ഇശ്‌റാഖി തത്വചിന്തയും അടിസ്ഥാന സിദ്ധാന്തങ്ങളും

ഇശ്റാഖി തത്വചിന്ത:
സുഹ്റ വർദി(ഖത്വീൽ) യുടെ വേറിട്ട വഴികൾ: 5.
സയ്യിദ് ഹുസൈൻ നസ്റ്.
മൊഴിമാറ്റം: നിഹാൽ പന്തല്ലൂർ.

മുസ് ലിം തത്വചിന്താ ചരിത്രത്തിൽ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് സവിശേഷമായ സിദ്ധാന്തങ്ങളാവിഷ്കരിച്ച സുഹ്റവർദിയുടെ ഇശ്റാഖി ചിന്തയെ സംബന്ധിച്ച പഠന പരമ്പര തുടരുന്നു. മനുഷ്യകുലത്തിന്റെ വിജ്ഞാന ചരിത്രത്തിൽ തന്നെ അമൂല്യമായ സംഭാവനകളർപ്പിച്ച മുസ് ലിം തത്വചിന്താപാരമ്പര്യത്തെ നിരപേക്ഷമായ അർത്ഥത്തിൽ സാമാന്യമായി പരിചയപ്പെടുത്തുന്നതാണ് ഈ പരമ്പര.

ശ്‌റാഖീധാരയുടെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കാൻ ‘ഹിക്മതുൽ ഇശ്‌റാഖ്’ എന്ന ഗ്രന്ഥത്തെക്കാൾ മികച്ച മറ്റൊരു സ്രോതസ്സില്ല. അതിന്റെ ഉള്ളടക്കമാണ് ഇവിടെ ചുരുക്കി അവലോകനം ചെയ്യാൻ ശ്രമിക്കുന്നത്. മികവുറ്റ സാഹിതീയ കൃതികളിലൊന്നായ പ്രസ്തുത പുസ്തകം, സുഹ്‌റവര്ദി പറയുന്നത് പ്രകാരം ഹി. 532 / സി.ഇ 1186 ൽ സമീകരണ ചിഹ്നത്തിൽ ഏഴ് ഗ്രഹങ്ങൾ സംഗമിക്കുന്ന ഘട്ടത്തിൽ, പരിശുദ്ധാത്മാവി(റൂഹുൽ ഖുദ്‌സ്) ന്റെ വെളിപാടുണ്ടായതിന് ശേഷം കുറഞ്ഞ മാസങ്ങൾ കൊണ്ടാണ് അദ്ദേഹം രചിച്ചത്. ധൃതിപ്പെട്ട് എഴുതിയ ഗ്രന്ഥമാണെന്ന് അതിന്റെ ശൈലിയിൽ നിന്ന് വ്യക്തമാണ്. മാത്രമല്ല, രചയിതാവിന്റെ സാഹിത്യ പ്രതിഭയും അറബിയിലെയും ഫാരിസിയിലെയും കൃതികളിൽ ദൃശ്യമാകുന്ന വ്യക്തതയും ആഖ്യാന ചാരുതയുമെല്ലാം അതിൽ ദൃശ്യമാണ്.
ഇബ്‌നു സീനയുടെ ‘നജാത്’, ‘ശിഫാ’ എന്നിങ്ങനെയുള്ള ഭൂരിഭാഗം അറബിക് തത്വചിന്താ കൃതികളിലും സുഹ്‌റവർദിയുടെതന്നെ ധർമ്മോപദേശപരമായ ഇതര കൃതികളിലെല്ലാം കാണാവുന്നത് പോലെ തർക്ക ശാസ്ത്രം, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, അതിഭൗതികശാസ്ത്രം എന്നിവയിലേക്കുള്ള സാധാരണ ജ്ഞാന വിഭജനം ‘ഹിക്മതുൽ ഇശ്‌റാഖ്’ പിന്തുടരുന്നില്ല. മാത്രമല്ല, ചില ഘട്ടങ്ങളിൽ ഗണിതശാസ്ത്രത്തെ വിട്ടുകളയുന്നുമുണ്ട്. ഇശ്‌റാഖീധാരയുടെ വിശിഷ്ടമായ ഈ ഗ്രന്ഥം ഒരു ആമുഖവും രണ്ട് ഭാഗങ്ങളും ഉള്ളടങ്ങിയതാണ്. തർക്കശാസ്ത്രത്തിൽ നിന്നാരംഭിക്കുകയും ആത്മീയ സമാഗമം, പരമാനന്ദം എന്നിവയെ കുറിച്ചുള്ള പരാമർശത്തോടെ അതവസാനിക്കുകയും ചെയ്യുന്നു.

പെരിപ്പാറ്റെറ്റിക് തത്വചിന്തയുടെ വിമർശനം
രചനാ പശ്ചാത്തലം, രചനാ ശൈലി ലക്ഷ്യം എന്നിവയെല്ലാമാണ് ഹിക്മതുൽ ഇശ്‌റാഖിന്റെ ആമുഖത്തിൽ സുഹ്‌റവർദി പറയുന്നത്. ഗ്രന്ഥത്തിന്റെ പൊതുവായ ഉള്ളടക്കം പറഞ്ഞതിന് ശേഷം അരിസ്റ്റോട്ടിലും പോർഫിയറിയും രൂപപ്പെടുത്തിയ തർക്കശാസ്ത്രത്തോടുള്ള വിയോജിപ്പ് നിലനിർത്തിക്കൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട ചർച്ചക്കായി ആദ്യഭാഗം അദ്ദേഹം നീക്കി വെക്കുന്നു. തർക്കശാസ്ത്രം ഉൾപ്പെടെയുള്ള അരിസ്റ്റോട്ടിലിയൻ തത്വചിന്തയുടെ ചില വശങ്ങൾ ആദ്യ ഭാഗത്ത് അദ്ദേഹം ചർച്ച ചെയ്യുന്നുണ്ട്. ഇവിടെ അരിസ്റ്റോട്ടിലിന്റെ നിർവചനത്തെ അദ്ദേഹം വിമർശദന വിധേയമാക്കുന്നു. കേവലം ആവർത്തനം മാത്രമായി അതിനെ കാണുകയും അരിസ്റ്റോട്ടിലിന്റെ ഒമ്പത് തത്വങ്ങളെ ബന്ധം, ഗുണമേന്മ, പരിമാണം, ചലനം എന്നിങ്ങനെ നാലെണ്ണമായി ചുരുക്കുകയും ചെയ്യുന്നു.
ഇശ്‌റാഖി സിദ്ധാന്തത്തിന്റെ രൂപീകരണത്തിനായി അരിസ്റ്റോട്ടിലിന്റെയും മുസ്‌ലിം പെരിപ്പാറ്റെറ്റിക്ക് തത്വചിന്തകന്മാരുടെയും തത്വചിന്തയുടെ ചില അടിസ്ഥാന തത്വങ്ങളെ അദ്ദേഹം വിമർശിക്കുന്നുണ്ട്. ഉദാഹരണത്തിന്, നിലനിൽക്കുന്ന എല്ലാ വസ്തുക്കളിലും അസ്തിത്വം പ്രാഥമിക കാര്യവും ഉണ്മ അതിൽ ആശ്രയിക്കുന്നതുമാകുന്നു എന്ന ഇബ്‌നു സീനയുടെയും മറ്റു അരിസ്റ്റോട്ടിലിയൻ തത്വചിന്തകന്മാരുടെയും കാഴ്ച്ചപ്പാട് അദ്ദേഹം അംഗീകരിക്കുന്നില്ല. ഒരു വസ്തുവിന്റെ ഉണ്മയാണ് അതിന്റെ പ്രാഥമിക യാഥാർത്ഥ്യമെന്നും പ്രാഥമിക കാര്യവുമെന്നും ഉണ്മയുടെ കീഴെയാണ് അസ്തിത്വം നിലകൊള്ളുന്നതെന്നും സുഹ്‌റവർദിയുടെ വചനങ്ങളുടെ പൊതുവായ വായനയിൽ നിന്നും മനസ്സിലാക്കിയെടുക്കാം. ഉണ്മയുടെ പ്രാഥമികത്വം(അസ്വാലതുൽ മാഹിയ) എന്നറിയപ്പെടുന്ന ഈ കാഴ്ച്ചപ്പാട് പിൽക്കാലത്ത് മീർ ദാമദ് അംഗീകരിച്ചെങ്കിലും, അസ്തിത്വത്തിന്റെ പ്രാഥമികത്വം(അസ്വാലതുൽ വുജൂദ്) എന്നതിനെ അടിസ്ഥാനമാക്കി ഇശ്‌റാഖി ഫിലോസഫിയെ വ്യാഖ്യാനിക്കുകയും ഉണ്മയുടെ പുതിയൊരു ആധ്യാത്മികതയെ ബദലായി അവതരിപ്പിക്കുകയും ചെയ്ത മുല്ല സദ്‌റ അതിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
പ്രാഗ്രൂപ ലോകത്തെ അവിശ്വസിച്ചതിന്റെ പേരിലും തദനന്തരം ഉണ്മയുടെ ഉന്നത ശ്രേണികളിലെ യാഥാർത്ഥ്യങ്ങളെ നിഷേധിച്ചതിന്റെ പേരിലും തന്റെ ഗുരുവിനെ പോലെ സുഹ്‌റവർദിയും അരിസ്റ്റോട്ടിലിനെ രൂക്ഷമായി വിമശിച്ചു. സമാനമായി, സ്ഥലത്തെ കുറിച്ചുള്ള അരിസ്റ്റോട്ടിലിന്റെ നിർവ്വചനവും സുഹ്‌റവർദി നിരാകരിക്കുകയും സ്ഥലത്തെ സംബന്ധിച്ചുള്ള പ്ലാറ്റോയുടെ ആശയത്തിന് സമാനമായ കാഴ്ച്ചപ്പാട് സ്വീകരിക്കുകയും ചെയ്തു.

പെരിപ്പാറ്റെറ്റിക്ക് നാച്വറൽ തത്വചിന്തയുടെ നട്ടെല്ലും അരിസ്റ്റോട്ടിലിയൻ സിദ്ധാന്ത വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നുമായ ഹൈലോമോർഫിസത്തെ (പദാർത്ഥവും രൂപവും കൂടിച്ചേർന്നാണ് ഭൗതിത വസ്തുക്കൾ രൂപപ്പെടുന്നത് എന്ന സിദ്ധാന്തം) നിരാകരിക്കുന്നതിലൂടെ പ്രസ്തുത വ്യവസ്ഥയെ സുഹ്‌റവർദി രൂപാന്തരപ്പെടുത്തിയെടുത്തു. സുഹ്‌റവർദി ഉൾപ്പെടുന്ന ഇശ്‌റാഖി ആശയധാരയെ സംബന്ധിച്ചിടത്തോളം, പ്രകാശത്തിന്റെയും അന്ധകാരത്തിന്റെയും രണ്ട് അവസ്ഥകളെ ഉൾക്കൊള്ളുന്നതാണ് പ്രപഞ്ചം. ഭൗതിക പരിപ്രേക്ഷ്യത്തിലൂടെ നോക്കിയാൽ നാളിന്നുവരെയുള്ള ശരീരങ്ങൾ ഈ അന്ധകാരവും അതല്ലെങ്കിൽ പ്രകാശത്തെ കടന്നു പോകാൻ അനുവദിക്കാത്ത പ്രതിബന്ധവുമല്ലാതെ മറ്റൊന്നുമല്ല. അരിസ്റ്റോട്ടിലിയൻ തത്വത്തിൽ, എല്ലാ കാര്യങ്ങളെയും നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മാലാഖയായി, അല്ലെങ്കിൽ ശരീരത്തിനെ നിലനിൽക്കാൻ സഹായിക്കുന്ന അതിനകത്തെ പ്രകാശമായാണ് ഹൈലോമോർഫിസം ഗണിക്കപ്പെടുന്നത്.
ആത്മാവിന്റെ അനശ്വരതയെ സംബന്ധിച്ചുള്ള പെരിപ്പാറ്റെറ്റിക്ക് സിദ്ധാന്തം വളരെ ദുർബലമാണെന്ന് സുഹ്‌റവർദി വിമർശിക്കുകയും ആത്മാവിനെ കുറിച്ചുള്ള പഠനത്തെ വ്യത്യസ്ത വീക്ഷണ കോണിലൂടെ സമീപിക്കുകയും ചെയ്യുന്നു. അരിസ്റ്റോട്ടിലിയൻ തത്വചിന്തകന്മാർ ആത്മാവിനെ പ്രാപ്തികളെ നിർവ്വചിക്കുന്ന ഇടങ്ങളിലെല്ലാം, ആത്മാവിന്റെ ദിവ്യമായ ഉത്ഭവവും അഭിനവ പരിതാവസ്ഥയും ഭൗതിക തടവറയിൽ നിന്നും രക്ഷപ്പെടാനും സമാധാനപരവും ഐശ്വര്യപൂർണ്ണവുമായ യഥാർത്ഥ വാസസ്ഥലത്തേക്ക് തിരിച്ചു പോകാനുള്ള അന്വേഷണവും വിവരിക്കുന്നതിൽ സുഹ്‌റവർദി വളരെയധികം താല്പര്യം പ്രകടിപ്പിച്ചിരുന്നു.
അവസാനമായി, മധ്യകാലഘട്ടങ്ങളിലെ കാഴ്ച്ചയുമായി ബന്ധപ്പെട്ട രണ്ട് സിദ്ധാന്തങ്ങളോടുള്ള സുഹ്‌റവർദിയുടെ വിമർശനം കൂടി നിർബന്ധമായും പരാമർശിക്കേണ്ടതുണ്ട്. കാണുന്ന വസ്തുവിൽ നിന്നുള്ള പ്രകാശം കണ്ണിലെ കൃഷ്ണമണിയിൽ തട്ടുകയും അവിടെനിന്നത് സാമാന്യ യുക്തി(കോമൺ സെൻസ്) യിലേക്കും അവസാനം ആത്മാവിലേക്കും സംക്രമിക്കുകയും അങ്ങനെ പ്രസ്തുത വസ്തുവിനെ കാണുകയും ചെയ്യുന്നു എന്നാണ് അരിസ്റ്റോട്ടിലിയൻ തത്വചിന്തകരുടെ പൊതുവായ വീക്ഷണം. അതേസമയം, ഗണിതശാസ്ത്രജ്ഞന്മാർ ഇതിന് വിരുദ്ധമായ അഭിപ്രായം സ്വീകരിച്ചവരായിരുന്നു. കോൺ രൂപത്തിലുള്ള പ്രകാശം അതിന്റെ തലഭാഗം കണ്ണിലും തായ്ഭാഗം വസ്തുവിലും അവശേഷിപ്പിക്കുന്നതിലൂടെയാണ് ഒരാൾക്ക് കാഴ്ച്ച സാധ്യമാകുന്നത് എന്ന അഭിപ്രായമായിരുന്നു അവർ സ്വീകരിച്ചത്. ഈ രണ്ട് വീക്ഷണങ്ങളെയും നിരാകരിച്ച സുഹ്‌റവർദിയുടെ കാഴ്ച്ചപ്പാടിൽ, എല്ലാ തരം ജ്ഞാനങ്ങളും പങ്കുകൊള്ളുന്ന ഇശ്‌റാഖാണ് ഭൗതിക കാഴ്ച്ചയുടെ അടിസ്ഥാനം. പ്രകാശമാനമായ ഒരു വസ്തുവിനെ മാത്രമേ ഒരാൾക്ക് ദർശിക്കാൻ സാധിക്കൂ. ഈയവസ്ഥയിൽ നിരീക്ഷകന്റെ ആത്മാവ് വസ്തുവിനെ ചുറ്റുകയും അതിന്റെ പ്രകാശത്താൽ ആത്മാവ് ദീപ്തമാവുകയും ചെയ്യുന്നു. ഇത്തരമൊരു ഇശ്‌റാഖി പ്രവർത്തനമാണ് കാഴ്ച്ച എന്ന് വിളിക്കപ്പെടുന്നത്. അങ്ങനെ, ഭൗതിക കാഴ്ച്ച പോലും സർവ്വ ജ്ഞാനത്തിന്റെയും ഇശ്‌റാഖി സ്വഭാവത്തിൽ പങ്കുചേരുന്നു.
പെരിപ്പാറ്റെറ്റിക് തത്വചിന്തയുടെ തത്വങ്ങൾ വിമർശിച്ച സുഹ്‌റവർദി പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിൽ ഇശ്‌റാഖി ജ്ഞാനത്തിന്റെ തത്വങ്ങൾ ചർച്ച ചെയ്യുന്നു. പ്രകാശത്തിന്റെ അർത്ഥം, അവയുടെ വ്യത്യസ്ത തലങ്ങൾ, പ്രകാശ പ്രതീകാത്മകതയെ അടിസ്ഥാനമാക്കിയുള്ള സത്താമീമാംസ, മാലാഖാവിജ്ഞാനീയം, ഭൗതികശാസ്ത്രം, മനഃശാസ്ത്രം, യുഗാന്തശാസ്ത്രം, ആത്മീയ സമാഗമം എന്നിവ ചർച്ച ചെയ്യുന്ന അധ്യായങ്ങളാണ് പ്രസ്തുത ഭാഗത്തിലുള്ളത്.

പ്രകാശങ്ങളുടെ പ്രകാശവും സത്താമീമാംസയും
സുഹ്‌റവർദിയെ സംബന്ധിച്ചിടത്തോളം, യാഥാർത്ഥ്യമെന്നാൽ തീവ്രതയുടെ വ്യത്യസ്ത തലങ്ങൾ ഉൾവഹിക്കുന്ന പ്രകാശമല്ലാതെ മറ്റൊന്നുമല്ല. അതിനൊരു നിർവ്വചനം ആവിശ്യമില്ല. കാരണം, അവ്യക്തമായ കാര്യങ്ങളെയാണ് പ്രസ്പഷ്ടമായ പദങ്ങൾ കൊണ്ട് നിർവ്വചിക്കാറുള്ളത്. പ്രകാശത്തെക്കാൾ വ്യക്തവും പ്രസ്പഷ്ടവുമായ മറ്റൊന്നില്ല താനും. അസ്പഷ്ടമായ ഒന്നും ഇല്ലാത്തതിനാൽ പ്രകാശം നിർവ്വചിക്കപ്പെടാതിരിക്കുകയാണ് വേണ്ടത്. വാസ്തവത്തിൽ, എല്ലാ വസ്തുക്കളും പ്രത്യക്ഷമായവയായി മാറുന്നത് പ്രകാശംമൂലമായതിനാൽ അതിലേക്ക് ചേർത്തുകൊണ്ടാണ് അവയെല്ലാം നിർവ്വചിക്കപ്പെടേണ്ടത്. പ്രകാശങ്ങളുടെ പ്രകാശം(നൂറുൽ അൻവാർ) എന്ന് സുഹ്‌റവര്ദി വിളിക്കുന്ന ശുദ്ധമായ വെളിച്ചം തിളക്കവും തീവ്രതയും മൂലം കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമുള്ള ഒരു ‘ദൈവിക സത്ത’യാണ്. പ്രപഞ്ചം അതിന്റെ യാഥാർത്ഥ്യത്തിന്റെ സർവ്വ തലങ്ങളിലും പ്രകാശത്തിന്റെയും അന്ധകാരത്തിന്റെയും മാനങ്ങൾ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ എന്നതിനാൽ പരമമായ പ്രകാശമാണ് എല്ലാ അസ്തിത്വങ്ങളുടെയും സ്രോതസ്സ്. സുഹ്‌റവർദി തന്നെ പറയുന്നത് നോക്കാം: ‘പ്രഥമ പരബ്രഹ്‌മ പ്രകാശമായ ദൈവത്തിന്റെ അസ്തിത്വം നിരന്തരമായ ദിവ്യദീപ്തി നൽകുന്നു. അവിടെ വെച്ച് അത് പ്രത്യക്ഷമാക്കപ്പെടുകയും രശ്മികൾ മുഖേന ജീവൻ നൽകുന്നതിലൂടെ എല്ലാ വസ്തുക്കൾക്കും അസ്തിത്വം നൽകുകയും ചെയ്യുന്നു. ലോകത്തിലെ എല്ലാ വസ്തുക്കളും അവന്റെ സത്തയുടെ പ്രകാശത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. എല്ലാ സൗന്ദര്യങ്ങളും പൂർണതയും അവന്റെ ഔദാര്യമാണ്. അവന്റെ പരിപൂർണമായ ദിവ്യദീപ്തി കൈവരിക്കുക എന്നത് മോക്ഷമാർ​ഗമാണ്.’
‘പരമമായ പ്രകാശ’ത്തോട് സമീപിക്കുന്നതിനെയും ദിവ്യദീപ്തി കൈവരിക്കുന്നതിനെയും ആശ്രയിച്ചാണ് എല്ലാ ഉണ്മകളുടെയും സത്താപരമായ നിലവാരം നിലകൊള്ളുന്നത്. വ്യത്യസ്ത പ്രാപഞ്ചിക മണ്ഡലങ്ങൾ വളരെയധികം വ്യതിരിക്തമായി മാറുന്ന ധാരാളം മാർ​ഗങ്ങൾ സുഹ്‌റവർദി പരാമർശിക്കുന്നുണ്ട്. ഉദാഹരണത്തിന്, എല്ലാ വസ്തുക്കളെയും അവ പ്രകാശമാണോ അന്ധകാരമാണോ എന്ന വീക്ഷണ കോണിലൂടെ പര്യാലോചനക്ക് വിധേയമാക്കാം. പ്രകാശമാണെങ്കിൽ ഒന്നുകിൽ അവ സ്വയം നിലനിൽക്കുന്നതായിരിക്കും. സ്വതന്ത്ര പ്രകാശം(നൂർ മുജർറദ്) എന്നാണ് അവയെ വിളിക്കുന്നത്. അല്ലെങ്കിൽ മറ്റൊന്നിനെ ആശ്രയിച്ച് നിലകൊള്ളുന്നതായിരിക്കും. അവയെ പരാശ്രയത് പ്രകാശം(നൂർ അറദി) എന്ന് വിളിക്കുന്നു. സമാനമായി, അന്ധകാരം സ്വയം നിലനിൽക്കുമ്പോൾ അതിനെ അസ്പഷ്ടമായ അന്ധകാരം(ഗസഖ്) എന്ന് വിളിക്കുന്നു. മറ്റുള്ളതിൽ ആശ്രയിച്ച് നിലനിൽക്കുമ്പോൾ അതിനെ രൂപഘടന(ഹൈറ) എന്നും വിളിക്കുന്നു.
ഗ്രാഹ്യതയുടെയും ബോധ്യത്തിന്റെയും തലങ്ങളെ അടിസ്ഥാനമാക്കിയും സുഹ്‌റവർദി ഉണ്മകളെ വിഭജിക്കുന്നു. ഒരു ഉണ്മ സ്വന്തത്തെക്കുറിച്ച് ജ്ഞാനിയോ അജ്ഞനോ ആയിരിക്കും. സ്വന്തത്തെക്കുറിച്ച് ജ്ഞാനിയാണെങ്കിൽ ദൈവത്തെയും മാലാഖമാരെയും മനുഷ്യാത്മാവിനേയും പ്രാഗ്ര് രൂപങ്ങളെയും പോലെ സ്വയം നിലനിൽക്കുകയോ അല്ലെങ്കിൽ നക്ഷത്രങ്ങളെയും അഗ്‌നിയേയും പോലെ സ്വജ്ഞാനം കരഗതമാക്കാൻ വേണ്ടി മറ്റൊന്നിനെ ആശ്രയിക്കുകയോ ചെയ്യുന്നു. അതുപോലെ, സ്വന്തത്തെ കുറിച്ച് ജ്ഞാനമില്ലെങ്കിൽ പ്രകൃതിയിലെ എല്ലാ വസ്തുക്കളേയും പോലെ ഒന്നുകിൽ അത് അസ്പഷ്ടമായി സ്വയം നിലനിൽക്ക കയോ അല്ലെങ്കിൽ നിറങ്ങളെയും ഗന്ധങ്ങളേയും പോലെ മറ്റൊന്നിനെ ആശ്രയിച്ച് നിലനിൽക്കുകയോ ചെയ്യുന്നു. ഈ രീതിയിൽ പ്രാപഞ്ചിക ശ്രേണിയുടെ വ്യത്യസ്ത തലങ്ങൾ പരസ്പരം വ്യതിരിക്തമാകുന്നു. ഉൾവഹിക്കുന്ന പ്രകാശത്തിന്റെ തലം അതായത് ജ്ഞാനത്തിന്റെയും അവബോധത്തിന്റെയും സാന്നിധ്യമാണ് വ്യതിരിക്തതയുടെ മാനദണ്ഡം. അതുകൊണ്ട്, പരമമായ പ്രകാശത്തിൽ നിന്ന് വന്ന് ഉത്ഭവിക്കുന്നതാണ് പ്രപഞ്ചം എന്നതിനാൽ അവക്കിടയിൽ ഗണ്യമായ ഭൗതിക തുടർച്ചയുണ്ടാകുന്നില്ല. മാത്രമല്ല, പ്രകാശങ്ങളുടെ പ്രകാശത്തിന് എല്ലാ മണ്ഡലങ്ങളിലും ഭരണ പ്രതിനിധിയും നേരിട്ടുള്ള പ്രതീകവുമുണ്ട്. ആകാശത്തിലെ സൂര്യൻ, പദാർത്ഥങ്ങളിൽ പെട്ട അഗ്‌നി, മനുഷ്യാത്മാവിനകത്തെ ദിവ്യമായ പ്രകാശം(അന്നൂറുൽ ഇസ്ഫഹ്ബാദി) എന്നിവ ഉദാഹരണം. അങ്ങനെ എല്ലായിടത്തും അവന്റെ ചിഹ്നങ്ങൾ പ്രത്യക്ഷമാവുകയും എല്ലാ വസ്തുക്കളും അവന്റെ സാന്നിധ്യം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy