സൈനുദ്ദീൻ മന്ദലാംകുന്ന്
മനുഷ്യന്റെ അധികാര ക്രമങ്ങളെയും ആയുധ സന്നാഹങ്ങളെയും നിർവ്വീര്യമാക്കി വലിയ സാമ്രാജ്യത്വ ശക്തികളെ വരെ പ്രതിസന്ധിയിലാക്കി ലോക രാഷ്ട്രങ്ങളെ പൂർണ്ണമായും സ്തംഭിപ്പിച്ച് ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുത്ത് തേരോട്ടം തുടരുന്ന കോവിഡ് 19 ന്റെ വ്യാപന പശ്ചാത്തലത്തിൽ മനുഷ്യകുലത്തെ ചില വീണ്ടുവിചാരത്തിലേക്ക് പ്രേരിപ്പിക്കുന്ന നിരീക്ഷണങ്ങളുൾക്കൊള്ളുന്ന ലേഖനത്തിന്റെ ആദ്യഭാഗം.
നഗ്ന നേത്രങ്ങൾക്കൊണ്ട് കാണാനാവാത്ത പ്രത്യേകമായ ജനിതക ഘടനയുള്ള കോവിഡ് 19 വൈറസിന്റെ വ്യാപനം മനുഷ്യകുലത്തിന്റെ അസ്തിത്വത്തിനും നിലനിൽപിനും തന്നെ ഭീഷണികളുളവാക്കി അതിന്റെ തേരോട്ടം തുടരുക തന്നെയാണ്. ചൈനയിലാരംഭിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്ന് പന്തലിച്ച് സർവ്വ രാജ്യങ്ങളുടെയും സമ്പദ്ഘടനയെയും ജനങ്ങളുടെ സാധാരണ ജീവിതത്തെയും സർവ്വ വ്യവഹാരങ്ങളെയും തകർത്ത് ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുത്ത് ജൈത്ര യാത്ര തുടരുന്ന ഈ മഹാമാരി എവിടെ ചെന്ന് അവസാനിക്കും എന്ന കാര്യത്തിൽ വൈദ്യശാസ്ത്ര വിശാരദന്മാർക്കോ ലോക ക്രമങ്ങളെയും രാഷ്ട്ര സഖ്യങ്ങളെയും നയിക്കുന്ന ഭരണകർത്താക്കൾക്കോ യാതൊരു നിർണ്ണയവുമില്ല എന്നതാണ് വസ്തുത. ഓരോ ദിവസവും പെരുകി വരുന്ന മരണ നിരക്കും രോഗവ്യാപനത്തിന്റെ തോതും മനുഷ്യകുലത്തെ ആകമാനവും ആശങ്കയിലും അലോസരത്തിലുമാഴ്ത്തിയിരിക്കുന്നു.
മനുഷ്യന്റെ ജീവിത വീക്ഷണത്തിന്റെയും തെറ്റായ ജീവിത ശീലങ്ങളുടെയും ദുരന്തഫലമാണ് കോവിഡ് എന്ന കാര്യം ശാസ്ത്ര ലോകം സ്ഥിരീകരിക്കുന്നുണ്ട്. വന്യജീവികളുടെയും ക്ഷുദ്രജീവികളുടെയും മാംസ ഭോജനവും മാംസത്തിന് വേണ്ടി അവയെ വേട്ടയാടുന്നതുമാണ് രോഗ വ്യാപനത്തിന് കാരണമെന്ന കാര്യം ഇതിനകം ശാസ്ത്ര ലോകം വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യന്റെ ഭക്ഷണ ശീലങ്ങളിലുണ്ടായികൊണ്ടിരിക്കുന്ന അഭിരുചി വ്യതിയാനങ്ങൾ വിചിത്രമായ ഭക്ഷണ ക്രമങ്ങളെയും ശീലങ്ങളെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ആസ്വാദ്യതക്കപ്പുറം നൈതികമോ ധാർമ്മികമോ ആയ യാതൊരു പരിധിയും പാലിക്കാതെ എന്തും ഭക്ഷിക്കാമെന്ന നിലപാടിലേക്ക് മനുഷ്യർ അധ:പതിക്കുകയും ചെയ്യുന്നു. വ്യത്യസ്തകൾ തേടുന്ന മനുഷ്യർ ഇത്തരം വിചിത്ര ഭക്ഷണക്രമങ്ങളെ അനുകരിക്കുകയും ചില മേഖലകളിൽ ഈ ഭക്ഷണ ശീലം സാർവ്വത്രികമായി പടരുകയും ചെയ്യുന്നു. വിചിത്രമായ ഭക്ഷണ ക്രമങ്ങളാലും ശീലങ്ങളാലും പണ്ടേ കുപ്രസിദ്ധരായവരാണ് ചൈനക്കാർ. ക്ഷുദ്രജീവികളുടെയും ഇഴജന്തുക്കളുടെയും നായ, പന്നി, മുതല, വ്യാളി, ഈനാം പേച്ചി പോലുള്ള ജീവികളുടെയും വിഷത്തേളുകൾ, കൂറ, വവ്വാൽ പോലുള്ള ജീവികളുടെയും മാംസം വിൽക്കുന്ന ചൈനയിലെ കുപ്രസിദ്ധമായ വുഹാൻ വെറ്റ് മാർക്കറ്റിൽ നിന്നാണ് കോവിഡ് 19 വൈറസിന്റെ പ്രഭവം എന്നാണ് വൈദ്യശാസ്ത്ര ലോകം സ്ഥിരീകരിക്കുന്നത്. ഒടുങ്ങാത്ത ആർത്തിയോടെ ജന്തുജാലങ്ങളുടെ സുരക്ഷിതമായ ആവാസ വ്യവസ്ഥ തകർത്ത് ജന്തുജാലങ്ങളെ വേട്ടയാടുന്നതിലൂടെയും അവയെ ഭക്ഷിക്കുന്നതിലൂടെയുമാണ് വൈറസ് വ്യാപനം സംഭവിച്ചിട്ടുള്ളത് എന്നാണ് ജീവശാസ്ത്ര ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്ന റോയൽ സൊസൈറ്റി ബിയിൽ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഒരു മനുഷ്യവിഭവം മാത്രമായി രാഷ്ട്ര ഘടനയിൽ സാമ്പത്തിക വികസനത്തിന്റെ അടിക്കല്ലായി വർത്തിക്കുന്ന ഒരു ഉത്പാദനോപാധി മാത്രമായി മനുഷ്യരെ പരിഗണിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയിൽ തീർച്ചയായും ഇത്തരം ഭക്ഷണ ശീലങ്ങളും അഭിരുചി വ്യതിയാനങ്ങളും സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമായിരിക്കും. മനുഷ്യമഹത്വമോ അവന്റെ അസ്തിത്വപരമായ അന്തസ്സോ ഒരു സവിശേഷ സൃഷ്ടി എന്ന നിലയിൽ മനുഷ്യന്റെ ധർമ്മമോ യഥോചിതം തിരിച്ചറിയാനാവാത്ത ഏത് സമൂഹവും കേവല ആസ്വാദ്യതക്കും ഉപഭോഗപരതക്കുമപ്പുറം ജീവിതം കൊണ്ട് മറ്റൊന്നും സാക്ഷാത്കരിക്കാനില്ലാത്തവരായി മാറുമ്പോൾ സ്വാഭാവികമായും ഇത്തരം ദുരന്തപരിണതികൾ അനിവാര്യമായി തീരും. അഥവാ മനുഷ്യന്റെ തെറ്റായ ചെയ്തികൾ തന്നെയാണ് മനുഷ്യകുലത്തെ ദുരന്തപരിണതികളിലേക്കെത്തിക്കുന്നത് എന്നാണ് ഇതിന്റെ മറ്റൊരർത്ഥം.
മനുഷ്യൻ മാത്രമല്ല ഭൂമിയിൽ ജീവിക്കുന്നതെന്നും മനുഷ്യരിൽ തന്നെയുള്ള വരാൻ പോകുന്ന നിരവധി തലമുറകൾക്കും വാസ യോഗ്യമാക്കി ഭൂമിയെ ശേഷിപ്പിക്കണമെന്നും മറ്റ് ജീവി വർഗങ്ങളുടെ ആവാസ വ്യവസ്ഥയും പ്രകൃതിപരമായ സന്തുലനവും അട്ടിമറിക്കാതെ ഭൂമിയെ സുരക്ഷിതമാക്കി നിലനിർത്തണമെന്നുമുള്ള സംസ്കാര സമ്പന്നനായ മനുഷ്യന്റെ കരുതലിനെയാണ് നാം നൈതിക ജാഗ്രത എന്നെല്ലാം നിർവ്വചിക്കുന്നത്. ഈ ജാഗ്രതയുടെ അഭാവമാണ് പ്രകൃതിയെ ചൂഷണോപാധിയായി പരിഗണിക്കുന്ന ഇടത്/വലത് ഭേദമന്യേയുള്ള ആധുനിക സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങളുടെയും സാമൂഹിക ശാസ്ത്ര ദർശനങ്ങളുടെയും മുഖ്യമായ പരിമിതി എന്ന് കാണാൻ കഴിയും. രാക്ഷസീയമായ ദുരയോടെ യാതൊരു തത്വദീക്ഷയുമില്ലാതെ ഭൂമിയിലെ വിഭവങ്ങളെ കൊള്ളടിക്കാൻ മത്സരിക്കുകയും അതിൽ മേൽക്കോയ്മ നേടി അന്യായമായി വിഭവങ്ങൾക്കുമേലുള്ള നിയന്ത്രണാധികാരം നേടിയെടുക്കുകയും ചെയ്യുന്ന കോർപ്പറേറ്റ് മൂലധന ശക്തികൾക്ക് എല്ലാം തീറെഴുതി കൊടുക്കുന്ന മത്സരാധിഷ്ഠിത സാമ്പത്തിക വികസന നയങ്ങളാണ് ഇന്ന് ലോകത്തിലെ ഒട്ടെല്ലാ ദേശ രാഷ്ട്ര ഭരണകൂടങ്ങളും പിന്തുടരുന്നത്.
സാമ്പത്തിക വികസനം എന്ന അജണ്ടക്കപ്പുറം മനുഷ്യനിലെ നൈതികവും ധാർമ്മികവും മാനവികവുമായ മൗലിക ഗുണങ്ങളുടെ വികാസത്തിനുതകുന്ന ധർമ്മശാസ്ത്രങ്ങളെയോ മൂല്യാധിഷ്ഠിതമായ വിജ്ഞാന പാരമ്പര്യങ്ങളെയോ പരിഗണിക്കാത്ത ശാസ്ത്രവും സാങ്കേതിക വിദ്യകളുമൊക്കെയാണ് ഒട്ടെല്ലാ ഭരണകൂടങ്ങളും ഇന്ന് പ്രമോട്ട് ചെയ്യുന്നത്. മനുഷ്യന്റെ യുക്തിയുമായി സംവദിക്കാത്ത അന്ധവിശ്വാസങ്ങളും അനുഷ്ഠാന രൂപങ്ങളും പുരാവൃത്തങ്ങളും ഇതിഹാസ കഥാപാത്രങ്ങളുമൊക്കെയാണ് ഈ ധർമ്മ ശാസ്ത്ര ശൂന്യത പരിഹരിക്കാൻ ഭരണകൂടങ്ങൾ സ്പേൺസർ ചെയ്യുന്നതും ജനസമൂഹങ്ങൾ അവലംബിക്കുന്നതും. ദേശ രാഷ്ട്രങ്ങൾക്കകത്തുള്ള അസന്തുലനത്വത്തിനും അസമത്വപൂർണ്ണമായ സാമൂഹിക അനുഭവ യാഥാർത്ഥ്യങ്ങൾക്കും മറയിടാനും ജനസമൂഹങ്ങളെ മയക്കികിടത്താനുമുള്ള കാൽപനിക വിഭ്രമങ്ങളായി ഇത്തരം മത ധർമ്മശാസ്ത്ര പാരമ്പര്യങ്ങളെ ദേശരാഷ്ട്ര ഭരണകൂടങ്ങൾ സവിശേഷമായി സംരക്ഷിക്കുന്നുണ്ട് എന്ന കാര്യം പ്രത്യേകം നാം ഓർക്കേണ്ടതുണ്ട്.
മനുഷ്യനെ അവന്റെ യാഥാർത്ഥ്യാന്വേഷണങ്ങളിൽ നിന്ന് അകറ്റാനാണ് ഭരണകൂടങ്ങളൊക്കെയും യത്നിക്കുന്നത്. മനുഷ്യാന്തസ്സും അവന്റെ അസ്തിത്വപരമായ പ്രത്യേകതകളും ഒരു സവിശേഷ സൃഷ്ടിയെന്ന നിലയിലുള്ള അവന്റെ ധർമ്മവും യഥോചിതം തിരിച്ചറിയാതെ പ്രകൃതിയോടും സഹജീവികളോടും നീതിപൂർവ്വം സഹവർത്തിക്കാൻ അവന് സാധിക്കുകയില്ല. എങ്ങനെ ജീവിക്കണമെന്നും എന്തുഭക്ഷിക്കണമെന്നും എങ്ങനെ വിഭവങ്ങൾ സമാഹരിക്കണമെന്നുമുള്ള ശരിയായ മാർഗദർശനം ലഭിക്കാതെ മനുഷ്യന് ഭൂമിയിൽ നീതിപൂർവ്വം വർത്തിക്കാനുമാവുകയില്ല. ദേശരാഷ്ട്രങ്ങളുടെ പക്ഷങ്ങളിൽ നിന്ന് മുക്തമായതും മതകീയവും സാംസ്കാരികവുമായ അനന്യതകളെ സാധൂകരിക്കുന്ന പക്ഷപാതിത്വം പ്രകടമാക്കുന്നതും മനുഷ്യരുടെ മറ്റ് ആപേക്ഷിക പ്രാമുഖ്യമുള്ള പക്ഷപാതിത്വ സമീപനങ്ങളും വഴിയായി നീതിപൂർവ്വകമായ ഒരു സമീപന മാതൃക തീർച്ചയായും വികസിക്കുക എന്നത് അസാദ്ധ്യമാണ്. അതുകൊണ്ട് തന്നെയാണ് മനുഷ്യജീവിതത്തെ ശരിയായി മാർഗദർശനം ചെയ്യാൻ ഭൗതിക ദർശനങ്ങൾക്കും സാമൂഹിക സിദ്ധാന്തങ്ങൾക്കും സാധിക്കാതെ വരുന്നത്. മനുഷ്യൻ ഈ ഭൂമിയിൽ സ്വയം ഭൂവായി ഉടലെടുത്ത ഒരു യാദൃശ്ചിക അസ്തിത്വമല്ല.
മനുഷ്യനെന്നല്ല ഒരു സൃഷ്ടിയും സ്വയം ഭൂവായി രൂപപ്പെട്ടതല്ല. കൃത്യമായ ആസൂത്രണവും നിയന്ത്രണവും ക്രമബദ്ധമായ സംവിധാനങ്ങളും ഈ പ്രപഞ്ച സൃഷ്ടിപ്പിനും അതിന്റെ നിലനിൽപിനും പിന്നിൽ ഉണ്ട് എന്ന കാര്യത്തിൽ സന്ദേഹങ്ങളില്ല. മനുഷ്യന് മാത്രമേ ഇത് തിരിച്ചറിയാനുള്ള ശേഷിയുള്ളൂ എന്നതിനാൽ സൃഷ്ടിലോകങ്ങളിൽ ഏറ്റവും ശ്രേഷ്ഠതയും ഔന്നത്യവുമുള്ളത് മനുഷ്യന് മാത്രമാണ്. സൃഷ്ടികൾക്കു പിന്നിലുള്ള ഈ രഹസ്യം യഥോചിതം തിരിച്ചറിയുന്നവനെയാണ് നാം മുസ്ലിം എന്ന് വിളിക്കുന്നത്. ഈ തിരിച്ചറിവ് പകരാനാണ് മനുഷ്യകുലത്തിൽ ഇന്നോളം വന്നിട്ടുള്ള പ്രവാചകന്മാരും ദിവ്യപുരുഷന്മാരും പരിശ്രമിച്ചിട്ടുള്ളത്. ഇന്ന് ലോകത്ത് നിലനിൽക്കുന്ന എല്ലാ ധർമ്മ ശാസ്ത്ര പാരമ്പര്യങ്ങളും അതിന്റെ ആദിമ വിശുദ്ധിയിലേക്ക് മടങ്ങുകയാണെങ്കിൽ അതാത് കാലത്തെ ദൈവിക നിയമങ്ങളുടെയും ഹിതങ്ങളുടെയും താത്പര്യങ്ങളുടെയും സമുച്ചമായ ദൈവിക മതത്തിലേക്കായിരിക്കും അവയുടെ മടക്കം എന്ന് തിരിച്ചറിയാനാവും. എന്നാൽ ഇന്ന് ആശയ കാലുഷ്യങ്ങളാൽ സങ്കീർണതയേറിയ അത്തരം ധർമ്മശാസ്ത്ര പാരമ്പര്യങ്ങളിൽ നിന്ന് ശുദ്ധവും സ്വച്ഛവുമായ അതിന്റെ ആദിമ പരിശുദ്ധി വീണ്ടെടുക്കുക എന്നത് തീർച്ചയായും അപ്രാപ്യമാണ്. അതുകൊണ്ട് തന്നെയാണ് ഇക്കാലത്ത് സത്യാന്വേഷണത്തിന്റെ അനിവാര്യമായ പ്രാപനം ഇസ്ലാം സ്വീകരണത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. സ്രഷ്ടാവും ഉടമയും പരിപാലകനുമായ അല്ലാഹു അവനിൽ നിന്നുള്ള ദീനായി(ജീവിതവ്യവസ്ഥയായി) തൃപ്തിപ്പെട്ടതും അവന്റെ ഹബീബായ തിരുറസൂൽ(സ്വ) തങ്ങളിലൂടെ പൂർത്തീകരിക്കപ്പെട്ടതുമായ ഇസ്ലാം ദീൻ കലർപ്പില്ലാതെ അന്ത്യനാൾ വരെയും ഇവിടെ നിലനിൽക്കുമെന്ന് അല്ലാഹു മനുഷ്യകുലത്തിന് വാഗ്ദാനം നൽകിയിട്ടുണ്ട്. യഥാർത്ഥ സത്യാന്വേഷികൾക്ക് തീർച്ചയായും അത് പ്രാപിക്കാനാവുക തന്നെ ചെയ്യും. മനുഷ്യകുലത്തിന് മുഴുവനായും സന്മാർഗമായും സന്തോഷവാർത്തയായും നൽകപ്പെട്ട ഇസ്ലാം ദീൻ മനുഷ്യകുലത്തോടും പ്രകൃതിയോടും എങ്ങനെ വർത്തിക്കണമെന്നതിനെ സംബന്ധിച്ച് കൃത്യമായും മാർഗദർശനം ചെയ്യുന്നുണ്ട്. വ്യക്തികളും രാഷ്ട്രങ്ങളും ഈ മാർഗദർശനങ്ങൾക്കൊത്ത് ചരിക്കുമ്പോൾ പ്രകൃതിയോടും സഹജീവികളോടുമുള്ള ബന്ധങ്ങൾ സന്തുലിതപ്പെടുകയും നീതിയും സാഹോദര്യവും സഹവർത്തിത്വവും സംസ്ഥാപിക്കപ്പെടുകയും വിഭവ വിതരണത്തിലെ അസന്തുലിതത്വങ്ങളും ക്രമരാഹിത്യങ്ങളും പരിഹൃതമാവുകയും എല്ലാം അതിന്റെ സ്വാഭാവികമായ ആദാന പ്രദാനങ്ങളിലൂടെ നിലനിൽക്കുകയും ചെയ്യും. മതത്തിന്റെ ശരിയായ ഈ മാർഗദർശനങ്ങളെ സംബന്ധിച്ച് അജ്ഞരായ സമൂഹങ്ങളിലാണ് വിധ്വംസകത്വവും രാക്ഷസീയമായ ദുരയും ഇന്ന് മേൽകൈ നേടുന്നത്. അതുകൊണ്ട് തന്നെയാണ് ശാസ്ത്രവും സാങ്കേതിക വിദ്യയുമെല്ലാം അത്തരം സമൂഹങ്ങളിൽ വികസിച്ചിട്ടുണ്ടെങ്കിലും എന്ത് ഭക്ഷിക്കണം എങ്ങനെ ഭക്ഷിക്കണം, എന്തു ധരിക്കണം, എങ്ങനെ വിഭവ സമാഹരണം നടത്തണം എന്നതുപോലെയുള്ള പ്രാഥമിക കാര്യങ്ങളിൽ പോലും അവർ അജ്ഞരാവുന്നത്. ഭക്ഷണകാര്യത്തിലെന്നല്ല മനുഷ്യ ജീവിതത്തിന്റെ മുഴുവൻ വ്യവഹാരങ്ങളിലും രൂപപ്പെട്ട ഈ അജ്ഞതക്കും അതുമൂലമുണ്ടായ ചെയ്തികൾക്കും ലോകം കൊടുക്കേണ്ടി വന്ന വിലയാണ് കോവിഡ് 19.
