ഫത്ഹുറബ്ബാനി: 3
ഗൗസുൽ അഅ്ളം മുഹ് യിദ്ധീൻ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ):
ഹേ മകനേ…നീ തഖ് വ മുറുകെ പിടിക്കുക. സന്മാർഗനിഷ്ഠയുടെ അതിരുകൾ പ്രത്യേകം സൂക്ഷിച്ചുകൊള്ളുക. ശാരീരികമായ ഇച്ഛകളോടും നൈസർഗ്ഗികമായ ദുർഗതികളോടും പൈശാചിക വികാരങ്ങളോടും ദുർജ്ജനങ്ങളുടെ നീചമായ സമ്പ്രദായങ്ങളോടും നീ ഉഗ്രമായ സമരം നടത്തുക. യഥാർത്ഥ വിശ്വാസി ഇൗ ദു:ശക്തികളോട് സമരത്തിലേർപ്പെടുന്നു. അവന്റെ ശിരസ്സിൽ നിന്ന് പടത്തൊപ്പി അഴിക്കുന്നില്ല. അവന്റെ വാൾ ഉറയിൽ പ്രവേശിക്കുന്നില്ല. കുതിരയുടെ കടിഞ്ഞാൺ വിട്ട് കുതിരപ്പുറത്ത് നിന്നവൻ താഴെ ഇറങ്ങുന്നില്ല. അത്തരക്കാരുടെ നിദ്ര തൂങ്ങിയുറക്കമാണ്. അവരുടെ ഭക്ഷണം ഇല്ലായ്മയാണ്. അവരുടെ സംസാരം നിർബന്ധാവസ്ഥയാണ്. മൗനം അവരുടെ നിത്യസ്വഭാവമാണ്. എന്നാൽ അവരുടെ റബ്ബിന്റെ നിശ്ചയം അവരെ സംസാരിപ്പിക്കും. അല്ലാഹുവിന്റെ പ്രവൃത്തി അവരെ സംസാരിപ്പിക്കും. കൈകാൽ തുടങ്ങിയ അവയവങ്ങളെക്കൊണ്ട് പ്രളയദിനത്തിൽ സംസാരിപ്പിക്കുന്നതുപോലെ ഇഹത്തിൽ അവരുടെ നാവിനെ അവൻ അനക്കും. സംസാരിക്കുന്ന എല്ലാ ചേതന വസ്തുക്കളെയും സംസാരിപ്പിക്കും. അല്ലാഹു അവരെക്കൊണ്ട് സംസാരിപ്പിക്കും. അചേതന വസ്തുക്കളെക്കൊണ്ട് അവൻ സംസാരിപ്പിച്ചതുപോലെ അവരെക്കൊണ്ടവൻ സംസാരിപ്പിക്കും. സംസാരത്തിനുള്ള സാഹചര്യങ്ങൾ അവൻ സൃഷ്ടിക്കുമ്പോൾ അവർ സംസാരിക്കുന്നു. അവരെക്കൊണ്ട് എന്തെങ്കിലും അവൻ ഉദ്ദേശിക്കുകയാണെങ്കിൽ അവരെ അവൻ അപ്രകാരമാക്കി തീർക്കുന്നു. സൃഷ്ടികളുടെ ഇടയിൽ അവന്റെ ലക്ഷ്യം നിലനിർത്തുവാനായി ഭയപ്പെടുത്തിയും(നരകത്തെ സംബന്ധിച്ച മുന്നറിയിപ്പ് നൽകിയും) സന്തോഷിപ്പിച്ചും(അല്ലാഹുവിന്റെ തൃപ്തിയെയും സ്വർഗത്തെ സംബന്ധിച്ച സുവാർത്ത അറിയിച്ചും)അവരെ അറിയിക്കുവാൻ അവൻ ഉദ്ദേശിച്ചപ്പോൾ അമ്പിയാ മുർസലുകളെക്കൊണ്ട് അവൻ സംസാരിപ്പിച്ചു. തന്നിലേക്കവരെ ചേർത്തുപിടിച്ചപ്പോൾ തങ്ങളുടെ അറിവിന് അനുയോജ്യമായ വിധം സൽക്കർമ്മങ്ങളിൽ നിരതരായ സത്യജ്ഞാനികളെ അവൻ നിയോഗിച്ചു. അവർക്കു പകരമായി ഇവരെക്കൊണ്ട് ജനങ്ങളെ സംസ്കരിക്കാനുപയുക്തമായ പ്രഭാഷണങ്ങൾ അവൻ പറയിപ്പിക്കുന്നു. “
”പ്രവാചകന്മാരുടെ അനന്തരാവകാശികളാകുന്നു സത്യജ്ഞാനികൾ” എന്ന് തിരുനബി(സ്വ) തങ്ങൾ പ്രവചിച്ചിട്ടുണ്ട്.
ജനങ്ങളേ…അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദി കാണിക്കുക. അല്ലാഹു പറഞ്ഞിരിക്കുന്നു:
“”നിങ്ങളിൽ ഏതൊരു അനുഗ്രഹമുണ്ടോ, അത് അല്ലാഹുവിൽ നിന്നാണ്.” അവൻ സംവിധാനിച്ച സുഖസൗകര്യങ്ങളിൽ രാപ്പകൽ കിടന്നുമറിയുന്നവരേ നിങ്ങളുടെ കൃതജ്ഞത എവിടെ. അവൻ ചെയ്തുതന്ന ഉത്കൃഷ്ടമായ ഗുണഫലങ്ങൾ അവനല്ലാത്തവയിൽ നിന്നാണ് അവയെന്ന് തെറ്റിദ്ധരിക്കുന്നവരേ….ചിലപ്പോൾ അവൻ നൽകിയ എെശ്വര്യങ്ങൾ അവനല്ലാത്തവരിൽ നിന്നാണ് എന്ന് ധരിക്കുന്നു. ചിലപ്പോൾ അവ വളരെ കുറഞ്ഞതാണെന്ന് മനസ്സിലാക്കുകയും നിങ്ങൾക്കില്ലാത്തവ തേടുന്നതിൽ വ്യാപൃതമാവുകയും ചെയ്യുന്നു. ചിലപ്പോൾ നിങ്ങൾ അവൻ തന്ന സംവിധാനങ്ങൾ അവന്റെ താത്പര്യത്തിന് വിരുദ്ധമായി ഉപയോഗപ്പെടുത്തുന്നു.
യാ ഗുലാം….
പാകപ്പിഴവുകളിൽ നിന്നും പാപ കർമ്മങ്ങളിൽ നിന്നും നിന്നെ വിമോചിപ്പിക്കാനുതകുന്ന നല്ല സൂക്ഷ്മത നിന്റെ ഏകാന്ത വാസത്തിൽ(ഖൽവത്തിൽ) വളരെ അനിവാര്യമാണ്. അവന്റെ നോട്ടം നിന്നിലുണ്ടാകുമ്പോൾ അവൻ നിന്നെ കാണുന്നു എന്നതിനെ നീ ഒാർക്കലും നിനക്ക് അനിവാര്യമാണ്. പിശാചിനോടും ദേഹേച്ഛയോടും നഫ്സോടും ഉണ്ടാകുന്ന ഏറ്റുമുട്ടലുകളിൽ വിജയം വരിക്കണമെങ്കിൽ അവ നിന്നോടൊന്നിച്ച് നിന്റെ ഏകാന്തവാസത്തിലുണ്ടായിരിക്കേണ്ടത് ഒഴിച്ചുകൂടാനാവത്തതാണ്.
ജനങ്ങളിൽ വെച്ച് സദ് വൃത്തന്മാരായ ഏതാനും മഹാന്മാരുടെ നാശം പാപങ്ങൾ കൊണ്ടും എെഹിക ജീവിതാലങ്കാരങ്ങൾ വെടിഞ്ഞ ത്യാഗിവര്യന്മാരുടെ നാശം ചില വികാരങ്ങൾകൊണ്ടും അബ്ദാലുകളുടെ നാശം പല വിധമായ ആലോചനകൾ കൊണ്ടും സിദ്ധീഖിങ്ങളായ ദിവ്യന്മാരിൽ മുതിർന്ന വിഭാഗങ്ങളുടെ നാശം അന്യചിന്തകൾ കൊണ്ടുമാണ്. അവരുടെ പരിശ്രമം ഹൃദയത്തിൽ(മൗലയായ അല്ലാഹുവല്ലാതെ) മറ്റൊന്നും വരാതെ സൂക്ഷിക്കലാണ്. എന്തുകൊണ്ടെന്നാൽ അവർ രാജാവിന്റെ പടിവാതിൽക്കൽ കിടന്നുറങ്ങുന്നവരാണ്. അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന പീഠത്തിൽ എഴുന്നേറ്റ് നിന്ന് സാരസർവ്വസ്വനെ അറിയുവാനുതകുന്ന ആത്മജ്ഞാനത്തിലേക്ക് അവരെ ക്ഷണിക്കുന്നവരാണ്. അങ്ങനെ ഹൃദയങ്ങളെ അവർ ക്ഷണിച്ചുകൊണ്ടേയിരിക്കും. അവർ വിളിച്ചു പറയുന്നു:
“ഹേ….ഹൃദയങ്ങളേ……ആത്മാവുകളേ….മനുഷ്യകുലമേ….ജിന്നുവർഗമേ….സർവ്വാധിരാജനെ ഉദ്ദേശിക്കുന്നവരേ….രാജധാനിയുടെ പടിവാതിൽക്കലേക്ക് നിങ്ങൾ ധ്രുതഗതിയിൽ എത്തിച്ചേരുക. അവനിലേക്ക് നിങ്ങൾ പ്രയത്നിക്കുക. നിങ്ങളുടെ മനസ്സിന്റെ പാദങ്ങളാൽ നിങ്ങൾ ഗമിച്ചുകൊണ്ടിരിക്കുക. അഥവാ ഇഹത്തെയും പരത്തെയും അവനല്ലാത്ത സകലതിനേയും വെടിയലെന്ന വിശിഷ്ടമായ സൂക്ഷ്മതയുടെയും പതിബോധത്തിന്റെയും ഉൺമയിലെ ഏകത്വത്തിന്റെയും ഭയഭക്തിയുടെയും പാദങ്ങൾകൊണ്ടും നിങ്ങൾ ഉദ്ഗമിക്കുക.’ അവരുടെ പ്രവർത്തനം-മനക്കരുത്ത്-ജനങ്ങളെ നന്നാക്കലാണ്. അവരുടെ ഇച്ഛാശക്തിയും മനോദാർഢ്യവും ആകാശത്തിലും ഭൂമിയിലും ഭൂമിയുടെ താഴ് വീതിയിൽ നിന്ന് അനന്തവിഹായസ്സുകളുടെ ഉന്നത തലം വരെ വിസ്തൃതവും വ്യാപൃതവുമാണ്.
തുടരും