അൽ ഹാഫിള് മുഹമ്മദ് സുൽത്വാൻ ബാഖവി കായൽപട്ടണം:
ഹാജി ഇംദാദുദുല്ലാഹ് മുഹാജിർ മക്കി(റ) യുടെ ഫൈസലാ ഹഫ്ത് മസ്അല എന്ന ഗ്രന്ഥത്തിന്റെ പരിഭാഷ ആരംഭിക്കുന്നു. ഒരു നൂറ്റാണ്ടിന് മുഴുവൻ വെളിച്ചം പകർന്ന സ്മര്യപുരുഷന്റെ വിപ്ലവകരമായ ജീവിതത്തിലേക്കുള്ള ഒരു പ്രവേശികയാണ് ഈ ലേഖനം. മുഹമ്മദ് സുൽത്വാൻ ബാഖവി തമിഴ് ഭാഷയിലേക്ക് മൊഴിമാറ്റിയ ഫൈസലാ ഹഫ്ത് മസ്അലയുടെ ആമുഖമായി ചേർത്ത ലേഖവും ഗ്രന്ഥത്തിന്റെ മറ്റ് ഭാഗങ്ങളിൽ ചേർത്ത മറ്റ് ജീവ ചരിത്രവിവരങ്ങളുമാണ് ഈ ലേഖനത്തിലുള്ളത്. അത്യപൂർവ്വമായ സ്രോതസ്സുകളിൽ നിന്ന് പ്രമാണ ബദ്ധമായി സ്മര്യപുരുഷന്റെ ജീവിതം ആഖ്യാനം ചെയ്യുന്ന ഇതിലെ വിവരണങ്ങൾ ചില സ്ഥാപിത താത്പര്യക്കാരുടെ അടിത്തറയിളക്കുന്നതും സുന്നത്ത് ജമാഅത്തിന്റെ യഥാർത്ഥ പാരമ്പര്യം വീണ്ടെടുക്കുന്നതുമാണ്.
ഹാജി ഇംദാദുദുല്ലാഹ് മുഹാജിർ മക്കി(റ) വുമായി സമകാലിക മുസ് ലിം സമൂഹത്തിനും കഴിഞ്ഞ നൂറ്റാണ്ടിലെ മുസ് ലിംകൾക്കും വളരെയേറെ കടപ്പാടുകളുണ്ട്. സുന്നത്ത് ജമാഅത്തിന്റെ ശരിയായ അടിത്തറയിൽ മുസ് ലിം സമൂഹത്തെ സ്ഥൈര്യത്തോടെ നിലനിർത്താൻ മഹാനവർകൾ ചെയ്ത സേവനങ്ങൾ തുല്യതയില്ലാത്തതാണ്. മാത്രമല്ല ബ്രിട്ടീഷ് കോളണി ഭരണത്തിനെതിരെ ഉജ്ജ്വലമായ മുന്നേറ്റം നിർവ്വഹിച്ച വിമോചന മൂല്യവും മഹാനവർകളുടെ വ്യക്തിത്വത്തെ കൂടുതൽ പ്രകാശപൂർണ്ണമാക്കുന്നു. മുസ് ലിം സമൂഹത്തിൽ സുന്നി പാരമ്പര്യമുള്ളവർക്കിടയിൽ തന്നെ താർക്കിക സ്വഭാവത്തോടെ ചർച്ചചെയ്യപ്പെടുന്ന പല പ്രശ്നങ്ങളെയും സമസ്യകളെയും കൃത്യതയോടെ കുരുക്കഴിച്ച് യാഥാർത്ഥ്യം വ്യക്തമാക്കുന്ന സ്മര്യപുരുഷന്റെ ഫൈസലാ ഹഫ്ത് മസ്അല എന്ന ഗ്രന്ഥം മലയാളത്തിലേക്ക് മൊഴിമാറ്റുന്നതിന്റെ ഭാഗമായി മഹത്തായ ആ ജീവിതവും ദൗത്യവും സാമാന്യമായി അവലോകനം ചെയ്യുന്ന ഒരു ആമുഖ പഠനമാണ് ഈ ലേഖനം. വെല്ലൂർ ജാമിഅ ബാഖിയാത്തു സ്വാലിഹാത്ത് മുദരിസ് മൗലാനാ മുഹമ്മദ് ഇഖ്ബാൽ ഖാസിമി മനാറുൽ ഹുദാ മാസികയുടെ 2004 ഒക്ടോബർ ലക്കത്തിൽ എഴുതിയ ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ) യെ സംബന്ധിച്ച ഒരു ലേഖനമാണ് ചുവടെ ഉദ്ധരിക്കുന്നത്:
“ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ) അറബികളാലും അജമികളാലും ബഹുമാനിക്കപ്പെട്ട ഉന്നതരായ സ്വൂഫിയായിരുന്നു. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ, ഈജിപ്ത്, തുർക്കി ഉൾപ്പെടെ പല രാജ്യങ്ങളിലെയും മുസ്ലിമീങ്ങൾ സ്മര്യപുരുഷനിൽ നിന്ന് ആത്മീയ പരിശീലനം നേടിയിരുന്നു. മഹാനവർകളെ ആത്മീയ ഗുരുവായി സ്വീകരിച്ച ആയിരക്കണക്കായ മുസ്ലിമീങ്ങളിൽ ചിലർ ഉന്നതരായ ഉലമാക്കളും സ്വൂഫീ ശൈഖന്മാരുമായിരുന്നു. ദക്ഷിണേന്ത്യയിലെ ഉമ്മുൽ മദാരിസ് ആയ ബാഖിയാത്തു സ്വാലിഹാത്തിന്റെ സ്ഥാപകൻ അഅ്ലാ ഹസ്രത്ത്(റ), വടക്കേ ഇന്ത്യയിലെ ഉമ്മുൽ മദാരിസ് ആയ ദാറുൽ ഉലൂം ദയൂബന്ദിന്റെ സ്ഥാപകൻ മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി(റ), ഉന്നതരായ മുസ്ലിഹായിരുന്ന റശീദ് അഹ്മദ് ഗംഗോഹി(റ), ശൈഖുൽ ഹിന്ദ് മഹ്മൂദുൽ ഹസൻ(റ), ശൈഖുൽ ഇസ്ലാം ഹുസൈൻ അഹ്മദ് മദനി(റ), മൗലാനാ അശ്റഫ് അലി ഥാനവി(റ) പോലെയുള്ളവർ അവരിൽ ചിലരാണ്.
ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ) യുടെ ഏഴാം വയസ്സിലാണ് പ്രിയ മാതാവിന്റെ വിയോഗം സംഭവിച്ചത്. സ്വപരിശ്രമത്താൽ പരിശുദ്ധ ഖുർആൻ മനഃപാഠം ചെയ്യാൻ ചെറിയ പ്രായത്തിൽ തന്നെ ആരംഭിച്ചു. പിന്നീട് പതിനാറാമത്തെ വയസ്സിൽ ഡൽഹിയിലേക്ക് യാത്രയായി. ഈ കാലയളവിൽ അറബി, ഫാർസി ഭാഷകളിലെ നിരവധി ഗ്രന്ഥങ്ങൾ പാരായണം ചെയ്തു. ശൈഖ് ശാഹ് നസ്വീറുദ്ദീൻ(റ) യിൽ നിന്ന് ആത്മീയ പരിശീലനം നേടി അവരുടെ ഖലീഫഃയായി. വിശ്വാസ വിജ്ഞാനത്തിലും ഹദീസ് ഫിഖ്ഹ് വിജ്ഞാനങ്ങളിലും ചില പ്രധാന ഗ്രന്ഥങ്ങൾ മഹാനവർകൾ പഠിച്ചിട്ടുണ്ടെങ്കിലും സ്മര്യപുരുഷന്റെ കൂടുതൽ ശ്രദ്ധയും ആത്മീയ ജ്ഞാനം സ്വായത്തമാക്കുന്നതിലായിരുന്നു. അതുകൊണ്ട് തന്നെ ഫാർസി ഗ്രന്ഥമായ മസ്നവി ശരീഫ് പഠിക്കുന്നതിൽ പ്രത്യേക താത്പര്യമെടുത്തു. ഒരു സ്വപ്നദർശനത്തിന്റെ ഫലമായി തന്റെ അടുത്ത നാടായ ലോഹാരി എന്ന ഗ്രാമത്തിലേക്ക് പുറപ്പെട്ടു. അവിടെ നൂർ മുഹമ്മദ് ജൻജാനവി(റ) യെ സന്ദർശിക്കാനായിരുന്നു മഹാനവർകൾ ഉദ്ദേശിച്ചത്. അങ്ങനെ അദ്ദേഹം അവിടെ എത്തിയപ്പോൾ മഹാനായ നൂർ മുഹമ്മദ് ജൻജാനവി(റ) മഹാനവർകളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. മഹാനായ ആ സ്വൂഫിവര്യനിൽ നിന്ന് നാല് ത്വരീഖത്തുകൾ സ്വീകരിക്കുകയും ആത്മീയമാർഗത്തിൽ പരിശീലനം നേടുകയും ചെയ്തു. ശൈഖവർകളുടെ വിയോഗത്തിന് ശേഷം ഏകാന്തധ്യാനത്തിൽ നിമഗ്നനായി. ഇരുപത്തി ഏഴാം വയസ്സിൽ ഹജ്ജ് നിർവ്വഹിച്ചു.
ഒരിക്കൽ മദീനാ മുനവ്വറഃയിൽ താമസിക്കുന്ന സന്ദർഭത്തിൽ ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ) ക്കുണ്ടായ ഒരു സ്വപ്നാനുഭവത്തിന്റെ വെളിച്ചത്തിൽ ഇന്ത്യയിലേക്ക് തന്നെ തിരിച്ചുപോന്നു. ഉത്തർ പ്രദേശിലെ ഥാന ഭവനിലായിരുന്നു മഹാനവർകളുടെ അധിവാസം. അവിടെ വീടിനോട് ചേർന്ന് വിശാലമായ കൃഷി ഭൂമിയുമുണ്ടായിരുന്നു. ഥാന ഭവനിലെ ഒരു മസ്ജിദിൽ താമസിച്ച് ഇബാദത്തുകളിൽ മുഴുകുമായിരുന്നു. പല ഭാഗങ്ങളിൽ നിന്നും മഹാനവർകളെ തേടി ജനങ്ങൾ വരാൻ തുടങ്ങി. ആലിമീങ്ങളിൽ ആദ്യമായി മൗലാനാ റശീദ് അഹ്മദ് ഗംഗോഹി(റ) വന്ന് കാണുകയും ബൈഅത്ത് ചെയ്യുകയും ചെയ്തു. അതിനെ തുടർന്ന് പല പണ്ഡിതന്മാരും ബഹുജനങ്ങളും മഹാനവർകളെ സമീപിക്കാൻ തുടങ്ങി.
1857 ൽ ബ്രിട്ടീഷ് കോളണി ശക്തികൾക്കെതിരായി നടന്ന മുന്നേറ്റത്തിൽ ശാമിലി കോട്ടയെ തകർത്ത പടയെ നയിച്ചത് ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ) യായിരുന്നു. ഭരണകൂടത്തിനെതിരായി അക്രമം ചെയ്തു എന്ന പേരിൽ മഹാനവർകളുടെ മേൽ കുറ്റം ചുമത്തപ്പെടുകയും അറസ്റ്റ് ചെയ്യാൻ വേണ്ടി അന്വേഷണം ത്വരിതപ്പെടുത്തുകയും ചെയ്ത സന്ദർഭത്തിൽ അൽപ കാലം ഒളിവ് ജീവിതം നയിക്കുകയും പിന്നീട് മക്കാ മുഖർറമഃയിൽ എത്തിപ്പെടുകയും ചെയ്തു. അവിടെ നിന്ന് വിവാഹം ചെയ്യുകയും അവിടെ തന്നെ താമസമാക്കുകയും ചെയ്തു. പുറം രാജ്യങ്ങളിൽ നിന്ന് മക്കയിലേക്ക് വരുന്ന മുസ്ലിംകൾ പലരും മഹാനവർകളെ തേടിച്ചെന്ന് ആത്മീയ പരിശീലനം നേടി.
മഹാനവർകൾ പാശ്ചാത്യസംസ്കാരത്തിന്റെ സ്വാധീനത്തിൽ നിന്ന് മുസ്ലിം സമൂഹത്തെ വിമോചിപ്പിക്കാനായി ഒരു പ്രസ്ഥാനം ആരംഭിച്ചു. അതിൽ മൗലാനാ അബ്ദുൽ ഗനി മുജദ്ദിദി(റ), മൗലാനാ റഹ്മത്തുല്ലാഹ് കീറാനവി(റ) പോലെയുള്ള പ്രമുഖർ അംഗങ്ങളായിരുന്നു. ആലിമീങ്ങളെ വാർത്തെടുക്കാൻ വേണ്ടി പൊതുജന പങ്കാളിത്തത്വത്തോടെ ധാരാളം ദീനീ മദാരിസുകൾ സ്ഥാപിക്കാൻ കഠിനാദ്ധ്വാനം ചെയ്തു. ഈ അദ്ധ്വാനത്തിന്റെ ഫലമായി മക്കയിലെ സൗലത്തിയഃ മദ്രസ ദേവ്ബന്ദിലെ ദാറുൽ ഉലൂം അറബിക് കോളേജ്, വെല്ലൂരിലെ ബാഖിയാത്തു സ്വാലിഹാത്ത് തുടങ്ങി വിവിധ സ്ഥാപനങ്ങൾ സംസ്ഥാപിക്കപ്പെട്ടു. ഔപചാരികമായി സനദ് നേടിയ ആലിമായിരുന്നില്ലെങ്കിലും ആലിമീങ്ങളോട് വളരെയേറെ ബഹുമാനമുള്ളവരും അവരെ നയിക്കാൻ പ്രാപ്തിയുള്ളവരുമായിരുന്നു. മൗലാനാ ഖാസിം നാനൂതവി(റ), റശീദ് അഹ്മദ് ഗംഗോഹി(റ) പോലെയുള്ള ആലിമീങ്ങൾ തങ്ങളുടെ രചനകളെ മഹാനവർകൾക്ക് പരിശോധനക്ക് നൽകുകയും പരിശോധിച്ച ശേഷം ശൈഖവർകളുടെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്യുമായിരുന്നു. മൗലാനാ റൂമി(റ) യുടെ മസ്നവി ശരീഫിന്റെ അദ്ധ്യാപനം മഹാനവർകളുടെ ദിന ചര്യയായിരുന്നു. ഉത്തർ പ്രദേശിലെ സഹാറൻപൂരിന്റെ അടുത്ത് നാനൂത എന്ന പ്രദേശത്ത് ഹിജ്റഃ 1233 ൽ ജനിച്ച മക്കത്തുൽ മുകർറമഃയിൽ ഹിജ്റഃ 1317 ൽ വിസ്വാലാവുകയും ജന്നത്തുൽ മുഅല്ലയിൽ മറവ് ചെയ്യപ്പെടുകയും ചെയ്തു. മഹാനവർകളുടെ പല ഭാഷണങ്ങളും എഴുത്തുകളും ഗ്രന്ഥങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയിലെ ചില പ്രധാന മൊഴിമുത്തുകളെ താഴെ സംഗ്രഹിക്കാം:
“എന്റെ പാത ഹനഫി മദ്ഹബാണ്. എന്റെ ജീവിത ചര്യ സ്വൂഫിയാക്കളുടെ ലളിത മാതൃകയിലാണ്.”
“ഈ ലോകത്തിലെ ക്ഷണിക ഭോഗങ്ങളെ തേടി അലയുന്നവൻ നിഴലിനെ കീഴടക്കുന്നവനെ പോലെയാണ്. അതിനെ അവഗണിച്ച് മുഖം തിരിക്കുന്നവന്റെ പിന്നാലെ ആ നിഴൽ താനെ പിന്തുടരും.”
“മിസ്കീനായി ജീവിച്ച് അല്ലാഹുവിനെ കണ്ടുമുട്ടണം. ഇത് നബി(സ്വ) തങ്ങൾ ഇഷ്ടപ്പെട്ട് സ്വീകരിച്ച ഒരു ജീവിത രീതിയാണ്.”
“തനിക്ക് അജ്ഞാതമായ കാര്യങ്ങളെ വിശ്വസിക്കലും തഖ്ലീദ് തന്നെയാണ്. ഞങ്ങൾ ഇമാമിനെ പിൻപറ്റുന്നില്ല, നിങ്ങളും പിൻപറ്റേണ്ട എന്ന് മറ്റുള്ളവരെ ഉപദേശിക്കുന്നവർ അവരുടേതായ ഒരു തഖ്ലീദിലേക്കാണ് വിളിക്കുന്നത്.”
അല്ലാഹുവിനോടുള്ള മുഹബ്ബത്തോടെയും ശുദ്ധമായ നിയ്യത്തോടെയും കിതാബിനെയും സുന്നത്തിനെയും സ്വഹാബാക്കളുടെ ചര്യകളെയും പിൻപറ്റുന്ന ഉലമാക്കൾ നാല് വിധത്തിലുള്ളവരാണ്. മുഫസ്സിരീങ്ങൾ, മുഹദ്ദിസീങ്ങൾ, ഫുഖഹാക്കൾ, സ്വൂഫിയാക്കൾ എന്നിവരാണ്.”(മനാറുൽ ഹുദാ മാസിക: ഒക്ടോബർ 2004)
നുസ്ഹത്തുൽ ഹവാത്തിറിൽ നിന്ന്
പ്രമുഖ പണ്ഡിതനായ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്വി(റ) യുടെ വന്ദ്യപിതാവും ലോകപ്രസിദ്ധ ചരിത്രകാരനുമായ അല്ലാമാ സയ്യിദ് അബ്ദുൽ ഹയ്യ് ലഖ്നവി ഹസനി(റ) തന്റെ നുസ്ഹത്തുൽ ഹവാത്തിർ എന്ന ബൃഹദ് ഗ്രന്ഥത്തിൽ ഹാജി ഇംദാദുല്ലാ മുഹാജിർ മക്കി(റ) യെ കുറിച്ച് ഇപ്രകാരം എഴുതുന്നു:
“ശൈഖ് ഹാജി ഇംദാദുല്ലാ മുഹാജിർ മക്കി(റ) വലിയ ആത്മജ്ഞാനിയായിരുന്നു. അവരുടെ പിതാവ് ഹാഫിള് മുഹമ്മദ് അമീൻ സ്വാഹിബ്(റ) യാണ്. ഇവരെല്ലാം ഉമറുൽ ഫാറൂഖ്(റ) വിന്റെ വംശ പരമ്പരയിലാണ് ജനിച്ചത്. ആത്മജ്ഞാനവും സുലൂക്കും പൂർണ്ണമായി സ്വായത്തമാക്കിയ ഔലിയാക്കളിൽ പ്രധാനിയാണ് സ്മര്യപുരുഷൻ. എല്ലാ വിഭാഗം ജനങ്ങളും മഹോന്നതമായ അവരുടെ വ്യക്തിത്വത്തെയും സേവനങ്ങളെയും അംഗീകരിക്കുകയും അനുധാവനം ചെയ്യുകയും പ്രകീർത്തിക്കുകയും ചെയ്തു.”
ആദ്യഗുരുവായ ശൈഖ് നസ്വീറുദ്ദീൻ ശാഫിഈ(റ) വിന്റെ രക്തസാക്ഷിത്വത്തിന് ശേഷം പ്രമുഖ ശൈഖായ ശൈഖ് നൂറു മുഹമ്മദ് ജൻജാനവി(റ) യുമായി ബൈഅത്ത് ചെയ്ത സ്മര്യപുരുഷന്റെ ജീവിതത്തിലെ പിൽക്കാല പരിണതികളെ പറ്റി നുസ്ഹത്തുൽ ഹവാത്തിർ നൽകുന്ന വിവരങ്ങൾ ഇപ്രകാരമാണ്:
“ശൈഖ് നസ്വീറുദ്ദീൻ(റ) യുടെ രക്തസാക്ഷിത്വത്തിന് ശേഷം ശൈഖ് നൂറു മുഹമ്മദ് ജൻജാനവി(റ) യുമായി ബൈഅത്ത് ചെയ്തു. അല്ലാഹു മഹാനവർകൾക്ക് ആത്മജ്ഞാന കവാടങ്ങൾ തുറന്നുകൊടുത്തു. അങ്ങനെ അനുഗൃഹീതരും ഗുപ്തവിജ്ഞാനങ്ങളിൽ പ്രാവീണ്യമുള്ളവരുമായി മഹാനവർകൾ മാറി. തന്റെ ശൈഖിന്റെ കൽപന പ്രകാരം ജനങ്ങളെ നേർവഴിയിലേക്ക് ചരിപ്പിക്കുകയും അവർക്ക് ബൈഅത്ത് ചെയ്തുകൊടുക്കുകയും ചെയ്തു.
വൈദേശികാധിപത്യത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കണമെന്ന ആഗ്രഹമുള്ള ഉലമാക്കളും സ്വാലിഹീങ്ങളും പൊതു ജനങ്ങളും ബ്രിട്ടീഷ്കാർക്കെതിരെയുള്ള മുന്നേറ്റത്തിൽ ശൈഖ് ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ) യെയാണ് സേനാധിപതിയാക്കിയത്. അങ്ങനെ ശാംലി മൈതാനത്ത് ബ്രിട്ടീഷുകാരുമായി ഉജ്ജ്വലമായ പോരാട്ടം നടന്നു. അതിൽ ഹാഫിള് മുഹമ്മദ് ളാമിൻ(റ) ശഹീദായതോടെ യുദ്ധത്തിന്റെ ഭാവം മാറി. ഇംഗ്ലീഷുകാർ യുദ്ധത്തിൽ മികച്ചു. ഈ മുന്നേറ്റത്തിൽ പങ്കെടുത്ത എല്ലാവർക്കുമെതിരെ കൊളോണിയൽ ഭരണകൂടം ശക്തമായ നടപടികൾ കൈകൊണ്ടു. അങ്ങനെ സ്വാതന്ത്ര്യ സമര പോരാളികളായ ഉലമാക്കൾ ഭരണകൂട നടപടികൾക്ക് വിധേയരായി. പല വിധ പ്രയാസങ്ങളും അവർ അഭിമുഖീകരിച്ചു. പലരും ഒളിവ് ജീവിതം നയിച്ചു.
ശൈഖ് ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ) പുണ്യമക്കയിലേക്ക് ഹിജ്റഃ ചെയ്തു. ഹിജ്റഃ 1276 ാം കൊല്ലം മക്കയിലെത്തി സഫയിൽ താമസിച്ചു. പിന്നീട് ഹാർറത്തുൽ ബാബ് എന്ന സ്ഥലത്തേക്ക് താമസം മാറ്റുകയും വഫാത്ത് വരെ അവിടെ ജീവിക്കുകയും ചെയ്തു. മുൻഗാമികളായ ഔലിയാക്കളെ പോലെ തന്നെ ദീർഘകാലം കഠിനമായ പ്രയാസങ്ങളെയും ദാരിദ്ര്യത്തെയും സഹിച്ച് ജീവിച്ചു. അല്ലാഹു തനിക്ക് വിധിച്ചതിൽ സംതൃപ്തരായി ഒരാക്ഷേപവും കൂടാതെയായിരുന്നു ആ ജീവിതം. പിന്നീട് കാലം മാറി. പ്രയാസങ്ങളെല്ലാം നീങ്ങി. സാമ്പത്തികമായ ഐശ്വര്യത്തിന്റെ കാലം വന്നു. ദുനിയാവ് അവരുടെ കാൽക്കീഴിൽ വന്നുകൊണ്ടിരുന്നു.”
എന്നാൽ അതും പരീക്ഷണ ഘട്ടമായി പരിഗണിച്ച മഹാനവർകളുടെ ജീവിതത്തിൽ സമ്പത്തോ സൗകര്യങ്ങളോ സ്വാധീനം ചെലുത്തുകയുണ്ടായില്ല. അല്ലാഹു എന്ത് നൽകിയോ അതിൽ തൃപ്തിപ്പെടുന്ന മാനസിക നിലയിലായിരുന്നു സ്മര്യപുരുഷൻ. നുസ്ഹത്തുൽ ഹവാത്തിറിൽ തുടരുന്നു:
“ഏത് അവസ്ഥയിലും തന്റെ ഹൃദയം കൊണ്ടും ശരീരം കൊണ്ടും അല്ലാഹുവിലേക്ക് മാത്രം മുന്നിടുന്ന അവസ്ഥയായിരുന്നു മഹാനവർകളുടേത്. കഠിനമായ പരിശീലനങ്ങളിലും ഇബാദത്തുകളിലും മുഴുകി ദിക്റിൽ നിന്നും മുറാഖബഃയിൽ നിന്നും വിരമിക്കാത്ത അവസ്ഥയിലായിരുന്നു സദാസമയവും. അവിടുത്തെ ഹൃദയം അല്ലാഹുവിൽ നിന്നുള്ള പ്രകാശം കൊണ്ട് ജ്വലിക്കുകയും ആത്മജ്ഞാനങ്ങൾ കൊണ്ട് നിറയുകയും ചെയ്തിരുന്നു.”
ഉന്നതമായ ജീവിത മൂല്യങ്ങളും സവിശേഷമായ പെരുമാറ്റ മര്യാദകളും ആ ജീവിതത്തിന്റെ മുഖമുദ്രയായിരുന്നു. ആന്തരീകമായി ഉന്നത വിതാനങ്ങളിൽ വിരാജിക്കുമ്പോൾ തന്നെ അല്ലാഹുവിന്റെ ഒരു എളിയ ദാസനായി മഹാനവർകൾ ജീവിച്ചു. നുസ്ഹത്തുൽ ഹവാത്തീറിൽ അല്ലാമാ സയ്യിദ് അബ്ദുൽ ഹയ്യ് ലഖ്നവി ഹസനി(റ) തുടരുന്നു:
“തന്റെ മനസ്സ് അടക്കി ഇബാദത്തുകളിൽ തന്നെ കഴിച്ചുകൂട്ടി. പൊതുജനങ്ങളോട് വളരെ സൗമ്യമായി പെരുമാറി. കാര്യങ്ങളിൽ വളരെ ധീരതയോടെ ഇടപെട്ടു. ഇൽമിനെയും ഉലമാക്കളെയും ബഹുമാനിച്ചു. ശരീഅത്തിനെയും തിരുസുന്നത്തുകളെയും വളരെയേറെ വിലമതിച്ചു. അല്ലാഹു തന്റെ അടിയാറുകളെ ഇവരിലേക്ക് തിരിച്ചു. അവരുടെ ഹൃദയങ്ങളിൽ മഹാനവർകളെ കുറിച്ചുള്ള മുഹബ്ബത്തും ആദരവും വിതച്ചു. ഉന്നതരായ ശൈഖന്മാരും ഉലമാക്കളും വളരെ മുഹബ്ബത്തോടെ മഹാനവർകളുടെ അടുത്ത് വന്ന് ഫലം സിദ്ധിച്ചു. ഈമാനിന്റെയും ആത്മീയ വിജ്ഞാനീയങ്ങളുടെയും ദാഹികൾ പല ദേശങ്ങളിൽ നിന്നും മഹാനവർകളെ തേടി വന്നു. അവരുടെ ത്വരീഖത്തിലും തർബിയത്തിലും അല്ലാഹു ബറകത്ത് ചെയ്തു. അതിനാൽ മഹത്തായ ആ പ്രകാശം ലോകമെമ്പാടും വ്യാപിച്ചു. ഇവർ വഴി ചിശ്തിയ്യഃ സ്വാബിരിയ്യഃ ത്വരീഖത്ത് പുനരുജ്ജീവിപ്പിക്കപ്പെട്ടു. എണ്ണിയാലൊടുങ്ങാത്ത ജനങ്ങൾ ഇവർ വഴി ഫലം സിദ്ധിച്ചു. അവരിൽ ശൈഖ് ഖാസിം നാനൂത്വവി(റ), ശൈഖ് റശീദ് അഹ്മദ് ഗംഗോഹി(റ), മൗലാനാ യാക്കൂബ് നാനൂത്വവി(റ), മൗലവി അഹ്മദ് ഹസൻ(റ), മൗലവി മുഹമ്മദ് ഹുസൈൻ(റ), മൗലവി അശ്റഫലി ഥാനവി(റ) തുടങ്ങിയ ധാരാളം പ്രമുഖർ ഉൾപ്പെടുന്നു. ഈ പ്രമുഖരായ ശിഷ്യന്മാർ വഴി ധാരാളം ജനങ്ങളുടെ ജീവിതം സന്മാർഗ പ്രഭയോടെ പ്രശോഭിച്ചു.”
ശൈഖ് ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ) യുടെ രൂപസവിശേഷതകളെയും സ്വഭാവഗുണങ്ങളെയും നുസ്ഹത്തുൽ ഹവാത്തീർ സംഗ്രഹിക്കുന്നത് ഇപ്രകാരമാണ്:
“മഹാനവർകൾ ഒത്ത ഉയരമുള്ളവരും മെലിഞ്ഞ ദേഹപ്രകൃതിയുള്ളവരും വിശാലമായ നെറ്റിത്തടമുള്ളവരും വലിയ ശിരസ്സുള്ളവരുമായിരുന്നു. പുരികകൊടികൾ നേർത്തതായിരുന്നു. കണ്ണുകൾ വിശാലവും ഇമ്പമാർന്ന ഭാഷണ വൈഭവമുള്ളവരും സ്നേഹമസൃണതയുടെ സൽഗുണമുള്ളവരും കൃപയുള്ളവരും പ്രസന്നതയാർന്ന മുഖമുള്ളവരും വളരെ കുറഞ്ഞ ഭക്ഷണവും ഉറക്കവും ശീലമുള്ളവരുമായിരുന്നു. അല്ലാഹുവിനോടുള്ള അതിരറ്റ സ്നേഹം അവരുടെ ഓരോ അനക്കമടക്കങ്ങളിലും ആവൃതമായിരുന്നു. അഗാധ ധ്യാനങ്ങളിലും ആത്മീയ പരിശീലനങ്ങളിലും മുഴുകിയവരായിരുന്നു. വളരെയേറെ സഹന ശീലരും വിട്ടുവീഴ്ച ചെയ്യുന്നവരും വിശാലമനസ്കരുമായിരുന്നു. തന്റെ വൈയക്തിക സവിശേഷതകളാൽ എല്ലാ വിഭാഗം ആളുകളെയും ആകർഷിച്ചിരുന്നു. സ്മര്യപുരുഷനോടുള്ള മുഹബ്ബത്തുകൊണ്ടും അവരുമായുള്ള സമ്പർക്കങ്ങൾ വഴി ഉയർന്ന ഫലം സിദ്ധിക്കുന്നതു കൊണ്ടും പല വിധ മസ്ലക്ക് ഉള്ളവരും വ്യത്യസ്ത ചിന്താ ധാരയിലുള്ളവരും മഹാനവർകളോട് അടുത്തിരുന്നു. ജനങ്ങളോട് വിട്ടുവീഴ്ച ചെയ്ത് ഇടപഴകുകയും അവരോട് വളരെയേറെ ഉദാരതയോടെ വർത്തിക്കുകയും അതുവഴി അവരെ സംസ്കരിക്കുകയും ചെയ്തു. അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളിലും ശാഖാപരമായ വിഷയങ്ങളിലും വളരെ വിശാലമായ ദീർഘവീക്ഷണമുള്ളവരായിരുന്നു. അവയിൽ നിഷ്കർഷതയോ കാഠിന്യമോ കാണിച്ചില്ല. എപ്പോഴും മൗലാനാ റൂമി(റ) യുടെ മസ്നവി ശരീഫ് ഓതിക്കൊടുക്കുകയും അതിൽ മുഴുകി ചിന്തിച്ച് ആനന്ദിക്കുകയും മസ്നവി കാവ്യങ്ങൾ സംബോധിതർക്ക് പാടിക്കേൾപ്പിക്കുകയും ചെയ്യുമായിരുന്നു. മസ്നവി ശരീഫ് വായിക്കുവാനും അതിൽ ചിന്തിക്കുവാനും തന്റെ സംബോധിതരെ ഉപദേശിച്ചിരുന്നു. ആശയ സമ്പുഷ്ഠതയാർന്ന സംക്ഷിപ്ത രചനകൾ പലതും മഹാനവർകൾ രചിച്ചിട്ടുണ്ട്. അവയെല്ലാം ഇശ്ഖെ ഇലാഹി, മഅ്രിഫത്ത്, തസ്വവ്വുഫ് തുടങ്ങിയ വിജ്ഞാനമേഖലകളിലായിരുന്നു. സിയാഉൽ ഖുലൂബ്(ഫാർസി), ഇർശാദെ മുർശിദ്, ഗുൽസാറെ മഅ്രിഫത്ത്, തുഹ്ഫത്തുൽ ഉശ്ശാഖ്, ജിഹാദെ അക്ബർ, ഗിദായെ റൂഹ്, ദർദ് നാമയെ ഗംനാക്ക് എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഇതിൽ പലതും പദ്യരൂപത്തിൽ രചിക്കപ്പെട്ടതാണ്. ശൈഖവർകൾ പുണ്യമക്കയിൽ ഹിജ്റഃ 1317 ജമാദുൽ ആഖിർ 12 ബുധനാഴ്ച വിസ്വാലായി. ജന്നത്തുൽ മുഅല്ലയിൽ ശൈഖ് റഹ്മത്തുല്ലാഹി കീറാനവി(റ) യുടെ ചാരത്ത് അന്ത്യവിശ്രമ സ്ഥാനം ഒരുക്കപ്പെട്ടു.” (വിവരങ്ങൾ സംഗ്രഹിച്ചത് നുസ്ഹത്തുൽ ഖവാത്തിർ ഭാഗം: 8, പേജ്: 1194-1195)
സയ്യിദ് ത്വാഇഫഃ, ശൈഖുൽ അറബി വൽ അജം, ഹാജി സ്വാഹിബ്(റ), അഅ്ലാ ഹസ്രത്ത്, ഫഖ്റുൽ മശാഇഖ് എന്നീ വിശേഷ നാമങ്ങളാൽ അറിയപ്പെടുന്ന ഹള്റത്ത് ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ) ഉന്നതരായ പല സ്വൂഫീ പണ്ഡിത മഹത്തുക്കളുടെയും ജ്ഞാനഗുരുവാണ്.
സ്മര്യപുരുഷന്റെ പ്രമുഖരായ ചില ശിഷ്യന്മാരാണ് ഇന്ത്യയിലെ വിഖ്യാതമായ പല ദീനീ മദാരിസുകളുടെയും സംസ്ഥാപകർ. കൂടാതെ മറ്റു പല പ്രമുഖ ശിഷ്യന്മാരും ലോകത്ത് അറിയപ്പെട്ടവരും ഉന്നതരുമായ പണ്ഡിതന്മാരും സ്വൂഫിയാക്കളുമായി ജനങ്ങൾക്ക് മാർഗദർശനം നൽകിയവരാണ്. അവരിൽ വെല്ലൂർ ജാമിഅഃ ബാഖിയാത്തു സ്വാലിഹാത്തിന്റെ സംസ്ഥാപകൻ ശൈഖ് അബ്ദുൽ വഹാബുൽ ഖാദിരി അൽ ചിശ്തി, നഖ്ശബന്ദി(റ), ഹൈദരാബാദ് ജാമിഅഃ നിസാമിയ്യഃയുടെ സംസ്ഥാപകനായ ശൈഖുൽ ഇസ്ലാം അൻവാറുല്ലാഹ് ശാഹ് ഫാറൂഖി ഫളീലത്തു ജംഗ്(റ), ദാറുൽ ഉലൂം ദയൂബന്ദിന്റെ സ്ഥാപകനായ ശൈഖ് ഖാസിം നാനൂതവി(റ), ഹംദെ ബാരി, അൻവാറേ സാതിഅഃ ദർ ബയാനെ മൗലൂദ് വൊ ഫാത്തിഹഃ ഉൾപ്പെടെയുള്ള പല ഗ്രന്ഥങ്ങളുടെയും രചയിതാവായ ശൈഖ് അബ്ദു സമീഅ് ബേദിൽ റാം പൂരി(റ), ഗ്രന്ഥകാരനും ബൈറൂത്തിലെ ഇസ്ലാമിക പ്രസാധനാലയത്തിന്റെ മേധാവിയുമായിരുന്ന ശൈഖ് യൂസുഫുന്നബ്ഹാനി(റ), പ്രമുഖ സ്വൂഫിയും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ശൈഖ് അശ്റഫലി ഥാനവി(റ), തസ്ഫിയത്തുൽ ഖുലൂബ്, ഇംദാദുസ്സുലൂഖ്, ലാമിഉദ്ദറാരീ, അൽ കൗകബുദ്ദുർരി ഉൾപ്പെടെ പല ഗ്രന്ഥങ്ങളും രചിച്ച പ്രമുഖ സ്വൂഫി വര്യൻ റശീദ് അഹ്മദ് ഗംഗോഹി(റ) ഉൾപ്പെടെയുള്ളവർ സവിശേഷം പരാമർശമർഹിക്കുന്നവരാണ്.
ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ)ക്ക് ആയിരക്കണക്കിന് ശിഷ്യന്മാരുണ്ടായിരുന്നു. പ്രമുഖരായ പല ഖലീഫമാരുമുണ്ട്. അവരിൽ ചരിത്ര ഗ്രന്ഥങ്ങളിൽ നിന്ന് രേഖാമൂലം നമുക്ക് ലഭിച്ച ഖലീഫഃമാരുടെ പേരു വിവരങ്ങൾ താഴെ എഴുതുന്നു:
(1)മൗലാനാ ശൈഖുൽ ഇസ്ലാം അൻവാറുല്ലാഹ് ഖാൻ ഫാറൂഖി ഫളീലത്തു ജംഗ്(മസാർ: ഹൈദരാബാദ്), (2) മൗലാനാ അബ്ദുസ്സമീഅ് ബേദിൽ റാംപൂരി(റ) (മസാർ: മീററ്റ്), (3) മൗലാനാ സ്വൂഫി മുഹമ്മദ് ഹുസൈൻ ചിശ്തി ഇലാഹാബാദി (റ)(മസാർ: അജ്മീർ ശരീഫ്), (4) ഹള്റത്ത് സ്വൂഫി സയ്യിദ് മെഹർ അലി ശാഹ് ജീലാനി ചിശ്തി നിസാമി ഗോൾഡവി(റ)(മസാർ: പാക്കിസ്ഥാൻ),(5) മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി(റ)(മസാർ: ദേവ് ബന്ദ്), (6) മൗലാനാ ഹകീം ശാഹ് മുഹമ്മദ് മുഹ്യിദ്ദീൻ ഖാതിർ മൈസൂരി(റ)(മസാർ: സങ്കാറഡി), (7) മൗലാനാ ഗുലാം റസൂൽ മദ്രാസി(റ) (മസാർ: മദ്രാസ്),(8) സയ്യിദ് മുഹമ്മദ് ആബിദ് ഹുസൈൻ ദയൂബന്ദി(റ),(9) മൗലാനാ മുഹമ്മദ് യഅ്കൂഖ് നാനൂതവി(റ)(മസാർ: നാനൂത), (10) മൗലാനാ റശീദ് അഹ്മദ് ഗംഗോഹി(റ)(മസാർ ഗംഗോഹ്),(11) ഹസ്രത്ത് ശാഹ് മുഹമ്മദ് സുലൈമാൻ പുൽവാരവി(റ)(മസാർ: ബീഹാർ), (12) മൗലാനാ ഫൈസുൽ
ഹസൻ അദീബ് സഹാറൻപൂർ,(13) മൗലാനാ അഹ്മദ് ഹസൻ കാൺപൂരി(റ), (14) മൗലാനാ അശ്റഫ് അലി ഥാനവി(റ)(മസാർ: ഥാനാ ഭവൻ),(15) മൗലാനാ മഹ്മൂദുൽ ഹസൻ ദേവ് ബന്ദി(റ), (16) മൗലാനാ മുഹദ്ദിസ് അഹ്മദ് ഹസൻ അംറോഹി(റ)(മസാർ: അംറൂഹഃ), (17) ഹകീം സിയാഉദ്ദീൻ അൻസ്വാരി(റ)(മസാർ: റാംപൂർ), (18) മൗലാനാ കറാമത്തുല്ലാഹ് ദഹ്ലവി(റ)(മസാർ: ദർഗാഹെ ഹസ്രത്ത് ഖ്വാജാ ബാഖി ബില്ലാഹ്) , (19) മൗലാനാ അഫ്സൽ വിലായത്തി(റ)(മസാർ: ആഗ്ര), (20) മൗലാനാ മുഹ് യിദ്ദീൻ മുറാദാബാദി(റ)(മസാർ: മുറാദാബാദ്), (21) മൗലാനാ മുഹമ്മദ് ഹസൻ പാനിപറ്റി(റ), (22) മൗലാനാ അബ്ദു റഹ്മാൻ സ്വിദ്ധീഖി സുഹ്റ വർദി(റ)(മസാർ അംറൂഹഃ), (23) മൗലാനാ മുഹമ്മദ് ശഫീഅ് ഒൗറംഗബാദി(റ), (24) മൗലാനാ സ്വിഫാത്ത് അഹ്മദ് ഖാസിപൂർ(റ),(25) മൗലാനാ മുഹമ്മദ് യൂസുഫ് ഥാനവി(റ)(ഹസ്രത്ത് ഹാഫിള് ളാമിൻ ശഹീദ്(റ) യുടെ മകൻ), (26) മൗലാനാ ഇനായത്തുല്ലാഹ് മാലവി(റ)(മസാർ: മുംബൈ), (27) മൗലാനാ അമീർ ഹംസ ദഹ് ലവി(റ), (28) മൗലാനാ ദുൽഫിഖാർ അലി ബറേൽവി(റ)(മസാർ: ദേവ്ബന്ദ്), (29) മൗലാനാ ഫത്ഹ് മുഹമ്മദ് ഥാനവി(റ),(30) മൗലാനാ മുഹിബ്ബുദ്ദീൻ സ്വാഹിബ്(റ), (31) മൗലാനാ ശഫീഉദ്ദീൻ നഗീനവി(റ),(32) അബ്ദുറഹ്മാൻ കാന്ദലവി(റ), (33) മൗലാനാ നൂറു മുഹമ്മദ് പട്ടാലവി(റ), (34) മൗലാനാ സയ്യിദ് ഫിദാ ഹുസൈൻ(റ), (35) ശൈഖ് അബ്ദുൽ ഫത്താഹ് ലാജികിയാ(റ), (36) മൗലാനാ ഖലീൽ അഹ് മദ് അംബേട്ടവി(റ)(ശൈഖ് റശീദ് അഹ്മദ് ഗംഗോഹിയിൽ നിന്നും ഖിലാഫത്തുണ്ട്), (37) മൗലാനാ മൻസൂർ അഹ്മദ്(റ), (38) മൗലാനാ ജലീൽ അഹ്മദ്(റ), (39) മൗലാനാ നൂറു മുഹമ്മദ്(റ), (40) മൗലാനാ അബ്ദുൽ വാഹിദ് ബംഗാളി(റ), (41) ഹകീം സാഹിദ് അംറോഹി(റ). ഇവരെ കൂടാതെ മറ്റ് ചില ഖലീഫഃമാരുടെ കൂടി പേരുകൾ ഇംദാദുൽ മുശ്താഖ് എന്ന ഗ്രന്ഥത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. (അവലംബം: നവാദിറെ ഇംദാദിയ്യഃ, മശാഇഖെ ദേവ്ബന്ദ് കി ദോ സ്വദ് സാലാ താരീഖ്, ദാറുൽ ഉലൂം ദയൂബന്ദ് വാർഷിക പതിപ്പ്: 1954, അൽ ഖൗലുൽ ഫസ്വൽ).
ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ) നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കൂടാതെ ജനങ്ങളുടെ ആത്മസംസ്കരണത്തിനുതകുന്ന നിരവധി ഗ്രന്ഥങ്ങൾ തന്റെ ശിഷ്യഗണങ്ങളെ കൊണ്ട് രചിപ്പിക്കാനും അവ പ്രസിദ്ധീകരിക്കുന്നതിനും മഹാനവർകൾ പ്രത്യേക താത്പര്യമെടുത്തിരുന്നു. സ്മര്യപുരുഷന്റെ പ്രേരണനിമിത്തമായി ശിഷ്യഗണങ്ങളിൽ ചിലർ നിസ്തുലമായ പല രചനകളും നിർവ്വഹിച്ചിട്ടുണ്ട്. മുൻഗാമികളായ പല മഹത്തുക്കളും രചിച്ച പല ഗ്രന്ഥങ്ങളുടെയും തർജ്ജമകൾ ചെയ്യാനും മഹാനവർകൾ പ്രേരിപ്പിച്ചിട്ടുണ്ട്. അവയിൽ ശൈഖ് അബുന്നജീബ് സുഹ്റ വർദി(റ) വിന്റെ ആദാബുൽ മുരീദീൻ എന്ന അറബി ഗ്രന്ഥത്തെ ശൈഖുനാ റഹ്മുത്തുല്ലാഹിൽ കീറാനവി(റ) വഴിയായും ശൈഖുനാ മുഹ് യിദ്ദീനുബ്നു അറബി(റ) യുടെ ഫുസൂസുൽ ഹികം എന്ന അറബി ഗ്രന്ഥത്തെ ദാറുൽ ഉലൂം ദയൂബന്ദിന്റെ പ്രസാധന വിഭാഗം വഴിയായും ശൈഖുനാ ഇബ്നു അത്വാഇല്ലാഹി സിക്കന്ദരി(റ) വിന്റെ അത്തൻവീർ ഫീ ഇസ്കാത്തി തദ്ബീർ എന്ന അറബി ഗ്രന്ഥത്തെ ഇക്സീർ ഫീ ഇസ്ബാതി തഖ്ദീർ എന്ന പേരിൽ മൗലാനാ അശ്റഫലി ഥാനവി(റ) വഴിയായും ശൈഖുനാ ഖുത്വുബുദ്ദീൻ ദിമശ്ഖി(റ) വിന്റെ അർരിസാലത്തുൽ മക്കിയ്യഃ എന്ന ഗ്രന്ഥത്തെ ഇംദാദുസ്സുലൂഖ് എന്ന പേരിൽ ഹസ്രത്ത് റശീദ് അഹ്മദ് ഗംഗോഹി(റ) വഴിയായും ശൈഖുനാ ഇബ്നു അത്വാഉല്ലാഹി സിക്കന്ദരി(റ) യുടെ അൽ ഹികമുൽ അതാഇയ്യഃ എന്ന അറബി ഗ്രന്ഥത്തെ ഇക്മാലുശ്ശിയം എന്ന പേരിൽ മൗലാനാ ഖലീൽ അഹ് മദ് അംബേട്ടവി(റ) വഴിയായും ഉർദു ഭാഷയിലേക്ക് മൊഴിമാറ്റി മഹാനവർകളുടെ മുൻകൈയ്യോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശൈഖുൽ ഇസ്ലാം അൻവാറുല്ലാഹ് ഫാറൂഖി(റ) നബി(സ്വ) തങ്ങളെ പ്രകീർത്തിച്ചെഴുതിയ ഗ്രന്ഥത്തെ ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ) അൻവാറെ അഹ്മദി എന്ന നാമം നൽകി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹസ്രത്ത് ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ) യെ സംബന്ധിച്ച് പല ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. മഹാനവർകളുടെ ജീവചരിത്രം, വൈജ്ഞാനിക ഗരിമയാർന്ന ഉപദേശങ്ങൾ, കറാമത്തുകൾ, സംസ്കരണ രീതികൾ, മസ്നവി വിശദീകരണം, മഖ്ത്തൂബാത്തുകൾ എന്നീ വിജ്ഞാന ശാഖകളിലുള്ള പല ഗ്രന്ഥങ്ങളും പല ഭാഷകളിലായി പുറത്തിറങ്ങിയിട്ടുണ്ട്. അവയിൽ ചില ഗ്രന്ഥങ്ങളുടെ പേരുവിവരങ്ങളാണ് താഴെ:
(1) ഇംദാദുൽ മുശ്താഖ്(മഹാനവർകളുടെ ജീവിതം, കറാമത്തുകൾ, ഉപദേശങ്ങൾ, കത്തുകൾ ഇവയെല്ലാം ഇതിൽ ഉൾച്ചേർന്നിട്ടുണ്ട്)
(2) കമാലാത്തെ ഇംദാദിയ്യഃ(മഹാനവർകളുടെ ആത്മീയ നേതൃപാടവം ഇതിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്)
(3) കറാമാത്തെ ഇംദാദിയ്യഃ(സ്മര്യപുരുഷന്റെ 127 കറാമത്തുകൾ ഇതിൽ വിവരിക്കപ്പെടുന്നു)
(4) മഖ്തൂബാത്തെ ഇംദാദിയ്യഃ മഅ സ്വദ് ഫവാഇദ്(57 കത്തുകളും അതിൽ നിന്ന് പാഠങ്ങളുൾക്കൊള്ളോണ്ട നൂറ് ഉപദേശങ്ങളും ഇതിൽ സമാഹരിക്കപ്പെട്ടിരിക്കുന്നു)
(5) ശമാഇമെ ഇംദാദിയ്യഃ (ഏഴ് ഭാഗങ്ങളായി ക്രമീകരിക്കപ്പെട്ട ഈ ഗ്രന്ഥത്തിൽ സ്മര്യപുരുഷന്റെ ജീവിതത്തിൽ സംഭവിച്ച വിസ്മയകരമായ പല സംഭവങ്ങളും ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു വഹ്ദത്തുൽ വുജൂദുമായി ബന്ധപ്പെട്ട ഒരു കത്തും ഇതിലുണ്ട്.)
ഉപരി സൂചിതമായ ഈ അഞ്ച് ഗ്രന്ഥങ്ങളും മൗലാനാ അശ്റഫ് അലി ഥാനവി(റ) യാണ് ക്രോഡീകരിച്ചത്.
(6) ഇംദാദുസ്വാദിഖീൻ. (മൗലവി സ്വാദിഖുൽ യഖീൻ കുർസി(റ) ഫാർസി ഭാഷയിൽ ക്രോഡീകരിച്ച മഹാനവർകളുടെ മൽഫൂളാത്തുകൾ) (7) മജ്മൂഅയെ മൽഫൂളാത്ത്(മൗലവി അഹ്മദ് ഹസൻ കാൻപൂരി(റ) ഫാർസി ഭാഷയിൽ ക്രോഡീകരിച്ച സ്മര്യപുരുഷന്റെ ഉപദേശങ്ങൾ)
(8) മആരിഫെ ഇംദാദിയ്യഃ(മൗലാനാ അശ്റഫ് അലി ഥാനവി(റ) യുടെ എഴുത്തുകളിലും പ്രസംഗങ്ങളിലും പ്രസംഗങ്ങളിലും വ്യാപിച്ചു കിടക്കുന്ന ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ) യുടെ ഉപദേശങ്ങളെ മൗലാനാ മുഹമ്മദ് ഇക്ബാൽ ഖുറൈശി ഈ ഗ്രന്ഥത്തിൽ സമാഹരിച്ചിട്ടുണ്ട്)
(9) ഹയാത്തെ ഇംദാദിയ്യഃ(പ്രൊഫ: മുഹമ്മദ് അൻവാറുൽ ഹസൻ കറാച്ചി എഴുതിയ ഈ ഗ്രന്ഥത്തിൽ സ്മര്യപുരുഷന്റെ ജീവചരിത്ര വിവരങ്ങൾ ഉൾച്ചേർത്തിരിക്കുന്നു. അനാവശ്യമായ ചില ചർച്ചകളും ഇതിലുണ്ട്)
(10) മർകൂമാത്തെ ഇംദാദിയ്യഃ(മൗലാനാ വഹീദുദ്ദീൻ റാംപൂരി ക്രമീകരിച്ച് അടിക്കുറിപ്പുകളോടെ പ്രസിദ്ധീകരിച്ച സ്മര്യപുരുഷന്റെ കത്തുകളുടെ സമാഹാരം)
(11) നിഅമു ഇൻആമില്ലാഹ് ഫീ തദ്കിറത്തി ഇംദാദില്ലാഹ്(ഹാഫിള് മുഹമ്മദ് ഇക്ബാൽ റംങ്കൂനി(റ) ഉർദുവിൽ രചിച്ച ഈ ജീവ ചരിത്ര ഗ്രന്ഥത്തിന് അല്ലാമാ ഡോ: ഖാലിദ് മഹ് മൂദ് സ്വാഹിബ് അവതാരിക എഴുതിയിട്ടുണ്ട്.)
(12) ഇംദാദുൽ മുശ്താഖ്:(സ്മര്യപുരുഷനെ കുറിച്ചുള്ള പല അപൂർവ്വ വസ്തുതകളും ഖലീഫഃമാരുടെ പേരുവിവരങ്ങളും ദീർഘവിവരങ്ങളുമുൾ ക്കൊള്ളുന്ന ഈ ഗ്രന്ഥം ഗുൽസാർ അഹ്മദ് ഫാറൂഖിയാണ് ക്രോഡീകരിച്ചത്)
(13) നവാദിറെ ഇംദാദിയ്യഃ(സ്മര്യപുരുഷൻ തന്റെ ഖലീഫഃ മൗലാനാ അബ്ദുസ്സമീഅ് ബേദിൽ റാംപൂരി(റ) യെയും അൻവാറെ സാതിഅഃ ദർബയാനെ മൗലൂദ് വ ഫാത്വിഹഃ ഉൾപ്പെടെയുള്ള അവരുടെ ഗ്രന്ഥങ്ങളെ പ്രകീർത്തിച്ച് എഴുതിയ 29 കത്തുകളും ഇതിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. കത്തുകളെല്ലാം മൂല രൂപത്തിൽ തന്നെ ഇതിൽ ചേർത്തിട്ടുണ്ട്.) പ്രസ്തുത ഗ്രന്ഥത്തിന്റെ പേരിനോട് നീതി ചെയ്യുന്ന നിരവധി അപൂർവ്വ ശോഭയാർന്ന സംഭവങ്ങൾ ഇതിൽ ക്രോഡീകരിച്ചിരിക്കുന്നു. കൂടാതെ മൗലവി ഖലീൽ അഹ് മദ് അംബേട്ടവി(റ) മൗലവി മഹ് മൂദുൽ ഹസൻ ദേവ് ബന്ദി(റ) മുൻശി മെഹർബാൻ അലി(റ), ഹാഫിള് മുഹമ്മദ് അമീർ(റ), മുൻശി വസീർ മുഹമ്മദ് ഖാൻ(റ) എന്നിവർക്ക് എഴുതിയ കത്തുകൾ ഇതിൽ സമാഹരിക്കപ്പെട്ടിരിക്കുന്നു. ഈ ഗ്രന്ഥം ഗുൽബർഗാ ശരീഫ് ദർഗാ കമ്മിറ്റിയാണ് പുറത്തിറക്കിയിട്ടുള്ളത്.)
(14) ഖലീദെ മസ്നവി:(മൗലാനാ അശ്റഫ് അലി ഥാനവി(റ) 24 ഭാഗങ്ങളിലായി എഴുതി തയ്യാറാക്കിയ മസ്നവി ശരീഫിന്റെ ഈ വ്യാഖ്യാന ഗ്രന്ഥത്തിൽ ഉള്ള ആത്മജ്ഞാന ശോഭയുള്ള വ്യാഖ്യാനങ്ങളിൽ അധികവും ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ) യുടെ വ്യാഖ്യാനങ്ങളാണ്.
(15) കത്തുകൾ:(സ്മര്യപുരുഷന്റെ കത്തുകൾ പല ഗ്രന്ഥങ്ങളിലായും പ്രസിദ്ധീകരണളിലായും വ്യാപിച്ചുകിടക്കുന്നു. ഇവയിൽ നൂറുൽ ഹസൻ റാശിദ് കാൻദലവി(റ) തന്റെ തബർറുഖാത്ത് എന്ന ഗ്രന്ഥത്തിൽ ഒരു കത്തും ലഖ്നൗവിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അൽ ഫുർഖാൻ മാസിക 1979 ഏപ്രിൽ ലക്കത്തിൽ ആറ് കത്തുകളും 1979 മെയ് ലക്കത്തിൽ ഒരു കത്തും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൗലാനാ ആശിഖ് ഇലാഹി മീററ്റി(റ) ക്രോഡീകരിച്ച മഖ്തൂബാതെ റശീദിയ്യഃയിൽ 12 കത്തുകളും ഉൾച്ചേർന്നിട്ടുണ്ട്.
ഇവ കൂടാതെ മശാഇഖെ ദേവ്ബന്ദ് ദോ സദ് സാലാ താരീഖ്, താരീഖെ മശാഇഖെ ചിശ്ത് പോലെയുള്ള ഗ്രന്ഥങ്ങളിലും ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ) യുടെ ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ) യുടെ ഗ്രന്ഥങ്ങളിൽ മുസ്ലിം സമുദായത്തിൽ നിലനിൽക്കുന്ന വിഭാഗീയ പ്രവണതകളെ ഇല്ലാതാക്കുന്നത് ലക്ഷ്യം വെച്ച് രചിച്ച് പുറത്തിറക്കിയ ഗ്രന്ഥമാണ് ഫൈസലേ ഹഖ്ത് മസ്അലഃ. വെറും 18 പേജുകളുള്ള ഈ ലഘുഗ്രന്ഥം ഉത്തരം തേടുന്ന പല അഖീദാപരമായ സമസ്യകളുടെയും കുരുക്കഴിക്കുന്നു. എന്നാൽ വിഭാഗീയത ആഗ്രഹിക്കുന്ന ചിലർ ഈ ഗ്രന്ഥം ഉൾക്കൊള്ളുന്ന സദുദ്ദേശത്തെ നിർവ്വീര്യമാക്കാൻ ചില ക്രിത്രിമകങ്ങൾ നടത്തുന്നുണ്ട്. ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ) ഇങ്ങനെയൊരു ഗ്രന്ഥം എഴുതിയിട്ടില്ല എന്ന് പ്രസ്താവിക്കുകയും ജനങ്ങളെ അതുവഴി ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. ഇവ്വിഷയകമായി മഹാനവർകളുടെ പ്രധാന ശിഷ്യനും പ്രമുഖ പണ്ഡിതനുമായ അശ്റഫ് അലി ഥാനവി(റ) യോട് ചോദിച്ച ചോദ്യവും അതിന് മഹാനവർകൾ നൽകിയ ഉത്തരവും താഴെ ഉദ്ധരിക്കാം:
“ഹിജ്റഃ 1316 റമളാൻ 13(24.1.1899) ന് കാൻപൂരിൽ വെച്ച് മൗലാനാ അശ്റഫ് അലി ഥാനവി(റ) യോട് ചോദിക്കപ്പെട്ടു:
ഫൈസലേ ഹഫ്ത് മസ്അലഃ എന്ന ഗ്രന്ഥം ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ) എഴുതിയതല്ല എന്ന് ചിലർ പറയുന്നുവല്ലോ? അതിന്റെ യാഥാർത്ഥ്യമെന്ത്?
ഈ ചോദ്യത്തിന് ഥാനവി(റ) പ്രത്യുത്തരം ചെയ്തത് ഇപ്രകാരമായിരുന്നു. എഴുതിയിട്ടില്ല എന്നതിന് ശൈഖവർകൾ തന്റെ കൈകൊണ്ട് എഴുതിയിട്ടില്ല എന്ന് വേണമെങ്കിൽ വ്യാഖ്യനിക്കാം. കാരണം ഞാനാണ് ആ ഗ്രന്ഥം എന്റെ കൈകൊണ്ട് എഴുതിയത്. അതിലെ ആശയങ്ങൾ മഹാനവർകളുടേതാണ്. വാക്കുകൾ എന്റേതാണ്. മഹാനവർകളുടെ നിർദ്ദേശ പ്രകാരം എഴുതി പൂർത്തിയാക്കി പൂർണ്ണമായും ശൈഖവർകൾക്ക് വായിച്ചു കേൾപ്പിച്ച ശേഷം ആ ഗ്രന്ഥത്തെ സ്വന്തം പേരിൽ തന്നെ പുറത്തിറക്കാൻ എന്റെ മുർശിദ് എന്നോട് കൽപിച്ചു. ഇപ്രകാരം മഹാനവർകളുടെ തിരക്കുകൾ കാരണം ഇവ്വിധം ചില ഗ്രന്ഥങ്ങൾ രചിക്കപ്പെടുക പതിവുണ്ടായിരുന്നു.(മജാലിസുൽ ഹിക്മഃ ഹകീം മുഹമ്മദ് മുസ്ത്വഫാ ബിജ്നൂരി(റ): പേജ്: 35, നവാദിറെ ഇംദാദിയ്യഃ പേജ്: 48)
ശൈഖുൽ ഹദീസ് മൗലാനാ സക്കരിയ്യഃ കാന്ദലവി(റ) തന്റെ താരിഖെ മശാഇഖെ ചിശ്ത് എന്ന ഗ്രന്ഥത്തിൽ ഫൈസലെ ഹഫ്ത് മസ്അലഃയെ ഹാജി ഇംദാദുല്ലാഹ് മക്കി(റ) യുടെ ഒമ്പതാമത്തെ ഗ്രന്ഥമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഹസ്രത്ത് അശ്റഫ് അലി ഥാനവി(റ) യുടെ ഖലീഫഃ മൗലാനാ ജമീൽ അഹ്മദ് ഥാനവി(റ) തന്റെ ശറഹ് ഫൈസലേ ഹഫ്ത്ത് മസ്അലഃ എന്ന ഗ്രന്ഥത്തിലും ഈ ഗ്രന്ഥത്തിന്റെ രചയിതാവ് ശൈഖവർകൾ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ) യുടെ പല കത്തുകളും ഇവ്വിഷയകമായി സാക്ഷി നിൽക്കുന്നു. അതിനാൽ തത്പര കക്ഷികളുടെ ദുർവ്യാഖ്യാനങ്ങൾക്ക് യാതൊരു സാധുതയുമില്ല എന്നാണ് ഈ വസ്തുതകളെല്ലാം വ്യക്തമാക്കുന്നത്.
ഇക്കാലത്ത് സുന്നത്ത് ജമാഅത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്നവർ തമ്മിൽ തമ്മിൽ നിലനിൽക്കുന്ന പാരമ്പര്യം ആചാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട അനുശീലനത്തിന്റെയും നിരാകരണത്തിന്റെയും പല പ്രശ്നങ്ങളെയും യഥോചിതം കൈകാര്യം ചെയ്യുന്ന ഈ ഗ്രന്ഥത്തിന്റെ പരിഭാഷയാണ് തുടർന്ന് പ്രസിദ്ധീകരിക്കുന്നത്.
തുടരും