അവാരിഫുൽ മആരിഫ്: അദ്ധ്യായം: 3:
ആത്മീയ ജ്ഞാനം മഹത്വവും മാതൃകയും: ഭാഗം: 4:
ഇമാം ശിഹാബുദ്ദീൻ സുഹ്റവർദി(റ):
സർവ്വജ്ഞനിൽ വിലയം പ്രാപിച്ചു കഴിഞ്ഞ മനുഷ്യന് പിന്നെ അസ്ഥിത്വമില്ല. അതുകൊണ്ട് ജ്ഞാനത്തെ സ്വീകരിക്കുന്ന പദവിക്കതീതനാണ് ആ മനുഷ്യനെങ്കിലും ഹൃദയത്തിന്റെ ഒരുവശം അപ്പോഴും ശരീരത്തിലേക്ക് ഉന്മുഖമായിരിക്കും. അതിനാൽ ഹൃദയത്തിന് ജ്ഞാനം സ്വീകരിക്കാൻ അപ്പോഴും സാധിക്കും. അതിനാൽ ജ്ഞാനം ഹൃദയത്തോടും, ഹൃദയം ജ്ഞാനത്തോടും ഇണങ്ങും. കാരണം ജ്ഞാനം ഉണ്മയുടെ സത്തയിൽ നിന്ന് ലൗഹിൽ പതിഞ്ഞുനിൽപുണ്ട്. ഈ വേറിട്ടു നിൽക്കൽ ഹൃദയത്തേയും ജ്ഞാനത്തേയും യോജിപ്പിക്കുന്നു. ആത്മാവിന്റെ അത്യുന്നതാവസ്ഥയിലും ഹൃദയത്തെ ശരീരം ആകർഷിക്കുന്നതു കൊണ്ടു ഹൃദയം ആത്മാവിൽ നിന്നു വേറിട്ടു നിൽക്കുന്ന ജ്ഞാനമാകട്ടെ ‘ലൗഹി’ൽ പതിഞ്ഞതു കൊണ്ടു ഉൺമയുടെ സത്തയിൽ നിന്നും വേറിട്ടു നിൽക്കുന്നുണ്ട്.
ഈ വേർപാടുകൊണ്ടാണ് ഹൃദയവും ജ്ഞാനവും തമ്മിൽ ഇണങ്ങുന്നത്. അതു കൊണ്ടുതന്നെയാണ് ഹൃദയത്തിനും ജ്ഞാനത്തിനും ഈ അത്യുന്നതാവസ്ഥയിലും സ്വന്തമായ ആസ്തിക്യമുണ്ടായത്. ആകയാൽ ആത്മാവ് അത്യുന്നതാവസ്ഥ പ്രാപിക്കുമ്പോൾ ഹൃദയം “ലൗഹി’ൽ നിന്നു ജ്ഞാനം സ്വീകരിക്കുന്നു. അപ്പോഴാണ് ഒരാൾ അഗാധ ജ്ഞാനിയാകുന്നത്. അയാളാണ് അതിമാനുഷൻ. അതീന്ദ്രിയൻ. റാസിഖൂന ഫിൽ ഇൽമി’ എന്നു ഖുർആൻ വിശേഷിപ്പിച്ചതവരെയാകുന്നു.
പൂർവ്വവേദങ്ങളിലൊന്നിൽ അല്ലാഹു പറയുന്നു:
ഇസ്രായേല്യരേ ജ്ഞാനം, ആകാശത്താണെന്ന് നിങ്ങൾ പറയരുത്, ആരാണതു ഭൂമിയിലേക്കിറക്കി കൊണ്ടു വരുന്നത്. ഭൂമിക്കു താഴെയാണെന്നും നിങ്ങൾ പറയരുത്. ആരാണത് പുറത്തേക്കു കൊണ്ടു വരുന്നത്? കടലിന്നപ്പുറമാണെന്നും നിങ്ങൾ പറയരുത്. ആരാണ് മറുകര കടന്നു അതു കൊണ്ടുവരുന്നത്? ജ്ഞാനം നിങ്ങളുടെ ഹൃദയങ്ങളിൽ നിക്ഷിപ്തമാകുന്നു. എന്റെ സന്നിധിയിൽ നിങ്ങൾ ഉന്നതാത്മാക്കളുടെ അച്ചടക്കം പാലിക്കുക. എന്നാൽ നിങ്ങളുടെ ഹൃദയങ്ങളിലും ജ്ഞാനം പ്രത്യക്ഷപ്പെടും. ഒടുവിൽ ആ ജ്ഞാനം നിങ്ങളെ മൂടുകയും സംസ്കരിക്കുകയും സ്ഫുടം ചെയ്യുകയും ചെയ്യും.
ശരീരത്തിന്റെ പ്രാകൃത സ്വഭാവങ്ങളെ നിയന്ത്രിക്കലും മനസാ വാചാ കർമ്മണാ അവയെ സംസ്കരിച്ച് ശുദ്ധീകരിക്കലുമാണ് ഉന്നതാത്മാക്കളുടെ അച്ചടക്കം. ഇതു അറിവും ഇലാഹി സാമീപ്യത്തിനുള്ള ആഗ്രഹവും ഉള്ളവർക്കേ സാധിക്കുകയുള്ളൂ. അത്തരക്കാർ ഉൺമയെ ഉൺമ കൊണ്ടു പ്രാപിക്കുന്നു.
ശദ്ദാദിബ്നു ഔസ്(റ) ഒരു വീട്ടിൽ ചെന്നപ്പോൾ പറഞ്ഞു:
ഭക്ഷണത്തളിക കൊണ്ടു വരുവിൻ, നമുക്ക് കുറച്ചു രസിക്കാം.
ഇതു കേട്ടവർക്ക് പുച്ഛം തോന്നി. അപ്പോൾ അദ്ദേഹം മൊഴിഞ്ഞു:
ഞാൻ പൂർണ്ണമായി അല്ലാഹുവിന്നു കീഴ് വണങ്ങാൻ തുടങ്ങിയ കാലം മുതൽ ഒരു വാക്കു പോലും അതിനെ വരുതിയിലാക്കിയിട്ടല്ലാതെ ഉച്ചരിച്ചിട്ടില്ല. മാത്രമല്ല. അതിന്നു രണ്ടാമതൊരു കടിഞ്ഞാൺ കൂടി ഇടാറുണ്ട്.
ഇഞ്ചീലിൽ പറയുന്നു: “ഉള്ള ജ്ഞാനമനുസരിച്ചു കർമ്മം ചെയ്യാതെ നിങ്ങൾ ഇല്ലാത്ത അറിവന്വേഷിച്ചു പോകരുത്.
ഒരു നിവേദനത്തിൽ നബി തിരുമേനി(സ) അരുളി: “പിശാചു ചിലപ്പോൾ അറിവന്വേഷിക്കാൻ നിങ്ങൾക്ക് പ്രചോദനം നൽകും. സഹാബികൾ ചോദിച്ചു. “അതെങ്ങിനെ?” തിരുമേനി(സ) പ്രതിവചിച്ചു: “പിശാചു ഉപദേശിക്കും. കർമ്മമൊക്കെ ജ്ഞാനം നേടിയ ശേഷമാകാം. അതു കൊണ്ടു ജ്ഞാനം നേടുക. അങ്ങിനെ ആ മനുഷ്യൻ ജ്ഞാനം നേടിക്കൊണ്ടിരിക്കും. മരണം വരെ അതു തുടരും. കർമ്മം ചെയ്യാൻ അവനു സാധിക്കയില്ല. കർമ്മത്തിന്റെ മഹത്വങ്ങളൊക്കെ അവൻ ജനങ്ങളെ ഉപദേശിച്ചു കൊണ്ടിരിക്കുമെങ്കിലും അവനൊന്നും ചെയ്യില്ല.
ഇബ്നുമസ്ഊദ്(റ) പറയുന്നു: “റിപ്പോർട്ടുകളുടെ ആധിക്യമല്ല ജ്ഞാനം; അല്ലാഹുവിനോടുള്ള ഭയമാണ്, അതു മാത്രമാണു ജ്ഞാനം.”
ഹസൻബസരി(റ) പറയുന്നു: “വെറും അറിവു കൊണ്ടും അതു റിപ്പോർട്ടു ചെയ്യുന്നതു കൊണ്ടും ആരെയും അല്ലാഹു ഗൗനിക്കുകയില്ല. അതു പ്രായോഗികമാക്കുന്നവരെ മാത്രമേ ഗൗനിക്കുകയുള്ളൂ.”
പ്രവാചകന്മാരുടെ അനന്തരാവകാശമായി ലഭിക്കുക ജ്ഞാനത്തിന്റെ സത്താണ്. അതായത് വെണ്ണ. മറ്റു ജ്ഞാന ശകലങ്ങൾക്കു പാലിന്റെ സ്ഥാനമേയുള്ളൂ. പാലില്ലെങ്കിൽ വെണ്ണയെടുക്കാൻ സാധിക്കയില്ലെങ്കിലും ലക്ഷ്യം വെണ്ണയാണ്. വെണ്ണയാണ് ആത്മാവ്. വെണ്ണയെടുത്തു കഴിഞ്ഞാൽ ബാക്കി വരുന്ന ദ്രാവകം ആ വെണ്ണ നിലനിന്നിരുന്ന ശരീരം മാത്രമാണ്. അഥവാ ബാഹ്യാവരണം.
ഖുർആൻ പറയുന്നത് വെള്ളത്തിൽ നിന്നാണ് എല്ലാ ജീവവസ്തുക്കളേയും സൃഷ്ടിച്ചതെന്നാണ്. നിർജ്ജീവാവസ്ഥയ്ക്കു ശേഷം നവജീവൻ ലഭിച്ചവനും അല്ലാത്തവനും സമമാകുന്നതെങ്ങിനെയെന്നു ഖുർആൻ ചോദിക്കുന്നു. മനുഷ്യന്റെ സത്യനിഷേധമാണ് നിർജീവാവസ്ഥ. സത്യവിശ്വാസം സജീവാവസ്ഥയും. ഈ സത്യവിശ്വാസത്തിന്മേൽ നിർമ്മിതമായ ഇസ്ലാമിക ജീവിത രീതിയാണ് വിജയ സൗധം. ഈ സത്യവിശ്വാസം എന്നത് ജ്ഞാനമാണ്. അതിന് പല പദവികളുമുണ്ട്. ദൃഢജ്ഞാനം (ഇൽമുൽ യഖീൻ), അനുഭവജ്ഞാനം (ഐനുൽ യഖീൻ), സമ്പൂർണ്ണജ്ഞാനം (ഹക്കുൽ യഖീൻ) എന്നിങ്ങനെ വിവിധ പദവികളതിനുണ്ട്. ഇവയ്ക്കു “തൗഹീദ്’, ‘മഅരിഫത്ത്’, മുശാഹദ എന്നും പറയും. വിശദാംശങ്ങൾ പിന്നീട് വിവരിക്കും. ഈ ജ്ഞാനത്തെ രണ്ടാക്കി വിഭജിക്കാം. (1) ഇസ്ലാമിക ജ്ഞാനം (2) ഈമാനിക ജ്ഞാനം. മാനസികമാണ് ഈമാനിക ജ്ഞാനം. ഇസ്ലാമിക ജ്ഞാനമാകട്ടെ നാവു കൊണ്ടു പറഞ്ഞു മനസ്സിലാക്കാൻ പറ്റുന്നതും.
ഈമാനിക ജ്ഞാനം രണ്ടുതരമുണ്ട്. 1. സാധാരണക്കാരുടെ ജ്ഞാനം 2 പുണ്യാത്മാക്കളുടെ ജ്ഞാനം. സാധാരണക്കാരന് ദൃഢജ്ഞാനം (ഇൽമുൽ യഖീൻ) വരെ മാത്രമേ പ്രാപിക്കാനാവുകയുള്ളൂ. ലക്ഷ്യം കൊണ്ടും ചിന്ത കൊണ്ടും അവിടെയെത്തിച്ചേരാൻ സാധിക്കും. ‘ദുൻയവിയായ ആലിമുകൾക്കും ഉഖ്റവിയായ ആലിമുകൾക്കും അതു കരസ്ഥമാക്കാൻ കഴിയും. എന്നാൽ അതിൽ തന്നെ ‘ഉഖ്റവി’യായ ആലിമുകൾ മാത്രം സ്വായത്തമാക്കുന്ന ഒരു തരമുണ്ട്. ഇൽമുൽ യഖീനിന്റെ മൂർത്തരൂപമാണത്. അതായത് വിശ്വാസത്തിനു മേൽക്കുമേൽ കരുത്തു കൂട്ടുന്ന മന:ശ്ശാന്തി. പുണ്യാത്മാക്കളുടെ ഈമാനിക ജ്ഞാനം എന്നു പറയുമ്പോൾ അതിൽ ആ വിജ്ഞാനത്തിന്റെ എല്ലാ ഉയർന്ന പദവികളും ഉൾപ്പെടും. സാധാരണക്കാരുടെ ഈമാനിക ജ്ഞാനമെന്നു പറയുമ്പോൾ അതിന്റെ എല്ലാ പദവികളും അതുൾക്കൊള്ളുന്നില്ല. പുണ്യാത്മാക്കളുടെ ഈമാനിനെ സംബന്ധിച്ചേടത്തോളം ‘ഇൽമുൽഖീൻ സത്യവിശ്വാസത്തിന്റെ ഏറ്റവും ഉയർന്ന പദവിയാണ്. ‘ഇൽമുൽഖീനിൽ നിന്നും ഉയർന്ന പദവിയാണ് മുശാഹദ. ഇതിന് ഐനുൽ യഖീൻ എന്നും പറയും. ഐനുൽ യഖീനിൽ നിന്നും ഉയർന്ന പദവിയാണ് ‘ഹഖുൽ യഖീൻ’. മുശാഹദയുടെയും അപ്പുറമുള്ള പദവിയാണത്. അതായത് ജ്ഞാനത്തിന്റെ പാരമ്യം. ഇതനുഭപ്പെടുന്നതു പരലോകത്താണ്. അവിടെ എല്ലാ മറകളും നീങ്ങുന്നതുമൂലം സജ്ജനങ്ങൾക്കും ദുർജ്ജനങ്ങൾക്കുമെല്ലാം അതനുഭവപ്പെടും. ഉന്നത പദവിയിലെത്തിയ പുണ്യാത്മാക്കൾക്കാകട്ടെ, അതിന്റെ ചെറിയൊരംശം ദുനിയാവിൽ വെച്ചു തന്നെ അനുഭവപ്പെടും. അതത്രെ അല്ലാഹുവിനെപ്പറ്റി ദുനിയാവിൽ വെച്ചു ലഭിക്കുന്ന ജ്ഞാനത്തിന്റെ പാരമ്യം. അനുഭവജ്ഞാനത്തിന്റെ സായൂജ്യം….
നേരത്തെപ്പറഞ്ഞപോലെ ദുൻയവിയായ പണ്ഡിതരുടെ ജ്ഞാനത്തെ പാലിനോടുപമിക്കാമെങ്കിൽ ഭൗതിക സുഖങ്ങൾ ത്യജിച്ച ‘ഉഖ്റവി’യായ പണ്ഡിതരുടെ ജ്ഞാനത്തെ വെണ്ണയോടുപമിച്ചു നോക്കുക. വെണ്ണയാണ് സത്ത്. അതാണ് ആത്മാവ്. ബാക്കിയുള്ള ദ്രാവകം ആത്മാവായ വെണ്ണക്ക് നിലനിൽക്കാനുള്ള ശരീരം മാത്രമാണ്. പാലു കൊണ്ടുള്ള ലക്ഷ്യം വെണ്ണ കടഞ്ഞെടുക്കലാണല്ലോ? പുണ്യാത്മാക്കൾ അതു കടഞ്ഞെടുക്കുന്നു. ഭൗതികരായ പണ്ഡിതരാകട്ടെ, ബാക്കിവരുന്ന മോരു കൊണ്ടു തൃപ്തിപ്പെടുന്നു. ദുനിയാവാണ് മോര്. ദുനിയാവു സമ്പാദിക്കാനാണല്ലോ അവർ ജ്ഞാനത്തെ ഉപയോഗിക്കുന്നത്. അല്ലാഹുവിന്റെ പ്രീതിയാണ് വെണ്ണ. അതു പുണ്യാത്മാക്കൾ കരസ്ഥമാക്കുന്നു ഐനുൽ യഖീനി’ലും ‘ഹഖുൽ യഖീനി’ലും എത്തിയവരാണവർ.
ആകയാൽ മനുഷ്യന്റെ മഹത്വം അവന്റെ ജ്ഞാനത്തിന്റെ മഹത്വമനുസരിച്ചാണ്. കർമ്മങ്ങളുടെ കനവും അതനുസരിച്ചു തന്നെ. അതാണ് തിരുനബി(സ) അരുളിയത് “ജ്ഞാനിക്ക് ഇബാദത്തുകാരനേക്കാൾ മഹത്വമുണ്ട്. എനിക്ക് എന്റെ സമുദായാംഗങ്ങളേക്കാൾ മഹത്വമുള്ളതുപോലെ.“
ഈ ജ്ഞാനം കർമ്മശാസ്ത്രജ്ഞാനമല്ല. അല്ലാഹുവിനെപ്പറ്റിയുള്ള ജ്ഞാനവും വിശ്വാസ ദാർഢ്യവുമാണ്. ഫർളുകിഫായ (സാമൂഹ്യ ബാധ്യ ത)കളെപ്പറ്റി അധികമൊന്നും അറിയാത്ത ചിലർക്കും അല്ലാഹുവിനെപ്പറ്റി അപാരമായ ജ്ഞാനവും വിശ്വാസ ദൃഢതയും ഉണ്ടായേക്കാം. ഇതു മുമ്പു സൂചിപ്പിച്ചിട്ടുണ്ട്. നോക്കുക. അല്ലാഹുവിനെപ്പറ്റി സമ്പൂർണ്ണമായ ജ്ഞാനവും മഅരിഫത്തും ലഭിച്ച പുണ്യാത്മാക്കളായ ചില സ്വഹാബികളേക്കാൾ കർമ്മശാസ്ത്രത്തിൽ പാണ്ഡിത്യം തികഞ്ഞ താബിഉകൾ ഉണ്ടായിരുന്നു.
ഒരു റിപ്പോർട്ടിൽ പറയുന്നു: “സഹാബിയായ ഇബ്നു ഉമർ(റ)വിനോടു ആരെങ്കിലും വല്ല ഫത് വയും ചോദിച്ചാൽ താബിഅ് ആയ സഈദുബിൻ മുസയ്യബ്(റ) വിനോട് ചോദിക്കാൻ അദ്ദേഹം പറയാറുണ്ടായിരുന്നു. അപ്രകാരം തന്നെ ഇബ്നു അബ്ബാസ്(റ) ജാബിറുബിൻ അബ്ദില്ല(റ) യോടു ചോദിക്കാൻ പറയാറുണ്ടായിരുന്നു, ഹസൻ ബസരി(റ) യോടു ചോദിച്ചു മനസ്സിലാക്കാൻ അനസ് ഇബ്നുമാലിക്(റ) പറയാറുണ്ടായിരുന്നു. ഞാനൊക്കെ മറന്നിരിക്കുന്നുവെന്നും അദ്ദേഹത്തിന്നിതൊക്കെ മനപ്പാഠമാണ്’ എന്നും ഹസൻ ബസരി(റ)യെ പറ്റി മഹാനായ ആ സ്വഹാബി പറയാറുണ്ടായിരുന്നു. ഇങ്ങിനെ കർമ്മശാസ്ത്രപരമായ ഫത് വകൾക്ക് ജനങ്ങളെ ഹസൻ ബസരിയുടെ സന്നിധിയിലേക്കയച്ചു കൊണ്ടിരുന്ന അനസ് ബിൻ മാലിക്(റ) അല്ലാഹുവിനെപ്പറ്റിയുള്ള ജ്ഞാനവും മഅരിഫത്തും ജനങ്ങൾക്ക് പകർന്നു കൊടുക്കുകയും ചെയ്തിരുന്നു. കാരണം, അക്കാര്യത്തിൽ “താബിഉകളേക്കളേക്കാൾ ജ്ഞാനികൾ സഹാബികൾ തന്നെയായിരുന്നു. അതവർ പ്രവാചക ജ്ഞാന സ്രോതസ്സിൽ നിന്നു മതിവരുവോളം കോരിക്കുടിച്ചതായിരുന്നു. വഹ് യിന്റെ പ്രഭയിൽ മുങ്ങിക്കുളിച്ചവരുമായിരുന്നു. ചിലരതു മൊത്തമായി കരസ്ഥമാക്കി. ചിലർ വിശദമായും. വിശദമായി കരസ്ഥമാക്കാൻ കഴിഞ്ഞവരാണ് അദ്ധ്യാത്മിക പദവികളുടെ പാരമ്യം പ്രാപിച്ചവർ.
ഖുർആൻ നബിതിരുമേനിയോടു കൽപിച്ചു: “താങ്കളുടെ റബ്ബിന്റെ പാതയിലേക്ക് ജനങ്ങളെ ക്ഷണിക്കുക; ഹിക്മത്തു കൊണ്ടും സദുപദേശം കൊണ്ടും ഏറ്റവും നല്ലതേതോ, അതു കൊണ്ടു താങ്കൾ അവരുമായി വാദപ്രതിവാദവും നടത്തുക.
ഖുർആൻ തുടരുന്നു: “താങ്കൾ പറയുക. ഇതാണെന്റെ വഴി ഞാൻ അല്ലാഹുവിങ്കലേക്കിതാ ഉൾക്കാഴ്ചയോടെ ക്ഷണിക്കുന്നു.“
ഹിക്മത്തുകൊണ്ടും സദുപദേശം കൊണ്ടും ക്ഷണിക്കാനാണിവിടെ കൽപന. ചിലർ ഉറച്ച പരുപരുത്ത പ്രാകൃത സ്വഭാവക്കാരായിരിക്കും. അവരെ ഉപദേശത്തിന്റെയും താക്കീതിന്റെയും ജ്വാല കൊണ്ടുരുക്കി മയപ്പെടുത്താനാണ് ഇവിടെ കൽപിക്കുന്നത്. എന്നാൽ ചിലരുണ്ട്. ശുദ്ധമായ മണ്ണിൽ തീർത്ത ശരീരങ്ങൾ. ആ ശരീരങ്ങൾ ഹൃദയങ്ങളോട് അഭിമുഖമായി നിൽക്കുന്നവയായിരിക്കും. അവരെ ഉപദേശങ്ങൾ കൊണ്ടു നേർവഴിക്കു കൊണ്ടുവരണം. ചില ഹൃദയങ്ങൾ ശരീരത്തോടഭിമുഖമായി നിൽക്കുന്നവയായിരിക്കും. അവിടെ ഹിക്മത്തു കൊണ്ടുപദേശിക്കണം. സദുപദേശം കൊണ്ടു നേർവഴിക്കു വരുന്നവർ സജ്ജനങ്ങളാണ്. സ്വർഗ്ഗ നരകങ്ങൾ കൊണ്ടുള്ള ഉപദേശങ്ങളാണത്. ഹിക്മത്തുകൊണ്ടു ഉപദേശിക്കുമ്പോൾ നേർവഴിക്കുവരുന്നവർ പുണ്യാത്മാക്കളാണ്. “മഅരിഫത്തിനെപ്പറ്റിയും തൗഹീദിനെപ്പറ്റിയും ഉൺമയുടെ ദർശനത്തെപ്പറ്റിയുമുള്ള തത്വങ്ങളാണത്. അതായത് മിഥ്യകൾക്കപ്പുറത്തുള്ള സത്യത്തിന്റെ പൊരുളുകളിലേക്ക് വെളിച്ചം കാണിച്ചു കൊടുക്കുക എന്നതാണത്. സൂചനകൾ നൽകലുമാണ്. ഈ സൂചനകളും തത്വങ്ങളും അദ്ധ്യാത്മ പൊരുളുകളും അവർ ശരീരം കൊണ്ടും ആത്മാവുകൊണ്ടും ഹൃദയം കൊണ്ടും ഉൾക്കൊള്ളുന്നു. വാക്കുകൾ കേൾക്കാൻ തയ്യാറാവൽ ശരീരം കൊണ്ടുള്ള ഉൾക്കൊള്ളലാണ്; കർമ്മങ്ങൾ ചെയ്യൽ ഹൃദയം കൊണ്ടുള്ള ഉൾക്കൊള്ളലുമാണ്. ഉന്നത പദവികളിലേക്കു കയറിപ്പോകൽ ആത്മാവുകൊണ്ടുള്ള ഉൾക്കൊള്ളലുമാണ് . ഇങ്ങിനെ സാർവ്വത്രികമായി ഉൾക്കൊള്ളുന്നവരാണ് സൂഫികൾ. മറ്റുള്ളവരാകട്ടെ ഭാഗിമായി ഉൾക്കൊള്ളുന്നവരും.
ഉമർഫാറൂഖ്(റ) പറയുന്നു: “അല്ലാഹു സുഹൈബി(റ)വിനെ അനുഗ്രഹിക്കട്ടെ. അദ്ദേഹം അല്ലാഹുവിനെ ഭയന്നതു കൊണ്ടല്ല തഖ് വ ചെയ്തിരുന്നത്.“
എന്തു ധിക്കാരം ചെയ്താലും ഞാൻ നിന്നെ ശിക്ഷിക്കുകയില്ലെന്ന് അല്ലാഹു സുഹൈബ്(റ)വിന് ഉറപ്പു കൊടുത്താൽ പോലും അദ്ദേഹം അല്ലാഹു വിന്റെ വിധി വിലക്കുകളൊന്നും അവഗണിക്കുകയില്ലാ എന്നാണിതിനർത്ഥം.
തുടരും