ഹാഫിസ് ശീറാസി(റ): പ്രണയത്തിന്റെ ഒരു പരമോന്നത കവി എങ്ങനെ മായിക്കപ്പെട്ടു

ഒമിദ് സാഫി:
മൊഴിമാറ്റം: ദർവേശ് അൻവാരി:

അമേരിക്കയിലെ ഫ്ളോറിഡയിലെ ജാക്സൺ വില്ലിലാണ് ഇറാനിയൻ വംശജനായ ഒമിദ് സാഫി ജനിച്ചത്. ഏഷ്യൻ മിഡിൽ ഈസ്റ്റ് പഠനങ്ങളിൽ അമേരിക്കയിലെ ഡ്യൂക് യുണിവേഴ്സിറ്റിയിൽ പ്രൊഫസറാണ് അദ്ദേഹം. 2014 ജൂലൈ മുതൽ 2019 ജൂൺ വരെ ഡ്യൂക് ഇസ്ലാമിക് സ്റ്റഡീസ് സെന്ററിന്റെ ഡയറക്ടറായി അദ്ദേഹം സേവനമനുഷ്ഠിച്ചു. മധ്യകാല ഇസ്ലാമിക ചരിത്രത്തിലും ഇസ്ലാമിക മിസ്റ്റിസിസത്തിലും(സൂഫിസം) സമകാലിക ഇസ്ലാമിക ചിന്തയിലും സവിശേഷമായ അവഗാഹം അദ്ദേഹത്തിനുണ്ട്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പ്ലൂറലിസം പ്രൊജക്റ്റിന്റെ ബോർഡിൽ സേവനമനുഷ്ഠിച്ച അദ്ദേഹം അമേരിക്കൻ അക്കാദമി ഓഫ് റിലീജിയനിലെ സ്റ്റഡി ഓഫ് ഇസ്ലാമിന്റെയും ഇസ്ലാമിക് മിസ്റ്റിസം ഗ്രൂപ്പിന്റെയും സ്റ്റിയറിംഗ് കമ്മിറ്റിയുടെ സഹ ചെയർമാനാണ്. ഡ്യൂക് യൂണിവേഴ്സിറ്റിയിലെ സേവനങ്ങൾക്കു മുമ്പ് അദ്ദേഹം നോർത്ത് കരോലിന ചാപ്പൽ ഹിൽ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായിരുന്നു. ഇതിനു മുമ്പ് കോൾഗേറ്റ് യൂണിവേഴ്സിറ്റിയിൽ ഫിലോസഫി ആന്റ് റിലീജിയൻ ഫാക്കൽറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. ലിബറേഷൻ തിയോളജിയിലും അഗ്രഗണ്യനാണ്. സ്നേഹവും നീതിയും തമ്മിലുള്ള ബന്ധം അദ്ദേഹത്തിന്റെ ഇഷ്ട പ്രമേയമാണ്.
ഒമിദ് സാഫി സ്വന്തമായി ആവിഷ്കരിച്ച ഇല്യൂമിനേറ്റഡ് കോഴ്സുകളിലൂടെ(Illuminated Courses) ആത്മീയത പഠിപ്പിക്കുന്നു. മാത്രമല്ല തുർക്കി, മൊറോക്കോ ഉൾപ്പെടെയുള്ള ആത്മീയ പാരമ്പര്യമുള്ള പല നാടുകളിലേക്കും എല്ലാ വർഷവും ആത്മീയവും വൈജ്ഞാനികവുമായ അവബോധം പകരുന്ന ആത്മീയ ടൂറുകൾ സംഘടിപ്പിക്കുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. നീതി, ജെൻഡർ, പ്ലൂരലിസം, അമേരിക്കൻ ഇസ്ലാം, ആധുനിക പൂർവ്വ ഇസ്ലാമിലെ ജ്ഞാനത്തിന്റെ രാഷ്ട്രീയം, മെമ്മറീസ് ഓഫ് മുഹമ്മദ് തുടങ്ങിയ ശീർഷകങ്ങളിലായി ഗ്രന്ഥങ്ങളും അമേരിക്കയിലെയും ബ്രിട്ടണിലേയും മറ്റ് നാടുകളിലേയും ശ്രദ്ധേയമായ മുൻനിര ജേണലുകളിലും മാധ്യമങ്ങളിലും നിരവധി പഠനങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഇസ്ലാമിക ആത്മീയതയെ സംബന്ധിച്ച നിരവധി പ്രഭാഷണങ്ങളും യൂട്യൂബിൽ ഒമിദ് സാഫിയുടേതായി ലഭ്യമാണ്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ ഏറെ വിഖ്യാതമായതാണ് ഈ അടുത്തിടെ പുറത്തിറങ്ങിയ Radical Love: Teachings from the Islamic Mystical Traditions. റൂമി(റ)യെ കുറിച്ചുള്ള ഒരു ഗ്രന്ഥവും വരാനിരിക്കുന്നു. സൂഫി മിസ്റ്റിക് കവികളെ അവരുടെ ഇസ്ലാമിക പാരമ്പര്യം മായിച്ച് പാശ്ചാത്യലോകം ഏറ്റെടുക്കുന്ന പ്രവണതയോട് ശക്തമായ അമർഷമുള്ള ഒമിദ് സാഫി വിഖ്യാത പേർഷ്യൻ സൂഫി കവി ഹാഫിസ് ശീറാസി(റ)യെ ഇവ്വിധം ഏറ്റെടുത്ത് അദ്ദേഹത്തിന്റെ പേരിൽ വ്യാജകവിതകൾ പ്രസിദ്ധീകരിക്കുന്ന പ്രസാധന രംഗത്തെ തട്ടിപ്പുകളെ തുറന്നുകാട്ടുകയാണ് ഈ ലേഖനത്തിൽ. റൂമി(റ), ഹാഫിസ് ശീറാസി(റ) ഒമർ ഖയ്യാം(റ) തുടങ്ങിയുള്ള കവികളുടെ മാതൃകാപൂർണ്ണമായ ധൈഷണിക വ്യക്തിത്വത്തെ ഇസ്ലാമിക വർണ്ണങ്ങളിൽ നിന്ന് മായിച്ച് മതേതര വർണ്ണങ്ങളണിയിക്കുന്ന ലോകത്തുടനീളമുള്ള മതേതര കാപട്യം തുറന്നുകാണിക്കുന്നതിന് പര്യാപ്തമാണ് ഈ ലേഖനം. അൽ ജസീറയിൽ പ്രസിദ്ധീകരിച്ച fake hafiz: how a supreme persian poet of love was erased എന്ന ലേഖനത്തിന്റെ മലയാള പരിഭാഷയാണിത്. അകമിയത്തിൽ പ്രസിദ്ധീകരിക്കാനായി ലേഖനത്തിന്റെ മലയാള പരിഭാഷക്കുള്ള പ്രസിദ്ധീകരണാനുമതി ചോദിച്ചപ്പോൾ സന്തോഷപൂർവ്വം അദ്ദേഹമത് സമ്മതിക്കുകയുണ്ടായി.

റൂമി(റ), ഹാഫിസ്(റ) തുടങ്ങിയ പ്രശസ്തരായ മുസ്ലിം കവികളുടെ കാവ്യങ്ങളുടെ യഥാർത്ഥവും ആധികാരികവുമായ പേർഷ്യൻ പതിപ്പുകൾ കണ്ടെത്തുന്നതിന് വേണ്ടി ഓരോ ദിവസവും ധാരാളം അഭ്യർത്ഥനകൾ വന്നുകൊണ്ടിരുന്ന വർഷമാണിത്. അഭ്യർത്ഥനകൾ സമാനമായിരുന്നു:
”ഞാൻ അടുത്തമാസം വിവാഹിതനാകുന്നു. എന്റെ പ്രതിശ്രുത വരനും ഞാനും ഞങ്ങളുടെ മുസ്ലിം പശ്ചാത്തലം ആഘോഷമാക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഹാഫീസിന്റെ ഈ കവിതയെ ഞങ്ങളെപ്പോഴും സ്നേഹിക്കുന്നു: ഇതിന്റെ യഥാർത്ഥമായത് ഞങ്ങൾക്ക് അയച്ചുതരാമോ?” അല്ലെങ്കിൽ ”എന്റെ മകൾ ഈ മാസം ബിരുദം നേടുന്നു. ഹാഫിസിന്റെ ഈ കാവ്യ ശകലം അവൾക്ക് വളരെ ഇഷ്ടമാണെന്ന് എനിക്കറിയാം. താങ്കൾക്ക് ഈ കാവ്യശകലത്തിന്റെ ഒറിജിനൽ എനിക്ക് അയച്ചു തരാൻ സാധിക്കുമോ? അങ്ങനെ അയച്ചു തരികയാണെങ്കിൽ ഞങ്ങൾ അവൾക്കായി നടത്തുന്ന ചടങ്ങിൽ എനിക്കത് പാരായണം ചെയ്യാൻ സാധിക്കുമായിരുന്നു.
ഇന്റർനെറ്റ് വഴി സർവ്വവ്യാപിയായി പ്രചരിക്കുകയും പലരും വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്യുന്ന കവിതകൾ വ്യാജമാണെന്നും വ്യാജനിർമ്മിതികളാണവയെന്നും ശീറാസ് ദേശത്തിന്റെ പ്രിയപ്പെട്ടവനും ജനകീയനുമായ ഹാഫിസിന്റെ യഥാർത്ഥ കവിതകളുമായി അതിന് യാതൊരു ബന്ധവുമില്ല എന്നും കാലാകാലങ്ങളിൽ മറുപടി നൽകുന്നതും നിരാശജനകമായ വാക്കുകൾ പറയുന്നതും എനിക്ക് ഹൃദയഭേദകമാണ്.
ഇതെങ്ങനെ സംഭവിച്ചു? ഇന്റർനെറ്റ് വഴി സാർവ്വത്രികമായ ഏറ്റവും ജനപ്രിയവും സ്വാധീനമുള്ളതുമായ, ആത്മീയതയുടെ മുൻനിരയിൽ കാണപ്പെടുന്ന പേർഷ്യൻ കവികളുടെയും സൂഫിയാക്കളുടെയും പേരിൽ പ്രചരിക്കുന്ന ആത്മീയ ഉദ്ധരണികളും കാവ്യങ്ങളും അധികവും വ്യാജമാണോ? മുസ്ലിം ആത്മീയതയെ അതിന്റെ തനത് സ്രോതസ്സുകളെ ഉപേക്ഷിച്ച് അപഹരിച്ചെടുക്കാനുള്ള പാശ്ചാത്യമായ ഈ ത്വര ഇസ്ലാമിനോടുള്ള പാശ്ചാത്യവിദ്വേഷത്തിന്റെ കൗതുകകരമായ കഥയെ വ്യക്തമാക്കുന്നു.
ഹാഫിസിലേക്ക് ചേർത്ത് പറയപ്പെടുന്ന ചില ഉദ്ധരണികൾ നമുക്ക് നോക്കാം:
ഇത്രയും കാലം കഴിഞ്ഞിട്ടും
സൂര്യൻ ഒരിക്കലും ഭൂമിയോട് പറയുന്നില്ല,
നീ എന്നോട് കടപ്പെട്ടിരിക്കുന്നു.
ഇതുപോലുള്ള ഒരു പ്രണയത്തിന് എന്ത് സംഭവിക്കുമെന്ന് നോക്കൂ….
അത് ആകാശം മുഴുവൻ പ്രകാശിപ്പിക്കുന്നു.”
ഇത് ഹാഫിസിൽ നിന്നുള്ളതാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ക്ഷമിക്കണം വ്യാജ കവിതയാണത്.
നിന്റെയും എന്റെയും ഹൃദയങ്ങൾ
വളരെ പഴയ സുഹൃത്തുക്കളാണ്.”
ഇതും വ്യാജമായി ഉദ്ധരിക്കപ്പെടുന്ന വരികളാണ്.
”ഭവനത്തിലെ ഏറ്റവും വിലകുറഞ്ഞ മുറിയാണ് ഭയം.
നിങ്ങൾ മെച്ചപ്പെട്ട അവസ്ഥയിലായി
ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു.”
വരികൾ മനോഹരമാണ്. എന്നാൽ ഇതും ഹാഫിസിന്റേതല്ല.
അടുത്തതായി നിങ്ങൾ ചോദിക്കുക ഇതൊക്കെ വ്യാജമാണോ..? ഹാഫിസിന്റെ പേരിലുള്ള ഈ വ്യാജ ഉദ്ധരണികളെല്ലാം പിന്നെ എവിടെ നിന്ന് വരുന്നു?
അമേരിക്കൻ കവിയായ ഡാനിയൽ ലാഡിൻസ്കി(Daniel Ladinsky) പേർഷ്യൻ കവിയായ ഹാഫിസിന്റെ പേരിൽ 20 വർഷങ്ങളായി കവിതകൾ പ്രസിദ്ധീകരിക്കുന്നു. ഈ ഗ്രന്ഥങ്ങളെല്ലാം ബെസ്റ്റ് സെല്ലറുകളായി മാറിയിരിക്കുന്നു. നിങ്ങൾക്ക് സാധാരണ പ്രാദേശിക ബുക് ഷോപ്പുകളിൽ സൂഫിസം സെക്ഷനിൽ റൂമി(റ)യുടെയും ഖലീൽ ജിബ്രാന്റെയും ഇദ്രിസ് ശാഹ് യുടെയും ഗ്രന്ഥങ്ങൾക്കടുത്തായി ഇവ കാണാം. ധാരാളം ആളുകൾ ഈ ഹാഫിസ് വിവർത്തന ഗ്രന്ഥങ്ങൾ ഇഷ്ടപ്പെടുന്നവരായതിനാൽ ഇത് പറയാൻ എനിക്ക് പ്രയാസമുണ്ട്. ആഴത്തിലുള്ള ജ്ഞാനമുത്തുകളാൽ സമ്പന്നമായ ഇംഗ്ലീഷിലുള്ള മനോഹര കാവ്യങ്ങളാണവ.
നിങ്ങളൊരു പാരമ്പര്യത്തെ സ്നേഹിക്കുന്നുവെങ്കിൽ നിങ്ങൾ സത്യം സംസാരിക്കണം.
പേർഷ്യൻ സൂഫിയായ ഹാഫിസ് ശീറാസി(റ)എന്ന ചരിത്രപുരുഷൻ പറഞ്ഞതുമായി ലാഡിൻസ്കിയുടെ വിവർത്തനങ്ങൾക്ക് യാതൊരു ബന്ധവുമില്ല. അദ്ദേഹം ഇത് സ്വയം നിർമ്മിക്കുന്നു. അവ കൃത്യതയുള്ള വിവർത്തനങ്ങളല്ല എന്ന് ലാൻഡ്സ്കി തന്നെ സമ്മതിച്ചു. 1996 ൽ ഏറ്റവുമധികം വിറ്റഴിഞ്ഞ I Heard God Laughing എന്ന കൃതിയുടെ പേർഷ്യൻ മൂലഗ്രന്ഥത്തെ പറ്റി യാതൊരു അറിവുമില്ലെന്ന് അദ്ദേഹം നിഷേധിച്ചു.
പേർഷ്യക്കാർ കവിതയെ പ്രാധാന്യത്തോടെ പരിഗണിക്കുന്നവരാണ്. ലോകനാഗരികതക്ക് അവർ നൽകിയ ഏകസംഭാവനയായാണ് പലരും അതിനെ പരിഗണിക്കുന്നത്. ഗ്രീക്കുകാർ തത്വചിന്തയിലും പേർഷ്യക്കാർ കവിതയിലും അഗ്രഗണ്യരാണ്. പേർഷ്യൻ കവിതയുടെ മഹത്തായ പവിത്രസ്ഥാനത്ത് ഹാഫിസ്, റൂമി, സഅദി, അത്താർ, നിസാമി, ഫിർദൗസി തുടങ്ങിയവരെല്ലാം അനശ്വരരാണ്. ഇവരിൽ പേർഷ്യൻ ഭാഷയെ നവീകരിച്ച പ്രമുഖനാണ് ഹാഫിസ്.

ഹാഫിസിസിനെ കുറിച്ച് സമീപകാലത്ത് വന്ന ഒരു ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഞാൻ എഴുതി:
”റൂമി ഒരു സമുദ്രം പോലെ നിങ്ങളെ സമീപിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അദ്ധ്യാത്മീകമായ നിഗൂഢതരംഗത്തിന് നിങ്ങൾ കീഴടങ്ങുന്നതുവരെ നിങ്ങളെ വീണ്ടും സമുദ്രത്തിലേക്ക് അലിഞ്ഞുചേരും വരെ വലിച്ചിഴക്കും. മറുവശത്ത് ഓരോ വശവും കൃത്യതയോടെ ഛേദിക്കപ്പെട്ട ഒരു തിളക്കമുള്ള വജ്രം പോലെയാണ് ഹാഫിസ് എന്നും അദ്ദേഹത്തിന്റെ കാവ്യങ്ങളിൽ നിന്ന് നിങ്ങൾക്ക് ഒരു വാക്ക് ചേർക്കാനോ നീക്കം ചെയ്യാനോ സാധിക്കില്ല എന്നും ഞാൻ എഴുതിയിരുന്നു.. അതിനാൽ ഭാഷ അറിയില്ലെന്ന് സമ്മതിക്കുന്ന ഒരാൾ ഈ കവിതകൾ വിവർത്തനം ചെയ്യുന്നത് എങ്ങനെയാണ്? ലാഡിൻസ്കി ഹാഫിസിന്റെ പേർഷ്യനിൽ എഴുതപ്പെട്ട മൗലിക കൃതിയിൽ നിന്നല്ല പരിഭാഷ നിർവ്വഹിച്ചത്.
വിക്ടോറിയൻ അക്ഷര വിവർത്തനങ്ങൾ അവലംബിച്ച് അമേരിക്കൻ സ്വതന്ത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്തുകൊണ്ട് റൂമിയെ പരാവർത്തനം ചെയ്യുന്ന ചില പതിപ്പുകളിൽ നിന്ന് (കോൾമാൻ ബാർക്ക്സ് ഇതിൽ ഏറ്റവുമധികം സംഭാവനകൾ നൽകിയ വ്യക്തിയാണ്) വ്യത്യസ്തമായി ഹാഫിസിന്റെ കവിതകളുടെ യഥാർത്ഥ സൗന്ദര്യമൂല്യവുമായി ലാഡിൻസ്കിക്ക് യാതൊരു ബന്ധവുമില്ല. ഒരു സ്വപ്നത്തിൽ ഹാഫിസ് തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടെന്നും താൻ പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് വിവർത്തനങ്ങൾ അദ്ദേഹം തനിക്ക് കൈമാറിയെന്നും ലാഡിൻസ്കി അവകാശപ്പെടുന്നു.
‘ഈ കൃതിയുടെ രചനാവേളയിൽ ആറ് മാസം പിന്നിട്ടപ്പോൾ ഞാൻ അമ്പരപ്പിക്കുന്ന ഒരു സ്വപ്നം കണ്ടു. അതിൽ അനന്തമായ ജലധാരയ്ക്കുമേൽ ഉദിച്ച സൂര്യനായി ഞാൻ ഹാഫിസിനെ കണ്ടു. തന്റെ കവിതയുടെ നൂറുക്കണക്കിന് വരികൾ എനിക്ക് ഇംഗ്ലിഷിൽ പാടി തന്നു. തന്റെ അന്വേഷകർക്കും അനുവാചകർക്കും ഈ സന്ദേശം നൽകാൻ ആവശ്യപ്പെട്ടു.
ആളുകളുമായും അവരുടെ സ്വപ്നങ്ങളുമായും തർക്കിക്കാൻ ഞാൻ ആളല്ല. എന്നാൽ വിവർത്തനം ഇങ്ങനെയല്ല സംഭവിക്കേണ്ടത് എന്ന് എനിക്കുറപ്പുണ്ട്. പേർഷ്യൻ സാഹിത്യത്തിലും ഉർദുസാഹിത്യത്തിലും അഗാധപാണ്ഡിത്യമുള്ള ക്രിസ്റ്റഫർ ഷാക്ലേ (Christopher Shackle) ലാഡിൻസ്കിയുടെ പരിഭാഷയെ കുറിച്ച് പറഞ്ഞത് പേർഷ്യൻ കാവ്യപാരമ്പര്യത്തിലെ മഹാനായ ആചാര്യന്റെ അത്ഭുതകരമായ ആവിഷ്കാര ശൈലിയുടെ ഒരു പാരഡിയല്ലാതെ ഒരു ഖണ്ഡിക പോലും ഹാഫിസിന്റേതായി അദ്ദേഹത്തിന്റെ കൃതികളിലില്ല എന്നാണ്, മറ്റൊരു വിമർശനം മുറാദ് നിഅ്മത്ത് നജാത്ത് ഉന്നയിക്കുന്നുണ്ട്: ലാഡിൻസ്കിയുടെ സ്വന്തം കവിതകൾ പരിഭാഷയുടെ പ്രച്ഛന്ന വേഷത്തിലാണുള്ളത്.

omid safi

അഭിനന്ദിക്കേണ്ടതിനെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ലാഡിൻസ്കിയുടെ കവിതകൾ എനിക്കിഷ്ടമാണ്. അവയിൽ മിസ്റ്റിക്കൽ ഉൾക്കാഴ്ചകൾ ഉള്ളടങ്ങിയിരിക്കുന്നു. ലാഡിൻസ്കി ഹാഫിസിലേക്ക് ചേർത്തു പറയുന്ന ചില പ്രസ്താവനകൾ വാസ്തവത്തിൽ പല മിസ്റ്റിക്കുകളിൽ നിന്നും നാം കേൾക്കുന്നതു തന്നെയാണ്. തീർച്ചയായും അദ്ദേഹം ഒരു അനുഗ്രഹീത കവി തന്നെയാണ്. ഉദാഹരണത്തിന് ഈ വരികൾ നോക്കുക.
‘നീ ഏകാന്തതയിലോ ഇരുട്ടിലോ ആയിരിക്കുമ്പോൾ
നിന്റെ ഉൺമയുടെ വിസ്മയാവഹമായ പ്രകാശത്താൽ
ഞാൻ നിന്നെ കാണിക്കാൻ ആഗ്രഹിക്കുന്നു.”
വളരെ ശക്തമായ വരികളാണവ. ഇരുപതാം നൂറ്റാണ്ടിലെ സൂഫി ഗുരുക്കൾ ഉൾപ്പെടെ നിരവധി ഗുപ്തജ്ഞാനികൾ തങ്ങളുടെ ശിഷ്യന്മാർക്ക് തങ്ങളെ തന്നെ കാണാനും തങ്ങളിലുള്ള മൂല്യങ്ങളെ കാണാനും ഉൾക്കാഴ്ചയുള്ള ഇത്തരം മൊഴികൾ പ്രസ്താവിക്കുന്നു. അതിനാൽ ലാൻഡിസ്കിയുടെ കവിതകൾ നിഗൂഢ സൗന്ദര്യമുള്ളതും മഹത്തരവുമാണ്. അതുകൊണ്ട് തന്നെയാണ് ഹാഫിസ് ശീറാസിയുടെ ഉൾക്കാഴ്ചയേകുന്ന മിസ്റ്റിക്കൽ രചനകളുടെ പട്ടികയിൽ അവ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവിടെ പ്രശ്നം ഹാഫിസ് ശീറാസി അങ്ങനെയൊന്നും പറഞ്ഞില്ല എന്നതാണ്. സെന്റ് ലൂയിസിലെ ഡാനിയൽ ലാഡിൻസ്കിയാണ് അങ്ങനെ പറഞ്ഞിട്ടുള്ളത് താനും.
ഈ കവിതകൾ തീർച്ചയായും മനോഹരമായത് തന്നെയാണ്. എന്നാലത് ഹാഫിസിന്റേതല്ല. അവ ഹാഫിസിലേക്ക് ചേർത്ത് പറയപ്പെട്ടവയാണ്. ഹാഫിസ് എന്തുപിഴച്ചു? ലാഡിൻസ്കി ഹാഫിസിലേക്ക് തന്റെ കൃതികൾ ചേർത്ത് പറയുന്നതിനുപകരം സ്വന്തം പേരിൽ സ്വന്തം കൃതികൾ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ എന്ന് നാം ആഗ്രഹിക്കുന്നു.
ലാഡിൻസ്കിയുടെ വിവർത്തനങ്ങൾ ബി.ബി.സി.യും മറ്റും പുറത്തുവിട്ടിട്ടുണ്ട്. പേർഷ്യൻ ഭാഷ സംസാരിക്കുന്നവരും ഇറാനികളും ചേരുന്ന പരിപാടികളിൽ സർക്കാർ ഉദ്യോഗസ്ഥർ അവ ഉപയോഗിച്ചു. ഇതാകട്ടെ പാശ്ചാത്യസമൂഹത്തിന് പൗരസ്ത്യമായ ഉൾക്കാഴ്ച പകരുന്നതിന്റെ ഭാഗമായാണ്. ഇത് ലാഡിൻസ്കിയുടെ മഹത്വമാണ്. എന്നാൽ നാം നഷ്ടപ്പെടുത്തുന്നത് യഥാർത്ഥ ഹാഫിസിനെ കേൾക്കാനുള്ള അവസരമാണ്. ലജ്ജാകരമാണിത്. അപ്പോൾ യഥാർത്ഥ ഹാഫിസ് എവിടെ..?
അദ്ദേഹം പേർസ്യൻ സംസാരിക്കുന്ന ഒരു സൂഫിയും മുസ്ലിമുമായിരുന്നു. അദ്ദേഹത്തിന്റെ പ്രണയകാവ്യങ്ങളുടെ ജനപ്രീതിയും സ്വാധീനവും പരിഗണിക്കുമ്പോൾ മൗലാനാ റൂമി(റ) മാത്രമാണ് അദ്ദേഹത്തോട് കിടപിടിക്കുന്ന മറ്റൊരു കവി. ഹാഫിസിന്റെ യഥാർത്ഥ നാമം മുഹമ്മദ് എന്നും അദ്ദേഹം വിളിക്കപ്പെട്ടത് ശംസുദ്ദീൻ എന്നുമായിരുന്നു. ഖുർആൻ മുഴുവനായും മന:പാഠമാക്കിയതിനാലാണ് അദ്ദേഹത്തിന് ഹാഫിസ് എന്ന നാമം സിദ്ധിച്ചത്. അദ്ദേഹത്തിന്റെ കാവ്യസമാഹാരമായ ദിവാൻ, ലിസാനുൽ ഗയ്ബ് (the Tongue of the Unseen Realms) എന്നാണ് അറിയപ്പെട്ടത്. പ്രമുഖ ഇസ്ലാമിക പണ്ഡിതനായിരുന്ന ശഹാബ് അഹ്മദ് ഹാഫിസിന്റെ ദീവാനെ കുറിച്ച് പറയുന്നത് ഇസ്ലാമിക ചരിത്രത്തിൽ വളരെ വ്യാപകമായി പകർത്തപ്പെട്ട വിതരണം ചെയ്യപ്പെട്ട വ്യാപകമായി വായിക്കപ്പെട്ട വളരെയേറെ മന:പാഠമാക്കപ്പെട്ട വളരെയേറെ പാരായണം ചെയ്യപ്പെട്ട പ്രചാരം സിദ്ധിച്ച ഒരു കൃതിയാണത് എന്നാണ്. പല സംവാദങ്ങൾക്കും കാരണമായ ഈ കൃതിയും രചയിതാവും വളരെയേറെ പിന്തുടരപ്പെടുന്നു. പേർഷ്യനിലെ ഗസൽ പാരമ്പര്യത്തിന്റെ ഭാഗമായാണ് ഹാഫിസിന്റെ കവിതകൾ പരിഗണിക്കപ്പെടുന്നത്.
ഹാഫിസിന്റെ ലോക വീക്ഷണം മധ്യകാല ഇസ്ലാമിക സമൂഹത്തിൽ നിന്നും പേർഷ്യൻ പ്രണയകാവ്യ പാരമ്പര്യങ്ങളിൽ നിന്നും മറ്റ് പലതിൽ നിന്നും വേർപിരിക്കാനാവാത്തതാണ്. ആസ്വാദ്യകരമായ ഈ പാരമ്പര്യത്തിൽ നിന്നും അദ്ദേഹത്തെ അടർത്തി മാറ്റൽ അസാദ്ധ്യമാണ്. അദ്ദേഹം ഒരു മിസ്റ്റിക്കായിരുന്നു. അദ്ദേഹം വ്യാജ മിസ്റ്റിക്കുകളെ പരിഹസിക്കുന്നുണ്ടെങ്കിലും. അദ്ദേഹത്തിന്റെ സ്വന്തം നാമം ഖുർആൻ മന:പാഠമാക്കിയവൻ എന്നാണ്. മതപരമായ കാപട്യത്തെ അദ്ദേഹം വെറുക്കുന്നു. അദ്ദേഹത്തിന്റെ കവിതയിലെ ലഹരിയെയും വീഞ്ഞിനെയും കുറിച്ചുള്ള പരാമർശങ്ങൾ കേവലം അക്ഷരാർത്ഥത്തിലുള്ളതല്ല. അവയെല്ലാം പ്രതീകാത്മകങ്ങളാണ്. ഹാഫിസിന്റെ കവിതയുടെ മഹത്തരമായ ഭാഗം അതിന്റെ അവ്യക്തതയാണ്. മാനസിക ചികിത്സാർത്ഥമുള്ള ഒരു മന:ശാസ്ത്ര പരിശോധന പോലെ(Rorschach psychological test) കവിതയിലുള്ള ഒരു മന:ശാസ്ത്ര സമീപനമാണിത്. ആത്മജ്ഞാനികൾ സ്വന്തം ആന്തരിക അഭിവാജ്ഞയുടെ അടയാളമായും മദ്യപാനികളും മതവിരുദ്ധരും തങ്ങൾക്കനുകൂലമായും മതവിരുദ്ധമെന്ന് തോന്നുന്ന വീഞ്ഞുപാനം പോലുള്ള പ്രതീകങ്ങങ്ങളെ പരിഗണിക്കുന്നു. ഇതിന് കൃത്യമായ ബാഹ്യാർത്ഥം നൽകി അത് ഹാഫിസിൽ ആരോപിക്കുന്നത് വ്യർത്ഥമായ വ്യായാമമാണ്. ഇത് ഹാഫിസ് എന്താണോ ഉദ്ദേശിക്കുന്നത് അതിൽ നിന്ന് അദ്ദേഹത്തെ കവർന്നെടുക്കലാണ്.
ഇറാനിലെ മനോഹര നഗരമായ ശീറാസിലാണ് ഹാഫിസ്(റ)യുടെ മസാർ. പുതുതായി വിവാഹിതരായ ഇറാനിയൻ ഇണകൾ മധുവിധു ആഘോഷമാക്കാൻ തിരഞ്ഞെടുക്കുന്ന ജനകീയമായ ഒരു തീർത്ഥാടന കേന്ദ്രമാണിത്. റൂമി(റ)യുടെയും സഅദി(റ)യുടെയും കവിതകൾക്കൊപ്പം ഹാഫിസിന്റെ കവിതകളും ഇറാനിലെ പ്രധാനപ്പെട്ടവരും അഗ്രഗണ്യരുമായ ഗായകർ പാടുന്നു. ഹാഫിസിന്റെ സ്വാധീനം മിസ്റ്റിക്കുകളായ മറ്റ് പല പേർഷ്യൻ കവികളെയും പോലെ സമകാലിക ഇറാനേക്കാളും പേർഷ്യൻ സംസ്കാരം സ്വാധീനം ചെലുത്തിയ ഇന്ത്യയും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമുൾപ്പെടെയുള്ള പ്രദേശങ്ങളിലും ഓട്ടോമൻ മേഖലകളിലും വ്യാപിച്ചുകിടക്കുകയാണ്. ഏകദേശം ഒരു സഹസ്രാബ്ദത്തോളം ബംഗാൾ മുതൽ ബോസ്നിയ വരെയുള്ള പ്രദേശങ്ങളിലെ സാഹിത്യഭാഷയായിരുന്നു പേർഷ്യൻ ഭാഷ. സങ്കടകരമായ വസ്തുത സമീപകാലത്ത് രൂപപ്പെട്ടുവന്ന ദേശീയവും ഭാഷാപരവുമായ ബാരിക്കേഡുകൾക്കടിയിൽ ഈ പേർഷ്യൻ പാരമ്പര്യങ്ങളെല്ലാം കുഴിച്ചുമൂടപ്പെട്ടു.
ഒരു പരിധിവരെ റൂമിയുമായി ബന്ധപ്പെട്ട് കണ്ടതുപോലെയുള്ള ചില കാര്യങ്ങൾ നാമിവിടെ കാണുന്നു. ശിറാസിലെ മുസ്ലിമായ ആത്മജ്ഞാനിയായ അതീന്ദ്രീയനായ ഹാഫിസിനെ ഇസ് ലാമുമായോ പേർഷ്യൻ പാരമ്പര്യവുമായോ യാതൊരു ബന്ധവുമില്ലാത്ത ഒരു അമേരിക്കൻ വെള്ളക്കാരൻ ഏറ്റെടുക്കുന്നു. ഇത് ആത്മീയ കൊളോണിയലിസവും തമസ്കരണവുമാണ്. ഇത് ലജ്ജാകരമാണ്. കാരണം ഷേക്സ്പിയർ, ടോണി മോറിസൺ, ടാഗോർ, വിറ്റ്മാൻ, പാബ്ലോ നെരൂദ, റൂമി താവോ സെ ചിംഗ്, മഹ്മൂദ് ദർവീശ് എന്നിവരോടൊപ്പം ഹഫീസിന്റെ കവിതകളും ലോകവ്യാപകമായി വായിക്കപ്പെടാൻ യോഗ്യമാണ്.
2013 ലെ ഒരു അഭിമുഖത്തിൽ ലാഡിൻസ്കി ഹാഫിസിന്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട കവിതകളെ കുറിച്ച് പറഞ്ഞു:
”ഇത് ശരിക്കും ഹാഫിസാണോ ഡാനിയാണോ എന്നെനിക്കറിയില്ല. ഇത് ശരിക്കും പ്രശ്നമാണോ?”
ഇത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഭാഷയുടെയും സമുദായത്തിന്റെയും അധികാരത്തിന്റെയും പ്രശ്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇത് കേവലം ഒരു വിവർത്തന തർക്കത്തിന്റെയോ വിവർത്തനത്തിന്റെ ഒരു സമാന്തര രീതിയുടെയോ പ്രശ്നമല്ല. ഇത് അധികാരത്തിന്റെയും പ്രിവിലേജിന്റെയും തമസ്കരണത്തിന്റെയും ഒരു പ്രശ്നമാണ്. ഏത് പുസ്തകശാലകളിലും പരിമിതമായ ഒരു ഇടമുണ്ട്. നമ്മളവിടെ യഥാർത്ഥ റൂമിയെയോ ഹാഫിസിനെയോ കാണുന്നുണ്ടോ? അല്ലെങ്കിൽ അവരുടെ പേരുമായി ശരിയായ വിധം യോജിക്കുന്ന എന്തെങ്കിലും. ഫാർസി ഭാഷയുമായി എന്തെങ്കിലും ബന്ധമുള്ളവരെ സമീപിക്കാതെ ഒറിജിനൽ കൃതി പരിശോധിക്കാതെ പ്രസാധകർ ഹാഫിസിന്റെ പേരിൽ എന്തുകൊണ്ടാണ് പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നത്? അവർക്കെങ്ങനെയാണത് സാധിക്കുന്നത്? അർത്ഥവത്തായ ഈ തീരുമാനങ്ങൾ എടുക്കുമ്പോൾ നൂറ്റാണ്ടുകളായി ഹാഫിസ് കവിതകളിൽ ജീവിക്കുന്ന സമുദായങ്ങളുമായി ബന്ധപ്പെട്ട ആരെങ്കിലും ആ മുറിയിലുണ്ടായിരുന്നോ?
ഹാഫിസിന്റെ കവിതകൾ അലമാരകളിൽ പൊടിപിടിച്ചുകിടക്കുന്ന ഒന്നല്ല. ദശലക്ഷക്കണക്കിന് മനുഷ്യരുടെ കാവ്യാത്മകവും മതപരവുമായ ഭാവനയുടെ ഇപ്പോഴും തുടരുന്ന ജീവൻ തന്നെയാണത്. ഹാഫിസിന് മുഴുവൻ ലോകത്തോടും പലതും പറയാനും പാടാനുമുണ്ട്. ഖുർആൻ ഹൃദയത്തിൽ സൂക്ഷിച്ച ഹാഫിസിനെ പോലെ ഹാഫിസിനെ ഹൃദയത്തിൽ സൂക്ഷിച്ച ദശ ലക്ഷക്കണക്കിന് മനുഷ്യരിൽ നിന്നും ഹാഫിസിനെ മായ്ക്കുന്നതിനും കവർന്നെടുക്കുന്നതിനും തുല്യമാണത്. അധികാരമേറ്റയുടനെ ഇസ്ലാം നമ്മെ വെറുക്കുന്നു എന്ന ഇസ്ലാമോ ഫോബിക് പ്രചരണത്തിന് നേതൃത്വം നൽകുകയും ക്രൂരമായി മുസ്ലിം കുടിയേറ്റത്തെ നിരോധിക്കുകയും ചെയ്ത ഒരു പ്രസിഡന്റ് ഭരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. എഡ്വേർഡ് സൈദും മറ്റ് ദാർശനികരും നമ്മെ ഓർമ്മപ്പെടുത്തിയിട്ടുണ്ട് സംസ്കാരത്തിന്റെ ലോകം രാഷ്ട്രീയ ലോകത്ത് നിന്ന് വേർതിരിക്കാനാവില്ല.
മുസ്ലിംകളുടെ കിരീട രത്നങ്ങളായ കവിതകളെ പരിഭാഷപ്പെടുത്തുക എന്നതിലുപരി അവയുമായി യാതൊരു ബന്ധവുമില്ലാത്ത കവിതകൾക്ക് ഒരലലങ്കാരമായി അവയെ ഉപയോഗപ്പെടുത്തിക്കൊണ്ട് നമ്മുടേതാക്കി മാറ്റുകയും അതോടൊപ്പം മുസ്ലിംകളെ നമ്മുടെ അതിരുകൾക്കപ്പുറത്തേക്ക് മാറ്റി നിർത്തുകയും ചെയ്യുന്നതിൽ കുടിലമായതെന്തോ തീർച്ചയായുമുണ്ട്. ഇത് രണ്ടിനെയും തുല്യപ്പെടുത്താതിരിക്കുക എന്നതിന്റെ ബലതന്ത്രം മറ്റൊരു കാര്യത്തെ ഓർമ്മപ്പെടുത്തുകയാണ്. ഒരേ സമയം വെളുത്ത അമേരിക്ക കറുത്തവന്റെ സംഗീതത്തോടും സംസ്കാരത്തോടും നിരന്തരമായ അഭിനിവേഷം കാട്ടുമ്പോൾ തന്നെ അതേ സമയം കറുത്തവനെ ശ്വസിക്കാൻ പോലും വിടാത്ത വ്യവസ്ഥകളുടെയും സ്ഥാപനങ്ങളുടെയും നിരന്തരമായ നിലനിൽപിന് പരിശ്രമിക്കുകയും ചെയ്യുന്നു.
അന്തിമമായ ഒരു കാര്യമുണ്ട്. ലാഡിൻസ്കി ചെയ്തതുപോലെ ഇസ്ലാമിനെ റൂമിയിൽ നിന്നും ഹാഫിസിൽ നിന്നും വേർപ്പെടുത്തുക എന്നത് തീർച്ചയായും അക്രമമാണ്. റൂമിയെയും ഹാഫിസിനെയും ഇസ്ലാമിൽ നിന്ന് പുറത്താക്കുന്നത് മറ്റൊരു കാര്യമാണ്. അത് മറ്റൊരു വിഷയമാണ്. കാവ്യം, സൂക്ഷ്മ ഭാവങ്ങൾ, കാരുണ്യം, സ്നേഹം, ആത്മാവ്, സൗന്ദര്യം എന്നിവയുടേതായ ഒരു ലോകത്തിൽ വേരൂന്നിയിട്ടുള്ള ഒരു വിശ്വാസത്തെ കുറിച്ച പുനർഭാവന രൂപപ്പെടുത്തുവാൻ ഉള്ള മുസ്ലിമീങ്ങളുടെ ഉത്തരവാദിത്തം കൂടിയാണത്. മുസ്ലിം ആത്മജ്ഞാനികളെ തട്ടിമാറ്റി ഏറ്റെടുക്കുകയും അവരുടെ പൈതൃകത്തിൽ നിന്ന് അവരുടെ തന്നെ സാന്നിദ്ധ്യത്തെ മായിച്ചുകളയുകയും ചെയ്യുന്നതിനെയും വിമർശിക്കുക എന്നത് മാത്രം തൃപ്തിപ്പെട്ട് നിൽക്കുന്നതിനു പകരം റൂമി(റ), ഹാഫിസ്(റ) എന്ന് തുടങ്ങിയ വ്യക്തിത്വങ്ങൾ കേന്ദ്ര ശബ്ദങ്ങളായി നിലകൊള്ളുന്ന ഒരിസ്ലാമിനെ പുനർവിഭാവന ചെയ്യുക എന്നുള്ളതും നമ്മുടെ മേലുള്ള ഉത്തരവാദിത്തമാണ്. സംവേദനാത്മകതയുള്ള പലരും ആഹ്വാനം ചെയ്തിട്ടുള്ളതും ദീപ്തമായ പാഠ്യക്രമങ്ങൾ(Illuminated Courses) പോലെയുള്ള സംരംഭങ്ങളിലൂടെ മുന്നോട്ടുവെച്ചതുമായ കാര്യങ്ങളുടെ ഭാഗമായ ഒരു സംഗതി കൂടിയാണിത്. ഒരു വാക്കു കൂടി…ഇത് ഹാഫിസാണ്….ഹഫീസ് അല്ല…..

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy