അബൂ ഹന്ന:
അല്ലാഹുവാണ് മഹോന്നതൻ എന്ന് വിളിച്ചു പറയുന്ന ആഘോഷമാണ് ഈദ്. അല്ലാഹു അക്ബറിന്റെ അർത്ഥമതാണല്ലോ!. മുസ്ലിംകൾക്ക് അല്ലാഹു നിശ്ചയിച്ച രണ്ട് ആഘോഷ ദിനങ്ങളാണ് രണ്ട് ഈദുകൾ. അവയിലെ സുപ്രധാന കർമം ഈ തക്ബീറിന്റെ മന്ത്രം ഉറക്കെ ചൊല്ലലാണ്. സന്തോഷത്തിന്റെ ഏത് നിമിഷത്തിലും ആത്മവീര്യം കാണിക്കേണ്ട സമയത്തും തക്ബീറാണ് വിശ്വാസികൾ മൊഴിയാറുള്ളത്. അടിമ ഏത് നിലയിൽ ഉയർച്ച പ്രാപിക്കുമ്പോഴും അതിനും മേലെയായി അല്ലാഹുവുണ്ട് എന്ന വസ്തുത സ്മരിക്കുമ്പോൾ അടിമത്വത്തിന് ഭംഗം വരില്ല. അല്ലാഹുവിന് ഏത് നിമിഷത്തിലും കീഴ്പ്പെട്ടു നിൽക്കലാണ് അടിമയുടെ ബാധ്യത. മനുഷ്യന് അല്ലാഹു നൽകുന്ന സ്വാന്ത്ര്യവും വളർച്ചയും വിജയവും ഒത്തൊരുമിക്കുമ്പോൾ തീർച്ചയായും അഹങ്കാരത്തിലേക്കും തൻപൊരിമയിലേക്കും വഴുതിപോകാവുന്നതാണ്. അതു സംഭവിക്കാതിരിക്കാൻ അല്ലാഹുവിന്റെ സ്മരണയിൽ തന്നെയായിരിക്കണം നിലകൊള്ളേണ്ടത്.
പെരുന്നാളിന്റെ പ്രഖ്യാപനം തന്നെ തക്ബീറ് കൊണ്ടാണ് ആരംഭിക്കുന്നത്.
الله أكبر الله أكبر الله أكبر لا إله إلا الله، الله أكبر الله أكبر ولله الحمد، الله أكبر كبيرًا والحمد لله كثيرًا وسبحان الله بكرة وأصيلًا
അനുബന്ധമായി ഹംദും തസ്ബീഹും കൂട്ടിചേർത്തു കൊണ്ടാണ് തക്ബീറിന്റെ രൂപം. ഉമ്മത്തിനിടയിൽ പ്രചാരത്തിലുള്ള വിശദമായ തക്ബീറിന്റെ വരികൾ ഇപ്രകാരമാണ്.
“الله أكبر الله أكبر الله أكبر لا إله إلا الله، الله أكبر الله أكبر ولله الحمد، الله أكبر كبيرًا والحمد لله كثيرًا وسبحان الله بكرة وأصيلًا، لا إله إلا الله وحده، صدق وعده، ونصر عبده، وأعز جنده، وهزم الأحزاب وحده، لا إله إلا الله ولا نعبد إلا إياه مخلصين له الدين ولو كره الكافرون، اللهم صلِّ على سيدنا محمد وعلى آل سيدنا محمد، وعلى أصحاب سيدنا محمد، وعلى أنصار سيدنا محمد، وعلى أزواج سيدنا محمد، وعلى ذرية سيدنا محمد وسلم تسليمًا كثيرًا”
”അല്ലാഹുവാണ് മഹോന്നതൻ, അല്ലാഹുവാണ് മഹോന്നതൻ, അല്ലാഹുവാണ് മഹോന്നതൻ. അല്ലാഹുവല്ലാതെ ആരാധനക്കർഹൻ മറ്റാരുമില്ല. അല്ലാഹുവാണ് മഹോന്നതൻ, അല്ലാഹുവാണ് മഹോന്നതൻ – അല്ലാഹുവിനാണ് എല്ലാ സ്തുതിയും. അല്ലാഹുവാണ് മഹോന്നതൻ, മഹാഔന്നിത്യം!. സ്ഥുതികൾ ധാരാളം അവന്റെ മേൽ തന്നെ!. അവന്റെ പരിശുദ്ധതയെ വാഴ്ത്തൽ പ്രഭാത-പ്രദോഷങ്ങളിൽ മുഴങ്ങട്ടെ… അല്ലാഹുവല്ലാതെ ആരാധനക്കർഹൻ മറ്റാരുമില്ല, അവൻ ഏകനാകുന്നു. അവന്റെ വാഗ്ദാനം പാലിക്കപ്പെട്ടതാണ്. അവന്റെ അടിമയെ അവൻ സഹായിച്ചു. അവന്റെ സൈന്യത്തെ അവൻ പ്രതാപത്തിലാക്കി. മുസ്ലിംകൾക്കെതിരെ സംഘടിച്ചു വന്ന സഖ്യകക്ഷികളെ അവൻ പരാജയപ്പെടുത്തി. അല്ലാഹുവല്ലാതെ ആരാധനക്കർഹൻ മറ്റാരുമില്ല. ഏകാഗ്രതയോടെ ആരാധനകളെ പരിശുദ്ധമാക്കിയ നിലയിൽ അവനെയല്ലാതെ മറ്റാരെയും നാം ആരാധിക്കുന്നില്ല; നിഷേധികൾ വെറുപ്പ് കാണിച്ചാലും ശരി. അല്ലാഹുവെ, ഞങ്ങളുടെ നേതാവായ മുഹമ്മദ്(സ)യുടെ മേലും കുടുംബാംഗങ്ങൾക്കും ഗുണവും രക്ഷയുമുണ്ടാകട്ടെ! നബി(സ)യുടെ അനുചരന്മാരുടെ മേലും തങ്ങളുടെ സഹായികളായവരുടെമേലും അവിടുത്തെ ഭാര്യമാരുടെമേലും അവിടുത്തെ സന്താനങ്ങളുടെമേലും ഗുണങ്ങളും രക്ഷയും ധാരാളമായി ഉണ്ടാകട്ടെ”
അല്ലാഹുവിലുള്ള വിശ്വാസത്തെ വജ്രമാക്കി മാറ്റുന്ന ആശയങ്ങളാണ് ഈ തക്ബീറുകൾ നൽകുന്നത്. ആരാധനക്കുള്ള അർഹത അവന് മാത്രമാണെന്നും ആരുടെയും പ്രതാപം കണ്ട് അവരെ ആരാധിക്കാൻ നിൽക്കരുത് ആ പ്രതാപങ്ങളുടെയെല്ലാം ഉടമസ്ഥൻ അല്ലാഹു മാത്രമാണെന്ന സത്യം നീ ഒരിക്കലും വിസ്മരിക്കരുതെന്നുമാണ് ദീൻ അടിസ്ഥാനപരമായി മനുഷ്യനെ പഠിപ്പിക്കുന്നത്. ആ അടിസ്ഥാനത്തെ കൂടുതൽ ശക്തവും ദൃഢവുമാക്കി മാറ്റുന്നതാണ് ഇസ്ലാമിലെ ഓരോ അനുഷ്ഠാനങ്ങളും ആരാധനകളും. അതു തന്നെയാണ് ഈദിലും അടങ്ങിയിട്ടുള്ളത്. അത് വായിച്ചെടുക്കാൻ തക്ബീറ് സുപ്രധാന മാധ്യമമാണ്. പുറമെ, നബി(സ)ക്ക് അല്ലാഹു തആല നൽകിയ വാഗ്ദാനങ്ങൾ പൂർത്തിയാക്കി കൊടുത്തതും വിജയങ്ങൾ കൈവരിച്ചതും എടുത്ത് പറഞ്ഞ് വീണ്ടും അല്ലാഹുവിന്റെ പുകഴ്ച്ചയെ വാഴ്ത്തുകയും അവന് മാത്രമാണ് ആരാധ്യനായിരിക്കാനുള്ള അർഹത എന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്യുന്നു. ആരാധനക്കുള്ള അർഹതയിൽ അല്ലാഹു ഏകനാണ് എന്ന പ്രമേയത്തെ ഇഷ്ടപ്പെടാത്തവരുണ്ടെങ്കിൽ അവരുടെ വെറുപ്പിനെ മുഖവിലക്കെടുക്കുന്നില്ല എന്ന് കൂടി ഈ വരികളിൽ ഊന്നി പറയുന്നുണ്ട്. ബഹുദൈവവിശ്വാസികളും അവതാരവിശ്വാസികളും അദ്വൈതവാദികളും ഇസ്ലാമിന്റെ ഏകത്വദർശനത്തെ ഇഷ്ടപ്പെടുന്നില്ല. അതേപോലെ അല്ലാഹുവിന് മാത്രം ആരാധനക്ക് അർഹതയുള്ളൂവെന്ന് പറയുമ്പോൾ അതൊരു തരം മൗലികവാദമായും തീവ്രവാദമായും മുദ്രവെക്കപ്പെടുവാനൊക്കെ ഇടയുണ്ട്. അതിനെയൊന്നും മുഖവിലക്കെടുക്കാതെ മുന്നോട്ട് ഗമിക്കുന്നവരാണ് വിശ്വാസികൾ എന്ന് ഇവിടെ പ്രത്യേകം എടുത്ത് കാണിക്കുന്നു. പിന്നീട് നബി(സ)ക്കും കുടുംബാംഗങ്ങൾക്കും സ്വഹാബാക്കൾക്കും സന്താനങ്ങൾക്കും വേണ്ടി ഗുണ-രക്ഷക്കായി പ്രാർത്ഥിച്ചു കൊണ്ട് അവസാനിപ്പിക്കുന്നു.