നബീൽ മുഅബി.
റഹ് മത്തുല്ലാഹ് ഖാസിമിയുടെ “ഡാർവിന്റെ പ്രാർത്ഥന” എന്ന പുസ്തകം ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ സമഗ്രമായി പഠനവിധേയമാക്കുന്ന നല്ലൊരു ഗ്രന്ഥമാണ്. മലയാളത്തിൽ പരിണാമ സിദ്ധാന്തത്തെ ഇസ് ലാമിക പക്ഷത്ത് നിന്ന് ഇത്രയും സമഗ്രമായ രൂപത്തിൽ പഠനവിധേയമാക്കിയ മറ്റൊരു ഗ്രന്ഥമുണ്ടോ എന്ന് നിശ്ചയമില്ല. പ്രസ്തുത ഗ്രന്ഥത്തിന്റെ വായനാനുഭവം പങ്കുവെക്കുന്ന ആസ്വാദന കുറിപ്പ്.

റഹ് മത്തുല്ലാഹ് ഖാസിമിയുടെ “ഡാർവിന്റെ പ്രാർത്ഥന” എന്ന പുസ്തകം ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ സമഗ്രമായി പഠനവിധേയമാക്കുന്ന നല്ലൊരു ഗ്രന്ഥമാണ്. മലയാളത്തിൽ പരിണാമ സിദ്ധാന്തത്തെ ഇസ് ലാമിക പക്ഷത്ത് നിന്ന് ഇത്രയും സമഗ്രമായ രൂപത്തിൽ പഠനവിധേയമാക്കിയ മറ്റൊരു ഗ്രന്ഥമുണ്ടോ എന്ന് നിശ്ചയമില്ല. പ്രസ്തുത ഗ്രന്ഥത്തിലെ ഉള്ളടക്കങ്ങൾ താഴെ ചേർക്കുന്നു.
- മാനവഗതിയെ മാറ്റി മറിച്ച സിദ്ധാന്തം
- പരിണാമ സിദ്ധാന്തം: ഉത്തരമില്ലാത്ത ചോദ്യങ്ങൾ
- The Missing link
- ചാൾസ് ഡാർവിൻ: കാമുകനും പിതാവും
- പരിണാമ സിദ്ധാന്തം പ്രചരിപ്പിച്ചത് ആര്? ആർക്കുവേണ്ടി?
- പരിണാമവാദികൾക്ക് അടിതെറ്റിയത് എവിടെ?
ഒന്നാം അധ്യായത്തിൽ ചർച്ച ചെയ്യുന്നത് എല്ലാ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക സൈദ്ധാന്തിക രംഗങ്ങളിലും ഈ സിദ്ധാന്തം അടിത്തറയായി മാറുന്നതിനെ കുറിച്ചാണ്. ഡാർവിന്റെ പരിണാമ സിദ്ധാന്തത്തോളം മനുഷ്യ സമൂഹത്തിന്റെ ചിന്തയെ അട്ടിമറിച്ച മറ്റൊരു സിദ്ധാന്തവുമില്ല എന്ന വസ്തുത നാം ശരിക്കും പരിഗണിക്കേണ്ടതാണ്. അത് വരെ ദൈവത്തിലധിഷ്ഠിതമായ ലോകവീക്ഷണത്തിലും മാനവിക വീക്ഷണത്തിലും നിലകൊണ്ടിരുന്ന മനുഷ്യസമൂഹം ഭൗതികവാദത്തിലേക്ക് കളം മാറി ചവിട്ടുവാൻ ഊന്നുവടിയായി സ്വീകരിച്ചത് ഈ സിദ്ധാന്തമാണ്.
ആധുനികതയുടെ അടിത്തറയായി വർത്തിക്കുന്ന ആശയങ്ങളിൽ മുഖ്യമായതാണ് പരിണാമ സിദ്ധാന്തം. അത് പൂർണ്ണമായും തെളിയിക്കപ്പെടാത്ത ഒരു ജീവശാസ്ത്ര സിദ്ധാന്തം മാത്രമായിരുന്നു. പക്ഷെ, അത് 19ഉം 20 ഉം നൂറ്റാണ്ടുകളിൽ രൂപപ്പെട്ട എല്ലാ സാമൂഹിക-രാഷ്ട്രീയ ചിന്തകളേയും സ്വാധീനിച്ചുവെന്നതാണ് സത്യം. ആദ്യ മനുഷ്യനായ ആദമിനെ സ്രഷ്ടാവ് മണ്ണിൽ നിന്ന് സൃഷ്ടിക്കുകയും ആ ആദമിന്റെ സന്താനപരമ്പരയിലായി ജനിച്ചവരും വ്യാപിച്ചിവരുമാണ് സർവ്വ മനുഷ്യരുമെന്ന ദൈവവിശ്വാസത്തിലധിഷ്ഠിതമായ മനുഷ്യകുലത്തെ ഏകീകരിക്കുന്ന സാഹോദര്യ ദർശനത്തിന് ബദലായി ഈശ്വരനിഷേധികൾക്ക് ലഭിച്ച ഫിലോസഫി ഈ ജീവശാസ്ത്ര സിദ്ധാന്തമാണ്. അതിനപ്പുറം മനുഷ്യന്റെ ആവിർഭാവത്തെ കുറിച്ച് ശാസ്ത്രീയമായി ഒന്നും തെളിയിക്കപ്പെടാത്തതു കൊണ്ട് ഈ ദുർബലമായ സിദ്ധാന്തത്തെ അവരുടെ അടിത്തറയാക്കുകയല്ലാതെ വെറെ വഴിയുണ്ടായിരുന്നില്ല എന്നത് കൊണ്ടാണ് ഇതിന് ഇത്രയും പ്രചാരം കിട്ടിയത്.
ബൈബിളിന്റെയും ഖുർആനിന്റെയും വിശ്വാസത്തിൽ ദൈവത്തിന്റെ മാലാഖമാർ മുഖേന സൃഷ്ടിക്കപ്പെട്ടത് ആദമിനെയാണ്. സെമിറ്റിക്ക് മതങ്ങൾ ആദ്യ മനുഷ്യന്റെ കാര്യത്തിൽ ഒരുമിച്ചു നിൽക്കുമ്പോൾ ഭൗതികവാദികൾക്ക് മറുത്തൊരു ശാസ്ത്ര സത്യം അവിടെ കൊണ്ടു വരാൻ കഴിയാത്തതു കൊണ്ട് കിട്ടിയ സിദ്ധാന്തത്തെ വലിയ ശാസ്ത്രമെന്ന പോലെ അടിത്തറയാക്കി മാറ്റി. ആദ്യ മനുഷ്യനെ കുറിച്ച് എന്തെങ്കിലുമൊരു ഉത്തരം നൽകാനില്ലെങ്കിൽ ദൈവത്തിൽ നിന്ന് മുക്തമായ ഒരു മനുഷ്യനെ അവതരിപ്പിക്കാൻ അവർക്ക് കഴിയില്ല എന്നതു കൊണ്ടാണ് ഈ സിദ്ധാന്തത്തെ എല്ലാറ്റിന്റെയും അടിത്തറയാക്കിയത്. അതിനെ സംബന്ധിച്ച് ഐറിഷ് ചരിത്രകാരനായ ഡെസ്മണ്ട് കിങ് അത്ഭുതപ്പെട്ടതായി ഡാർവിന്റെ പ്രാർത്ഥനയിൽ ഉദ്ധരിക്കുന്നുണ്ട്.
ഡാർവിന്റെ പ്രാർത്ഥന എന്ന പുസ്തകത്തിലെ രണ്ടാമത്തെ അധ്യായത്തിൽ പരിണാമ സിദ്ധാന്തത്തിന് ഉത്തരം നൽകാൻ കഴിയാത്ത ചോദ്യങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. അഥവാ, ആ സിദ്ധാന്തത്തിന്റെ പോരായ്മകൾ. ‘അഞ്ച് പ്രകൃതി പ്രതിഭാസങ്ങളുടെ ഉൽപ്പന്ന’മായാണ് പരിണാമ സിദ്ധാന്തത്തെ ഡാർവിൻ അവതരിപ്പിക്കുന്നത്. പക്ഷെ, ആ അഞ്ചെണ്ണത്തിൽ നാലെണ്ണവും ഡാർവിന്റെ ജനനത്തിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പല ചിന്തകന്മാരും അവതരിപ്പിച്ചിട്ടുള്ളതാണ് എന്ന് ഡാർവിന്റെ പ്രാർത്ഥന എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ഏതെല്ലാമാണ് ആ പ്രതിഭാസങ്ങൾ?
- വാരിയേഷൻ(വ്യത്യസ്തത),
- കൊമ്പറ്റീഷൻ(മത്സരം),
- റീപ്രൊഡക്ഷൻ(പ്രത്യുൽപ്പാദനം),
- ഇൻഹെറിറ്റൻസ്(അനന്തരാവകാശം) എന്നിവയാണത്.
ഈ പ്രതിഭാസങ്ങളെ അല്ലാഹുവിന്റെ ദൃഷ്ടാന്തമായി കൊണ്ട് അവതരിപ്പിച്ച ഇബ്നു ഖൽദൂനെ ആ പുസ്തകത്തിൽ ഉദ്ധരിക്കുന്നുണ്ട്.

ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിന്റെ പിഴവുകളെല്ലാം രണ്ടാം അധ്യായത്തിൽ വിശദീകരിച്ച ശേഷം മൂന്നാം അധ്യായത്തിൽ ഒരു വാദത്തിന് വേണ്ടി ഈ വാദം ശരിയാണെന്ന് സമ്മതിച്ചാൽ തന്നെ പരിണാമ ശൃഖലയിലെ എല്ലാ പൂർവ്വീകനെയും കുറിച്ചുള്ള വിശദീകരണം നൽകാൻ ഇവർക്ക് കഴിയുമോ എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. ഏറ്റവും കുറഞ്ഞത് മനുഷ്യരുടെയെങ്കിലും പൂർവ്വപിതാക്കളുടെ ഫോസിലുകൾ പരിണാമവാദികൾ കാണിക്കണം. അങ്ങനെ തെളിവുകൾ സഹിതം പറയുമ്പോഴല്ലെ ഒരു കാര്യത്തെ ശാസ്ത്രീയതയുടെ കുപ്പായം ധരിപ്പിക്കാൻ സാധിക്കുക. അത് സാധിക്കാതെ തന്നെ ഇതിനെ ശാസ്ത്രമാക്കി കൊണ്ടു നടക്കുന്നതിനെ തുറന്നു കാണിക്കുന്നുണ്ട് ഈ ഗ്രന്ഥം.
ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിന്റെ പിഴവുകളെല്ലാം രണ്ടാം അധ്യായത്തിൽ വിശദീകരിച്ച ശേഷം മൂന്നാം അധ്യായത്തിൽ ഒരു വാദത്തിന് വേണ്ടി ഈ വാദം ശരിയാണെന്ന് സമ്മതിച്ചാൽ തന്നെ പരിണാമ ശൃഖലയിലെ എല്ലാ പൂർവ്വീകനെയും കുറിച്ചുള്ള വിശദീകരണം നൽകാൻ ഇവർക്ക് കഴിയുമോ എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. ഏറ്റവും കുറഞ്ഞത് മനുഷ്യരുടെയെങ്കിലും പൂർവ്വപിതാക്കളുടെ ഫോസിലുകൾ പരിണാമവാദികൾ കാണിക്കണം. അങ്ങനെ തെളിവുകൾ സഹിതം പറയുമ്പോഴല്ലെ ഒരു കാര്യത്തെ ശാസ്ത്രീയതയുടെ കുപ്പായം ധരിപ്പിക്കാൻ സാധിക്കുക. അത് സാധിക്കാതെ തന്നെ ഇതിനെ ശാസ്ത്രമാക്കി കൊണ്ടു നടക്കുന്നതിനെ തുറന്നു കാണിക്കുന്നുണ്ട് ഈ ഗ്രന്ഥം.
നാലാം അധ്യായത്തിൽ, ഡാർവിന്റെ ജീവിതം വിഷാദത്തിലേക്ക് കൂപ്പുകുത്തിയതിന്റെ കഥകൾ ആവിഷ്കരിക്കുന്നതും ആ വിഷാദ മനസ്സിൽ നിന്നുണ്ടായ ചിന്തയാണ് പരിണാമ സിദ്ധാന്തമായി രൂപാന്തരപ്പെട്ടത് എന്ന് വിശീദരിക്കുന്ന അധ്യായവുമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട പത്തു വയസ്സുകാരിയായ മകൾ മരിച്ചപ്പോൾ അതിന്റെ ദുഃഖം താങ്ങാനാകാതെ വിഷാദത്തിലേക്ക് വീണു പോയ ഡാർവിന് മകളുടെ മരണത്തിന് കാരണം കണ്ടെത്താൻ നടത്തിയ പഠനമാണത്രെ പരിണാമ സിദ്ധാന്തത്തിലേക്ക് നയിച്ചത്. “അവൾ ജനിതകമായി ദുർബലയായതിനാൽ, മോശം വിളവുകളെ പ്രകൃതി തന്നെ നശിപ്പിച്ചു കളയുന്ന നാച്ച്വറൽ സെലക്ഷൻ എന്ന പ്രകൃതി നിയമത്തിന്റെ ഭാഗമായി ഇല്ലാതായി എന്നാണ് ഡാർവിൻ മകളുടെ മരണത്തെ വിലയിരുത്തിയത്!”
അഞ്ചാം അധ്യായത്തിൽ ഏറ്റവും ശ്രദ്ധേയമായത് ഡാർവിന്റെ പരിണാമ സിദ്ധാന്തം വിശദീകരിക്കുന്ന പുസ്തകം 1859 ൽ പ്രസിദ്ധീകരിച്ചുവെങ്കിലും ആ നവീന സിദ്ധാന്തത്തെ കൂടുതൽ വിശദീകരിക്കുന്നതോ അതിനെതിരെ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതോ ആയ ഒരു ഗ്രന്ഥവും അദ്ദേഹം പിന്നീട് 1882ൽ മരിക്കുന്നത് വരെ എഴുതിയിട്ടില്ല എന്നതാണ്. അതേസമയം ഈ കാലയളവിനിടയിൽ സസ്യങ്ങളെ കുറിച്ചുള്ള പഠനങ്ങളടങ്ങിയ പത്തോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതേസമയം കൃത്യമായ ശാസ്ത്രീയതയുള്ള പല സിദ്ധാന്തങ്ങളും വിശദീകരിച്ച ശാസ്ത്രജ്ഞന്മാർ അതിന്റെ തുടർ പഠനങ്ങളും വിശദീകരണങ്ങളുമായി ധാരാളം പഠനങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. ഡാർവിന്നിൽ നിന്ന് അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല. ഒരു പ്രത്യേക മാനസികാവസ്ഥയിൽ എഴുതിയ ഒരു തത്വം അദ്ദേഹം ഒട്ടും പ്രതീക്ഷിക്കാതെ ഒരു സിദ്ധാന്തമായി രൂപാന്തരപ്പെട്ടു. എന്ന് മാത്രമല്ല, അത് പിൽക്കാലത്ത് ശാസ്ത്രത്തിന്റെ ഫിലോസഫിയായി മാറുകയും ചെയ്തു.
അവസാന അധ്യായത്തിൽ പരിണാമവാദികൾക്ക് അടിതെറ്റിയതിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. മൈക്രോബയോളജിസ്റ്റുകളും ബയോകെമിസ്ട്രിസ്റ്റുകളും ഉയർത്തി കൊണ്ടുവന്ന ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടേയും ചോദ്യങ്ങൾക്ക് മുമ്പിൽ പലപ്പോഴും ഡാർവിനിസ്റ്റുകൾക്ക് അടിതെറ്റി പോയതിനെ കുറിച്ചാണ് അതിൽ വിശദീകരിക്കുന്നത്.
പുസ്തകത്തിന്റെ അവസാന താളുകളിൽ ഗ്രന്ഥത്തിൽ ഇതുവരെ ചർച്ച ചെയ്ത മുഴുവൻ കാര്യങ്ങളേയും സംഗ്രഹിക്കുന്നുണ്ട്. അത് ഇവിടെ ഉദ്ധരിച്ചു കൊണ്ട് ഈ പുസ്കത റിവ്യൂ അവസാനിപ്പിക്കാം.
“ഒന്ന്: പരിണാമ സിദ്ധാന്തം, ശാസ്ത്ര ലോകത്ത് നിന്ന് തന്നെ നിരവധി ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്ന ഒട്ടേറെ പിശകുകളും അബദ്ധങ്ങളും ഉൾപ്പെടുന്ന, യാതൊരു അടിസ്ഥാനവുമില്ലാത്തതും ഏറെ അപക്വവുമായ ഒരു ചിന്ത മാത്രമാണ്.
രണ്ട്: ഇത്തരത്തിൽ ഒരു സിദ്ധാന്തം രൂപപ്പെടുത്താൻ വേണ്ട ശാസ്ത്ര വികാസം, ഇത് രൂപീകരിക്കപ്പെട്ട AD 19-ാം നൂറ്റാണ്ടിൻ്റെ മധ്യത്തിലോ പിന്നീടുള്ള ഒരു നൂറു വർഷത്തിനിടയിലോ ഉണ്ടായിരുന്നില്ല.
മൂന്ന്: ഒരു ശാസ്ത്ര സിദ്ധാന്തമായല്ല; മറിച്ച്, ഒരു വ്യക്തിയുടെ ജീവിതത്തിൽ ആണ്ടിറങ്ങിയ വിഷാദത്തിൻ്റെ പരിഹാരമായി, അദ്ദേഹത്തിൻ്റെ വൈകാരികമായ മനോനില പടച്ചുണ്ടാക്കിയ കേവലം ഒരു കള്ളം മാത്രമായിട്ടാണ് പരിണാമ സിദ്ധാന്തം പുറത്തുവന്നത്.
നാല്: പരിണാമ സിദ്ധാന്തത്തിന്റെ അബദ്ധങ്ങൾ, പരിമിതികൾ, ഇതു പടച്ചുണ്ടാക്കിയ വ്യക്തിയെ അതിലേക്കു നയിച്ച സാഹചര്യങ്ങൾ, അദ്ദേഹത്തിന്റെ പരിധി വിട്ടു പോയ അന്തഃക്ഷോഭങ്ങൾ എന്നിവയെ കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും, തങ്ങളുടെ പ്രത്യയശാസ്ത്രത്തിൻ്റെ പ്രചാരണത്തിനായി ഒരു കൂട്ടം ആളുകൾ, പരിണാമ സിദ്ധാന്തത്തെ പ്രചരിപ്പിക്കുകയും, അധികാര ശക്തിയുടെ കരുത്തുകൊണ്ട് അതിനെ പ്രതിരോധിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.
അഞ്ച്: പ്രസ്തുത പ്രത്യയ ശാസ്ത്ര പ്രചാരകരുടെ വജ്രായുധമായി മാറിയ പരിണാമ സിദ്ധാന്തത്തിൻ്റെ സഹായത്തോടെ ആ ദുർബലമായ പ്രത്യയ ശാസ്ത്രം, അതിശക്തമായി വളരുകയും നാൾക്കുനാൾ അതിന്റെ കരുത്ത് വർധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.
ആറ്: പരിണാമ സിദ്ധാന്തത്തിനെതിരായി ശാസ്ത്ര ലോകത്ത് നിന്നും ഉയരുന്ന ചോദ്യങ്ങളേയും സംശയങ്ങളേയും, അതിശക്തരായി മാറിയ മേൽ പറഞ്ഞ പ്രത്യയശാസ്ത്ര പ്രചാരകർ, കണ്ടില്ലെന്ന് നടിച്ച് മറച്ചു പിടിക്കുകയും, പരിണാമ സിദ്ധാന്തത്തിനെതിരെ മുന്നോട്ട് വരുന്ന സ്വതന്ത്ര ശാസ്ത്ര ചിന്തകളേയും ചിന്തകരേയും അടിച്ചമർത്തുകയും ചെയ്യുന്നു.”
സംഗതിയിൽ പരിണാമ സിദ്ധാന്തം ഡാർവിന്റെ കണ്ടെത്തൽ ആയിരുന്നുവെങ്കിലും ലിബറലിസത്തിന്റെയും നിരീശ്വര വാദത്തിന്റെയും പ്രചാരകരാണ് അത് ഏറ്റെടുത്തത്. ഈശ്വര വിശ്വസിയും തന്റെ പ്രിയപ്പെട്ട മകളുടെ മരണം മൂലം വിഷാദരോഗം ബാധിച്ച സാധു മനുഷ്യനുമായിരുന്നു ചാൽസ് ഡാർവിൻ. പിൽക്കാലത്തു ഡാർവിൻ ജീവിച്ചിരുന്നുവെങ്കിൽ പരിണാമ സിദ്ധാന്തത്തിന്റെ പ്രചരകരോട് യോജിക്കാൻ ക്രിസ്ത്യൻ വിശ്വാസിയായ ഡാർവിന് ഒരിക്കലും സാധിക്കുമായിരുന്നില്ല.
(ഡാർവിന്റെ പ്രാർത്ഥന, published by: Raise Publications. +91 9497376922)