പരിമാണത്തിന്റെ വാഴ്ചയും കാലഘട്ടത്തിന്റെ അടയാളങ്ങളും:
അദ്ധ്യായം: 3: മാത്രയും ആവിർഭാവവും: അവസാന ഭാഗം.
റെനെഗ്വെനോൺ:
മൊഴിമാറ്റം: ഡോ: തഫ്സൽ ഇഹ്ജാസ്:
മാത്ര എന്ന ആശയം നേർക്കുനേരെ “ജ്യാമിതി” എന്ന ആശയത്തിലേക്ക് നയിക്കുന്നു. ഇതിനുള്ള കാരണം എല്ലാ മാത്രകളും നാം നേരത്തെ കണ്ടത് പോലെ “ജ്യാമിതീയമാണ്” എന്നത് കൊണ്ട് മാത്രമല്ല; അതോടൊപ്പം ജ്യാമിതി മാപനത്തിന്റെ ശാസ്ത്രമാണ് എന്ന് ഒരാൾക്ക് പറയാൻ കഴിയും എന്നത് കൊണ്ട് കൂടിയാണ് . എന്നാൽ, ഇവിടെ പറയുന്ന ജ്യാമിതി പ്രതീകാത്മകവും (symbolic) ഉപനയന (initiatic) വിവക്ഷയിലുള്ളതുമാണെന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ല. അപവിത്ര ജ്യാമിതിയാവട്ടെ, ജ്യാമിതിക്ക് തുടക്കത്തിൽ ഉണ്ടായിരുന്ന ഗഹനമായ അർത്ഥത്തിന് ചേതം സംഭവിച്ചതും ആധുനിക ഗണിതശാസ്ത്രജ്ഞൻമാർക്ക് അതെന്താണെന്ന അറിവ് പരിപൂർണമായും നഷ്ടപ്പെട്ടതുമായ അപഭ്രംശം സംഭവിച്ച അവശിഷ്ടം മാത്രമാണ്. ലോകങ്ങളുടെ ഉൽപാദനവും സംഘാടനവും എന്ന നിലയിലുള്ള ദൈവിക പ്രവൃത്തിയെ “ജ്യാമിതിയിലേക്കും” തദ്വാരാ അതിൽ നിന്ന് വേർപിരിക്കാനാവാത്ത “വാസ്തുവിദ്യയിലേക്കും” ഉൾചേർക്കുന്ന സകല ആശയങ്ങളുടെയും മൗലികമായ അടിത്തറ കുടികൊള്ളുന്നതും ഇതിൽ തന്നെയാണ് (9). ഈ ആശയങ്ങളാവട്ടെ, സംരക്ഷിക്കപ്പെട്ടതും പൈതഗോറിയനിസത്തിൽ നിന്ന് തുടങ്ങി (ഇതും അതിന്റെ ശരിയായ “ഉൽഭവമല്ല” , മറിച്ച് ഒരു “പുനക്രമീകരണം” മാത്രമാണ്) പടിഞ്ഞാറൻ ഉപനയന സംഘടനകളിൽ നിന്ന് ഇന്നും എന്താണോ ബാക്കിയായിട്ടുള്ളത്, അവയിലേക്ക്, അവയ്ക്ക് ഈ ആശയങ്ങളെ കുറിച്ചുള്ള അവബോധം വളരെ കുറവാണെങ്കിൽ കൂടിയും, നിർവിഘ്നം സംക്രമണം ചെയ്യപ്പെട്ടതും ആണെന്ന് നമുക്കറിയാം. ഇതിനെ കുറിച്ചാണ് പ്ലാറ്റോയുടെ ഈ വാക്കുകൾ പരാമർശിക്കുന്നത്:
“ദൈവം എല്ലായ്പ്പോയും ജ്യാമിതിവൽകരിച്ചു കൊണ്ടേയിരിക്കുന്നു”. (ഇവിടെ ഒരു ജ്യാമിതീയന്റെ പ്രവൃത്തിയെ കുറിക്കുന്ന സാധാരണമായ ഒരു ക്രിയാപദം ഇല്ലാത്തത് കൊണ്ട്, കൃത്യമായ വിവർത്തനത്തിന് വേണ്ടി ഒരു പുതിയ പദസൃഷ്ടി നടത്താൻ നാം നിർബന്ധിതരായിരിക്കുന്നു). ഇതിനോടുള്ള പ്രതിവചനമെന്ന നിലയിലുള്ള ഒരു ഉല്ലേഖനവും അദ്ദേഹത്തിന്റെ വിദ്യാലയത്തിന്റെ വാതിൽക്കൽ അദ്ദേഹം വെച്ചിരുന്നു : “ജ്യാമിതീയരല്ലാത്ത ആരും ഇവിടെ പ്രവേശിക്കാതിരിക്കട്ടെ”. അദ്ദേഹത്തിന്റെ അധ്യയനം, ചുരുങ്ങിയത് അതിന്റെ ഗൂഢാർത്ഥ വശമെങ്കിലും, ദൈവികമായ പ്രവൃത്തിയുടെ ഒരു “അനുകരണത്തിലൂടെ” മാത്രമേ ശരിയായ രീതിയിലും കാര്യക്ഷമമായും മനസ്സിലാക്കാനാവുകയുള്ളൂ എന്ന സൂചന ഇതിലുണ്ട്. ഈ പറഞ്ഞതിന്റെ ആധുനിക ഫിലോസഫിയിലുള്ള (ഇന്നേക്ക് വരെ പരിഗണിക്കുകയാണെങ്കിൽ, പക്ഷെ എന്നാലും ഇത് യഥാർത്ഥത്തിൽ സവിശേഷമായും ആധുനികമായ ആശയങ്ങളോടുള്ള പ്രതികരണം തന്നെയാണ്) ഒരു അവസാനത്തെ പ്രതിധ്വനി നമുക്ക് ലെയ്ബ്നിറ്റ്സിന്റെ (Leibnitz) വാക്കുകളിൽ കണ്ടെത്താൻ കഴിയും : “ദൈവം കണക്ക് കൂട്ടുകയും തന്റെ വിചാരത്തെ പ്രയോഗിക്കുകയും ചെയ്യുമ്പോൾ (അതായത്, തന്റെ പദ്ധതികളെ സ്ഥാപിക്കുകയും ചെയ്യുമ്പോൾ) ലോകം ഉണ്ടാക്കപ്പെടുന്നു” (dum Deus calculat and cogitationem exercet, fit mundus). എന്നാൽ പൗരാണികർക്ക് ഈ കാര്യത്തിൽ വ്യത്യസ്ഥമായ ഒരു കൃത്യമായ അർത്ഥം ഉണ്ടായിരുന്നു. കാരണം, ഗ്രീക്ക് പാരമ്പര്യത്തിൽ, “ജ്യാമിതീയനായ ദൈവം” ഹൈപർബോറിയനായ (hyperborean) അപ്പോളോ (Appollo) തന്നെയായിരുന്നു. ഇത് നമ്മളെ വീണ്ടും “സൗര” പ്രതീകാത്മകതയിലേക്കും അതോടൊപ്പം അനാദിയായ പൈതൃകത്തിന്റെ (primordial tradition) നേർക്കു നേരെയുള്ള ഒരു നിഷ്പന്നത്തിലേക്കും തിരിച്ചു കൊണ്ടുവരുന്നു. ഇത് മറ്റൊരു വിഷയമാണ്. നമ്മുടെ വിഷയത്തെ പരിപൂർണമായി കൈയൊഴിഞ്ഞു കൊണ്ടല്ലാതെ, അതിനെ നമുക്കിവിടെ വികസിപ്പിച്ചെടുക്കാനാവില്ല. അതിനാൽ, അവസരമുണ്ടായാൽ, നമ്മുടെ സമകാലികർ പരിപൂർണമായും വിസ്മൃതരായി തീർന്നിട്ടുള്ള ഈ പാരമ്പര്യ ജ്ഞാനത്തിലേക്ക് ചില ക്ഷണിക ദർശനങ്ങൾ മാത്രം നൽകുക എന്നതിനെ കൊണ്ട് നാം തൃപ്തിപ്പെടേണ്ടിയിരിക്കുന്നു.
(1) ഇത്, നാം മുമ്പ് പരാമർശിച്ച വാക്കിന്റെ മൂലാർത്ഥത്തോട് യോജിച്ചു വരുന്നുമുണ്ട് : സസ്യത്തെ കുറിച്ച് പറയുകയാണെങ്കിൽ, അതിൽ നിന്ന് പുറത്തേക്ക് വരുന്നതും, സ്വന്തം പദാർത്ഥത്താൽ അത് പരിപോഷിപ്പിക്കുന്നതുമായ പഴത്തിന്റെ “മാതാവാണ്” അത്. പക്ഷെ, പഴം വളരുന്നതും പഴുത്ത് പാകപ്പെടുന്നതും ഓജസ് പകരുന്ന സൂര്യന്റെ പ്രഭാവത്തിലൂടെയാണ്. അങ്ങിനെ, നോക്കുമ്പോൾ സൂര്യൻ “പിതാവുമാണ്”. തൽഫലമായി, പഴം സൂര്യനിലേക്ക് “സത്താപരമായ ഏകതയിലൂടെ” (coessentiality), ഇങ്ങനെയൊരു പ്രയോഗം ഉപയോഗിക്കുന്നത് സാധുവാണെങ്കിൽ, പ്രതീകാത്മകമായി ഉൾചേർക്കപ്പെട്ടിരിക്കുന്നു. ആദിത്യൻമാരുടെ പ്രതീകാത്മകതയെ കുറിച്ചും സമാനമായ നിരവധി പാരമ്പര്യ ആശയങ്ങളെ കുറിച്ചും നാം മറ്റു പലയിടങ്ങളിൽ പറഞ്ഞതിലും നമുക്കിത് ദർശിക്കാനാവും.
(2) “ഗ്രാഹ്യം” ((intelligible) “, സംവേദ്യം” (sensible) എന്നീ പരസ്പരബന്ധിതമായി ഉപയോഗിക്കപ്പെടുന്ന സംജ്ഞകൾ ശരിക്കും പ്ലാറ്റോനിക് ഭാഷയുടെ ഭാഗം തന്നെയാണ്. “ഗ്രാഹ്യ ലോകം” (intelligible world) എന്നത് പ്ലാറ്റോയെ സംബന്ധിച്ചേടത്തോളം ആശയങ്ങളുടെയും (ideas), പ്രാഗ്രൂപങ്ങളുടെയും (archetypes) മണ്ഡലമാണെന്ന് നമുക്കറിയാം. ഇവയാകട്ടെ, നാം ഇതിനകം കണ്ടത് പോലെ തന്നെ ആ വാക്കിന്റെ ശരിയായ വിവക്ഷയിൽ സത്തകൾ തന്നെയാണ്. ഈ ഗ്രാഹ്യ ലോകവുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ ദൈഹികമായ മൂലകങ്ങളുടെയും (corporeal elements) അവയുടെ സംയോജനത്തിലൂടെ ഉണ്ടായിത്തീരുന്നവയുടെയും മണ്ഡലമായ സംവേദ്യ ലോകം നിലകൊള്ളുന്നത് ആവിർഭാവത്തിന്റെ പാദാർത്ഥിക വശത്തിലായിട്ടാണ്.
(3) കഠോപനിഷത്തിനെ കുറിച്ചുള്ള കുറിപ്പുകൾ, രണ്ടാം ഭാഗം (ചീNotes on Katha-Upanished, 2nd Part)
(4) സംസ്കൃത പദമായ ഋതം അതിന്റെ മൂലാർത്ഥത്തിൽ ലത്തീൻ പദമായ ഓർദോ (ordo) എന്നതുമായും ബന്ധപ്പെട്ടതാണ്. അതിന് “rite” എന്ന പദവുമായി ഇതിലുമേറെ ബന്ധമുണ്ട് എന്നത് പരാമർശിക്കേണ്ട ആവശ്യം തന്നെയില്ല.
(5) എ. കെ കുമാരസ്വാമി, ibid
(6) മനുഷ്യനും അവന്റെ സംഭവനവും വേദാന്ത ദൃഷ്ടിയിൽ, അദ്ധ്യായം 17 നോക്കുക.
(7 ) കുരിശിന്റെ പ്രതീകാത്മകത, അദ്ധ്യായം 4 നോക്കുക.
(8 ) “Omnia in mensura, numero et pondere disposuisti”, (Sagesse, XI, 20).
(9 ) അറബി ഭാഷയിൽ, മാത്ര എന്ന പ്രാഥമികാർത്ഥമുള്ള “ഹന്ദസ” എന്ന വാക്ക് ജ്യാമിതിയെയും വാസ്തുവിദ്യയെയും കുറിക്കാൻ ഉപയോഗിക്കുന്നു. ഇതിൽ രണ്ടാമത്തേത് ഒന്നാമത്തേതിന്റെ പ്രയോഗമാണ്.
(10) എ. കുമാരസ്വാമി, നമുക്ക് വില്യം ബ്ലെയിക്കിന്റെ (William Blake) കൗതുകകരമായ ഒരു പ്രതീകാത്മക ചിത്രം ചൂണ്ടിക്കാട്ടുകയുണ്ടായി. സൗരഗോളത്തിൽ പ്രത്യക്ഷപ്പെടുന്ന “ദിനങ്ങളുടെ പൗരാണികനെയാണ്” (The Ancient of Days) അതിൽ ചിത്രീകരിച്ചിട്ടുള്ളത്. അവിടെ നിന്ന് അയാൾ തന്റെ കൈയിലുള്ള കോമ്പസിനെ പുറത്തേക്ക് നീട്ടുന്നു. ഋഗ്വേദത്തിലെ ഈ വരികളുടെ ഒരു ചിത്രീകരണമാവാം അത് (viii, 25,18) : ” തന്റെ കിരണം കൊണ്ട് അവൻ ആകാശത്തിന്റെയും ഭൂമിയുടെയും അതിരുകളെ അളന്നു (നിർണയിച്ചു)”. (കിരണങ്ങളെ പ്രസരിപ്പിക്കുന്ന സൂര്യന്റെ രൂപത്തിലുള്ള ശിരസ്സോട് കൂടിയ ഒരു കോമ്പസ്സ് ചില മാസോണിക് (Masonic) പദവികളുടെ ചിഹ്നങ്ങളിൽ പെട്ടതാണ് ). ഇത്, വ്യക്തമായും പാശ്ചാത്യൻ ഉപക്രമങ്ങളിൽ (Western Initiaitions) “പ്രപഞ്ചത്തിന്റെ മഹാവാസ്തുശിൽപി” (Great Architect of the Universe) എന്ന് വിളിക്കുന്ന തത്വവശത്തിന്റെ രൂപവൽകരണമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഇതിനെ “പ്രപഞ്ചത്തിന്റെ മഹാ ജ്യാമിതീയൻ” (Great Geometrician of Universe) എന്നും വിളിക്കാറുണ്ട്. അത് തന്നെയാണ് ഹിന്ദു പാരമ്പര്യത്തിലെ “സാർവലൗകിക നിർമാണത്തിന്റെ ആത്മാവായി ” (Spirit of Universal Construction) കണക്കാക്കുന്ന വിശ്വകർമ്മാവ്. ഇതിന്റെ ഭൂലോക പ്രതിനിധികൾ, അതായത്, അതിന്റെ ആത്മാവിനെ വ്യത്യസ്ത പാരമ്പര്യ രൂപങ്ങൾക്കനുസൃതമായി മൂർത്തീഭവിപ്പിക്കുന്നവരെയാണ് നാം നേരത്തെ “കിഴക്കിന്റെയും പടിഞ്ഞാറിന്റെയും മഹാ വാസ്തുശിൽപികൾ” (Great Architects of the Orient and of the Occident) എന്ന് വിളിച്ചത്.
തുടരും: