ജലാഉൽ ഖാത്വിർ: 8
ശൈഖ് മുഹിയിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ):
വിവർത്തനം: ബഷീർ മിസ്അബ്:
അല്ലയോ യുവാവേ, എന്റടുത്തേക്കു വരുമ്പോൾ നിന്റെ അഹംബോധവും, ചെയ്ത കർമ്മങ്ങളെക്കുറിച്ചുള്ള മതിപ്പും മാറ്റിവെച്ചു, സകലവും നഷ്ടമായവനെപ്പോലെ വരിക. നിന്റെ നഫ്സിനെക്കുറിച്ചും കർമ്മങ്ങളെക്കുറിച്ചും വലിയ മതിപ്പോടെയാണ് നീ വരുന്നതെങ്കിൽ എന്റെ വാക്കുകൾ നിന്നെ അത്ഭുതപ്പെടുത്തുകയും, നീയെന്നെ വെറുക്കുകയും ചെയ്യും. കാരണം, ഞാൻ നിന്നോട് വിയോജിക്കുകയും, സത്യം പറയുകയും ചെയ്യും. അല്ലാഹുവിന്റെ ശത്രുക്കളല്ലാതെ എന്നെ വെറുക്കുകയില്ല. അല്ലാഹുവെക്കുറിച്ച് അജ്ഞരാവുകയും, കർമ്മങ്ങളിൽ പിറകിലായി, വാക്കുകളിൽ വാചാലരാവുകയും ചെയ്യുന്നവർമാത്രമേ എന്നെക്കുറിച്ച് അജ്ഞരാവൂ. അല്ലാഹുവെക്കുറിച്ച് അറിയുകയും, വാക്കുകൾ കുറച്ച് കർമ്മങ്ങളിൽ ശ്രദ്ധിക്കുകയും ചെയ്തവരല്ലാതെ എന്നെ സ്നേഹിക്കുകയില്ല. തിരുചര്യകളെ പിൻപറ്റുന്നവർ എന്നെ സ്നേഹിക്കുകയും, നവനിർമ്മിതികളെ (ബിദ്അ) പിൻപറ്റുന്നവർ എന്നെ വെറുക്കുകയും ചെയ്യുന്നു. എന്നെ നീ ഇഷ്ടം വെച്ചാൽ, അതിന്റെ ഗുണം നിന്നിലെത്തുകതന്നെ ചെയ്യും. എന്നെ നീ വെറുക്കുന്നുവെങ്കിൽ അതിന്റെ ദോഷവും നിന്നിലെത്തും. സൃഷ്ടികളുടെ പഴികളും പുകഴ്ത്തലും ഞാൻ ശ്രദ്ധിക്കാറേയില്ല.
ആരെങ്കിലും വിജയമാഗ്രഹിക്കുന്നുവെങ്കിൽ, ആത്മജ്ഞാനികളുടെ കാൽക്കീഴിലെ മൺതരിയായിത്തീർന്നുകൊൾക. ആത്മജ്ഞാനികൾ ഇഹലോകത്തെയും അതിലെ സകലതിനെയും പരിത്യജിച്ചവരാകുന്നു. വാനഭുവനങ്ങളിലെ സകലതിനോടും വിടപറഞ്ഞവരാകുന്നു അവർ. ഇനിയൊരിക്കലും മടങ്ങിവരവില്ലാത്തവിധം അവർ സകലതുമുപേക്ഷിച്ചിരിക്കുന്നു. സ്വന്തം സ്വത്വമുൾപ്പെടെ സകല സൃഷ്ടിജാലങ്ങളോടും വിടപറഞ്ഞ് സർവ്വാവസ്ഥകളിലും ദൈവസന്നിധിയിലുള്ളവരാകുന്നു അവർ. ഒരേസമയം തന്റെ നഫ്സിനെ മിഥ്യാഭ്രമങ്ങളിൽതന്നെ നിലനിർത്തുകയും തന്നെ അല്ലാഹുവിലേക്കു വഴിനടത്തുകയും ചെയ്യുന്ന സഹവാസമന്വേഷിക്കുന്നവർ മൂഢസ്വർഗത്തിലാകുന്നു.
ഒരുവന്റെ പരിത്യാഗവും(സുഹ്ദ്), തൗഹീദിലുള്ള വിശ്വാസവും ആത്മാർത്ഥമെങ്കിൽ അയാൾ സൃഷ്ടികളെ കാണില്ല. അല്ലാഹുവല്ലാതെ മറ്റൊരു ദാതാവിനെയും, സഹായിയെയും അയാൾ കാണില്ല. അല്ലയോ ഇഹലോകത്തിന്റെ ആളുകളേ, അജ്ഞതയുടെ സന്യാസികളേ, എത്ര വലുതാണു നിങ്ങളുടെ ആവശ്യങ്ങൾ! എന്റെയീ വാക്കുകൾ ശ്രദ്ധിക്കൂ. യോഗികളെന്നവകാശപ്പെടുന്നവരിൽ ഭൂരിഭാഗവും സൃഷ്ടികളുടെ ആരാധകരാകുന്നു. അല്ലഹുവോടു സൃഷ്ടികളെ പങ്കു ചേർക്കുകയാണവർ.
അല്ലയോ സന്യാസിമാരേ, വരൂ, എന്റെ വാക്കുകൾ രുചിക്കൂ, ഒരക്ഷരമാണെങ്കിൽപോലും. ഒരൊറ്റ ദിവസമോ ഒരാഴ്ചയോ എന്നോടു സഹവസിക്കൂ. എങ്കിൽ നിങ്ങൾക്കു പ്രയോജനപ്പെടുന്ന ചിലതു പഠിക്കാൻ കഴിഞ്ഞേക്കും. പക്ഷെ, നിങ്ങൾക്കു നാശം! നിങ്ങളിലധികപേരും മിഥ്യാബോധത്തിലാകുന്നു, നിങ്ങളുടെ ഗുഹകൾക്കകത്ത് സൃഷ്ടികളെയും ആരാധിച്ചുകൊണ്ട്. സുഖവാസകേന്ദ്രങ്ങളിൽ അജ്ഞതയോടു കൂട്ടുകൂടിയിരുന്നാൽ ആത്മജ്ഞാനം സിദ്ധിക്കാനാവില്ല. നിങ്ങൾക്കു നാശം!
ജ്ഞാനികളെയും ജ്ഞാനത്തെയും തേടി കഴിയുന്നത്ര നടക്കുക. ഒടുവിൽ നടത്തം അസാധ്യമായിത്തീരുമ്പോൾ നിന്റെ ബാഹ്യത്തോടും അകത്തോടുമൊപ്പം ഇരിക്കുക. തുടർന്ന് നിന്റെ ഹൃദയത്തോടും സത്തയോടുമൊപ്പം. അങ്ങിനെ, അകവും പുറവും പരിപൂർണ്ണ പരിക്ഷീണിതനായി നീയിരിക്കുമ്പോൾ ദൈവസാമീപ്യവും ദൈവസാക്ഷാല്ക്കാരവും നിന്നിലേക്കെത്തും.
എന്റടുത്തു വരികയും എന്നാൽ, എന്റെ അധ്യാപനങ്ങൾക്കനുസരിച്ച് കർമ്മസാക്ഷ്യം വഹിക്കാതിരിക്കുകയും ചെയ്താൽ ശ്രോതാക്കൾക്കൊരു ശല്യമായി മാറാൻ മാത്രമേ നിനക്കാവൂ. സ്വന്തം കടയിലായിരിക്കുമ്പോഴെല്ലാം പരാജയപ്പെടുന്ന കച്ചവടത്തെക്കുറിച്ചാണു നിന്റെ ചിന്ത. എന്റടുത്തേക്കു നീ വരുന്നതുതന്നെ സ്വന്തം സുഖാശ്വാസങ്ങൾ തേടിയാണ്. അതുകൊണ്ടുതന്നെ, എത്രതവണ ഇവിടെയെത്തി എന്റെ പാഠങ്ങൾ ശ്രവിച്ചാലും ഫലത്തിൽ നീ യാതൊന്നും കേൾക്കാത്തപോലെ തന്നെയാകുന്നു. അല്ലയോ, സ്വത്തുകൾ ഉടമപ്പെടുത്തിയവനേ, നിന്റെ സമ്പാദ്യങ്ങളെല്ലാം മറന്ന് ഇവിടെയെത്തി പാവങ്ങൾക്കൊപ്പമിരിക്കുക. അവർക്കും അല്ലാഹുവിനും മുമ്പിൽ വിനയാന്വിതനാവുക.
വിവേകിയാവുക. നിന്റെ സ്ഥാനമാനങ്ങളെല്ലാം വിട്ടൊഴിഞ്ഞ് ഇവിടെയെത്തി ഈ കൂട്ടത്തിലൊരാളായി ഇരിക്കുക, എന്റെ വാക്കുകൾ നിന്റെ ഹൃദയനിലങ്ങളിൽ നട്ടുപിടിപ്പിക്കാനായി. ബുദ്ധിയുണ്ടെങ്കിൽ നീ എന്നോടു കൂട്ടുചേരും. ദിനേന ഞാൻ നല്കുന്ന ശകലങ്ങളിൽ തൃപ്തനാകും. എന്റെ വാക്കുകളിലെ പാരുഷ്യം ക്ഷമാപൂർവ്വം സഹിക്കും. അകത്ത് വിശ്വാസമുള്ളവർ എന്റെ സഹവാസത്തിലുറച്ചുനിന്ന് വളരും. അകത്തു വിശ്വാസമില്ലാത്തവരകട്ടെ, എന്നിൽനിന്ന് ഓടിയകലും. മറ്റൊരാളുടെ ആത്മീയാവസ്ഥ അറിയുമെന്നവകാശപ്പെടുന്നവനേ, നിനക്കു നാശം!
നിന്റെയവസ്ഥയെന്തെന്നുപോലും നിനക്കറിയില്ലെന്നിരിക്കെ, അവരെങ്ങിനെ നിന്നെ വിശ്വസിക്കും? കളവാണു നീ പറയുന്നത്. അതിനാൽ പശ്ചാത്തപിക്കുക.
അല്ലാഹുവേ, എല്ലാ അവസ്ഥയിലും ഞങ്ങൾക്കു സത്യസന്ധത പ്രദാനം ചെയ്യേണമേ.
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ വി.ഖുഃ 2.201
സൃഷ്ടികളെ അല്ലാഹുവിലേക്കു പങ്കുചേർക്കുന്നവരേ, നിങ്ങൾക്കു ശാപം! ഉത്തരമേകാൻ ആരുമില്ലാത്ത വാതിലുകളിൽ നിങ്ങളെപ്പോഴും മുട്ടിവിളിക്കുന്നു. തീയിലൂട്ടാത്ത ഇരുമ്പിൽ നിങ്ങളെപ്പോഴും അടിക്കുന്നു. നിങ്ങൾ സത്യസന്ധരല്ല. നിങ്ങൾക്ക് ബുദ്ധിയുമില്ല. എന്റെ സമീപത്തേക്കു വരൂ. എന്റെ അന്നത്തിൽനിന്നും അല്പം കഴിക്കൂ. അതു കഴിച്ചാൽ നിങ്ങൾ മറ്റു സൃഷ്ടികൾ നല്കുന്ന ഭക്ഷണങ്ങളുപേക്ഷിക്കും. സ്രഷ്ടാവിന്റെ അന്നം രുചിച്ചാൽ നിങ്ങളുടെ ഹൃദയവും, അന്തരാത്മാവും(സിർറ്) സൃഷ്ടികളുടെ അന്നമുപേക്ഷിക്കുന്നു. ഉടയാടകൾക്കും പുറംതൊലിക്കും, മാംസത്തിനുമപ്പുറം ഹൃദയത്തിലാണിതു സംഭവിക്കുന്നത്. ഏതെങ്കിലും സൃഷ്ടികൾ വാസമുറപ്പിച്ചിരിക്കുന്ന കാലമത്രയും ഹൃദയം ആരോഗ്യാവസ്ഥയിലായിരിക്കില്ല. ഹൃദയത്തിൽ ഒരണു ഇഹലോകപ്രേമം ഉണ്ടായിരിക്കുവോളം വിശ്വാസദാർഢ്യം(യഖീൻ)അപൂർണ്ണമായിത്തന്നെ അവശേഷിക്കും. വിശ്വാസം യഖീൻ ആവുകയും, യഖീൻ മഅരിഫയാവുകയും, മഅരിഫ ഇൽമ് ആവുകയും ചെയ്യുമ്പോൾ നിങ്ങൾ ദൈവദാസ്യപാതയിൽ നന്മതിന്മകൾ വ്യവച്ഛേദിച്ചറിയുന്നൊരു വിദഗ്ധനായിത്തീരുന്നു. നിങ്ങൾ ധനികരിൽനിന്നെടുത്ത് ദരിദ്രർക്കു നൽകുന്നു. നിങ്ങൾ “അടുക്കള’യുടെ ഉടമയാവുകയും, ഹൃദയത്തിന്റെയും സിർറിന്റെയും കരങ്ങളാൽ ആഹാരം പാകംചെയ്യുകയും ചെയ്യുന്നു. അല്ലയോ കപടരേ, ആ ഒരവസ്ഥയിലേക്കെത്തുവോളം നിങ്ങളോടാദരവേയില്ല. നിങ്ങൾക്കു നാശം! നിങ്ങൾ ആത്മനിയന്ത്രണം(വറഅ്)പാലിക്കുകയോ, ദിവ്യജ്ഞാനത്തിൽനിന്നും ദൈവികനിയമത്തിൽനിന്നും ഗ്രഹിച്ച് പരിത്യാഗിയായൊരു ശൈഖിന്റെ കയ്യിൽനിന്നും പെരുമാറ്റ മര്യാദകൾ പഠിക്കുകയോ ചെയ്തിട്ടില്ല. തിരിച്ചൊന്നും നൽകാതെ സമ്പാദിക്കണമെന്നാഗ്രഹിക്കുന്നതിനാൽ നിങ്ങൾക്കു യാതൊന്നും കരഗതമാവില്ല. പരിശ്രമം കൂടാതെ ലൗകിക കാര്യങ്ങൾപോലും നേടാനാവില്ലെന്നിരിക്കെ ദൈവസന്നിധിയിലുള്ളതിന്റെ കാര്യമോ?
ഗുരുവുമായുള്ള അന്വേഷിയുടെ ബന്ധം നന്നായാൽ തന്റെ ഹൃദയത്തിൽ നിന്നെടുത്ത അന്നപാനീയങ്ങളൂട്ടി ഗുരു അവന് പോഷണം നൽകുന്നു. അല്ലയോ അന്വേഷികളേ, നിങ്ങളുടെ ഹൃദയത്തിൽ നിന്നും സൃഷ്ടികളെ എടുത്തുമാറ്റുന്നുവെങ്കിൽ നിങ്ങൾക്ക് അത്ഭുതങ്ങൾ ദർശിക്കാം. സ്വർഗാവകാശികളോടു നാളെ പറയപ്പെടും, “സ്വർഗത്തിൽ പ്രവേശിച്ചുകൊൾക”
എന്നാൽ, ഇഹലോകത്തു വെച്ചുതന്നെ മറ്റെല്ലാ സൃഷ്ടികളെയും, സ്വർഗത്തെപോലും, ഒഴിവാക്കി, ഹൃദയത്തിൽ അല്ലാഹുവെക്കുറിച്ച ചിന്തമാത്രം സൂക്ഷിച്ചവരെ നോക്കി അല്ലാഹു പറയും, “ഇപ്പോഴും, ഇനി പരലോകത്തുവെച്ചും ദൈവസാമീപ്യത്തിന്റെ സ്വർഗ്ഗത്തിൽ പ്രവേശിച്ചുകൊൾക”
എന്റെ അധ്യാപനങ്ങളോടു ചേർന്നുനിൽക്കുന്നത് വിശ്വാസത്തിന്റെ ലക്ഷണമാകുന്നു. അതിൽനിന്ന് ഓടിയകലുന്നത് കാപട്യത്തിന്റെയും. അല്ലാഹുവേ, ഞങ്ങളോടു പൊറുക്കേണമേ. ഇഹലോകത്തും പരലോകത്തും ഞങ്ങളെ തുറന്നുകാട്ടരുതേ.
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
തുടരും