മലാമത്തി വിഭാഗവും യഥാർത്ഥ സൂഫികളും

അവാരിഫുൽ മആരിഫ്: അദ്ധ്യായം 8:

ഇമാം ശിഹാബുദ്ദീൻ സുഹ്റവർദി(റ):

സൂഫി സരണികളുടെ ചരിത്ര പരമായ വികാസ വഴിയിൽ പല ധാരകളും ആവിർഭവിച്ചിട്ടുണ്ട്. സൂക്ഷ്മതയുടെ പേരിൽ പല അതിവാദങ്ങളും വെച്ചു പുലർത്തുകയും സാമാന്യയുക്തിക്ക് നിരക്കാത്ത പല കർമ്മ മാർ​ഗങ്ങൾ പിന്തുടരുകയും ചെയ്ത മലാമത്തി ധാരയെ സംബന്ധിച്ച് അവലോകനം ചെയ്യുന്ന അവാരിഫുൽ മആരിഫിലെ അദ്ധ്യായം.

സൂഫികളിലെ ഒരു അവാന്തര ധാരയാണ് മലാമത്തി’കൾ. തങ്ങൾ ചെയ്യുന്ന നന്മകളൊന്നും അവർ വെളിവാക്കുകയില്ല. രഹസ്യമായേ ചെയ്യുക യുള്ളൂ. തങ്ങളിലുള്ള തിന്മകളൊന്നും അവർ മൂടിവെക്കുകയുമില്ല. നിസ്വാർത്ഥതയും നിഷ്കളങ്കതയുമാണിവരുടെ മുഖമുദ്ര. സത്യസന്ധതയും, ആത്മാർത്ഥതയും മതിവരുവോളം പാനം ചെയ്ത സിരകളാണവരുടേത്. അതിനാൽ തങ്ങളുടെ നന്മകളൊന്നും പൊതുജനം അറിയരുതെന്നും, തിന്മകൾ ലോകം മുഴുവൻ അറിയണമെന്നും ഇവർ ആഗ്രഹിക്കുന്നു.

ഹുദൈഫ(റ) റിപ്പോർട്ടു ചെയ്യുന്നു: നിസ്വാർത്ഥത (ഇഖ് ലാസ്)യെ സംബന്ധിച്ചു ഞാൻ നബിതിരുമേനി(സ) യോടു ചോദിച്ചു. അപ്പോൾ അവിടുന്ന് അരുളി: ഞാനിതു ജിബരീലിനോടു ചോദിച്ചപ്പോൾ ജിബ്രീൽ(അ) പ്രതിവചിച്ചു: അല്ലാഹു അരുളുന്നു: എന്റെ പൊരുളുകളിൽ പെട്ട ഒരു പൊരുളാണത്. ഞാനതു എന്റെ വല്ല ദാസന്റെയും ഹൃദയത്തിൽ നിക്ഷേപിച്ചാൽ അവനെ ഞാൻ സ്നേഹിക്കുന്നതിന്റെ തെളിവാണത്.
ഈ ഇഖ്ലാസ് അതിന്റെ പൂർണ്ണരൂപത്തിൽ സമ്മേളിച്ചവരാണ് മലാമത്തികൾ. സുകൃതങ്ങൾ മറച്ചു പിടിക്കുന്നതിൽ അവർ ആനന്ദം കൊള്ളുന്നു; തിന്മകൾ മൂടി വെക്കാതിരിക്കുന്നതിലും അവർക്ക് ആനന്ദം. എത്രത്തോളമെന്നാൽ തങ്ങളുടെ വല്ല നന്മയും ജനങ്ങളറിഞ്ഞാൽ വല്ല പാപവും അറിയുന്നതു പോലെ അവർ ലജ്ജിക്കുന്നു. എന്നാൽ സൂഫിയാകട്ടെ ഈ പദവിക്കു മീതെയാണ്. സൂഫി തന്റെ “ഇഖ്ലാസി’നെ ഇഖ്ലാസിൽ മറച്ചു വെക്കുകയാണ് ചെയ്യുന്നത്. അതായത് ജനങ്ങൾ അറിയുന്നതോ, അറിയാതിരിക്കുന്നതോ സൂഫി ഗൗനിക്കുന്നില്ല.
അബൂ യഅഖൂബ്(റ) പറയുന്നു: സൂഫി തന്റെ ‘ഇഖ്ലാസ്’ ദർശിച്ചാൽ പിന്നെ അവന്റെ “ഇഖ്ലാസി’ന്നു “ഇഖ്ലാസു ആവശ്യമായി വരുന്നു.
ദുന്നൂനുൽ മിസ്രി(റ) പറയുന്നു: ഇഖ്ലാസിന്റെ ലക്ഷണങ്ങൾ മൂന്നാണ്.

  1. സഹജീവികളുടെ പ്രശംസയും, ആക്ഷേപവും ഒരു പോലെ കണക്കാക്കുക.
  2. കർമ്മങ്ങളിൽ കർമ്മം കാണാതിരിക്കുക.
  3. പ്രതിഫലത്തിനുവേണ്ടി ചെയ്യാതിരിക്കുക. ഭൗതികമായാലും പാരത്രികമായാലും ശരി.

അബൂഉസ്മാനുൽ മഗ് രിബി(റ) പറയുന്നു. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെയുള്ള നിഷ്ക്കാമ കർമ്മമാണ് സാധാരണക്കാരുടെ ഇഖ്ലാസ്.
സുകൃതം മൂലം ആപത്തു സംഭവിക്കുന്നതു വക വെക്കാതെ സുകൃതം ചെയ്യലാണ് പുണ്യാത്മാക്കളുടെ ഇഖ്ലാസ്. പരോപകാര കർമ്മങ്ങൾക്കായി ആത്മാവിനെ സമർപ്പിക്കൽ. ഇവർ ചെയ്യുന്ന സുകൃതങ്ങൾ ഇവർ തന്നെ കാണുന്നില്ല.
കാരണം അല്ലാഹുവിന്റെ ഇച്ഛയിൽ സ്വന്തം ഇച്ഛകളെ ലയിപ്പിച്ചവരാണല്ലോ ഇവർ. നഫ്സിന് അസ്തിത്വമില്ലാത്തവർ.
ഏതാണ്ട് ഇതു തന്നെയാണ് മലാമത്തി’യും, സൂഫിയും തമ്മിലുള്ള വ്യത്യാസം. കാരണം, മലാമത്തി, തന്റെ നന്മ ജനങ്ങളിൽ നിന്നു മറച്ചു വെയ്ക്കാൻ പാടുപെടുന്നു. പക്ഷേ സ്വന്തം നഫ്സിൽ നിന്നു മറച്ചു വെക്കാൻ അയാൾക്കു സാധ്യമല്ല. നഫ്സിന്റെ അസ്തിത്വം ബാക്കി നിൽക്കുന്നതു കൊണ്ടാണത്. പൂർണ്ണതയിലെത്തിയ സൂഫിയുടെ നഫ്സിന്റെ അസ്തിത്വം ബാക്കിനിൽപ്പുണ്ടാവുകയില്ല. തന്മൂലം സ്വന്തം കർമ്മങ്ങളൊന്നും സൂഫിയുടെ ദൃഷ്ടിയിൽ പെടുന്നതേയില്ല. ആകയാൽ മലാമത്തി തന്റെ സുകൃതങ്ങളെ ജനങ്ങളിൽ നിന്നുമാത്രമാണ് മൂടി വെക്കുന്നത്. സൂഫിയാകട്ടെ, താൻ ചെയ്യുന്ന സുകൃതങ്ങൾ സ്വന്തം നഫ്സ് പോലും അറിയുന്നില്ല. ഇതാണ് കറയില്ലാത്ത ഇഖ് ലാസ്. താനേ ഉണ്ടാകുന്നതാണത്. ഉണ്ടാക്കുന്നതല്ല. അവ രണ്ടും തമ്മിൽ വലിയ അന്തരമുണ്ട്.

അബൂബക്കറുസ്സഖാഖ്(റ) പറയുന്നു: “ഇഖ്ലാസുള്ള വ്യക്തി തന്റെ ഇഖ്ലാസിൽ ഇഖ്ലാസ് ദർശിച്ചാൽ അതു, ഇഖ്ലാസിന്റെ ന്യൂനതയാണ്. അതു കറ കളഞ്ഞ ഇഖ്ലാസല്ല. തനിയേ ഉണ്ടാകുന്ന ഇഖ്ലാസും, ഉണ്ടാക്കി തീർക്കുന്ന ഇഖ്ലാസുമുണ്ട്. തനിയെ ഉണ്ടാകുന്ന ഇഖ്ലാസാണ് കറയില്ലാത്ത ഇഖ്ലാസ്. ഈ കറയില്ലാത്ത ഇഖ്ലാസിനെ ഒരാൾക്കു നൽകാൻ അല്ലാഹു ഇച്ഛിച്ചാൽ, അയാൾക്കു തന്റെ ഇഖ്ലാസു കാണാനുള്ള കഴിവിനെ അല്ലാഹു എടുത്തുകളയുന്നു. അപ്പോൾ അയാൾ ഇഖ്ലാസു നൽകപ്പെട്ടവൻ (മുഖ്ലസ്) ആയിത്തീരുന്നു. ഇഖ്ലാസുണ്ടാക്കുന്നവൻ (മുഖ്ലിസ്) അല്ല. “
അബൂസഈദുൽ ഖസ്സാർ (റ) പറയുന്നു:
“സാധാരണക്കാരുടെ ഇഖ്ലാസിനേക്കാൾ മഹത്വം ഉന്നതസ്ഥാനക്കാരായ ആരിഫീങ്ങളുടെ ലോകമാന്യതാ മനോഭാവത്തിന്നാണ്, കാരണം, സാധാരണക്കാർ തങ്ങളുടെ ഇഖ്ലാസിൽ, ഇഖ്ലാസ് ദർശിക്കുന്നവരാണ്. അതിനാൽ അതിന്നു ന്യൂനതയുണ്ട്. ആരിഫീങ്ങളാകട്ടെ ജനങ്ങൾ കാണേണമെന്ന ഉദ്ദേശത്തോടെ കർമ്മം ചെയ്താൽ പോലും, ദുരുദ്ദേശമല്ല അവർക്കുണ്ടായിരിക്കുക. ഉദാഹരണം, താൻ കൂടുതൽ നിസ്കരിക്കുന്നതു തന്റെ ശിഷ്യന്മാർ കാണട്ടെയെന്ന് ഒരു ആരിഫ് മനസ്സിൽ വിചാരിക്കുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ഉദ്ദേശ്യം ആ ശിഷ്യരെ ഇബാദത്തിലേക്കാകർഷിക്കലായിരിക്കും. മറ്റു ദുരുദ്ദേശമൊന്നും ഒരിക്കലും ആരിഫിന്റെ മനസ്സിൽ അങ്കുരിക്കുകയില്ല. ഇതു പോലെ സ്വന്തം നഫ്സിന്റെ ചില സൽസ്വഭാവങ്ങളെ പോഷിപ്പിക്കലുമാകാം ആരിഫിന്റെ ലക്ഷ്യം. ആരിഫുകൾക്കു മാത്രം അറിയാവുന്ന, തലനാരിഴകീറുന്ന ജ്ഞാന ശകലങ്ങൾ ഇവിടെ മറഞ്ഞു കിടപ്പുണ്ട്. ഇതൊന്നും ഗ്രഹിക്കാതെ ചിലപ്പോൾ ചിലർ ആരിഫുകളെ തെറ്റിദ്ധരിക്കാറുണ്ട് – അവർ പ്രദർശനമനോഭാവത്തോടെ സൽക്കർമ്മം ചെയ്യുകയാണന്ന്- ഒരിക്കലുമല്ല, കാരണം, അവരുടെ നഫ്സിന് അസ്തിത്വമില്ല. അതിനാൽ
നഫ്സിന്റെ പ്രേരണ അതിൽ ഉണ്ടാവുകയില്ല.
റുവൈം(റ) പറയുന്നു:
“ദുനിയാവിലെയോ ആഖിറത്തിലേയോ, പ്രതിഫലമോ അധികാരമോ കൊണ്ടു സംതൃപ്തനാകാതെ കർമ്മം ചെയ്യലാണ് ഇഖ്ലാസ്.“
മറ്റൊരു ജ്ഞാനി പറയുന്നു:
“പരീക്ഷണം അല്ലാഹുവിങ്കൽ മാത്രം കേന്ദ്രീകരിക്കുക മൂലം സൃഷ്ടികളെ കാണാൻ കഴിയാതിരിക്കലാണ് യഥാർത്ഥ ഇഖ്ലാസ്.“ മലാമത്തിയാകട്ടെ സൃഷ്ടികളെ കാണുക മൂലമാണ് തന്റെ നന്മ മറച്ചു വെക്കാൻ ശ്രമിക്കുന്നത്.
ഇതുവരെ നാം പറഞ്ഞതെല്ലാം സൂഫിയുടെ ഇഖ് ലാസിനെപ്പറ്റിയാണ്. സൂഫികളുടെ താഴെ പദവിയിലുള്ളവർക്കിതു ബാധകമല്ല. അതാണു അബൂബക്കറുസ്സഖാഖു(റ) പറഞ്ഞത്. ഇഖ്ലാസുള്ളവൻ തന്റെ ഇഖ്ലാസിനെ ദർശിക്കൽ അതിന്റെ ന്യൂനതയാണ്. അല്ലാഹു താൻ ഇച്ഛിക്കുന്നവരുടെ ഇഖ്ലാസു പൂർണ്ണതയിലെത്തിച്ചു കാത്തു രക്ഷിക്കുകയാണ് ചെയ്യുന്നത്.

ജഅഫറുൽ ഖുൽദി(റ) പറയുന്നു:
“അബുൽഖാസിം ജുനൈദുൽബഗ്ദാദി (റ) യോടു ഞാൻ ചോദിച്ചു: നിഷ്കളങ്കത (സിദ്ഖ്) യും, നിസ്വാർത്ഥത (ഇഖ്ലാസ്) യും തമ്മിൽ വ്യത്യാസമുണ്ടോ? അദ്ദേഹം പ്രതിവചിച്ചു: സിദ്ഖാണ് അടിത്തറ. ആ അടിത്തറമേൽ നിൽക്കുന്ന സൗധമാണ് ഇഖ്ലാസ്. കാരണം കർമ്മം ചെയ്യുമ്പോൾ മാത്രമാണ് ഇഖ്ലാസിന്റെ പ്രശ്നം ഉത്ഭവിക്കുന്നത്.“
അദ്ദേഹം തുടർന്നു:
“ന്യൂനതയുള്ള ഇഖ്ലാസ്, കറകളഞ്ഞ ഇഖ്ലാസ്- ഇഖ്ലാസിന്റെ സത്ത് ഇതാണ്- ഇഖ്ലാസിന്റെ ആകെത്തുക, മലാമത്തിയുടെ ഇഖ്ലാസാണ് ന്യൂനതയുള്ള ഇഖ്ലാസ്. സൂഫിയുടേത് കറകളഞ്ഞ ഇഖ്ലാസും, ഈ കറകളഞ്ഞ ഇഖ്ലാസുള്ളവർക്ക് തൽഫലമായി സ്വന്തം അസ്തിത്വത്തെ സാക്ഷാൽ ഉൺമയുടെ ആസ്തിക്യത്തിൽ ലയിപ്പിക്കാൻ സാധിക്കലാണ് ഇഖ്ലാസിന്റെ സത്ത്. അതായത് തന്റെ ഇച്ഛയെ, അല്ലാഹുവിന്റെ ഇച്ഛയിൽ ലയിപ്പിക്കൽ. തന്റെ നിയന്ത്രണത്തെ അല്ലാഹുവിന്റെ നിയന്ത്രണത്തിൽ ലയിപ്പിക്കൽ. ആ അവസ്ഥയിലെത്തുമ്പോൾ സ്വന്തം നഫ്സിനെപ്പോലും ഉൺമയിൽ നിന്നു വേറെ കാണാൻ അയാൾക്കു സാധിക്കയില്ല. മറകളുടെ മാലിന്യം മുഴുവൻ നീങ്ങിയ അവസ്ഥ. ഇതാണ് ഇഖ്ലാസിന്റെ സത്ത്. മലാമത്തി തന്റെ ഇഖ്ലാസിന്റെ നാലു ഭിത്തികൾക്കുള്ളിൽ താമസിക്കുന്നു. അതിനപ്പുറം കാണാൻ അയാൾക്കു സാധ്യമല്ല. സൂഫിക്കതിനു കഴിയും. ഇതാണ് രണ്ടു വിഭാഗവും തമ്മിലുള്ള അന്തരം.
ഖുറാസാനിൽ ഈ മലാമത്തി വിഭാഗക്കാരായ ചില ശൈഖുമാരും മുരീദുമാരുമുണ്ടായിരുന്നു. ആ ശൈഖുമാർ തങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളനുസരിച്ചു ശിഷ്യർക്കു ശിക്ഷണ ശീലനങ്ങൾ നൽകി വന്നിരുന്നു. ഇറാഖിൽ വെച്ചു ഇത്തരം ഒരു ശൈഖുമായി നാം പരിചയപ്പെടുകയുണ്ടായി. പക്ഷേ അദ്ദേഹം “മലാമത്തി’ എന്ന പേരു സ്വീകരിച്ചിരുന്നില്ല. ആ പേരിലല്ല അദ്ദേഹം പ്രസിദ്ധനായിരുന്നത്. ഇറാഖുകാർ ഈ പേർ വളരെ ദുർല്ലഭമായേ ഉപയോഗിക്കാറുള്ളൂ.
ഒരിക്കൽ സൂഫിമാരുടെ ഖസീദയും, മറ്റും കേൾക്കാൻ ഒരു മലാമത്തിയെ ഒരാൾ ക്ഷണിച്ചു. ക്ഷണം നിരസിച്ചു കൊണ്ടദ്ദേഹം പറഞ്ഞു: ഞാനതു കേൾക്കാൻ വന്നാൽ എനിക്ക് “ജദ്ബ്’ വരും. അതു ജനങ്ങൾ കാണുകയും, എന്റെ അവസ്ഥ അവരറിയുകയും ചെയ്യും. അത് എന്റെ നിലപാടിന്നു യോജിച്ചതല്ല.
ഒരിക്കൽ അഹ്മദുബിൻ അബിൽ ഹവാരി(റ) അബൂസുലൈമാനുദ്ദാറാനി(റ)യോടു പറഞ്ഞു:
“ഏകാന്തതയിൽ വെച്ച് കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന നിർവൃതി എനിക്ക് പരസ്യമായി ചെയ്യുമ്പോൾ ലഭിക്കുന്നില്ല
അപ്പോൾ അബൂസുലൈമാനുദ്ദാറാനി(റ) പ്രതിവചിച്ചു: താങ്കളുടെ ദൗർബ്ബല്യമാണത്.“
മലാമത്തി, ഇഖ്ലാസിന്റെ പാശം മുറുകെപ്പിടിക്കുകയും നിഷ്കളങ്കതയുടെ പരവതാനിയിൽ ഉപവിഷ്ഠനാവുകയും ചെയ്യുന്നുവെങ്കിലും, സൃഷ്ടികളെ കാണുകയെന്ന ഇരുൾ അയാളിൽ അല്പം ശേഷിച്ചു നിൽപ്പുണ്ട്. ആ ന്യൂനതയെ അയാളുടെ ഇഖ്ലാസും, നിഷ്കളങ്കതയും പരിഹരിക്കുമെങ്കിലും ശരി.

സൂഫിയിൽ ആ ഇരുൾ അല്പവും ശേഷിപ്പുണ്ടാവുകയില്ല. നേരത്തെ പറഞ്ഞ പോലെ ഉൺമയുടെ ആസ്തിക്യമല്ലാതെ മറ്റൊന്നും അയാൾ കാണുകയില്ല. സൃഷ്ടികളെ പൂർണ്ണമായും സൂഫികൾ ത്യജിച്ചു കഴിഞ്ഞിരിക്കും. ശൂന്യത (ഫനാഉ) യുടെ കണ്ണുകൊണ്ടാണവരുടെ വീക്ഷണം. തൗഹീദിന്റെ മസ്തിഷ്ക്കം കണ്ടെത്തിയവരാണവർ. അല്ലാഹുവിന്റെ സത്തയൊഴിച്ചുള്ളതെല്ലാം നശിക്കാനുള്ളതാണെന്ന് ഖുർആൻ വാക്യത്തിന്റെ പൊരുളവർ ഗ്രഹിച്ചു കഴിഞ്ഞിരിക്കും. ചില സൂഫികൾ അവരുടെ ഉന്മാദാവസ്ഥയിൽ പറയാറുണ്ട്. ദുനിയാവിലും, ആഖിറത്തിലും അല്ലാഹുവല്ലാതെ മറ്റൊന്നുമില്ല എന്ന്. മുകളിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കേണ്ടതാണ് അത്.

മലാമത്തി, തന്റെ നന്മകൾ മറച്ചു വെക്കാറുള്ളത് രണ്ടു ലക്ഷ്യത്തിനു വേണ്ടിയാകാം.

  1. ഇഖ്ലാസും, നിഷ്കളങ്കതയും, സുദൃഢമാക്കാൻ
  2. തന്റെ പദവി ജനങ്ങൾ അറിയാതിരിക്കാൻ. ഈ രണ്ടാമതു പറഞ്ഞ ലക്ഷ്യം കൂടുതൽ വിശിഷ്ടമാണ്. തങ്ങളുടെ പദവി ജനങ്ങളറിഞ്ഞാൽ അവർ അസ്വസ്ഥരാകും. ഒരാൾക്ക് ഒരു രഹസ്യകാമുകിയുണ്ടെന്നുവെക്കുക. ഈ രഹസ്യം മറ്റൊരാൾ അറിയുമ്പോൾ അയാളുടെ വികാരമെന്തായിരിക്കും. അതു തന്നെയാണ് തന്റെ നന്മ മറ്റൊരാൾ അറിയുമ്പോൾ മലാമത്തിയുടേയും അവസ്ഥ. ഇതൊരു നല്ല അവസ്ഥ തന്നെ. പക്ഷേ സൂഫിയെ സംബന്ധിച്ചിടത്തോളം സൃഷ്ടികളുടെ അസ്തിത്വം അംഗീകരിക്കുന്ന ഈ അവസ്ഥ ഭൂഷണമല്ല. അതിനാൽ സൂഫിയാണ് ഉന്നത സ്ഥാനത്ത് നിൽക്കുന്നത്. രണ്ടാം സ്ഥാനം മലാമത്തിക്കു തന്നെയാണ്. മൂന്നാം സ്ഥാനത്താണ് മുതസവ്വിഫ്.
    മലാമത്തിയുടെ അടിസ്ഥാന പ്രമാണമനുസരിച്ച് ദിക്റ് നാലുതരത്തിലാണ്. 1 നാവുകൊണ്ട്. 2 ഹൃദയം കൊണ്ട്. 3 അന്തരാളം കൊണ്ട്(സിർറുകൊണ്ട്) 4 ആത്മാവുകൊണ്ട്. ആത്മാവുകൊണ്ടുള്ള ദിക്റ് സാധ്യമായാൽ അന്തരാളവും ഹൃദയവും നാവും ശാന്തമാകുന്നു. ഇതിനാണ് ഹൈബത്തിയെന്നും ദിക്റ് എന്ന് പറയുന്നത്. ഹൃദയത്തിന്റെ ദിക്റ് സാധ്യമാകുമ്പോൾ നാവു ശാന്തമാകുന്നു. ഇതിന്നു അനുഗ്രഹത്തിന്റെ ദിക്റ് എന്നു പറയുന്നു. ഹൃദയത്തിന് ദിക്റ് ചൊല്ലാൻ സാധിക്കാതെ വരുമ്പോഴാണ് നാവ് ദിക്റ് ചൊല്ലുന്നത്. ഇതിന് സാധാരണക്കാരന്റെ ദിക്റ് എന്നാണ് പേര്. മേൽ പറഞ്ഞ നാല് തരം ദിക്റിലും ന്യുനതകൾ വന്നുചേരുമെന്നാണ് മലാമത്തികളുടെ പ്രമാണം. ആത്മാവു കൊണ്ടുള്ള ദിക്റിൽ വന്നുചേരാവുന്ന ന്യൂനത, അതിൽ അന്തരാളത്തിന്റെ ഇടപെടലത്രെ. അന്തരാളത്തിന്റെ ദിക്റിൽ ഹൃദയത്തിന്റെ ഇടപെടലും ഹൃദയത്തിന്റെ ദിക്റിൽ നഫ്സിന്റെ ഇടപെടലും നഫ്സിന്റെ ദിക്റിൽ പ്രതിഫല മോഹമുണ്ടാവലും ന്യൂനതകളാണ്. താൻ വലിയ പദവിയിലാണെന്ന ചിന്തയും നഫ്സിന്റെ ദിക്റിലുണ്ടാകുന്ന ന്യൂനതയാണ്.

മലാമത്തികളുടെ ദൃഷ്ടിയിൽ ഏറ്റവും വില കുറഞ്ഞ മനുഷ്യൻ നന്മകളെ പരസ്യമാക്കുന്നവനും ജനങ്ങളെ സ്വാധീനിക്കാൻ ആഗ്രഹിക്കുന്നവനുമാണ്. അവരുടെ പ്രമാണമനുസരിച്ച് ആത്മാവിന്റെ ദിക്റ് ഉണ്മയുടെ സത്തയുടെ ദിക്റാണ്. അന്തരാളത്തിന്റെ ദിക്റ് അല്ലാഹുവിന്റെ സ്വിഫത്തിന്റെ(ഗുണവിശേഷണങ്ങളുടെ) ദിക്റാണ്. ഹൃദയത്തിന്റെ ദിക്റ്, അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ ദിക്റും. നഫ്സിന്റെ ദിക്റ് അദ്ധ്യാത്മീക ശുദ്ധീകരത്തിന്റെ ദിക്റും ആണ്. ആത്മാവിന്റെ ദിക്റിന്റെ അവസ്ഥ ലയനാവസ്ഥ ആകുന്നു. ഈയവസ്ഥയിൽ അന്തരാളം ഇടപെടുകയെന്നുള്ളത് ഫനാ പൂർണ്ണമാകാത്തതിന്റെ ലക്ഷണമാണ്. അതുപോലെ അന്തരാളത്തിന്റെ ദിക്റിൽ ഹൃദയം ഇടപെടുമ്പോൾ സ്വിഫത്തുകളുടെ സാക്ഷാത്കാരം സമ്പൂർണ്ണമാകാത്തതിന്റെ ലക്ഷണമാണത്. അതിനു താഴെ പദവികളിലുള്ള ദിക്റുകളുടെ അവസ്ഥയും തഥൈവ.
ഇപ്രകാരം പുണ്യാത്മാക്കൾ പല വിഭാഗങ്ങളുമുണ്ട്. അവരുടെ തണൽ സാധുക്കളായ നമുക്ക് അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ, ആമീൻ. അവരുടെ ജാഹു ബർക്കത്തുകൾ കൊണ്ട് അല്ലാഹു നമുക്ക് ഹിദായത്ത് നൽകുമാറാകട്ടെ, ആമീൻ.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy