിടർത്തി ദിക്ർ ചൊല്ലുന്നവർക്കു അകമ്പടി സേവിച്ചു നിൽക്കും. അപ്പോൾ അല്ലാഹു അവരോടു ചോദിക്കും: “മലക്കുകളേ, എന്റെ അടിമകൾ എന്താണ് ചൊല്ലുന്നത്?” മലക്കുകൾ പ്രതിവചിക്കും: “നിന്നെ ഇവർ സ്തുതിക്കുന്നു. നിന്നെ പ്രകീർത്തിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു.
അല്ലാഹു ചോദിക്കും: “അവർ എന്നെ കണ്ടിട്ടുണ്ടോ?” ഇല്ലെന്നു മലക്കുകൾ പറയുമ്പോൾ അല്ലാഹു ചോദിക്കും: “എന്നെ അവർ കണ്ടാൽ എന്തായി രിക്കും സ്ഥിതി?”
മലക്കുകൾ പറയും: “കണ്ടാൽ ഇവരുടെ ഈ ദിക്റും തസ്ബീഹും ഹംദും ശക്തമാകും.“
അല്ലാഹു ചോദിക്കും: “അവരെന്താണവശ്യപ്പെടുന്നത്?
മലക്കുകൾ പറയും: “സ്വർഗ്ഗം..“
അല്ലാഹു: “അതവർ കണ്ടിട്ടുണ്ടോ?”
മലക്കുകൾ: “ഇല്ല”
അല്ലാഹു: “കണ്ടാൽ എന്തായിരിക്കും സ്ഥിതി?“
മലക്കുകൾ: “ഇവരുടെ പ്രാർത്ഥന ഇതിനേക്കാൾ ശക്തമാകും, ആഗ്രഹവും. നരകത്തിൽ നിന്നു അഭയം ചോദിക്കുകയും ചെയ്യുന്നുണ്ട് ഇവർ.
അല്ലാഹു: “അതവർ കണ്ടിട്ടുണ്ടോ?”
മലക്കുകൾ: “ഇല്ല”
അല്ലാഹു: “അതു കണ്ടാൽ എന്തായിരിക്കും സ്ഥിതി…“
മലക്കുകൾ: “ഇവർ കഠിനമായി അഭയം ചോദിക്കും ഭയന്നോടുകയും ചെയ്യും.“
അല്ലാഹു: “എന്റെ മലക്കുകളെ, നിങ്ങൾ സാക്ഷികളാകുവീൻ, ഞാനിതാ അവരുടെ പാപങ്ങളെല്ലാം മാപ്പു ചെയ്യുന്നു.“
മലക്ക്: “അല്ലാഹുവേ, ഇവരിൽ ഒരാൾ മറ്റെന്തോ ആവശ്യത്തിന്നു വേണ്ടി ഈ മജ്ലിസിൽ വന്നതാണ്. അയാൾ ഇതിൽ പെട്ടതല്ല.“
അല്ലാഹു: “ അയാളും അവരുടെ സദസ്യനാണല്ലോ? അവരുടെ സദസ്യൻ നിർഭാഗ്യവാനാകാൻ പാടില്ല.“
ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ സൂഫിയുടെയോ, മുതസ്വിഫിന്റെയോ, മുതശബ്ബിഹിന്റെയോ, ഇവരെ സ്നേഹിക്കുന്നവരുടെയോ സദസ്സ്യരൊന്നും നിർഭാഗ്യവാന്മാരാവുകയില്ല. അക്കൂട്ടത്തിൽ നമ്മെയും അല്ലാഹു ഉൾപ്പെടുത്തുമാറാകട്ടെ… ആമീൻ.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy