ദർവേശ് അൻവാരി:
മൂന്ന് വോള്യങ്ങളിലായി 2722 പേജുകളോടെ ക്രൗൺ 1/4 സൈസിൽ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ബൃഹത്തായ ജീവചരിത്ര ഗ്രന്ഥമാണ് “ഫൈളാനെ നൂരി; ശൈഖുനാ നൂറുൽ മശാഇഖ് സയ്യിദ് അഹ്മദ് മുഹ് യിദ്ദീൻ ജീലാനി നൂരിശാഹ്(റ) തങ്ങൾ ഹിജ്റഃ 15 ാം നൂറ്റാണ്ടിന്റെ മുജദ്ദിദ്’. 13 ലേറെ വർഷങ്ങളുടെ ദൈർഘ്യമുള്ള ഗവേഷണ പരിശ്രമങ്ങൾക്കുശേഷം പുറത്തിറങ്ങിയ ഈ സവിശേഷ ഗ്രന്ഥം രചിച്ചത് പ്രമുഖ പണ്ഡിതനും ആരിഫും വലിയ്യും ജാമിഉസ്സലാസീലുമായ ബഹുമാനപ്പെട്ട കുറ്റിക്കാട്ടൂർ ഉസ്താദ് യു. മുഹമ്മദ് ഇബ്റാഹിം മുസ്ലിയാർ ഫാളിൽ ബാഖവിയാണ്. ഇസ് ലാമിക വിജ്ഞാന ചരിത്രത്തെ സവിശേഷമായും തസ്വവ്വുഫിന്റെ ആശയ പ്രയോഗ തലങ്ങളെ സംക്ഷിപ്തമായും അവലോകനം ചെയ്യുന്ന ഈ ഗ്രന്ഥം മലയാളത്തിലിറങ്ങിയ തസ്വവ്വുഫ് സംബന്ധമായ അത്യപൂർവ്വമായ ഒരു ജ്ഞാനസ്രോതസ്സും ബൃഹത്തായ ഒരു ജീവചരിത്ര ഗ്രന്ഥവുമാണ്. കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ പാരമ്പര്യമുള്ള മുഴുവൻ പ്രസ്ഥാനങ്ങളുടെയും ശ്രദ്ധയും പരിഗണനയുമർഹിക്കുന്ന ഈ കൃതി ഐക്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം പകരുന്നതും പല മുൻവിധികളെയും തെറ്റിദ്ധാരണകളെയും ദൂരീകരിക്കാൻ പര്യാപ്തമായതുമാണ്. ഗ്രന്ഥത്തിന്റെ സന്ദർഭത്തെയും സാംഗത്യത്തെയും സാമാന്യമായി പരിചയപ്പെടുത്തുന്ന കുറിപ്പ്.
ആധുനിക കാലത്തെ ദക്ഷിണേന്ത്യൻ മുസ്ലിം ചരിത്രത്തിൽ വിശിഷ്യാ കേരള മുസ്ലിം ചരിത്രത്തിൽ വളരെ നിർണ്ണായകമായ ചലനങ്ങളുളവാക്കിയ ഒരു വിശിഷ്ട വ്യക്തിത്വമാണ് ശൈഖുനാ സയ്യിദ് നൂരിശാഹ്(റ) തങ്ങൾ. ആത്മീയവും വിദ്യാഭ്യാസപരവും സാംസ്കാരികവും സാമൂഹികവുമായ വിവിധ മണ്ഡലങ്ങളിൽ സ്മര്യപുരുഷന്റെ ദൗത്യത്തിന്റെ സ്വാധീനം വളരെ പ്രകടമായി തന്നെ പ്രതിഫലിക്കുന്നുണ്ട്. ഓരോ നൂറ്റാണ്ട് തുടക്കത്തിലും മുസ്ലിം സമുദായത്തിൽ ആത്മീയവും ജ്ഞാനപരവുമായ പുനരുജ്ജീവന ദൗത്യവുമായി തജ്ദീദി ദൗത്യം നിർവ്വഹിക്കുന്ന മുജദ്ദിദുകൾ രംഗപ്രവേശം ചെയ്യുമെന്നത് പ്രമാണങ്ങൾ കൊണ്ടും ചരിത്രാനുഭവങ്ങൾ കൊണ്ടും സാക്ഷ്യപ്പെട്ടിട്ടുള്ളതാണ്. ഹിജ്റ പതിനാലാം നൂറ്റാണ്ടിൽ ജനിക്കുകയും ദീനീ സംസ്കരണ ദൗത്യത്തിന്റെ പ്രശോഭയാർന്ന സാന്നിധ്യമായി നിറഞ്ഞു നിൽക്കുകയും ഹിജ്റ പതിനഞ്ചാം നൂറ്റാണ്ട് തുടക്കത്തിൽ പൂർണ്ണപ്രശോഭയോടെ തിളങ്ങി നിൽക്കുകയും ചെയ്ത കാലഘട്ടത്തിന്റെ മുജദ്ദിദും മുർശിദുമായിരുന്നു ശൈഖുനാ സയ്യിദ് അഹ്മദ് മുഹ് യിദ്ദീൻ ജീലാനി എന്ന നൂരിശാഹ്(റ) തങ്ങൾ. അതുകൊണ്ട് തന്നെ നമ്മുടെ നൂറ്റാണ്ടിൽ ദക്ഷിണേന്ത്യൻ മുസ്ലിംകൾക്കിടയിൽ ആത്മീയ നവോത്ഥാനത്തിനും ദീനീ വൈജ്ഞാനിക പുനരുജ്ജീവനത്തിനും നേതൃത്വം നൽകിയ സവിശേഷവും മാതൃകായോഗ്യവുമായ ആ ജീവിതം തീർച്ചയായും യഥാർത്ഥ ദിശ കാണിക്കുന്നതും വിശ്വാസപരവും വൈജ്ഞാനികവും സാംസ്കാരികവുമായ പുതിയ ഊർജ്ജം പകർന്നു നൽകുന്നതുമാണ്. സ്മര്യപുരുഷന്റെ പ്രവർത്തന ഭൂമികകളായ ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം, കർണ്ണാടക തുടങ്ങിയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആധുനിക കാലത്തെ പൊതു മുസ്ലിം ചരിത്രത്തിന്റെ ഭാഗമാണ് വാസ്തവത്തിൽ ശൈഖുനാ സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ ജീവിതം. അതുകൊണ്ട് തന്നെ മഹത്തായ ആ ജീവ ചരിത്രം ക്രോഢീകരിക്കുക എന്നതിനർത്ഥം ആധുനിക കാലത്തെ ദക്ഷിണേന്ത്യൻ മുസ്ലിംകളുടെ ചരിത്രം ക്രോഢീകരിക്കുക എന്ന് തന്നെയാണ്. വിശിഷ്യാ കേരളീയ മുസ്ലിം ചരിത്രത്തിൽ പല വിധ സ്ഥാപിത താത്പര്യങ്ങളാലും സ്മര്യപുരുഷന്റെ ജീവിതവും ദൗത്യവും തമസ്കരിക്കപ്പെട്ടിട്ടുണ്ടെന്നത് ചരിത്ര വസ്തുതയാണ്. അതുകൊണ്ട് തന്നെ പ്രശോഭയാർന്ന ആ ജീവിതം തീർച്ചയായും എല്ലാ തമസ്കരണങ്ങളെയും അതിവർത്തിച്ച് പൂർണ്ണശോഭയോടെ ഈ ഗ്രന്ഥം അനാവരണം ചെയ്യുന്നു. ആധുനിക കാലത്തെ ദക്ഷിണേന്ത്യൻ മുസ്ലിം ചരിത്രം വിശിഷ്യാ കേരള മുസ്ലിം ചരിത്രം ക്രോഢീകരിക്കുന്ന ഏതൊരു ഗവേഷകനും മാർഗദർശനമാകും വിധമാണ് ഈ ഗ്രന്ഥം സംവിധാനിച്ചിട്ടുള്ളത്. ഇസ്ലാമിക ആത്മീയതയുടെയും വൈജ്ഞാനിക പാരമ്പര്യങ്ങളുടെയും നഷ്ട പ്രതാപങ്ങളെ വീണ്ടെടുക്കാൻ പര്യാപ്തമാകുന്നതും വിശ്വാസദാർഢ്യവും ആത്മീയ സമുന്നതിയും സമാർജ്ജിക്കാൻ ഉതകുന്നതുമായ ജ്ഞാനസമ്പുഷ്ടമായ ഒരു ഗ്രന്ഥം കൂടിയാണിത് എന്നത് ഇതിന്റെ പ്രസക്തിയെയും സാംഗത്യത്തെയും കൂടുതൽ വർദ്ധിപ്പിക്കുന്നു.
ഗ്രന്ഥത്തിന്റെ ഉള്ളടക്കം
ആദ്യ വോള്യത്തിൽ തുടക്ക ഭാഗത്തുള്ള 240 ലധികം പേജുകളിൽ നബി(സ്വ) തങ്ങളുടെയും കുടുംബത്തിന്റെയും ജീവചരിത്രപരമായ സംഗ്രഹവിവരങ്ങൾ, മആരിഫിന്റെ മൊഴിമുത്തുകൾ, ഉർദുവിലും അറബിയിലുമുള്ള ആത്മീയ കാവ്യശകലങ്ങൾ, ഹറം ശരീഫുകളുടെ ചിത്രങ്ങൾ, ഇമാമീങ്ങളുടെയും സ്വൂഫീ മശാഇഖന്മാരുടെയും മസാറുകളുടെ ചിത്രങ്ങൾ, അറുപത്തി മൂന്നിലധികം ആശംസാ സന്ദേശങ്ങൾ, സ്മൃതി ചിത്രങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്നു. തുടർന്ന് 243 ാം പേജിൽ ആമുഖവും ശേഷം 251 ാം പേജ് മുതലാണ് ജീവചരിത്രം ആരംഭിക്കുന്നത്. ആദ്യ അദ്ധ്യായം ഹിജ്റ 15 ാം നൂറ്റാണ്ടിന്റെ മുജദ്ദിദ് എന്ന ശീർഷകത്തിലാണ് ആരംഭിക്കുന്നത്. സ്മര്യപുരുഷന്റെ ജീവിതവും ദൗത്യവും സംഗ്രഹിച്ചു വിവരിക്കുകയും ഒരു മുജദ്ദിദിന്റെ ദൗത്യം എന്താണെന്ന് പ്രമാണ ബദ്ധമായി വിശദീകരിക്കുകയും ചെയ്യുന്ന ഈ ഭാഗങ്ങൾക്കുശേഷം 75 ഓളം പേജുകളിലായി ഇസ്ലാം, ഈമാൻ, ഇഹ്സാൻ തുടങ്ങിയ ദീനിന്റെ കാതലായ മേഖലകളെ വിശകലനം ചെയ്യുന്നു. തസ്വവ്വുഫിന്റെ സന്ദേശ സാരങ്ങളുൾക്കൊള്ളുന്ന ഈ ഭാഗം “അല്ലാഹു അനുഗ്രഹിച്ചവരുടെ വഴി’ എന്ന ശീർഷകത്തിലാണുള്ളത്. തുടർന്ന് ഫിഖ്ഹും തസ്വവ്വുഫും അഥവാ സ്വഹാബാക്കളുടെ ജീവിതത്തിന്റെ അകവും പുറവും എന്ന ഭാഗമാണ്. ഇതും തുടർന്നുവരുന്ന ഭാഗങ്ങളും അശ്റത്തുൽ മുബശ്ശിരീങ്ങളായ സ്വഹാബാക്കളുടെയും പ്രമുഖരായ നാല് ഇമാമീങ്ങളുടെയും ജീവിതത്തെയും ദൗത്യത്തെയും മുൻനിറുത്തി ഇസ്ലാമിന്റെ ഒരു വൈജ്ഞാനിക ചരിത്രം സംഗ്രഹിച്ച് നിർദ്ധാരണം ചെയ്യുന്നു. ശേഷം അഖ്താബീങ്ങളായ സ്വൂഫിയാക്കളുടെ ജീവചരിത്ര കുറിപ്പുകളാണ്. ഈ ഭാഗത്ത് ചിശ്തി, ഖാദിരി ത്വരീഖത്തുകളുടെ ഉറവിടം വിശദമാക്കുന്ന പഠനം ഉൾക്കൊള്ളുന്നു. തുടർന്ന് ഇന്ത്യയിലെ സ്വൂഫികളെ സംബന്ധിച്ച് വിശിഷ്യാ ചിശ്തി മശാഇഖുകളെ സംബന്ധിച്ച് സാമാന്യധാരണകൾ പകരുന്ന പഠനഭാഗങ്ങളാണ്. തുടർന്ന് സയ്യിദ് നൂരിശാഹ്(റ) തങ്ങളിലേക്കെത്തുന്ന പ്രമുഖമായ സിൽസിലകളെ സംബന്ധിച്ച ഗഹനമായ പഠനമാണ്. സിൽസിലകളെ സംബന്ധിച്ച ഈ പഠനഭാഗം ഇന്ത്യയിൽ വ്യാപിച്ച വിവിധ സ്വൂഫി ധാരകളെ സംബന്ധിച്ച് സാമാന്യധാരണകൾ പങ്ക് വെക്കുന്നതും ദക്ഷിണേന്ത്യയിലെ ഒട്ടെല്ലാ സ്വൂഫി സിൽസിലകളുടെയും പരസ്പര ബന്ധം കൃത്യതയോടെയും സുവ്യക്തതയോടെയും വിശദീകരിക്കുന്നതുമാണ്. അടുത്ത അദ്ധ്യായം സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ ജീലാനി പാരമ്പര്യത്തെ സംബന്ധിച്ചുള്ളതാണ്. ഉത്തർ പ്രദേശിലെ ഖൈറാബാദ് വഴി ഖുറാസാനിലേക്കും ബഗ്ദാദിലേക്കും പടരുന്ന സ്മര്യപുരുഷന്റെ കുടുംബ പരമ്പരയിൽ വരുന്ന ഗൗസുൽ അഅ്ളം മുഹ് യിദ്ദീൻ ശൈഖ്(റ) വിന്റെ സന്തതി പരമ്പരയിൽ പെട്ട പിതാമഹന്മാരെ കുറിച്ചും അവരിൽ സവിശേഷക്കാരായ ചില പ്രമുഖരെ കുറിച്ചും ഈ ഭാഗത്ത് വിശദീകരിക്കുന്നു. തുടർന്ന് വസ്വീലയുടെ തുടർകണ്ണികൾ എന്ന ശീർഷകത്തിൽ ശൈഖുനാ സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ ഉപ്പാപ്പ ശൈഖന്മാരും ഇരുപതാം നൂറ്റാണ്ടുകണ്ട ഹൈദരാബാദിലെ പ്രമുഖ സ്വൂഫികളുമായ മഹ്മൂദുല്ലാഹ് ശാഹ് ഹുസൈനി(റ), കമാലുല്ലാഹ് ശാഹ് മച്ഛ്ലിവാലേ ശാഹ്(റ), പീർ ഗൗസി ശാഹ്(റ) തുടങ്ങിയുള്ള പ്രമുഖ ശൈഖന്മാരുടെയും അവർ വഴി ലഭിച്ച സിൽസിലകളുടെയും സംഗ്രഹീത ചരിത്രം നിർദ്ധാരണം ചെയ്യുന്നു. ശേഷം വ്യക്തിത്വരൂപീകരണ കാലം എന്ന അദ്ധ്യായം മുതൽ സമുദ്രസമാനമായ ആ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. വിവിധ ശീർഷകങ്ങളിലായി മഹത്തായ ആ ജീവിതത്തിന്റെ സമഗ്രമായ അർത്ഥതലങ്ങൾ പാഠനിർഭരമായ നിരവധി സംഭവങ്ങളുടെ ആഖ്യാനത്തിലൂടെ അനാവരണം ചെയ്യുന്നു. 512 ാം പേജിൽ ആരംഭിക്കുന്ന ഈ ഭാഗം മുതൽ 936 ാം പേജിൽ അവസാനിക്കുന്ന “ബഗ്ദാദിൽ നിന്നെത്തിയ ശൈഖിന്റെ അംഗീകാരവും ജീലാനി തറവാടിന്റെ യഥാർത്ഥ പിന്തുടർച്ചയും’ എന്ന ശീർഷകത്തിലുള്ള പഠന ഭാഗം വരെ ഒന്നാം വോള്യം ഉൾക്കൊള്ളുന്നു. ശേഷം രണ്ടാം വോള്യത്തിലേക്കുള്ള പ്രവേശികയായ ഒരു കുറിപ്പും രണ്ടാം വോള്യത്തിലെ പ്രധാന ഉള്ളടക്കവുമാണ്. ഇതോടെ ഒന്നാം വോള്യം അവസാനിക്കുന്നു. 962 പേജുകളാണ് ഒന്നാം വോള്യം ഉൾക്കൊള്ളുന്നത്.
രണ്ടാം വോള്യം ആകെ 786 പേജുകളാണ്. ശൈഖുനാ നൂറുൽ മശാഇഖ് സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ ദൗത്യവ്യാപനവും വഫാത്തും എന്നതാണ് ഈ ഗ്രന്ഥത്തിന്റെ നാമം. തമിഴ്നാട്, കേരളം, നാൽപതോളം ലോക രാഷ്ട്രങ്ങൾ തുടങ്ങി സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ ദൗത്യമെത്തിയ മേഖലകളിലെ പ്രവർത്തനങ്ങൾ ഈ വോള്യത്തിൽ അനാവരണം ചെയ്യുന്നു. തമിഴ്നാട്ടിലെ പ്രവർത്തനങ്ങളെ സംഗ്രഹിച്ചും സ്മര്യപുരുഷന്റെ കേരളത്തിലെ ദൗത്യത്തെ സമഗ്രമായും നാൽപതോളം ലോക രാഷ്ട്രങ്ങളിൽ സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ നിർദ്ദേശ പ്രകാരം പ്രമുഖരായ ഖലീഫമാർ നിർവ്വഹിച്ച ദീനീ സംസ്കരണ ദൗത്യത്തെ യാത്രാവിവരണ കുറിപ്പായും ഈ രണ്ടാം വോള്യത്തിൽ വിശകലനം ചെയ്യുന്നു. കൂടാതെ ശൈഖുനാ സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ വിയോഗവും വിയോഗത്തിന് തൊട്ടുമുമ്പുള്ള ഏതാനും ചില്ലകളിലെ സഹവാസത്തിന്റെ സുവർണ്ണാനുഭവങ്ങളും ഇതിൽ അനാവരണം ചെയ്യുന്നു.
രണ്ടാം വോള്യത്തിന്റെ മറ്റൊരു സവിശേഷത സ്മര്യപുരുഷന്റെ കേരളീയ ദൗത്യത്തെ കുറിച്ച് അവലോകനം ചെയ്യുന്ന ഭാഗങ്ങളിൽ ബോധപൂർവ്വമോ അല്ലാതെയോ തമസ്കരിക്കപ്പെട്ടുപോയ സുന്നത്ത് ജമാഅത്തിന്റെ പാരമ്പര്യമുള്ള കേരള മുസ്ലിംകളുടെ ചരിത്രം പ്രാമാണികമായി വീണ്ടെടുക്കുന്നുവെന്നതാണ്. കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ സമുന്നത പ്രസ്ഥാനമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ 1951 മുതൽ 74 വരെയുള്ള സമ്പന്നമായ ചരിത്രം ഈ ഭാഗത്ത് വളരെ സുവ്യക്തതയോടെയും പ്രാമാണികതയോടെയും നിർദ്ധാരണം ചെയ്യുന്നു. പുതിയ തലമുറകൾക്ക് എല്ലാ അർത്ഥത്തിലും അജ്ഞാതമായ, ചില സ്ഥാപിത താത്പര്യങ്ങളാൽ തമസ്കരിക്കപ്പെട്ട നിരവധി വസ്തുതകൾ ഈ ഭാഗത്ത് അനാവരണം ചെയ്യുന്നു. സയ്യിദ് നൂരിശാഹ്(റ) തങ്ങൾ സമസ്തയുടെ ക്ഷണപ്രകാരം കേരളത്തിലെത്തിയതു മുതൽ 1974 വരെ തുടർന്നുവന്ന സമസ്തയുമായുള്ള ആരോഗ്യകരമായ ബന്ധങ്ങളും ജാമിഅഃ നൂരിയ്യഃയുടെ സംസ്ഥാപനവും സമസ്തക്ക് കൂടി പങ്കാളിത്തവും പ്രാതിനിധ്യവുമുണ്ടായിരുന്ന കേരളത്തിലെ ത്വരീഖത്ത് സമ്മേളനങ്ങളും സമസ്തയുടെ സമ്മേളനങ്ങളിലെ സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ പങ്കാളിത്തവും പ്രാതിനിധ്യവും അങ്ങനെ സയ്യിദ് നൂരിശാഹ്(റ) തങ്ങളെ കേരളത്തിൽ പ്രമോട്ട് ചെയ്ത സമസ്തയുടെ 23 വർഷത്തെ വ്യക്തമായ ചരിത്രവും രണ്ടാം വോള്യത്തിൽ വിശലകനം ചെയ്യുന്നു.
മൂന്നാം വോള്യം “ജാന ശീനെ സിൽസിലാ നൂരിയ്യഃ ശൈഖുനാ ഖുത്വുബുൽ മശാഇഖ് സയ്യിദ് മുഹമ്മദ് ആരിഫുദ്ദീൻ ജീലാനി നൂറുല്ലാ ശാഹ് നൂരി ജാമിഉസ്സലാസീൽ(റ) തങ്ങളും മറ്റ് ഖുലഫാക്കളും മുഹിബ്ബീങ്ങളും മുഅ്തകിദീങ്ങളും’ എന്ന ശീർഷകത്തിലാണുള്ളത്. ഈ വോള്യം 976 പേജുകളാണുള്ളത്. പ്രവേശിക കഴിഞ്ഞാൽ ആദ്യ അദ്ധ്യായത്തിൽ സിൽസിലാ നൂരിയ്യഃ ജാനശീനും സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ മൂത്തപുത്രനുമായ ശൈഖുനാ സയ്യിദ് ആരിഫുദ്ദീൻ ജീലാനി(റ) തങ്ങളുടെ ജീവിതവും ദൗത്യവും അവലോകനം ചെയ്യുന്ന സാമാന്യം ദീർഘമായ ഒരു അദ്ധ്യായമാണ്. ശേഷം സിൽസിലഃ നൂരിയ്യഃയുടെ നിലവിലെ ജാനശീനും സയ്യിദ് മുഹമ്മദ് ആരിഫുദ്ദീൻ ജീലാനി(റ) തങ്ങളുടെ പുത്രനുമായ സയ്യിദ് അഹ്മദ് മുഹ് യിദ്ദീൻ ജീലാനി നൂരിശാഹ് സാനി തങ്ങളുടെ ജീവചരിത്ര വിവരങ്ങൾ ഉൾച്ചേർത്ത ഒരു പഠന ഭാഗമാണ്. ശേഷം സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ പണ്ഡിതരും സ്വൂഫിയാക്കളുമായ മക്കളുടെ ജീവചരിത്ര വിവരങ്ങൾ സംഗ്രഹിച്ച് ക്രോഢീകരിച്ച ലേഖനങ്ങളാണ്. തുടർന്ന് സയ്യിദ് നൂരിശാഹ്(റ) തങ്ങൾ നേരിട്ട് ഖിലാഫത്ത് നൽകിയവരും ഖലീഫമാർ മുഖേന സ്മര്യപുരുഷനിൽ നിന്ന് ഖിലാഫത്ത് സ്വീകരിച്ചവരുമായ നാല് സംസ്ഥാനങ്ങളിലെ പ്രമുഖരായ ഖലീഫമാരുടെ ജീവചരിത്ര വിവരങ്ങൾ വ്യത്യസ്തമായ ഓരോ അദ്ധ്യായങ്ങളിലായി ക്രോഡീകരിച്ചിരിക്കുന്നു. ഈ അദ്ധ്യായങ്ങളെല്ലാം ഓരോ ഖലീഫമാരുടെയും ജീവചരിത്രമാണ് എന്നതോടൊപ്പം സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെയും ജീവചരിത്രത്തിന്റെ ഭാഗമാണ്. ഖലീഫമാരോട് ബന്ധപ്പെട്ട സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ ജീവിത സന്ദർഭങ്ങൾ ഈ ഭാഗങ്ങളിലാണ് അധികവും ക്രോഡീകരിച്ചിട്ടുള്ളത്. സ്വൂഫിയാക്കളുടെ ഉന്നത ജീവിത മൂല്യങ്ങൾ പകർന്നെടുത്ത മഹാന്മാരായ ഈ ഖുലഫാക്കളുടെ ജീവിത സന്ദർഭങ്ങൾ വായനക്കാരിൽ വിശ്വാസദാർഢ്യം പ്രദാനം ചെയ്യുന്നതും അല്ലാഹുവിലുള്ള തവക്കുലിന്റെയും അവന്റെ തീരുമാനങ്ങളോടുള്ള സംതൃപ്തമായ താദാത്മ്യത്തിന്റെയും സന്ദേശങ്ങൾ പകർന്നു നൽകുന്നതാണ്.
ഈ ഗ്രന്ഥത്തിലെ തുടർന്നുള്ള ഭാഗങ്ങൾ “പ്രശോഭിത ജീവിതങ്ങൾ’ എന്ന ശീർഷകത്തിലാണുള്ളത്. സമസ്തയുടെ മുശാവറ അംഗങ്ങളായവരും ഉഖ്റവിയായ ഉലമാക്കളിൽ സമുന്നത സ്ഥാനമലങ്കരിക്കുന്നവരും ആരിഫീങ്ങളും ആശിഖീങ്ങളുമൊക്കെയായ നിരവധി പ്രമുഖരുടെ ജീവചരിത്ര വിവരങ്ങളുൾക്കൊള്ളുന്ന പഠന ലേഖനങ്ങളാണ് ഈ ഭാഗത്ത് ക്രോഢീകരിക്കപ്പെട്ടിട്ടുള്ളത്. പണ്ഡിത മഹത്തുക്കളും സ്വൂഫികളും സമസ്ത മുശാവറ അംഗങ്ങളുമായിരുന്ന മുണ്ടമ്പ്ര ഉണ്ണിമോയിൻ ഹാജി ഉസ്താദ്(ന.മ), പള്ളിക്കണ്ടി മൊയ്തീൻ ഹാജി ഉസ്താദ്(ന.മ) തുടങ്ങിയ പ്രമുഖരോടൊപ്പം എടക്കുളം കമ്മു മുസ്ലിയാർ(ന.മ), തമിഴ്നാട്ടിലെ പ്രമുഖ പണ്ഡിതൻ എച്ച്. കമാലുദ്ദീൻ ഹസ്രത്ത്(ന.മ), വാഴങ്കട ഹസൻ ശൈഖ്(ന.മ) തുടങ്ങിയ ഉന്നതരുടെ ജീവചരിത്ര വിവരങ്ങളും അവർക്ക് ഈ സിൽസിലയുമായും ശൈഖുനാ സയ്യിദ് നൂരിശാഹ്(റ) തങ്ങളുമായും ഉണ്ടായിരുന്ന ബൈഅത്തിന്റെ ബന്ധവും അഖീദയും മുഹബ്ബത്തും ഈ ഭാഗത്ത് സുവ്യക്തതയോടെ അനാവരണം ചെയ്യുന്നു. തുടർന്ന് ഈ സിൽസിലയുമായുള്ള ബന്ധത്തിലൂടെ ഫലപ്രദരായ നിരവധി പ്രമുഖരുടെ മാതൃകാ ജീവിതം ഓരോ അദ്ധ്യായങ്ങളിലായി വിശദീകരിക്കുന്നു. തുടർന്നുള്ള ഭാഗങ്ങളിൽ ബഹുമാനപ്പെട്ട സി.എം. വലിയ്യുല്ലാഹി(ന.മ) ഉൾപ്പെടെയുള്ള കേരളത്തിലെ ഉന്നത ശീർഷരായ ഔലിയാക്കൾ സയ്യിദ് നൂരിശാഹ്(റ) തങ്ങളോട് പുലർത്തിയിരുന്ന നിലപാടും സമീപനവും എന്തായിരുന്നുവെന്ന് അവലോകനം ചെയ്യുന്നു.
വേലൂർ ബാഖിയാത്തിന്റെ മുൻ പ്രിൻസിപ്പാളായിരുന്ന ശൈഖു തഫ്സീർ പി.എസ്.പി. സൈനുൽ ആബിദീൻ ഹസ്രത്ത്(ന.മ), കോഴിക്കോട് ഖാള്വി സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ(ന.മ), കോഴിക്കോട് ജിഫ്രി ഹൗസിലെ ഫസൽ ജിഫ്രി(ന.മ) തങ്ങൾ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമായുടെ സംസ്ഥാന പ്രസിഡന്റായിരുന്ന വടുതല മൂസ ഉസ്താദ്(ന.മ), കോഴിക്കോട് വലിയ ഖാള്വി മുഹ് സിൻ ശിഹാബ് തങ്ങൾ(ന.മ), സയ്യിദ് ഹാമിദ് ബാഫഖി തങ്ങൾ(ന.മ) കോഴിക്കോട് മുഖ്യ ഖാള്വി നാലകത്ത് മുഹമ്മദ് കോയ ബാഖവി(ന.മ) തുടങ്ങി നിരവധി മഹത്തുക്കൾ ഈ സിൽസിലയോടും ഇതിന്റെ പ്രതിനിധികളോടും പുലർത്തിയിരുന്ന അഖീദയും സൗഹൃദ ബന്ധങ്ങളും അനാവരണം ചെയ്യുന്ന പഠന ലേഖനങ്ങളാണ് ഈ വോള്യത്തിന്റെ മറ്റൊരു സവിശേഷത.
ചുരുക്കത്തിൽ കേരളത്തിലെ ഉന്നത ശീർഷരായ നിരവധി മഹത്തുക്കളുടെയും സ്വൂഫിയാക്കളുടെയും ജീവചരിത്ര വിവരങ്ങളുൾക്കൊള്ളുന്ന ഈ വോള്യം പൊതു മുസ്ലിം ചരിത്രം ശ്രദ്ധിക്കാതെ പോയതും കേരള മുസ്ലിം ചരിത്രത്തിൽ ഉൾച്ചേർക്കേണ്ടതുമായ നിരവധി വസ്തുതകൾ അനാവരണം ചെയ്യുന്നുണ്ട്.
കേരളത്തിലെ നൂരിശാ ത്വരീഖത്തിന്റെ സാന്നിധ്യവും സംഭാവനകളും
കേരള മുസ്ലിംകൾക്കിടയിൽ വിസ്മൃതമായി കൊണ്ടിരുന്ന തസ്വവ്വുഫിന്റെയും ത്വരീഖത്തുകളുടെയും ഇഹ്സാനി വിജ്ഞാനങ്ങളുടെയും യഥാർത്ഥ ഇസ്ലാമിക പൈതൃകങ്ങളെ വീണ്ടെടുത്തുവെന്നതാണ് ഈ ത്വരീഖത്തിന്റെയും ഇതിന്റെ ശൈഖും മുർശിദുമായ സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെയും സവിശേഷത. വാസ്തവത്തിൽ സയ്യിദ് നൂരിശാഹ്(റ) തങ്ങൾ ഇവിടെ പുതുതായി ഒരു ത്വരീഖത്ത് പരിചയപ്പെടുത്തുകയല്ല ചെയ്തത്. പ്രത്യുത കേരളത്തിൽ പ്രചാരത്തിലുള്ളതും ബഹുമാനപ്പെട്ട സൈനുദ്ദീൻ മഖ്ദൂം കബീർ(റ), മമ്പുറം സയ്യിദ് അലവി(റ) തങ്ങൾ, വെളിയങ്കോട് ഉമർ ഖാള്വി(റ) തുടങ്ങിയ പൂർവ്വീക മഹത്തുക്കൾ പ്രതിനിധീകരിച്ചതുമായ ചിശ്തി, ഖാദിരി ത്വരീഖത്തുകളെ അതിന്റെ തനതായ വിശുദ്ധിയോടെ പുനരുദ്ധരിക്കുകയാണ് സ്മര്യപുരുഷൻ ചെയ്തത്. മാത്രമല്ല ത്വരീഖത്തിന്റെയും തസ്വവ്വുഫിന്റെയും സന്ദേശം പകർന്നു നൽകാൻ ഭൂമികയൊരുക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ സുന്നത്ത് ജമാഅത്തിനെ പ്രതിനിധീകരിക്കുന്നതും വ്യവസ്ഥാപിതമായി ശരീഅത്ത് പഠിപ്പിക്കാൻ ലക്ഷ്യം വെച്ചിട്ടുള്ളതുമായ ആധുനിക മാതൃകയിൽ സനദ് നൽകുന്ന ഒരു അറബി കോളേജ്, അഥവാ ജാമിഅഃ കേരളത്തിൽ ആദ്യമായി സ്ഥാപിച്ചതും സയ്യിദ് നൂരിശാഹ്(റ) തങ്ങളാണ്. ജാമിഅഃ നൂരിയ്യഃ എന്ന പേരിൽ അറിയപ്പെട്ട പ്രസ്തുത വിദ്യാഭ്യാസ സ്ഥാപനമാണ് കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ പ്രതിനിധാനമുള്ള എല്ലാ ദീനീ മദാരിസുകളുടെയും ഉമ്മുൽ മദാരിസ്. കൂടാതെ സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ മുൻകൈയ്യോടെയും പങ്കാളിത്തത്തോടെയും ആദ്യകാലത്ത് സമസ്തയുമായി ചേർന്നും പിൽക്കാലത്ത് സ്വതന്ത്രമായും നിരവധി മസ്ജിദുകളും മദ്രസഃകളും ഖാൻഖാഹുകളും യതീം ഖാനകളും നിർമ്മിക്കപ്പെടുകയുണ്ടായി. ഇന്ന് കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും സിൽസിലാ നൂരിയ്യഃക്ക് കീഴിൽ നിരവധി പള്ളികളും ഖാൻഖാഹുകളും മദ്രസഃകളും ജാമിഅഃകളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഈ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിരവധി ഖലീഫഃമാർ മുഖേന സംസ്കരണ പ്രദാനമായതും ജീവകാരുണ്യ സ്വഭാവമുള്ളതുമായ നിരവധി പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ സ്മരണ വേണ്ടവിധം നിലനിർത്താൻ ആഗ്രഹിക്കുന്നവരും ദുനിയാവിന്റെ മോഹങ്ങൾ വർജ്ജിക്കാൻ പരിശ്രമിക്കുന്നവരുമായ നിരവധി ഉലമാക്കളും തെറ്റുകുറ്റങ്ങളിൽ വ്യാപൃതരായി ജീവിത ലക്ഷ്യം മറന്നുപോയ നിരവധി സാധാരണക്കാരും ഈ സിൽസിലഃയും ഇതിന്റെ ഖുലഫാക്കളും വഴി യഥാർത്ഥ ജീവിത ലക്ഷ്യം തിരിച്ചറിഞ്ഞവരും അത് പ്രാപിക്കാൻ പരിശ്രമിക്കുന്നവരുമായി മാറി. വാസ്തവത്തിൽ വിശ്വാസപരമായ വ്യതിയാനങ്ങളാലും ദൗർബല്യങ്ങളാലും അപകർഷതയിലും അരക്ഷിതത്വഭീതിയിലും അകപ്പെട്ടുകൊണ്ടിരിക്കുന്ന മുസ്ലിം സമൂഹത്തിന് അല്ലാഹുവിലുള്ള പ്രതീക്ഷയും അവനിലുള്ള തവക്കുലും യഥാർത്ഥ വിശ്വാസവീര്യവും വീണ്ടെടുത്തു നൽകുന്ന പ്രവർത്തനമാണിന്ന് സിൽസിലാ നൂരിയ്യഃ ചെയ്തുകൊണ്ടിരിക്കുന്നത്. തീർച്ചയായും വിശ്വാസപരമായ മൗലികതയിലേക്കുള്ള ഈ പിൻമടക്കമാണ് മുസ്ലിം സമൂഹത്തിന്റെ അതിജീവനത്തെ നിർണ്ണയിക്കുന്നത്.
സങ്കീർണ്ണവും കാലുഷ്യമേറിയതുമായ ഒരു ചരിത്ര സന്ദർഭത്തിലൂടെയാണ് ഇന്ന് ലോക മുസ്ലിംകൾ വിശിഷ്യാ ഇന്ത്യൻ മുസ്ലിംകൾ കടന്നു പോകുന്നത്. പുതിയ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ മുസ്ലിം സമൂഹത്തെ പ്രാപ്തരാക്കുക എന്നതിനർത്ഥം അവരെ വിശ്വാസപരമായ ദൃഢതയോടെയും ആർജ്ജവത്തോടെയും നിലകൊള്ളാൻ പ്രാപ്തരാക്കുക എന്നതു കൂടിയാണ്. തീർച്ചയായും സിൽസിലാ നൂരിയ്യഃ മഹത്തായ ഈ ദൗത്യമാണ് ഏറ്റവും ഭംഗിയായി ഇന്ന് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. സ്വൂഫിസവും തസ്വവ്വുഫും പല പ്രച്ഛന്ന രൂപങ്ങളിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ശരീഅത്ത് അടിസ്ഥാനമാക്കി ത്വരീഖത്തും ഹഖീഖത്തും മഅരിഫത്തും പകർന്നുനൽകുന്ന പൂർവ്വീകരുടെ സത്യശുദ്ധമായ പാതയെ പ്രതിനിധീകരിച്ചുകൊണ്ടാണ് സിൽസിലാ നൂരിയ്യഃയും അതിന്റെ ഖുലഫാക്കളും ഇന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പ്രവർത്തനം ഇന്ന് കാലം തേടുന്നതും ചരിത്രത്തിന്റെ അനിവാര്യതയുമാണ്. തീർച്ചയായും മഹത്തായ ഈ ഗ്രന്ഥം മുസ് ലിം സമൂഹത്തെ മാർഗദർശനം ചെയ്യുന്നത് യഥാർത്ഥ തസ്വവ്വുഫിലേക്കും ഔലിയാക്കളിലേക്കുമാണ്. വ്യാജങ്ങൾ, കപട വേഷങ്ങൾ അരങ്ങുവാഴുന്ന ഒരു കാലത്ത് കാലഘട്ടത്തിന്റെ മുജദ്ദിദായി പ്രവർത്തിച്ച് ഇഹ്സാനി വിജ്ഞാനങ്ങളെ പുനരുജ്ജീവിപ്പിച്ച് തലമുറകൾക്ക് വെളിച്ചം പകർന്ന മഹത്തായ ദൗത്യമാണ് ശൈഖുനാ സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ ജീവിതമെന്ന് ഈ ഗ്രന്ഥം പ്രമാണ സഹിതം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഒരു ജീവചരിത്ര ഗ്രന്ഥമെന്നാൽ അതിൽ ആഖ്യാനം ചെയ്യപ്പെടുന്ന സ്മര്യപുരുഷന്റെ സന്ദേശം അതുൾക്കൊള്ളുന്നു. അതോടൊപ്പം അതിൽ സ്മരിക്കപ്പെടുന്ന മഹാവ്യക്തിത്വത്തിന്റെ ജീവിത മുഹൂർത്തങ്ങൾ ഒരു ചരിത്ര സന്ദർഭത്തോടുള്ള പ്രതികരണം കൂടിയാണ്. സയ്യിദ് നൂരിശാഹ്(റ) തങ്ങൾ രംഗപ്രവേശം ചെയ്യുന്ന കാലത്തെ ദക്ഷിണേന്ത്യൻ മുസ്ലിംകളുടെ വിശിഷ്യാ കേരളീയ മുസ്ലിംകളുടെ ആത്മീയവും സാംസ്കാരികവും വൈജ്ഞാനികവുമായ നിലവാരമെന്തായിരുന്നുവെന്ന് അവലോകനം ചെയ്യുമ്പോൾ തീർച്ചയായും സ്മര്യപുരുഷന്റെ ദൗത്യത്തിന്റെ പ്രാധാന്യമെന്തായിരുന്നുവെന്ന് തിരിച്ചറിയാനാവും.
സയ്യിദ് നൂരിശാഹ്(റ) തങ്ങൾ തന്റെ ദീനീ ദൗത്യവുമായി രംഗപ്രവേശം ചെയ്യുന്ന കാലത്തെ ജനങ്ങളുടെ ദീനീ നിലവാരം പരിശോധിച്ചാൽ വളരെ ശോചനീയമായിരുന്നു അവസ്ഥ എന്ന് തിരിച്ചറിയാനാവും. നൈസാം ഭരണത്തിലിരുന്ന ഹൈദരാബാദിലെ പല പ്രദേശങ്ങളിലും ശൈഖുനാ സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ ആദ്യകാല ദൗത്യമെത്തിയതോടെ സമൂലമായ പരിവർത്തനങ്ങളാണവിടെ ഉണ്ടായത്. തമിഴ്നാട്ടിലും കേരളത്തിലും ഇത് ആവർത്തിക്കപ്പെട്ടു.
കേരളീയ മുസ്ലിം സമൂഹത്തിൽ സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ മുഖ്യമായ ദൗത്യം വൈജ്ഞാനിക രംഗത്തായിരുന്നു. ജാമിഅഃ നൂരിയ്യഃ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സംസ്ഥാപനത്തിലൂടെ സുന്നത്ത് ജമാഅത്തിന്റെ പാരമ്പര്യമുള്ളവർക്കിടയിൽ ശരീഅത്ത് പഠനത്തിന് വ്യവസ്ഥാപിതമായ സംവിധാനങ്ങളൊരുക്കി. അനാഥ, അഗതി സംരക്ഷണത്തിന്റെ പ്രാധാന്യം സമുദായത്തെ ബോദ്ധ്യപ്പെടുത്തി യതീംഖാനകളുടെ സംസ്ഥാപനത്തിനും നടത്തിപ്പിനും പല നിലയിൽ മുൻകൈയ്യെടുക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. തന്റെ സംബോധിതരിലും ശിഷ്യഗണങ്ങളിലും ദീനിന്റെ പ്രത്യക്ഷവും ആന്തരീകവുമായ വിജ്ഞാനങ്ങൾ പകർന്നു നൽകി അവരെ സംസ്കരിച്ചു. യോഗ്യരായവർക്ക് ഹഖീഖത്തിന്റെയും മആരിഫിന്റെയും ഉന്നതമായ ജ്ഞാനവും അനുഭവങ്ങളും പകർന്നു നൽകി. നിരവധി പള്ളികളും ഖാൻഖാഹുകളും കേന്ദ്രീകരിച്ച് ദിക്റ് ഹൽഖകളും തഅ്ലീം മജ്ലിസുകളും സംഘടിപ്പിച്ച് ജനങ്ങളെ ആത്മീയമായും വിശ്വാസപരമായും കരുത്തുറ്റവരാക്കി. മുസ്ലിം സമുദായത്തിന്റെ അസ്തിത്വത്തെയും അനന്യതയോടെയുള്ള നിലനിൽപിനെയും ബാധിക്കുന്ന വിധത്തിൽ ഭരണകൂടങ്ങളിൽ നിന്നുണ്ടാകുന്ന നിലപാടുകൾക്കും നടപടികൾക്കുമെതിരെ ശക്തമായി നിലകൊള്ളുകയും സമുദായ ഐക്യത്തോടെ അവ നേരിടേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറയുകയും സ്വന്തം നിലയിൽ നിർഭയമായി ആശയ പ്രചരണങ്ങളിലൂടെ ഇവ്വിഷയകമായി ഭരണകൂടങ്ങളെയും ജനങ്ങളെയും ബോധവത്കരിക്കുകയും ചെയ്തു.
ഇസ്ലാം ദീനിന്റെ കാതലായ വൈജ്ഞാനിക മേഖലകളെ സംബന്ധിച്ച് കേരളീയ സമൂഹത്തിൽ പൊതുവായി നിലനിന്നിരുന്ന അജ്ഞത നീക്കി ദാർശനിക ഗരിമയോടെ ദീനിന്റെ പ്രത്യക്ഷവും പരോക്ഷവുമായ വിജ്ഞാനങ്ങൾ പകർന്നു നൽകിയത് ശൈഖുനാ സയ്യിദ് നൂരിശാഹ്(റ) തങ്ങളായിരുന്നു. മതാനുഷ്ഠാനങ്ങളെ കേവല ആചാരങ്ങളിൽ നിന്ന് മോചിപ്പിച്ച് വൈജ്ഞാനികവും അനുഭവപരവുമായ സഞ്ചാരം സാദ്ധ്യമാകുന്ന ഉന്നതമായ അനുഷ്ഠാനങ്ങളാക്കി പരിവർത്തിപ്പിച്ചു. തന്റെ ശിഷ്യഗണങ്ങളുടെയും സംബോധിതരുടെയും മനസ്സുകളിലെ നിഗൂഢമായ ദുർഗുണങ്ങളെ നിർമ്മാർജ്ജനം ചെയ്ത് അവരെ സംസ്കരിച്ചു. ഇങ്ങനെ മുസ്ലിം ജീവിതത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ മേഖലകളിൽ സമൂലമായ പരിവർത്തനങ്ങൾക്ക് ദിശ നൽകിയ കാലഘട്ടത്തിന്റെ മുജദ്ദിദായി പ്രവർത്തിച്ച സ്മര്യപുരുഷന്റെ ജീവിതം കേരളീയ മുസ്ലിം ചരിത്രത്തിൽ വളരെ വലിയ പരിവർത്തനങ്ങൾക്ക് നിമിത്തങ്ങളൊരുക്കി. അതുകൊണ്ട് തന്നെ ആ ജീവിതം ഡോക്യുമെന്റ് ചെയ്യപ്പെടുക എന്നതിനർത്ഥം കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ ആധുനിക കാലത്തെ ആത്മീയ നവോത്ഥാനത്തിന്റെ പ്രചോദക സ്രോതസ്സുകൾ ഡോക്മെന്റ് ചെയ്യപ്പെടുക എന്നതുകൂടിയാണ്. തീർച്ചയായും കേരളീയ മുസ്ലിംകളുടെ സാമൂഹിക, വൈജ്ഞാനിക, ആത്മീയ നവോത്ഥാന ചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ ഈ ജീവചരിത്ര ഗ്രന്ഥം കേരളീയ മുസ്ലിം ചരിത്ര വിജ്ഞാനീയത്തിന് വളരെ വലിയ മുതൽകൂട്ടു തന്നെയാകും എന്നതിൽ സന്ദേഹങ്ങളില്ല. സ്മര്യപുരുഷന്റെ ജീവിതത്തെ സ്വന്തം ജീവിതത്തിലൂടെ പുനരാവിഷ്കരിച്ചുകൊണ്ടിരിക്കുന്ന ചിശ്തി, ഖാദിരി, നൂരി നിസ്ബത്തിനോടൊപ്പം ബഹുമാനപ്പെട്ട ഖുത്വുബെ വേലൂർ(റ) യുടെ സിൽസിലയിൽ ഖിലാഫത്തും ഇജാസത്തുമുള്ള പ്രമുഖ പണ്ഡിതനും സ്വൂഫീ വര്യനും ആത്മീയ ഗുരുവുമായ ബഹുമാനപ്പെട്ട ശൈഖുനാ കുറ്റിക്കാട്ടൂർ ഉസ്താദ്(ത്വ.ഉ) അവർകളാണ് ഈ മഹത്തായ ഗ്രന്ഥത്തിന്റെ രചയിതാവ്. ഏറെ ഗുണനിലവാരത്തോടെയുള്ള രൂപകൽപനയും മുദ്രണവും ഈ ഗ്രന്ഥത്തെ കൂടുതൽ ആകർഷണീയമാക്കുന്നു. മൂന്ന് വോള്യങ്ങൾക്കും കൂടി ആകെ മുഖ വില 4250 രൂപയാണ്. എന്നാൽ പ്രസാധകരിൽ നിന്ന് നേരിട്ട് വാങ്ങുമ്പോൾ ഇപ്പോൾ 3000 രൂപക്ക് ലഭിക്കുന്നു. ലൈബ്രറികൾക്കും ഹോം ലൈബ്രറികൾക്കുമെല്ലാം ഏറെ മുതൽ കൂട്ടായ ഈ ഗ്രന്ഥ പാരായണം ആത്മസംസ്കരണ പ്രദാനവും ദീനിന്റെ ബാത്വിനി വിജ്ഞാന മേഖലകളിലേക്കുള്ള ഒരു പ്രവേശന കവാടവുമാണ്. കോപ്പികൾ ആവശ്യമുള്ളവർക്ക് കോഴിക്കോട് കുറ്റിക്കാട്ടൂരിലുള്ള മസ്കനുൽ അൻവാറിൽ നിന്ന് നേരിട്ട് കൈപറ്റുകയോ പോസ്റ്റൽ, കൊറിയർ വഴി കൈപറ്റുകയോ ചെയ്യാവുന്നതാണ്. ആവശ്യമുള്ളവർ 9037279257, 9544223939 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.