അവാരിഫുൽ മആരിഫ്: അദ്ധ്യായം 3: ആത്മീയ ജ്ഞാനം: മഹത്വവും മാതൃകയും: ഭാഗം: 2
ശൈഖ് ശിഹാബുദ്ദീൻ സുഹ്റ വർദി(റ):
ഇസ്ലാമിക സൗധത്തിന്റെ അഞ്ച് സ്തംബങ്ങളെ സംബന്ധിച്ച് വിശദമായി പഠിക്കുക എന്നത് എല്ലാവർക്കും- ഫർളാണെന്നാണ് ശൈഖ് അബൂത്വാലിബുൽ മക്കി(റ) അഭിപ്രായപ്പെട്ടിട്ടുള്ളത്. ഓരോ മുസ്ലിമും അനുഷ്ഠിക്കണ്ട കർമ്മങ്ങളാണവ എന്നതിനാലാണത്. വിശ്വാസ പ്രമാണമായ തൗഹീദും അതുൾക്കൊള്ളുന്നു. അതുകൊണ്ടു തന്നെ ഇഖ്ലാസിനെ സംബന്ധിച്ച പഠനവും ഫർളു തന്നെയാണ്.
വിദ്യ നേടുക എന്നത് ഓരോ മുസ്ലിമിനും ഫർളാണെന്നാണ് നബിതിരുമേനി(സ) തങ്ങൾ മൊഴിഞ്ഞിട്ടുള്ളത്. ഒരു മുസ്ലിമും ഒരിക്കലും അജ്ഞനാകാൻ പാടില്ലാത്ത കാര്യങ്ങൾ പഠിച്ച് സ്വായത്തമാക്കുന്നതിനെയാണ് ഫർളായ വിദ്യ നേടുക എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. എന്നാൽ ഉപരിസൂചിത അഭിപ്രായങ്ങളിൽ പറഞ്ഞ ചില വിജ്ഞാന ശാഖകൾ ഇത്തരത്തിൽ പെട്ടതല്ലെന്നു കാണാം. ഉദാഹരണം ഹൃദയ സംസ്കരണത്തിന്റെ ഇൽമ് സമ്പൂർണ്ണമായി എല്ലാവരും പഠിച്ചു കൊള്ളണമെന്നില്ല. മിക്ക മുസ്ലിംകളും ഭാഗികമായോ പൂർണ്ണമായോ ഈ വിഷയത്തിൽ അജ്ഞരാണ്. അതെല്ലാം എല്ലാവരും പഠിച്ചു സ്വായത്തമാക്കിയേ തീരൂ എന്നു വന്നാൽ അത് അസാധ്യം തന്നെയാകും. അപ്രകാരം തന്നെ ക്രയവിക്രയങ്ങൾ, വിവാഹം, വിവാഹമോചനം മുതലായ വിഷയങ്ങളെപ്പറ്റിയെല്ലാം എല്ലാവർക്കും പഠിക്കാൻ സാധിക്കുകയില്ല. അത്തരം കാര്യങ്ങളിലേർപ്പെടുന്നവർക്ക് അപ്പോൾ തങ്ങൾക്കനിവാര്യമായി വരുന്ന വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കൽ മാത്രമേ നിർബന്ധമുള്ളുവെന്നാണ് ശൈഖ് അബൂത്വാലിബുൽ മക്കി(റ)യുടെ അഭിപ്രായം. അതാണ് പ്രായോഗികവും പ്രബലവുമായ അഭിപ്രായം. ഈ വിവരണമനുസരിച്ച് ഓരോ മുസ്ലിമും അഭ്യസിക്കൽ ഫർളായ ഇൽമ് അല്ലാഹുവിന്റെ വിധി വിലക്കുകളാകുന്നു. ഇവ രണ്ടു ഗണങ്ങളുണ്ട്. ഒന്ന്, ഏതവസ്ഥയിലും ബാധകമായവ. മറ്റേതു ചില പ്രത്യേക സാഹചര്യത്തിൽ മാത്രം ബാധകമായവ. ഇതിൽ ഒന്നാമത്തെ ഇനം ഏതവസ്ഥയിലും എല്ലാവരും പഠിക്കൽ ഫർളായ ഇൽമാണ്. രണ്ടാമത്തെ ഇനമാകട്ടെ, അതാതിന്റെ പ്രത്യേക സാഹചര്യത്തിൽ മാത്രമേ പഠിക്കൽ നിർബന്ധമാവുകയുള്ളൂ. എന്നാൽ സൂഫികളും ഭൗതീക സുഖങ്ങളിൽ താല്പര്യമില്ലാത്ത പരിത്യാഗികളായ ഉഖ്റവിയായ ജ്ഞാനികളും തങ്ങൾക്കാവുന്ന വിധം പരമാവധി ദീനിവിജ്ഞാനങ്ങളുൾക്കൊള്ളാൻ അത്യദ്ധ്വാനം ചെയ്യുന്നുണ്ട്. അതൊരു തൗഫീഖാണ്. മേൽ പറഞ്ഞ അതിരുകളൊ പരിധികളോ ഒന്നും അവരെ സംബന്ധിച്ച് പ്രശ്നമല്ല. ജ്ഞാനസാഗരങ്ങളിൽ മുങ്ങി അവർ ആഴങ്ങളിലേക്കെത്തുകയും, പ്രവാചകർ(സ്വ) തങ്ങളുടെ ചലനങ്ങളെല്ലാം സർവ്വാത്മനാ ജീവിതത്തിൽ പകർത്തുകയും ചെയ്യുമ്പോൾ അല്ലാഹു അവർക്ക് ജ്ഞാനത്തിന്റെ രത്നശേഖരങ്ങൾ കാണിച്ചു കൊടുക്കുന്നു. അക്കാര്യം മുമ്പ് നാം വിശദീകരിച്ചതാണല്ലോ. “കല്പനപോലെ നേരെ ചൊവ്വെ ഉറച്ചു നിന്നുകൊൾക” എന്ന് അല്ലാഹു നബി(സ്വ)യോടു കല്പിച്ചു. നബി(സ്വ) അത് പൂർണ്ണമായും സ്വീകരിച്ചു. നബിയെ അനുഗമിച്ച പുണ്യാത്മാക്കൾക്കക്കല്ലാഹു ജ്ഞാനകവാടം തുറന്നു കൊടുത്തു. ചില ജ്ഞാനികൾ പറയുന്നു: ഈ കല്പന നൂറുശതമാനവും സ്വീകരിക്കാൻ മൂശാഹദ ലഭിക്കുന്ന പുണ്യാത്മാക്കൾക്കു മാത്രമേ സാധിക്കാറുള്ളൂ. അതാണ് ഖുർആനിൽ അല്ലാഹു അരുളിയത്. നേർമാർഗത്തിൽ ഉറച്ചു നിൽക്കാൻ നാം നിനക്കു കരുത്തേകിയിരുന്നില്ലെങ്കിൽ. (അതിനു നിനക്കു സാധിക്കുമായിരുന്നില്ല) അല്ലാഹു തിരുനബി(സ്വ) തങ്ങൾക്ക് അതീന്ദ്രിയജ്ഞാനവും വഹ് യും നൽകിയതിനു പുറമേ, വെളിപാടുകളുടെ സംരക്ഷണത്തിന് മലക്കുകളുടെ പാറാവും ഏർപ്പെടുത്തിക്കൊടുത്തിരുന്നു. അങ്ങിനെ അവിടുന്ന് നിർവൃതിയുടെ വിരിപ്പിൽ കർമ്മോന്മുഖനായിരിക്കുമ്പോഴാണ് അല്ലാഹു കല്പിച്ചത്: “നീ ചൊവ്വേ, ഉറച്ചു നിൽക്കുക” എന്ന് അതിനാൽ ആ കല്പന സർവ്വാത്മാനാ സ്വീകരി ക്കാൻ തിരുമേനിക്കു കഴിഞ്ഞു.
അബൂഹഫ്സ് (റ) വിനോട് ഒരാൾ ചോദിച്ചു: “ഏറ്റവുമധികം മഹത്വമാർന്ന കർമ്മമേതാണ്.” അദ്ദേഹം പ്രതിവചിച്ചു: “ദീനിൽ നേരെ ഉറച്ചു നിൽക്കൽ. കാരണം, നബി(സ്വ) അരുളിയത്, നിങ്ങൾ അതിർത്തി നിർണ്ണയിക്കാതെ ചൊവ്വേ ഉറച്ചു നിൽക്കുക എന്നാണ്.”
ഒരു സൂഫിവര്യൻ നബിതിരുമേനി(സ്വ)യെ സ്വപ്നം കണ്ടു. സൂഫി ചോദിച്ചു.
‘ഹൂദു’ സൂറയിലെയും മറ്റും ചില സൂക്തങ്ങൾ എന്നെ നരപ്പിച്ചുവെന്ന് അങ്ങു അരുളിയിട്ടുണ്ടല്ലോ. ഏതു സൂക്തമാണ് അങ്ങയെ നരപ്പിച്ചത്. പ്രവാ ചക ചരിത്രങ്ങളും, ദുർജ്ജനങ്ങളെ നശിപ്പിച്ച വിവരങ്ങളുമുൾക്കൊള്ളുന്ന സൂക്തങ്ങളാണോ അങ്ങയെ നരപ്പിച്ചത്. അവിടുന്ന് പുഞ്ചിരിതൂകിക്കൊണ്ട് പ്രതിവചിച്ചു-അല്ല. എന്നെ നരപ്പിച്ചത് “കല്പന പോലെ നീ ചൊവ്വേ ഉറച്ചു നിൽക്കുക’ എന്ന സൂക്തമാണ്.
നബിക്ക് എല്ലാവിധ പരമോന്നതിയും ലഭിച്ചശേഷമാണ് അവിടുത്തോടല്ലാഹു ഈ കല്പന നൽകിയതെന്ന് നേരത്തെ പറഞ്ഞുവല്ലോ. അതുപോലെ പുണ്യാത്മാക്കളായ ജ്ഞാനികൾക്ക് അല്ലാഹു അവരുടേതായ ഓഹരി-അതീന്ദ്രിയജ്ഞാനവും ദർശനവും നൽകി കഴിഞ്ഞാൽ അവർക്ക് ഉൾവിളിയുണ്ടാകുന്നു: “ചൊവ്വേ നിൽക്കേണ്ട ക്രമപ്രകാരം ഉറച്ചുനിൽക്കുക” എന്ന്. അപ്പോൾ അവർക്ക് ബോദ്ധ്യമാകും, കർമ്മങ്ങളിൽ പരമപ്രധാനമായതു ഈ കല്പ്പന സർവ്വാത്മനാ സ്വീകരിക്കലാണെന്ന്. അപ്പോൾ കല്പന പോലെ ചൊവ്വേ ഉറച്ചു നിൽക്കുന്നതിന്ന്-ഇസ്തിഖാമത്തിന്ന്- അവർക്ക് കഴിയുന്നു. പുണ്യാത്മാക്കൾ കഠിനാദ്ധ്വാനം ചെയ്യുന്നത് ഈ ഇസ്തിഖാമത്ത് ലഭിക്കാനാണ്. കറാമത്തു പ്രകടമാക്കാനല്ല. അതവരുടെ ലക്ഷ്യമേയല്ല. ശൈഖ് അബൂ അലിയ്യുൽ ജൂർജാനി(റ) പറയുന്നു: “ഇസ്തിഖാമത്തി”ന്നു പ്രാബല്യം ലഭിക്കാനാണ്
ഭാഗ്യം സിദ്ധിക്കേണ്ടത്. കറാമത്തു കാണിക്കാനല്ല. ശരീരം ‘കറാമത്തു’ കാണിക്കാൻ വെമ്പുന്നു. എന്നാൽ അല്ലാഹു ആ ശരീരത്തിൽ നിന്നു ആവശ്യപ്പെടുന്നതു ‘ഇസ്തിഖാമത്തി’നെയാണ്. സൂഫീസത്തിൽ പ്രത്യേകം പ്രാധാന്യമുള്ള കാര്യമാണിത്. മിക്ക സൂഫീ അന്വേഷകരുടെയും ശ്രദ്ധയിൽ പെടാത്ത കാര്യവും ഇതു തന്നെ. ഇതിനു പ്രധാനകാരണം, സൂഫീ അന്വേഷകർ മിക്കവാറും തസ്വവ്വുഫിലേക്ക് ആകർഷിക്കപ്പെടുന്നത് പൂർവ്വഗാമികളായ ആരിഫുകളുടെ കറാമത്തുകളും അത്ഭുത കൃത്യങ്ങളും മറ്റും കേട്ടറിഞ്ഞാണ്. അത്തരം ദൃഷ്ടാന്തങ്ങൾ കാണിക്കാൻ ഇവരും ആഗ്രഹിക്കുന്നു. പക്ഷേ എത്ര മുന്നോട്ടു പോയിട്ടും കറാമത്തുകളൊന്നും കാണിക്കാൻ സാധിക്കാതെ വരുമ്പോൾ ചിലർക്കൊരു തെറ്റി ദ്ധാരണയുണ്ടാകുന്നു. അല്ലാഹു തങ്ങളുടെ സൽക്കർമ്മങ്ങളൊന്നും സ്വീകരിക്കാത്തതു കൊണ്ടായിരിക്കാം ഇതെന്ന് അവർ തെറ്റിദ്ധരിക്കുന്നു. വസ്തുത ഗ്രഹിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
അല്ലാഹു ചിലർക്ക് കറാമത്തുകളുടെ കവാടം ചിലപ്പോൾ തുറന്നു കൊടുക്കാറുണ്ടെങ്കിലും അതു ചില പ്രത്യേക സാഹചര്യത്തിലായിരിക്കും. അതാ യത് ഒരു സൂഫി ധാരാളം ഇബാദത്തു ചെയ്തു അല്ലാഹുവിനോടടുത്തു കൊണ്ടിരിക്കുമ്പോൾ ചില ഘട്ടങ്ങളിൽ അയാളുടെ ഈ പ്രയാണത്തിന്നു ശക്തി പകരാൻ വേണ്ടി അല്ലാഹു അയാളിൽ അത്ഭുത ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു. അയാളുടെ ആത്മാവിൽ ബാക്കി നിൽക്കുന്ന ദുർമ്മേദസ്സു നീങ്ങി, ദർശനം (മുശാഹദ) ലഭിക്കാൻ അതു കാരണമായിത്തീരുന്നു. എന്നാൽ മറ്റു ചിലർക്കല്ലാഹു ഇതൊന്നും കൂടാതെത്തന്നെ “മുശാഹദ’ (ദർശനം) നൽകുന്നു. അവിടെ പിന്നെ കറാമത്തിന്റെ ആവശ്യം ഉത്ഭവിക്കുന്നില്ല. അത്ഭുത കൃത്യങ്ങളൊന്നും വെളിവാക്കാതെ തന്നെ രഹസ്യങ്ങളുടെ മറനീക്കിക്കൊടുക്കാനായിരിക്കും അല്ലാഹുവിന്റെ ഹിതം. മറനീങ്ങിക്കഴിഞ്ഞാൽ പിന്നെ ആരും കറാമത്തിന്നാഗ്രഹിക്കുകയുമില്ല. വാസ്തവത്തിൽ കറാമത്തു പ്രകടനം മൂലം അഹംഭാവം വന്ന് നാശത്തിൽ അധ:പതിക്കാൻ സാധ്യതയുണ്ട്. അതിനാൽ ബുദ്ധിമാനായ സൂഫീ അന്വേഷകൻ ആഗ്രഹിക്കേണ്ടത് കറാമത്തിന്നല്ല, “ഇസ്തിഖാമത്ത്’ ലഭിക്കാനാണ്. അതാണേറ്റവും ഉന്നതമായ കറാമത്ത്. കണ്ണുള്ളവർക്കതു കാണാൻ കഴിയും. ഈ ‘ഇസ്തിഖാമത്’ ലഭിച്ചവരിൽ നിന്നു കറാമത്തുകൾ പ്രകടമാകുയും ചെയ്യാം പ്രകടമാകാതിരിക്കുകയും ചെയ്യാം. അതിലൊന്നും അവർ തൽപരരോ അതിനവർ വില കല്പിക്കുന്നവരോ അല്ല. ‘ഇസ്തിഖാമത്തി’ന്ന് വല്ല ഭംഗവും വരാതിരിക്കാനായിരിക്കും അവരുടെ മുഴുവൻ പ്രയത്നവും. സൂഫി അന്വേഷകർ പ്രത്യേകം ശ്രദ്ധിക്കേണ്ട സ്ഥാനമാണിത്. കാരണം തസ്വവ്വുഫിന്റെ മൂല പ്രമാണങ്ങളിലൊന്നാണിത്.
ശരിയായ ‘ഇസ്തിഖാമത്തി’ന്നു കരുത്തുലഭിച്ച ആരിഫുകൾക്കല്ലാഹു എല്ലാവിധ ജ്ഞാനകവാടങ്ങളും തുറന്നു കൊടുക്കുമെന്നു പ്രസ്താവിച്ചിരുന്നുവല്ലോ? മാനുഷിക വികാരങ്ങളെസ്സംബന്ധിച്ചുള്ള ജ്ഞാനം. ‘ഇൽമുൽ യഖീൻ’ (ദൃഢജ്ഞാനം) ഇഖ്ലാസ് സംബന്ധിച്ചുള്ള ജ്ഞാനം, സ്വന്തം നഫ്സിനെപ്പറ്റിയുള്ള ജ്ഞാനം, ദുനിയാവിനെസ്സംബന്ധിച്ച ജ്ഞാനം, ഇച്ഛകളെപ്പറ്റിയുള്ള സൂക്ഷ്മ ജ്ഞാനം, പശ്ചാത്താപ സംബന്ധമായ ജ്ഞാനം, പാപങ്ങളെ സംബന്ധിച്ച ജ്ഞാനം, “മുഹാസബ’, ‘മുറാഖബ’, ‘മുശാഹദ’- എന്നിവയെപ്പറ്റിയുള്ള ജ്ഞാനം, രണ്ടുതരം ‘തവക്കുലി’നെപ്പറ്റിയുള്ള ജ്ഞാനം, സുഹ്ദ് സംബന്ധമായ ജ്ഞാനം, രണ്ടുതരം ദിവ്യ പ്രേമത്തെപ്പറ്റിയുള്ള ജ്ഞാനം, ആശിഖിന്റെ അവസ്ഥകൾ, മുരീദിന്റെയും, ശൈഖിന്റെയും അവസ്ഥകൾ “ഫനാള’, ‘ബഖാഉ’ എന്നിവ സംബന്ധിച്ച ജ്ഞാനം, ‘ജംഉ’, ‘ഫർഖ്’, ഉന്മാദം, ഉന്മാദത്തിൽ നിന്നു മോചനം എന്നിങ്ങിനെ നൂറുനൂറു വിഷയങ്ങളെപ്പറ്റിയുള്ള ജ്ഞാനത്തിന്റെ കവാടങ്ങൾ ആരിഫിന്റെ മുമ്പിൽ അല്ലാഹു തുറന്നിടും.
ഈ വിജ്ഞാനശാഖകളിൽ ഓരോന്നിന്നും ധാരാളം ഉപശാഖകളുണ്ട്. അതെല്ലാം അല്ലാഹു ഭൗതിക സുഖങ്ങളിൽ താല്പര്യമില്ലാത്ത ഉഖ്റവിയായ ജ്ഞാനികൾക്ക് പ്രദാനം ചെയ്യുന്നു. എന്നാൽ ദുനിയാവിനെ പ്രേമിക്കുന്ന പണ്ഡിതന്മാർക്കിതിന്നു ഭാഗ്യം ലഭിക്കുകയില്ല. തന്മൂലം അവരിൽ ചിലർ ദിവ്യ പ്രേമസംബന്ധമായ ജ്ഞാനശാഖകളെ തള്ളിപ്പറയാറുണ്ട്. അനുഭവിച്ചറിയേണ്ട അത്തരം ജ്ഞാനങ്ങളെപ്പറ്റി ഭൗതിക പ്രേമികൾക്കെങ്ങിനെ മനസ്സിലാകാനാണ്. ഉദാഹണം, ദിവ്യപ്രേമത്താലുണ്ടാകുന്ന ഉന്മാദാവസ്ഥയുടെ മാധുര്യം മറ്റൊരാൾക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ കഴിയുമോ? അതനുഭവിക്കാൻ ഭാഗ്യമില്ലാത്ത ഭൗതീക സുഖപ്രമത്തരായ പണ്ഡിത വേഷധാരികൾ അതൊക്കെ നിഷേധിക്കുന്നതിൽ അത്ഭുതമില്ല. ദുനിയാവിനോടുള്ള പ്രേമം മൂലമാണവർ ഇൽമു പഠിക്കുന്നതും പഠിപ്പിക്കുന്നതും. അവർ തങ്ങളുടെ ലക്ഷ്യമായ ദുനിയാവു നേടുന്നു.
ശരീരത്തെയും ഇച്ഛയെയും കീഴടക്കാൻ അവർക്ക് സാധിക്കുകയില്ല. ഭൗതിക സുഖങ്ങൾ നേടാനും, പേരും പ്രശസ്തിയും സ്ഥാനമാനങ്ങളും ലഭി ക്കാനും ഇൽമിനെ അവർ ഒരു ഉപകരണമാക്കി. ഈ ലക്ഷ്യത്തിന്നു വേണ്ടി എന്തു ത്യാഗം സഹിക്കാനും അവർ തയ്യാറുമാണ്. ഉറക്കമൊഴിക്കാനും ക്ഷമിക്കാനും ദൂരയാത്ര ചെയ്യാനും മോഹങ്ങളെല്ലാം മാറ്റിവെച്ച് അദ്ധ്വാനിച്ചു പഠിക്കാനും അവർ ശ്രമിക്കും. പക്ഷേ, ഉദ്ദേശ്യം ചീത്തയായിരിക്കും. പാരത്രീക മോക്ഷം മാത്രം ലക്ഷ്യം വെച്ചു പഠിക്കേണ്ട ഇൽമ് ഭൗതിക സുഖങ്ങൾ നേടാനാഗ്രഹിച്ചു പഠിച്ചാൽ ഉണ്ടാകുന്ന വിപത്ത് ചെറുതല്ല. നേരത്തെ പരാമർശിച്ച ഇൽമുകൾ ഒരിക്കലും അവരുടെ വരുതിയിലൊതുങ്ങുകയില്ല. തഖ് വയുടെ പാഠശാലയിൽ നിന്ന് മാത്രമേ അവ ലഭിക്കുകയുള്ളൂ. ഖുർആൻ പറയുന്നു: “അല്ലാഹുവിന്നു തഖ് വാ ചെയ്യുവിൻ. നിങ്ങൾക്കു അവൻ ജ്ഞാനം നൽകും.“
തുടരും