നബീൽ മുഹമ്മദലി
ഇന്ന് ബദർ ദിനം: അല്ലാഹുവിൽ ഭരമേൽപിച്ചവർക്ക് വ്യക്തമായ വിജയം നൽകി ചരിത്രത്തിന്റെ ദിശ തെളിയിച്ച വിജയ ദിനം. അഥവാ സത്യത്തിന്റെ പ്രത്യക്ഷ വിജയം സുനിശ്ചിതമാക്കിയ വിവേചന ദിനം. നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള എല്ലാ അതിജീവന സമരങ്ങളെയും പ്രചോദിപ്പിക്കുന്ന അതിജീവനത്തിന്റെ ദിനം.
وَلَقَدْ نَصَرَكُمُ ٱللَّهُ بِبَدْرٍ وَأَنتُمْ أَذِلَّةٌ ۖ فَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تَشْكُرُونَ
നിങ്ങള് ദുര്ബ്ബലരായിരുന്നപ്പോള്, അല്ലാഹു നിങ്ങളെ ബദ്റില് സഹായിക്കുകയുണ്ടായിട്ടുണ്ട്. ആകയാല്, നിങ്ങള് അല്ലാഹുവിനെ സൂക്ഷിച്ചു കൊള്ളുവിന്- നിങ്ങള് നന്ദി കാണിക്കുന്നവരായിരിക്കണം.
إِذْ تَقُولُ لِلْمُؤْمِنِينَ أَلَن يَكْفِيَكُمْ أَن يُمِدَّكُمْ رَبُّكُم بِثَلَٰثَةِ ءَالَٰفٍ مِّنَ ٱلْمَلَٰٓئِكَةِ مُنزَلِينَ
അതായത്, (നബിയേ) അങ്ങ് സത്യവിശ്വാസികളോട് പറഞ്ഞിരുന്ന സന്ദര്ഭം: മൂവായിരം മലക്കുകളെ ഇറക്കി കൊണ്ട് നിങ്ങളുടെ റബ്ബ് നിങ്ങള്ക്ക് സഹായം നല്കുന്നത് നിങ്ങള്ക്ക് മതിയാവുകയില്ലേ?!
بَلَىٰٓ ۚ إِن تَصْبِرُوا۟ وَتَتَّقُوا۟ وَيَأْتُوكُم مِّن فَوْرِهِمْ هَٰذَا يُمْدِدْكُمْ رَبُّكُم بِخَمْسَةِ ءَالَٰفٍ مِّنَ ٱلْمَلَٰٓئِكَةِ مُسَوِّمِينَ
മതിയാകും; നിങ്ങള് ക്ഷമിക്കുകയും, സൂക്ഷിക്കുകയും, അവര് [ശത്രുസൈന്യം] ഈ ക്ഷണത്തില് നിങ്ങളുടെ അടുക്കല് വരുകയും ചെയ്യുന്നപക്ഷം, മലക്കുകളില് നിന്നും പ്രത്യേക അടയാളം ലഭിച്ച അയ്യായിരം പേരെ കൊണ്ട് നിങ്ങളുടെ റബ്ബ് നിങ്ങള്ക്ക് സഹായം നല്കുന്നതാണ്.’
(സൂറഃ ആലുഇംറാൻ – 123-125)
അല്ലാഹുവിന്റെ അദൃശ്യമായ സഹായമുണ്ടായ യുദ്ധമാണ് ബദർ. മുസ്ലിംകൾ ദുർബലരായ സന്ദർഭത്തിലാണ് ആ സഹായം ലഭിക്കുന്നത് എന്ന കാര്യം ഇവിടെ ഖുർആൻ പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുകയാണ്. ഐഹിക ലോകത്തെ കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിൽ വിജയം വിദൂരമാകുമ്പോൾ വിശ്വാസികൾക്ക് കാര്യകാരണങ്ങളിലുള്ള പ്രതീക്ഷയും അവലംബവും കുറയും. അതിനാൽ അത്തരം സന്ദർഭങ്ങളിൽ അല്ലാഹുവിലേക്ക് മുറിഞ്ഞു വീണവരായ രൂപത്തിൽ മുതവക്കിലീങ്ങളായി മാറുവാൻ വളരെ എളുപ്പമാണ്. മാത്രമല്ല, അങ്ങിനെ ലഭിക്കുന്ന വിജയം പൂർണ്ണമായും അല്ലാഹുവിന്റെ ഔദാര്യമാണെന്ന് മനസ്സിലാക്കുകയും ചെയ്യാം. മുസ്ലിംകളുടെ ആദ്യത്തെ സംഘവും ആദ്യത്തെ സായുദ്ധപോരാട്ടവുമായിരുന്നതിനാൽ അതിൽ ഏറ്റവും വിപുലമായി അല്ലാഹുവിന്റെ സഹായം ലഭിക്കുകയും അതിൽ പങ്കെടുത്തവർക്ക് ഉയർന്ന ബഹുമാനം കൊടുക്കുകയും ചെയ്തു. നിരായുധരും അംഗപരിമിതരുമായിരുന്നിട്ടും അല്ലാഹുവിന്റെ മാർഗത്തിലുള്ള പോരാട്ട രംഗത്ത് അവർ ഉറച്ചു നിന്നുവെന്നത് അവരുടെ ഉയർന്ന ഈമാനിനേയും തവക്കുലിനേയും സ്വബ്റിനേയും തഖ്വയേയുമൊക്കെ എടുത്ത് കാണിക്കുന്ന കാര്യമാണ്. അവരുടെ ആ ഉറച്ചു നിൽക്കൽ കാരണമാണ് അല്ലാഹു തആല ആകാശത്ത് നിന്നും മലക്കുകളെ ഇറക്കി അവരെ സഹായിച്ചത്. അതിനാൽ മറ്റു പോരാട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി ബദറിന് ഇസ്ലാമിക ചരിത്രത്തിൽ വലിയ സ്ഥാനവും മഹത്വവുമുണ്ട്. റമളാൻ 17ന് നടന്ന ആ പോരാട്ടത്തെ മുസ്ലിം ലോകം എന്നും അനുസ്മരിച്ചു കൊണ്ടിരിക്കുന്നു. ദീനിന്റെ മാതൃകയും ആധികാരിക പ്രമാണവുമായ സ്വഹാബാക്കൾക്ക് അല്ലാഹു കൊടുത്ത സുപ്രധാനമായ ആദരവും സഹായവുമാണ് ബദ്റിൽ എടുത്ത് പറയാനുള്ള സവിശേഷത. അതിനാൽ പിൽക്കാലത്തെ ഉമ്മത്തിനെല്ലാം ബദ്റിൽ മുസ്ലിംകളെ അല്ലാഹു സഹായിച്ചത് പോലെ സഹായിക്കുമെന്ന പ്രതീക്ഷക്ക് കൂടി വക നൽകുന്നുണ്ട്. അല്ലാഹുവിന്റെ പ്രത്യേകമായ സഹായം മുസ്ലിംകൾക്ക് പലരൂപത്തിൽ അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളതുമാണ്. ആ സഹായം ലഭിക്കാൻ ചില നിബന്ധനകളുണ്ട് എന്നതാണ് നാം ശ്രദ്ധിക്കേണ്ട കാര്യം.
കാര്യകാരണ ബന്ധത്തിൽ വിശ്വസിക്കുന്ന, അതിൽ മനസ്സമാധാനം കാണുന്നവർക്ക് അല്ലാഹുവിന്റെ സഹായം ലഭിക്കുകയില്ല. തവക്കുലിന് നേരെ എതിരാണ് കാര്യകാരണങ്ങളിൽ മനസ്സമാധാനം പ്രാപിക്കൽ. ഈമാനുള്ളവർക്ക് കാര്യകാരണങ്ങളിൽ വിശ്വാസിക്കൽ അനുയോജ്യമാകുന്നതല്ല. എല്ലാ കാര്യകാരണങ്ങൾക്കു പിന്നിലുമുള്ള യഥാർത്ഥ കാരണം അല്ലാഹുവാണ് എന്ന് വിശ്വസിച്ചാലെ യഥാർത്ഥ മുഅ്മിനാവുകയുള്ളൂ. കാര്യകാരണങ്ങളെ ഏത് നിമിഷവും അട്ടിമറിക്കാൻ കഴിയുന്നവനാണ് സർവ്വശക്തനായ അല്ലാഹുവെന്ന് മനസ്സിലാക്കുകയും അല്ലാഹുവിന്റെ നടപടിയിൽ മാത്രം വിശ്വാസവും പ്രതീക്ഷയും പുലർത്തുന്നവർക്ക് അല്ലാഹുവിന്റെ അദൃശ്യമായ സഹായം ലഭിക്കുന്നതാണ്. അല്ലാഹുവിനെ കൊണ്ട് മന:സ്സമാധാനം പ്രാപിച്ചവർക്ക് അല്ലാഹുവിന്റെ പ്രത്യേകമായ സഹായം ലഭിക്കുന്നു.
ആദ്യകാല മുസ്ലിംകൾക്ക് യുദ്ധത്തിലും അതല്ലാത്ത സന്ദർഭങ്ങളിലുമെല്ലാം അല്ലാഹുവിന്റെ അദൃശ്യമായ സഹായം ലഭിച്ചിരുന്നതിന്റെ അനേകം സംഭവങ്ങൾ ചരിത്രങ്ങളിൽ ലിഖിതപ്പെട്ടു കിടക്കുന്നുണ്ട്. ഭൗതികവാദത്തിനും യുക്തിക്കും പ്രാധാന്യം വർധിച്ചു വന്നപ്പോൾ അദൃശ്യസഹായത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, ഗതകാലത്തെ അദൃശ്യസഹായങ്ങൾ ലഭിച്ച അത്ഭുത(കറാമത്ത്)കരമായ സംഭവങ്ങളൊക്കെ അവിശ്വസനീയമായ കെട്ടുകഥകളായി മുദ്രകുത്തുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങളെത്തി. ഈമാനികമായ പിന്നോക്കാവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. അദൃശ്യസഹായത്തിന് അടിസ്ഥാനപരമായി വേണ്ടത് ഈമാൻ ആണെന്ന് മേൽ ഉദ്ധരിച്ച ആയത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം. إِذْ تَقُولُ لِلْمُؤْمِنِينَ എന്നാണ് ആയത്തിലെ പരാമർശം. മുഅ്മിനാകണം, എന്നതിന് പുറമെ അല്ലാഹുവിൽ ഭരമേൽപ്പിക്കണം. പരീക്ഷണങ്ങളിൽ, ത്യാഗങ്ങൾ ഉണ്ടാകുമ്പോൾ ക്ഷമയോടെ ഉറച്ചു നിൽക്കണം. എന്നിട്ട്, അല്ലാഹുവിൽ നിന്ന് സഹായം പ്രതീക്ഷിക്കുമ്പോൾ അല്ലാഹു അവരെ കൈവിടുന്നതല്ല.
ബദ്റിൽ അല്ലാഹുവിന്റെ സഹായം ഉണ്ടാകുന്നതാണ് എന്ന് നബി(സ)ക്ക് നേരത്തെ അല്ലാഹു വാഗ്ദാനം നൽകിയിട്ടുണ്ടായിരുന്നു. എന്നിട്ടും, ആ വാഗ്ദാനം പൂർത്തിയാക്കി കിട്ടാൻ വേണ്ടി നബി(സ) അല്ലാഹുവിലേക്ക് വിനയാന്വിതനായി ദുആ ചെയ്തു കൊണ്ടിരുന്നു. യുദ്ധത്തിന്റെ തലേന്ന് രാത്രിയിലും യുദ്ധ ദിവസത്തിലെ പ്രഭാതത്തിലും തങ്ങൾ ആവർത്തിച്ചാവർത്തിച്ച് കൈകൾ മുകളിലേക്ക് ഉയർത്തി കൊണ്ടാണ് ദുആ ചെയ്തു കൊണ്ടിരുന്നത്. തങ്ങളുടെ ദീർഘവും വൈകാരികവുമായ ദുആ കണ്ടിട്ട് അബൂബക്കർ സിദ്ധീഖ്(റ) നബി(സ)യുടെ അടുത്തേക്ക് ഓടിവരുന്നുണ്ട്. ദുആയിൽ വ്യാപൃതരായ സന്ദർഭത്തിൽ തങ്ങളുടെ ശിരോവസ്ത്രം പോലും വീണുപോയിട്ടുണ്ടായിരുന്നു. ആ ശിരോവസ്ത്രം എടുത്ത് ചുമലിലിട്ട് കൊടുത്തു കൊണ്ട് തങ്ങളെ ആലിംഗനം ചെയ്തുകൊണ്ട് അബൂബക്കർ സിദ്ധീഖ്(റ) പറഞ്ഞു, “മതി നബിയെ, ദുആ മതി.! അങ്ങേക്ക് അല്ലാഹു നൽകിയ വാഗ്ദാനം അത് പൂർത്തിയാക്കി തരുന്നതാണ്.” അബൂബക്കർ സിദ്ധീഖ്(റ) ന്റെ ഈ ആശ്വാസിപ്പിക്കൽ കേട്ടപ്പോൾ നബി(സ) ദുആ നിർത്തി. അൽപ്പസമയത്തിനുള്ളിൽ അല്ലാഹുവിന്റെ സഹായം നബി(സ)ക്ക് വെളിവാകുകയും ചെയ്തു. വിശുദ്ധ ഖുർആനിലെ സൂറഃ അൻഫാലിലെ 9-ാം ആയത്ത് ഈ സന്ദർഭത്തെ കുറിച്ചാണ് വിവരിക്കുന്നത്.
إِذْ تَسْتَغِيثُونَ رَبَّكُمْ فَٱسْتَجَابَ لَكُمْ أَنِّى مُمِدُّكُم بِأَلْفٍ مِّنَ ٱلْمَلَٰٓئِكَةِ مُرْدِفِينَ
നിങ്ങള് നിങ്ങളുടെ റബ്ബിനോടു സഹായം തേടിയിരുന്ന സന്ദര്ഭം (ഓര്ക്കുക); എന്നിട്ട് അവന് നിങ്ങള്ക്കു ഉത്തരം നല്കി. ‘മലക്കുകളില്നിന്നും തുടരെ വന്നുകൊണ്ടിരിക്കുന്ന ആയിരം പേരെക്കൊണ്ടു ഞാന് നിങ്ങള്ക്കു സഹായം നല്കുന്നവനാണു’ എന്നു.
ആയിര കണക്കിന് മലക്കുകളെ ഇറക്കിയത് മുസ്ലിം സൈന്യത്തെ ബഹുമാനിക്കാനും സന്തോഷിപ്പിക്കാനുമാണ്. യുദ്ധ പടയാളികളായ രൂപത്തിലാണ് മലക്കുകൾ വന്നത്. മലക്കുകൾ മലക്കുകളുടെ തനിസ്വരൂപത്തിൽ നേരിടുകയാണെങ്കിൽ ഒരു മലക്ക് തന്നെ മതിയായിരുന്നു. വിശുദ്ധ ഖുർആൻ തുടർന്ന് പറയുന്നത് കാണുക. وَمَا جَعَلَهُ ٱللَّهُ إِلَّا بُشْرَىٰ وَلِتَطْمَئِنَّ بِهِۦ قُلُوبُكُمْ ۚ وَمَا ٱلنَّصْرُ إِلَّا مِنْ عِندِ ٱللَّهِ ۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ
അതിനെ(മലക്കുകളെ ഇറക്കിയത്) അല്ലാഹു ഒരു സന്തോഷ വാര്ത്തയായിട്ടല്ലാതെ ആക്കിയിട്ടില്ല. അതുമൂലം നിങ്ങളുടെ ഹൃദയങ്ങള് സമാധാനമടയുവാന് വേണ്ടിയുമാകുന്നു. സഹായം അല്ലാഹുവിങ്കല് നിന്നല്ലാതെ ഇല്ലതാനും. നിശ്ചയമായും അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു.
ദുആ വിശ്വാസിയുടെ ആയുദ്ധമാണ്. ആ ആയുധം പ്രയോഗിച്ചാണ് നബി(സ) ബദ്റിൽ അദൃശ്യമായ സഹായത്തെ കരസ്ഥമാക്കിയത്. അല്ലാഹുവിന്റെ വാഗ്ദാനം നേരത്തെ ഉണ്ടെങ്കിലും അതിറങ്ങാൻ വേണ്ടി വീണ്ടും ദുആ ചെയ്തു കാണിച്ചത് നമുക്ക് പിൻപറ്റാൻ വേണ്ടിയാണ്. ദുആയിലൂടെയും ദിക്റിലൂടെയും അദൃശ്യമായ സഹായത്തെ തേടുകയും നമുക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യാൻ തയ്യാറായി ഇറങ്ങുകയും ചെയ്യുക, ഇതാണ് ബദ്റിൽ സംഭവിച്ചത്. നിരായുധരും അംഗസംഖ്യയിൽ പരിമിതരുമാണെങ്കിലും അല്ലാഹുവിൽ ഭരമേൽപ്പിച്ച രൂപത്തിൽ അവർ പോരാട്ടത്തിന് ഇറങ്ങുകയും പരിശ്രമിക്കുകയും ചെയ്തു. അപ്പോളാണ് അല്ലാഹുവിന്റെ സഹായമായി മലക്കുകൾ അദൃശ്യമായ സഹായവുമായി രംഗത്ത് വരുന്നത്.
ബദ്റിലെ സ്വഹാബികൾക്ക് ഭൗതിക വിഭവങ്ങളുടെയും ആയുധത്തിന്റെയും കുറവുണ്ടെങ്കിലും ഈമാനും തഖ്വയും തവക്കുലും സ്വബ്റുമെല്ലാം കൈമുതലായുണ്ടായിരുന്നു. നമ്മുടെ കാലഘട്ടത്തിൽ ഭൗതികവിഭവങ്ങൾ ഉണ്ടെങ്കിലും ഈമാനും തഖ്വയും അനുബന്ധ മൂല്യങ്ങളും കൈവശമില്ല എന്നതാണ് അവസ്ഥ!. ഈ ദൗർബല്യത്തിന് പരിഹാരമുണ്ടോ എന്ന് അന്വേഷിക്കുമ്പോൾ നബി(സ)യുടെ ഹദീസിൽ നിന്ന് വായിക്കാവുന്നത്, ഒരു വ്യക്തി ആരെ സ്നേഹിക്കുന്നുവോ അവരുടെ കൂടെയാകുമെന്നാണ്. ബദ്രീങ്ങളെ പോലെ അല്ലാഹുവിന്റെ സഹായത്തിന് അർഹത നേടിയവരെ അതിയായി സ്നേഹിക്കുന്നവർക്ക് അല്ലാഹുവിന്റെ സഹായത്തിന് പാത്രീഭൂതരാവാം എന്നാണ് ഉലമാക്കൾ വിവരിച്ചിട്ടുള്ളത്.