നീ എന്ന അമാനത്തിൽ നിനക്കെന്ത് അധികാരം?

ഫത്ഹു റബ്ബാനി: സദസ്സ്: 2, തുടർച്ച: 2
ഗൗസുൽ അഅ്ളം മുഹിയിദ്ദീൻ അബ്ദുൽ
ഖാദിർ ജീലാനി(റ):

നിങ്ങളുടെ ഹൃദയങ്ങൾക്ക് അമാനത്തിന് നേരെ ഇത്രയേറെ കാഠിന്യം വർദ്ധിച്ചതിനു കാരണമെന്ത്? തീർച്ചയായും നിങ്ങൾക്കിടയിൽ നിന്ന് കാരുണ്യം വറ്റിപ്പോയിരിക്കുന്നു. ശരീഅത്തിന്റെ വിധി വിലക്കുകൾ ഒഴിഞ്ഞുപോയിരിക്കുന്നു. അമാനത്ത് നിങ്ങളുടെ വശമാണുള്ളത്. (അതിന്റെ നിബന്ധനകൾ പാലിക്കാതെ) നിങ്ങളത് തീർച്ചയായും അവഗണിച്ചു. അതിൽ നിങ്ങൾ വഞ്ചന പ്രവർത്തിച്ചു. (ഇവിടെ അമാനത്ത് എന്നതുകൊണ്ട് വിവക്ഷിക്കുന്നത് മനുഷ്യന് അല്ലാഹു നൽകിയ സർവ്വവിധ അനുഗ്രഹങ്ങളുമാണ്. ഉൺമയും നിലനിൽപും ഗുണഗണങ്ങളും അനക്കമടക്കങ്ങളും രൂപവും ആകൃതിയും ബാഹ്യവും ആന്തരികവുമായ അതിന്റെ നിലനിൽപിന് ആധാരമായ സർവ്വ അനുഗ്രഹങ്ങളും അല്ലാഹു മനുഷ്യന് നൽകിയത് അമാനത്തായി മാത്രമാണ്. ഈ അമാനത്തുകളെ ഒരിക്കലും അവൻ മനുഷ്യന് ഉടമപ്പെടുത്തി നൽകിയിട്ടില്ല. ആയതിനാൽ അമാനത്തിൽ വഞ്ചന ചെയ്യാതെ അതിന്റെ സംരക്ഷകരും കാവൽക്കാരുമായി നാം മാറുകയും സത്യസന്ധതയോടെ അമാനത്ത് ഏൽപിച്ച യഥാർത്ഥ ഉടമയുടെ ഇഷ്ടങ്ങൾക്കൊത്ത് നാം അതിനെ ഉപയോഗിക്കുകയുമാണ് വേണ്ടത്. ഇത് പരിഗണിക്കാതെ അമാനത്തിനോട് വഞ്ചന ചെയ്യുന്നവന് സർവ്വനാശമാണ് വരാനിരിക്കുന്നത് എന്നാണ് തുടർന്ന് വിശദീകരിക്കുന്നത്.)
നിനക്ക് സർവ്വനാശം. നീ അമാനത്തിനെ ചേർത്തുപിടിക്കുന്നില്ലെങ്കിൽ അപ്രകാരം പ്രവർത്തിക്കാൻ നിനക്ക് സാധിച്ചില്ലെങ്കിൽ അടുത്ത സമയം തന്നെ നിന്റെ കണ്ണുകൾ സജലങ്ങളാവും. നിന്റെ കൈകാലുകൾ കോർത്തു ബന്ധിക്കപ്പെടും. അല്ലാഹു അവന്റെ ഔദാര്യത്തിന്റെ കവാടം നിന്റെ മുന്നിൽ അടച്ചുപൂട്ടിക്കളയും. അവന്റെ സൃഷ്ടികളുടെ ഹൃദയങ്ങളിൽ നിന്നോട് കാഠിന്യമിട്ടുകൊടുക്കും. നിനക്ക് വല്ലതും നൽകുന്നതിനെ തൊട്ട് അവരെ അവൻ തടയും. അതിഗാംഭീര്യതയും മഹത്വവുമുടയവനായ നിങ്ങളുടെ രക്ഷിതാവിങ്കൽ നിങ്ങളുടെ ശിരസ്സുകൾ നിങ്ങൾ സംരക്ഷിക്കുക തന്നെ വേണം. അവനെ നിങ്ങൾ സൂക്ഷിക്കുക തന്നെ വേണം. തീർച്ചയായും അവന്റെ പിടുത്തം അതികഠിനവും വേദനാഭരിതവുമാണ്. നിങ്ങളുടെ വിശ്വസ്ഥതയിൽ നിന്ന്, നിങ്ങളുടെ ദേഹാരോഗ്യത്തിൽ നിന്ന്, നിങ്ങളുടെ ഗാംഭീര്യതയിൽ നിന്ന്, നിങ്ങളുടെ വ്യാജാഭിമാനങ്ങളിൽ നിന്ന് നിങ്ങളെ അവൻ പിടിക്കും. അവനെ നിങ്ങൾ ഭയപ്പെടുക. അവൻ ആകാശങ്ങളുടെ ഉടമസ്ഥനാണ്. ഭൂമിയുടെ ഉടമയാണ്. അവൻ നൽകുന്ന അനുഗ്രഹങ്ങളെ നിങ്ങൾ കൃതജ്ഞത ചെയ്ത് നിലനിർത്തുക. അവന്റെ ആജ്ഞകളെയും നിരോധനങ്ങളെയും അനുസരണത്താലും വഴിപ്പെടൽ കൊണ്ടും വിലമതിക്കുക. പ്രയാസം ക്ഷമയാലും എളുപ്പം നന്ദികൊണ്ടും നേരിടുക. ഇപ്രകാരം നിങ്ങൾക്കു മുമ്പ് കഴിഞ്ഞുപോയ അമ്പിയാ മുർസലുകളും സദ് വൃത്തരും സൗകര്യങ്ങളുടെ പേരിൽ കൃതജ്ഞരും ഞെരുക്കങ്ങളുടെ പേരിൽ അവർ ക്ഷമാശീലരുമായിരുന്നു.
പാപകർമ്മങ്ങളാകുന്ന ഭക്ഷണ തളികകളുപേക്ഷിച്ച് നിങ്ങൾ എഴുന്നേൽക്കുക. പുണ്യകർമ്മങ്ങളാകുന്ന സുപ്രകൾക്ക് ചുറ്റുമിരുന്ന് നിങ്ങൾ ഭക്ഷിക്കുക. നിങ്ങൾക്ക് ഐശ്വര്യവും എളുപ്പവും സംജാതമാകുമ്പോൾ അവന്റെ നിയമശാനകളെ നിങ്ങൾ പ്രത്യേകം സൂക്ഷിക്കുന്നവരാവുക. അതോടൊപ്പം അവനോട് നിങ്ങൾ കൃതജ്ഞരാവുക. നിങ്ങൾക്ക് ഞെരുക്കവും പ്രയാസവും വരുന്ന വേളകളിൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളെയോർത്ത് പശ്ചാത്തപിക്കുക. നിങ്ങളുടെ ശരീരങ്ങളിൽ പശ്ചാത്തപത്തിന്റെ ചിത്രം കൊത്തിപ്പതിപ്പിക്കുക. തീർച്ചയായും അല്ലാഹു; ”തന്റെ അടിമകളെ ദ്രോഹിക്കുന്നവനല്ല.”
മരണവും അനന്തരമുള്ള ഭവിഷ്യത്തുകളും നിങ്ങൾ ഓർമ്മിക്കുക. ഗാംഭീര്യമുടയവനും പ്രതാപപൂർണ്ണനുമായ രക്ഷിതാവിനെയും അവന്റെ വിചാരണയെയും നിങ്ങളിലേക്കുള്ള അവന്റെ നിരീക്ഷണത്തെയും നിങ്ങൾ ഓർമ്മിക്കുക.
ഉണരുക ജനങ്ങളേ…ഇനിയും ഈ നിദ്ര ഏത് വരെ? പാഴ് ജീവിതവഴികളിലെ ഈ സഞ്ചാരം ഏത് വരെ? സാധാരണത്വത്തോടും ദേഹേച്ഛകളോടും നഫ്സിനോടുമുള്ള ഈ അനുരഞ്ജന സമീപനം ഏത് വരെ? ഈ അജ്ഞത ഏത് വരെ? നിങ്ങൾ അല്ലാഹു തആലയുടെ വിധിവിലക്കുകളോട് യോജിച്ചും അവന് വഴിപ്പെട്ടും അച്ചടക്കത്തോടെ വർത്തിക്കാത്തത് എന്തുകൊണ്ട്? വഴിപ്പെടൽ എന്നത് സഹജശീലങ്ങളുപേക്ഷിക്കലാണ്. വിശുദ്ധ ഖുർആനിന്റെയും പ്രവാചക വചനങ്ങളുടെയും സുസന്ദേശങ്ങൾ കൊണ്ട് നിങ്ങൾ മര്യാദ പാലിക്കാത്തതെന്ത് കൊണ്ട്?
യാ ഗുലാം…
മൂഢനിദ്രയിൽ, വിസ്മൃതിയിൽ, അജ്ഞതയിൽ, അന്ധതയിലെല്ലാമായി നീ ജനങ്ങളോട് സഹവസിക്കരുത്. ഉള്ളുണർവ്വോടെ പ്രുബുദ്ധാവസ്ഥയിലായി ജ്ഞാനത്തിലും അകക്കാഴ്ചയിലുമായി നീ അവരോട് സഹവസിക്കുക. പ്രശംസാർഹമായത് നീ അവരിൽ കണ്ടാൽ അത് നീ അനുകരിക്കുക. വർജ്ജിക്കേണ്ടവ നീ അവരിൽ കണ്ടാൽ നീ അതുപേക്ഷിക്കുക. അവരെയും അതിനെ തൊട്ട് വിരോധിക്കുക. നിങ്ങൾ അല്ലാഹുവിനെ സംബന്ധിച്ച് പൂർണ്ണമായും അജ്ഞാന നിദ്രയിലാണ്. അവനെ സംബന്ധിച്ച് നിങ്ങൾ പ്രബുദ്ധരാവുക. പള്ളികളോട് നിങ്ങൾ സദാ ഗാഢബന്ധം പുലർത്തുക. നബി(സ്വ)തങ്ങളുടെ മേൽ സ്വലാത്തുകൾ ചൊല്ലൽ നിങ്ങൾ അധികരിപ്പിക്കുക. തീർച്ചയായും തിരുനബി(സ്വ)തങ്ങൾ മൊഴിഞ്ഞിരിക്കുന്നു:
”ആകാശത്തിൽ നിന്ന് അഗ്നിയിറങ്ങുകയാണെങ്കിൽ പള്ളികളോട് ബന്ധപ്പെട്ടവരല്ലാതെ ആരും അതിൽ നിന്ന് രക്ഷപ്പെടുകയില്ല.”
നിങ്ങൾ നിസ്കാരത്തിൽ നിന്ന് വിരമിക്കുമ്പോൾ ഹഖ് തആലയോടുള്ള നിങ്ങളുടെ പ്രണാമം മുറിഞ്ഞുപോയി. അതുകൊണ്ടാണ് നബി(സ്വ) തങ്ങൾ ഇപ്രകാരം മൊഴിഞ്ഞിട്ടുള്ളത്:
”അടിമ തന്റെ രക്ഷിതാവിനോട് ഏറ്റവും സമീപസ്ഥനാകുന്നത് അവൻ സുജൂദിലായിരിക്കുമ്പോഴാണ്.”
നിനക്കുനാശം; നീ അർത്ഥാന്തരപ്പെടുത്തലും ഉപാദി സങ്കൽപിക്കലും ഏത് വരെയാണ്. രണ്ടാന്തരം അർത്ഥജൽപനത്തിലൂടെ സഞ്ചരിക്കുന്നവൻ കുടില ചിത്തനാണ്. ദൃഢനിശ്ചയമെന്ന കപ്പലിൽ നാം കയറുകയും ഇജ്മാഅ്നോട് താദാത്മ്യപ്പെടുകയും നമ്മുടെ ഓരോ കർമ്മങ്ങളിലും നാം ഹൃദയശുദ്ധിക്കുവേണ്ടി യത്നിക്കുകയും ചെയ്തിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. അവ നമ്മെ സ്ഥാനവലിപ്പവും അന്തസ്സുമുള്ള അല്ലാഹുവിങ്കൽ വിമോചിതരാക്കുകയും ചെയ്യുമായിരുന്നു. നാം രണ്ടാമത്തെ അർത്ഥം സ്വീകരിക്കുകയും ഒഴിവുകഴിവ് കണ്ടെത്തുവാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നാൽ എങ്ങനെയാണ് നമുക്കത് സിദ്ധിക്കുക? ദൃഢനിശ്ചയവും അതുമായി ബന്ധപ്പെട്ട ഗുണങ്ങളും നമ്മെ തൊട്ട് പിരിഞ്ഞുപോയിരിക്കുന്നു. ഇത് ഉപാദികളുടെ കാലമാണ്. ദൃഢനിശ്ചയങ്ങളുടെ കാലമല്ല. ഇത് ലോകമാന്യത്തിന്റെയും കാപട്യത്തിന്റെയും കാലമാണ്. ഇത് ഹഖ് കൂടാതെ ധനം പിടിച്ചുപറിക്കുന്ന കാലമാണ്. നിസ്കരിക്കുന്നവരും വ്രതമനുഷ്ഠിക്കുന്നവരും ഹജ്ജ് ചെയ്യുന്നവരും സകാത്ത് നൽകുന്നവരും മറ്റ് നല്ല പുണ്യകർമ്മങ്ങൾ ചെയ്യുന്നവരും വളരെ വളരെയേറെയുണ്ട്. എന്നാൽ എല്ലാം സൃഷ്ടികൾക്കുവേണ്ടിയാണ്. സ്രഷ്ടാവിനുവേണ്ടിയല്ല. തീർച്ചയായും ഈ അവസ്ഥയിൽ ഈ ലോകത്ത് മഹത്വമുടയനായ രാജാധിരാജനായ സ്രഷ്ടാവിനെ കൂടാതെ സൃഷ്ടികൾ സൃഷ്ടികൾക്കുവേണ്ടിയുള്ളവരായിരിക്കുന്നു. സർവ്വരും ഹൃദയങ്ങൾ മരണപ്പെട്ട മൃതദേഹങ്ങളാണ്. നഫ്സുകളും ദേഹേച്ഛകളും നിങ്ങളിൽ ജീവനം നേടുകയും ദുനിയാവിനെ മാത്രം തേടുകയും ചെയ്യുകയാണ് നിങ്ങൾ. ഹൃദയത്തിന്റെ ജീവനെന്നാൽ സൃഷ്ടികളിൽ നിന്ന് ഹൃദയബന്ധം ഉപേക്ഷിക്കുന്നതിനാലും യഥോചിതം അല്ലാഹുവിനോടുകൂടെ നിലകൊള്ളുന്നതുകൊണ്ടുമാണ് സംസിദ്ധമാവുക. അക്ഷരത്തിൽ യോജിക്കുക എന്നതിന് യാതൊരു പ്രസക്തിയും ഇവിടെയില്ല. ഹൃദയത്തിന്റെ ജീവൻ എന്ന് പറയുന്നത് അല്ലാഹുവിന്റെ ആജ്ഞ അതേപടി സ്വീകരിച്ച് അനുഷ്ഠിക്കുന്നതിലും നിരോധനങ്ങളിൽ നിന്ന് പൂർണ്ണമായി ഒഴിവാകുന്നതിലും അവന്റെ പരീക്ഷണങ്ങളിലും വിധികളിലും നടത്തിപ്പുകളിലും അവനോട് തൃപ്തിപ്പെട്ട് ക്ഷമിക്കുന്നതിലുമാണ്.
തുടരും:

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy