കൊളോണിയൽ ആധുനികതയും കേരള മുസ്ലിംകളുടെ സാമൂഹിക പരിവർത്തനങ്ങളും

സൈനുദ്ധീൻ മന്ദലാംകുന്ന്:

എസ്.ഐ.ഒ. കേരള 2029 ഡിസമ്പർ 27,28,29 തിയ്യതികളിലായി കോഴിക്കോട് ബീച്ചിലുള്ള ആസ്പിനിൽ പ്രതിആശയങ്ങളുടെയും പ്രതിരോധത്തിന്റെയും ആഘോഷം എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡിസമ്പർ 28 ന് Kerala Muslim Tradition;Modernity and Beyond എന്ന പേരിൽ നടന്ന സംവാദ സദസ്സിൽ അവതരിപ്പിച്ച പ്രബന്ധം.

കൊളോണിയൽ ആധുനികതയുമായുള്ള ജ്ഞാന ശാസ്ത്രപരവും ധൈഷണികവും സാംസ്കാരികവുമായ സമ്പർക്കങ്ങൾ വഴിയായി പൊതുസമൂഹത്തിൽ സംഭവിച്ച സാമൂഹിക നവോത്ഥാന പ്രക്രിയ വിവിധ മത ജാതി സമൂഹങ്ങളിൽ പ്രവർത്തിച്ചതുപോലെയാണോ കേരള മുസ്ലിംകളിൽ പ്രവർത്തനക്ഷമമായത്? ജാതി സമൂഹങ്ങൾ മനുഷ്യപദവിയിലേക്ക് ഉയർത്തപ്പട്ടത് കൊളോണിയൽ ആധുനികത നൽകിയ ഊർജ്ജം സംഭരിച്ചാണെങ്കിൽ മനുഷ്യാന്തസിനെയും മാനവിക സാഹോദര്യത്തെയും പ്രതിനിധീകരിച്ച വിശ്വാസപരവും സാമൂഹികവുമായ സവിശേഷതകളുൾക്കൊള്ളുന്ന മുസ്ലിം സമുദായത്തിൽ കൊളോണിയൽ ആധുനികത പ്രവർത്തിച്ചത് എപ്രകാരമാണ് എന്നന്വേഷിക്കുന്ന പ്രബന്ധം. പുതിയ സംവാദങ്ങൾക്ക് തുടക്കമിടുന്ന നിരീക്ഷണങ്ങൾ.

കേരള മുസ്ലിം ചരിത്രത്തിൽ ആധുനികത സൃഷ്ടിച്ച സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവും ധൈഷണികവുമായ ഫലങ്ങളെ വിവിധ പരിപ്രേക്ഷ്യങ്ങളോടെ സമീപിക്കുന്ന ഗവേഷണോദ്യമങ്ങൾ അക്കാദമിക സ്വാഭാവത്തോടെയും സ്വതന്ത്രമായും പ്രബലപ്പെട്ടുവരുന്നുണ്ട്. ആധുനികോത്തരമായ ധൈഷണിക ഉപാധികളോടെയും അപകോളണീകരണത്തിന്റെ ആശയാവലികൾ നൽകുന്ന ധൈഷണിക പിൻബലത്തോടെയും പോസ്റ്റ് സെക്യുലർ അവബോധത്തോടെയും ആധുനികതയുടെ അനുരണനങ്ങൾ എപ്രകാരമാണ് കേരള മുസ്ലിംകളുടെ സാമൂഹികവും സാംസ്കാരികവും ധൈഷണികവും മതാത്മകവുമായ വ്യവഹാരങ്ങളെ നിർണ്ണയിച്ചത് എന്ന് പുനരന്വേഷിക്കുകയും സാമൂഹിക വിജ്ഞാനീയങ്ങൾക്ക് മുതൽ കൂട്ടാവുന്ന നിരവധി ഗവേഷണ ഫലങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാൽ ഇസ്ലാമികമായ ഒരു ഭൂമികയിൽ നിന്നുകൊണ്ട് കൊളോണിയൽ ആധുനികതയും ദേശീയാധുനികതയും ആധുനികതയുടെ തന്നെ ബൃഹദാഖ്യാന സ്വഭാവമുള്ള മറ്റ് പ്രവണതകളും എപ്രകാരമാണ് മുസ്ലിം സമൂഹത്തെ കക്ഷിഭേദമന്യേ ആധുനികവത്കരിച്ചത് എന്നും ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന ഈ പ്രക്രിയയിലൂടെ തനതായ ഇസ്ലാമിക പാരമ്പര്യങ്ങളിൽ നിന്നും കേരളീയ മുസ്ലിംകൾ എത്രമാത്രം അകലപ്പെടുന്നുവെന്നും അന്വേഷിക്കുന്നതിന്നതിന്റെ ആമുഖമായ ചില വസ്തുതകളാണ് ഈ പ്രബന്ധത്തിലൂടെ നിർദ്ധാരണം ചെയ്യാൻ ശ്രമിക്കുന്നത്.
കൊളേണിയൽ ആധുനികതയും സാമൂഹിക നവോത്ഥാനവും:
വാസ്തവത്തിൽ എന്താണ് ആധുനികത എന്നതിനേക്കാൾ കോളണി ശക്തികളുടെ അധീശത്വപരമായ ലക്ഷ്യങ്ങൾ പൂർത്തീകരിച്ച കൊളോണിയൽ ആധുനികത എന്താണെന്നും അത് പൊതുചരിത്രത്തിലുളവാക്കിയ സ്വാധീനമെന്താണെന്നും സാമാന്യമായൊരു പരിശോധന അനിവാര്യമാണ്. കോളണീ ശക്തികളുടെ രാഷ്ട്രീയ അധീശത്വങ്ങളോടനുബന്ധമായി അധിനിവേശിത സമൂഹങ്ങളെ പാശ്ചാത്യ മൂല്യമാനദണ്ഡങ്ങൾക്കനുസൃതമായി പരിഷ്കരിക്കാൻ ലക്ഷ്യം വെച്ച് നടപ്പാക്കിയ വിദ്യാഭ്യാസപരവും സാംസ്കാരികവും രാഷ്ട്രീയവും ധൈഷണികവുമായ പദ്ധതികളാണ് വാസ്തവത്തിൽ കൊളോണിയൽ ആധുനികത എന്ന് പറയുന്നത്. ഈ കൊളോണിയൽ ആധുനികതയുടെ ധൈഷണികവും ജ്ഞാനശാസ്ത്രപരവുമായ വ്യവഹാരങ്ങളാണ് കൊളോണിയലിസത്തിന്റെ കാലത്ത് നേരിട്ടും കോളണിയനന്തരം പരോക്ഷമായും മൂന്നാം ലോക സമൂഹങ്ങളിലുടനീളം പ്രവർത്തന ക്ഷമമായത് എന്ന് കാണാവുന്നതാണ്.ആധുനിക പാശ്ചാത്യനാഗരികതക്ക് അടിത്തറയായ ആശയാവലികളും ധൈഷണികവും സാംസ്കാരികവും ജ്ഞാനപരവുമായ വ്യവഹാരങ്ങളും അധിനിവേശിത സമൂഹങ്ങളിൽ വ്യാപിപ്പിക്കാൻ ലക്ഷ്യം വെച്ച് നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ കൊളോണിയൽ അധികാരത്തിന്റെ വിധ്വംസകമായ രാഷ്ട്രീയ അധീശത്വത്തോടൊപ്പം അധിനിവേശിത ജനമനസ്സുകളെയും അധിനിവേശിത സമൂഹങ്ങളുടെ സംസ്കാരങ്ങളെയും കോളണിവത്കരിക്കുക എന്ന ലക്ഷ്യവും പൂർത്തീകരിക്കപ്പെട്ടു. കോളണീവത്കരിക്കപ്പെട്ട വിവിധ സമൂഹങ്ങളിൽ ആഗോള വ്യാപകമായി തന്നെ ഈ പ്രക്രിയ വ്യാപിച്ചിരുന്നുവെങ്കിലും വിവിധ കോളണീരാജ്യങ്ങളിൽ സാംസ്കാരികമായ അനന്യതയുടെയും ചരിത്രപരമായ സാഹചര്യങ്ങളുടെയും സവിശേഷതകൾക്കനുസൃതമായി ഇതിന്റെ ഫലങ്ങൾ വ്യത്യസ്തമായിരുന്നുവെന്ന് കാണാവുന്നതാണ്. ഇന്ത്യ പോലുള്ള സാഹചര്യങ്ങളിൽ പൊതുവായും കേരളീയ സാഹചര്യങ്ങളിൽ സവിശേഷമായും കൊളോണിയൽ ആധുനികത എപ്രകാരമാണ് പ്രവർത്തനക്ഷമമായതെന്നതാണ് നാം ഇവിടെ പരിഗണിക്കുന്നത്.കേരളീയരെ സംബന്ധിച്ച് കൊളോണിയൽ അധികാരവും കൊളോണിയൽ ആധുനികതയും ഒരേ സമയം പുരോഗമനപരവും പ്രതിലോകകരവുമായ ദൗത്യങ്ങൾ നിർവ്വഹിച്ചുവെന്ന് സാമാന്യമായി പറയാവുന്നതാണ്. മലബാർ മേഖലയിൽ കൊളോണിയൽ അധികാരം വിധ്വംസകമായ സ്വഭാവമാർജ്ജിച്ചിരുന്നുവെങ്കിൽ തിരുവിതാംകൂർ മേഖലയിൽ ഈ വിധ്വംസകത്വം വേണ്ടത്ര പ്രകടമല്ലായിരുന്നുവെന്നതാണ് വസ്തുത. ടിപ്പുവിന്റെ അധികാരം നിലനിന്നിരുന്ന മലബാർ മേഖലയെയും ടിപ്പുവിന്റെ അധീനതയിൽ തന്നെ നിലനിന്നിരുന്ന മറ്റ് പ്രദേശങ്ങളുടെയും സമ്പൂർണ്ണമായ അധികാരം പത്തൊമ്പതാം നൂറ്റാണ്ട് തുടക്കം മുതൽ തന്നെ ബ്രിട്ടീഷ് അധീനതയിൽ വരികയുണ്ടായി. ജന്മിത്വനാടുവാഴിത്ത വ്യവസ്ഥകളോട് ടിപ്പു ചെയ്ത “പാപങ്ങൾക്ക്’ പ്രായശ്ചിത്തം ചെയ്യാനും കൊളോണിയൽ അനുഭാവത്തോടെ ഫ്യൂഡൽ അധികാര ക്രമം പുന:സ്ഥാപിക്കാനും നടപ്പാക്കപ്പെട്ട അന്യായമായ നികുതി നിയമങ്ങളും മറ്റ് മർദ്ധകമായ അധികാര, സാമൂഹിക സംവിധാനങ്ങളും സ്വാഭാവികമായും അതിന് ഇരകളായ ജനസമൂഹങ്ങളെ പ്രകോപിപ്പിക്കുകയും തങ്ങൾക്കുമേലുള്ള പ്രാദേശീകവും ദേശീയവും സാർവ്വദേശീയവുമായ ഈ അധീശത്വത്തോട് ചെറുത്തുനിൽക്കാൻ അവർ നിർബന്ധിതമാവുകയും ചെയ്തു. കർഷകരായ സാധാരണ മാപ്പിള മുസ്ലിം സമൂഹമാണ് ഇതിന്റെ ഇരകളായത് എന്നതിനാലും പോർച്ചുഗീസ് കാലം മുതൽ തന്നെ തുടർന്നുവന്ന ഈ അധീശത്വ നടപടികൾക്ക് കുരിശുയുദ്ധങ്ങളുടെ പിന്തുടർച്ച എന്ന ആഗോള മാനവും സാംസ്കാരികവും മതാത്മകവുമായ മറ്റ് അന്തർധാരകളും ഉള്ളതിനാലും ആദ്യഘട്ടത്തിൽ കോളണീശക്തികളോട് ബന്ധപ്പെട്ട എല്ലാം തിരസ്കരിക്കപ്പെടേണ്ടതും ബഹിഷ്കരിക്കപ്പെടേണ്ടതുമാണെന്ന ഒരു പൊതുനിലപാട് മാപ്പിള സമൂഹത്തിൽ പടർന്നത് തികച്ചും സ്വാഭാവികമായിരുന്നു. കൊളോണിയൽ ആധുനികതയുടെ ജ്ഞാനശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയ ആധുനിക വിദ്യാഭ്യാസം കൊണ്ടും മിഷണറി സ്വഭാവമുള്ള മറ്റ് ആധുനികവത്കരണ യത്നങ്ങൾ കൊണ്ടും വ്യവസ്ഥക്ക് അനുകൂലമായി പരുവപ്പെടാത്ത മാപ്പിള സമൂഹത്തെ “കാട്ടുമാപ്പിള’, “കലാപകാരി’ തുടങ്ങിയ സംവർഗങ്ങളിലൂടെ അപരവത്കരിക്കുകയും ശേഷം വിധ്വംസകമായ അധികാര പ്രയോഗങ്ങളിലൂടെ അടിച്ചമർത്തുകയുമാണ് കോളണീ ശക്തികൾ ചെയ്തത്. എന്നാൽ തിരുവിതാംകൂർ മേഖലയിലും പഴയ കൊച്ചിരാജ്യത്തിന്റെ ഭാഗമായ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇവ്വിധമുള്ള നികുതി നിയമങ്ങളോ മറ്റ് അന്യായമായ അടിച്ചമർത്തൽ നടപടികളോ നിലവിലുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. അത്തരം പ്രദേശങ്ങളിൽ വസിച്ചിരുന്ന മുസ്ലിം സമൂഹവും കോളണീ അധികാര വ്യവസ്ഥയുടെ പ്രത്യേക ടാർജറ്റ് ആയില്ല എന്നതിനാൽ പ്രക്ഷോഭങ്ങളോ കൊളോണിയൽ ഭാഷ്യമനുസരിച്ചുള്ള “കലാപ’ങ്ങളോ അവിടെ ഉടലെടുത്തില്ല എന്നത് ചരിത്ര വസ്തുതയാണ്. എന്നാൽ ജാതിയമായ ഉച്ചനീചത്വങ്ങളെയും വിവേചനങ്ങളെയും സാധൂകരിക്കുന്ന ഫ്യൂഡൽ അധികാരത്തെ താങ്ങി നിർത്തുകയാണ് കോളണീ ശക്തികൾ ഇത്തരം പ്രദേശങ്ങളിൽ മുഖ്യമായും ചെയ്തത് എന്ന് കാണാൻ കഴിയും. എന്നാൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയും മിഷണറി സ്വഭാവമുള്ള മറ്റ് ദൗത്യങ്ങളിലൂടെയും അധിനിവേശിത ജനതയെ ആധുനികവത്കരിക്കാൻ നടത്തിയ ശ്രമങ്ങൾ ഘട്ടം ഘട്ടമായി വിജയം വരിക്കുന്നതാണ് പിൽക്കാല ചരിത്രത്തിൽ നാം കാണുന്നത്.
മനുഷ്യപദവിയിലേക്കുള്ള മുന്നേറ്റങ്ങൾ:
കൊളോണിയൽ ആധുനികതയുടെ ആശയാവലികളെയും ധൈഷണികമായ ഉണർവ്വുകളെയും സാംസ്കാരികവും രാഷ്ട്രീയവുമായ വിമോചന അവബോധങ്ങളെയും ആധുനിക വിദ്യാഭ്യാസം വഴിയും മറ്റ് സാംസ്കാരികമായ വിനിമയങ്ങൾ വഴിയായും സ്വാംശീകരിച്ച ജാതി സമൂഹങ്ങൾ ജന്മിത്വനാടുവാഴിത്ത വ്യവസ്ഥയുടെ സാമൂഹിക പാരമ്പര്യങ്ങളെയും ചിഹ്നങ്ങളെയും ഉപേക്ഷിക്കാൻ രാഷ്ട്രീയമായ വിമോചനാവബോധത്തോടെ കരുത്താർജ്ജിക്കുന്ന കാഴ്ചയാണ് പത്തൊമ്പതാം നൂറ്റാണ്ട് അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പിൽക്കാലത്തുമെല്ലാം നാം കാണുന്നത്. വാസ്തവത്തിൽ അധ:സ്ഥിത ജാതികൾക്ക് മനുഷ്യപദവി ആർജ്ജിക്കാനുള്ള വഴിയും വെളിച്ചവുമായാണ് കൊളോണിയൽ ആധുനികത ആ സമൂഹങ്ങളിൽ പ്രവർത്തന ക്ഷമമായത് എന്ന് കാണാനാവും. ആധുനിക വിദ്യാഭ്യാസവും അച്ചടിയുടെ വ്യാപനവും ഈ പ്രക്രിയ കൂടുതൽ ത്വരിതപ്പെടുത്തുകയുണ്ടായി. അങ്ങനെ ജന്മിത്വനാടുവാഴിത്ത വ്യവസ്ഥയുടെ ആനുകൂല്യത്തിലായി നൂറ്റാണ്ടുകളായി മേൽജാതികളായി കഴിഞ്ഞിരുന്നവരിലെ ദുരാചാരങ്ങളും ലിംഗപരമായ അസമത്വങ്ങളും അവസാനിപ്പിക്കാൻ മേൽജാതി സമൂഹങ്ങളിൽ നിന്നും പ്രക്ഷോഭങ്ങളുയർന്നുവന്നു. ഇതേ ഫ്യൂഡൽ സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി തന്നെ നൂറ്റാണ്ടുകളായി വിവേചനങ്ങളനുഭവിച്ചുകൊണ്ടിരുന്നവരും ചരിത്രത്തിൽ പ്രാന്തങ്ങളിലും ഒാരങ്ങളിലും വസിച്ചിരുന്നവരുമായ അധ:കൃത ജാതികൾക്കിടയിലും വിമോചന പ്രക്ഷോഭങ്ങൾ ഉയർന്നുവന്നു. സവർണ ജാതികളെ ദൈവിക പദവിയിൽ നിന്നും, അധ:കൃത ജാതികളെ മൃഗങ്ങളേക്കാൾ താഴ്ന്ന പദവിയിൽ നിന്നും ഒരേ സമയം മനുഷ്യപദവിയിലേക്ക് കൊണ്ടുവന്നുവെന്നതാണ് കൊളോണിയൽ ആധുനികതയുടെ പുരോഗമന പരമായ ഫലമായി നമുക്ക് വിലയിരുത്താവുന്നത്. വാസ്തവത്തിൽ കേരളത്തിലെ അടിസ്ഥാന ജനവർഗങ്ങളായ അധ:കൃത ജാതികൾ മനുഷ്യപദവി ആർജ്ജിക്കുന്നതിന് അക്കാലം വരെയും പാരമ്പര്യമായി തുടർന്നുവന്നിരുന്നത് മതപരിവർത്തനത്തിന്റെ വഴിയായിരുന്നു. ഇസ്ലാമിലേക്കോ ക്രിസ്റ്റ്യാനിറ്റിയിലേക്കോ ബുദ്ധിസത്തിലേക്കോ പരിവർത്തിപ്പിക്കപ്പെടുന്നതോടെ ജാതി സ്വത്വത്താൽ അനുഭവിച്ചു കൊണ്ടിരുന്ന എല്ലാ സാമൂഹിക വിവേചനങ്ങളും ഇല്ലാതാവുകയും മനുഷ്യൻ എന്ന പദവി അംഗീകരിക്കപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചാണ് ഇത്തരം മത പരിവർത്തന മാർഗങ്ങൾ അക്കാലത്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. എന്നാൽ ജാതിയമായ വിവേചനങ്ങളുടെ ഈ മുദ്രകൾ അത്തരം മതപരിവർത്തനങ്ങൾക്കുശേഷവും പല വിധങ്ങളിൽ മത സാമൂഹിക ബന്ധങ്ങളിൽ സ്വാധീനം ചെലുത്തുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. പൊയ്കയിൽ കുമാരഗുരുവിന്റെയും(പൊയ്കയിൽ അപ്പച്ചൻ) അദ്ദേഹത്തിന്റെ സമുദായത്തിന്റെയും ക്രിസ്റ്റ്യാനിറ്റിയിലേക്കുള്ള മതം മാറ്റവും ശേഷം അനുഭവിക്കേണ്ടി വന്ന ജാതിവിവേചനങ്ങളുടെ ആവർത്തനങ്ങളും ദളിത് ക്രിസ്റ്റ്യാനി എന്ന പുതിയ അധ:സ്ഥിത മുദ്രയും പുതിയ സഭ തന്നെ രൂപീകരിക്കുന്നതിലേക്കാണ് അദ്ദേഹത്തെ നയിച്ചത്. കൊളോണിയൽ ആധുനികതയുടെ ഉണർവ്വുകൾ പ്രവർത്തന ക്ഷമമായി തുടങ്ങിയ ആദ്യഘട്ടത്തിൽ തന്നെ പ്രത്യക്ഷ രക്ഷാ ദൈവ സഭ പോലുള്ള പുതിയ പ്രസ്ഥാനം തന്നെയുണ്ടാക്കിയാണ് തങ്ങളുടെ മനുഷ്യപദവിയെ അവർ പ്രഖ്യാപിച്ചത്. എന്നാൽ ഇന്നും ദളിത് എന്ന സ്വത്വപദവിയിൽ തന്നെയാണ് അവർ നിലകൊള്ളുന്നത്.ഇന്ത്യയുടെ ഭരണഘടനാ ശിൽപിയും ഇന്ത്യൻ ജനാധിപത്യത്തെ മതനിരപേക്ഷമായ വിമോചന അടിത്തറയോടെ രൂപപ്പെടുത്തിയവരുമായ സാക്ഷാൽ ബി.ആർ. അംബേദ്കർ പോലും മതം മാറ്റത്തിലൂടെ ഈ ദളിത് സ്വത്വ പദവി മറികടക്കാൻ ശ്രമിച്ചിട്ടും ഇന്നും ദളിത് പ്രസ്ഥാനങ്ങളുടെ വിമോചകൻ എന്ന പദവിയിൽ നിന്നും പൊതുസമൂഹത്തിന്റെ വിമോചൻ എന്ന പദവിയിലേക്ക് അദ്ദേഹത്തെ ഉയർത്താൻ സവർണാഭിമുഖ്യമുള്ള പൊതുബോധത്തിന് സാധിച്ചിട്ടില്ല. ഇന്നും നമ്മുടെ സാമൂഹിക വിമോചന ബോധത്തിന്റെ അടിയടരുകളിൽ ഒളിഞ്ഞിരിക്കുന്ന സവർണ ബോധത്താൽ ബുദ്ധിസം സ്വീകരിച്ച അംബേദ്കർക്ക് വിമോചനം സാദ്ധ്യമായിട്ടില്ല. എന്നാൽ മനുഷ്യപദവി ആർജ്ജിക്കാൻ ഇസ്ലാമിലേക്ക് പരിവർത്തിപ്പിക്കപ്പെട്ട ദളിത് വ്യക്തികളും സമൂഹങ്ങളും സമ്പൂർണ്ണമായും തങ്ങളുടെ ജാതി സ്വത്വത്തെ മായിച്ച് പുതിയ സാമൂഹിക വിഭാഗം എന്ന പദവി നേടുന്നു. ഇന്ന് മുസ്ലിം സ്വത്വം ജാതി സ്വത്വങ്ങളേക്കാൾ സാമൂഹിക വിവേചനങ്ങൾ അനുഭവിക്കുന്ന വിധം രാഷ്ട്രീയാന്തരീക്ഷം മാറിയിട്ടുണ്ടെങ്കിലും ഇസ്ലാമിലേക്ക് പരിവർത്തിപ്പിക്കപ്പെട്ട ഒരു വിഭാഗത്തിനും ദളിത് മുസ്ലിം എന്ന പേരിൽ തുടരേണ്ടി വന്നിട്ടില്ല.കൊളോണിയൽ ആധുനികതയുടെ സ്വാംശീകരണത്തിലൂടെ ഉണ്ടായ ഉണർവ്വുകൾ പുതിയ വിമോചനാവബോധത്തെയും സ്വാതന്ത്ര്യ ബോധത്തെയും സംജാതമാക്കിയെങ്കിലും പൂർണ്ണമായും ജാതി സ്വത്വങ്ങളെ മറികടക്കാനും ജാതി സ്വത്വാഭിമാനത്തിനപ്പുറമുള്ള സ്വന്തം മനുഷ്യപദവിയെയും മറ്റുള്ളവരുടെ മനുഷ്യപദവിയെയും പരിഗണിക്കാനും സാധിക്കുന്ന വിധമുള്ള ഒരു പരിവർത്തനം ഈ ഉണർവ്വുകളിലൂടെ സംജാതമായില്ല. മാത്രമല്ല ജാതിയും സ്വത്വവും തന്നെ അഭിമാന ചിഹ്നമാവുകയും മറ്റ് ജാതി വിഭാഗങ്ങളേക്കാൾ അവകാശങ്ങളും അധികാരങ്ങളും പിടിച്ചെടുക്കാനുള്ള സമ്മർദ്ധ ഗ്രൂപ്പുകളാവുകയും ചെയ്യുക എന്ന പരിണതിയിലേക്കാണ് കൊളോണിയൽ ആധുനികതയുടെ നവോത്ഥാന ഫലങ്ങൾ ഓരോ ജാതി വിഭാഗങ്ങളിലും ഇന്ന് പ്രവർത്തന ക്ഷമമായിട്ടുള്ളത്.കൊളോണിയൽ ആധുനികത പൊതുസമൂഹത്തിലുണ്ടാക്കിയ സ്വാധീനവും അതിന്റെ അനന്തരഫലവും ഇപ്രകാരമായിരുന്നെങ്കിൽ മുസ്ലിംകളിൽ അതുളവാക്കിയ സ്വാധീനം ഇവ്വിധമായിരുന്നില്ല. ജാതീയമായ വിവേചനങ്ങളോ അധ:കൃതത്വമോ മേലാള കീഴാള വൈരുദ്ധ്യങ്ങളോ ഒരു സമൂഹമെന്ന അർത്ഥത്തിൽ മുസ്ലിംകൾക്കിടയിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കൊളോണിയൽ ആധുനികതയുടെ ഉണർവ്വുകൾ സ്വാംശീകരിച്ച് സ്വന്തം സമുദായത്തിനകത്തോ പൊതു സമൂഹത്തിലോ മനുഷ്യപദവി നേടിയെടുക്കേണ്ട കാര്യം മുസ്ലിംകൾക്കുണ്ടായിരുന്നില്ല. ഈ വസ്തുത പരിഗണിക്കുമ്പോൾ കൊളോണിയൽ ആധുനികതയെ കേരള മുസ്ലിംകൾ സ്വാംശീകരിച്ചത് സാമൂഹികവും ഭൗതികവും വിദ്യാഭ്യാസപരവുമായ നവോത്ഥാനം ലക്ഷ്യം വെച്ചാണെന്ന് കാണാൻ സാധിക്കും.
കൊളോണിയൽ ആധുനികതയും കേരള മുസ്ലിംകളും
കൊളോണിയൽ ആധുനികതയുടെ ഉണർവ്വുകൾ ഇംഗ്ലീഷ് ഭാഷാ പഠനം, മലയാള ഭാഷാ പഠനം, അച്ചടി, ആധുനിക വിദ്യാഭ്യാസം, ബ്രിട്ടീഷ് വിരുദ്ധമായ സായുധ സ്വഭാവമുള്ള സമര പ്രക്ഷോഭങ്ങളിൽ നിന്നുള്ള പിൻമടക്കം, ബ്രിട്ടീഷ് വിരുദ്ധമായ മതേതര രാഷ്ട്രീയ മുന്നേറ്റങ്ങളിലുള്ള പങ്കാളിത്തം, മതകീയാടിത്തറയോടെയുള്ള ആധുനിക ശാസ്ത്രാവബോധത്തിന്റെ പ്രചരണം ആധുനിക ശാസ്ത്രാവബോധത്തോടെ മതത്തെ നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി ബഹുമുഖമായ മണ്ഡലങ്ങളിലെ സ്വാധീന ശക്തിയായാണ് കേരള മുസ്ലിംകളിൽ പ്രവർത്തനക്ഷമമായത് എന്ന് കാണാൻ സാധിക്കും. ഇവിടെ ഇംഗ്ലീഷ്, ഭാഷയും മലയാള ഭാഷയും പഠിക്കാൻ ആഹ്വാനം ചെയ്യപ്പെട്ട മാപ്പിള സമൂഹം നിരക്ഷര സമൂഹമായിരുന്നില്ല എന്ന കാര്യം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. അറബി ഭാഷയിലും അറബി മലയാള ഭാഷയിലും നല്ല പരിജ്ഞാനമുള്ളവരായിരുന്നു അവർ. അക്കാലത്ത് വിവിധ വിജ്ഞാനങ്ങളുടെയും സാംസ്കാരികമായ ആവിഷ്കാരങ്ങളുടെയും സമ്പന്നമായ കലവറ കൂടിയായിരുന്നു അറബി മലയാള ഭാഷ എന്നും നാം തിരിച്ചറിയേണ്ടതുണ്ട്. മാത്രമല്ല പള്ളി ദർസുകൾ വഴിയായി ഇസ്ലാമിക വിദ്യാഭ്യാസം ആർജ്ജിച്ച നല്ല ലോക ബോധമുള്ള പാരമ്പര്യ പണ്ഡിതന്മാർ അക്കാലത്തും പിൽക്കാലത്തുമെല്ലാം മുസ്ലിം സമുദായത്തെ നയിക്കാൻ രംഗത്തുണ്ടായിരുന്നു. സാധാരണ മാപ്പിള സമൂഹത്തിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ അവബോധത്തെ സമുദ്ധരിക്കാൻ ലക്ഷ്യം വെച്ച് അറബി മലയാള ഭാഷയിലും അറബി ഭാഷയിലും പ്രാദേശിക പ്രമേയങ്ങളുൾക്കൊള്ളുന്ന പടപ്പാട്ടു സാഹിത്യങ്ങളും ഫത്വകളും സമൃദ്ധമായി രചിക്കപ്പെട്ടിരുന്നുവെന്നും അതുവഴി കോളണീവിരുദ്ധമായ രാഷ്ട്രീയ പ്രബുദ്ധത കൈവരിച്ചവർ കൂടിയായിരുന്നു മാപ്പിള പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരും അല്ലാത്തവരുമെന്നും തീർച്ചയായും നാം തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മറ്റ് ജാതി സമൂഹങ്ങൾക്ക് കൊളോണിയൽ ആധുനികത അക്ഷരവും, അർത്ഥവും, അറിയാനുള്ള അവകാശവും, ഒരു പക്ഷെ സന്യസിക്കാൻ പോലുമുള്ള അവകാശവും നേടിക്കൊടുത്തതുപോലെ ആധുനികത മുസ്ലിംകൾക്ക് അക്ഷരവും വെളിച്ചവും നൽകി സമുദ്ധരിച്ചു എന്ന് സമീകരിക്കുന്നത് തികഞ്ഞ അസംബന്ധം തന്നെയാണ്. സാക്ഷരമാവുക എന്നതിനും വിദ്യാഭ്യാസം ആർജ്ജിക്കുക എന്നതിനും ഇംഗ്ലീഷും മലയാളവും പഠിക്കുക എന്നും ആധുനിക വിദ്യാഭ്യാസം സിദ്ധിക്കുക എന്നുമുള്ള പരിമിതമായ താത്പര്യം മാത്രമല്ല ഉള്ളത് എന്ന കാര്യം ഇവിടെ സവിശേഷമായി നാം തിരിച്ചറിയേണ്ടതുണ്ട്.
ആധുനിക മുസ്ലിം നവോത്ഥാനവും ചരിത്ര വസ്തുതകളും
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ ആധുനിക വിദ്യാഭ്യാസത്തോടും ആധുനിക മാതൃകയിലുള്ള സാമൂഹിക നവീകരണ യത്നങ്ങളോടും ആഭിമുഖ്യമുള്ള വിഭാഗങ്ങൾ പാരമ്പര്യ മുസ്ലിംകളിൽ നിന്ന് തന്നെ ഉയർന്നുവരുന്നതായി കാണാം. കോഴിക്കോട്ടെ മുസ്ലിംകളുടെ മുൻകൈയ്യോടെ 1889 ൽ സ്ഥാപിക്കപ്പെട്ട ഹിമായത്തുൽ ഇസ്ലാം സഭ ഇൗ ഗണത്തിൽ സവിശേഷ പരാമർശമർഹിക്കുന്നു. അക്കാലത്ത് മതനേതൃത്വം കൈയ്യാളിയിരുന്ന ഖാസിമാരുടെയും സാദാത്തു കുടുംബങ്ങളിൽ നിന്നുള്ളവരുടെയും അഭ്യസ്ത വിദ്യരും ഉദ്യോഗസ്ഥരുമായ പൗരപ്രധാനികളുടെയും മുൻകൈയ്യോടെയും പങ്കാളിത്തത്തോടെയുമാണ് മുസ്ലിംകളുടെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസ പരവുമൊക്കെയായ ഉന്നമനം ലക്ഷ്യം വെച്ച് ഹിമായത്തുൽ ഇസ്ലാം സഭ രൂപീകരിക്കപ്പെട്ടത്. ഈ സഭയുടെ കീഴിൽ പുതിയ മാളിയേക്കൽ സയ്യിദ് മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ഇന്തിശാറുൽ ഇസ്ലാം എന്ന കമ്മിറ്റിയുടെ കീഴിലാണ് 1912 ൽ ഇന്തിശാറുൽ ഇസ്ലാം ഹൈസ്കൂൾ സ്ഥാപിക്കപ്പെട്ടത്. മലബാറിലെ മാപ്പിളമാരുടെ നേതൃത്വം കൈയ്യാളിയിരുന്ന മതപരമായി പാരമ്പര്യധാരയോട് പ്രതിബദ്ധതയുള്ള പണ്ഡിതന്മാരും കൂടിയായ ഖാസിമാരാണ് ഇത്തരം സംരംഭങ്ങളുടെ നേതൃനിരയിൽ നിന്നത്. കോളണീ ശക്തികൾക്കും അവർ താങ്ങി നിർത്തുന്ന ജന്മിത്വനാടുവാഴിത്ത ശക്തികൾക്കുമെതിരെയുള്ള സായുധ സ്വഭാവമുള്ള ചെറുത്തുനിൽപുകളേക്കാൾ കൊളോണിയൽ അധികാര ക്രമത്തിൽ സാമൂഹിക പദവി കൈവരിക്കാനുതകുന്ന പ്രവർത്തനങ്ങൾക്കാണ് അവർ ഊന്നൽ നൽകിയത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ട് ആദ്യത്തിലുമായി സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങൾ, മായിൻ ഹമദാനി ശൈഖ്, വക്കം മൗലവി തുടങ്ങിയവരുടെ മുൻകൈയ്യോടെ വികസിച്ചു വന്ന ആധുനിക മുസ്ലിം നവോത്ഥാന യത്നങ്ങളും കൊളോണിയൽ ആധുനികതയുടെ ജ്ഞാനപരമായ ഉണർവ്വുകൾ സ്വാംശീകരിച്ച് മുസ്ലിംകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുന്നതിനുള്ള അന്വേഷണങ്ങൾ എന്ന നിലയിലാണ് ഉയർന്നുവന്നത് എന്ന് കാണാം. എന്നാൽ ആദ്യഘട്ടത്തിൽ ശുദ്ധ പാരമ്പര്യങ്ങളോട് പ്രതിബദ്ധതയുള്ള, കൊളോണിയൽ അധികാരത്തോടും അവരുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ സർവ്വ പദ്ധതികളോടും ബഹിഷ്കരണ നിലപാടുള്ള പാരമ്പര്യ ഉലമാക്കളിൽ നിന്നുള്ള ചിലർക്കെങ്കിലും മുസ്ലിംകൾക്കിടയിൽ ഉയർന്നുവന്ന ആധുനിക മുസ്ലിം നവോത്ഥാന യത്നങ്ങളോട് വൈമുഖ്യമുണ്ടായി എന്നത് തികച്ചും സ്വാഭാവികമായിരുന്നു. ഈ വൈമുഖ്യവും ബഹിഷ്കരണ നിലപാടുകളും പാരമ്പര്യ ഉലമാക്കളിൽ പ്രബലപ്പെടുത്തിയത് നവോത്ഥാനത്തിന്റെ വക്താക്കളായ വക്കം മൗലവി പോലുള്ളവരിൽ പ്രകടമായ സലഫി പ്യൂരിറ്റാനിസത്തോടുള്ള ആഭിമുഖ്യമായിരുന്നു. എന്നാൽ വിശ്വാസപരമായും കർമ്മപരമായും തനത് ഇസ്ലാമിക പാരമ്പര്യങ്ങളോട് പ്രതിബദ്ധത പുലർത്തിയിരുന്ന മക്തിതങ്ങളോടും സൂഫി പാരമ്പര്യത്തിന്റെ വക്താവ് കൂടിയായിരുന്ന മായിൻ ഹമദാനി ശൈഖിനോടും പാരമ്പര്യപണ്ഡിതന്മാരും പാരമ്പര്യമുസ്ലിം സമൂഹവും ഇതേ നിലപാട് തന്നെയാണ് തുടർന്നത് എന്ന് കാണാൻ കഴിയും. തീർച്ചയായും ആദ്യഘട്ടത്തിൽ കൊളോണിയൽ ആധുനികതയെയും അതിന്റെ ജ്ഞാനപരവും സാമൂഹികവും സാംസ്കാരികവുമായ വ്യവഹാരങ്ങളെയും നിരപേക്ഷമായ ഒരുപാധി മാത്രമായി പരിഗണിക്കാൻ മാപ്പിള മുസ്ലിംകളിൽ നിന്ന് പാരമ്പര്യങ്ങളെ പ്രതിനിധീകരിച്ച ചിലർക്കെങ്കിലും സാധിച്ചുവെന്നത് മുകളിൽ സൂചിപ്പിച്ച ഹിമായത്തുൽ ഇസ്ലാം സഭയുടെ രൂപീകരണവും അതിന്റെ കീഴിൽ ഉയർന്നുവന്ന സ്ഥാപന സംവിധാനങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ സലഫി, വഹാബി പ്യൂരിറ്റാനിസത്തിന്റെ പ്രവണതകളോടൊപ്പം ചേർത്തുവായിക്കപ്പെടേണ്ട ഒന്നായിരുന്നില്ല വാസ്തവത്തിൽ മുസ്ലിം നവോത്ഥാന പ്രവണതകൾ. വക്കം മൗലവിയിൽ ഇത് പ്രകടമായിരുന്നെങ്കിലും മുസ്ലിം നവോത്ഥാനത്തിന്റെ വക്താക്കളായ മക്തി തങ്ങളിലും മായിൻഹമദാനി ശൈഖിലും വഹാബി, സലഫി പ്യൂരിറ്റാനിസത്തിന്റെ യാതൊരംശവും പ്രകടമായിരുന്നില്ല. അതിനാൽ അക്കാലത്ത് ആധുനിക വിദ്യാഭ്യാസ പ്രചരണത്തിനും മലയാള ഭാഷാ പഠനത്തിനും വേണ്ടിയുള്ള അവരുടെ ആഹ്വാനങ്ങൾ യഥോചിതം ഉൾക്കൊള്ളാൻ ആദ്യഘട്ടങ്ങളിൽ കേരളത്തിലെ മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷത്തിനും സാധിച്ചില്ല.
മഖ്തി തങ്ങളുടെയും മായിൻ ഹമദാനി ശൈഖിന്റെയും ദൗത്യങ്ങൾ:
കൊളോണിയൽ ആധുനികതയുടെ ഭാഗമായി വികസിച്ചുവന്ന മിഷണറി പ്രവർത്തനങ്ങളെ നേരിടാനാണ് മക്തി തങ്ങളെപ്പോലുളളവർ ആധുനിക വിദ്യാഭ്യാസം സ്വീകരിക്കാനും പ്രബുദ്ധരാവാനും മുസ്ലിംകളെ ആഹ്വാനം ചെയ്തുകൊണ്ടിരുന്നത്. അറബി മലയാള ഭാഷയിൽ വരെ മിഷണറി സാഹിത്യങ്ങൾ പ്രസിദ്ധീകരിച്ച് മുസ്ലിംകളെ മതം മാറ്റാൻ കച്ചകെട്ടിയിറങ്ങിയ ക്രിസ്ത്യൻ മിഷണറിമാരെ അവർക്ക് പ്രാബല്യമുണ്ടായിരുന്ന അവരുടെ തട്ടകങ്ങളിൽ പോയി നേരിട്ടുവെന്നതാണ് മക്തി തങ്ങൾ ചെയ്ത വലിയ പ്രവർത്തനം. മുസ്ലിംകളോട് മലയാള ഭാഷയും ഇംഗ്ലീഷ് ഭാഷയും പഠിച്ച് ഇസ്ലാമിക വിശ്വാസാചാരങ്ങളെ പൊതുസമൂഹത്തിന് മുമ്പിൽ ആശയപരമായി പ്രചരിപ്പിക്കാനും അതുവഴി മിഷണറി പ്രവർത്തനങ്ങളെ ശക്തമായി നേരിടാനുമാണ് മക്തി തങ്ങൾ ആഹ്വാനം ചെയ്തുകൊണ്ടിരുന്നത്. മായിൻ ഹമദാനി ശൈഖാകട്ടെ തനിക്ക് സ്വാധീനമുള്ള മേഖലകളിൽ സ്കൂളുകൾ സ്ഥാപിക്കാൻ മുൻകൈയ്യെടുക്കുകയും ആധുനിക വിദ്യാഭ്യാസം സിദ്ധിക്കാൻ ജനങ്ങൾക്ക് പ്രചോദനമേകുകയും ചെയ്തു. വാസ്തവത്തിൽ അക്കാലത്ത് ഈ ശബ്ദങ്ങൾ ഒറ്റപ്പെട്ടതായിരുന്നുവെങ്കിലും പിൽക്കാലത്ത് കേരളത്തിലെ മുസ്ലിം സമുദായമൊന്നടങ്കം ഈ ആഹ്വാനങ്ങളെ ഏറ്റെടുക്കുകയാണ് ചെയ്തത് എന്ന് കാണാൻ കഴിയും. മാപ്പിള സമരങ്ങളുടെ ദുരന്തപൂർണ്ണമായ പരിണതികൾക്കുശേഷം മാപ്പിളമാരെ അനുനയിപ്പിക്കാൻ കൊളോണിയലിസം നടപ്പാക്കിയ മാപ്പിള സ്കൂൾ പോലുള്ള പദ്ധതികൾ മുസ്ലിംകളുടെ ഈ ആധുനികവത്കരണത്തെ ത്വരിതപ്പെടുത്തി എന്ന് കാണാൻ സാധിക്കും.
ആത്മവിചാരണ ചെയ്യേണ്ട ആധുനികവത്കരണം
അഥവാ വീണ്ടെടുക്കപ്പെടേണ്ട ഇസ്ലാമിക വീര്യം:
വാസ്തവത്തിൽ മുസ്ലിംകൾ ആധുനികവത്കരിക്കപ്പെട്ടതിലൂടെ ഭൗതികമായ അർത്ഥത്തിൽ അവരുടെ സാമൂഹിക പദവി മെച്ചപ്പെട്ടുവെങ്കിലും ധാർമ്മികവും സാംസ്കാരികവുമായ അർത്ഥത്തിൽ അവർ ദുർബലപ്പെടുന്ന കാഴ്ചയാണ് പിൽക്കാല ചരിത്രത്തിൽ നമുക്ക് കാണാനാവുന്നത്. ഈ ദുർബലതയിൽ നിന്നാണ് മുസ്ലിംകൾക്കിടയിലെ എല്ലാ ശൈഥില്യങ്ങളും രൂപപ്പെട്ടത് എന്ന് കാണാവുന്നതാണ്. വാസ്തവത്തിൽ ഈ പ്രതിസന്ധി മറികടക്കേണ്ടത് കേവല പാരമ്പര്യാഭിമുഖ്യം കൊണ്ടോ സ്വത്വത്തെയും കർതൃത്വത്തെയും മുൻനിറുത്തിയുള്ള ആധുനികോത്തരമായ വിചാര മാതൃകകളെയോ കൊണ്ടല്ല. പ്രത്യുത യഥാർത്ഥ ഇസ്ലാമിക പൈതൃകങ്ങളുടെ ഊർജ്ജസ്രോതസ്സുകളെ വീണ്ടെടുക്കുക എന്നതുകൊണ്ട് മാത്രമാണ്. കാലഘട്ടത്തിന്റെ സങ്കീർണതകളെ തിരിച്ചറിഞ്ഞ് പുതിയ ചരിത്രത്തിന് ഇസ്ലാമികമായ ദിശനിർണ്ണയിക്കുന്ന വിധമാണ് ഈ വീണ്ടെടുപ്പ് സാദ്ധ്യമാകേണ്ടത്. അഭിമുഖീകരിക്കുന്ന കാലത്തിന്റെ ചരിത്ര സാമൂഹിക സമ്മർദ്ധങ്ങൾക്കനുസരിച്ച് ചരിത്രവത്കരിക്കുക എന്നതല്ല പ്രത്യുത ചരിത്രത്തെ ഇസ്ലാമികമായി നയിക്കാൻ ദിശ നിർണ്ണയിക്കുക എന്നതാണ് ഈ വീണ്ടെടുപ്പിന്റെയും ഇസ്ലാമിക നവോത്ഥാന ചിന്തയുടെയും കാതലാവേണ്ടത്.
ചരിത്രത്തോടും കാലത്തോടും വിമുഖമാവുക എന്നതിനപ്പുറം അതിന്റെ ഉൗന്നലുകൾ പരിഗണിച്ച് ഉന്നതമായ ആത്മീയ കരുത്തോടെ ജാഹിലിയ്യ സംവിധാനങ്ങളുടെ കൊടുങ്കാറ്റിൽ പിഴുതെടുക്കപ്പെടാതെ ഇസ്ലാമികമായ ജ്ഞാനശാസ്ത്ര അവബോധത്തോടെ ആധുനികതയെയും ആധുനികാനന്തര പ്രവണതകളെയും സത്യാനന്തര കാലത്തെയും പോസ്റ്റ് സെക്യുലർ പ്രവണതകളെയും അഭിമുഖീകരിക്കാൻ സാധിക്കുക എന്നതാണ് പ്രധാനമായത്. ചരിത്രത്തിൽ സമാനമായ സന്ദർഭങ്ങളിൽ ഇസ്ലാമികമായ അതിജീവനത്തിന് കരുത്തുപകർന്ന പ്രവണതകളുടെ വീണ്ടെടുപ്പല്ലാതെ ഇതിന് മറ്റ് പോംവഴികളില്ല. ഗ്രീക്ക് ഫിലോസഫിയും മുഅ്തസലി ചിന്തയും മറ്റ് അവാന്തര സ്വഭാവമുള്ള പ്രവണതകളും ഇസ്ലാമിക ചിന്തയിൽ കാലുശ്യങ്ങളുളവാക്കിയപ്പോൾ അത്യപാരമായ ധൈഷണിക കരുത്തോടെ അവയെ നേരിട്ട ഇമാം ഗസ്സാലി(റ)യുടെയും മുയിദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി(റ)യുടെയും മുയിദ്ധീൻ ഇബ്നു അറബി(റ)യുടെയും പ്രവർത്തനങ്ങളുടെ പിന്തുടർച്ചയാണ് വീണ്ടെടുക്കപ്പെടേണ്ടത്. ആധുനികതയെ നേരിടാൻ ഇസ്ലാമിക ആധുനികതയെ പകരം വെക്കുന്നതുപോലെ വിവേക ശൂന്യമാണ് പോസ്റ്റ്മോഡേൺ പ്രവണതകളെ നേരിടാൻ മുസ്ലിംകളുടെ കേവല സ്വത്വപദവിയെയും കർതൃത്വ പദവിയെയും മുൻനിറുത്തിയുള്ള ജ്ഞാനവ്യവഹാരങ്ങൾ എന്ന് തീർച്ചയായും നാം തിരിച്ചറിയേണ്ടതുണ്ട്. പോസ്റ്റ് മോഡേൺ കാലത്തെ അനേക പക്ഷങ്ങളിൽ അനേക കർതൃത്വങ്ങളിൽ ഒന്ന് എന്ന സ്വത്വപദവിയല്ല ഇസ്ലാമിനും മുസ്ലിംകൾക്കും ലഭിക്കേണ്ടത്. ദീനുൽ ഹഖ് എന്ന അതിന്റെ യഥാർത്ഥ സ്ഥാനമാണ് വീണ്ടെടുക്കപ്പെടേണ്ടത്. ഇതിന്റെ മുന്നുപാധി ജാഹിലിയ്യത്ത് സ്വയം നീതികരിക്കാൻ കണ്ടെത്തുന്ന തത്വചിന്തകളെയും ജ്ഞാനവ്യവഹാരങ്ങളെയും കൃത്യമായി തിരിച്ചറിയാനും ഇസ്ലാമികമായ ജ്ഞാനഭൂമികയിൽ നിന്നുകൊണ്ട് വിശകലനം ചെയ്യാനുമുള്ള കരുത്ത് നാം ആർജ്ജിക്കുക എന്നതാണ്. പുതിയ കാലത്ത് ഇസ്ലാമിക തജ്ദീദി ദൗത്യം(ഇസ്ലാമിക നവോത്ഥാന ദൗത്യം) ഈയൊരു ഊന്നലോടെയായിരിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.

റഫറൻസ്:
Rethinking islam And modernity: published by the Islamic foundation: Mappila Muslims of Kerala: A Study in Islamic Trends. Roland E. Miller: മക്തി തങ്ങളുടെ സമ്പൂർണ്ണ കൃതികൾ:
കോഴിക്കോടിന്റെ ചരിത്രം: മുഹമ്മദ് കോയ പരപ്പിൽ
കേരള മുസ്ലിം നവോത്ഥാനം ചരിത്രം വർത്തമാനം വിമർശനം: സൈനുദ്ധീൻ മന്ദലാംകുന്ന്

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy