ഇന്ത്യയുടെ മതനിരപേക്ഷ പാരമ്പര്യത്തിന്റെ വീണ്ടെടുപ്പിന്

ദർവേശ്

മുസ്ലിം സമുദായത്തെ ബാധിക്കുന്ന ഒരു കേവല സ്വത്വ പ്രശ്നം എന്ന വിതാനത്തിൽ നിന്ന് മാറി അത് ഇന്ത്യയുടെ മതനിരപേക്ഷ പൈതൃകത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരായ വർഗീയവും സാമുദായികവുമായ ധ്രുവീകരണം ലക്ഷ്യം വെക്കുന്ന, ഒരു സമുദായത്തെ ഒന്നടങ്കം രണ്ടാംകിട പൗരന്മാരായി അപമാനവീകരിക്കുന്ന ജനാധിപത്യവിരുദ്ധമായ ഒരു നിയമനിർമ്മാണമാണ് എന്നതുകൊണ്ടാണ് ഇൗ ജനകീയ പ്രക്ഷോഭങ്ങളൊക്കെയും രൂപപ്പെട്ടുവരുന്നത്. വംശോന്മൂലനത്തിന്റെ മുന്നൊരുക്കങ്ങളെന്ന നിലയിൽ പോലും സാമൂഹിക ശാസ്ത്രകാരന്മാർ വിലയിരുത്തുന്ന പുതിയ നിയമ നിർമ്മാണങ്ങൾ ജനാധിപത്യ മതനിരപേക്ഷ കക്ഷികളൊക്കെയും വലിയ ആശങ്കകളോടെയാണ് നോക്കി കാണുന്നത്. അതുകൊണ്ടാണ് ഈ പ്രക്ഷോഭങ്ങൾ ഐക്യദാർഢ്യപ്പെടുന്നത്.

ന്ത്യയുടെ ജനാധിപത്യ മതനിരപേക്ഷ പൈതൃകത്തെ അട്ടിമറിക്കുന്ന വിധമുള്ള പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്കും ജനാധിപത്യ മതനിരപേക്ഷ കക്ഷികളുടെ ഏകീകരണത്തിനും കാരണമായിരിക്കുകയാണ്. മുസ്ലിം സമുദായത്തെ ബാധിക്കുന്ന ഒരു കേവല സ്വത്വ പ്രശ്നം എന്ന വിതാനത്തിൽ നിന്ന് മാറി അത് ഇന്ത്യയുടെ മതനിരപേക്ഷ പൈതൃകത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരായ വർഗീയവും സാമുദായികവുമായ ധ്രുവീകരണം ലക്ഷ്യം വെക്കുന്ന, ഒരു സമുദായത്തെ ഒന്നടങ്കം രണ്ടാംകിട പൗരന്മാരായി അപമാനവീകരിക്കുന്ന ജനാധിപത്യവിരുദ്ധമായ ഒരു നിയമനിർമ്മാണമാണ് എന്നതുകൊണ്ടാണ് ഇൗ ജനകീയ പ്രക്ഷോഭങ്ങളൊക്കെയും രൂപപ്പെട്ടുവരുന്നത്. വംശോന്മൂലനത്തിന്റെ മുന്നൊരുക്കങ്ങളെന്ന നിലയിൽ പോലും സാമൂഹിക ശാസ്ത്രകാരന്മാർ വിലയിരുത്തുന്ന പുതിയ നിയമ നിർമ്മാണങ്ങൾ ജനാധിപത്യ മതനിരപേക്ഷ കക്ഷികളൊക്കെയും വലിയ ആശങ്കകളോടെയാണ് നോക്കി കാണുന്നത്. അതുകൊണ്ടാണ് ഇൗ പ്രക്ഷോഭങ്ങൾ എെക്യദാർഢ്യപ്പെടുന്നത്.
ആസാമിലും ബംഗാളിലും മറ്റ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുമായി മുസ്ലിംകൾ മാത്രമല്ല വിവിധ ഗോത്രവർഗങ്ങളും ഹിന്ദുക്കൾ എന്ന് നിർവ്വചിക്കപ്പെടുന്ന വിവിധ സാമൂഹിക വിഭാഗങ്ങളും സജീവമായി പങ്കാളിത്തം വഹിക്കുന്ന ശക്തമായ ജനകീയ പ്രക്ഷോഭമായി ഇത് പ്രബലപ്പെടുക തന്നെയാണ്. മാത്രമല്ല മുസ്ലിം സമൂഹം ഒന്നടങ്കം എല്ലാ ഭിന്നതകളും മാറ്റിവെച്ച് വിവിധ പ്രതിഷേധ പരിപാടികളിലൂടെ ഇന്ത്യയുടെ മതനിരപേക്ഷ പൈതൃകം സംരക്ഷിക്കാനും ഇന്ത്യൻ ദേശീയതയുടെ വിശാല താത്പര്യങ്ങളെ ഹനിക്കുന്ന ഇൗ നിയമ നിർമ്മാണങ്ങൾ പിൻവലിക്കാനും ശക്തമായി രംഗത്തുണ്ട് എന്നതും ശ്രദ്ധേയമാണ്. കൂടാതെ ഇന്ത്യയിലെ ജനാധിപത്യ മതനിരപേക്ഷ പാരമ്പര്യമുള്ള വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യ മതനിരപേക്ഷ അടിത്തറയോടെ സ്വത്വരാഷ്ട്രീയത്തെ കൂടി പ്രതിനിധീകരിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ഇൗ സാമൂഹിക മുന്നേറ്റത്തിൽ സജീവമായി തന്നെ പങ്കാളികളാണ്. ഒരു പക്ഷെ ഇന്ത്യയിൽ ഫാഷിസത്തിനെതിരെ ഉയർന്നുവന്നുകൊണ്ടിരിക്കുന്ന വലിയൊരു സാമൂഹിക വിപ്ലവത്തിന്റെ തുടക്കമായി തന്നെ ഇൗ മുന്നേറ്റങ്ങളെ വിലയിരുത്തുന്നതും നമുക്ക് കാണാനാകുന്നുണ്ട്. ജാമിഅ മില്ലിയയിലും അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലുമെല്ലാം പ്രഭവം കൊണ്ട ഇൗ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കെതിരെ നടന്ന ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള അടിച്ചമർത്തൽ നടപടികളിലൂടെയും അതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളിലൂടെയും ഇൗ പ്രക്ഷോഭങ്ങൾ ലോക ശ്രദ്ധ നേടുകയും ഇന്ത്യയിലുടനീളം കാമ്പസുകളിലും പൊതുസമൂഹത്തിലും അതിന്റെ അനുരണനങ്ങൾ ദൃശ്യമാവുകയും ചെയ്യുന്നു. മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തന്നെ ഇൗ സമരങ്ങൾ ഏറ്റെടുക്കുന്ന ശുഭ സൂചനകളും നമുക്ക്് കാണാനാവുന്നു. രാഷ്ട്രീയ ഭിന്നതകൾ മറന്നും മതപരമായ കക്ഷിഭേദങ്ങൾക്കതീതമായും കേരള മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തിൽ ആരംഭിച്ച സത്യാഗ്രഹ സമരവും മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയ ചരിത്രത്തിൽ ഇതിനകം അതുല്യമായ ഇടം നേടിയെടുത്തിട്ടുണ്ട്.
ഇന്ത്യയിലെ ശക്തമായ ഒരു പ്രതിപക്ഷമായി യഥോചിതം പ്രവർത്തിക്കേണ്ട ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആർജ്ജവത്തോടെ ഇൗ സമരങ്ങൾക്ക് നേതൃത്വം നൽകി ദേശീയ തലത്തിൽ രംഗത്തു വന്നാൽ അതിന്റെ ഫലം വിപ്ലവകരമായിരിക്കും എന്നത് തീർച്ചയാണ്. മാത്രമല്ല ഇന്ത്യൻ സമ്പദ് ഘടന അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ ശരിയായി അനാവരണം ചെയ്യാനും എത്രമാത്രം ദാരുണമായ ദുരന്തങ്ങളാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്നതെന്ന് ഇന്ത്യൻ ജനതയെ ബോദ്ധ്യപ്പെടുത്താനും തീർച്ചയായും ഇൗ സന്ദർഭം വിനിയോഗിക്കേണ്ടതുണ്ട്. എന്നാൽ ഒരു ആരംഭ ശൂരത്വം എന്നതിനപ്പുറം ലക്ഷ്യം നേടും വരെ ശക്തമായ സമര പരിപാടികളിലൂടെ മുന്നോട്ടുപോവാൻ സാധിക്കുമെങ്കിൽ മാത്രമേ ഇൗ പ്രതിസന്ധിയെ അതിജീവിക്കാനും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെ വീണ്ടെടുക്കാനും നമുക്ക് സാധിക്കുകയുള്ളൂ. ഇടതുപക്ഷമടക്കമുള്ള മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തികഞ്ഞ യാഥാർത്ഥ്യബോധത്തോടെ കേരളത്തിൽ ഇൗ സമര പ്രക്ഷോഭങ്ങൾക്ക് നേതൃത്വവും പങ്കാളിത്തവും വഹിക്കുന്നുവെന്നത് തീർച്ചയായും വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്. ഇതോടൊപ്പം ജാമിഅ മില്ലിയ, അലിഗഢ് പോലുള്ള മുസ് ലിം യൂണിവേഴ്സിറ്റികളിൽ നിന്ന് ഉയർന്നുവരുന്നതും ഇന്ത്യയിലുടനീളം മുസ്ലിം ദലിത് സമൂഹങ്ങൾ സ്വത്വപ്രശ്നങ്ങളുയർത്തി ഉന്നയിക്കുന്നതുമായ രാഷ്ട്രീയ ശരികളെ പരിഗണിക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തീർച്ചയായും സാധിക്കേണ്ടതുണ്ട്. അഥവാ ബ്രാഹ്മണിക് പൊതുബോധത്തിന്റെയും സ്വത്വപ്രശ്നങ്ങളെ പരിഗണിക്കാത്ത പഴയ വർഗവീക്ഷണത്തിന്റെയും മേലാപ്പുയർത്തി പുതിയ സാമൂഹിക യാഥാർത്ഥ്യങ്ങളെ കാണാനും ഇൗ സാമൂഹിക പ്രക്ഷോഭങ്ങളെ പുരോഗമനോന്മൂഖമായി ഉൾക്കൊള്ളുവാനും അതിനോട് എെക്യദാർഢ്യപ്പെടുവാനും അവർക്ക് സാധിക്കേണ്ടതുണ്ട്. ആന്റണിയോ ഗ്രാംശിയെ പോലുള്ളവരുടെ തിരിച്ചറിവുകൾ സ്വാംശീകരിച്ച് ഇന്ത്യയിലെ ഇടതുപ്രസ്ഥാനങ്ങൾ ഇൗ പുരോഗമന ദൗത്യം നിർവ്വഹിക്കുകയും ഫാഷിസത്തിനെതിരെയുള്ള വിശാല സഖ്യത്തിൽ നേതൃത്വപരമായ പങ്കാളിത്തം വഹിക്കാൻ അവർക്ക് സാധിക്കുകയും ചെയ്താൽ അത് ഇന്ത്യൻ ഇടതുപക്ഷത്തിന് പുതിയ ഉൗർജ്ജം പകരുക തന്നെ ചെയ്യും. മാത്രമല്ല ജനങ്ങളുടെ ജീവൽ പ്രദാനമായ പ്രശ്നങ്ങളിലേക്കും സമ്പദ്ഘടനയുടെ പ്രതിസന്ധികളിലേക്കും ജനശ്രദ്ധ ക്ഷണിച്ച് ഇന്ത്യ എത്തിനിൽക്കുന്ന ദുരന്തപൂർണ്ണമായ പരിണതികളെ സംബന്ധിച്ച് ശക്തമായ ബോധവത്കരണം നടത്തുക എന്നതും ഇടതുപ്രസ്ഥാനങ്ങളുടെ ബാദ്ധ്യതയാണ്.
വംശോന്മൂലനമടക്കമുള്ള ഫാഷിസ്റ്റ് പദ്ധതികളുടെ മുന്നൊരുക്കങ്ങൾ വളരെ പ്രത്യക്ഷമായി കൊണ്ടിരിക്കുന്ന സമകാലിക സന്ദർഭത്തിൽ കേവലം ഒരു വിധേയ ജനതയായി മുസ്ലിം സമുദായം ഒതുങ്ങി നിൽക്കുകയില്ലെന്ന് തീർച്ചയായും ഇപ്പോഴുള്ള ഇൗ ഉണർവ്വും മുന്നേറ്റങ്ങളും ഭരണകൂടത്തിന് കൃത്യമായും മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ ജനാധിപത്യമാർഗേണ സമാധാനപൂർണ്ണമായി നടക്കുന്ന ഇൗ സമരങ്ങളെ ‘കലാപ’മാക്കി രൂപാന്തരപ്പെടുത്താൻ നടക്കുന്ന ഭരണകൂട ഇടപെടലുകളെ തീർച്ചയായും നാം പരിഗണിക്കേണ്ടതുണ്ട്. സമരങ്ങളെ അതിൽ പങ്കെടുത്തവരുടെ വേഷവും സംസ്കാരവും മതവും നോക്കി കലാപമാക്കി മുദ്രയടിക്കാനും ഭരണകൂട ഭീകരതയെ ക്രമസമാധാന പാലനമായി ആദർശവത്കരിക്കാനും നടക്കുന്ന ശ്രമങ്ങൾ ചില ദു:സൂചനകൾ നൽകുന്നുണ്ടെന്ന കാര്യം നാം വിസ്മരിക്കരുത്. അതിനാൽ ഇന്ത്യയുടെ മതനിരപേക്ഷ പൈതൃകം സംരക്ഷിക്കാൻ നടക്കുന്ന ഇൗ വിദ്യാർത്ഥി പ്രക്ഷോഭങ്ങളും ജനകീയ സമരങ്ങളും നയിക്കാൻ ദേശീയ തലത്തിൽ നേതൃത്വം നൽകേണ്ട ബാദ്ധ്യത തീർച്ചയായും ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിനുണ്ട്. യാഥാർത്ഥ്യങ്ങളിൽ നിന്ന് ഒളിച്ചോടാതെ മഹത്തായ ഇൗ ചരിത്ര ദൗത്യം നിർവ്വഹിക്കാൻ അവർക്ക് സാധിച്ചാൽ ഏത് ഏകാധിപത്യപ്രവണതയും അവസാനിപ്പിച്ച് ഇന്ത്യൻ ദേശ രാഷ്ട്രത്തെ രക്ഷിക്കാൻ തീർച്ചയായും നമുക്ക് സാധിക്കുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy