ഹസൻ ബസ്വരി(റ): ആത്മജ്ഞാന വഴികളുടെ സം​ഗമ സ്ഥാനം

സൈനുദ്ദീൻ മന്ദലാംകുന്ന്:

മധ്യകാല ബാ​ഗ്ദാദ് ചിത്രകാരന്റെ ഭാവനയിൽ

ജനങ്ങളിൽ നിന്ന് യാതൊന്നും കാംക്ഷിക്കാതെ അവരുടെ ജീവിതത്തിന് യഥാർത്ഥമായ ദിശ നിർണ്ണയിച്ചു നൽകിയ ഹസൻ ബസ്വരി(റ) അല്ലാഹുവിൽ മാത്രം ഭരമേൽപിച്ച ഉന്നതനായ മുതവക്കിലുമായിരുന്നു. ഏത് കടുത്ത ഹൃദയങ്ങളെയും ആർദ്രമാക്കുന്നതായിരുന്നു സ്മര്യപുരുഷന്റെ മൊഴിമുത്തുകൾ. അല്ലാഹുവോടുള്ള അനുരാഗത്താലും ഭയഭക്തിയാലും നിറയുന്ന കണ്ണീരിൽ കുതിർന്ന ആ വാക്കുകൾ ഏതൊരു മനുഷ്യന്റെയും അല്ലാഹുവിനെ സംബന്ധിച്ച വിസ്മൃതി നീക്കുന്നതും അവനോടുള്ള ഹൃദയ ബന്ധം ചേർക്കുന്നതുമായിരുന്നു. ഖൽബുകൾക്ക് ആശ്വാസദായകമായ മഹോന്നതമായ ആ മൊഴികളെ ജനങ്ങൾ ഹൃദിസ്ഥമാക്കി. ആ ഉപദേശങ്ങൾക്കൊത്ത് അവർ ചരിക്കുകയും എല്ലാ തരം ഫിത്നകളിൽ നിന്നും ജനങ്ങളുടെ വിശ്വാസ കർമ്മങ്ങൾ സംശുദ്ധീകരിക്കപ്പെടുകയും ചെയ്തു. അങ്ങനെ ആ ജീവിതവും വാക്കുകളും സുഗന്ധവാഹിയായ ഒരു തെന്നലായി ബസ്വറയിലും പരിസരങ്ങളിലും വ്യാപിച്ചു. ജനങ്ങൾ മാത്രമല്ല ഭരണാധികാരികൾ വരെ ആ സുഗന്ധോദ്യാനത്തിലേക്ക് ആകർഷിക്കപ്പെട്ടു.

തിരുനബി(സ്വ) തങ്ങളിലൂടെ പൂർത്തീകരിക്കപ്പെട്ട അല്ലാഹു തൃപ്തിപ്പെട്ട ഇസ്ലാം ദീനിന്റെ വൈജ്ഞാനികവും സംസ്കരണപ്രദാനവുമായ കൈമാറ്റ പ്രക്രിയയുടെ വളരെ പ്രാധാന്യമേറിയ ഒരു തുടർകണ്ണിയാണ് ത്വാബിഈങ്ങളുടെ നേതാവ് എന്ന പേരിൽ അറിയപ്പെട്ട ബഹുമാനപ്പെട്ട സയ്യിദുനാ ഹസൻ ബസ്വരി(റ). ബഹുമാനപ്പെട്ട അമീറുൽ മുഅ്മിനീൻ ഉമറുബ്നുൽ ഖത്താബ്(റ) വിന്റെ ഭരണകാലത്താണ് ഹസൻ ബസ്വരി(റ) മദീനയിൽ പിറന്നത്. ഹിജ്റ 21 ലായിരുന്നു ഇത്. നബി(സ്വ) തങ്ങളുടെ പ്രിയപത്നിമാരിൽ പ്രമുഖയായവരും മുഅ്മിനീങ്ങൾക്ക് മാതാവുമായ ഉമ്മു സലമ ബീവി(റ) യുടെ ഖാദിമത്തായിരുന്ന ഖൈറ(റ) എന്നവരാണ് ഹസൻ ബസ്വരി(റ) വിന്റെ മാതാവ്. നബി(സ്വ) തങ്ങളുടെ കാതിബായിരുന്ന സൈദ് ഇബ്നു സാബിത്(റ) വിന്റെ സേവകനായിരുന്ന യസാർ(റ) എന്നവരാണ് മഹാനവർകളുടെ പിതാവ്.

ഉമ്മുൽ മുഅ്മിനീൻ ഉമ്മു സലമ ബീവി(റ) യുടെ തണലിൽ:

മഹാനവർകളുടെ പിറവിയുടെ സന്തോഷവാർത്ത അറിഞ്ഞപ്പോൾ ബഹുമാനപ്പെട്ട ഉമ്മുൽ മുഅ്മിനീൻ ഉമ്മു സലമ ബീവി(റ) തന്റെ സേവകയുടെ വീട്ടിലേക്ക് ആളെ അയക്കുകയും പ്രസവകാലം തന്റെ പരിചരണത്തിൽ കഴിയാൻ കുഞ്ഞിനെയും മാതാവിനെയും ക്ഷണിക്കുകയും ചെയ്തു. മഹതിയവർകൾക്ക് തന്റെ ഖാദിമത്തിനോടും കുഞ്ഞിനോടുമുണ്ടായിരുന്ന സ്നേഹത്തിന്റെയും പരിഗണനയുടെയും വലിയ നിദർശനം തന്നെയാണിത്. അങ്ങനെ ഖാദിമത്തായ ഖൈറയും കുഞ്ഞും മഹതിയവർകളുടെ വീട്ടിലെത്തി. ഓമനത്വം തുളുമ്പുന്ന മുഖപ്രസന്നതയുള്ള കുഞ്ഞിനെ കണ്ടതോടെ മഹതിയവർകൾ ഏറെ സന്തോഷിക്കുകയും കുഞ്ഞിനെ ലാളിക്കുകയും ചെയ്തു. ശേഷം തന്റെ ഖാദിമത്തിനോടായി കുഞ്ഞിന് പേരിട്ടോ എന്ന് ചോദിച്ചു. നിങ്ങൾ തന്നെയാണ് പേര് വിളിക്കേണ്ടത് എന്ന് കുഞ്ഞിന്റെ മാതാവ് പ്രത്യുത്തരം ചെയ്തപ്പോൾ മഹതി അവർകൾ ഹസൻ എന്ന് പേരിടുകയും ഇരുകൈകളുമുയർത്തി അല്ലാഹുവിനോട് കുട്ടിയുടെ നന്മക്കുവേണ്ടി ദുആ ചെയ്യുകയും ചെയ്തു. അമീറുൽ മുഅ്മിനീൻ ഉമറുൽ ഫാറൂഖ്(റ)വാണ് ഹസൻ ബസ്വരി(റ) വിന് മധുരം നൽകിയത്. മധുരം നൽകിയ ശേഷം രണ്ടാം ഖലീഫ ഇപ്രകാരം പ്രാർത്ഥിച്ചതായും ചില നിവേദനങ്ങളിൽ കാണുന്നുണ്ട്:
“ദീനും ഫിഖ്ഹും ജനങ്ങളുടെ മുഹബ്ബത്തും അല്ലാഹുവേ ഈ കുഞ്ഞിന് നീ പ്രദാനിക്കേണമേ…”
തിരുനബി(സ്വ) തങ്ങളുടെ പ്രിയപത്നിയായിരുന്ന ഉമ്മു സലമ ബീവി(റ)യുടെ സ്നേഹവാത്സല്യങ്ങളും പരിലാളനകളും ലഭിക്കുകയും മഹതി അവർകൾ തന്നെ നാമകരണം ചെയ്യുകയും അവരുടെ നിഷ്കളങ്കമായ പ്രാർത്ഥനകൾക്കും ആശീർവാദങ്ങൾക്കും പാത്രമാവുകയും ചെയ്ത മഹാനായ ഹസൻ ബസ്വരി(റ) വിന്റെ ജീവിതം ഈ പ്രാർത്ഥനകളുടെയും ആശീർവാദങ്ങളുടെയും ഫലപ്രാപ്തി തന്നെയായിരുന്നുവെന്ന് ബഹുമാനപ്പെട്ടവരുടെ പിൽക്കാല ജീവിതം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മുലപ്പാലും ഹിക്മത്തും ചുരത്തി നൽകിയ വാത്സല്യം

ബഹുമാനപ്പെട്ടവരുടെ ബാല്യകാല ജീവിതം ഉമ്മുൽ മുഅ്മിനീൻ ഉമ്മു സലമ ബീവി(റ) യുടെ വസതിയിലായിരുന്നതിനാൽ സവിശേഷമായ സ്വഭാവഗുണങ്ങളാർജ്ജിക്കാൻ അവസരം ലഭിച്ചു. അറബ് സ്ത്രീകളിൽ ഏറെ ബുദ്ധിശാലിയും മാന്യമായ സ്വഭാവവൈശിഷ്ട്യങ്ങളുള്ളവരും നിശ്ചയദാർഢ്യത്തിന്റെ ഉടമയുമായിരുന്ന മഹതിയായിരുന്നു ഉമ്മു സലമ ബീവി(റ). തിരുനബി(സ്വ) തങ്ങളിൽ നിന്ന് 387 ഹദീസുകൾ അവർ നിവേദനം ചെയ്തതായും ജാഹിലിയ്യാ കാലത്ത് തന്നെ അക്ഷരജ്ഞാനം സിദ്ധിച്ചവരായും മഹതിയവർകളെ കുറിച്ച് നിവേദനം ചെയ്യപ്പെടുന്നുണ്ട്. തിരുനബി(സ്വ) തങ്ങളുടെ തണലിൽ എല്ലാ വിശുദ്ധ ഗുണങ്ങളും സമാർജ്ജിച്ച ആ വിശുദ്ധനൂറ് പകർന്നെടുത്ത മഹതിയവർകളുമായി ശൈഖുനാ ഹസൻ ബസ്വരി(റ) വിന് മാതൃതുല്യമായ കുടുംബ ബന്ധം തന്നെയാണുണ്ടായിരുന്നത്. ഹസൻ ബസ്വരി(റ) വിന്റെ ജനനവും ജീവിത പശ്ചാത്തലങ്ങളുമെല്ലാം നിവേദനം ചെയ്തവർ എല്ലാവരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മുലകുടിക്കുന്ന പ്രായത്തിൽ ഹസൻ ബസ്വരി(റ) വിന്റെ മാതാവായിരുന്ന ഖൈറ(റ) എന്ന ഖാദിമത്ത് പല ആവശ്യങ്ങൾക്കും വേണ്ടി പുറത്തുപോകുമ്പോൾ ചില സന്ദർഭങ്ങളിൽ കുട്ടിയായിരുന്ന ഹസൻ(റ) വിശന്നുകരയുമായിരുന്നു. കരച്ചിൽ ശക്തമാകുമ്പോൾ കുട്ടിയെ എടുത്ത് മടിയിൽ വെച്ച് ലാളിക്കുകയും അമ്മിഞ്ഞ നുണയാൻ വായിൽ വെച്ചുകൊടുക്കുകയും ചെയ്യുമായിരുന്നു. കുഞ്ഞിനെ സമാധാനിപ്പിക്കലായിരുന്നു ലക്ഷ്യമെങ്കിലും കുഞ്ഞിനോടുള്ള സ്നേഹവാത്സല്യങ്ങൾ നിമിത്തമായും അല്ലാഹുവിന്റെ സവിശേഷമായ ഔദാര്യത്താലും മുലകുടിക്കാൻ വേറെ കുഞ്ഞില്ലായിരുന്നുവെങ്കിലും മഹതിയവർകളിൽ നിന്ന് പാൽ ചുരത്തപ്പെടുമായിരുന്നു.
അത്ഭുതവും ആശ്ചര്യമുളവാക്കുന്ന ഈ സംഭവം ഇതുസംബന്ധമായി നിവേദനം ചെയ്തവരെല്ലാം ഉദ്ധരിക്കുന്നുണ്ട്. ഈ വസ്തുത കൂടി പരിഗണിച്ചാൽ ബഹുമാനപ്പെട്ട ഹസൻ ബസ്വരി(റ) വിന്റെ മുലകുടി ബന്ധത്തിലെ മാതാവ് കൂടിയാണ് ഉമ്മുൽ മുഅ്മിനീൻ ഉമ്മു സലമ ബീവി(റ) എന്ന് കാണാൻ കഴിയും. ബഹുമാനപ്പെട്ട ഹസൻ ബസ്വരി(റ) വിന്റെ എല്ലാ മഹത്വങ്ങളുടെയും ഹിക്മത്തിന്റെയും കാരണം ആ ബർക്കത്താക്കപ്പെട്ട മുലയൂട്ടലായിരുന്നു. മാത്രമല്ല മുഅ്മിനീങ്ങളുടെ മാതാവ് ഉമ്മു സലമ ബീവി(റ) കുഞ്ഞിന് വേണ്ടി പലപ്പോഴും ഇങ്ങനെ ദുആ ചെയ്യാറുണ്ടായിരുന്നുവെന്നും നിവേദനം ചെയ്യപ്പെടുന്നുണ്ട്:”അല്ലാഹുവേ ഈ കുട്ടിയെ എല്ലാവർക്കും മാതൃകായോഗ്യനായ ഇമാമാക്കേണമേ…”

പ്രവാചക ഭവനങ്ങളിലെ ബാല്യകാലം

പുത്രവാത്സല്യത്തോടെയുള്ള ഈ പരിലാളനകളേറ്റ് പ്രവാചക പത്നിയുടെ വസതിയിൽ വളർന്ന ഈ കുഞ്ഞിന് സ്വാഭാവികമായും അടുത്തടുത്തായുള്ള പ്രവാചക പത്നിമാരുടെ ഭവനങ്ങളിൽ പ്രവേശനമുണ്ടായിരുന്നതിനാൽ ഓടി ചാടി കളിക്കുന്ന പ്രായത്തിൽ അവരുടെ കൺകുളിർമ്മയും സന്തോഷവുമാകാൻ അവസരം ലഭിച്ചു. അക്കാലത്ത് തിരുനബി(സ്വ) തങ്ങളുടെ പത്നിമാരുടെ ഭവനങ്ങളുടെ മച്ചുകളിൽ ചാടി തൊടുക ബഹുമാനപ്പെട്ടവരുടെ ഹരമായിരുന്നു. ഇക്കാര്യം ഹസൻ ബസ്വരി(റ) നിവേദനം ചെയ്ത ഹദീസുകളിൽ ഉദ്ധരിക്കപ്പെടുന്നുണ്ട്. മാത്രമല്ല സൂറത്ത് ഹുജറാത്തിന്റെ തഫ്സീറുകളിലും ഇതു സംബന്ധമായ നിവേദനങ്ങൾ എടുത്തു ഉദ്ധരിക്കുന്നുണ്ട്. ഇതേ കാലയളവിൽ മസ്ജിദുന്നബവിയിൽ തിരുനബി(സ്വ) തങ്ങളുടെ പരിശുദ്ധ റൗളയുടെ ചാരത്ത് ചിലവഴിക്കുന്നതിൽ ബഹുമാനപ്പെട്ടവർ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. വിശുദ്ധമായ ഈ ജീവിത പശ്ചാത്തലം ബഹുമാനപ്പെട്ടവരുടെ ജീവിതത്തെ കൂടുതൽ പ്രകാശമാനമാക്കി. അപാരമായ ബുദ്ധിശക്തിയും സവിശേഷമായ ചിന്താശേഷിയും ബഹുമാനപ്പെട്ടവരിൽ വളർന്നു.

പ്രമുഖ സ്വഹാബിമാരുടെ ശിഷ്യത്വത്തിൽ:

പ്രമുഖരായ സ്വഹാബിമാരുമായുള്ള സുഹ്ബത്തും ശിഷ്യത്വവും നിമിത്തമായി ബഹുമാനപ്പെട്ടവരുടെ വ്യക്തിത്വത്തിന് കൗമാരഘട്ടത്തിൽ കൂടുതൽ തിളക്കം കൈവന്നു. മൂന്നാം ഖലീഫ ബഹുമാനപ്പെട്ട ഉസ്മാൻ ഇബ്നു അഫ്ഫാൻ(റ), നാലാം ഖലീഫ അലിയ്യുബ്നു അബീത്വാലിബ്(റ), അബൂമൂസൽ അശ്അരി(റ), അബ്ദുല്ലാഹിബ്നു ഉമർ(റ), അബ്ദുല്ലാഹിബ്നു അബ്ബാസ്(റ), അനസ്ബ്നു മാലിക്(റ), ജാബിർ ഇബ്നു അബ്ദില്ലാഹ്(റ) തുടങ്ങിയ മഹാജ്ഞാനികളായ സ്വഹാബിമാരോട് സഹവസിക്കാനും ശിഷ്യപ്പെടാനും ലഭിച്ച അവസരം നിമിത്തമായി ദീനിന്റെ ളാഹിരിയും ബാത്വിനിയുമായ വിജ്ഞാനങ്ങൾ സ്വായത്തമാക്കാൻ ചെറിയ പ്രായം മുതൽ തന്നെ ഹസൻ ബസ്വരി(റ) വിന് സാധിച്ചു. മഹാന്മാരായ ഈ സ്വഹാബിമാരിൽ നിന്നെല്ലാം ഹസൻ ബസ്വരി(റ) ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട്. എന്നാൽ ബഹുമാനപ്പെട്ട അലിയ്യുബ്നു അബീത്വാലിബ്(റ) വിനോട് സവിശേഷമായ ഗുരുശിഷ്യ ബന്ധം ഹസൻ ബസ്വരി(റ) പുലർത്തിയിരുന്നുവെന്നത് സൂഫിയാക്കൾക്കിടയിൽ വിശ്രുതമായ വസ്തുതയാണ്. ഇതുപോലെ റഈസുൽ മുഫസ്സിരീൻ ഇബ്നു അബ്ബാസ്(റ) വുമായും ഗാഢമായ ഗുരുശിഷ്യ ബന്ധം സ്മര്യപുരുഷനുണ്ടായിരുന്നു.

മദീനയിൽ നിന്ന് ബസ്വറയിലേക്ക്:

ഹസൻ(റ) വിന് പതിനാല് വയസ്സുള്ളപ്പോഴാണ് പിതാവായ യസാർ(റ) വും മാതാവ് ഖൈറ(റ) യും തങ്ങളുടെ വാസം മദീനയിൽ നിന്നും ബസ്വറയിലേക്ക് മാറ്റുന്നത്. അതോടെയാണ് ഹസൻ(റ) ബസ്വറക്കാരനായത്. ബഹുമാനപ്പെട്ട മൂന്നാം ഖലീഫ ഉസ്മാൻ ഇബ്നു അഫ്ഫാൻ(റ) വിന്റെ രക്തസാക്ഷിത്വത്തിനും അനുബന്ധമായ കലുഷിതാവസ്ഥകൾക്കും ശേഷമാണ് ബസ്വറയിലേക്കുള്ള ഈ പലായനം എന്നാണ് വ്യക്തമാകുന്നത്. അക്കാലത്ത് ഇസ്ലാമിക വിജ്ഞാനത്തിന്റെയും പ്രചരണത്തിന്റെയും സമുന്നത കേന്ദ്രമായി ബസ്വറ വളർന്നുകൊണ്ടിരിക്കുകയായിരുന്നു. ബസ്വറയിലെ വലിയ പള്ളിയിൽ പ്രമുഖരായ സ്വഹാബാക്കളുടെയും ത്വാബിഉകളായ പണ്ഡിതമഹത്തുക്കളുടെയും നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ വൈജ്ഞാനിക സദസ്സുകൾ നടക്കുമായിരുന്നു. ഇവയിൽ ബഹുമാനപ്പെട്ട അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) വിന്റെ സദസ്സാണ് ബഹുമാനപ്പെട്ട ഹസൻ ബസ്വരി(റ) തിരഞ്ഞെടുത്തത്. തിരുനബി(സ്വ) തങ്ങളുടെ ജീവിതത്തിന്റെയും സന്ദേശങ്ങളുടെയും വെളിച്ചത്തിൽ ഖുർആന് തഫ്സീർ നൽകി ജനജീവിതത്തെ സന്മാർഗത്തിലൂടെ ചരിക്കാൻ മാർഗദർശനം നൽകിയ ആ സദസ്സുകൾ ബഹുമാനപ്പെട്ട ഹസൻ ബസ്വരി(റ) വിന്റെ ചിന്തയെയും ജീവിതത്തെയും വല്ലാതെ സ്വാധീനിച്ചു. തഫ്സീറും ഹദീസും ഖുർആൻ പാരായണ നിയമങ്ങളുമാണ് ബഹുമാനപ്പെട്ടവർ അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) വിൽ നിന്ന് നേടിയെടുത്തത്. കർമ്മശാസ്ത്ര ശാഖകളിലും നല്ല പരിജ്ഞാനം സിദ്ധിച്ച ബഹുമാനപ്പെട്ടവർക്ക് അക്കാലത്ത് പല വിജ്ഞാനദാഹികളുടെയും ആശ്രയകേന്ദ്രമായി മാറാൻ സാധിച്ചു. അങ്ങനെ ജനങ്ങൾക്കിടയിൽ ഉന്നതനായ പണ്ഡിതനായി അദ്ദേഹം അറിയപ്പെടുകയും അവരുടെ സദസ്സുകൾ ജനപ്രിയമാവുകയും ചെയ്തു.
മദീനയിൽ വെച്ച് തന്നെ ബഹുമാനപ്പെട്ട ഹസ്രത്ത് അലിയ്യുബ്നു അബീത്വാലിബ്(റ) വിനെ ശിഷ്യപ്പെടാൻ ഹസൻ ബസ്വരി(റ) വിന് അവസരം ലഭിച്ചിരുന്നു. മൂന്നാം ഖലീഫ ഹസ്രത്ത് ഉസ്മാൻ(റ) വിന്റെ രക്തസാക്ഷിത്വത്തിന് ശേഷം നാലാം ഖലീഫയായി സ്ഥാനമേറ്റെടുത്ത ഹസ്രത്ത് അലിയ്യുബ്നു അബീത്വാലിബ്(റ) ഇറാഖിലെ കൂഫയായിരുന്നുവല്ലോ ഭരണ ആസ്ഥാനമായി തിരഞ്ഞെടുത്തിരുന്നത്. ഇറാഖിലെ തന്നെ ബസ്വറയിൽ താമസിച്ചിരുന്ന ഹസൻ ബസ്വരി(റ) ഇക്കാലയളവിലും ആത്മജ്ഞാനമേഖലയിൽ തന്റെ ഗുരുവായ അലി(റ) വുമായി നിരന്തര സമ്പർക്കങ്ങൾ നിലനിർത്തിയിരിക്കാനുള്ള സാദ്ധ്യത ഏറെയാണ്. അഖീദയിലെ സങ്കീർണ്ണമായ പല വിഷയങ്ങളും കുരുക്കഴിച്ച് ഏത് സാധാരണക്കാരനും ഗ്രാഹ്യമാകും വിധം വിശദീകരിക്കാൻ ബഹുമാനപ്പെട്ട ഹസൻ ബസ്വരി(റ) വിനുണ്ടായിരുന്ന പാടവം ബഹുമാനപ്പെട്ട ഹസ്രത്ത് അലി(റ) ഉൾപ്പെടെയുള്ള വിശുദ്ധരായ ഗുരുവര്യന്മാരിൽ നിന്നും സ്വാംശീകരിച്ചതും അവരുടെ ഫൈളാനായി ലഭിച്ചതുമാണെന്ന കാര്യം സൂഫിയാക്കൾക്കിടയിൽ പൊതു സമ്മതമാണ്.

ഭയഭക്തിയും ആർദ്രതയുമുള്ള ഹൃദയം:

അങ്ങേയറ്റത്തെ വിശുദ്ധിയുള്ളതും അല്ലാഹുവോടുള്ള ഭയഭക്തിയാൽ പരവശവുമായിരുന്നു ബഹുമാനപ്പെട്ടവരുടെ ആന്തരികാവസ്ഥകൾ. ഖുർആൻ പാരായണം ചെയ്യുന്ന ചില സന്ദർഭങ്ങളിൽ ഹൃദയം പൊട്ടി കരയുമായിരുന്നു. അല്ലാഹുവിന്റെ കോപത്തെയും തജ്ജന്യമായ ശിക്ഷകളെയും വല്ലാതെ ഭയപ്പെട്ട ഹസൻ ബസ്വരി(റ) അതീവ സൂക്ഷ്മതയോടെ ജീവിതം നയിക്കുകയും പരിത്യാഗത്തിന്റെ ജീവിത ശൈലി സ്വീകരിക്കുകയും ചെയ്തവരായിരുന്നു. ജനങ്ങളിൽ നിന്ന് യാതൊന്നും കാംക്ഷിക്കാതെ അവരുടെ ജീവിതത്തിന് യഥാർത്ഥമായ ദിശ നിർണ്ണയിച്ചു നൽകിയ ബഹുമാനപ്പെട്ടവർ അല്ലാഹുവിൽ മാത്രം ഭരമേൽപിച്ച ഉന്നതനായ മുതവക്കിലുമായിരുന്നു. ഏത് കടുത്ത ഹൃദയങ്ങളെയും ആർദ്രമാക്കുന്നതായിരുന്നു ബഹുമാനപ്പെട്ടവരുടെ മൊഴിമുത്തുകൾ. അല്ലാഹുവോടുള്ള അനുരാഗത്താലും ഭയഭക്തിയാലും നിറയുന്ന കണ്ണീരിൽ കുതിർന്ന ആ വാക്കുകൾ ഏതൊരു മനുഷ്യന്റെയും അല്ലാഹുവിനെ സംബന്ധിച്ച വിസ്മൃതി നീക്കുന്നതും അവനോടുള്ള ഹൃദയ ബന്ധം ചേർക്കുന്നതുമായിരുന്നു. ഖൽബുകൾക്ക് ആശ്വാസദായകമായ മഹോന്നതമായ ആ മൊഴികളെ ജനങ്ങൾ ഹൃദിസ്ഥമാക്കി. ആ ഉപദേശങ്ങൾക്കൊത്ത് അവർ ചരിക്കുകയും എല്ലാ തരം ഫിത്നകളിൽ നിന്നും ജനങ്ങളുടെ വിശ്വാസ കർമ്മങ്ങൾ സംശുദ്ധീകരിക്കപ്പെടുകയും ചെയ്തു. അങ്ങനെ ആ ജീവിതവും വാക്കുകളും സുഗന്ധവാഹിയായ ഒരു തെന്നലായി ബസ്വറയിലും പരിസരങ്ങളിലും വ്യാപിച്ചു. ജനങ്ങൾ മാത്രമല്ല ഭരണാധികാരികൾ വരെ ആ സുഗന്ധോദ്യാനത്തിലേക്ക് ആകർഷിക്കപ്പെട്ടു.

വിശുദ്ധിയുള്ള ജീവിതം

വളരെയേറെ വിശുദ്ധി നിറഞ്ഞതായിരുന്നു ആ ജീവിതം. ഒരു മുഅ്മിനിന് വേണ്ട യഥാർത്ഥമായ എല്ലാ സദ്ഗുണങ്ങളും ബഹുമാനപ്പെട്ടവരിൽ മേളിച്ചിരുന്നു. എന്താണോ താൻ ജനങ്ങളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നത് അത് സ്വയത്തിൽ പ്രായോഗികമാക്കാതെ ബഹുമാനപ്പെട്ടവർ പറയുമായിരുന്നില്ല. അതീവ സൂക്ഷ്മതയുള്ളതായിരുന്നു ബഹുമാനപ്പെട്ടവരുടെ ജീവിതം. മഹാനവർകളുടെ രഹസ്യവും പരസ്യവും ശ്രേഷ്ഠവും വിശുദ്ധവുമായിരുന്നു. ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്ന ഒരു സംഭവം ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഖാലിദ് ഇബ്നു സഫ്വാൻ വിവരിക്കുന്നു:
“ഞാൻ ബനൂ ഉമയ്യ ഗോത്രത്തിലെ സേനാനായകനായ മസ്ലമത് ഇബ്നു അബ്ദുൽ മലികിനെ ഇറാഖിലെ ഹീറയിൽ വെച്ച് കണ്ടുമുട്ടി.(ആ സമയം അദ്ദേഹം എന്നോട് പറഞ്ഞു:)”ഖാലിദ് ഹസൻ ബസ്വരിയെ കുറിച്ച് വിവരിച്ചു തരൂ. മറ്റാരേക്കാളും അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിവുള്ളത് നിങ്ങൾക്കാണെന്ന് ഞാൻ വിചാരിക്കുന്നു.”(ഞാൻ പ്രത്യുത്തരം ചെയ്തു):
“അതെ…എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം. ഞാൻ അദ്ദേഹത്തിന്റെ അയൽ വാസിയും സദസ്സിലെ നിത്യസന്ദർശകനുമാണ്. ബസ്വറയിൽ വെച്ച് മറ്റാരേക്കാളും അദ്ദേഹത്തെ കുറിച്ച് അറിയുന്നതും എനിക്കാണ്.”
“എന്നാൽ പറയൂ….അദ്ദേഹത്തിന്റെ രഹസ്യജീവിതം…”
(അപ്പോൾ ഞാൻ പറഞ്ഞു)”അദ്ദേഹത്തിന്റെ രഹസ്യജീവിതം പരസ്യജീവിതം പോലെ വിശുദ്ധമാണ്. വാക്കുപോലെ തന്നെയാണ് കർമ്മവും. ഒരു കാര്യം കൽപിച്ചാൽ അത് ആദ്യം പ്രാവർത്തികമാക്കുന്നത് അദ്ദേഹമായിരിക്കും. ചീത്ത കാര്യം വിലക്കിയാൽ അത് ആദ്യം വർജ്ജിച്ചിട്ടുണ്ടാവുക അദ്ദേഹമായിരിക്കും. ജനങ്ങളെ ആശ്രയിക്കാതെ പരിത്യാഗിയായാണ് അദ്ദേഹം ജീവിക്കുന്നത്. സർവ്വകാര്യത്തിനും ജനങ്ങൾക്ക് അദ്ദേഹത്തെ ആവശ്യമാണ്. അവർ അദ്ദേഹത്തെ അന്വേഷിച്ചെത്തും.”
അപ്പോൾ മസ്ലമ(റ) പറഞ്ഞു:
“മതി ഖാലിദ്…ഇത്തരം ആളുകൾ ജീവിക്കുന്ന ഒരു സമൂഹം എങ്ങനെ വഴി തെറ്റും.”
ഇസ്ലാം ദീനിന്റെ ളാഹിരിയും ബാത്വിനിയുമായ സകല അനുഗ്രഹങ്ങളെയും ജനങ്ങൾക്ക് പകർന്നു നൽകിയവരായിരുന്നു ബഹുമാനപ്പെട്ടവർ. ബഹുമാനപ്പെട്ടവരുടെ ജീവിതത്തിന്റെ പ്രത്യക്ഷവും പരോക്ഷവും സത്യശുദ്ധമായിരുന്നു.

സങ്കീർണ്ണമായ ചരിത്രപശ്ചാത്തലം

സങ്കീർണമായ ഒരു കാലഘട്ടത്തിൽ തന്റെ ഗുരുവര്യരും നാലാം ഖലീഫയുമായ അലി(റ) വിന്റെ പ്രവർത്തനങ്ങളോട് എല്ലാ അർത്ഥത്തിലും ഐക്യദാർഢ്യപ്പെട്ടും ആ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായും ബഹുമാനപ്പെട്ടവർ നിലകൊണ്ടു. രാഷ്ട്രീയമായ അസ്ഥിരതയോടൊപ്പം ഉളവായ ആദർശരംഗത്തെ അസ്ഥിരതയും പരിഹരിച്ച് ജനങ്ങളെ യഥാർത്ഥ ഇസ്ലാമിക പാതയിൽ നിലനിർത്തുന്നതിൽ ബഹുമാനപ്പെട്ട ഹസൻ ബസ്വരി(റ) വഹിച്ച സേവനങ്ങൾ നിസ്തുലമായിരുന്നു. ബഹുമാനപ്പെട്ട നാലാം ഖലീഫ അലി(റ) വിൽ നിന്ന് സവിശേഷമായി സ്വാംശീകരിച്ച ഹിക്മത്തുകളാൽ തന്റെ കാലത്തെ ആശയകാലുഷ്യങ്ങളെ നേരിടാൻ ബഹുമാനപ്പെട്ടവർക്ക് അല്ലാഹു അവസരം നൽകി. ഖവാരിജുകൾ, സബഇകൾ, മുഅ്തസലികൾ തുടങ്ങിയ അവാന്തര ധാരകളുടെ ആവിർഭാവവും അവരുടെ ശക്തമായ ഉപദ്രവവും രാഷ്ട്രീയമായും ആദർശപരമായും അവരുളവാക്കിയ കാലുഷ്യങ്ങളും മുസ്ലിം സമൂഹത്തിൽ വല്ലാതെ പ്രകടമായിരുന്ന കാലത്താണ് ആദർശരംഗത്ത് ഹഖും ബാത്വിലും വേർതിരിക്കുന്ന പ്രവർത്തനങ്ങൾക്ക് ബഹുമാനപ്പെട്ട അലി(റ) തന്റെ ചില പ്രത്യേകക്കാരായ ശിഷ്യന്മാരെ സജ്ജരാക്കിയത്.

ദീനിന്റെ സത്യശുദ്ധതയെ സംസ്ഥാപിക്കുന്ന ദൗത്യം

ഇത്തരം വിഭാഗങ്ങളുടെയെല്ലാം വിശ്വാസ വ്യതിയാനങ്ങളെ ബഹുമാനപ്പെട്ട സയ്യിദുനാ ഹസൻ ബസ്വരി(റ) തുറന്നുകാട്ടി. അഫ്ആലിലെ തൗഹീദിൽ വന്ന സകല അവ്യക്തതകളും നീക്കി. ജബ്രിയ്യാക്കളുടെയും ഖദ്രിയ്യാക്കളുടെയും പൊള്ളയായ ന്യായ വാദങ്ങളെ ഖണ്ഡിച്ചു. പ്രവൃത്തിയിൽ അല്ലാഹുവിന്റെ ബന്ധവും അടിമയുടെ ബന്ധവും എന്താണെന്ന് വേർതിരിച്ചു മനസ്സിലാക്കി കൊടുത്തു. ഇൽമിലും അഖീദയിലും വന്ന ബിദ്അത്തുകളെയും ളുൽമുകളെയും ഖുറാഫത്തുകളെയും കൃത്യമായി വ്യവച്ഛേദിക്കുകയും യഥാർത്ഥ അഖീദകളെ നിർഝാരണം ചെയ്യുകയും ചെയ്തു. സയ്യിദുനാ അലി(റ) വിന്റെ ഖിലാഫത്ത് കാലത്ത് തന്നെ ആവിർഭവിച്ച ഇത്തരം വിഭാഗങ്ങളുടെ വാദഗതികളെ നേരിടാനും വിജ്ഞാനത്തിലും വിശ്വാസത്തിലും ഉളവായികൊണ്ടിരുന്ന കാലുഷ്യങ്ങളെ നീക്കുവാനും യഥാർത്ഥ അഹ്ലു സുന്നത്ത് വൽ ജമാഅത്തിന്റെ വൈജ്ഞാനിക യാഥാർത്ഥ്യങ്ങളെ പ്രചരിപ്പിക്കാനും ബഹുമാനപ്പെട്ട അലി(റ) തന്നെ വളർത്തിയെടുത്ത പ്രത്യേക ശിഷ്യഗണങ്ങളിൽ പെട്ടവരായിരുന്നു ബഹുമാനപ്പെട്ട ഹസൻ ബസ്വരി(റ). ദീനിന്റെ ളാഹിരിയും ബാത്വിനിയുമായ വിജ്ഞാനങ്ങളെ ക്രമീകരിക്കാനും വികസിപ്പിക്കാനും വരും തലമുറകളിലേക്ക് പകരാനും ബഹുമാനപ്പെട്ട നാലാം ഖലീഫ സയ്യിദുനാ അലി(റ) പരിശീലിപ്പിച്ച പ്രത്യേക ശിക്ഷണം നൽകി സജ്ജരാക്കിയ ഹസൻ ബസ്വരി(റ) വിനെ പോലെയുള്ള മറ്റ് പ്രമുഖരായിരുന്നു സയ്യിദുനാ കുമൈൽ(റ), സയ്യിദുനാ അബുൽ അസ് വദ് ദുഹ്ലി(റ) തുടങ്ങിയവർ. സമൂഹത്തിലെ എല്ലാവരിലേക്കും ഈ വിജ്ഞാനങ്ങളെ എത്തിക്കാൻ കഴിയില്ലെന്നും അതിനുവേണ്ടി ചിലരെ തിരഞ്ഞെടുത്ത് അവർക്ക് പകർന്നു നൽകി തലമുറകളിലേക്ക് കൈമാറാമെന്നും അലി(റ) തീരുമാനിച്ചത് അന്നത്തെ പ്രത്യേകമായ രാഷ്ട്രീയ സാമൂഹികാന്തരീക്ഷം മൂലമാണ്. വലിയൊരു സമുദ്രത്തിൽ കൊണ്ടുപോയി ആയിരക്കണക്കിന് പഞ്ചസാര ചാക്കുകൾ കലക്കിയാലും സമുദ്രം മധുരിക്കുകയില്ലെന്നും എന്നാൽ പാത്രത്തിലോ കോപ്പയിലോ അൽപം സമുദ്ര ജലമെടുത്ത് അതിൽ കുറച്ചു പഞ്ചസാര കലക്കിയാൽ അത് മധുരിക്കുമെന്നതും ഒരു സാമാന്യ തത്വമാണല്ലോ? സമുദ്ര സമാനമായ ഇസ്ലാമിക സാമ്രാജ്യത്തിലെ മുഴുവൻ അണികളെയും ഒരുമിച്ചു സംസ്കരിക്കാൻ പുറപ്പെടാതെ തിരഞ്ഞെടുത്തവരെ സംസ്കരിച്ച് അവർക്ക് വേണ്ട ഇൽമും ഇർഫാനും പകർന്നു നൽകി ജനങ്ങളെ സംസ്കരിക്കുന്ന ദൗത്യത്തിന് പാകപ്പെടുത്തുകയാണ് വാസ്തവത്തിൽ നാലാം ഖലീഫ അലിയ്യുബ്നു അബീ ത്വാലിബ്(റ) ചെയ്തത്. വാസ്തവത്തിൽ നുബുവ്വത്തിന്റെ മാതൃകയിലുള്ള ഖിലാഫത്തിന്റെ അവസാന കണ്ണിയിൽ നിന്ന് ദീനിന്റെ യഥാർത്ഥമായ വൈജ്ഞാനിക സംസ്കരണ പാരമ്പര്യങ്ങളെ താബിഉകളുടെ നേതൃസ്ഥാനമലങ്കരിക്കുന്ന മഹാമനീഷിയായ ഒരു ജ്ഞാനിയിലേക്ക് കൈമാറുന്ന പ്രക്രിയയാണ് ഇവിടെ നാം കാണുന്നത്. അതുകൊണ്ട് തന്നെ സയ്യിദുനാ അലിയ്യുബ്നു അബീ ത്വാലിബ്(റ) വിന്റെ രക്തസാക്ഷിത്വത്തിനുശേഷം ചരിത്രപരമായ ആ ദൗത്യം ഏറ്റെടുത്ത് മുസ്ലിം സമൂഹത്തെ വിശ്വാസപരമായ മൗലികതയിൽ നിലനിർത്താൻ യാതൊരു സ്വാർത്ഥ ലക്ഷ്യവുമില്ലാതെ പ്രയത്നിച്ചത് സയ്യിദുനാ ഹസൻ ബസ്വരി(റ) വാണെന്ന് കാണാൻ കഴിയും.
ചുരുക്കത്തിൽ ഖവാരിജുകൾ, സബഈകൾ, മുഅ്തസലികൾ തുടങ്ങിയ അവാന്തര ചിന്താധാരകളുടെ തുടക്കത്തിൽ തന്നെ അവയുടെ പൊള്ളയായ സൈദ്ധാന്തിക ന്യായവാദങ്ങളെ തകർത്ത് അഹ്ലു സുന്നത്ത് വൽ ജമാഅത്തിന്റെ യഥാർത്ഥ ആശയാവലികൾക്ക് ചില ഉസ്വൂലുകൾ നിർമ്മിച്ചവരും പിൽക്കാല തലമുറകളിലേക്ക് വിശ്വാസപരമായ മൗലികതയെ ശരിയായി പകർന്നവരുമായിരുന്നു ബഹുമാനപ്പെട്ട ഹസൻ ബസ്വരി(റ) എന്ന് കാണാൻ കഴിയും. അതുകൊണ്ട് തന്നെയാണ് ഈമാനിന്റെയും ഇഹ്സാനിന്റെയും വൈജ്ഞാനിക മേഖല കൈകാര്യം ചെയ്യുന്ന ഹഖായ ത്വരീഖത്തുകൾക്കെല്ലാം സയ്യിദുനാ ഹസൻ ബസ്വരി(റ) ഉപ്പാപ്പ ശൈഖാകുന്നത്.

വിട്ടുവീഴ്ചയില്ലാത്ത ധീരത

സയ്യിദുനാ ഹസൻ ബസ്വരി(റ) വിന്റെ വ്യക്തിജീവിതം അങ്ങേയറ്റം സൂക്ഷ്മതയുള്ളതായിരുന്നു. ബഹുമാനപ്പെട്ടവർ അല്ലാഹുവിനെയല്ലാതെ യാതൊന്നിനെയും ഭയക്കാത്ത പ്രകൃതത്തിനുടമയുമായിരുന്നു. സത്യം ആരുടെ മുഖത്ത് നോക്കിയും പറയാനുള്ള ചങ്കുറപ്പ് ബഹുമാനപ്പെട്ടവർ കാത്തുസൂക്ഷിച്ചിരുന്നു. മാത്രമല്ല ഇസ്ലാമിക ചരിത്രത്തിലെ നിർണ്ണായകമായ ചില യുദ്ധങ്ങളിലെല്ലാം ബഹുമാനപ്പെട്ടവർ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്തിട്ടുണ്ട്. ബഹുമാനപ്പെട്ടവരുടെ ധീരതയും ആർജ്ജവവും പ്രകടമാക്കുന്ന ചില സംഭവങ്ങൾ കൂടി നമുക്കിവിടെ അവലോകനം ചെയ്യാം. ഇസ്ലാമിക ഖിലാഫത്തിന്റെ തനതായ മൂല്യങ്ങൾ തിരോഭവിക്കുകയും രാജവാഴ്ചയുടെ സ്വഭാവമുളള ഭരണകൂടങ്ങൾ രംഗപ്രവേശം ചെയ്യുകയും ഏകാധിപതികളായ ചില ഭരണാധികാരികൾ അല്ലാഹുവിനെ മറന്ന് ജീവിക്കുകയും ചെയ്തുകൊണ്ടിരുന്ന ചരിത്രത്തിലെ നിർണ്ണായകമായ ഒരു ദശാസന്ധിക്ക് സാക്ഷ്യം വഹിച്ചവരാണല്ലോ ഹസൻ ബസ്വരി(റ). ഏത് അധികാര ശക്തിയോടും ദീനിന് നിരക്കാത്ത സ്വഭാവശീലങ്ങൾ പ്രകടമാക്കുന്ന ഏത് ഏകാധിപതിയോടും വിയോജിക്കേണ്ടിടത്ത് വിയോജിക്കാനും ഉപദേശിക്കേണ്ട സാഹചര്യങ്ങളിൽ ഉപദേശിക്കാനും ബഹുമാനപ്പെട്ടവർ സന്നദ്ധരായിരുന്നു. ഈ ഗണത്തിൽ പെട്ട ഒരു സംഭവം അവലോകനം ചെയ്യാം:

കൊട്ടാരത്തിന്റെ കലാ ചാരുതയാർന്ന നിർമ്മാണ വൈദഗ്ദ്യത്തിലും വാസ്തുശിൽപ ഭംഗിയിലും വിസ്മയിച്ച് കൊട്ടാര ഭംഗി ആസ്വദിച്ചുകൊണ്ടിരുന്ന ജനങ്ങളെ കൊട്ടാരത്തിന്റെ അങ്കണത്തിൽ ഒരുമിച്ചുകൂട്ടി ഹസൻ ബസ്വരി(റ) സംസാരമാരംഭിച്ചു. ജനങ്ങളുടെ ഉൾക്കണ്ണ് തുറക്കുന്ന ആ ഭാഷണത്തിനിടയിൽ സ്മര്യപുരുഷൻ പറഞ്ഞു:
“ഏറ്റവും ക്രൂരനും നികൃഷ്ടനുമായൊരാൾ പണികഴിപ്പിച്ച ഈ കെട്ടിടം നിങ്ങൾ കണ്ടു കഴിഞ്ഞു. ഫിർഔൻ ഇതിനേക്കാൾ വലിയ കോട്ടകളും കൊട്ടാരങ്ങളും പണിതൊരുക്കിയിരുന്നു. ആ ഫിർഔനിനെ അല്ലാഹു നശിപ്പിച്ചു. അവൻ പണിതുണ്ടാക്കിയതും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ എറിയപ്പെട്ടു. ആകാശത്തുള്ളവൻ തന്നെ വെറുക്കുന്നുവെന്നും ഭൂമിയിലുള്ളവർ തന്നെ ഭയന്ന് മൗനം പാലിക്കുകയാണെന്നും ഹജ്ജാജ് മനസ്സിലാക്കിയിരുന്നെങ്കിൽ….”
വളരെ ശക്തമായ ഭാഷയിൽ ഉദ്ബോധന ഭാഷണം ഇങ്ങനെ മുന്നേറിക്കൊണ്ടിരിക്കെ ഹസൻ ബസ്വരി(റ) വിനോട് സ്നേഹവും അനുകമ്പയും ഉണ്ടായിരുന്നവരിൽ നിന്ന് ഒരാൾ അടുത്തു വന്ന് ചെവിയിൽ ഇപ്രകാരം പറഞ്ഞു:
“അബൂ സഈദ്…മതി….നിർത്തിക്കളയൂ…”
അതിനുള്ള പ്രത്യുത്തരം ഇപ്രകാരമായിരുന്നു:
“സത്യം ജനങ്ങൾക്ക് വിശദീകരിച്ചുകൊടുക്കുമെന്നും അവ മറച്ചുവെക്കുകയില്ലെന്നും അല്ലാഹുവിനോട് കരാർ ചെയ്തവരാണ് പണ്ഡിതന്മാർ.”

ഹജ്ജാജ്ബ്നു യൂസുഫ് ഇറാഖിലെ സ്വേച്ഛാധിപതിയായി വാഴുന്ന കാലം. ഭരണരംഗത്തെ ഏകാധിപത്യ പ്രവണതകളെയും അക്രമവാഴ്ചയെയും ശക്തമായി ചോദ്യം ചെയ്യാൻ സയ്യിദുനാ ഹസൻ ബസ്വരി(റ) വിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. ബസ്വറയുടെയും കൂഫയുടെയും ഇടയിലുള്ള വാസ്വിത്വ എന്ന നഗരത്തിൽ ഹജ്ജാജുബ്നു യൂസുഫ് തനിക്കൊരു കൊട്ടാരം പണിതു. ഇതിന്റെ പണി പൂർത്തിയായ വേളയിൽ ജനങ്ങൾക്കിത് നടന്നുകാണാനും അവരുടെ പ്രാർത്ഥനാ പിൻബലം നേടാനും ഹജ്ജാജ് അവസരമൊരുക്കി. വാസ്തുസൗന്ദര്യത്തോടെയും കലാചാരുതയോടെയും വലിയ തുക ചിലവഴിച്ച് നിർമ്മിക്കപ്പെട്ട ഗാംഭീര്യതയാർന്ന ഈ കൊട്ടാരം കാണാൻ ജനങ്ങളുടെ കുത്തൊഴുക്കായിരുന്നു. ജനങ്ങളുടെ സന്ദർശന ബാഹുല്യം കണ്ട് ഹസൻ ബസ്വരി(റ) അവരെ ബോധവത്കരിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താമെന്നുറച്ചു. ഭൗതിക സുഖാഢംഭരങ്ങളുടെ നശ്വരതയെ ജനങ്ങൾക്ക് ബോദ്ധ്യപ്പെടുത്തികൊടുക്കാനും പരിത്യാഗത്തിന്റെ മൂല്യങ്ങൾ ജനങ്ങളിലേക്ക് പകരാനും ലക്ഷ്യം വെച്ചാണ് ബഹുമാനപ്പെട്ടവർ അവിടെ എത്തിയത്. കൊട്ടാരത്തിന്റെ കലാ ചാരുതയാർന്ന നിർമ്മാണ വൈദഗ്ദ്യത്തിലും വാസ്തുശിൽപ ഭംഗിയിലും വിസ്മയിച്ച് കൊട്ടാര ഭംഗി ആസ്വദിച്ചുകൊണ്ടിരുന്ന ജനങ്ങളെ കൊട്ടാരത്തിന്റെ അങ്കണത്തിൽ ഒരുമിച്ചുകൂട്ടി ഹസൻ ബസ്വരി(റ) സംസാരമാരംഭിച്ചു. ജനങ്ങളുടെ ഉൾക്കണ്ണ് തുറക്കുന്ന ആ ഭാഷണത്തിനിടയിൽ സ്മര്യപുരുഷൻ പറഞ്ഞു:
“ഏറ്റവും ക്രൂരനും നികൃഷ്ടനുമായൊരാൾ പണികഴിപ്പിച്ച ഈ കെട്ടിടം നിങ്ങൾ കണ്ടു കഴിഞ്ഞു. ഫിർഔൻ ഇതിനേക്കാൾ വലിയ കോട്ടകളും കൊട്ടാരങ്ങളും പണിതൊരുക്കിയിരുന്നു. ആ ഫിർഔനിനെ അല്ലാഹു നശിപ്പിച്ചു. അവൻ പണിതുണ്ടാക്കിയതും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ എറിയപ്പെട്ടു. ആകാശത്തുള്ളവൻ തന്നെ വെറുക്കുന്നുവെന്നും ഭൂമിയിലുള്ളവർ തന്നെ ഭയന്ന് മൗനം പാലിക്കുകയാണെന്നും ഹജ്ജാജ് മനസ്സിലാക്കിയിരുന്നെങ്കിൽ….”
വളരെ ശക്തമായ ഭാഷയിൽ ഉദ്ബോധന ഭാഷണം ഇങ്ങനെ മുന്നേറിക്കൊണ്ടിരിക്കെ ഹസൻ ബസ്വരി(റ) വിനോട് സ്നേഹവും അനുകമ്പയും ഉണ്ടായിരുന്നവരിൽ നിന്ന് ഒരാൾ അടുത്തു വന്ന് ചെവിയിൽ ഇപ്രകാരം പറഞ്ഞു:
“അബൂ സഈദ്…മതി….നിർത്തിക്കളയൂ…”
അതിനുള്ള പ്രത്യുത്തരം ഇപ്രകാരമായിരുന്നു:
“സത്യം ജനങ്ങൾക്ക് വിശദീകരിച്ചുകൊടുക്കുമെന്നും അവ മറച്ചുവെക്കുകയില്ലെന്നും അല്ലാഹുവിനോട് കരാർ ചെയ്തവരാണ് പണ്ഡിതന്മാർ.”
എന്തായാലും അടുത്ത ദിവസം ജനങ്ങൾ ഭയപ്പെട്ടതു തന്നെ സംഭവിച്ചു. അത്യധികമായ കോപത്തോടെയാണ് സദസ്സിലേക്ക് ഹജ്ജാജ് കടന്നുവന്നത്. ആരെയും ഭയപ്പെടുത്തുന്ന മുഖഭാവം. ജനങ്ങളെല്ലാം നിശ്ശബ്ദതയോടെ അയാളെ ഉറ്റുനോക്കി. ആ സമയം ജനങ്ങളെ സംബോധന ചെയ്ത് ഹജ്ജാജ് പറഞ്ഞു:
“നിങ്ങൾക്ക് നാശം…..ബസ്വറയിലെ ഒരു അടിമ ഈ കൊട്ടാരത്തിന്റെ തിരുമുറ്റത്ത് വന്ന് നിന്ന് തോന്നിയത് പറയുക. അതിന് നിങ്ങളിൽ ഒരാൾ പോലും മറുപടി പറയാതിരിക്കുക. അല്ലെങ്കിൽ അവ നിഷേധിക്കുകയെങ്കിലും ചെയ്യാതിരിക്കുക. നിങ്ങൾക്കെന്തു പറ്റി? അല്ലാഹുവാണേ സത്യം ഭീരുക്കളേ. അവന്റെ രക്തം നിങ്ങളെ ഞാൻ കുടിപ്പിക്കും.”
തുടർന്ന് തന്റെ ഭടനോട് കത്തിയും തലവെട്ടിയാൽ ഇടാനുള്ള വിരിപ്പും കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ആരാച്ചാർ ഹജ്ജാജിന്റെ മുമ്പിൽ ഹാജറാക്കപ്പെട്ടു. സുരക്ഷാസേനയുടെ ഉദ്യോഗസ്ഥനെ വിളിച്ച് ഉടനെ തന്നെ ഹസൻ ബസ്വരി(റ) വിനെ ഹാജറാക്കാൻ ആജ്ഞാപിച്ചു. അധികം വൈകാതെ ആജ്ഞകൾ നടപ്പാക്കപ്പെട്ടു. ബഹുമാനപ്പെട്ട ഹസൻ ബസ്വരി(റ) ഹാജറാക്കപ്പെട്ടു. എല്ലാ കണ്ണുകളും ഭയാശങ്കകളോടെ അദ്ദേഹത്തിൽ പതിച്ചു. ജനങ്ങൾ അശുഭകരമായത് സംഭവിക്കരുതേ എന്ന പ്രാർത്ഥനകളോടെ അതിന് സാക്ഷ്യം വഹിച്ചു. വാളും വിരിപ്പും ആരാച്ചാരെയും കണ്ടപ്പോൾ ഹസൻ ബസ്വരി(റ) അല്ലാഹുവിലേക്ക് ഉന്മുഖമാവുകയും തന്റെ ചുണ്ടുകൾ ചലിപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു. ശേഷം ഹജ്ജാജിന്റെ നേരെ തിരിഞ്ഞു. ഒരു മുഅ്മിനിന്റെ ഗാംഭീര്യത്തോടെ ഒരു മുസ്ലിമാണെന്ന അഭിമാനത്തോടെ സർവ്വോപരി ഒരു ദീനീ സമുദ്ധാരകന്റെ ആർജ്ജവത്തോടെ അല്ലാഹുവിലും അവന്റെ റസൂൽ(സ്വ) തങ്ങളിലും ഫനാ ആയ അവസ്ഥയിലായി ഹജ്ജാജിലേക്കൊന്ന് തറപ്പിച്ചു നോക്കി. ആ നോട്ടത്തിൽ ഭയന്ന് വിറച്ച ഹജ്ജാജ് പറഞ്ഞു:
“അബൂ സഈദ്….ഇങ്ങോട്ടുവരൂ….ഇവിടെ ഇരിക്കൂ…”
തന്റെ ഇരിപ്പിടത്തിൽ സൗകര്യമൊരുക്കി അവിടേക്കാണ് ഹജ്ജാജ് ബഹുമാനപ്പെട്ടവരെ ക്ഷണിക്കുന്നത്. ജനങ്ങളെയും ഹജ്ജാജിന്റെ പരിവാരങ്ങളെയും സംബന്ധിച്ച് അത്യന്തം വിസ്മയപൂർണ്ണവും അവിശ്വാസനീയവുമായിരുന്നു ആ രംഗങ്ങൾ. സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാത്തതുപോലെ അവർ നിന്നു. ഹജ്ജാജ് ഹസൻ ബസ്വരി(റ) വിന്റെ കൈപിടിച്ച് തന്റെ സിംഹാസനത്തിലേക്ക് ആനയിക്കുകയും അവിടെ ഉപചാരപൂർവ്വം അദ്ദേഹത്തെ ഇരുത്തുകയും ചെയ്തു. കുശലാന്വേഷണങ്ങൾക്കുശേഷം ഹജ്ജാജ് ദീനിയായ ചില മസ്അലകൾ അദ്ദേഹത്തോട് ചോദിക്കുകയും ബഹുമാനപ്പെട്ടവർ അവക്കെല്ലാം പണ്ഡിതോചിതമായ മറുപടി നൽകുകയും ചെയ്തു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഹജ്ജാജ് പറഞ്ഞു:
“അബൂ സഈദ്….താങ്കൾ പണ്ഡിതന്മാരുടെ നേതാവാണ്. ഈ രാജ്യത്തിന്റെ അഭിമാനവും.”
ഇത്തരം പ്രകീർത്തനങ്ങൾക്കെല്ലാം ശേഷം ഹജ്ജാജ് ഹസൻ ബസ്വരി(റ) വിന്റെ വസ്ത്രത്തിലും താടിയിലും ഉയർന്ന സുഗന്ധമുള്ള അത്തർ പുരട്ടികൊടുക്കുകയുണ്ടായി. ശേഷം സ്നേഹാദരവുകളോടെ അദ്ദേഹത്തെ യാത്രയാക്കുകയും ചെയ്തു. കൊട്ടാര കവാടത്തിലെത്തിയപ്പോൾ സുരക്ഷാസേനക്കാരൻ ഇപ്രകാരം പറഞ്ഞു:
“”അബൂ സഈദ്……യഥാർത്ഥത്തിൽ ഹജ്ജാജ് താങ്കളെ വിളിപ്പിച്ചത് ഇതിനൊന്നുമല്ല. വാളും ആരാച്ചാരും ദൃഷ്ടിയിൽ പെട്ടപ്പോൾ താങ്കൾ ചുണ്ടനക്കുന്നത് ഞാൻ കണ്ടിരുന്നു. എന്താണങ്ങ് പറഞ്ഞിരുന്നത്….”
അപ്പോൾ ബഹുമാനപ്പെട്ടവർ പ്രത്യുത്തരം ചെയ്തു:
“ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയായിരുന്നു. വിപദ്ഘട്ടത്തിൽ എനിക്ക് എല്ലാവിധ അനുഗ്രഹങ്ങളും കനിഞ്ഞേകിയവനേ. ഹജ്ജാജിന്റെ പ്രതികാരാഗ്നി എനിക്ക് തണുപ്പും രക്ഷയുമായി മാറ്റേണമേ. ഇബ്റാഹിം(അ) മിന് നീ അഗ്നിയെ തണുപ്പും സമാധാനവുമാക്കി മാറ്റിയതുപോലെ…”
അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും അവനിൽ നിന്നുള്ള നുസ്റത്തും സഹായവും അവനെ ഭരമേൽപിച്ചവന് ലഭിക്കുമെന്ന ഉറച്ച ബോദ്ധ്യവുമാണ് ബഹുമാനപ്പെട്ടവരുടെ രക്ഷക്കെത്തിയത്. ദീൻ പ്രബോധനം ചെയ്യുന്ന കാര്യത്തിൽ ജീവിതത്തിലുടനീളം വിട്ടുവീഴ്ചയില്ലാത്ത ഈ ധീരത ബഹുമാനപ്പെട്ടവർ പ്രകടമാക്കുകയുണ്ടായി. ഈ ഗണത്തിൽ പെട്ട മറ്റൊരു സംഭവം കൂടി ഉദ്ധരിക്കുന്നത് സംഗതമാകും എന്ന് തോന്നുന്നു.

അല്ലാഹുവിന്റെ കാര്യത്തിൽ ഒരു ഏകാധിപതിയെയും ഭയക്കേണ്ടതില്ല:

ഇസ്ലാമിക സാമ്രാജ്യത്തെ നയിച്ചിരുന്ന ഖലീഫമാരോട് മാത്രമല്ല ഗവർണർമാരോടും വളരെ ശക്തമായ നിലപാട് സ്വീകരിച്ചവരായിരുന്നു ഹസൻ ബസ്വരി(റ). താരതമ്യേന സത്യസന്ധതയോടെ ഭരിച്ച ഉമറുബ്നു അബ്ദുൽ അസീസ്(റ) വിന് ശേഷം യസീദ് ബിൻ അബ്ദുൽ മലിക്ക് ഖലീഫയായി ചുമതലയേറ്റു. ഇറാക്കിന്റെ ഭരണ ഉത്തരവാദിത്തം ഉമർ ബിൻ ഹുബൈറ അൽ ഫസാരിക്കായിരുന്നു. പിന്നീട് ഖുറാസാനും അദ്ദേഹത്തിന്റെ അധികാര പരിധിയിൽ ഉൾപ്പെടുകയുണ്ടായി. ഇസ്ലാമിക സാമ്രാജ്യത്തിന്റെ അധിപതിയായി സ്ഥാനമേറ്റ യസീദ് ആകട്ടെ സച്ചരിതരായ മുൻഗാമികളുടെ ചര്യകളിൽ നിന്ന് വ്യത്യസ്തമായി തികച്ചും ഏകാധിപത്യപ്രവണതകളാണ് പ്രകടിപ്പിച്ചത്. നീതിപൂർവ്വകമല്ലാത്ത തന്റെ ഭരണരീതികൾ നടപ്പാക്കാൻ സമ്മർദ്ദം ചെലുത്തുന്നതിന് മേഖലാ ഭരണാധികാരികൾക്ക് യസീദ് കത്തുകളയച്ചുകൊണ്ടിരുന്നു. സത്യത്തിനും നീതിക്കും നിരക്കാത്ത യസീദിന്റെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ നാം മുകളിൽ പരാമർശിച്ച ഇറാഖ് ഗവർണർക്ക് വൈമുഖ്യമുണ്ടായി. എങ്കിലും നിർബന്ധിതാവസ്ഥയിൽ ഇത്തരം സാഹചര്യങ്ങളിൽ താൻ എന്തു ചെയ്യണമെന്നതിനെ സംബന്ധിച്ച ദീനീ നിലപാട് അറിയുന്നതിനുവേണ്ടി സയ്യിദുനാ ഹസൻ ബസ്വരി(റ) വിനെയും ശഅ്ബീ എന്ന പേരിൽ പ്രസിദ്ധനായ വിഖ്യാത പണ്ഡിതൻ ആമിർ ഇബ്നു ശുർഹബീലിനെയും ക്ഷണിച്ചുവരുത്തി. ദീനീരംഗത്ത് പ്രമുഖ സ്ഥാനം വഹിക്കുന്ന പ്രമുഖരായ ഈ മഹത്തുക്കളെ സംബോധന ചെയ്ത് ഗവർണർ ഇപ്രകാരം ചോദിച്ചു:
“നിങ്ങൾക്കറിയാവുന്നതുപോലെ യസീദ് ബിൻ അബ്ദുൽ മലിക്ക് ജനങ്ങളുടെ ഖലീഫയാണ്. അദ്ദേഹത്തെ അനുസരിക്കൽ ജനങ്ങൾക്ക് നിർബന്ധവുമാണ്. എന്നെ ഇറാഖിലെയും തുടർന്ന് പേർഷ്യയിലെയും ഭരണാധികാരിയായി നിയമിച്ചു. നീതിക്ക് നിരക്കാത്ത മന:സാക്ഷിക്ക് യോജിക്കാത്ത നിർദ്ദേശങ്ങൾ അദ്ദേഹം പലപ്പോഴും എഴുതി അറിയിക്കുന്നു. ഖലീഫയുടെ ഇത്തരത്തിലുള്ള ഉത്തരവുകൾ അനുസരിക്കാതിരിക്കുന്നത് ദീനീവിരുദ്ധമായി തീരുമോ…? ഈ സന്നിഗ്ധ ഘട്ടത്തിൽ ഞാനെന്താണ് ചെയ്യേണ്ടത്…?”
ഇതിന് ആദ്യം പ്രത്യുത്തരം ചെയ്തത് ശഅ്ബിയായിരുന്നു. അദ്ദേഹം ഖലീഫയെ അനുസരിക്കുകയാണ് വേണ്ടത് എന്ന നിലക്കാണ് സംസാരിച്ചത്. ആ സമയം ഹസൻ ബസ്വരി(റ) നിശബ്ദനായിരുന്നു. ആദ്യപണ്ഡിതന്റെ പ്രതികരണം പൂർത്തിയായപ്പോൾ ബഹുമാന്യനായ ഹസൻ ബസ്വരി(റ) യെ അഭിമുഖീകരിച്ച് ഗവർണർ ചോദിച്ചു:
“അബൂ സഈദ്…താങ്കൾ എന്തുപറയുന്നു?”
അതിന് മറുപടിയായി ഹസൻ ബസ്വരി (റ) ഇപ്രകാരം പറഞ്ഞു തുടങ്ങി:
“ഇബ്നു ഹുബൈറാ…..യസീദിന്റെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക. അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങൾ യസീദിനെ ഭയക്കേണ്ടതില്ല. യസീദിന്റെ ദ്രോഹത്തിൽ നിന്നും അല്ലാഹു നിങ്ങളെ കാത്തുകൊള്ളും. അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് താങ്കളെ രക്ഷിക്കാൻ യസീദിനാവുകയില്ല….”
ചെറിയൊരു മൗനത്തിന് ശേഷം ഹസൻ ബസ്വരി(റ)തുടർന്നു:
“ഇബ്നു ഹുബൈർ….അല്ലാഹുവിന്റെ കൽപനകളെ ധിക്കരിക്കാത്ത ആ മലക്കിനെ നിങ്ങൾ ഓർത്തുകൊള്ളുക. നിങ്ങളുടെ ഇരിപ്പിടത്തിൽ നിന്ന് നിങ്ങളെ നീക്കം ചെയ്ത് കൊട്ടാരത്തിന്റെ വിശാലതയിൽ നിന്ന് നിങ്ങളെ പൊക്കിയെടുത്ത് ഖബറിന്റെ കുടുസ്സിലേക്ക് നിങ്ങളെ തള്ളാൻ അവൻ ശക്തനാണ്. അവിടെ നിങ്ങൾ യസീദിനെ കാണില്ല. യസീദിന്റെ നാഥനെ ധിക്കരിച്ച് നിങ്ങൾ ചെയ്ത കർമ്മങ്ങളാണ് അവിടെ കാണുക. ഇബ്നു ഹുബൈറാ… നിങ്ങൾ അല്ലാഹുവിനോടുകൂടെ അവനെ അനുസരിച്ച് ജീവിച്ചാൽ ഈ ലോകത്തും പരലോകത്തും യസീദിന്റെ ദ്രോഹത്തിൽ നിന്നും അല്ലാഹു നിങ്ങളെ സംരക്ഷിക്കും. അല്ലാഹുവിനെ ധിക്കരിച്ച് യസീദിനോടൊപ്പമാണ് നിങ്ങൾ നിൽക്കുന്നതെങ്കിൽ നിങ്ങളെ രക്ഷിക്കാൻ അല്ലാഹു ഉണ്ടാവുകയില്ല. ഇബ്നു ഹുബൈറാ… സ്രഷ്ടാവിനെ ധിക്കരിച്ച് ഒരു സൃഷ്ടിയെയും അനുസരിക്കേണ്ടതില്ല.”
ഉപദേശങ്ങൾ ശ്രവിച്ച ഇബ്നു ഹുബൈറയുടെ രണ്ടുകണ്ണുകളും സജലങ്ങളായി. കവിളിലൂടെ ആ കണ്ണീർ തുള്ളികൾ ഒലിച്ചിറങ്ങി. തനിക്ക് യഥാർത്ഥ ദീനീ നിലപാട് പഠിപ്പിച്ചു തന്ന ഹസൻ ബസ്വരി(റ) വിനോട് പ്രത്യേകമായ സ്നേഹം അദ്ദേഹത്തിനുണ്ടായി. എന്നാൽ ശഅ്ബിയോട് അവഗണനയാണ് തോന്നിയത്. അങ്ങനെ അദ്ദേഹം ഹസൻ ബസ്വരി(റ) വിനെ വളരെ സ്നേഹാദരവുകളോടെ ആദരിക്കുകയും പരിഗണിക്കുകയും ചെയ്തു. ശേഷം കൊട്ടാരത്തിൽ നിന്ന് പുറത്തിറങ്ങി പള്ളിയിലേക്ക് നീങ്ങിയ പ്രമുഖരായ ആ പണ്ഡിതന്മാരെ ജനങ്ങൾ അഭിമുഖീകരിക്കുകയും ഗവർണറുമായി സംസാരിച്ചതിന്റെ വിശദാംശങ്ങൾ അന്വേഷിക്കുകയും ചെയ്തു. ജനങ്ങളോട് ശഅ്ബിയാണ് കാര്യങ്ങൾ വിശദീകരിക്കാനാരംഭിച്ചത്. അദ്ദേഹം ഇപ്രകാരം പറഞ്ഞു:
“ജനങ്ങളേ. സൃഷ്ടികളേക്കാൾ എല്ലാ നിലയിലും നിങ്ങൾ സ്രഷ്ടാവിനാണ് മുൻഗണന നൽകേണ്ടത്. ഹസൻ ഗവർണർ ഇബ്നു ഹുബൈറയോട് പറഞ്ഞ കാര്യങ്ങളെല്ലാം എനിക്ക് അറിയാത്തതല്ല. എന്നാൽ ഗവർണറുടെ സംതൃപ്തി പരിഗണിച്ചാണ് ഞാൻ സംസാരിച്ചത്. ഹസനാകട്ടെ അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ചാണ് സംസാരിച്ചത്. തദ്ഫലമായി ഇബ്നു ഹുബൈറയുടെ മനസ്സിൽ ഹസന്റെ മഹത്വം ഒന്നുകൂടി വർദ്ധിച്ചു. എന്നെക്കുറിച്ച് മോശമായ അഭിപ്രായമാണ് ഗവർണർക്കുണ്ടായത്.”
ഒരേ സമയം ഗവർണറെയും ഭൗതികതാത്പര്യങ്ങൾ പരിഗണിച്ച് ഫത് വ നൽകിയ പണ്ഡിതനെയും ജനങ്ങളെയും തിരുത്താൻ പര്യാപ്തമായിരുന്നു ഹസൻ ബസ്വരി(റ) വിന്റെ നിലപാട് എന്നാണല്ലോ ഇതിന്നർത്ഥം.

നീതിമാനായ ഭരണാധികാരിയോടുള്ള ഉപദേശം:

ഇസ്ലാമിക ഖിലാഫത്തിന്റെ ചരിത്രത്തിൽ നീതിമാനായ ഭരണാധികാരി എന്ന നിലക്ക് പരിഗണിക്കപ്പെടുന്ന പ്രമുഖനായ ഖലീഫ ഉമറുബ്നു അബ്ദുൽ അസീസ് (റ) ഒരിക്കൽ ഹസൻ ബസ്വരി(റ) വിന് ഇപ്രകാരമൊരു കത്തെഴുതി:
“സാരസമ്പൂർണ്ണമായതും എനിക്ക് വഴികാട്ടുന്നതും എപ്പോഴും ഓർക്കാൻ ഉതകുന്നതുമായ ചെറിയ ഉപദേശം നൽകിയാലും.”
കത്ത് ലഭിച്ചപ്പോൾ ഹസൻ ബസ്വരി(റ) ആ കത്തിന്റെ പുറകിലായി ഇങ്ങനെ കുറിച്ചുവെച്ചു:
“”ഓ…അമീറുൽ മുഅ്മിനീൻ….അല്ലാഹു താങ്കളുടെ കൂടെയുള്ളപ്പോൾ മറ്റാരെയാണ് നിങ്ങൾ ഭയപ്പെടുന്നത്. ഇനി അല്ലാഹു നിങ്ങളുടെ കൂടെയല്ലെങ്കിൽ മറ്റെന്തിനെയാണ് നിങ്ങൾ കൊതിക്കുന്നതും കാംക്ഷിക്കുന്നതും.”
ഈമാനിലെ ഏറ്റവും ഉയർന്ന അവസ്ഥകളിലൊന്നിനെ സംബന്ധിച്ചാണ് ഇവിടെ ഖലീഫയെ ഓർമ്മപ്പെടുത്തുന്നത്. അല്ലാഹുവിന്റെ സാമീപ്യത്തെ സദാ ഉണർന്നറിയുന്ന ഒരു മുഅ്മിനിന് രഹസ്യജീവിതവും പരസ്യജീവിതവും അല്ലാഹുവിന്റെ തൃപ്തിക്കനുസൃതമായി ക്രമപ്പെടുത്താൻ പിന്നെ വേറെ ഉപദേശങ്ങളുടെയൊന്നും ആവശ്യമില്ലല്ലോ..?

ഈമാനും ഇഹ്സാനും പകർന്ന മൊഴിമുത്തുകൾ

ജനമനസ്സുകളെ അല്ലാഹുവിനോട് ബന്ധമുണ്ടാക്കുന്നതും അവരുടെ കർമ്മങ്ങളെ കൂടുതൽ തെളിമയുറ്റതാക്കുന്നതുമായിരുന്നു ബഹുമാനപ്പെട്ടവരുടെ ഉപദേശങ്ങൾ. ഈ ദുനിയാവിലെ ജീവിതത്തിന്റെ ക്ഷണികതയെ സംബന്ധിച്ച് ജനങ്ങളെ എല്ലാസമയവും ഉണർത്തുമായിരുന്നു. ശാശ്വതമായ ജീവിതത്തിന് വേണ്ടി കരുതലുള്ളവരാവാൻ ജനങ്ങളെ ഉപദേശിക്കുമായിരുന്നു. ഒരിക്കൽ ഐഹിക ലോകത്തെയും ഇവിടത്തെ ജീവിതത്തെയും കുറിച്ച് ചോദിച്ച ഒരു സത്യവിശ്വാസിയോട് ബഹുമാനപ്പെട്ടവർ ഇപ്രകാരം പ്രത്യുത്തരം ചെയ്തു:
“നീ ഇഹലോകത്തെ കുറിച്ചും പരലോകത്തെ കുറിച്ചും എന്നോട് ചോദിക്കുകയുണ്ടായി. കിഴക്കും പടിഞ്ഞാറും പോലെയാണ് ഇവ രണ്ടിന്റെയും ഉദാഹരണം. ഒന്നിനോട് കൂടുതൽ അടുക്കുമ്പോൾ മറ്റേതിനോടുള്ള അകൽച്ചയും വർദ്ധിക്കുന്നു.”
ദുനിയാവിനോടുള്ള സത്യവിശ്വാസികളുടെ പരിത്യാഗമനസ്സിന്റെ അടിത്തറയായ വാചകമാണിത്. ഇതുപോലുള്ള നിരവധി ഉപദേശങ്ങൾ സയ്യിദുനാ ഹസൻ ബസ്വരി(റ) വിന്റേതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ബഹുമാനപ്പെട്ടവർ മറ്റൊരു സന്ദർഭത്തിൽ പറഞ്ഞു:
“മനുഷ്യാ, നീ കേവലം ഏതാനും ദിവസങ്ങളുടെ സമാഹാരമാണ്. ഓരോ ദിവസവും കഴിയുന്തോറും നിന്റെ അൽപഭാഗമാണ് കൊഴിഞ്ഞു പോകുന്നത്.”
ആർഭാടവും ജീവിതാസക്തിയും ഭൗതികമോഹങ്ങളും മനുഷ്യജീവിതത്തെയും അവന്റെ സ്വഭാവഗുണങ്ങളെയും എപ്രകാരമാണ് നശിപ്പിക്കുക എന്ന് സൂചിപ്പിക്കുന്ന മറ്റൊരു മൊഴി മുത്ത് ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നുണ്ട്:
“കഷ്ടം, നമ്മുടെ നഫ്സിനോട് നാമെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? നമ്മുടെ ദീനിനെ നാം ശോഷിപ്പിച്ചു. ദുനിയാവിനെ പരിപോഷിപ്പിച്ചു. സ്വഭാവങ്ങൾ ജീർണ്ണിപ്പിച്ചു. പുതുവസ്ത്രങ്ങൾ മോടിയിൽ ധരിച്ച് സ്വസ്ഥമായി ഇരുന്ന് അന്യന്റെ മുതൽ തിന്ന് വയറ് നിറക്കുന്നു. ആഹാരം കവർന്നെടുത്ത് പുളിയും മധുരവും ചൂടും തണുപ്പും പച്ചയും ഉണങ്ങിയതും മാറി മാറി കഴിച്ച് അനങ്ങാൻ വയ്യാതെ വരുമ്പോൾ ആശ്വാസത്തിന് മരുന്ന് തേടി അലയും. എന്നിട്ട് പറയും:”ആഹാരം ദഹിപ്പിക്കുന്നതിന് ഔഷധം കൊണ്ടുവരൂ…”എന്നാൽ വിഡ്ഢിയായ മനുഷ്യാ. നീ ദഹിപ്പിക്കുന്നത് നിന്റെ ദീനിനെയാണ്. ആവശ്യക്കാരനായ നിന്റെ അയൽ വാസിയെ നീ പരിഗണിച്ചുവോ? വിശക്കുന്ന അനാഥയെ നീ ശ്രദ്ധിച്ചുവോ? നിന്നിലേക്ക് ദയനീയമായി നോക്കിയിരുന്ന പാവപ്പെട്ടവനെ നീ കണ്ടുവോ? എല്ലാം നീ എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു. ഓരോ സൂര്യാസ്തമനത്തോടെയും നിന്റെ ആയുസ്സിന്റെ ദിനങ്ങളിൽ നിന്ന് ഒന്നു കൊഴിഞ്ഞുപോവുകയാണെന്ന് നീ മനസ്സിലാക്കിയില്ല.”
മരണവും പരലോക ജീവിതവും എപ്പോഴുംഓർമ്മപ്പെടുത്തുന്നതായിരുന്നു ബഹുമാനപ്പെട്ടവരുടെ ഉദ്ബോധനങ്ങൾ. ഉദ്ധരിക്കപ്പെട്ട ഒരു മൊഴി നോക്കുക:
“മരണം…., നിശ്ചയം ഈ ഐഹികതയെ അരോചകമാക്കിയിരിക്കുന്നു. കാരണം ഒരു ബുദ്ധിമാനെയും സന്തോഷിക്കാൻ മരണം അനുവദിക്കുകയില്ല.”
മറ്റൊരു സന്ദർഭത്തിൽ ബഹുമാനപ്പെട്ടവർ മൊഴിഞ്ഞു:
“സത്യവിശ്വാസിയുടെ ചിരി ഹൃദയത്തിന്റെ അശ്രദ്ധയാണ്.”
എപ്പോഴും അല്ലാഹുവിന്റെ ദിക്റുള്ള ഹൃദയമാണ് ഓരോ സത്യവിശ്വാസിയിലും ബഹുമാനപ്പെട്ടവർ കാംക്ഷിച്ചത്. എല്ലാ ഇബാദത്തുകളിലും ഈ ഹൃദയ സാന്നിദ്ധ്യം പ്രധാനമാണെന്ന് അവിടുന്ന് ഉപദേശിച്ചു. “ഹൃദയസാന്നിദ്ധ്യമില്ലാത്ത നിസ്കാരത്തിന് ശിക്ഷയാണ് കൂടുതൽ അഭികാമ്യം” എന്ന് ബഹുമാനപ്പെട്ടവർ മൊഴിഞ്ഞിട്ടുണ്ട്. ഹൃദയ സാന്നിദ്ധ്യത്തിന് അദ്ദേഹം നൽകിയ വലിയ പ്രാധാന്യം വ്യക്തമാക്കുന്ന മറ്റൊരു മൊഴി ഇപ്രകാരമുണ്ട്:
“”ഒരു പണ്ഡിതന് ലഭിക്കുന്ന ശിക്ഷയെന്ത് എന്ന ചോദ്യത്തിന് ഹസൻ ബസ്വരി(റ) നൽകിയ മറുപടി ഖൽബിന്റെ മരണമാണ് അത് എന്നാണ്. എന്താണ് ഖൽബിന്റെ മരണം എന്ന ചോദ്യത്തിന് മറുപടി ദുനിയാവിനോടുള്ള സ്നേഹമാണത് എന്നായിരുന്നു.”
മറ്റൊരിക്കൽ ബഹുമാനപ്പെട്ടവർ ഉപദേശിച്ചു:
“പ്രത്യക്ഷവും പരോക്ഷവും ഖൽബും സംസാരവും പരസ്പരം വൈരുദ്ധ്യത്തിലാവൽ കാപട്യത്തിൽ പെട്ടതാണ്.”
അല്ലാഹുവിന്റെ ആശിഖും അവന്റെ സാമീപ്യത്തെ സദാസമയവും ഉണർന്നറിഞ്ഞവരും അവനോടുള്ള ഖശിയ്യത്തിനാൽ എപ്പോഴും ആർദ്രമായവരും സൃഷ്ടികളുമായി ഖൽബിന്റെ ബന്ധം മുറിച്ചവരും സർവ്വോപരി സ്രഷ്ടാവുമായി ഖൽബിന്റെ ബന്ധം ചേർത്തവരുമായിരുന്നു ബഹുമാനപ്പെട്ടവർ. തന്റെ സംബോധിതരിലേക്ക് ദുനിയാവിന്റെ ക്ഷണികതയും അതിന്റെ യാഥാർത്ഥ്യവും തിരിച്ചറിയിക്കാനും ഇശ്ഖിന്റെയും ഈമാനിന്റെയും ഇഹ്സാനിന്റെയും ആന്തരിക വെളിച്ചം പകരാനുമാണ് ബഹുമാനപ്പെട്ടവർ ശ്രമിച്ചുകൊണ്ടിരുന്നത്. മാത്രമല്ല അല്ലാഹുവിൽ നിന്നുള്ള ഈ വെളിച്ചം സ്വീകരിച്ച് നഫ്സിനെ കടിഞ്ഞാണിടാൻ ബഹുമാനപ്പെട്ടവർ ഉദ്ബോധിപ്പിക്കുന്നു. താഴെ മൊഴി അതിന്റെ സ്പഷ്ടമായ സാക്ഷ്യമാണ്:
“ഏതൊരുവൻ അല്ലാഹുവിനെ അറിഞ്ഞോ, അവൻ അല്ലാഹുവിനെ മുഹബ്ബത്ത് വെക്കും. ദുനിയാവിനെ അറിഞ്ഞവൻ തന്റെ ശത്രുവായി ദുനിയാവിനെ കാണും. എന്നാൽ നിന്റെ നഫ്സുണ്ടല്ലോ, ഏറ്റവും ശക്തവും കടിഞ്ഞാണിടാൻ ഏറ്റവും അർഹതപ്പെട്ടതുമായ മൃഗമാണത്.”
ഉപദേശിക്കുന്ന കാര്യങ്ങളെല്ലാം സ്വയത്തിൽ പ്രവർത്തിച്ചു കാണിച്ചവരായിരുന്നു ബഹുമാനപ്പെട്ടവർ. അതുകൊണ്ട് തന്നെ ഉപദേശിക്കുന്നവർക്കും ഓരോ സത്യവിശ്വാസിക്കും അടിസ്ഥാനപരമായി ഉണ്ടാകേണ്ട ഒരു മൂല്യം ബഹുമാനപ്പെട്ടവർ എടുത്തുപറയുമായിരുന്നു. അതിപ്രകാരമാണ്:
“നീ എന്തെങ്കിലും കൽപിക്കുന്നുവെങ്കിൽ നീ ആ കാര്യം ആദ്യം ചെയ്യുന്നവനാവുക.”

സത്യദീനിനെ അതിന്റെ പരിശുദ്ധിയിൽ കൈമാറിയ നേതാവ്:

ചുരുക്കത്തിൽ ദീനുകൊണ്ട് ഓരോ വ്യക്തിയും സിദ്ധിക്കേണ്ട ആന്തരികമായ സംസ്കരണത്തിനുതകുന്ന വിജ്ഞാനങ്ങളാണ് സയ്യിദുനാ ഹസൻ ബസ്വരി(റ) തന്റെ സംബോധിതരിലേക്ക് പകർന്നു നൽകിയത്. തിരുനബി(സ്വ) തങ്ങളിൽ നിന്ന് സ്വഹാബത്ത് പകർന്നെടുത്ത ദീനിനെ അതിന്റെ സത്യശുദ്ധതയിൽ സ്വീകരിച്ച് തന്റെ കാലത്ത് വിശ്വാസ കർമ്മ രംഗത്ത് ആവിർഭവിച്ചുകൊണ്ടിരുന്ന കാലുഷ്യങ്ങളെയെല്ലാം നീക്കി താബിഉകളുടെ അടുത്ത തലമുറയിലേക്ക് സത്യസന്ധമായി കൈമാറ്റം ചെയ്ത താബിഉകളുടെ നേതാവായിരുന്നു ബഹുമാനപ്പെട്ട സയ്യിദുനാ ഹസൻ ബസ്വരി(റ) എന്നത് ഈ വിവരണങ്ങളിലൂടെ വ്യക്തമായി.
പ്രമുഖരായ നിരവധി സ്വഹാബികളെ കണ്ടുമുട്ടുകയും അവരോട് സഹവസിക്കുകയും അവരിൽ നിന്ന് ഹദീസുകൾ നിവേദനം ചെയ്യുകയും അങ്ങനെ ഹദീസ് വിജ്ഞാനത്തിനും മഹത്തായ സേവനങ്ങൾ സമർപ്പിക്കുകയും ചെയ്ത മഹാനാണ് ഹസൻ ബസ്വരി(റ). താബിഉകളും തബഉത്വാബിഉകളുമായ പല മഹത്തുക്കളും ബഹുമാനപ്പെട്ടവരിൽ നിന്ന് ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട്. അക്കാലത്ത് വികസിച്ചുവന്ന ദീനീ രംഗത്തെ ഒട്ടെല്ലാ വിജ്ഞാന മേഖലകളിലും നല്ല വ്യൂൽപത്തി നേടിയ മഹാനവർകൾ ഇബാദത്തുകളിലും സൂക്ഷ്മതയിലും സുഹ്ദ്, കനാഅത്ത് പോലുള്ള ശ്രേഷ്ഠഗുണങ്ങളിലും തന്റെ കാലക്കാരിൽ നേതൃനിരയിലായിരുന്നു. അതുകൊണ്ടാണ് പല മഹത്തുക്കളും ബഹുമാനപ്പെട്ടവരെ തങ്ങളുടെ ഗുരുവര്യനായി തിരഞ്ഞെടുത്തതും ബഹുമാനപ്പെട്ടവരിൽ നിന്നും ഇൽമും ഇർശാദാത്തുകളും പകർന്നെടുത്ത് സംസ്കരണം സിദ്ധിച്ചതും. ഇവരിൽ പ്രമുഖരായ ശിഷ്യന്മാരാണ് ബഹുമാനപ്പെട്ട ശൈഖുനാ ഹബീബ് അജമി(റ) വും ശൈഖുനാ അബ്ദുൽ വാഹിദ് ഇബ്നു സൈദ്(റ)വും. ഇസ്ലാമിക ചരിത്രത്തിൽ മഹോന്നതമായ സ്ഥാനങ്ങളുള്ള ഹസൻ ബസ്വരി(റ) വിന്റെ പ്രമുഖരായ ഈ ശിഷ്യഗണങ്ങൾ വഴിയാണ് ആത്മസംസ്കരണത്തിന്റെ സത്യശുദ്ധമായ വൈജ്ഞാനിക കൈമാറ്റം പിൽക്കാലക്കാരിലേക്ക് പകർന്നത് എന്ന് കാണാൻ കഴിയും. ഇന്ന് നാം കാണുന്ന ഖാദിരി, ചിശ്തി പോലുള്ള പ്രമുഖമായ ആത്മസംസ്കരണ മാർഗങ്ങളും അവയുടെ കൈവഴികളായ പ്രമുഖമായ മറ്റ് ത്വരീഖത്ത് ധാരകളും മഹാന്മാരായ ഇൗ ശിഷ്യഗണങ്ങളിലൂടെയാണ് ഹസൻ ബസ്വരി(റ) വിലും അലിയ്യുബ്നു അബീത്വാലിബ്(റ) വിലും സയ്യിദുനാ മുത്തുമുഹമ്മദ് മുസ്ത്ഫാ(സ്വ) തങ്ങളിലും എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy