ഫൈസലാ ഹഫ്ത് മസ്അല: ആമുഖം

ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ)

മുസ് ലിം സമുദായം തർക്കത്തിലും വാദവിവാദങ്ങളിലും വ്യാപൃതരായി പരസ്പരം കക്ഷി ചേരുന്ന അനേക മസ്അലകളിൽ സുന്നത്ത് ജമാഅത്തിന്റെ യഥാർത്ഥ നിലപാടുകൾ അനാവരണം ചെയ്യുന്ന പ്രമുഖ പണ്ഡിതനും സ്വൂഫി വര്യനും ഉന്നത ​ഗുരുവുമായ ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ) യുടെ ഫൈസലാ ഹഫ്ത് മസ്അല എന്ന അശ്റഫലി ഥാനവി(റ) ക്രോഡീകരിച്ച ​ഗ്രന്ഥത്തിന്റെ പരിഭാഷ ആരംഭിക്കുന്നു. അൽ ഹാഫിള് മുഹമ്മദ് സുൽത്വാൻ ബാഖവി കായൽപട്ടണം ആണ് പരിഭാഷകൻ.

എന്റെ പ്രിയപ്പെട്ട ശിഷ്യസമൂഹവും എന്നോട് അനുഭാവമുള്ള എന്റെ സംബോധിതരായ സഹോദരങ്ങളുൾപ്പെടെ മുസ്ലിം സമുദായത്തിന്റെ പൊതു ശ്രദ്ധക്ക്….
ഇക്കാലത്ത് പല പ്രശ്നങ്ങൾക്കും കുഴപ്പങ്ങൾക്കും കാരണം സമൂഹത്തിലുള്ള അനൈക്യവും പാഴ്ചർച്ചകളും അനാരോഗ്യകരമായ സംവാദങ്ങളുമാണ് എന്നതിൽ ആർക്കും തർക്കമില്ല. അതിനാൽ നമുക്കിടയിൽ ഐക്യവും ഏകീഭാവവും ഉണ്ടാക്കിയാൽ ഇരുലോകത്തും നാം വിജയിക്കാൻ അതു കാരണമാകും. തർക്കിക്കുന്ന ഇരുഭാഗക്കാരും ഏകദേശം ഒരേ ആശയമാണ് പറയുന്നത്. എന്നാൽ വ്യത്യസ്ത വാക്കുകളിലൂടെയാണ് അതവർ പ്രകടമാക്കുന്നത്. അവധാനതയോടെ ചിന്തിച്ചാൽ ഈ സത്യം അനായാസം വ്യക്തമാകും. ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ ചിലർ ദീനിന്റെ ചില ശാഖാപരമായ മസ്അലകളിൽ അതിരുകടന്ന ശാഠ്യം പുലർത്തുന്നു. പൊതുജനങ്ങളെയും ആശയ കുഴപ്പത്തിലാക്കി ഉലമാക്കളുടെയും സമുദായ പ്രമുഖരുടെയും സമയം പാഴാക്കുന്നു. ഇക്കാരണത്താൽ പൊതു ജനങ്ങളും പ്രത്യേകിച്ച് എന്റെ ബന്ധത്തിലുള്ളവരും നഷ്ടക്കാരാകുന്നത് കണ്ട് എന്റെ മനം വല്ലാതെ ദുഃഖിക്കുന്നു. അതുകൊണ്ട് ഉപരി സൂചിത പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ ചെറിയ ഗ്രന്ഥം രചിക്കുന്നത്.
ഇക്കാലത്ത് പല പ്രശ്നങ്ങളും ആശയ വ്യതിയാനങ്ങളും രൂപപ്പെടുന്നുണ്ട്. എങ്കിലും ഞാൻ നമ്മുടെ ജമാഅത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് മാത്രം ചർച്ച ചെയ്ത് പരിഹാരം കണ്ടെത്താൻ ആഗ്രഹിക്കുന്നു. ഇതിന് രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് എല്ലാ പ്രശ്നങ്ങളെയും വേർതിരിച്ചറിയൽ തന്നെ അസാധ്യമാണ്. രണ്ട് നമ്മുടെ ജമാഅത്തല്ലാതെ മറ്റുള്ളവർ ഈ എളിയവന്റെ പരിഹാരങ്ങളെ പൂർണ്ണമായി അംഗീകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ജനങ്ങൾക്കിടയിൽ പ്രധാനമായി ഏഴ് വിഷയങ്ങളാണ് അമിതപ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്നത്. അതുകാരണമായി അവർക്കിടയിൽ പരസ്പരം വാശിയും വൈരാഗ്യവും അധികരിക്കുന്നു. അതുകൊണ്ട് ഇവകളിൽ ഏത് ശരി ഏത് തെറ്റ് ഇവ്വിഷയകമായ പ്രശ്നങ്ങളെ എങ്ങനെയാണ് ഇക്കാലത്ത് സമീപിക്കേണ്ടത് തുടങ്ങി ആത്മീയാടിത്തറയോടെ ഇവ്വിഷയകമായുള്ള എന്റെ നിലപാടുകൾ എന്താണ് എന്നിവയും ഇതിൽ വിശദീകരിക്കുന്നുണ്ട്. അനാവശ്യ സംവാദങ്ങൾക്ക് വിരാമം കുറിക്കണം എന്ന നല്ല നിയ്യത്തോടെയാണ് ഇത് ഞാനെഴുതുന്നത്. ശ്രദ്ധാപൂർവ്വം വായിച്ച് ഫലം സിദ്ധിക്കുന്നതോടെ എനിക്കുവേണ്ടി നിങ്ങളുടെ ദുആയും ഞാൻ വസ്വിയത്ത് ചെയ്യുന്നു. പ്രത്യുത ദയവു ചെയ്ത് ആരും ഇതിനെതിരെ ഖണ്ഡനമെഴുതാൻ ആഗ്രഹിക്കരുത്. കാരണം ഞാൻ തർക്കിക്കുന്നവനോ അത് ആഗ്രഹിക്കുന്നവനോ അല്ല. അല്ലാഹു തആല എല്ലാറ്റിനും തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ…

ഫഖീർ ഇംദാദുല്ലാഹ് ഹനഫീ ചിശ്തി…

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy