ഇലാഹി പ്രണയം നിന്നോട് തേടുന്നത്…

ഫത്ഹുറബ്ബാനി: അദ്ധ്യായം 4: അവസാന ഭാ​ഗം:

ദാനേരവും നിന്റെ സ്ഥിതിവിശേഷങ്ങളിൽ നീ ഇഹ് ലാസുള്ളവനാകുക. നിന്റെ രക്ഷിതാവിങ്കൽ നിന്റെ ഹൃദയം മുക്തിയാകുന്നതുവരെ നീ അതേ നിലയിൽ തന്നെ തുടരുക. നീ പൂർണ്ണത പ്രാപിക്കുകയും അവനിൽ ചെന്നു ചേരുകയും ചെയ്താൽ അപ്പോൾ നിനക്ക് അപാകതയൊന്നും സംഭവിക്കില്ല. നിന്റെ സ്ഥിതിവിശേഷം സ്ഥായിയായ സ്വഭാവം കൈവരിക്കുകയും നീ നിന്റെ സ്ഥാനത്ത് ഇരിപ്പിടമുറപ്പിക്കുകയും നിന്റെ കാവൽ ഭടന്മാർ നിന്നെ ചുറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സൃഷ്ടികൾ മുഴുവനും നിന്റെ അടുക്കൽ തൂണുകൾ പോലെയും വൃക്ഷങ്ങൾ പോലെയും ആകുന്നതാണ്. അവരുടെ സ്തുതിയും പുച്ഛവും നിനക്ക് സമമായി തീരും. അവരുടെ നിന്നിലേക്കുള്ള അടുത്തുവരവും പിന്തിരിയലും നിനക്ക് ഒരു പോലെയായി മാറും. നീ അവരുടെ ഇടയിൽ യോജിപ്പിക്കുന്നവനും പിരിച്ചുവിടുന്നവനുമാകും. അവരുടെ സ്രഷ്ടാവിന്റെ അനുമതിയോടെ നീ അവരിൽ കൈകാര്യ കൃത്യം ചെയ്യും. അഴിക്കുവാനും ബന്ധിക്കുവാനുമുള്ള പ്രാപ്തി നിനക്കവൻ നൽകും. നിന്റെ ഹൃദയം (അവന്റെ) കൈയ്യൊപ്പും നിന്റെ ഗുപ്ത യാഥാർത്ഥ്യം (അവന്റെ) അടയാളമായും അവൻ നൽകും. ഇതു പൂർത്തിയായല്ലാതെ നിനക്ക് സംസാരമേയില്ല. എങ്കിലും നീ വിവേചനശേഷിയുള്ള വിവേകമതിയാകുക.
തോന്നിയതെല്ലാം ജൽപിക്കരുത്. നീ അന്ധനാണ്. നിന്റെ കൈപിടിച്ചു നിനക്ക് കൂട്ടായി നിന്നെ നയിക്കാൻ പ്രാപ്തിയുള്ളവരെ നീ കണ്ടെത്തുക. കണ്ടെത്തിയാൽ ആ മുർശിദിനെ നീ മുറുകെ പിടിക്കുക. ആ സദ് ​ഗുരുവിന്റെ അഭിപ്രായങ്ങളും ആജ്ഞകളും നീ സദാ മാനിക്കുക. നീ വിശിഷ്ട വഴിയിൽ അവരെ ലക്ഷ്യമാക്കുക. ആ മഹാമാർ​ഗത്തിൽ നീ ചേർന്നു കഴിഞ്ഞാൽ ദിവ്യജ്ഞാനം നിനക്ക് സുദൃഢമാകുന്നതുവരെ നീ അതിൽ നിന്ന് തീരെ വ്യതിചലിക്കാതിരിക്കൂക. എന്നാൽ ശേഷം നീ വഴിപിഴച്ചവർക്കെല്ലാം വഴികാട്ടിയാവും. ഫഖീറും മുസ് ലിംകളുടെ ആശാ കേന്ദ്രവുമാവും. ഫുതുവ്വത്ത്-പൗരുഷം- മഹാമനസ്കതയത്രയും അല്ലാഹുവിന്റെ രഹസ്യങ്ങൾ ഹൃദയത്തിൽ അടക്കി സൂക്ഷിച്ച് ജനങ്ങളോട് സൽസ്വഭാവത്തിൽ വർത്തിക്കലാകുന്നു.

അല്ലാഹുവിന്റെ തേട്ടവും അവനല്ലാത്തവയെ ഉപേക്ഷിച്ച് അവനെക്കൊണ്ടുള്ള തൃപ്തിയും കൂടാതെ നീ എവിടെയാണ് നിലകൊള്ളുന്നത്? അന്തസ്സും സ്ഥാനമഹത്വമുള്ള അവൻ പറഞ്ഞത് നീ ശ്രവിച്ചിട്ടില്ലേ?
منكم من يريد الدنيا ومنكم من يريد الأخـرة ﴾ [آل عمران : ١٥٢
നിങ്ങളിൽ നിന്ന് ചിലർ ദുനിയാവിനെ ഉദ്ദേശിക്കുന്നു. ചിലർ ആഖിറത്തെ ഉദ്ദേശിക്കുന്നു.
അല്ലാഹു മറ്റൊരിടത്ത് പറഞ്ഞിരിക്കുന്നു:
يريدون وجهه ﴾ [الأنعام : ٥٢].
അവന്റെ വജ്ഹിനെ അവർ ഉദ്ദേശിക്കുന്നു.
നിന്റെ ഉദ്യമം വിജയം പ്രാപിക്കുന്നതായാൽ സമൂലമാറ്റത്തിന്റെ ഹസ്തം നിന്നിലേക്ക് വന്നു. അവനല്ലാത്ത സർവ്വരുടെയും കരങ്ങളിൽ നിന്ന് നിന്നെ അത് രക്ഷപ്പെടുത്തും. ഹഖ് തആലായുടെ സാമീപ്യത്തിലേക്ക് പിടിച്ചു ചേർക്കും. അപ്പോൾ هُنَالِكَ الْوَلَايَةُ لِلَّهِ الْحَقِّ [الكهف:٤٤ അവിടെ സർവ്വാധികാരം നീതിമാനായ അല്ലാഹുവിനാണ്.
ഇതു നിനക്ക് പൂർത്തീകരിക്കപ്പെടുമ്പോൾ ഇഹം പരം എന്നിവ രണ്ടും യാതൊരു പ്രയാസമോ അഹിതമോ കൂടാതെ നിന്റെയടുക്കൽ വന്ന് സേവനമനുഷ്ഠിക്കുന്നതാണ്.
അവന്റെ കവാടത്തിൽ നീ നമ്രശിരസ്കനായി മൗനിയായി നിൽക്കുക. നീ സ്ഥിരമായി ആ കവാടത്തിങ്കൽ നിലയുറപ്പിക്കുക. നീ അവിടെ സ്ഥിരമായി നിലകൊള്ളുമ്പോൾ നിന്റെ വിചാരങ്ങൾ പ്രകാശിക്കുന്നതാണ്. അപ്പോൾ നഫ്സിന്റെ വിചാരങ്ങളും ദേഹേച്ഛയുടെ വിചാരങ്ങളും ഹൃദയത്തിന്റെ വിചാരങ്ങളും ഇബ് ലീസിന്റെ വിചാരങ്ങളും മാലാഖയുടെ അനുഭൂതിയും നിനക്ക് വേർതിരിച്ചറിയാവുന്നതാണ്. ഈ അനുഭൂതി സത്യമാണെന്ന് നിന്നോട് പറയപ്പെടും. ഈ തോന്നിയ വിചാരം അസത്യമാണ്. വേർ തിരിച്ചറിയാവുന്ന അടയാളങ്ങൾ കൊണ്ട് ഓരോന്നും നീ തിരിച്ചറിയുന്നതാണ്. നിനക്ക് ഈ സ്ഥാനം സിദ്ധിക്കുമ്പോൾ അല്ലാഹുവിന്റെ ഭാ​ഗത്ത് നിന്ന് നിനക്ക് വിശേഷമായ അനുഭൂതി വന്ന് നിനക്ക് അച്ചടക്കം പഠിപ്പിക്കുന്നു.അവൻ നിർത്തുകയും ഇരുത്തുകയും ചെയ്യുന്നു. ചലിപ്പിക്കുകയും ശാന്തമാക്കുകയും കൽപിക്കുകയും നിരോധിക്കുകയും ചെയ്യുന്നതാണ്.

ജനങ്ങളെ…
നിങ്ങൾ വർദ്ധനവോ കുറയലോ പുരോ​ഗതിയോ പിൻമടക്കമോ തേടരുത്. കാരണം വിധി നിങ്ങളെ ഓരോരുത്തരെയും വെവ്വേറെ ക്ലിപ്തതയോടെ വലയം ചെയ്തിരിക്കുന്നു. നിങ്ങളിൽ ആരും തന്നെ അവരവർക്ക് പ്രത്യേകമായി ഓരോ ​ഗ്രന്ഥങ്ങളും ചരിത്രങ്ങളും ഉള്ളവരായിട്ടല്ലാതെ ഇല്ല.
فرغ ربكم من الخلق والرزق والأجل»(۱) «جف القلم بما هو كائن»(۲)
സൃഷ്ടിക്കൽ ഉപജീവനം നൽകൽ ആയുസ്സ് നിർണ്ണയിക്കൽ എന്നിവയിൽ നിന്ന് നിങ്ങളുടെ രക്ഷിതാവ് ഒഴിവായിരിക്കുന്നു. ഉണ്ടാകുവാനുള്ളവ രേഖപ്പെടുത്തിയ തൂലിക ഉണങ്ങിയിരിക്കുന്നു.
തീർച്ചയായും അല്ലാഹു സർവ്വ വസ്തുക്കളിൽ നിന്നൊഴിവായിരിക്കുന്നു. അവന്റെ വിധി മുൻകടന്നിരിക്കുന്നു. പക്ഷെ നിയമം ആ​ഗതമായിരിക്കുന്നു. അതിൽ ആജ്ഞയും നിരോധനങ്ങളും നിഷ്കർഷതകളും അടങ്ങിയിരിക്കുന്നു. അപ്പോൾ മുൻനിർണ്ണയിക്കപ്പെട്ട യാതൊന്നിനെ ചൊല്ലിയും നിയമത്തിനെതിരായി പ്രമാണം നൽകുവാൻ യാതൊരുത്തരും അനുവദിക്കപ്പെട്ടിട്ടില്ല. എന്നാൽ അവൻ പറയുന്നു:
لا يسأل عما يفعل وهم يسألون [الأنبياء : ٢٣]
അവൻ പ്രവർത്തിക്കുന്നതിനെ പറ്റി അവൻ ചോദിക്കപ്പെടുകയില്ല.(അവർ പ്രവർത്തിക്കുന്നതിനെ പറ്റി) അവരെ ചോദ്യം ചെയ്യപ്പെടുന്നതാണ്.
എന്റെ ജനങ്ങളെ…ഈ ബാഹ്യമായുള്ളത് അവലംബിച്ച് നിങ്ങൾ കർമ്മം ചെയ്യുക. ഈ കറുപ്പുകൊണ്ട് ഈ വെള്ളയിൽ നിങ്ങൾ പ്രവർത്തിക്കുക. എന്നാൽ ആന്തരീക ചൈതന്യത്തോടെ കർമ്മം ചെയ്യാനുള്ള സാഹചര്യം നിങ്ങളിൽ സംജാതമാകുന്നതാണ്. ഈ വെളിവായതുകൊണ്ട് നീ പ്രവർത്തിക്കുമ്പോൾ മറഞ്ഞത് അറിയൽ നിനക്ക് സാധ്യമാകുന്നതാണ്. ആദ്യമായി നിന്റെ അന്തരാത്മാവ് അതറിയുന്നതാണ്. പിന്നെ അത് നിന്റെ ഹൃദയത്തിനും ഹൃദയം നഫ്സിനും നഫ്സ് നാവിനും നാവ് ജനങ്ങൾക്കും അത് പകർന്നു നൽകുന്നതാണ്. ജനങ്ങളുടെ നന്മകൾക്ക് വേണ്ടിയും അവരുടെ പ്രയോജനങ്ങൾക്ക് വേണ്ടിയും അതവരിലേക്ക് പകരുന്നതാണ്.
നിനക്ക് സാക്ഷാത്കൃതമാകുന്ന നിത്യാനന്ദമേ….
അല്ലാഹുവിനോട് നീ യോജിക്കുകയും അവനെ സ്നേഹിക്കുകയും ചെയ്യുന്ന പക്ഷം നിനക്കു നാശം. തീർച്ചയായും അല്ലാഹുവിനോട് നിനക്ക് മുഹബ്ബത്തുണ്ടെന്ന് നീ വാദിക്കുന്നു. ആ സ്നേഹത്തിനും ചില നിബന്ധനകളുണ്ടെന്ന് നീ അറിഞ്ഞിട്ടില്ലയോ? അവനോടുള്ള സ്നേഹത്തിന്റെ നിബന്ധനകളിൽ പെട്ടതാണ് നീ നിന്റെ കാര്യത്തിലും നീ അല്ലാത്തവരുടെ കാര്യത്തിലും അവനോട് സംയോജിക്കലും അവനല്ലാത്തവയിലേക്ക് നീ പരിമിതമാവാതിരിക്കലും അവനിലേക്ക് ആത്മലയനമുണ്ടാകലും അവനോട് കൂടെ ഉണർവ്വോടെയിരിക്കലും ആ പ്രണയാർദ്രമായ ആസക്തിയുടെ നിബന്ധനകളിൽ പെട്ടതാണ്. അല്ലാഹുവിന്റെ അനുരാ​ഗം ഒരു അടിമയുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുന്ന പക്ഷം ആ അടിമ അവനെക്കൊണ്ട് ആനന്ദിക്കുകയും അവനിൽ നിന്ന് വേർപ്പെടുത്തുന്ന, വ്യതിചലിപ്പിക്കുന്ന സകലതിനെയും വെറുക്കുകയും ചെയ്യും. നിന്റെ വ്യാജവാദത്തിൽ നിന്ന് നീ പശ്ചാത്തപിച്ചു മടങ്ങുക. ഇത് ഇച്ഛകൊണ്ടോ ഒഴിഞ്ഞുനിൽക്കൽ കൊണ്ടോ വ്യാജപ്രസ്താവങ്ങൾ കൊണ്ടോ കാപട്യം കൊണ്ടോ വലിച്ചുചേർക്കൽ കൊണ്ടോ ഉണ്ടാകുന്ന ഒന്നല്ല. നീ പശ്ചാതപിക്കുക. നിന്റെ പശ്ചാതപത്തിൽ നീ സ്ഥിരമായി നിലനിൽക്കുക. പശ്ചാതപിക്കുന്നതിൽ മാത്രമല്ല കാര്യം. പശ്ചാതപത്തിൽ സ്ഥിരമായി നിലനിൽക്കുന്നതിലാണ്. നടുക എന്നതിലല്ല കാര്യം. നട്ടത് വളർത്തി അതിൽ ഫലം കായ്ക്കുമ്പോഴാണ് ശരിയായ സാക്ഷാത്കാരം.

പാരവശ്യത്തിലും പ്രാബല്യത്തിലും ദാരിദ്ര്യത്തിലും ഐശ്വര്യത്തിലും കൊടൂരതയിലും ശാന്തതയിലും അനാരോ​ഗ്യത്തിലും ആരോ​ഗ്യത്തിലും ​ഗുണത്തിലും നിർ​ഗുണത്തിലും വിശാലമായ ലഭ്യതയിലും തീരെ ലഭ്യതക്കുറവിലും നിങ്ങൾ അവനോട് യോജിക്കുക. അവനിലേക്ക് സർവ്വതും സമർപ്പിച്ച് അവനെ അവലംബിക്കലല്ലാതെ മറ്റൊരു ചികിത്സയും ഞാൻ നിങ്ങൾക്കു കാണുന്നില്ല. നിങ്ങൾക്ക് പ്രതികൂലമായി അവൻ വല്ലതും വിധിക്കുന്നുവെങ്കിൽ അതുസംബന്ധമായി നിങ്ങൾക്ക് സന്താപമരുത്. അതിൽ അവനോട് മത്സരിക്കരുത്. അതിനെ സംബന്ധിച്ച് അവനല്ലാത്തവരോട് ആവലാതി പറയരുത്. തീർച്ചയായും ഇത്യാദി കാര്യങ്ങൾ നിങ്ങൾക്ക് പരീക്ഷണങ്ങളെ അധികരിപ്പിക്കും. എന്നാൽ സമാധാനം, മൗനം, ശാന്തത എന്നിവ അവലംബിക്കുക. അവന്റെ സന്നിധിയിൽ അടി പതറാതിരിക്കുക. നിങ്ങളെക്കൊണ്ട് നിങ്ങളിൽ അവൻ എന്താണ് പ്രവർത്തിക്കുന്നത് എന്ന് ചിന്തിക്കുക. അവൻ വ്യത്യാസപ്പെടുത്തിയതിലും പകരമാക്കിയതിലും നിങ്ങൾ സന്തുഷ്ടരാവുന്നതാണ്. അവനോടു കൂടെ നിങ്ങൾ ആകുന്ന പക്ഷം വിരക്തി ആത്മസായൂജ്യമായും ഏകത്വം അവനെക്കൊണ്ടുള്ള നിത്യാനന്ദമായും അവൻ മാറ്റിമറിക്കുമെന്നതിൽ മാറ്റമില്ല.
അല്ലാഹുവേ…ഞങ്ങളെ നീ നിന്റെ സന്നിധാനത്തിലാക്കേണമേ…ഞങ്ങളെ നിന്നോട് കൂടെയാക്കേണമേ…ഞങ്ങൾക്ക് ഇഹലോകത്തും പരലോകത്തും നീ നന്മയേകി അരുളേണമേ…ഞങ്ങളെ നരക ശിക്ഷയെ തൊട്ട് നീ കാത്തു രക്ഷിക്കേണമേ…ആമീൻ…
തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy