ഗുരുമൊഴികൾ

ദർവേശ്അൻവാരി:

അകാരണമായി മനസ്സിൽ അല തല്ലുന്ന സങ്കീർണമായ നിരവധി സമസ്യകളോടെ, ആരുടെ മുന്നിലും വിധേയത്വം പ്രകടിപ്പിക്കാതെ എവിടെയും കലഹിച്ചും വിട്ടുവീഴ്ചയില്ലാതെയും നിലകൊള്ളുന്ന അഹംബോധത്തോടെ സ്വയം പ്രഖ്യാപിത സാമ്രാജ്യങ്ങളിൽ വിരാജിച്ചുകൊണ്ടിരുന്ന എന്നെ എന്റെ ആദരണീയരായ ശൈഖിന്റെ(ഗുരുവിന്റെ)മുന്നിലേക്ക് മെരുക്കിയൊരുക്കി കൊണ്ടുവന്നിരുത്തിയതിന് പല കൂട്ടുകാരോടും ഞാൻ കടപ്പാടുള്ളവനാണ്. സർവ്വോപരി പാപിയായ എന്നെ സന്മാർഗത്തിലേക്കും വെളിച്ചത്തിലേക്കും നയിച്ച പരമദയാലുവായ അല്ലാഹുവിനോടുള്ള കൃതജ്ഞതക്ക് അറ്റവും അതിരുമില്ല.
ഗുരുവിന്റെ സവിധത്തിലെത്തിയതോടെ ജീവിതത്തിന്റെ അർത്ഥവും ആഴവുമാണ് എനിക്ക് തുറന്നുകിട്ടിയത്. പ്രവചിക്കാനാവാത്ത വിധമുള്ള ഒരു സനാഥത്വമാണ് എനിക്ക് കരഗതമായത്. പിതൃനിവേശിതമെന്നോ മാതൃവാത്സല്യപൂരിതമെന്നോ വിളിക്കാവുന്ന അഭയവും ശാന്തിയുമാണ് ആ സന്നിധിയിൽ നിന്ന് ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ മതാനുഭവത്തെ അനുഭൂതിദായകമായ ഇലാഹി പ്രണയത്തിന്റെ ദിവ്യാനന്ദമാക്കി പകർന്നുതന്ന എന്റെ വന്ദ്യരായ ഗുരു ശൈഖുനാ ഇബ്റാഹീം അൻവാറുല്ലാഹ് ശാഹ് നൂരി(ത്വ.ഉ)അവർകളുടെ ദിക്റിന്റെയും വിജ്ഞാനത്തിന്റെയും സ്വർഗീയമായ അനുഭൂതി വിശേഷങ്ങൾ പകരുന്ന സദസ്സ് എന്റെ നിത്യാനുഭവമായിരിക്കുകയാണ്. ആയുസ്സിലെ ജ്ഞാനസായൂജ്യത്തിന്റെയും ആത്മോത്കർഷത്തിന്റെയും ഇൗ ധന്യമുഹൂർത്തങ്ങളെ ഒാർത്തെടുക്കാനും ഏതൊരുവനും വെളിച്ചം പകരുന്ന ഗുരുമൊഴികളെ കോർത്തെടുത്ത് ജ്ഞാനഹാരമായി സമർപ്പിക്കാനുമാണ് ഇവിടെ ഉദ്യമിക്കുന്നത്.
ഉൗദിന്റെയും ഉലുവാന്റെയും സുഗന്ധം തങ്ങി നിൽക്കുന്ന പശ്ചാത്തലത്തിൽ ഉലൂഹിയ്യത്തിന്റെ വിശദാംശങ്ങൾ വിശദീകരിച്ച് സൃഷ്ടികളിൽ നിന്നെല്ലാം മനസ്സ് മോചിപ്പിച്ച് പരിപൂർണ്ണമായ ഏകാഗ്രതയോടെ അല്ലാഹുവിലേക്ക് സുലൂക് ചെയ്യിച്ചും ഉന്നതമായ അനുഭൂതി വിശേഷങ്ങൾ പകർന്നും മസ്ജിദിൽ വെച്ച് നടത്തിയ ദിക്റ് ഹൽഖക്ക് ശേഷം പ്രസന്നവും പ്രശോഭിതവുമായ മുഖത്തോടെ ബഹുമാനപ്പെട്ട ശൈഖുനാ ഉസ്താദ് അന്ന് പറഞ്ഞുതുടങ്ങിയത് ബൈഅത്തിനെ കുറിച്ചും നഫ്സിനെ കുറിച്ചുമെല്ലാമാണ്. നിറഞ്ഞ സദസ്സിനോടായി ഹംദിനും സ്വലാത്തിനുമെല്ലാം ശേഷം ശൈഖവർകൾ മൊഴിഞ്ഞു:
“”നാമെന്തിനാണ് ഒരു ശൈഖിനെ ബൈഅത്ത് ചെയ്ത് അല്ലാഹുവിന്റെ വഴിയിൽ പ്രവേശിച്ചിട്ടുള്ളത്.? ബൈഅത്ത് ചെയ്യുക എന്നത് അല്ലാഹുവിന്റെയും അവന്റെ ഹബീബായ റസൂലുല്ലാഹി(സ)യുടെയും കൽപനയാണ്. “”ഹേ സത്യ വിശ്വാസികളെ നിങ്ങൾ അല്ലാഹുവിന് തഖ്വ ചെയ്യുവിൻ. സ്വാദിഖീങ്ങളുടെ കൂടെ ആകുവിൻ.”(സൂറ: അത്തൗബ:119) ഇൗ സൂക്തം സംബോധന ചെയ്യുന്നത് മുഅ്മിനീങ്ങളായ നാമോരോരുത്തരെയുമാണ്. അതുകൊണ്ട് തന്നെ ആരാണ് ഇൗ സ്വാദിഖീങ്ങൾ എന്നത് നാം അന്വേഷിക്കുക തന്നെ വേണം. സ്വാദിഖീങ്ങളെന്നാൽ അല്ലാഹുവിന്റെ ഒൗലിയാക്കളാണ്. ഒൗലിയാഅ് എന്നതിന് ഖുർആൻ ഉപയോഗിച്ച മറ്റൊരു ഇസ്തിലാഹാണ് സ്വാദിഖ് എന്നത്. അല്ലാഹുവിനുള്ളത് അല്ലാഹുവിന് കൊടുക്കുകയും തന്റേതിനെ താൻ എടുക്കുകയും ചെയ്ത് അമാനത്തിൽ സത്യന്ധത പുലർത്തുന്നവരാണ് സ്വാദിഖീങ്ങൾ. ഇലാഹാകാനുള്ള യോഗ്യതകൾ മുഴുവനും അല്ലാഹുവിനാണെന്ന് തിരിച്ചറിഞ്ഞ് ഉബൂദിയ്യത്തിന്റെ യോഗ്യതകളറിഞ്ഞ് സമ്പൂർണ വിധേയത്വത്തോടെ അവന്റെ മുന്നിൽ സമർപ്പിച്ചവരാണ് സ്വാദിഖീങ്ങൾ. അപ്പോൾ ഇൗ സ്വാദിഖീങ്ങളോടൊത്ത് നിങ്ങൾ ചേരണം എന്ന് പറയുന്നതിന്റെ അർത്ഥം അവരോട് അനുസരണ പ്രതിജ്ഞ ചെയ്ത്(ബൈഅത്ത്) അവരിൽ നിന്ന് ഇൽമും ഇർഫാനും നേടി അവരുടെ ശിക്ഷണങ്ങൾക്ക് നിങ്ങൾ നിന്നുകൊടുക്കണം എന്നാണ്. റസൂലുല്ലാഹി(സ)പറഞ്ഞിരിക്കുന്നു:
“”നീ അല്ലാഹുവിനോടൊപ്പം ആവുക. നീ അല്ലാഹുവിനോടൊപ്പം ആയില്ലെങ്കിൽ നീ അല്ലാഹുവോടൊപ്പം ആയവരുടെ കൂടെ ആവുക. നിശ്ചയം നീ അവരോടൊപ്പം ആയിരുന്നാൽ അവർ നിന്നെ അല്ലാഹുവിലേക്ക് എത്തിക്കും.”(റൂഹുൽ ബയാൻ, അവാരിഫുൽ മആരിഫ്)
ഖുർആനിന്റെയും ഹദീസിന്റെയും വിശദാംശങ്ങൾ വിശദീകരിച്ച ശേഷം നമ്മിൽ തന്നെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന രണ്ട് ശത്രുക്കളെ കുറിച്ചാണ് ശൈഖവർകൾ തുടർന്ന് മൊഴിഞ്ഞത്:
“”സ്വാദിഖീങ്ങളോടൊപ്പം ആകുന്നതിന് നമ്മെ തടസ്സപ്പെടുത്തുന്ന ഒന്ന് നമ്മുടെ ഉള്ളിൽ പ്രവർത്തിക്കുന്നുണ്ട്. അതാണ് നഫ്സ്. പുറത്തും മറ്റൊരു ശത്രുവുണ്ട്. അതാണ് ശൈത്വാൻ. നഫ്സിനെക്കുറിച്ച് അല്ലാഹു ഖുർആനിൽ വിശേഷിപ്പിച്ചിട്ടുള്ളത് അമ്മാറത്ത് എന്നാണ്. ശൈത്വാനെക്കുറിച്ച് അല്ലാഹു പറയുന്നതാവട്ടെ “”നിശ്ചയമായും അവൻ നിങ്ങൾക്ക് പ്രത്യക്ഷ ശത്രുവാകുന്നു””(സൂറ: യാസീൻ: 60) എന്നാണ്. നഫ്സിനെ സംബന്ധിച്ച് പരസ്യമായ ശത്രുവാണെന്ന്് പറഞ്ഞിട്ടില്ല. എന്നാൽ ശൈത്വാനെ സംബന്ധിച്ച് പരസ്യമായ ശത്രുവാണെന്ന് തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ നഫ്സ് നിന്റെ ശത്രു തന്നെയാണ്. തിരുനബി(സ) മൊഴിയുന്നു:””നിന്റെ ശത്രുക്കളിൽ ഏറ്റവും കഠിനമായത് നിന്റെ ഇരുപാർശ്വങ്ങൾക്കിടയിലുള്ള നിന്റെ നഫ്സാണ്.”(ബൈഹഖി)
നഫ്സും ശൈത്വാനും തമ്മിലുള്ള പ്രധാന വിത്യാസം നഫ്സിനെ സംസ്കരിക്കാമെന്നതും ശൈത്വാനെ അപ്രകാരം സംസ്കരിക്കാനാവില്ല എന്നതുമാണ്. അല്ലാഹുവിന്റെ പ്രവാചകന്മാരോടൊത്തൊ അവന്റെ പ്രത്യേകക്കാരായ വലിയ്യുമാരോടൊത്തോ സഹവസിക്കുന്നതിലൂടെയും അവരിൽ നിന്ന് ഇൽമും ഇർഫാനും പകർന്നെടുക്കുന്നതിലൂടെയും നഫ്സ് സംസ്കരിക്കപ്പെടുമെങ്കിൽ ശൈത്വാനെ യാതൊരു നിലക്കും സംസ്കരിക്കാനൊ നേരെയാക്കാനോ സാധ്യമല്ല. ശൈത്വാനുമായി സഹവസിക്കുന്നതു നിമിത്തമായാണ് നഫ്സ് ദുർഗുണങ്ങളാർജ്ജിക്കുന്നതും ചീത്തകാര്യങ്ങളിലേക്കുള്ള അതിന്റെ ചായ്വ് പ്രകടിപ്പിക്കുന്നതും. നഫ്സിന്റെ ശത്രുത ഇങ്ങനെ അതിന്റെ രോഗങ്ങളെ ദുരീകരിച്ച് സംസ്കരിക്കപ്പെടുന്നതോടെ മാറുമെങ്കിൽ ശൈത്വാന്റെ ശത്രുത എന്നെന്നും നിലനിൽക്കുന്നതാണ്.
യഥാർത്ഥത്തിൽ നഫ്സ് എന്നത് പരിശുദ്ധമായ ഒരു സൃഷ്ടിയായിരുന്നു. എന്നാൽ മനുഷ്യന് വകതിരിവ് വരുന്നതു മുതൽ അതിനെ പിഴപ്പിക്കാൻ നിരന്തരമായി ശൈത്വാൻ പരിശ്രമിക്കുകയും അതിലവൻ വിജയം വരിക്കുകയും ഇങ്ങനെ ശൈത്വാനുമൊത്തുള്ള സഹവാസത്തിലൂടെ ക്രമേണ അത് ചീത്തയുമാവുകയാണ് ചെയ്യുന്നത്. എന്നാൽ നഫ്സിന്റെ ഏത് വഴികേടുകൾക്കും അത് തന്നെയാണ് ഉത്തരവാദി. അതുകൊണ്ടാണ്
“”ഞങ്ങളുടെ റബ്ബേ….ഞങ്ങൾ ഞങ്ങളുടെ നഫ്സിനോട് അക്രമം പ്രവർത്തിച്ചു.”(സൂറ: അൽ അഅ്റാഫ്: 23) എന്ന ആദം നബി(അ)യുടെ പ്രാർത്ഥന മുഅ്മിനീങ്ങൾ ആവർത്തിക്കുന്നത്. ഇക്കാരണത്താലാണ് വിവരമുള്ള ആളുകളെല്ലാം നഫ്സിനെ പഴിചാരി സംസാരിക്കുന്നത്.
നഫ്സിന്റെ പിഴവുകളും വഴികേടുകളുമെന്തെന്ന് അതിനെ ശുദ്ധീകരിക്കാൻ ചുമതലപ്പെടുത്തപ്പെട്ട അമ്പിയാക്കൾക്കും അവരുടെ ദൗത്യം പിന്തുടരുന്ന ഒൗലിയാക്കൾക്കും അല്ലാഹു അറിയിച്ചു കൊടുത്തിട്ടുണ്ട്. അഥവാ ആ ഇൽമിൽ അവഗാഹമുള്ളവർ അവർ മാത്രമാണ്. ശൈത്വാനെതിരിൽ നഫ്സിനെ അവന്റെ കുരുക്കിൽ നിന്ന് രക്ഷിക്കാൻ അല്ലാഹുവെച്ച വസ്വീലയാണ് ശൈഖ്. അഥവാ വലിയുല്ലാഹ്….അദുവുല്ലായുടെ പിടുത്തത്തിൽ നിന്നും വലിയ്യുല്ലാഹിയുടെ പിടുത്തത്തിലേക്ക് നഫ്സിനെ ഏൽപിച്ചുകൊടുക്കലാണ് വാസ്തവത്തിൽ ബൈഅത്ത്. അതുകൊണ്ടാണ് മഹാന്മാരായ ഇമാമീങ്ങൾ അവരുടെ കിതാബുകളിലൊക്കെ “”പ്രായപൂർത്തിയെത്തിക്കഴിഞ്ഞാൽ അവനൊരു ശൈഖിനെ സ്വീകരിക്കൽ നിർബന്ധമാണ്”എന്നെഴുതിയത്. ശൈഖിനെ സ്വീകരിച്ചില്ലെങ്കിൽ ശൈത്വാൻ ആ നഫ്സിനെ വിവിധ രൂപേണ പിഴപ്പിക്കും. ശൈത്വാൻ മനുഷ്യനെ പടക്കുന്നതിനു മുമ്പ് മലക്കുകളുടെ ഉസ്താദായിരുന്നു. ജിന്നുകളുടെ ആദിപിതാവായിരുന്നു. അല്ലാഹു ശ്രേഷ്ഠത നൽകി പടച്ച മനുഷ്യനെക്കാൾ സ്വയം ഒൗന്നത്യം നടിച്ചു എന്നതിനാലാണ് അവൻ ശപിക്കപ്പെട്ട പിശാചായത്. അവന്റെ നഫ്സ് തന്നെയാണ് അവനെ പിഴപ്പിച്ചത്.
“”അവൻ വിസമ്മതിക്കുകയും അഹങ്കരിക്കുകയും അങ്ങനെ സത്യനിഷേധി ആവുകയും ചെയ്തു.”(സൂറ: അൽ ബഖറ: 34) എന്നാണ് അല്ലാഹു അവന്റെ പരിണതിയെപ്പറ്റി ഖുർആനിൽ പറഞ്ഞത്. അവൻ അല്ലാഹുവിന്റെ ആജ്ഞയെ വകവെക്കാതെ ആദം നബി(അ)യെ ഖിബ്ലയാക്കി സുജൂദ് ചെയ്യുന്നതിൽ നിന്ന് വിലങ്ങി നിൽക്കുകയും അഹന്തയോടെ നിലകൊള്ളുകയും ചെയ്തു. അങ്ങനെ അവൻ കാഫിരീങ്ങളുടെ ഗണത്തിൽ ഉൾപ്പെടുകയും ചെയ്തു. അല്ലാഹുവിന്റെ ഒരൊറ്റ കൽപനയോടുള്ള ധിക്കാരമാണ് ഇബ്ലീസിനെ ശാശ്വത നഷ്ടത്തിന് അർഹമാക്കിയത്. ഇൗ അവസ്ഥ നമ്മിൽ വന്നുചേരാതിരിക്കാൻ നാമെപ്പോഴും പ്രാർത്ഥനാനിരതരാവണം. മറ്റൊരു ആയത്തിൽ ഇബ്ലീസ് സുജൂദ് ചെയ്യാത്തതിനെക്കുറിച്ച് അല്ലാഹു അവനോട് ചോദിക്കുന്ന ഒരു സന്ദർഭം വിവരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് നീ ആദമിന് സുജൂദ് ചെയ്യാതിരുന്നത് എന്ന് അവനോട് ചോദിക്കുന്നുണ്ട്. “”അല്ലാഹു ചോദിച്ചു: ഒാ ഇബ്ലീസ്, ഞാൻ എന്റെ കൈകൾ കൊണ്ട് സൃഷ്ടിച്ചതിന് സുജൂദ് ചെയ്യുന്നതിൽ നിന്നും നിന്നെ തടഞ്ഞതെന്താണ്?”സൂറ: സ്വാദ്: 75) കഅ്ബയെ ഖിബ്ലയാക്കി നാം സുജൂദ് ചെയ്യുന്നത് അല്ലാഹുവിന്നാണ്. അതുപോലെ ആദം നബി(അ)യെ ഖിബ്ലയാക്കി സുജൂദ് ചെയ്യാൻ അല്ലാഹു ആജ്ഞാപിച്ചത് അത് അല്ലാഹുവിന്നുള്ള സുജൂദ് ആയതിനാലാണ്. ഇൗ യാഥാർത്ഥ്യമാണ് ഇബ്ലീസിന് സ്വന്തം നഫ്സിന്റെ ശ്രേഷ്ഠഭാവത്താൽ വ്യക്തമാവാതെ പോയത്. മലക്കുകൾക്ക് ഇൽമ് പഠിപ്പിക്കുന്ന ഒൗന്നത്യസ്ഥാനങ്ങളിലിരുന്ന അവസ്ഥയിൽ നിന്നാണ് ഇബ്ലീസായുള്ള അവന്റെ ഇൗ പതനം സംഭവിച്ചത്. അവൻ അല്ലാഹുവിനോട് പറഞ്ഞ ഉത്തരം ഞാനാണ് ശ്രേഷ്ഠം എന്നാണ്.
“”അവൻ പറഞ്ഞു: ഞാൻ അവനെക്കാൾ ഉന്നതനാണ്, എന്നെ നീ തീകൊണ്ട് സൃഷ്ടിച്ചിരിക്കുന്നു. അവനെ കളിമണ്ണ് കൊണ്ടും.”(സൂറ: സ്വാദ്: 76) മണ്ണിനെക്കാൾ തീയ്യാണ് ശ്രേഷ്ഠം എന്ന ഇൗ ന്യായവാദത്താൽ ശാശ്വതമായി തീയ്യിൽ വസിക്കുന്നവനായി അവനും അവന്റെ കൂട്ടാളികളും മാറുകയാണുണ്ടായത്. അല്ലാഹു ഇൗ അനയെ തൊട്ട് നാമേവരെയും കാത്തുരക്ഷിക്കുമാറാകട്ടെ…ആമീൻ….ഇബ്ലീസിനെ വഴി തെറ്റിച്ചത് അന എന്ന് പറയുന്ന അവന്റെ നഫ്സ് തന്നെയാണ്. ഇൗ രോഗം തന്നെയാണ് എല്ലാവരെയും അപകടത്തിലാക്കുന്നത്. യഥാർത്ഥത്തിൽ മണ്ണാണോ നല്ലത് തീയാണോ നല്ലത് എന്ന കാര്യം പരിശോധിച്ചാൽ മണ്ണാണ് നല്ലത് എന്ന് കാണാൻ കഴിയും. മണ്ണിന് അതിന്റെ പ്രകൃതത്തിൽ തന്നെ എളിമത്വമാണ് അല്ലാഹു പ്രദാനം ചെയ്തിട്ടുള്ളത്. എന്നാൽ തീക്കാകട്ടെ ഉയർന്ന് കത്താനും മറ്റുള്ളതിനെ നശിപ്പിക്കാനുമുള്ള പ്രകൃതമാണുള്ളത്. തീയിന് അഹങ്കാരമാണുള്ളത്. മണ്ണിന്നാകട്ടെ അങ്ങേഅറ്റത്തെ വിനയവും. മണ്ണ് മിസ്കീനാണ്. എന്നാൽ തീയ്യിനാകട്ടെ ഞാനെന്ന് എഴുന്നു നിൽക്കാനുള്ള അഹന്തയാണുള്ളത്. ചുരുക്കത്തിൽ ഇബ്ലീസിനെ പിഴപ്പിച്ച നഫ്സ് തന്നെയാണ് ഒാരോ മനുഷ്യന്റെയും പ്രഥമമായ ശത്രു. ഒാരോ പ്രവാചകന്മാരും നഫ്സിനെ യഥോചിതം തിരിച്ചറിഞ്ഞവരായിരുന്നു. അതുകൊണ്ടാണ് യൂസുഫ് നബി(അ)
“”ഞാനെന്റെ നഫ്സിനെ കുറ്റവിമുക്തയാക്കുന്നില്ല. നിശ്ചയമായും നഫ്സ് തിന്മയിലേക്ക് പ്രേരിപ്പിക്കുന്നതാണ്.”(സൂറ: യൂസുഫ്: 53)എന്ന് പറഞ്ഞ കാര്യം ഖുർആൻ അനുസ്മരിക്കുന്നത്. അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണവും കാവലുമുള്ളവരാണ് പ്രവാചകന്മാർ. അതുകൊണ്ടാണ് തിരുനബി(സ) അവിടുത്തെ പല സംസാര സന്ദർഭങ്ങളിലും എന്റെ നഫ്സ് ആരുടെ കൈകളിലാണോ” എന്ന് പറയുന്നത്. അല്ലാഹുവിന്റെ കൈയ്യിൽ അവന്റെ നിയന്ത്രണത്തിലായിരിക്കേണ്ട ഒാരോരുത്തരുടെയും നഫ്സുകൾ ശൈത്വാന്റെ ഉപകരണമാക്കാൻ വിട്ടുകൊടുത്തവരായിരുന്നു അധിക ആളുകളും. മനുഷ്യന്റെ ശത്രുവായ ശപിക്കപ്പെട്ട പിശാചിൽ നിന്നും ഒാരോ നഫ്സുകളെയും പിടിച്ചുവാങ്ങി ഹഖിന്റെ കൈയ്യിൽ ഏൽപിക്കുന്ന പ്രയത്നങ്ങളിലാണ് സൂഫിശൈഖന്മാർ നിരതരായിട്ടുള്ളത്. അതുകൊണ്ടാണ് വലിയ വലിയ ഉലമാക്കളെല്ലാം അവർ പാണ്ഡിത്യത്തിന്റെയും വിഖ്യാതിയുടെയും ഒൗന്നത്യ സ്ഥാനങ്ങളിലിരുന്ന സന്ദർഭങ്ങളിൽ പോലും അതെല്ലാം വലിച്ചെറിഞ്ഞ് നഫ്സിന്റെ സംസ്കരണം ലക്ഷ്യം വെച്ച് സൂഫി മശാഇഖന്മാരെ തേടിയിയിറങ്ങിയതും അവരുടെ ശിക്ഷണ ശീലനങ്ങൾക്ക് പരിപൂർണമായും സമർപ്പിച്ചതും. നഫ്സുകളുടെ ഇൗ രോഗങ്ങൾക്ക് ശമനം നൽകി അതിനെ സംസ്കരിക്കുന്നവർക്കാണ് മുറബ്ബിയായ ശൈഖ് എന്ന് പറയുന്നത്. അവരുടെ നിയന്ത്രണത്തിന് പരിപൂർണമായും നിന്നുകൊടുക്കുന്ന നഫ്സുകളിലേക്ക് പിന്നെ ശൈത്വാന് യാതൊരു നിലക്കും പ്രവേശനമില്ല. സുജൂദ് ചെയ്യുന്നതിൽ നിന്ന് നിന്നെ തടഞ്ഞതെന്ത് എന്ന ചോദ്യത്തിന് ഇബ്ലീസിന്റെ മറുപടി ആരംഭിക്കുന്നത് അന അഥവാ ഞാൻ എന്ന് പറഞ്ഞുകൊണ്ടാണ്. ഞാൻ ശ്രേഷ്ഠം എന്ന ഇൗ വിചാരം തന്നെയാണ് നഫ്സ്. ഇൗ വിചാരം വരുന്നുണ്ടെങ്കിൽ നിങ്ങളോരോരുത്തരും സ്വന്തം നഫ്സുകളെ ശ്രദ്ധിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy