വ്യാജ സൂഫികൾ

അവാരിഫുൽ മആരിഫ്: അദ്ധ്യായം 9:
ഇമാം ശിഹാബുദ്ദീൻ സുഹ്റവർദി(റ):

സൂഫീസത്തിന്റെ പേരിൽ പ്രച്ഛന്നവേഷങ്ങൾ ആടിത്തിമർക്കുന്ന കാലമാണിത്. ശരീഅത്തിനെയും ഇസ് ലാമിലെ ബാ​ഹ്യമായ അനുഷ്ഠാന കർമ്മങ്ങളെയുമെല്ലാം നിഷേധിച്ച് ആത്മീയൗന്നത്യം സിദ്ധിച്ചവരാണ് തങ്ങളെന്ന് ഭാവിക്കുന്നവരും ജനങ്ങളെ കബളിപ്പിക്കുന്നവരുമാണവർ. ഇത്തരം വിഭാ​ഗങ്ങളുടെ സാന്നിധ്യം ഇക്കാലത്ത് മാത്രമല്ല ഇമാം ശിഹാബുദ്ദീൻ സുഹ്റ വർദി(റ) യെ പോലുള്ളവർ ജീവിച്ച എട്ടു നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ആ കാലത്ത് പോലും സജീവമായിരുന്നുവെന്ന് വ്യാജ സൂഫികളെ സംബന്ധിച്ചുള്ള ഈ അദ്ധ്യായത്തിലെ മുന്നറിയിപ്പുകൾ തെളിയിക്കുന്നു. എന്നാൽ ഇക്കാലത്ത് പല വിധ രൂപഭേദങ്ങളോടെ ഇത്തരം ശരീഅത്ത് നിഷേധികളും ​ഗൂഢാർത്ഥവാദികളും പെരുകി വരുമ്പോൾ സത്യവിശ്വാസികൾ പാലിക്കേണ്ട ജാ​ഗ്രതയെ സംബന്ധിച്ച് കൃത്യമായ ഉൾക്കാഴ്ച പകരുന്നതാണ് ഇതിലെ ഉദ്ബോധനങ്ങൾ.

ഔഷധച്ചെടികൾക്കിടയിലെ വിഷപ്പുല്ലുകൾ പോലെ പുണ്യാത്മാക്കളായ സൂഫികൾക്കിടയിലും വ്യാജന്മാരെ കാണാറുണ്ട്. ‘സൂഫി’, ‘ഖലന്തർ, ‘മലാമത്തി’ എന്നീ ലേബളുകളണിഞ്ഞു ഇവർ ജനങ്ങളെ ചൂഷണം ചെയ്യുന്നു. സൂഫി, മലാമത്തി എന്നീ വിഭാഗങ്ങളെപ്പറ്റി നാം വിവരിച്ചു കഴിഞ്ഞു. സൂഫികളെപ്പോലെ മലാമത്തികളും, ഇഖ്ലാസും, നിഷ്കളങ്കതയും മുഖമുദ്രയാക്കിയവരാണ്. ഖലന്തറുകളും തഥൈവ. എന്നാൽ ഇവരുടെ ലേബലിൽ ഉദരപൂരണം നടത്താൻ ഇറങ്ങിതിരിച്ചവർക്ക് ഈ വിഭാഗങ്ങളുമായി യാതൊരു ബന്ധവുമില്ല. ഖലന്തറുകളായി വേഷം കെട്ടാനാണ് വ്യാജന്മാർ കൂടുതൽ ശ്രമിക്കാറുള്ളത്. കാരണം, ആ പേരിൽ ജനങ്ങളെ കബളിപ്പിക്കാൻ എളുപ്പമാണ്. ഒരുതരം മസ്താന്മാരാണ് ഖലന്തറുകൾ. സൂഫികളെപ്പോലെയോ, മലാമത്തികളെപ്പോലെയോ, ചിട്ടകളൊന്നും അവർ പാലിക്കാറില്ല. പക്ഷേ, അവരുടെ ഹൃദയം സംശുദ്ധമായിരിക്കും. ഫർളായ കർമ്മങ്ങളിൽ മാത്രമേ അവർ ശ്രദ്ധിക്കാറുള്ളു. മിക്കവാറും സുന്നത്തുകളിലൊന്നും ഇവർ താല്പര്യം കാണിക്കാറില്ല. അനുവദീനയ ഭൗതിക സുഖങ്ങളൊന്നും ത്യജിക്കാറില്ല. ശരീഅത്തിന്റെ ഇളവുകളെല്ലാം ഇവർ അനുഭവിക്കാറുണ്ട്. തീവ്രമായ ത്യാഗങ്ങളൊന്നും അനുഷ്ഠിക്കാറില്ല. എങ്കിലും ഭൗതീക വിഭവങ്ങൾ സമ്പാദിച്ചു വെക്കാറില്ല. അതു തെറ്റാണെന്ന് ഇവരും വിശ്വസിക്കുന്നു.

മനഃശുദ്ധിയിലാണിവരുടെ ശ്രദ്ധ. വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതോ, മെച്ചപ്പെട്ട വസ്ത്രം ധരിക്കുന്നതോ ഇവരുടെ ചിട്ടകൾക്കെതിരല്ല. വേഷത്തിൽ ഇവർക്കു താല്പര്യമില്ല. ഇവരെക്കണ്ടാൽ ഫഖീറുകളാണെന്നു തോന്നുകയില്ല. ഉന്നത പദവികളിലേക്കൊന്നും ഇവർ പുരോഗമിക്കാറില്ല. തങ്ങൾക്കുള്ള പദവിയുമായി എന്നും ഇവർ കഴിഞ്ഞുകൂടുന്നു. ഹൃദയശുദ്ധിയിൽ ഈ വിഭാഗത്തിന്ന് കണിശമായ ചിട്ടകളുണ്ട്. ബാഹ്യമായ വിശുദ്ധിയിലൊന്നും ശ്രദ്ധയില്ലെന്നു മാത്രം. ഇതാണ് നാം പറഞ്ഞത് ഈ വിഭാഗത്തിന്റെ ലേബലിൽ ജനങ്ങളെ ചൂഷണം ചെയ്യാൻ വ്യാജന്മാർക്കു എളുപ്പമാണെന്ന്.

‘മലാമത്തി’കളും ‘ഖലന്തറു’കളും തമ്മിലുള്ള വ്യത്യാസം അല്പം വിവരിക്കാം. ‘മലാമത്തി’കൾ തങ്ങളുടെ നന്മ മറച്ചു വെക്കാനും തിന്മ മൂടിവെക്കാതി രിക്കാനും ശ്രമിക്കുന്നവരാണെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ? ഖലന്തറുകൾക്ക് അതിലൊന്നും താല്പര്യവുമില്ല. പതിവുകളും, ചിട്ടകളും ലംഘിച്ചു കൊണ്ടാണവരുടെ ജീവിതം. ശറഇന്നു വിരുദ്ധമായതൊന്നും ചെയ്യുകയില്ലെന്നു മാത്രം. ഖലന്തറുകൾ തങ്ങളുടെ പദവികൾ മൂടിവെക്കാൻ ശ്രമിക്കാറില്ല. വെളിവാക്കാനും ശ്രമിക്കാറില്ല. ജനങ്ങൾ തങ്ങളെ മനസ്സിലാക്കുന്നതും, മനസ്സിലാക്കാതിരിക്കുന്നതും അവർക്ക് പ്രശ്നമില്ല. മനഃശുദ്ധി വേണം. അതാണവരുടെ മൂലധനം. അതാണവരുടെ ജീവിതരീതി.
മലാമത്തികൾ കർമ്മങ്ങളിലൂടെ കൂടുതൽ കൂടുതൽ സാമീപ്യം നേടിക്കൊണ്ടിരിക്കുന്നു. ഖലന്തറുകൾക്ക് അതിലും താല്പര്യമില്ല. സൂഫിയാകട്ടെ, തീവ്രമായ ഇബാദത്തുകളിലൂടെയും കഠിനമായ പരിശീലനമുറകളിലൂടെയും സൂക്ഷ്മമായ അച്ചടക്കത്തോടെ ജീവിക്കുന്നു. മറച്ചു വെക്കേണ്ടത് മറച്ചു വെക്കുകയും വെളിപ്പെടുത്തേണ്ടതു മാത്രം വെളിപ്പെടുത്തുകയും ചെയ്യുന്നു. കണിശമായ ക്രമവും, ചിട്ടയും ജീവിതത്തിൽ സൂഫി പാലിക്കുന്നു. ഇഖ്ലാസും നിഷ്കളങ്കതയും സൂഫിയിൽ സമ്പൂർണ്ണമായിരിക്കും.

ഈ മൂന്നു വിഭാഗങ്ങളെ മാറി മാറി അനുകരിച്ച് ഉദരപൂരണം നടത്തുകയാണ് വ്യാജന്മാർ ചെയ്യുന്നത്. ചിലപ്പോളവർ പറയും, തങ്ങൾ ‘മലാമത്തി’ വിഭാഗത്തിൽ പെട്ടവരാണെന്ന്. സൂഫിമാരുടെ വേഷമണിയുകയും ചെയ്യും. കാണുന്നവർക്ക് തോന്നും ഇവർ സൂഫികളാണെന്ന്. ആ പരിശുദ്ധ വേഷത്തിന്നുള്ളിൽ വൃത്തികേടുകൾ അവർ ഒളിച്ചുവെയ്ക്കുന്നു. സൗകര്യം പോലെ പല പേരുകളും പറഞ്ഞു ജനങ്ങളെ കബളിപ്പിക്കുന്നു. സൗകര്യാർത്ഥം ‘ഖലന്തറു’കളുടെ പേരും ദുരുപയോഗപ്പെടുത്തുന്നു. തങ്ങളുടെ ഹൃദയം സായൂജ്യമനുഭവിക്കുകയാണെന്നും മറ്റും ഇവർ തട്ടിവിടുന്നു. ലക്ഷ്യത്തിലെത്തിയവർക്ക് പിന്നെ ശരീഅത്തിന്റെ ചിഹ്നങ്ങളിലൊന്നും കാര്യമില്ലെന്നിവർ പുലമ്പും. അതൊക്കെ പാമരന്മാർക്കേ ബാധകമാവുകയുള്ളൂ, ബ്രഹ്മജ്ഞാനം ലഭിച്ചവർക്ക് പിന്നെന്തു ശരീഅത്ത് എന്നൊക്കെ ജല്പിക്കുന്ന ഇവർ പിശാചുക്കളാണെന്നു ഗ്രഹിക്കുക. മതനിഷേധത്തിന്റെ വകഭേദം. സിന്തീഖുകളാണവർ. ശരിഅത്തിനു വില കല്പിക്കാതിരിക്കൽ മതനിഷേധമാണ്. അതു ചെയ്യുന്ന ഇക്കൂട്ടർ കപടന്മാരാണെന്ന് ഇവർക്കറിഞ്ഞുകൂടാ. അല്ലാഹുവിന്ന് ദാസ്യവൃത്തി ചെയ്യുന്നവർ മാത്രമാണ് സൂഫി, ഖലന്തർ, മലാമത്തി എന്നി വിഭാഗങ്ങളിലുള്ള തെന്നും, ശരീഅത്തിന്റെ പൊരുളാണവയുടെയൊക്കെ പൊരുളെന്നും, അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവർ ദാസ്യവൃത്തിയുടെ മുത്തുമാല ഒരിക്കലും പൊട്ടിച്ചെറിയുകയില്ല. അതു പൊട്ടിച്ചെറിയുന്നവർ ഉദരത്തിന്റെ ദാസരാണ്. തന്നിഷ്ടത്തിന്റെ അടിമകളാണ്. അതുകൊണ്ടാണവർ തക് ലീഫിന്റെ മതിലുകൾ പൊളിച്ചു പുറത്തു ചാടുന്നത്. അവരുടെ ഉള്ളിലെ ചീഞ്ഞു നാറ്റം ജ്ഞാനികൾക്കനുഭവപ്പെടുക തന്നെ ചെയ്യും. അവരുടെ ആത്മാവിന്റെ കുഷ്ഠ വ്യാധി പുണ്യാത്മാക്കൾ കാണും. പക്ഷേ പാമരന്മാരെ വഞ്ചിക്കാൻ ഇവർക്ക് സാധിക്കുന്നു.

ഉമർ ഫാറൂഖ്(റ) വിൽ നിന്ന് അബ്ദുല്ലാഹിബ്നു ഉത്തുബത്ത്(റ) റിപ്പോർട്ടു ചെയ്യുന്നു. ഉമർ ഫാറൂഖ്(റ) അരുളി:
”നബിതിരുമേനി(സ) യുടെ കാലത്ത് ആളുകൾക്ക് ദിവ്യവെളിപാടുകളുടെ വെളിച്ചം ലഭിച്ചിരുന്നു. ഇപ്പോൾ അതു നിന്നുപോയി. ഇന്ന് നാം നിങ്ങളുടെ ബാഹ്യ കർമ്മങ്ങൾ നോക്കി മാത്രം തീരുമാനമെടുക്കുന്നു. വല്ലവനും നന്മ വെളിവാക്കിയാൽ നാം അയാളെ വിശ്വസിക്കുന്നു.
നമ്മുടെ സാമീപ്യം നൽകുകയും ചെയ്യുന്നു. അയാളുടെ രഹസ്യം നമുക്കു നോക്കാൻ കഴിവില്ല. അതല്ലാഹു നോക്കിക്കൊള്ളും. അതനുസരിച്ചയാളെ വിചാരണ ചെയ്യുകയും, ചെയ്തു കൊള്ളും. വല്ലവനും തിന്മ വെളിവാക്കിയാൽ നാം അവനെ വിശ്വസിക്കുകയില്ല. തന്റെ മനസ്സു ശുദ്ധമാണെന്ന അയാളുടെ വാദം സ്വീകരിക്കാൻ നമുക്ക് നിർവ്വാഹമില്ല.”

മറ്റൊരു റിപ്പോർട്ടിൽ ഉമർ ഫാറൂഖ്(റ) പറയുന്നു: ”വല്ലവനും തെറ്റിദ്ധാരണയുളവാക്കുന്ന കാര്യങ്ങൾ ചെയ്താൽ പിന്നെ അയാളെ വല്ലവരും കുറ്റപ്പെടുത്തുന്നുവെങ്കിൽ അതിൽ പരിഭവിച്ചിട്ടു കാര്യമില്ല. സ്വന്തം നഫ്സിനോടു തന്നെയാണയാൾ പരിഭവിക്കേണ്ടത്. വല്ലവനും ശരീഅത്തിനെ വില വെക്കാതിരിക്കുകയോ, ഫർളുകളെ നിസ്സാരമാക്കുകയോ വെറുക്കപ്പെട്ട രംഗങ്ങളിൽ പ്രവേശിക്കുകയോ ചെയ്യുന്നത് നാം കണ്ടാൽ പിന്നെ അവന്നു നമുക്കിടയിൽ സ്ഥാനമില്ല. ഉദ്ദേശ്യ ശുദ്ധിയെപ്പറ്റിയുള്ള വാദങ്ങളൊന്നും അവനിൽ നിന്നു സ്വീകാര്യമല്ല.”

അബൂമുഹമ്മദുൽ ജരീരി(റ) പറയുന്നു: ”അബുൽ ഖാസിം ജൂനൈദുൽ ബഗ്ദാദി(റ)യോടു ഒരാൾ പറയുന്നതു ഞാൻ കേട്ടു. മഅ് രി ഫത്തിലെത്തിക്കഴിഞ്ഞാൽ പിന്നെ തഖ് വയും, കർമ്മങ്ങളുമെല്ലാം നിലയ്ക്കുമെന്നു ചിലർ പറയുന്നുണ്ടല്ലോ? ജൂനൈദു(റ) പ്രതിവചിച്ചു: ”ചിലരങ്ങിനെ വാദിക്കുന്നുണ്ടെന്നു എനിക്കറിയാം. ഈ വാദത്തെ വളരെ ഗൗരവത്തോടെയാണ് ഞാൻ വീക്ഷിക്കുന്നത്. എത്രത്തോളമെന്നാൽ ഇത്തരം വാദക്കാരേക്കാൾ ഉത്തമർ, മോഷ്ടിക്കുകയും, വ്യഭിചരിക്കുകയും ചെയ്യുന്ന മഹാപാപികളാണെന്നു ഞാൻ വിശ്വസിക്കുന്നു. ആരിഫീങ്ങൾ എന്നും കർമ്മനിരതരായിരിക്കും. ആയിരം കൊല്ലം ജീവിച്ചാലും എന്റെ കർമ്മങ്ങളിൽ ഒരണുത്തൂക്കം കുറഞ്ഞു പോകരുതെന്ന് എനിക്ക് നിർബന്ധമുണ്ട്; എന്റെ ശക്തി നഷ്ടപ്പെട്ടാലൊഴികെ. അതാണെന്റെ മഅ് രിഫത്തിന്നും, പദവിയ്ക്കും ശക്തി പകരുക.”

മറ്റൊരു വിഭാഗമുണ്ട്. അല്ലാഹു മനുഷ്യനായി അവതരിക്കുമെന്നവർ വാദിക്കുന്നു. താൻ തെരഞ്ഞെടുക്കുന്ന ചില ശരീരങ്ങളിൽ അല്ലാഹു നിലകൊ ള്ളുമത്രെ. ഇതു ക്രൈസ്തവരുടെ അവതാര സിദ്ധാന്തം തന്നെയാണ്. അല്ലാഹു യേശുക്രിസ്തുവായി ഭൂമിയിലവതരിച്ചുവെന്നും മറ്റും അവർ ജൽപിക്കുന്നു.
ഇനിയുമൊരു വിഭാഗമുണ്ട് സുന്ദരികളായ അന്യസ്ത്രീകളെ കാണുന്നതിൽ ഞങ്ങൾക്കു തെറ്റില്ലെന്നാണ് ഇവരുടെ വാദം. (നഊദുബില്ലാ) കപടന്മാരാണ് ഈ വാദമുന്നയിക്കുന്നത്. തങ്ങൾ അല്ലാഹുവിന്റെ അവതാരമാണെന്നും, അതിനാൽ അന്യസ്ത്രീകളെ കാണുന്നതിൽ തങ്ങൾക്കു തെറ്റില്ലെന്നും ഇവർ ജൽപിക്കുന്നു. ഭക്തിയുടെ പേര് പറഞ്ഞ് തെമ്മാടിത്തരങ്ങൾ ചെയ്യുന്ന തോന്നിവാസികളാണിവർ. സ്ത്രീലമ്പടന്മാർ.
അല്ലാഹു മനുഷ്യനായി അവതരിക്കുമെന്നതിന്നു ഇവർ പറയാറുള്ള ന്യായമാണ് ഏറെ വിചിത്രം. ഉന്മാദാവസ്ഥയിലോ മറ്റോ ചില പുണ്യാത്മാക്കൾ പറഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെടുന്ന ചില വാക്കുകളാണിവർക്ക് തെളിവ്. ഉദാഹരണം, ഞാൻ സത്യമാണ്, ഞാനാണ് സത്യം (അനൽ ഹഖ്) എന്ന് ശൈഖ് ഹല്ലാജ്(റ) പറഞ്ഞുവെന്നും, എന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തിക്കുന്നു (സുബ്ഹാനി) എന്ന് ജുനൈദുൽ ബഗ്ദാദി(റ) പറഞ്ഞുവെന്നും ഉള്ള റിപ്പോർട്ടുകൾ ഇവർ എടുത്തുദ്ധരിക്കുന്നു. വാസ്തവത്തിൽ ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ തന്നെ ജുനൈദ്(റ) വിന്റെ വാക്ക് അദ്ദേഹത്തിന്റെ സ്വന്തമായ വാക്കല്ല. അത് അല്ലാഹുവിൽ നിന്നുള്ള ഉദ്ധരണിയാണ്. ഹല്ലാജി(റ)വിന്റെ വാക്കും അപ്രകാരമാകാനാണ് സാദ്ധ്യത. അല്ലാതെ ഞാൻ തന്നെയാണ് അല്ലാഹു എന്ന അർത്ഥത്തിൽ അവരാരെങ്കിലും അങ്ങിനെ പറയുകയാണങ്കിൽ തീർച്ചയായും അവരെയും നാം വെറുതെ വിടുകയില്ല. ഇവരെപ്പോലെ അവരെയും തള്ളിക്കളയും, നാം ആ മഹാത്മാക്കളുടെ വാക്കുകൾ നല്ല നിലയിൽ വ്യാഖ്യാനിക്കുകയാണ് ചെയ്യേണ്ടത്. ഒരെഴുപതു തവണ വ്യാഖ്യാനിച്ചാലും അധികമല്ല.

അല്ലാഹുവിന്റെ റസൂൽ (സ) നമുക്ക് വ്യക്തവും ശുദ്ധവും ഋജുവുമായ പാത കാണിച്ചു തന്നിട്ടുണ്ട്. സ്രഷ്ടാവിന്നു യോജിക്കുന്നതും, അല്ലാത്തതുമായ വിശേഷണങ്ങൾ വിശദീകരിച്ചു തന്നിട്ടുമുണ്ട്. അതിന്നെതിരായതൊന്നും സത്യവിശ്വാസിക്കു സ്വീകാര്യമല്ല. എത്ര വലിയ ഉന്നതനായാലും അതിന്നെതിരു പറഞ്ഞാൽ അവൻ ആ നിമിഷത്തിൽ നിലം പതിച്ചു പോകും. ഒരു സൃഷ്ടി സ്രഷ്ടാവാകുകയോ, സ്രഷ്ടാവ് സൃഷ്ടിയിൽ അവതരിക്കുകയോ ചെയ്യൽ അസംഭവ്യമാണെന്നു ശരീഅത്തു തീർത്തു പറയുന്നു. വഞ്ചനയിൽ അകപ്പെട്ട ദുർബ്ബലന്മാർ ചില വാക്കുകൾ കേൾക്കുന്നു. ആ വാക്കുകളെ തങ്ങളുടെ അപക്വമായ ചിന്തയിലിട്ടു വാർത്തെടുക്കുന്നു. എന്നിട്ടതൊക്കെ അല്ലാഹുവിന്റെ മേൽ വെച്ചുകെട്ടുന്നു. അല്ലാഹു എന്നോടു സംസാരിച്ചതാണു ഇതൊക്കെയെന്നു പ്രചരിപ്പിക്കുന്നു, “ഞാൻ അല്ലാഹുവിനോട് ഇന്ന കാര്യങ്ങൾ പറഞ്ഞു, “അല്ലാഹു എന്നോടു ഇന്ന കാര്യങ്ങൾ പറഞ്ഞു“ എന്നൊക്കെ പുലമ്പുന്നു. ഇത്തരക്കാർ ഒന്നുകിൽ പടുജാഹിലുകളായിരിക്കും. സ്വന്തം നഫ്സിന്റെ ദുർമന്ത്രണങ്ങളെപ്പറ്റി ഒരു ചുക്കും അറിയാത്ത പടുജാഹിലുകൾ, അല്ലാഹുവിന്റെ സംഭാഷണ രീതിയെപ്പറ്റി യാതൊന്നും പഠിച്ചിട്ടില്ലാത്ത വിഡ്ഢികൾ. ചിലപ്പോൾ പഠിച്ചവർ തന്നെ ഈ മഹാപാപത്തിന്നു മുതിർന്നേക്കാം. തന്നിഷ്ടങ്ങളുടെ പ്രേരണയും, ചൂഷണ മോഹവും, സ്വാർത്ഥതയുമായിരിക്കും ആ സാഹസത്തിന്നു പിന്നിലുള്ളത്. ഉദരപൂരണമായിരിക്കും ലക്ഷ്യം. താൻ അല്ലാഹുവിന്റെ സാമീപ്യം ലഭിച്ച മഹാനാണെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഭൗതിക വിഭ ങ്ങൾ സമ്പാദിക്കാനുള്ള കുതന്ത്രം. ഏറെക്കാലം കഠിനാദ്ധ്വാനം ചെയ്തു ഇബാദത്തിൽ മുഴുകി, ഉന്നതപദവികൾ കരസ്ഥമാക്കിയ ചില പുണ്യാത്മാക്കൾക്ക് ലഭിക്കുന്ന ദർശനങ്ങളെ അനുകരിക്കാൻ ഇവർ വ്യാമോഹിക്കുന്നു. അവരെപ്പോലെ ഞങ്ങൾക്കും ദർശനമുണ്ടെന്നിവർ ജൽപ്പിക്കുന്നു.
എന്നാൽ ആ പുണ്യാത്മാക്കളാകട്ടെ, ശരീഅത്തിന്റെ അതിർത്തികളിൽ നിന്നു ഒരിഞ്ചു നീങ്ങാതെ അദ്ധ്വാനിച്ചു നേടിയ പദവിയാണതെന്നു ഈ വ്യാജൻമാർ സൗകര്യപൂർവ്വം മറച്ചുവെക്കുന്നു. ആ മഹാന്മാർക്ക് ഭൗതിക സുഖങ്ങളിൽ യാതൊരു താല്പര്യവുമില്ലെന്ന വസ്തുത ഇവരോർക്കുന്നില്ല. ഇവർക്കാകട്ടെ അതിൽ മാത്രമാണ് താല്പര്യം. ഇവിടെ സുഖിക്കാനാണ് ഈ കുറുക്കു വഴി ഇവർ തെരഞ്ഞെടുക്കുന്നത്. ദുനിയാവിനെ ത്വലാഖു ചൊല്ലിയ പുണ്യാത്മാക്കളാകട്ടെ ദുനിയാവ് അവരുടെ പാദസേവക്കു വരുമ്പോൾ പുറം കാലു കൊണ്ടു തട്ടിതെറിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുതന്നെയാണ് വ്യാജന്മാരിൽ നിന്ന് പുണ്യാത്മാക്കളെ തിരിച്ചറിയാനുള്ള ഒന്നാമത്തെ ലക്ഷണം. ത്യാഗത്തിലൂടെയും തഖ് വയിലൂടെയും, കഠിനമായ പരിശീലനങ്ങളിലൂടെയും ദീർഘദൂരം മുന്നോട്ടു പോയ മഹാത്മാക്കൾക്ക് ശരീഅത്തിനോടു യോജിച്ച വെളിപാടുകൾ ഉണ്ടാവാറുള്ളത് സത്യമാണ്. ദുനിയാവിൽ നിന്നു മുഴുവൻ ശ്രദ്ധയും അല്ലാഹുവിലേക്ക് തിരിഞ്ഞതിന്റെ ഫലമാണത്. അതു പലവിധത്തിലുമുണ്ടാകാം. മനസ്സിൽ അല്ലാഹു തോന്നിപ്പിക്കുക, സ്വപ്നം കാണിച്ചു കൊടുക്കുക തുടങ്ങിയ രീതികളിൽ ഈ ദർശനം ലഭിക്കും തോറും ആ പുണ്യാത്മാക്കൾ തങ്ങളുടെ ദാസ്യാവസ്ഥയും സ്രഷ്ടാവിന്റെ യജമാനാവസ്ഥയും കൂടുതൽ ദൃഢീകരിക്കുകയാണ് ചെയ്യുക. ഇങ്ങിനെ ലഭിക്കുന്ന വെളിപാടുകൾ ദൈവവചനങ്ങളാണെന്നവർ ജപിക്കാറുമില്ല. അല്ലാഹു മനസ്സിലേക്കു നിക്ഷേപിച്ചു തരുന്ന ജ്ഞാനശകലങ്ങളായേ ഗണിക്കുകയുള്ളൂ. അല്ലാഹുവിൽ അഭയം തേടുക, മറ്റെല്ലാ വസ്തുക്കളിൽ നിന്നും അല്ലാഹുവിലേക്ക് ഓടി രക്ഷപ്പെടുക. ഇതായിരിക്കും അവരുടെ സ്വഭാവം. അങ്ങിനെ നഫ്സിന്റെ ദുർമന്ത്രണങ്ങളിൽ നിന്നു അവർ ഓടിയകലുന്നു. ഉള്ളിലുദിക്കുന്ന തന്നിഷ്ടങ്ങളിൽ നിന്ന് മോചനം തേടുന്നു. സൃഷ്ടി സ്രഷ്ടാവിൽ അഭയം കണ്ടെത്തൽ അങ്ങിനെയാണ്. വചനത്തെ സ്രഷ്ടാവിലേക്ക് ചേർക്കാൻ അവർ ധൈര്യപ്പെടുകയില്ല. വ്യതിചലനത്തെ ഭയപ്പെടുന്നതുമൂലമാണിത്. മായം ചേർക്കലിനെപ്പറ്റിയുള്ള പേടി മൂലവും.

മറ്റു ചിലരുണ്ട്. അവർ വാദിക്കുന്നു തങ്ങൾ തൗഹീദിന്റെ അനന്തമായ പാരാവാരത്തിൽ മുങ്ങിപ്പൊങ്ങിയവരാണെന്ന്. തങ്ങൾക്ക് ചലനത്തിന്റെ ആവശ്യമില്ലെന്നവർ തട്ടിവിടുന്നു. അല്ലാഹുവിന്റെ പ്രവർത്തനങ്ങൾക്കു നിന്നു കൊടുക്കേണ്ട ചുമതല മാത്രമേയുള്ളൂ തങ്ങൾക്കെന്നാണിവരുടെ ഭാഷ്യം. വേറെ യാതൊരു ഉത്തരവാദിത്തവും അവർക്കില്ലത്രെ. ഇതിന്റെ അടിസ്ഥാനത്തിൽ തന്നിഷ്ടമനുസരിച്ചവർ ജീവിക്കുന്നു. പാപങ്ങളിൽ യാതൊരു കൂസലുമില്ലാതെ മുഴുകുന്നു. അല്ലാഹുവിനെപ്പറ്റി വഞ്ചിതരാണിവർ. മതവൃത്തത്തിൽ നിന്നും ബഹിഷ്കൃതരും അതിരുകളെല്ലാം ലംഘിക്കുകയും, ഹറാമുകളും ഹലാലുകളും കൂട്ടിക്കുഴക്കുകയുമാണിവരുടെ സ്വഭാവം.
സഹ് ൽ(റ) വിനോടു ഒരാൾ പറഞ്ഞു: “ഇവിടെ ഒരാൾ വന്നിരിക്കുന്നു. അയാൾ പറയുന്നു: ഞാനൊരു വാതിൽപ്പൊളിപോലെയാണ്. അടച്ചാൽ അടയും, തുറന്നാൽ തുറക്കും, ഇളക്കുമ്പോൾ മാത്രം ഇളകും, ഇയാളെ പറ്റി അങ്ങയുടെ അഭിപ്രായമെന്ത്? “
അദ്ദേഹം പ്രതിവചിച്ചു: ഇയാൾ ഒന്നുകിൽ സ്വിദ്ധ്വീഖ് (പുണ്യാത്മാവ്) ആണ്. അല്ലെങ്കിൽ സിന്തിഖ് (വഴി പിഴച്ചവൻ). കാരണം, അല്ലാഹുവിന്റെ ഇച്ചകൂടാതെ യാതൊന്നും ചലിക്കുകയോ, നിശ്ചലമാവുകയോ ഇല്ലെന്നു ഉറച്ചു വിശ്വസിക്കുന്നവനാണ് സ്വിദ്ധ്വീഖ്. പക്ഷേ അദ്ദേഹം തന്റെ ഉത്തരവാദിത്തത്തെ നിഷേധിക്കുകയില്ല. സിന്തീഖികട്ടെ, തന്റെ ഉത്തരവാദിത്തത്തിന്റെ മതിലുകൾ പൊളിക്കാനാണ് അങ്ങിനെ വാദിക്കുക.

ഹലാലിനെയും, ഹറാമിനെയും നിഷേധിക്കാതെയും, പാപം ചെയ്താൽ തൗബാ ചെയ്യേണമെന്നു വിശ്വസിച്ചു കൊണ്ടും പ്രസ്തുത വാദം ഉന്നയിക്കു ന്നവർ തെറ്റുകാരനല്ല. അല്ലാത്തവൻ സൂഫികളുടെ വേഷം ധരിച്ച കപടനാണ്. ദുനിയാവിനെ ശേഖരിച്ചു കൂട്ടാനും, തന്നിഷ്ടമനുസരിച്ചു ജീവിക്കാനും, അവൻ ആഗ്രഹിക്കുന്നു. സുഖിക്കാൻ വേണ്ടി അവൻ ലോകസഞ്ചാരം നടത്തുകയും ചെയ്യും. ഒരു മുറബ്ബിയായ ശൈഖിന്റെ ശിക്ഷണം അവന്നു ലഭിച്ചിരിക്കുകയില്ല. തന്റെ നഫ്സിന്റെ ദുഷ്പ്രേരണകളിൽ വഞ്ചിതനായ ആ മനുഷ്യ ജീവിയുടെ ശൈഖ് ഇബ് ലീസാണ്.
അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീൻ.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy