ഫത്ഹുറബ്ബാനി: മജ്ലിസ് 4: ആദ്യഭാഗം:
ശൈഖ് മുഹ് യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ):
ബഹുമാനപ്പെട്ട ഗൗസുൽ അഅ്ളം മുഹ് യിദ്ദീൻ ശൈഖ്(റ) ഹിജ്റ 545 ശവ്വാൽ 10 ഞായറാഴ്ച രാവിലെ റുബാഥിൽ വെച്ച് നടത്തിയ ഭാഷണം.
അഖില ലോക പ്രവാചകർ മുഹമ്മദ് മുസ്ത്വഫാ(സ്വ) തങ്ങളുടെ തിരുമൊഴികളിൽ നിന്ന്. തീർച്ചയായും അവിടുന്ന് പറഞ്ഞു:
ഏതൊരുവന് നന്മയുടെ വാതിലുകൾ തുറക്കപ്പെട്ടുവോ അവൻ(സജീവമായി പ്രവർത്തിച്ച്) ആ സന്ദർഭം ഉപയോഗപ്പെടുത്തിക്കൊള്ളട്ടെ…തീർച്ചയായും ആ വാതിൽ അവനെ തൊട്ട് എപ്പോഴാണ് അടക്കപ്പെടുന്നതെന്ന് അവൻ അറിയുകയില്ല.
ജനങ്ങളെ… ജീവിതമെന്ന വാതിൽ തുറക്കപ്പെട്ടിരിക്കുമ്പോൾ നിങ്ങൾ വിശ്രമമില്ലാതെ പരിശ്രമിക്കുക. സമ്പത്ത് ശേഖരിക്കുക. സന്ദർഭം ഉപയോഗപ്പെടുത്തുക. അടുത്ത സമയം തന്നെ ഈ വാതിൽ നിങ്ങൾക്കു മുമ്പിൽ അടക്കപ്പെടും. പുണ്യകർമ്മങ്ങളനുഷ്ഠിക്കാൻ നിങ്ങൾക്ക് കഴിവുള്ളപ്പോൾ വിശ്രമമില്ലാതെ പരിശ്രമിച്ച് ആ സമ്പത്തുകൾ വേണ്ടത്ര നിങ്ങൾ ശേഖരിക്കുക. പശ്ചാത്താപം എന്ന കവാടം തുറക്കപ്പെട്ടിരിക്കുമ്പോൾ അതിൽ പ്രവേശിക്കുക. വേണ്ടത്ര വിഭവങ്ങൾ ശേഖരിക്കുവാൻ പ്രാർത്ഥനയെന്ന വാതിൽ തുഠക്കപ്പെട്ടിരിക്കുമ്പോൾ അതിൽ പ്രവേശിക്കുക. ധാരാളം വിഭവങ്ങൾ ശേഖരിക്കുക. നിങ്ങളുടെ സഹോദരന്മാരായ അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകളിലേക്കുള്ള (അവരോട് വിനയാന്വിതമായി സഹവർത്തിക്കുവാൻ) വാതിൽ തുറക്കപ്പെടുമ്പോൾ സമർപ്പിതമായി കുതിച്ചു കയറുക. നന്മയുടെ വിഭവങ്ങൾ സമാഹരിക്കുക.
എന്റെ ജനങ്ങളെ നിങ്ങൾ തകർത്തുകളഞ്ഞതെല്ലാം പുനരുദ്ധരിക്കുക. നിങ്ങൾ അശുദ്ധിയാക്കിയവ കഴുകി ശുദ്ധിയാക്കുക. നിങ്ങൾ തകരാറിലാക്കിയത് നന്നാക്കിയെടുക്കുക. നിങ്ങൾ അഴുക്കുകളാക്കിയവ ശുദ്ധിയാക്കി തെളിയിച്ചെടുക്കുക. നിങ്ങൾ അതിക്രമിച്ചു കൈയ്യടക്കിയത് നിങ്ങൾ തിരിച്ചു കൊടുക്കുക. അന്തസ്സും ഗാംഭീര്യവുമുള്ള നിങ്ങളുടെ അധിപനെ തൊട്ട് നിങ്ങൾ ഒളിച്ചോടിപ്പോയ പതനത്തിൽ നിന്ന് അവനിലേക്ക് നിങ്ങൾ തിരിച്ചു വരിക.
യാ ഗുലാം…. സ്രഷ്ടാവല്ലാതെ യാതൊന്നും ഇവിടെയില്ല. നീ സ്രഷ്ടാവിനോട് കൂടെയാകുന്ന പക്ഷം നീ അവന്റെ ദാസനാണ്. നീ സൃഷ്ടികളോട് കൂടെയാകുന്ന പക്ഷം നീ അവരുടെ ദാസനാണ്. നീ നിന്റെ ഹൃദയത്തിന്റെ ഭാഗത്തുകൂടി മരുഭൂമികളും നിബിഢ വനങ്ങളും താണ്ടുന്നതുവരെ നിന്റെ അന്തരാത്മാവിന്റെ ഭാഗത്തുകൂടി ഒട്ടൊഴിയാതെ സകലതും വിട്ടുപിരിയുന്നതുവരെ നിനക്ക് സംസാരമേയില്ല. അല്ലാഹുവിനെ തേടുന്നവൻ നിശ്ചയം ഒന്നുമൊഴിയാതെ സകലതിനെ തൊട്ടും വിട്ടുപിരിയുന്നവനാണെന്ന് നീ അറിയുന്നില്ലേ? ഒരു കാര്യം ദൃഢമായതാണ്. സൃഷ്ടികൾ സർവ്വതും അടിമയുടെയും അല്ലാഹുവിന്റെയും ഇടയിലുള്ള തിരശ്ശീലകളാണ്. അവയിൽ ഏതൊന്നിനോടുള്ള ആഭിമുഖ്യത്തിൽ അവൻ ബന്ധിക്കപ്പെട്ടോ അത് അല്ലാഹുവിന്റെയും അവന്റെയും ഇടയിൽ പ്രതിച്ഛേദമുണ്ടാക്കുന്ന തിരശ്ശീലയാണ്.
യാ ഗുലാം….നീ ഉദാസീനനാവരുത്. ഉദാസീനൻ സദാ തടയപ്പെട്ടവനാണ്. നിശ്ചയം ഖേദം അവന്റെ പിരടിയിലാണ്. നീ ഭയഭക്തിയോടെയും ഹൃദയ ശുദ്ധിയോടെയും സൽകർമ്മങ്ങളിൽ നിരതമാകുക. തീർച്ചയായും ഹഖ് തആല ഇരുലോകത്തും നിനക്ക് ധാരാളമായി ഔദാര്യങ്ങൾ ചെയ്തിരിക്കുന്നു.
രക്ഷിതാവേ…ഞങ്ങളെ നീ ശക്തന്മാരാക്കേണമേ…എന്ന് അബൂ മുഹമ്മദുൽ അജമി(റ) പ്രാർത്ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രാർത്ഥനയുടെ വിവക്ഷ ഞങ്ങളുടെ നാവ് ഞങ്ങളെ അധീനപ്പെടുത്താത്ത തരത്തിൽ ഞങ്ങളെ നീ നല്ലവരാക്കേണമേ എന്നതാണ്. ഇത് അനുഭവിച്ചവർ മാത്രമറിയുന്ന ഒരു വിഷയമാണ്. ശറഇന്റെ നിയമ വ്യവസ്ഥകൾക്കും അല്ലാഹുവിന്റെ പൊരുത്തത്തിനും അനുയോജ്യമാകുന്ന വിധം ജനങ്ങളോട് സഹവർത്തിക്കലും സൽസ്വഭാവവും അനുഗൃഹീത സ്ഥാനമാണ്. പ്രസ്തുത സമ്പർക്കം അവന്റെ പൊരുത്തക്കേടിലും ശറഇന്റെ വല്ല നിയമത്തിനും വിപരീതവുമാണെങ്കിൽ അതിന് യാതൊരു സ്ഥാനവുമില്ല. അതുകൊണ്ടവർക്ക് യാതൊരു ബഹുമതിയുമില്ല. സൽസമർപ്പണങ്ങൾ സ്വീകരിക്കപ്പെടുന്നതിനും അവ അസ്വീകാര്യമാവുന്നതിനും വിശുദ്ധന്മാരായ സ്വൂഫി വര്യന്മാരുടെ പക്കൽ ചില അടയാളങ്ങളുണ്ട്. യാ ഗുലാം.. നീ നിന്റെ പ്രാർത്ഥന എന്ന വല താഴെ വെച്ച് പൊരുത്തത്തിലേക്ക് മടങ്ങുക. നിന്റെ ഹൃദയം (അവന്റെ വിധികളിൽ) വിമർശിച്ചുകൊണ്ടിരിക്കേ നീ പ്രാർത്ഥിക്കരുത്. അന്ത്യദിനത്തിൽ; മനുഷ്യൻ അവൻ ഇഹലോകത്ത് ചെയ്ത നന്മതിന്മകൾ ഭയഭക്തിയോടെ ഓർമ്മിക്കും.
അവിടെ ഖേദം ഫലം ചെയ്യുകയില്ല. അവിടെ വെച്ച് ഓർമ്മിച്ചതുകൊണ്ടും യാതൊരു പ്രയോജനവുമില്ല. തിരുനബി(സ്വ) തങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നു:
പാരത്രിക ജീവിതത്തിന്റെ കൃഷി സ്ഥലമാണ് ഇഹലോക ജീവിതം. ഇവിടെ ആര് നന്മ വിതച്ചുവോ അവൻ നിത്യാനന്ദം കൊയ്യും. ആര് തിന്മ വിതച്ചുവോ അവൻ തീരാത്ത ഖേദം കൊയ്തെടുക്കേണ്ടി വരും.
നിന്നെ മരണം പിടികൂടുമ്പോൾ നീ ഉണരുന്നു. ആ സന്ദർഭത്തിൽ ഉണർന്നതുകൊണ്ട് പ്രയോജനമില്ല. ഞങ്ങളുടെ രക്ഷിതാവേ….നിന്നെ സംബന്ധിച്ച് അജ്ഞന്മാരും നിന്റെ വിസ്മൃതിയിലുമായ ജനതയുടെ മൂഢനിദ്രയെ തൊട്ട് ഞങ്ങളെ നീ പ്രബുദ്ധാവസ്ഥയിലാക്കേണമേ…ആമീൻ….
തുടരും