മനുഷ്യന് ഭക്ഷ്യയോഗ്യമാക്കി ഇസ്ലാമിക ശരീഅത്ത് നിർണയിച്ചു തന്ന മൃഗങ്ങളിൽ ഒന്നിനുപോലും മനുഷ്യൻ ഭക്ഷിച്ചതിന്റെ പേരിൽ വംശനാശം സംഭവിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധേയമാണ്. അത്തരം മൃഗങ്ങളിൽ നിന്ന് ഇത്തരം പകർച്ച വ്യാധികൾ പ്രഭവം കൊണ്ടതായി കേട്ടുകേൾവി പോലുമില്ല. കന്നുകാലികൾക്ക് മാംസാവശിഷ്ടങ്ങളടങ്ങിയ കാലിത്തീറ്റ നൽകി പാലുൽപാദനം അധികരിപ്പിക്കാൻ ശ്രമിച്ചതിന്റെ ഫലമായി ഉടലെടുത്ത ഭ്രാന്തിപ്പശു രോഗം പോലും ലാഭേച്ഛയോടെയുള്ള മനുഷ്യന്റെ അക്രമ പ്രവർത്തനത്തിന്റെ ദുരന്തഫലമാണെന്ന കാര്യം സുവിധിതമാണ്. ഇത്തരം രോഗമുള്ള മാടുകളുടെ മാംസം ഭക്ഷിച്ചാൽ മനുഷ്യനിലേക്കും അത് പകരുമെന്നത് വസ്തുതയാണ്. എന്നാൽ ഈ രോഗമെന്നല്ല മറ്റ് രോഗങ്ങളുള്ള മാടുകളെയും ഭക്ഷിക്കുന്നതിൽ ശരീഅത്ത് വിലക്ക് കൽപിച്ചിട്ടുണ്ട്. മാംസമായാലും ധാന്യമായാലും പച്ചക്കറിയായാലും ത്വയ്യിബായത് ഭക്ഷിക്കാനാണ് ഇസ്ലാമിക ശരീഅത്ത് അനുശാസിക്കുന്നത്. എന്നാൽ ഇസ്ലാമിക ശരീഅത്ത് വിലക്കിയ ആധുനിക ലോകത്തെ വെറ്റ് മാർക്കറ്റുകളിലെ മാംസ വിഭവങ്ങൾ മാരകമായ ഇത്തരം പകർച്ചവ്യാധികളുടെ പ്രഭവമായതിന്റെ വേറെയും അനുഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് ഗണത്തിൽ പെട്ട കോവിഡ് അല്ലാത്ത സാർസ് പോലുള്ള രോഗങ്ങൾ ഇതിനു ഉദാഹരണങ്ങളാണല്ലോ? ഈ വസ്തുത തെളിയിക്കുന്നത് മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസൃതമായ കേവല തിരഞ്ഞെടുപ്പല്ല ഭക്ഷണശീലങ്ങളെയും അഭിരുചികളെയും നിർണ്ണയിക്കേണ്ടത് എന്നും അല്ലാഹുവിന്റെ വിധിവിലക്കുകളാണ് ഭക്ഷണ ശീലങ്ങളിൽ പാലിക്കപ്പെടേണ്ടത് എന്നുമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അല്ലാഹുവിന്റെ വിധി വിലക്കുകൾ പാലിക്കണമെന്നുള്ള ഈ തിരിച്ചറിവാണ് ഇന്ന് മനുഷ്യകുലം വീണ്ടെടുക്കേണ്ടത്. ഈ തിരിച്ചറിവോടെ അല്ലാഹുവിനെ അനുസരിച്ച് ഭൂമിയിൽ മനുഷ്യൻ ജീവിച്ചാൽ തീർച്ചയായും ഇത്തരം മാരകമായ പകർച്ച വ്യാധികളിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ നിന്നും മനുഷ്യന് മോചനം ലഭിക്കുക തന്നെ ചെയ്യും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രാഥമികമായി ഈ കാര്യങ്ങൾ ഗ്രഹിച്ച ശേഷം എന്താണ് മനുഷ്യ ജീവിതം എന്നും മനുഷ്യൻ പ്രാപിക്കേണ്ട യഥാർത്ഥ ജീവിത ലക്ഷ്യമെന്താണെന്നും തീർച്ചയായും നമുക്ക് ചർച്ച ചെയ്യേണ്ടിവരും. യഥാർത്ഥമായ ഈ ജീവിത ലക്ഷ്യത്തിൽ നിന്ന് തെന്നിമാറി മനുഷ്യകുലം അക്രമത്തിലും നീതി രാഹിത്യങ്ങളിലും വിഹരിച്ച് സ്രഷ്ടാവിനെ മറന്ന് തികഞ്ഞ ധിക്കാരികളായി മാറുമ്പോഴാണ് അവനെ സ്രഷ്ടാവും ഉടമയുമായ അല്ലാഹുവിലേക്ക് മടക്കാൻ വ്യക്തി ജീവിതത്തിലെ പരീക്ഷണങ്ങളും സാമൂഹിക ജീവിതത്തെ മുഴുവൻ ബാധിക്കുന്ന പ്രകൃതി ദുരന്തങ്ങളും പകർച്ച വ്യാധികളുമെല്ലാം അല്ലാഹു സംഭവിപ്പിക്കുന്നത്. വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരു പോലെ ബാധകമാണിത്. കപ്പൽ മുങ്ങുമ്പോൾ അതിലെ യാത്രക്കാർക്കെല്ലാം അതിന്റെ കെടുതികൾ ഒരുപോലെ ബാധകമാകുന്നതുപോലെ വിശ്വാസികൾക്കും അവിശ്വാസികൾക്കുമെല്ലാം ഇത്തരം ദുരന്തങ്ങൾ ഒരു പോലെ ബാധകമാകുന്നത് സ്വാഭാവികമാണ്. എന്നാൽ വിശ്വാസികളെ സംബന്ധിച്ച് അത് താക്കീതും പരീക്ഷണവുമാണെങ്കിൽ അവിശ്വാസികൾക്കത് മുന്നറിയിപ്പും ശിക്ഷയുമാണ്. അല്ലാഹു നൽകുന്ന അളവറ്റ കാരുണ്യങ്ങളെയും ഔദാര്യങ്ങളെയും തിരിച്ചറിയാതെ ധിക്കാരിയും അഹങ്കാരിയുമായി ജീവിക്കുകയും ഭൂമിയിൽ അക്രമവും അരാജകത്വവും സൃഷ്ടിക്കുകയും ചെയ്യുന്ന മുഴുവൻ അക്രമകാരികൾക്കും സാമ്രാജ്യത്വ അധികാര ശക്തികൾക്കും ഏകാധിപതികൾക്കും വംശീയവാദികൾക്കും കൃത്യമായ ശിക്ഷയും താക്കീതും പാഠവുമായാണ് കോവിഡ് 19 ന്റെ വ്യാപനത്തെ തിരിച്ചറിയേണ്ടത്. ആഗോളമായ അധികാര ബന്ധങ്ങളെയും സാമ്പത്തിക ക്രമങ്ങളെയും അടിമുടി അട്ടിമറിക്കാൻ കെൽപുള്ള ഒരു പ്രതിഭാസമായി കോവിഡ് 19 ഭാവി ചരിത്രത്തെ മാറ്റിയെഴുതും എന്ന കാര്യത്തിൽ യാതൊരു സന്ദേഹവുമില്ല. പരമകാരുണ്യവാനായ അല്ലാഹു ഈ മഹാമാരിയെ എത്രയും വേഗത്തിൽ ഉയർത്തി മനുഷ്യകുലത്തെ ഇതിന്റെ കെടുതികളിൽ നിന്ന് രക്ഷപ്പെടുത്തുമാറാകട്ടെ…ആമീൻ…
കോവിഡ് 19: ചരിത്ര പരിണാമത്തിന്റെ സംക്രമണ സന്ധി
കോവിഡ് മനുഷ്യകുലത്തിന് നൽകുന്ന പാഠമെന്താണ്..? അത് മനുഷ്യനെയും ചരിത്രത്തെയും പുതുക്കി പണിയുമോ..? സ്വയം പുതുക്കാൻ സന്നദ്ധമാകുന്ന മനുഷ്യന് കോവിഡിൽ നിന്ന് മോചനം സാദ്ധ്യമാകുമോ..? വംശീയവും വിഭാഗീയവുമായ വൈരുദ്ധ്യങ്ങൾക്കും സംഘർഷങ്ങൾക്കുമപ്പുറം മനുഷ്യ സാഹോദര്യത്തിലും ആഗോള സഹകരണത്തിലും അധിഷ്ഠിതമായ ഒരു പുതിയ ലോകക്രമത്തിലേക്കുള്ള സംക്രമണ സന്ധിയാകുമോ ഈ കാലം…?
സകല സൃഷ്ടികളുടെയും സ്രഷ്ടാവായ അല്ലാഹു അഖില പ്രപഞ്ചങ്ങളെയും അതിലെ ദൃഷ്ടിഗോചരവും അല്ലാത്തതുമായ സർവ്വചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന അത്യുദാരനായ നാഥനാണ്. മനുഷ്യനും ജിന്നുമൊഴികെ സർവ്വ സൃഷ്ടികളും നൈസർഗ്ഗികമായി തന്നെ അല്ലാഹുവിനോടുള്ള അനുസരണത്തിലും വിധേയത്വത്തിലുമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ അവയുടെ ജീവിതത്തിനും കർമ്മങ്ങൾക്കുമൊന്നും നന്മതിന്മകളുടെ വിവേചന മാനദണ്ഡങ്ങളോ അതിന്റെ പേരിലുള്ള വിചാരണയെയോ അഭിമുഖീകരിക്കേണ്ടി വരില്ല എന്ന കാര്യം സുവിധിതമാണ്. എന്നാൽ മനുഷ്യന്റെയും ജിന്നിന്റെയും കാര്യം അങ്ങനെയല്ല. സ്വന്തം കർമ്മഫലങ്ങൾ തീർച്ചയായും അവർക്ക് അഭിമുഖീകരിക്കേണ്ടി വരും. കാരണം കർമ്മങ്ങൾ ഏത് തിരഞ്ഞെടുക്കണമെന്ന കാര്യത്തിലും ഏത് വഴി പിന്തുടരണം എന്ന കാര്യത്തിലും അവർക്ക് സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വന്തം കർമ്മങ്ങളുടെ പേരിൽ വിചാരണയെ അഭിമുഖീകരിക്കാനുള്ളത് മനുഷ്യകുലവും ജിന്നുവർഗവുമാണ്. അവർക്കിടയിൽ സന്മാർഗവും ദുർമാർഗവും നന്മയും തിന്മയുമെല്ലാം കൃത്യമായി വിവേചിക്കുന്നതിനാണ് അതാത് കാലങ്ങളിൽ അല്ലാഹു അവന്റെ വിശുദ്ധരായ പ്രവാചകന്മാരെ അവരിലേക്ക് അയച്ചുകൊണ്ടിരുന്നത്. അല്ലാഹുവിൽ നിന്നുള്ള സുവ്യക്തമായ ഈ മാർഗദർശനം ലഭിച്ചിട്ടില്ലാത്ത ഒരു സമുദായവും ഇന്നേവരെയും കഴിഞ്ഞുപോയിട്ടില്ല. അതുകൊണ്ട് തന്നെയാണ് മനുഷ്യന്റെയും ജിന്നിന്റെയും യഥാർത്ഥ ജീവിത ലക്ഷ്യമെന്താണെന്ന കാര്യം ഓരോ സമുദായങ്ങൾക്കും അവരവരുടെ പ്രവാചകന്മാർ മുഖേന അല്ലാഹു അറിയിച്ചിട്ടുള്ളത്. ഇക്കാര്യം പരിശുദ്ധ ഖുർആനിൽ മനുഷ്യകുലത്തെ ഓർമ്മിപ്പിക്കുന്നത് ഇപ്രകാരമാണ്:
”മനുഷ്യ കുലത്തെയും ജിന്ന് വർഗത്തെയും എന്നെ ഇബാദത്ത് ചെയ്യാനല്ലാതെ ഞാൻ പടച്ചിട്ടില്ല.”
അസ്തിത്വവും ജീവനും ജീവിതവുമെല്ലാം അല്ലാഹുവിന്റെ ഔദാര്യപൂർണ്ണമായ ദാനമാണെന്നിരിക്കെ സ്രഷ്ടാവും ഉടമയും പരിപാലകനുമായ അവന്റെ തൃപ്തിയും താത്പര്യവും പരിഗണിച്ച് അവന് വിധേയപ്പെട്ട് മനുഷ്യൻ ജീവിക്കണമെന്ന് അല്ലാഹു മനുഷ്യനോടും ജീന്നിനോടും ആവശ്യപ്പെടുകയാണ് ഈ സൂക്തത്തിൽ. അഥവാ ഈ സൂക്തത്തിന്റെ യഥാർത്ഥ വിവക്ഷയെ അല്ലാഹുവിന്റെ തിരുദൂതർ മുഹമ്മദ് മുസ്തഫാ(സ്വ) തങ്ങൾ നമുക്ക് വിശദീകരിച്ചു തന്നത് ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവായ ഇബ്നു അബ്ബാസ്(റ) ഉദ്ധരിച്ചിട്ടുള്ളത് അല്ലാഹുവിനെ അറിഞ്ഞ് ഇബാദത്ത് ചെയ്യാനല്ലാതെ മനുഷ്യനെയും ജിന്നിനെയും അല്ലാഹു പടച്ചിട്ടില്ല എന്നാണ്. തീർച്ചയായും ഇബാദത്തിന്റെ സത്തയും മർമ്മവും അല്ലാഹുവിനെ അറിയലാണ് എന്നാണ് ഇതിന്റെ സാരാംശം. ഭൂമിയിൽ മറ്റൊരു സൃഷ്ടിക്കുമില്ലാത്ത അല്ലാഹുവിന്റെ പ്രതിനിധി(ഖലീഫത്തുല്ലാഹ്) എന്ന സ്ഥാനം ലഭിച്ച മനുഷ്യന് അവന്റെ അസ്തിത്വപരമായ ഈ ശ്രേഷ്ഠതയെ സാക്ഷാത്കരിക്കാൻ അല്ലാഹു അറിയിച്ചു തന്ന വഴിയാണ് അവനെ അറിയലും അവനെ ഇബാദത്ത് ചെയ്യലും. എത്ര ഔദാര്യവും കാരുണ്യവുമാണ് അല്ലാഹു ഇതിലൂടെ മനുഷ്യന് നൽകിയിട്ടുള്ളത്. ബുദ്ധിയും ബോധവും തിരിച്ചറിയാനുള്ള ശേഷിയും മാത്രമല്ല സന്മാർഗവും ദുർമാർഗവും വിവേചിക്കാനും നന്മയും തിന്മയും വേർതിരിച്ചറിയിക്കാനും അവന്റെ വിശുദ്ധരായ പ്രവാചകന്മാരെ അയച്ച് അവൻ മാർഗദർശനവും നൽകിയിരിക്കുന്നു. മാത്രമല്ല അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളായി കാണപ്പെടുന്നതും അല്ലാത്തതുമായ ഈ പ്രപഞ്ചങ്ങളെ അഖിലം അവൻ മനുഷ്യന് ചുറ്റും വിന്യസിച്ചിരിക്കുന്നു. ചുറ്റും കണ്ണോടിച്ചാലും സ്വന്തത്തിലേക്ക് നോക്കിയാലും അല്ലാഹുവിനെ അറിയാനുള്ള അനേക ദൃഷ്ടാന്തങ്ങളെ മനുഷ്യന് മുന്നിൽ അവൻ തുറന്നുവെച്ചിരിക്കുന്നു. വക്രതയില്ലാതെ ചിന്തിക്കുന്നവർക്ക് എളുപ്പം കാര്യം ഗ്രഹിക്കാനാവുകയും അങ്ങേയറ്റത്തെ വിധേയത്വത്തോടെ ”ഞങ്ങളുടെ രക്ഷിതാവേ ഇവയൊന്നും നീ വൃഥാ പടച്ചതല്ല” എന്ന് പറയുന്ന വിധം തിരിച്ചറിവുള്ളവനായി അവൻ പരിവർത്തിക്കപ്പെടുകയും ചെയ്യുന്നു. ഈ തിരിച്ചറിവിനെയാണ് വാസ്തവത്തിൽ ഒരാൾ സത്യവിശ്വാസിയാവുക എന്നതുകൊണ്ട് പ്രഥമമായി വിവക്ഷിക്കുന്നത്. ഈ തിരിച്ചറിവിന്റെ കേന്ദ്രമാണ് വാസ്തവത്തിൽ മനുഷ്യന്റെ ഖൽബ്. ഓരോ മനുഷ്യനും സഹജമായി ഈ തിരിച്ചറിവുണ്ടാവുന്ന വിധം തന്നെയാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. എന്നാൽ സ്വന്തം അഹങ്കാരവും തൻപ്രമാണിത്തവും നിമിത്തം യാഥാർത്ഥ്യങ്ങളെ നിഷേധിക്കുന്നവനായി മനുഷ്യൻ മാറുകയും തന്റെ സ്വന്തം ഇഷ്ടങ്ങളും താത്പര്യങ്ങളും മാത്രം അവനെ നയിക്കുകയും ചെയ്യുന്നു. സ്രഷ്ടാവിനെയും അവന്റെ താത്പര്യങ്ങളെയും മറന്ന ഈ മനുഷ്യനാണ് വാസ്തവത്തിൽ ഭൂമിയിൽ അരാജകത്വം വിതക്കുന്നതും അക്രമിയും വിവേകശൂന്യനുമായി മാറുന്നതും. ഈ തിരിച്ചറിവില്ലാതെ മനുഷ്യസൃഷ്ടിപ്പിന്റെ യഥാർത്ഥ താത്പര്യത്തിലായി തീരാതെ വ്യക്തിയും സമൂഹവും രൂപപ്പെടുമ്പോൾ അല്ലാഹു പ്രകൃതിയിൽ നിശ്ചയിച്ചുവെച്ച സന്തുലനം തകർക്കപ്പെടുകയും പ്രകൃതിയിലും സമൂഹങ്ങളിലും ക്രമരാഹിത്യങ്ങൾ(ളുൽമ്) ആവിർഭവിക്കുകയും അതിന്റെ തിക്തഫലങ്ങൾ മനുഷ്യന് തന്നെ തിരിച്ചടിയായി ഭവിക്കുകയും ചെയ്യുന്നു. പ്രകൃതി ദുരന്തങ്ങൾ, പകർച്ച വ്യാധികൾ, യുദ്ധങ്ങൾ, രക്തോത്സവങ്ങൾ ഇങ്ങനെ മനുഷ്യകുലത്തെ അസ്വാരസ്യത്തിലാക്കുന്ന പല വിധ പ്രതിഭാസങ്ങളായി അതിന്ന് പ്രകടമായിക്കൊണ്ടിരിക്കുന്നു. വാസ്തവത്തിൽ ഇത്തരം ദുരന്തങ്ങൾ മനുഷ്യനെ അവന്റെ യാഥാർത്ഥ്യങ്ങളിലേക്ക് കണ്ണുതുറപ്പിക്കുകയും സ്രഷ്ടാവും ഉടമയും പരിപാലകനുമായ അല്ലാഹുവിലേക്ക് മടങ്ങാനും കൂടുതൽ വിനയാന്വിതനാവാനും മനുഷ്യകുലത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അഥവാ മനുഷ്യൻ അവന്റെ ധിക്കാരവും അഹങ്കാരവും തൻപ്രമാണിത്തവും അവസാനിപ്പിച്ച് അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങി അവന് വിധേയപ്പെട്ട് ജീവിക്കാൻ സന്നദ്ധമാവുക എന്നതാണ് ഇത്തരം പരീക്ഷണ ഘട്ടങ്ങളുടെ അനിവാര്യമായ പരിണതിയായി സംഭവിക്കേണ്ടത്. ചില പ്രത്യേക പ്രദേശങ്ങളിൽ മാത്രം ബാധകമാവുന്ന പ്രകൃതി ദുരന്തങ്ങളായാലും പകർച്ച വ്യാധികളായാലും കോവിഡ് 19 പോലെ ആഗോള വ്യാപകമായി ദുരന്തഫലങ്ങളുളവായിക്കൊണ്ടിരിക്കുന്ന പകർച്ച വ്യാധികൾ പോലുള്ള പ്രതിഭാസങ്ങളായിരുന്നാലും മനുഷ്യരിൽ കുറച്ചുപേരുടെയെങ്കിലും ഖേദത്തോടെയും തിരിച്ചറിവോടെയുമുള്ള ഈ മടക്കവും സ്വന്തം സൃഷ്ടിപ്പിന്റെ യാഥാർത്ഥ്യം തിരിച്ചറിഞ്ഞുള്ള തുടർ ജീവിത പരിവർത്തനങ്ങളുമാണ് വാസ്തവത്തിൽ ഇത്തരം പരീക്ഷണങ്ങളിൽ നിന്ന് വിമുക്തി നേടാനുള്ള മാർഗം എന്നതാണ് വസ്തുത. രോഗ പ്രതിരോധത്തിനായുള്ള ജാഗ്രതയും ചികിത്സയും മറ്റ് നടപടികളും തുടരുന്നതോടൊപ്പം അങ്ങേയറ്റത്തെ താഴ്മയോടെ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ ഓരോ വ്യക്തികളും സമൂഹങ്ങളും സ്രഷ്ടാവും പരിപാലകനും കാരുണ്യവാനുമായ അല്ലാഹുവിലേക്ക് തിരിഞ്ഞാൽ തീർച്ചയായും ഈ പകർച്ചവ്യാധിയിൽ നിന്നും കെടുതികളിൽ നിന്നും മനുഷ്യന് മോചനം ലഭിക്കുക തന്നെ ചെയ്യും.
വാസ്തവത്തിൽ ഇത്തരം ദുരന്ത സന്ദർഭങ്ങളിൽ മനുഷ്യർ ഐക്യദാർഢ്യപ്പെടുകയാണ് ചെയ്യുക. പരസ്പരമുള്ള ശത്രുതകൾ മറന്ന് ഒത്തൊരുമയോടെ ഈ ദുരന്തങ്ങളിൽ നിന്ന് കര കയറാനാണ് മനുഷ്യർ ഒത്തൊരുമിച്ച് പ്രവർത്തിക്കുക. അങ്ങനെ ഒത്തൊരുമയോടെയുള്ള വ്യവസ്ഥാപിത പ്രതിരോധ പ്രവർത്തനങ്ങളും ശത്രുത മറന്നുള്ള ഐക്യവും എവിടെ പ്രകടമാകുന്നുവോ അവിടെയെല്ലാം ഘട്ടംഘട്ടമായി രോഗവിമുക്തി സംഭവിക്കുന്നുണ്ട് എന്നത് നമ്മുടെ അനുഭവ യാഥാർത്ഥ്യമാണ്. രോഗത്തിന്റെ ആദ്യ പ്രഭവമായ ചൈനയിൽ പൂർണ്ണമായ രോഗ വിമുക്തി കൈവരിച്ചത് ഈ മാതൃക പിൻപറ്റിയതിനാലാണ്. രോഗപ്രതിരോധത്തിനായുള്ള വ്യവസ്ഥാപിത പ്രവർത്തനങ്ങളും രോഗം വ്യാപിക്കാതിരിക്കാനുള്ള കോറനൈ്റൻ, ഐസൊലേഷൻ, ലോക്ഡൗൺ പോലുള്ള നടപടികളും കർശനമായി നടപ്പാക്കിയതോടെ മാരകമായ ഈ പകർച്ച വ്യാധിയിൽ നിന്നും ഘട്ടം ഘട്ടമായി അവർക്ക് മോചനം ലഭിച്ചു. മാത്രമല്ല ഏതൊരു ജീവിത ശീലവും ഭക്ഷണ സംസ്കാരവും മൂലമാണോ അവരീ രോഗം ക്ഷണിച്ചു വരുത്തിയത് ആ ജീവിത ശീലത്തിൽ നിന്നും ഭക്ഷണ സംസ്കാരത്തിൽ നിന്നും ജനങ്ങളെ മോചിപ്പിക്കാൻ ഭരണകൂടം കർശനമായ നിയന്ത്രണങ്ങൾ കൊണ്ടു വന്നു. കോവിഡ് 19 രോഗത്തിന് കാരണമായ വൈറസിന്റെ പ്രഭവമായി അനുമാനിക്കപ്പെടുന്ന വന്യജന്തുക്കളുടെ മാംസ വിൽപന ചൈനയിൽ നിരോധിക്കപ്പെടുകയും അത്തരം വിചിത്ര ഭക്ഷണ രീതികൾ ഉപേക്ഷിക്കാൻ ജനങ്ങൾ സന്നദ്ധരാവുകയും ചെയ്തു. മനുഷ്യർ തെറ്റായ ജീവിത ശീലങ്ങളിലൂടെ അക്രമ മാർഗം അവലംബിക്കുമ്പോൾ ഇത്തരം ദുരന്തങ്ങൾ അനിവാര്യമായി തീരുകയും അതുപേക്ഷിക്കുമ്പോൾ ആ ദുരന്തങ്ങളിൽ നിന്നും അവർ മുക്തരാവുകയും ചെയ്യുന്നു. സാമാന്യമായ ഈ തത്വം തന്നെയാണ് ചൈനയിൽ പ്രവർത്തനക്ഷമമായത് എന്ന് കാണാം. കോവിഡിനെതിരെയുള്ള പ്രതിരോധ നീക്കങ്ങളിൽ വിജയം വരിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലും ഐക്യദാർഢ്യത്തോടെയുള്ള ഈ പ്രവർത്തനങ്ങളാണ് വിജയ നിദാനം എന്ന് കാണാവുന്നതാണ്. രോഗം ബാധിക്കുക എന്നത് സ്വയം ഒരു കുറ്റമല്ല എന്നും കോവിഡിന് മതമോ വംശമോ ബാധകമല്ലെന്നുമുള്ള തിരിച്ചറിവോടെയുള്ള ജാഗ്രതയും നടപടികളുമാണ് കേരളത്തിൽ തുടരുന്നത്. ഈ മൂല്യം ഉൾക്കൊള്ളുകയും ഒറ്റക്കെട്ടായി പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കുകയും സമൂഹവ്യാപനത്തിലേക്കെത്താതെ ശ്രദ്ധിക്കുകയും ചെയ്തതിനാലാണ് കേരളം അപകടാവസ്ഥ തരണം ചെയ്യുന്നുവെന്ന് ഇന്ന് നമുക്ക് ആശ്വസിക്കാനാവുന്നത്.
ചൈനക്ക് ശേഷം സമീപത്തുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളിലാണ് ഈ മാരക വൈറസിന്റെ സംഹാര താണ്ഡവം സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്നതെങ്കിലും ഭൂമി ശാസ്ത്രപരമായി വലിയ അകലം തന്നെയുള്ള മറ്റൊരു ഭുഖണ്ഡത്തിലാണ് ഈ വൈറസ് വ്യാപനം അതിന്റെ മാരകമായ ദുരന്തഫലങ്ങളുളവാക്കി സംഭവിക്കുന്നത്. ചൈനയുമായി വാണിജ്യ സമ്പർക്കങ്ങൾ സജീവമായിരുന്ന ഇറാനിലും ഇറാൻ വഴി പല അറബ് നാടുകളിലും രോഗ വ്യാപനം സംഭവിച്ചുവെങ്കിലും ചൈനക്കുശേഷം രോഗത്തിന്റെ കെടുതികൾ ഏറ്റവുമധികം അഭിമുഖീകരിച്ചത് യൂറോപ്യൻ നാടായ ഇറ്റലിയാണെന്ന കാര്യമാണ് ഇവിടെ നാം ശ്രദ്ധിക്കേണ്ടത്. യൂറോപ്പ്യൻ സംസ്കാരത്തിന് ധാർമ്മികമായ ഊർജ്ജം പകരുന്ന വത്തിക്കാനുൾപ്പെടെയുള്ള ‘വിശുദ്ധ’ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇറ്റലിയിൽ രോഗ വ്യാപനം മൂലം അതിമാരകമായ ദുരന്തഫലങ്ങളാണുളവായത് എന്നും ഇന്നും രോഗം നിയന്ത്രിക്കാനാവാതെ അതിന്റെ കെടുതികൾ തുടരുകയാണെന്നും അസ്വസ്ഥതയോടെ നാം തിരിച്ചറിയുന്നു. ചൈനയുമായുള്ള വാണിജ്യ സൗഹൃദങ്ങളാണ് ഇറ്റലിയിൽ ഈ ദുരന്തം ക്ഷണിച്ചുവരുത്തിയതെങ്കിലും ആദ്യഘട്ടത്തിൽ തങ്ങളുടെ സാംസ്കാരികമായ ജീവിത ശീലങ്ങൾ ഉപേക്ഷിക്കാതെ ആരോഗ്യരംഗത്ത് തങ്ങൾ കൈവരിച്ച സ്വയം പര്യാപ്തതയിൽ വിശ്വസിച്ചും ഉയർന്ന ശുചിത്വത്തിൽ അഹങ്കരിച്ചും ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്ന മട്ടിൽ സ്വാഭാവിക ജീവിതം തുടർന്ന ഇറ്റാലിയൻ ജനതയുടെ അശ്രദ്ധയാണ് രോഗവ്യാപനം ത്വരിതഗതിയിലാക്കിയത് എന്ന കാര്യം സുവ്യക്തമാണ്. തുടർന്ന് സ്പെയിൻ, ഫ്രാൻസ്, ജർമ്മനി പോലുള്ള നിരവധി യൂറോപ്യൻ നാടുകളിലേക്ക് ഇതിനിടയിൽ രോഗം പടരുകയും നിയന്ത്രിക്കാനാവാത്ത വിധം അതിന്റെ കെടുതികൾ ഇന്നും തുടരുകയും ചെയ്യുന്നു.
ഭൂമി ശാസ്ത്രപരമായി ചൈനയോട് താരതമ്യേന അടുത്തുള്ള ഇന്ത്യയിൽ തുടക്കം മുതൽ തന്നെ കർശനമായ ലോക്ഡൗൺ നടപ്പാക്കിയതിനാൽ സമൂഹ വ്യാപനത്തിന്റെ ശക്തി താരതമ്യേന കുറക്കാൻ സാധിച്ചുവെന്നത് വസ്തുതയാണ്. മതിയായ മുന്നൊരുക്കങ്ങളില്ലാതെ ലോക്ഡൗൺ നടപ്പാക്കിയതിന്റെ ഫലമായുള്ള ചില പ്രതിസന്ധികൾ ഇന്ത്യ അഭിമുഖീകരിച്ചുവെങ്കിലും ഇറ്റലിയെയും മറ്റ് ചില യൂറോപ്യൻ നാടുകളെയും അപേക്ഷിച്ച് ഇന്ത്യയിലെ കർശനമായ ലോക്ഡൗൺ നടപടികൾ മൂലം രോഗവ്യാപന നിരക്കും മരണ നിരക്കും കുറക്കാൻ സാധിച്ചുവെന്നത് ചെറിയ കാര്യമല്ല. അതോടൊപ്പം സവിശേഷമായി കോവിഡിനെതിരെ കേരളം കൈകൊണ്ട നടപടികളും അതിന്റെ സദ്ഫലങ്ങളും തീർച്ചയായും അഭിനന്ദിക്കപ്പെടേണ്ടതും മാതൃകാപരവുമാണ്. സ്വന്തം പൗരന്മാരുടെ ആരോഗ്യത്തെയും ആയുസ്സിനെയും സംബന്ധിച്ച ഭരണകൂട ജാഗ്രതയുടെ ഉത്തമമായ നിദർശനമായി തന്നെയാണ് കേരള മാതൃക ചരിത്രത്തിൽ ഇടം നേടിയത്. സ്പ്രിഗ്ളർ പോലുള്ള ചില സൂക്ഷ്മതക്കുറവുകൾ ആരോപിച്ചാലും കോവിഡിനെതിരെ കേരളം കൈക്കൊണ്ട നടപടികളുടെയും നിലപാടുകളുടെയും തിളക്കത്തിന് അതുമൂലം മങ്ങലേൽക്കുന്നില്ല എന്ന് തന്നെയാണ് വ്യക്തമാകുന്നത്. മാത്രമല്ല പൊതുജനാരോഗ്യ രംഗത്ത് കേരളം കൈവരിച്ച ഔന്നത്യസ്ഥാനവും മുതലാളിത്ത മാതൃകകളേക്കാൾ സോഷ്യലിസ്റ്റ് മാതൃകയുടെ മാനവിക മൂല്യവും പ്രായോഗിക ഫലങ്ങളും വേർതിരിച്ചറിയാനും കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മൂലം സാധിച്ചുവെന്നത് അനിഷേധ്യമായ വസ്തുതയാണ്. ആരോഗ്യ രംഗമുൾപ്പെടെയുള്ള പൊതുസേവന മേഖലകളെല്ലാം കോർപ്പറേറ്റ് വത്കരിക്കപ്പെട്ട യൂറോപ്പുമായും അതിന്റെ എല്ലാ മൂർദ്ധന്യാവസ്ഥയും പ്രാപിച്ച അമേരിക്കയുമായും താരതമ്യം ചെയ്യുമ്പോളാണ് കേരള മാതൃകയുടെ സവിശേഷമായ മാനവിക മുഖത്തെ കൃത്യതയോടെ നമുക്ക് തിരിച്ചറിയാനാവുന്നത്.
ആരോഗ്യരംഗം പൂർണ്ണമായും കോർപ്പറേറ്റ് വത്കരിക്കപ്പെട്ട, രോഗ വ്യാപനം ഭയാനകമായ നിലയിൽ തുടരുന്ന മറ്റൊരു ഭൂഖണ്ഡമായ അമേരിക്കയാകട്ടെ സ്വന്തം രഹസ്യാന്വേഷണ ഏജൻസികൾ വഴിയും ആരോഗ്യ വിദഗ്ദർ വഴിയും കോവിഡിന്റെ വ്യാപനത്തെ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും അത് ചൈനീസ് വൈറസാണെന്ന ലഘൂകരണത്തിലൂടെ ഈ മുന്നറിയിപ്പുകളെ അവഗണിച്ചതിന്റെ ദുരന്തഫലങ്ങളാണ് ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് മനുഷ്യർ രോഗ ബാധിതരാവുകയും ലക്ഷത്തോടടുത്ത മനുഷ്യർ മരിച്ചൊടുങ്ങുകയും ചെയ്തിട്ടും രോഗ വ്യാപനം നിയന്ത്രിക്കാനോ തടയാനോ കഴിയാതെ വലിയൊരു സാമ്രാജ്യത്വ ശക്തി കൊറോണ വൈറസിന് മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ്. ലോകത്തെ വൻ ശക്തികളായ ഇത്തരം രാജ്യങ്ങൾ ശത്രുസംഹാരത്തിനായി സംഭരിച്ചുവെച്ച ആയുധങ്ങളോ മറ്റ് പ്രതിരോധ സംവിധാനങ്ങളോ പര്യാപ്തമാകാതെ കേവലം ഒരു വൈറസിന് മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ്. ഒരു അമൂർത്ത ശത്രുവിനെ സങ്കൽപിച്ച് ഏതെങ്കിലും ഒരു സമുദായത്തിലോ സമൂഹത്തിലോ സംസ്കാരത്തിലോ അതിനെ മൂർത്തീകരിച്ച് അതിനെതിരെ സ്വയം അതിജയിക്കാനുള്ള ത്വര ലോകത്തെ സർവ്വ ഏകാധിപത്യ വ്യവസ്ഥകളുടെയും പൊതു സ്വഭാവമാണ്. ദേശത്തിനകത്തോ പുറത്തോ ശത്രുവിനെ സങ്കൽപിച്ച് ശത്രുവിനെതിരെ വൻ സന്നാഹങ്ങളൊരുക്കി സർവ്വസംഹാര വാജ്ഞയോടെ പദ്ധതികൾ മെനഞ്ഞുകൊണ്ടിരുന്ന എല്ലാ ഏകാധിപത്യ, സാമ്രാജ്യത്വ വ്യവസ്ഥകളും(ജനാധിപത്യത്തിന്റെ പഴുതിലൂടെ ഏകാധിപത്യത്തിലേക്ക് പരിവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ദേശ രാഷ്ട്രങ്ങളടക്കം) കോവിഡെന്ന അദൃശ്യ ശത്രുവിന് മുന്നിൽ പരാജയപ്പെട്ടിരിക്കുകയാണ്.
ഭയം തന്നെ നാഗരികതകളുടെയും ദേശ രാഷ്ട്രങ്ങളുടെയും അടിസ്ഥാനമാവുകയും ഈ ഭയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിദ്ധാന്തങ്ങളും ആശയങ്ങളും രാഷ്ട്രങ്ങളുടെ ലോക ബോധത്തെ നിർണ്ണയിക്കുകയും ചെയ്യുന്ന വിചിത്രമായ ഒരു കാലഘട്ടത്തിലാണ് നാമിന്നുള്ളത്. അദൃശ്യ ശത്രു എന്നത് എക്കാലത്തും സാമ്രാജ്യത്വ ഭീതിയുടെ ഒരു ഉപോത്പന്നമാണ്. ഈ ഭീതിയിൽ നിന്നും ഉരുവം കൊള്ളുന്ന ഭാവനകളും ഊഹങ്ങളുമാണ് ആദ്യകാലത്ത് ശീതയുദ്ധത്തെയും പിൽക്കാലത്ത് ഇസ്ലാമോഫോബിയയെയും സൃഷ്ടിച്ചത്. സയൻസ് ഫിക്ഷൻ സ്വഭാവത്തിലുള്ള, അന്യഗ്രഹ ജീവികളുടെ ആക്രമണം പോലുള്ള കൽപിതമായ കഥകൾ മെനഞ്ഞ് അതിന് ദൃശ്യാവിഷ്കാരം നൽകി ശത്രുവിന് മേൽ വിജയം വരിക്കുന്ന അമേരിക്കൻ നാഗരികത ഈ ഭാവനക്കപ്പുറം യഥാർത്ഥ അദൃശ്യ ശത്രുവിനുമുന്നിൽ മുട്ടുമടക്കിരിക്കുന്നു. വാസ്തവത്തിൽ ഈ ശത്രു ഒരേ സമയം അദൃശ്യമാണ് എന്നതോടൊപ്പം ദൃശ്യവും, അമൂർത്തമാണ് എന്നതോടൊപ്പം മൂർത്തവുമാണ്. നഗ്ന ദൃഷ്ടികൾക്ക് അദൃശ്യമായത് സൂക്ഷ്മാണു നിരീക്ഷണത്തിൽ ദൃശ്യമാണ്. അതുകൊണ്ട് തന്നെ അമൂർത്തമാണ് എന്നതോടൊപ്പം അത് മൂർത്തവുമാണ്. എന്നാൽ കോവിഡെന്ന ഈ ശത്രുവിനെ നേരിടാൻ തങ്ങളുടെ കൈയ്യിൽ ,സന്നാഹങ്ങളില്ലാത്തതിനാൽ മൂർത്തമായ ഒരു ശത്രുവിന്റെ ഉപകരണമായി അതിനെ ആരോപിച്ച് സ്വന്തം കഴിവുകേടുകളെയും നിസ്സഹായതയെയും മറച്ചുവെക്കാനാണ് സാമ്രാജ്യത്വ ശക്തികൾ ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അഥവാ കോവിഡിനെ പ്രതിരോധിക്കാനുള്ള യഥാർത്ഥ സന്നാഹങ്ങളുടെ അപര്യാപ്തത നിമിത്തം അതിന് ചൈനീസ് വൈറസ് പോലുള്ള നാമകരണങ്ങളിലൂടെ അടയാളപ്പെടുത്തുമ്പോൾ അവിടെയും തങ്ങൾ അമൂർത്തവും മൂർത്തവുമായ ശത്രുവിനെതിരെ കരുതി വെച്ച സന്നാഹങ്ങളിൽ വിശ്വസിക്കുകയും അത് പ്രയോഗിക്കാനുള്ള ശത്രുവിനെ കണ്ടെത്തുകയുമാണ് വാസ്തവത്തിൽ ചെയ്യുന്നത്. ഇന്ത്യയിൽ ഫാഷിസ്റ്റുകൾ ഭരിക്കുന്ന ചില സംസ്ഥാനങ്ങളിലാണ് ഈ പ്രവണതകൾ നമുക്ക് കാണാനായത്. തബ്ലീഗ് വൈറസ് പോലുള്ള വംശീയാധിക്ഷേപങ്ങൾ ഓർക്കുക. ഒരു ബാഹ്യശത്രുവിന്റെ മൂർത്തീകരണത്തിലൂടെ യാഥാർത്ഥ്യങ്ങളെ തമസ്കരിക്കാനും വൈറസ് വ്യാപനത്തിന്റെ ഭീകരാവസ്ഥയെ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനുമാണ് വാസ്തവത്തിൽ ഇതിലൂടെ അവർ ശ്രമിച്ചത്. യഥാർത്ഥത്തിൽ വൈറസിനെതിരെ ഉണ്ടാകേണ്ട ജാഗ്രതയും നടപടികളും ലക്ഷ്യം തെറ്റുകയാണ് ഇതുമൂലം ചെയ്യുന്നത്. ഈ ലക്ഷ്യരാഹിത്യം തന്നെയാണ് അമേരിക്കയിൽ മാരകമായ ഈ വൈറസ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിന് നിമിത്തമായിട്ടുള്ളത്. ഇങ്ങനെ കോവിഡിനെതിരെ ഉണ്ടാകേണ്ട ജാഗ്രതയെ ശിഥിലമാക്കുകയും ഒരു മൂർത്ത ശത്രുവിനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങൾക്കൊക്കെയും അമേരിക്കയുടെ ഈ വിധി തന്നെയാണ് അഭിമുഖീകരിക്കേണ്ടി വരിക എന്നത് തീർച്ചയായും നാം തിരിച്ചറിയേണ്ടതുണ്ട്.
വൈറസിനെതിരെ യഥാർത്ഥത്തിൽ പിന്തുടരേണ്ട നടപടികളെന്താണെന്നും പൊതുജനാരോഗ്യമടക്കമുള്ള മേഖലകളിൽ സ്വകാര്യവത്കരണത്തിന് അവസരം നൽകിയാൽ സംഭവിക്കുന്ന കെടുതികളെന്താണെന്നും വളരെ കൃത്യമായി തന്നെ ബോദ്ധ്യപ്പെടുത്തുന്നതാണ് കോവിഡ് കാലത്തെ അമേരിക്കൻ അനുഭവങ്ങളുടെയും കേരളീയാനുഭവങ്ങളുടെയും താരതമ്യം എന്ന് കാണാം. പൊതുജനാരോഗ്യ മേഖല ഇപ്പോഴും ഭരണകൂടത്തിന്റെ സേവന മേഖലയായി തുടരുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾ കോവിഡിനെ പ്രതിരോധിക്കുന്നതിൽ കൈവരിച്ച വിജയവും സവിശേഷ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സർവ്വ വിധ സേവന മേഖലകളെയും രാക്ഷസീയമായ ദുരയോടെ ലാഭേച്ഛയോടെ സമീപിച്ച ആഗോള മുതലാളിത്ത മാതൃകയുടെ ദുരന്തവും പ്രജാക്ഷേമവും ജനകീയാരോഗ്യവും പരിഗണിച്ച സോഷ്യലിസ്റ്റ് മാതൃകയുടെ സദ്ഫലവും അമേരിക്കയുടെയും കേരളത്തിന്റെയും കോവിഡ് പ്രതിരോധ നീക്കങ്ങളുടെ താരതമ്യ വിശകലനത്തിലൂടെ കൃത്യമായും വ്യക്തമാകുന്നുണ്ട്. ആരോഗ്യ മേഖലയടക്കമുള്ള സേവന മേഖകൾ കോർപ്പറേറ്റ് ശക്തികൾക്ക് തീറെഴുതികൊടുത്ത എല്ലാ ദേശരാഷ്ട്രങ്ങളും അവിടങ്ങളിലെ പൗര സമൂഹവും അതിന്റെ കെടുതികൾ ഏറ്റവും പ്രത്യക്ഷമായി അഭിമുഖീകരിച്ച സവിശേഷ സന്ദർഭം കൂടിയാണിത്. അമേരിക്ക ഉൾപ്പെടെയുള്ള വലതുപക്ഷ, മുതലാളിത്ത ദേശ രാഷ്ട്രങ്ങളിൽ ആരോഗ്യ രംഗത്ത് സംഭവിച്ച കോർപ്പറേറ്റ് വത്കരണം കാരണമായി സാധാരണക്കാർക്ക് താങ്ങാനാവത്തതാണ് കോവിഡ് 19 ചികിത്സ എന്നതിനാൽ പലരും രോഗം സഹിച്ച് ചികിത്സ ലഭിക്കാതെ സ്വന്തം വീടുകളിൽ തന്നെ കഴിയേണ്ടി വരികയും രോഗവ്യാപനത്തിന് ഇതു കാരണമാവുകയും ചെയ്ത കാര്യം അവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. താരതമ്യേന ദരിദ്രരായ ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളിൽ ഭാഗഭാഗിത്വമില്ലാത്ത ആഫ്രോ അമേരിക്കൻ വംശജരാണ് ഇങ്ങനെ മതിയായ ചികിത്സ ലഭിക്കാതെ അമേരിക്കയിൽ മരിച്ചൊടുങ്ങിയതിൽ ബഹുഭൂരിപക്ഷമെന്നും വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്ന മലയാളികളടക്കമുള്ള അമേരിക്കയിലെ പ്രവാസി സമൂഹവും ഈ കോർപ്പറേറ്റ് വത്കരണത്തിന്റെ ഇരകളായിട്ടുണ്ടെന്നും നിരന്തരമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതോടൊപ്പം സവിശേഷമായി കേരളം കോവിഡ് പ്രതിരോധത്തിൽ സ്വീകരിച്ച മാതൃകാപൂർണ്ണമായ നടപടികളും പ്രജാക്ഷേമ തത്പരതയുള്ള ഗൾഫ് നാടുകളും മലേഷ്യ ഉൾപ്പെടെയുള്ള മറ്റ് ഇസ്ലാമിക നാടുകളും സ്വീകരിച്ച തികച്ചും മനുഷ്യത്വപൂർണ്ണമായ നടപടികളും മുതലാളിത്ത മാതൃകകളുമായി താരതമ്യം ചെയ്യുമ്പോൾ എത്രമേൽ മഹോന്നതമാണന്ന് തീർച്ചയായും നാം തിരിച്ചറിയുന്നു.
ദേശ രാഷ്ട്ര ഭരണകൂടങ്ങൾ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ എങ്ങനെ പ്രവർത്തിക്കണം എന്നതിന്റെ ഉത്തമ മാതൃകളാണ് ഇവയെല്ലാം. സ്വന്തം പൗരസമൂഹത്തോടും കുടിയേറ്റ സമൂഹങ്ങളോടും വിവേചനങ്ങളില്ലാതെ എല്ലാവർക്കും ചികിത്സയും സംരക്ഷണവുമൊരുക്കുന്ന ഈ രക്ഷകർതൃത്വമാണ് ആധുനിക ദേശ രാഷ്ട്ര ഭരണകൂടങ്ങളിൽ നിന്ന് ജനസമൂഹങ്ങൾ പ്രതീക്ഷിക്കുന്നത്. നെഹ്റുവിയൻ കാലത്തെ മിക്സഡ് ഇക്കോണമിയുടെ ചില നന്മകൾ ഒരു സിസ്റ്റം എന്ന നിലക്ക് ഇപ്പോഴും ശേഷിക്കുന്ന ഇന്ത്യയിലും പൗരസമൂഹത്തെ സംബന്ധിച്ച ഈ കരുതൽ ഈ കെട്ട കാലത്തും നിലനിൽക്കുന്നുവെന്നത് ആശ്വാസകരമാണ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികൾ നിരവധി അപര്യാപ്തകൾ ആരോപിക്കപ്പെടുന്നതാണെങ്കിലും താരതമ്യേന കോർപ്പറേറ്റ് വത്കരിക്കപ്പെട്ട അമേരിക്കയിലേതുപോലെ ദരിദ്രർക്കും സാധാരണക്കാർക്കും ചികിത്സ ലഭിക്കാതെ മരിച്ചൊടുങ്ങേണ്ടി വരുന്ന ദുര്യോഗം ഇന്ത്യയിൽ കുറവാണെന്ന് തന്നെ പറയാവുന്നതാണ്. പൊതുജനാരോഗ്യ രംഗമുൾപ്പെടെയുള്ള സേവന മേഖലകളൊക്കെയും കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകുന്നത് വലിയ വികസനമായി തെറ്റിദ്ധരിച്ച ഒരു ഭരണകൂടമാണ് ഇന്ത്യയിലിപ്പോൾ നിലവിലുള്ളതെങ്കിലും പഴയ നെഹ്റുവിയൻ സോഷ്യലിസ്റ്റ് കാലത്തിന്റെ ചില ശേഷിപ്പുകളെങ്കിലും ഒരു സിസ്റ്റം എന്ന നിലയിൽ ഇപ്പോഴും ഇന്ത്യയിൽ പ്രവർത്തനക്ഷമമാണ് എന്നത് തിരിച്ചറിയാനാവും. വംശീയവും വർഗീയവുമായ അജണ്ടകളോടെ ഈ സിസ്റ്റത്തെ കൈകാര്യം ചെയ്യുന്ന നികൃഷ്ടമായ മാനസികാവസ്ഥയുള്ള ഫാഷിസ്റ്റുകൾ വിവിധ സംസ്ഥാനങ്ങളിൽ ഭരണസാരഥ്യം വഹിക്കുന്നതിന്റെ ചില ദുരന്ത സാക്ഷ്യങ്ങൾ നമ്മെ അസ്വസ്ഥമാക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ വംശീയ താത്പര്യങ്ങളുടെ പേരിൽ ചികിത്സ ലഭിക്കാത്ത വാർത്തകൾ വരുന്നുണ്ടെങ്കിലും ദരിദ്രാനാണെന്നതിന്റെ പേരിൽ ചികിത്സ ലഭിക്കാത്ത അനുഭവങ്ങൾ താരതമ്യേന കുറവാണ് എന്ന് തന്നെ പറയാവുന്നതാണ്. ഇതോടൊപ്പം മുതലാളിത്ത വികസന മാതൃകകളെ ഫോക്കസ് ചെയ്യുന്നവരാണെങ്കിലും കോവിഡ് കാലത്ത് ഗൾഫ് നാടുകൾ സ്വന്തം പൗരസമൂഹത്തോടും വിദേശികളായ പ്രവാസി സമൂഹത്തോടും സ്വീകരിച്ച അനുഭാവപൂർണ്ണമായ നിലപാടുകളും നടപടികളും സവിശേഷം പരാമർശമർഹിക്കന്നുണ്ട്. കോവിഡ് ബാധിതരായ ആയിരക്കണക്കിന് വരുന്ന പ്രവാസികളെ സൗജന്യമായി ചികിത്സിക്കാനും അവരെ കോറന്റൈൻ ചെയ്യാനുമെല്ലാമുള്ള വ്യവസ്ഥാപിതമായ നടപടികൾ വിവിധ ഗൾഫ്നാടുകൾ സ്വീകരിച്ചത് തീർച്ചയായും ശ്ലാഘനീയമാണ്. ഒട്ടെല്ലാ മേഖലകളും കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകിക്കൊണ്ടിരിക്കുന്ന ഗൾഫ് നാടുകൾ ലാഭേച്ഛയില്ലാതെ പ്രജാക്ഷേമ തത്പരതയോടെ ഇത്തരം ദുരന്ത സന്ദർഭങ്ങളിൽ തങ്ങളുടെ രാജ്യങ്ങളിലെ പ്രവാസികളോട് പെരുമാറുന്നത് ഇസ്ലാമിക സംസ്കാരത്തിന്റെ സുകൃതവും നന്മയുമല്ലാതെ മറ്റൊന്നുമല്ല.
ചുരുക്കത്തിൽ കോവിഡ് എന്ന മഹാമാരി നമ്മെ പുതുക്കിപ്പണിയുക തന്നെയാണ്. ആഗോളമായ അധികാര ബന്ധങ്ങളെയും വലതുപക്ഷ, ഇടതുപക്ഷ രാഷ്ട്രീയാഭിമുഖ്യമുള്ള ആഗോള പ്രവണതകളെയും കോവിഡ് പുനർനിർണ്ണയിക്കുക തന്നെയാണ്. സമ്പദ് ഘടനകളെ അസന്തുലിതത്വത്തിലാക്കി സമ്പന്നനെ ദരിദ്രനാക്കി സാമ്രാജ്യങ്ങളെ തരിപ്പണമാക്കി സർവ്വസംഹാരായുധങ്ങളെ നിർവ്വീര്യമാക്കി വംശീയതയെയും വിഭാഗീയതകളെയും തകർത്ത് ഭാവി ലോകത്തെ കോവിഡ് മാറ്റി വരക്കുക തന്നെയാണ്. മനുഷ്യകുലത്തെ അടക്കി വാഴുന്ന സാമ്പ്രദായിക സാമ്രജ്യത്വ ആധിപത്യ വ്യവസ്ഥകൾ തകിടം മറിയുകയും ഇപ്പോൾ വികസ്വര, വികസിത, അവികസിത എന്നൊക്കെയുള്ള വിഭജനങ്ങളിലൂടെ അടയാളപ്പെടുത്തപ്പെടുന്ന ദേശ രാഷ്ട്രങ്ങളുടെ സമ്പദ് ഘടനകൾ മാറി മറിയുകയും ചെയ്യുന്ന ഈ പ്രതിഭാസം ചരിത്രത്തിന്റെ ഒരു സംക്രമണ സന്ധിയെയാണ് സാക്ഷ്യപ്പെടുത്തുന്നത്.
തങ്ങളുടെ സംവിധാനങ്ങളോ സന്നാഹങ്ങളോ മുൻഗണനാക്രമങ്ങളോ അല്ല തങ്ങളുടെ അതിജീവനത്തെ നിർണയിക്കുന്നത് എന്നും സർവ്വവും നിയന്ത്രിക്കുന്നവന്റെ പിടിയിൽ നിന്നും മനുഷ്യന് തെന്നി മാറാനാവില്ലെന്നും ഭൂമിയിൽ സമാധാനത്തോടെ സഹവർത്തിത്വത്തോടെ സാഹോദര്യത്തോടെ സ്രഷ്ടാവും പരിപാലകനുമായവനെ അറിഞ്ഞും അനുസരിച്ചും മനുഷ്യൻ ജീവിക്കുന്നതിനാണ് അവനീ ഭൂമിയെ സന്തുലിതത്വത്തോടെ നിലനിർത്തുന്നതെന്നും സ്വാഭാവികമായ ഈ ക്രമം മനുഷ്യന്റെ അക്രമ പ്രവർത്തനങ്ങളുടെ ഭാഗമായി അസന്തുലിതമാവുമ്പോൾ മനുഷ്യനെയും പ്രകൃതിയെയും സന്തുലിതത്വത്തിലേക്ക് പുനരാനയിക്കാനാണ് കോവിഡ് ഉൾപ്പെടെയുള്ള ഇത്തരം പരീക്ഷണങ്ങളെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.
അതുകൊണ്ട് തന്നെ കോവിഡിനെ നേരിടാൻ വംശീയവും വിഭാഗീയവുമായ ശത്രുതകൾ വെടിഞ്ഞുള്ള സഹവർത്തിത്വവും ദേശാതിരുകൾ മറന്നുള്ള ആഗോള സഹകരണവും ഒത്തൊരുമിച്ചുള്ള നടപടികളും ലാഭേച്ഛക്കപ്പുറം മനുഷ്യജീവന് വിലകൽപിക്കുന്ന നിലപാടുകളുമാണ് സ്വീകരിക്കേണ്ടത് എന്നുമുള്ള പാഠമാണ് ഭരണകൂടങ്ങൾ ഈ കോവിഡ് കാലത്ത് പഠിക്കേണ്ടത്. ഈ മൗലിക പാഠം പഠിക്കുന്നതിന് പകരം ധിക്കാരവും തൻപ്രമാണിത്തവുമാണ് അമേരിക്കപോലുള്ള സാമ്രാജ്യത്വ ശക്തികൾ ഇപ്പോഴും തുടരുന്നത്. തീർച്ചയായും ഇത്തരം നിലപാടുകൾ തുടരുന്നതുകൊണ്ട് തന്നെയാണ് ഈ മാരക വൈറസിന്റെ കെടുതികളിൽ നിന്ന് അവർക്ക് മുക്തരാവാൻ സാധിക്കാത്തതും. ഈ മാതൃകകൾ പിന്തുടരുന്നവർ ആരൊക്കെയുണ്ടോ അവർക്കും ഘട്ടംഘട്ടമായി ഈ വിധിയെ തന്നെയാണ് അഭിമുഖീകരിക്കാനുള്ളത്. കരിനിയമങ്ങൾ ചുമത്തി നിരപരാധികളെ തുറുങ്കിലടക്കാൻ കോവിഡ് കാലത്തെ ലോക്ഡൗൺ മറയാക്കുന്ന ഇന്ത്യൻ ഭരണകൂടവും ഈ വിധിയെ തന്നെയാണ് ക്ഷണിച്ചുവരുത്തുന്നത്. മനുഷ്യന്റെ അഹങ്കാരവും തെറ്റായ ജീവിത ശീലങ്ങളും തെറ്റായ വിശ്വാസ സംസ്കാരങ്ങളുമെല്ലാം ഉപേക്ഷിച്ച് ദൈവിക ഏകത്വത്തിലും മനുഷ്യ സാഹോദര്യത്തിലും സഹവർത്തിത്വത്തിലും ലോക സമാധാനത്തിലും അധിഷ്ഠിതമായ പുതിയൊരു സാമൂഹിക ബോധത്തിലേക്ക് ഉണരാനാണ് കോവിഡ് മനുഷ്യ കുലത്തെ പ്രചോദിപ്പിക്കുന്നത്.