തീരദേശ മലബാർ;
പറവണ്ണയുടെ സം​ഗ്രഹ ചരിത്രം

ഖാസിം സെയ്ദ്:

ചരിത്രത്തിന്റെ സൂക്ഷ്മ വായനയുടെ ഭാ​ഗമാണ് പ്രാദേശിക ചരിത്ര രചന. ചരിത്രത്തിന്റെ സ്ഥൂലവായനകളിൽ തമസ്കരിക്കപ്പെട്ടു പോയ പല വസ്തുതകളും അത് പുറത്തുകൊണ്ടുവരും. ഓരോ ജനതയും അവരുടെ സ്വന്തം ചരിത്രവും പാരമ്പര്യങ്ങളും വീണ്ടെടുക്കുന്ന സവിശേഷ സന്ദർഭമാണിത്. സ്വന്തം ഈടുവെപ്പുകളെയും പൈതൃകങ്ങളെയും ശക്തി ദൗർബല്യങ്ങളെയും തിരിച്ചറിയാനും സ്വയം ചരിത്രവത്കരിച്ച് അതിവർത്തനക്ഷമമാകുവാനും ഇത്തരം ചരിത്ര വായനകൾ തീർച്ചയായും സഹായിക്കും. ​ഗവേഷകനും പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഖാസിം സെയ്ദ് രചിച്ച് തീരദേശ മലബാർ ചരിത്രവും സമൂഹവും എന്ന പേരിൽ പുറത്തുവരാനിരിക്കുന്ന ​ഗ്രന്ഥത്തിൽ നിന്നുള്ള ഒരു അദ്ധ്യായമാണിത്.

തീരദേശ മലബാറിന്റെ ചരിത്രം അവലോകനം ചെയ്യുമ്പോൾ പരി​ഗണിക്കപ്പെടേണ്ട പ്രധാനപ്പെട്ട ഒരു പ്രദേശമാണ് പറവണ്ണ. ആദ്യകാലത്ത് വാണിജ്യ പ്രാധാന്യമുണ്ടായിരുന്നതും കേരളത്തിലെ അധിനിവേശ വിരുദ്ധ നാവിക വിമോചന സമരങ്ങളിൽ നിർണ്ണായക പങ്കുള്ളതുമായ പറവണ്ണ ദേശത്തിന്റെ സം​ഗ്രഹ ചരിത്രമാണ് ഈ പഠന ലേഖനത്തിന്റെ പ്രതിപാദ്യം.

സ്ഥലനാമം

താണി (താന്നി) മരങ്ങളുടെ നാട് എന്ന അർഥത്തിൽ താണിയൂർ താനൂർ ആയതായി ഒരു നിരീക്ഷണമുണ്ട്. അതുപോലെ പരവൻെറ (ഊര്) നാട് എന്ന അർത്ഥത്തിൽ പറവന്നൂർ വന്നതാണ് പറവണ്ണയുടെ പേരിൻെറ ഉറവിടം എന്ന് കരുതാം. പരവൻ എന്ന വാക്കിന് നരവധി അർത്ഥങ്ങളുണ്ട്. ഹൈന്ദവരുടെ ജാതി സങ്കൽപ്പങ്ങളുമായി ബന്ധപ്പെട്ട് ഭരതർ വിഭാഗത്തിലാണ് പരവൻ എന്നത് ഉൾപ്പെടുന്നത്. തിരുവിതാം കൂറിലും തമിഴ് നാട്ടിലും ഈ വിഭാഗം ഒരു പാടുണ്ട്.
പരവൻ എന്ന വാക്കിന് രാജാവ്, അരയൻ എന്നും പറയുന്നുണ്ട്. നാട്ടരയർ (കോലരയർ),
മലഅരയർ (കാണിക്കാർ), കടലരയർ എന്നിങ്ങനെ കേരളത്തിൽ മൂന്നു തരം അരയരുണ്ടായിരുന്നതായി പറയുന്നുണ്ട്.
പരവൻ എന്നത് Fisherman എന്നാണെന്ന് വിശദീകരിച്ച് പറവണ്ണ എന്ന സ്ഥലനമത്തിന്റെ ഉൽപ്പത്തി വിശദീകരിക്കുന്നു Manual Of The Administration Madras Presidency Records Of Govt. And The Yearly Administration Reports Vol 3 (1893, Madras Govt. Press, Madras.) എന്ന പുസ്തകത്തിൽ (പേജ്- 653) ഇക്കാര്യം വിശദീകരിച്ച് പിന്തുണച്ച് പറവന്നൂർ എന്ന വാക്കിൽ നിന്നാണ് പറവണ്ണ എന്ന സ്ഥലനാമം വന്നതെന്ന് കരുതുന്നു. പറവന്നൂർ എന്നത് പഴയൊരു തറവാടിന്റെ നാമമാണ്. തീരമേഖലയിലെ നാടുവാഴിയായ പറവന്നൂർ പണിക്കർ ഇവിടെ ജീവിച്ചിരുന്നുവെന്നും പറയുന്നുണ്ട് (മേൽ പുസ്തകം). Agroeconomy and Agricultural History of India എന്ന ഗ്രന്ധത്തിൽ ഡോ. സുവർണ്ണ നാലാപ്പാട്ട് ഇതേകുറിച്ച് ഒരു സൂചന നൽകുന്നുണ്ട്. (P. 385).പണിക്കരുടെ തറവാട്ടു പേരാണ് പറവന്നൂർ എന്നത്. പറോണ (Paronna) എന്നപേരിലും അറിയപ്പെട്ടിരുന്നു. പറവണ്ണ എന്നത് പറവന്നൂർ, പറോണ പദങ്ങളിൽ നിന്ന് വന്നതാവാം.
പഴയ കാലത്ത് പറവണ്ണ പറോണി, പീറൂണി (Puroonny, Peeroony) എന്നും അറിയപ്പെട്ടിരുന്നുവെന്ന് A Discriptive Memoir of Malabar തുടങ്ങിയ ചരിത്ര പുസ്തകങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. അതുകൊണ്ടായിരിക്കാം പഴയ തലമുറയിൽ പെട്ടവർ മുമ്പ് പറോണി എന്ന് പറഞ്ഞിരുന്നതും. പഴയ കലത്ത് സാധരണക്കാരായ ആളുകൾ, പ്രത്യേകിച്ച് തീരമേഖലയിലുള്ളവർ പറവണ്ണയെന്നു പറയാതെ സ്ഥലനാമമായി പറോണി എന്നായിരുന്നു പറഞ്ഞിരുന്നത്.

വ്യാപാര കേന്ദ്രം.
മക്കയിൽ ഇസ്ലാം വരുന്നതിനു മുമ്പേ അറബികളും കേരളവുമായി വ്യാപാരബന്ധമുണ്ടായിരുന്നു. യൂറോപ്യർ വ്യാപാരത്തിൽ എത്തുന്നതിനു മുമ്പേ കേരളത്തിലെ തീരങ്ങളിൽ വിദേശികളായ അറബികളാൽ സജീവമായിരുന്നു.
ഇസ്ലാമിൻെറ കടന്നുവരവോടെ ആദ്യ കാലത്തു തന്നെ മലബാർ തീരത്തെ മറ്റു സ്ഥലങ്ങളിലെന്ന പോലെ പറവണ്ണയിലും നാട്ടുകാർ ഇസ്ലാം സ്വീകരിച്ച് തുടങ്ങിയിരുന്നു. വ്യാപാരവുമായി ബന്ധപ്പെട്ട് അറേബ്യയിൽ നിന്നെത്തിയ ആളുകളുമായുണ്ടായിരുന്ന നിരന്തര ബന്ധത്തെ തുടർന്ന് ധാരളം സ്വദേശികളും ഇസ്ലാം സ്വീകരിക്കുകയായിരുന്നു. അത്തരം ആളുകൾക്ക് ഭരണാധികാരികൾ എല്ലാ പ്രോത്സാഹനങ്ങളും നൽകിയിരുന്നു. വെള്ളിയാഴ്ച്ച ജനിക്കുന്ന മുക്കുവൻെറ കുഞ്ഞ് ആൺകുഞ്ഞാണെങ്കിൽ അവരെ ആ വീട്ടുകാർ തന്നെ മുസ്ലിമാക്കുമായിരുന്നു. ഇതിന് സാമൂതിരിയുടെ പ്രോത്സാഹനങ്ങളുമുണ്ടായിരുന്നു.
ഇങ്ങനെ ആദ്യകാലം മുതൽ തന്നെ കോഴിക്കോട്, വെളിയങ്കോട്, തിരൂരങ്ങാടി, താനൂർ, പൊന്നാനി, പരപ്പനങ്ങാടി, തിക്കോടി. വളപ്പട്ടണം, കാപ്പാട്, കണ്ണൂർ, കൊച്ചി നിലേശ്വരം എന്നീ പട്ടണങ്ങൾക്കൊപ്പം അക്കാലത്തു തന്നെ പറവണ്ണയിലും മുസ്ലിം സമൂഹം രൂപപ്പെട്ടുവന്നിരുന്നു. (Assimilation of Culture: The Kerala Experience. KKN Kurupp.P. 211 (Indian Council of Historical).
പറവണ്ണ ആദ്യകാലം മുതൽ അറിയപ്പെട്ട മത്സ്യബന്ധന കേന്ദ്രമായിരുന്നു. ഇക്കാര്യം വില്യം ലോഗൻ മലബാർ മാന്വലിലും രേഖപ്പെടുത്തിയിട്ടുണ്ട് (പേജ് 60). രാജ ഭരണ കാലത്ത് വെട്ടത്ത് സ്വരൂപത്തിൻറെ ഭാഗമായിരുന്ന പറവണ്ണ സാമൂതിരിക്ക് കീഴിലായിരുന്നു. വിദേശികളുമായുണ്ടായ കച്ചവടത്തിനു പുറമെ തദ്ദേശീയരുടെ മത്സ്യവ്യാപാരവും ഇവിടെയുണ്ടായിരുന്നു. നിറയെ ചാപ്പകളും മത്സ്യ ബന്ധനവുമായി പറവണ്ണ ഗൾഫ് സമൃദ്ധിയുടെ ആവിർഭാവത്തിന്റെ ആദ്യ കാലം വരെ സജീവമായിരുന്നു. ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ, ബോംബെ, മദ്രാസ് എന്നിവിടേക്കും പിന്നീട് ഗൾഫിലേക്കും ആളുകൾ ചേക്കേറിയതോടെ എല്ലാ കടപ്പറത്തുമെന്ന പോലെ പറവണ്ണയിലും മത്സ്യബന്ധനം അവസാനിപ്പിച്ചിരുന്നു. എന്നാലും അടുത്ത കാലം വരെ പല ദിക്കിലുള്ള മത്സ്യത്തൊഴിലാളികളും പറവണ്ണയിൽ താമസിച്ച് മത്സ്യബന്ധനത്തിനു പോയിരുന്നു. താനൂർ, പൊന്നാനി എന്നീ സ്ഥലങ്ങൾ കഴിഞ്ഞാൽ മത്സ്യ കയറ്റുമതിക്ക് പറ്റിയ ഗാതാഗത സൗകര്യം പറവണ്ണക്കുണ്ടായിരുന്നു. തിരൂർ മാർക്കറ്റുമായി ഏറ്റവും അടുത്ത മത്സ്യ ബന്ധന കേന്ദ്രവും ഇതായിരുന്നു.

ഗതാഗത സൗകര്യം.
പൊന്നാനി പുഴ, തിരൂർ പുഴ എന്നിവ വഴി എല്ലാ നാടുകളിലേക്കും യാത്ര ചെയ്യാനുള്ള സൗകര്യം പറവണ്ണയിൽ നിന്നുണ്ടായിരുന്നു. തിരുന്നാവായ, കുറ്റിപ്പുറം മേഖലയിലേക്കും പതിവായ ‍യാത്രാ സൗകര്യമുണ്ടായിരുന്നു.
കടൽ വഴിയെത്തുന്ന ചരക്കുകൾ കരയിലൂടെ മറ്റു ദേശങ്ങളിലേക്ക് കയറ്റിവിടുന്നതിന് ഒരു ജലധാര പറവണ്ണയിലുണ്ടായിരുന്നു. പള്ളിയുടെയും തീരത്തിന്റെയും ഇടയിലൂടെ ഉണ്ണിയാൽ (തേവർകടപ്പുറം) തെക്കുഭാഗം വരെ ഒഴുകിയിരുന്ന ആവിപ്പുഴയുണ്ടായിരുന്നു. ഇതു തെക്ക് കൂട്ടായി വഴി പൊന്നാനിനിയിലേക്കും പോയിരുന്നു. ഗതാഗതത്തിന് യോഗ്യമല്ലെങ്കിലും ഇപ്പോൾ പലഭാഗത്തായി മെലിഞ്ഞ് നിലവിലുള്ള ഈ ജല ധാരക്ക് ആവിപ്പുഴ എന്നാണ് വിളിച്ചിരുന്നത്. ചിലയിടത്ത് ഒരു മീറ്റർ വരേയായി ശുഷ്കിച്ച അവസ്ഥയിൽ ചെറിയ നനവോടെ ഇപ്പോഴും ഈ ജലധാര നിലവിലുണ്ട്. മേഖലയിലെ കാർഷിക വിളകൾക്ക് ഇത് ഉപകാരപ്രദമാണ്. കഴിഞ്ഞ അമ്പത് വർഷം മുമ്പ് വരെ ഈ ആവിപ്പുഴയിലൂടെ ചെറു വഞ്ചികൾ നാളികേരവും വിറകും മറ്റും കയറ്റി യാത്ര ചെയ്തിരുന്നു. പിന്നീടുണ്ടായ സ്വകാര്യ വ്യക്തികളുടെ കയ്യേറ്റങ്ങളാണ് ഈ നീർധാര ശുഷ്ക്കിക്കാൻ കാരണം. മാറി മാറി വന്ന സർക്കാരുകളും ഇവ നോക്കി സംരക്ഷിക്കാൻ ശ്രമിച്ചില്ല.
ഈ ആവിപ്പുഴയെ പറ്റി A Discriptive Memoir of Malabar എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. കടലിനും ബസാറിനുമിടയിലൂടെയാണ് ഈ ജലധാര ഒഴുകുന്നതെന്നും കടലിൽ നിന്ന് 300 യാർഡ് (274.32 മീറ്റർ) അകലമുണ്ടെന്നും ഇതിൽ പറയുന്നുണ്ട്. വാക്കാട് കടപ്പുറത്തെ അഴിയുമായി ഈ ആവിപ്പുഴക്ക് ബന്ധമുണ്ട്. വാക്കാട് കടപ്പുറത്തെയും ഉണ്ണിയാൽ അഴിക്കൽ കടപ്പുറത്തെയും അഴമുഖങ്ങളെ കരയിലൂടെ ഈ ആവിപ്പുഴ ബന്ധപ്പിക്കുന്നുണ്ട്. തുറമുഖത്ത് എത്തുന്ന കപ്പലുകളിൽ നിന്ന് ചരക്കെടുത്ത് ചെറിയ യാനങ്ങളിലാക്കി ഈ ജലധാരയിലൂടെയാണ് വിവിധ പ്രദേശത്ത് എത്തിച്ചിരുന്നത്. പ്രകൃതിപരമായ ഈ സവിശേഷതകളെല്ലാം പറവണ്ണയുടെ ​വാണിജ്യപ്രാധാന്യത്തിലേക്കും ​ഗതകാല പ്രൗഢിയിലേക്കും വിരൽ ചൂണ്ടുന്നതു തന്നെയാണ്.
കനോലി കനാൽ വരുന്നതിനു മുമ്പെ താനൂർ, പൊന്നാനി, പരപ്പനങ്ങാടി, കോഴിക്കോട് പട്ടണങ്ങളെ പോലെ ആളുകൾക്ക് യാത്ര ചെയ്യാനും വ്യാപാരാവശ്യത്തിന് ചരക്കുകൾ കയറ്റിറക്കത്തിനും സൗകര്യപ്രദമായ ഉൾനാടൻ ജലഗതാഗതത്തിനു ഈ ആവിപ്പുഴയാണ് ഉപയോഗിച്ചിരുന്നത്. ഉണ്ണിയാൽ അഴിക്കൽ എത്തി പടിഞ്ഞാറ് ഭാഗത്തെ പുഴയുമായി ചേർന്ന് പിന്നീട് താനൂർ പൂരപ്പുഴവരെ ഇത് കൂടുതൽ വീതിയിൽ ഒഴുകിയിരുന്നു. പൊന്നാനി പുഴയുടെ കൈവഴികളിലൂടെ ബി.പി അങ്ങാടി, കുറ്റിപ്പുറം വഴി പാലക്കാട് മേഖലയിലേക്കും കൂട്ടായി വഴി പൊന്നാനി, ചാവക്കാട്, കൊച്ചി മേഖലയിലേക്കും തിരൂർ,താനൂർ വഴി കോഴിക്കോട് മേഖലയിലേക്കും യാത്ര ചെയ്യാൻ പഴയ കാലത്തു തന്നെ പറവണ്ണയിലുള്ളവർക്ക് ഇത്തരം ജലധാരകൾ, വിവിധ പുഴകളുടെ കൈവഴികൾ സൗകര്യമൊരുക്കിയിരുന്നു. കനോലി കനാൽ വന്നതോടെ ഈ യാത്രക്ക് കൂടുതൽ സൗകര്യപ്രദമായ വഴിയൊരുങ്ങി. അതിനുമുമ്പ് മൈസൂർ സുൽത്താൻമാരായ ഹൈദരലി, പുത്രൻ ടിപ്പുസുൽത്താൻ എന്നിവരുടെ വരവോടെ താനൂരിൽ നിന്ന് പൊന്നാനി പുഴവരെയുള്ള കര വഴിയും നിലവിൽ വന്നു.
കൂടാതെ പറവണ്ണയുടെ കിഴക്കുഭാഗത്തു കൂടി താനൂർ ഭാഗത്തേക്ക് ഒഴുകുന്ന ചെറിയ അറുവിയെ (Revulet) കുറിച്ച് Transactions of the Bombay Society Vol.3, 1939 (Proceedings of the Bombay Geographical Society Dec.-Feb, 1839- 40 എന്ന പുസ്തകത്തിലും വിവരിക്കുന്നുണ്ട്. താനൂരിനടുത്ത് മൂന്ന് മൈലോളം ചതുപ്പ് നിറഞ്ഞ ഈ അരുവി മഴക്കാലമായാൽ കൃഷിയിടമാകെ വെള്ളത്തിൽ മുങ്ങുമെന്നും പറയുന്നുണ്ട്.

ചരിത്രം
പറവണ്ണയൂടെ ​ഗതകാല ചരിത്രത്തെ അടയാളപ്പെടുത്തുന്ന വിവിധ ശേഷിപ്പുകളിൽ പ്രധാനമാണ് പറവണ്ണയിലെ പള്ളികൾ. വളരെ പഴക്കമുള്ള ഒരു പള്ളി കൂടാതെ ബാക്കി മൂന്ന് പള്ളികൾ കഴിഞ്ഞ ഇരുനൂറ് വർഷങ്ങൾക്കിടയിൽ നിർമ്മിച്ചവയാണെന്നാണ് വ്യക്തമാകുന്നത്. പള്ളികൾക്കു ചുറ്റുമുള്ള ഖബർ സ്ഥാനുകളുടെ വ്യാപ്തിയും ഖബറുകളുടെ എണ്ണവും നാട്ടുകാരെയും ചരിത്രാന്വേഷികളെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഇവിടെ ഇത്രയും ഖബറുകൾ വരാനുണ്ടായ സാഹചര്യമാണ് ചരിത്രാന്വേഷികളെ കുഴക്കുന്നത്. പല പഠനങ്ങളും ഇതുമായി ബന്ധപ്പെട്ട് പറവണ്ണയിലുണ്ടായിട്ടുണ്ട്. ഇപ്പോഴും പഠനം നടക്കുന്നുമുണ്ട്.

പറവണ്ണയിലെ പുരാതന പള്ളിയായ ജുമുഅത്ത് പള്ളി നിർമ്മിക്കപ്പെട്ടത് ഹിജ്റ 430 ലാണെന്ന് അനുമാനിക്കപ്പെടുന്നു. ഈ മസ്ജിദ് പിന്നീട് മുഹമ്മദ് എന്ന ഒരു വ്യാപാരി ഹിജ്റ 1150 ൽ(എ.ഡി. 1737) പുതുക്കി പണിതു. ഇക്കാര്യം പഴയ പള്ളിയിൽ സൂക്ഷിച്ചിരുന്ന കാവ്യരൂപത്തിലുള്ള ഒരു ലിഖിതത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്. ഈ ലിഖിതം പുതിയ പള്ളിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.(അവലംബം: പൂവറിയുമോ വേരറി‍ഞ്ഞ കൈപ്പുകൾ: പറവണ്ണയുടെ ജ്ഞാന പാരമ്പര്യം സി.പി. ബാസ്വിത് ഹുദവി: പേജ്: 45)

പറവണ്ണയൂടെ ​ഗതകാല ചരിത്രത്തെ അടയാളപ്പെടുത്തുന്ന വിവിധ ശേഷിപ്പുകളിൽ പ്രധാനമാണ് പറവണ്ണയിലെ പള്ളികൾ. വളരെ പഴക്കമുള്ള ഒരു പള്ളി കൂടാതെ ബാക്കി മൂന്ന് പള്ളികൾ കഴിഞ്ഞ ഇരുനൂറ് വർഷങ്ങൾക്കിടയിൽ നിർമ്മിച്ചവയാണെന്നാണ് വ്യക്തമാകുന്നത്. പള്ളികൾക്കു ചുറ്റുമുള്ള ഖബർ സ്ഥാനുകളുടെ വ്യാപ്തിയും ഖബറുകളുടെ എണ്ണവും നാട്ടുകാരെയും ചരിത്രാന്വേഷികളെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഇവിടെ ഇത്രയും ഖബറുകൾ വരാനുണ്ടായ സാഹചര്യമാണ് ചരിത്രാന്വേഷികളെ കുഴക്കുന്നത്. പല പഠനങ്ങളും ഇതുമായി ബന്ധപ്പെട്ട് പറവണ്ണയിലുണ്ടായിട്ടുണ്ട്. ഇപ്പോഴും പഠനം നടക്കുന്നുമുണ്ട്.

പറവണ്ണയിൽ ആദ്യ കാലത്ത് ഒരു പള്ളി മാത്രമാണുണ്ടായിരുന്നതെന്നതിന് വ്യക്തമായ രേഖയുണ്ട്. ബാക്കിയുള്ള മൂന്നു പള്ളികൾ 1800 നുശേഷം നിർമ്മിച്ചവയാണെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. A Discriptive Memoir of Malabar എന്ന ചരിത്ര പുസ്തകത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വില്യം ലോഗൻ മലബാർ മാന്വൽ എഴുതുന്നതിനെക്കാൾ ഒരു പാട് വർഷം മുമ്പാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥരായ ലഫ്.വാർഡ്, ലഫ്.കോർണ്ണർ എന്നിവർ ചേർന്ന് മലബാർ മേഖലയിൽ സർവേ പഠനം നടത്തിയത്. മലബാറിലെ ഗ്രാമങ്ങളിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. ഏകദേശം 1820 കാലത്താണ് അതെന്നും കരുതാം. ഇക്കാലത്ത് പറവണ്ണയിൽ ഒരു പള്ളി മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഇതിൽ പ്രത്യേകം പറയുന്നുണ്ട്. ഇതേ കുറിച്ച് Transactions of the Bombay Society Vol.3, 1939 (Proceedings of the Bombay Geographical Society Dec.-Feb, 1839- 40) എന്ന പുസ്കത്തിലും വിവരിക്കുന്നുണ്ട്. അതായത് 1840 വരെ ഒരു പള്ളി മാത്രമെ പറവണ്ണയിൽ ഉണ്ടായിരുന്നുള്ളുവെന്നാണ് ഇതിൽ നിന്ന് മനസിലാകുന്നത്. എന്നാൽ ഈ ഒരു പള്ളി ഏതെന്ന് വ്യക്തമാക്കിയിട്ടില്ല. പറവണ്ണ അങ്ങാടിക്ക് തൊട്ടു പടിഞ്ഞാറ് ഭാഗത്തുള്ള പള്ളിയാണ് ഇവിടുത്തെ ആദ്യ പള്ളിയെന്നാണ് കെ.സി. അബ്ദുള്ളയെ പോലുള്ള പല ചരിത്രകാരന്മാരുടെയും അഭിപ്രായം. ഈ പള്ളിയിൽ ആദ്യകാലത്ത് ഒരു സൂഫിയുണ്ടായിരുന്നുവെന്നും അദ്ദേഹത്തെ കണ്ട് യൂറോപ്യർ സെയിന്റ് (പുണ്യാളൻ) എന്ന് വിളിച്ചതാണ് പിൽക്കാലത്ത് ആ പള്ളിക്ക് സെയിന്റ് പള്ളിയെന്ന് പേർ വരാൻ കാരണമെന്നും കെ.സി. അബ്ദുള്ള തന്റെ വെട്ടത്ത് നാട് സാമൂഹ്യ രേഖ എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. (പേജ്: 133-134). ആ പള്ളിക്കു ശേഷമാണ് പറവണ്ണയിലെ സെയ്തു മുഹമ്മദ് ഖോജ(റ) യുടെ ജാറമുള്ള പള്ളി വന്നതെന്നും പുസ്തകത്തിൽ നിന്ന് മനസിലാക്കാം. കാരണം സെയ്ൻറ് പള്ളിയിൽ സെയ്തു മുഹമ്മദ് ഖോജ(റ) കഴിഞ്ഞു കൂടിയതും അദ്ദേഹത്തിന്റെ വസ്ത്രം അവിടെയുണ്ടായിരുന്നതും കെ.സി. അബ്ദുള്ള വിവരിക്കുന്നുണ്ട്.
എന്നാൽ പള്ളി ഖബർ സ്ഥാനുകളിൽ ഇത്രയും കൂടുതൽ ഖബറുകളുണ്ടാനുള്ള കാരണമാണ് പലരേയും കുഴക്കുന്നത്. ഇതിനു കാരണമായി പോർച്ചുഗീസുകാരുടെ കാലത്ത് മേഖലയിൽ നിരവധി യുദ്ധങ്ങളുണ്ടായിരുന്നുവെന്നും അവയിൽ രക്തസാക്ഷികളായവരുടെ ഖബറുകളാണ് ഇതിനു കാരണമെന്നും കരുതുന്നവരുണ്ട്.

16-ാം നൂറ്റാണ്ട് വരെ പറവണ്ണയിലെ ഈ പള്ളിയുടെ ഭരണകാര്യങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് അതാത് കാലങ്ങളിലെ ഖാള്വിമാരും അവരെ സഹായിക്കുന്ന ചില കുടുംബങ്ങളുമായിരുന്നു. പിൽക്കാലത്ത് നിർമ്മിക്കപ്പെട്ട മറ്റ് പള്ളികളുടെയും ഭരണം കൈകാര്യം ചെയ്യുവാനുമായി 16 വീട്ടുകാരും ഖാള്വിയും ചേർന്നുള്ള ഒരു സംവിധാനമാണ് നിലവിലുണ്ടായിരുന്നത്. ഇതിന്റെ നായകരായി വന്നിരുന്നത് ആരോഗ്യവും അറിവുമുള്ള പ്രായമുള്ളവരായിരുന്നു.
പറവണ്ണയിലെ മഖാമിൽ (ജാറത്തിൽ) അന്ത്യവിശ്രമം കൊള്ളുന്നത് സയ്യിദ് മുഹമ്മദ് ബുഖാരി(റ) യാണ്. കേരളത്തിലെത്തിയ ആദ്യകാല ബുഖാരി സാദാത്തുമാരിൽ പ്രമുഖരായിരുന്നു ഇദ്ദേഹമെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1676 ലായിരുന്നു ഇദ്ദേഹത്തിന്റെ വിയോ​ഗം. നൈനാ കുടുംബങ്ങളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന കൊച്ചിയിലെ ചെമ്പിട്ട പള്ളിയിൽ ഇമാം, ഖാള്വി സേവനം നിർവ്വഹിച്ച സയ്യിദ് ഇസ്മാഈൽ ബുഖാരി(റ) യുടെ മകനാണ് ഇദ്ദേഹമെന്നാണ് മനസ്സിലാകുന്നത്. ആദ്യകാലത്ത് പറവണ്ണയിൽ വമ്പിച്ച രീതിയിലുള്ള നേർച്ച നടന്നിരുന്നു. എല്ലാവിഭാഗം ജനങ്ങളും ഇവിടെത്തെ മഖാമിൽ സന്ദർശകരായി വരാറുണ്ടായിരുന്നു. നേർച്ച കൊടിയുടെ അവകാശികളും കൈകാര്യ കർത്താക്കളും തൊപ്പാരിയത്ത് കുടുംബമായിരുന്നു. AD 1940 വരെ പറവണ്ണയിൽ ഈ നേർച്ച നടന്നിരുന്നു.
(പൂവറിയുമോ വേരറിഞ്ഞ കയ്പ്പുകൾ – പറവണ്ണ ഗവ.ഹൈസ്കൂൾ അലുംനി സ്മരണിക – 2023 – ൽ അബൂബക്കർ സിദ്ദിഖ് പറവണ്ണ, എഴുതിയ പറവണ്ണ സ്വാതന്ത്യത്തിനു മുന്നെ – പേജ്: 28 – 29)

കോളറയും മരണങ്ങളും.
1818 മുതൽ 1870 വരെയുള്ള കാലത്ത് വിവിധ ഘട്ടങ്ങളിൽ തെക്കേ ഇന്ത്യ കോളറ പോലുള്ള മാരക രോഗങ്ങളുടെ പിടിയിലായിരുന്നു. കൂടാതെ വസൂരി തുടങ്ങിയ മഹാമാരികളും പ്രദേശത്ത് പടർന്ന് പിടിച്ചിട്ടുണ്ടായിരുന്നു. ഇതിലൊക്കെ നിരവധി ആളുകൾ മരിച്ചിട്ടുണ്ട്.
W.R Cornish എഴുതിയ A Record of the Progress of Cholera in 1870 and Resume of the recoeds of former epidemic invasions of the Madras Presdincy എന്ന പുസ്തകത്തിൽ അക്കാലത്തെ കോളറ പടർന്നു പിടിച്ചതിന്റെ വിശദമായ പഠന റിപ്പോർട്ടുണ്ട്. 1869 ന്റെ അവസാനത്തോടെ തിരുവിതാം കൂർ, കൊച്ചി മേഖലയിൽ വ്യാപിച്ച കോളറ കൂടുതൽ മേഖലകളിലേക്ക് സംക്രമിക്കുകയും തീരദേശ മലബാറിലെ പൊന്നാനി പുഴ മുതൽ വടക്ക് കൊയ്ലാണ്ടി വരെയുള്ള തീരമേഖലയിൽ വ്യാപകമായ നാശം വിതക്കുകയും ചെയ്തിരുന്നു. തീരമേഖലയിലെ ജനങ്ങൾ കഴിച്ച മത്തി മത്സ്യത്തിലൂടെയാണ് കോളറ പടർന്നതെന്നും അതിൽ പറയുന്നുണ്ട്. പാലക്കാട് ജില്ലയുൾപ്പെടുന്ന പശ്ചിഘട്ടത്തിന്റെ സ്ഥിതി ഏറെ ഭയാനകമായിരുന്നുവെന്നും 1859 ന്റെ തുടക്കം മുതൽ രോഗ വ്യാപനം തുടങ്ങിയെന്നും പറയുന്നു.
മുമ്പ് പറവണ്ണ ഉൾപ്പടെയുള്ള തീരങ്ങളിൽ ഐല ചാകരയുണ്ടായിരുന്നുവെന്നും അത് കഴിച്ചവർക്ക് രോഗം വന്നിരുന്നുവെന്നും വളരെ ചെറുപ്പത്തിൽ പ്രായമുള്ളവർ പറഞ്ഞത് ഓർമ്മയിലുണ്ട്. ഇക്കാരണങ്ങൾ കൊണ്ടും അനവധി ആളുകൾ മരിച്ചിട്ടുണ്ട്. അതുപോലെ വസൂരി രോഗം വന്ന് നിരവധിയാളുകൾ മരിച്ചതും മുൻ തലമുറയിലുണ്ടായിട്ടുണ്ട്.
പോർച്ചുഗീസുകാരുടെ കാലത്ത് നിരവധി ആക്രമണങ്ങളെ നേരിട്ട പ്രദേശമാണ് പറവണ്ണ. അങ്ങനെ മരിച്ചവരുടെ ഖബറുകൾ ഏതെങ്കലും ഒരുപള്ളിയുടെ ഖബർസ്ഥാനിൽ മാത്രമെ കാണുകയുള്ളു. പറവണ്ണ കൂട്ടായിക്കും താനൂരിനുമിടയിലുള്ള വലിയൊരു പ്രദേശമായിരുന്നതിനാൽ തിരൂർ പോലുള്ള കിഴക്കൻ മേഖലയിൽ നിന്നു മരിച്ചവരുടെ മൃതദേഹങ്ങളും ഇവിടെയാണ് ഖബറടക്കം നടത്തിയിട്ടുള്ളത്. ഉണ്ണിയാൽ തേവർ കടപ്പുറം മേഖലയിലെ ആളുകൾ മരിച്ചാൽ മയ്യിത്ത് ഖബറടക്കിയിരുന്നത് വടക്കേ പള്ളിയിലായിരുന്നു. അതിനാൽ ഖബറുകളുടെ കണക്കിൽ അത്ഭുതപ്പെടേണ്ട കാരണങ്ങളില്ലെന്ന് കരുതാം.

ക്ഷേത്രങ്ങൾ
പറവണ്ണയിൽ ഒരു പള്ളിയും ട്രാവലേഴ്സ് ബംഗ്ലാവുമുണ്ടായിരുന്നുവെന്ന് പറവണ്ണയെ പരാമർശിക്കുന്ന കൂട്ടത്തിൽ A Discriptive Memoir of Malabar എന്ന ഗ്രന്ഥത്തിന്റെ രചയിതാക്കൾ പറയുന്നുണ്ട്. കൂടാതെ ധാരാളം ഇല്ലങ്ങളും കുറെ അമ്പലങ്ങളും ഉണ്ടായിരുന്നതായും സൂചിപ്പിക്കുന്നുണ്ട്. (പേജ്:134)
മരക്കാർ കാലം.
പറവണ്ണയും പരിസര പ്രദേശങ്ങളും പഴയ കാലത്ത് വിവിധ കോളണി ശക്തികളുടെ പല ആക്രമണങ്ങൾക്കും ഇരയായി നിരവധി രക്തസാക്ഷികളുണ്ടായ നാടാണെന്ന കാര്യത്തിൽ തർക്കമില്ല. പറവണ്ണ, കൂട്ടായി എന്നീ സ്ഥലങ്ങൾ പരപ്പനങ്ങാടി, താനൂർ തുടങ്ങിയ തുറമുഖങ്ങൾ പോലെ ചെറിയ തോതിലുള്ള കയറ്റുമതി കേന്ദ്രങ്ങളായിരുന്നുവെന്ന് വില്യം ലോഗൻ മലബാർ മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (പേജ്: 60 ).
1498 ൽ പോർച്ചുഗീസുകാർ കോഴിക്കോട്ടെത്തുന്നതിനു മുമ്പെ മറ്റു തുറമുഖങ്ങൾ പോലെ കപ്പലുകളും ചരക്കുകളും വ്യാപാരികളുമായി സജീവമായിരുന്ന പറവണ്ണ വൈദേശിക ശക്തികളുടെ നിരന്തരമായ ആക്രമണങ്ങൾക്കു ശേഷമാണ് അതിന്റെ പ്രതാപം മങ്ങി ശോഷണ സ്ഥിതിയിലായത്. പോർച്ചുഗീസുകാരുടെ കാലത്ത് മരക്കാർമാരായിരുന്നു ഇവിടെത്തെ പ്രമുഖ വ്യാപാരികൾ. അവർക്ക് ശ്രീലങ്ക, കന്യാകുമാരി, കോഴിക്കോട്, മംഗലാപുരം, ഗോവ, ഗുജറാത്ത്, മെക്ക, യമൻ, ഇറാൻ, ഈജിപ്ത്, തുർക്കി എന്നീ പ്രദേശങ്ങളുമായൊക്കെ വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. പലപ്പോഴും മരക്കാർമാർ നേരിട്ടായിരുന്നു കപ്പലുകളിൽ ചരക്കുമായി പോയിരുന്നത്. ഇങ്ങനെയുള്ള യാത്രക്കിടയിലാണ് പറവണ്ണക്കാരായ വ്യാപാരികൾ ആക്രമിക്കപ്പെട്ടത്. കടലിലൂടെ കൊണ്ടുപോകുന്ന കപ്പലുകൾക്കും ചരക്കുകൾക്കും സഞ്ചരിക്കാൻ തങ്ങളുടെ അനുവാദം വേണം എന്ന് കൽപ്പിച്ച് പോർച്ചുഗീസുകാർ കർത്താസ് എന്ന പേരിൽ അനുമതി പത്രം നൽകിയിരുന്നു. ഇന്ത്യൻ മണ്ണിൽ ജീവിക്കുന്നവർക്ക് വ്യാപാരത്തിനും കടൽ യാത്രക്കും പറങ്കികളുടെ അറിവും സമ്മതവും വേണമെന്ന കൽപ്പന ആത്മാഭിമാനമുള്ള ആർക്കാണ് സ്വീകരിക്കാൻ കഴിയുക? ആത്മാഭിമാനമുള്ള മരക്കാർമാർ അന്യായമായ ഈ ആധിപത്യത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ് നടത്തിയവരാണ്. അവരുടെ പോരാട്ടം ഒന്നുകൊണ്ടു മാത്രമാണ് കടലിൽ നിക്കക്കള്ളിയില്ലാതെ പറങ്കികൾ പിൻമാറിയത്.
എ.ഡി. 1538 ൽ പോർച്ചുഗീസുകാർ പറവണ്ണ കടന്നാക്രമിച്ചതായി ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) തുഹ്ഫത്തുൽ മുജാഹിദീൻ എന്ന തന്റെ ഗ്രന്ഥത്തിൽ പറയുന്നുണ്ട്. ( പേജ്- 60 )
പറവണ്ണയിൽ നിന്ന് വ്യാപാരിയായ കുട്ടി ഇബ്രാഹിം മരക്കാർ ഒരു കപ്പൽ നിറച്ച് കുരുമുളകും ചുക്കും ജിദ്ദാ തുറമുഖത്തേക്കയച്ചതാണ് ആക്രമത്തിനു കാരണം. പോർച്ചുഗീസുകാർ ഏറ്റവുമധികം വെറുത്തിരുന്ന ഒരു കാര്യം കുരുമുളകും ചുക്കും കയറ്റിക്കൊണ്ട് മറ്റുള്ളവർ അന്യസ്ഥലങ്ങളിലേക്കു പ്രത്യേകിച്ചും ജിദ്ദയിലേക്കു നടത്തുന്ന വാണിജ്യ യാത്രകളായിരുന്നു. ആ ആക്രമണത്തിൽ കുട്ടി ഇബ്രാഹിം മരക്കാരെയും കൂട്ടുകാരെയും കാപാലികരും വംശീയ വാദികളുമായ പോർച്ചു​ഗീസുകാർ വധിച്ചു. അതിനു ശേഷം അവർ പറവണ്ണ പട്ടണത്തിന്നു തീ വെച്ചു.
പോർച്ചുഗീസുകാരുടെ ആക്രമണത്തെ തുടർന്നാണ് പറവണ്ണയുടെ സമുദ്ര വ്യാപാരത്തിന് ഇടിവുണ്ടായത്. ‘പതിനാറാം നൂറ്റാണ്ടിൽ മലബാറിന് പോർച്ചുഗീസുമായി ഉണ്ടായിരുന്ന ബന്ധങ്ങളുടെ ചരിത്രം യഥാർത്ഥത്തിൽ സ്വന്തം നാടിനു വേണ്ടി തങ്ങളുടെ
സർവ്വസ്വവും സമർപ്പിക്കുകയും പടപൊരുതുകയും രക്ത സാക്ഷികളാവുകയും ചെയ്ത ധീരദേശാഭിമാനികളായിരുന്ന കുഞ്ഞാലി മരക്കാർമാരുടെ ചരിത്രമാണ്’. (മലബാർ പൈതൃകവും പ്രതാപവും, ഡോ. കെ.കെ.എൻ. കുറു പ്പ്, ഡോ. കെ.എം. മാത്യു, പേജ് 152) എന്ന കാര്യം ഇവിടെ ഓർമ്മിക്കാം.
മരക്കാർമാർ ആരായിരുന്നുവെന്ന് ഇവിടെ വിശദീകരിക്കേണ്ട കാര്യമില്ല. പോർച്ചുഗീസുകാരുടെ പേടിസ്വപ്നവും അവരെ ഇന്ത്യയിൽ നിന്നു തന്നെ തുരത്തിയോടിക്കാൻ ഐതിഹാസികമായ നാവിക പടകൾ നയിച്ച ധീരദേശാഭിമാനികളുമായിരുന്നു അവർ. നാട്ടിൽ കൊള്ളയും കൊലയുമായി അതിക്രമം കാട്ടിയ പോർച്ചുഗീസുകാരുടെ ഉറക്കം കെടുത്തിയവരാണ് കുഞ്ഞാലി മരക്കാർമാർ. ‘1524 മുതൽ 1600 വരെ, പോർത്തുഗീസുകാർക്കെതിരെ സാമൂതിരിയുടെ നാവിക പടയുടെ നേതൃത്വമേറ്റെടുത്ത് നാവിക യുദ്ധങ്ങൾ നടത്തിയ പ്രമുഖരായ നാലു കുഞ്ഞാലി മരയ്കാർമാരാണ് ഉണ്ടായിരുന്നത്. ഇന്ത്യൻ തീരപ്രദേശങ്ങൾക്ക് ആദ്യമായി നാവികപ്രതിരോധം സംഘടിപ്പിച്ചതിന്റെ കീർത്തി മരക്കാർമാർക്ക് അവകാശപ്പെട്ടതാണ്. കുഞ്ഞാലിമരക്കാർമാരുടെ ജന്മദേശത്തെക്കുറിച്ച് ചരിത്രകാരന്മാർ വ്യത്യസ്ത അഭിപ്രായക്കാരാണ്. കുഞ്ഞാലി വംശം പിറന്നത് തൂത്തുക്കുടിയിലാണെന്നാണ് ഒരു വിഭാഗത്തിന്റെ നിഗമനം. അവിടെ കടൽ വ്യാപാരം നടത്തിയിരുന്ന അവർ കൊച്ചിയിലെത്തിയെന്നും, പോർത്തുഗീസുകാരുടെ ശല്യം മൂലം സാമൂതിരിയുടെ നാട്ടിലെ പൊന്നാനിയിലേക്കു പലായനം ചെയ്ത് സാമൂതിരിയുടെ സമ്മതത്തോടെ, തന്ത്രപ്രധാനമായ ഇരിങ്ങലിൽ കോട്ട നിർമിച്ച് സ്ഥിരതാമസമാക്കി എന്നുമാണ് ഈ ചരിത്രകാരന്മാരുടെ വാദം. ഈ വാദം തന്നെയാണ് വസ്തുതാപരം. എന്നാൽ കുഞ്ഞാലിമാരുടെ ജന്മദേശം കോഴിക്കോട്ടെ പന്തലായനി കൊല്ലമാണെന്ന് വില്യം ലോഗൻ “മലബാർ മാന്വൽ’ ഒന്നാം വാള്യത്തിൽ പരാമർശിക്കുന്നുണ്ട്. കുഞ്ഞാലി മരയ്ക്കാർമാരുടെ വംശീയ പാരമ്പര്യത്തെ സംബന്ധിച്ചല്ല ലോ​ഗന്റെ പരാമർശമെന്നും കുഞ്ഞാലി നാലാമനെ സംബന്ധിച്ചാണെന്നും മനസ്സിലാക്കിയാൽ ഇതിലെ ആശയ കുഴപ്പം നീങ്ങും.
‘മലബാർ തീരത്ത് സ്ഥിരതാമസമാക്കിയ അറബി വ്യാപാരികളുടെ പിൻതലമുറക്കാരാണ് കുഞ്ഞാലിമാരെന്ന അഭിപ്രായവും നിലവിലുണ്ട്’.(കുഞ്ഞാലി മരക്കാർ- കെ.പി. ബാലചന്ദ്രൻ. പേജ്. 37). കുഞ്ഞാലി മരയ്ക്കാർമാരുടെ പൂർവ്വ​ഗാമികളുടെ ചരിത്രം തൂത്തുക്കുടി ജില്ലയിലെ കായൽപട്ടണത്തേക്കും അവിടെ നിന്ന് അറേബ്യയിലേക്കും പടരുന്നുവെന്നതിനാണ് പ്രമാണ പിൻബലമുള്ളത്. അറബ് വ്യാപാരികളുടെ പിൻമുറക്കാരാണ് അവർ എന്നത് വസ്തുതാപരമാണ്. എന്നാൽ മലബാറിൽ നേരിട്ടെത്തിയ അറബി വ്യാപാരികളുടെ പിൻമുറക്കാരല്ല അവർ എന്നതാണ് വസ്തുത.

പൊന്നാനി, താനൂർ, കോഴിക്കോട് തുടങ്ങിയ തുറമുഖവാസികളെ പോലെ പറവണ്ണക്കാരും രാജ്യത്തിന്റെ പൊതു ശത്രുവിനെ നേരിടുന്ന കാര്യത്തിൽ മുന്നിലുണ്ടായിരുന്നുവെന്നതിന് നിരവധി ചരിത്ര ഗ്രന്ഥങ്ങൾ സാക്ഷ്യം വഹിക്കുന്നുണ്ട്. അതിൽ ഒന്നാമത്തേത് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) യുടെ തുഹ്ഫത്തുൽ മുജാഹിദ്ദീൻ തന്നെ.
അതിൽ പരാമർശിക്കുന്ന ഒരു സവിശേഷ സംഭവമാണ് കൊടങ്ങല്ലൂരിലെ ആക്രമണം. കൊടുങ്ങല്ലൂർക്കാരനായ ഒരു മുസ്ലിമിനെ ജൂതന്മാർ ആക്രമിച്ചു കൊന്നുകളഞ്ഞ സംഭവത്തിൽ മലബാറിലെ മുസ്ലിംകളോട് കൊടുങ്ങല്ലൂരിലെ മുസ്ലിംകൾ സഹായം അഭ്യർത്ഥിച്ചതിന്റെ ഭാഗമായാണ് തുടർന്നുണ്ടായ സംഭവം. കോഴിക്കോട്, പന്തലായനി, കക്കാട്, തിക്കോടി, ചാലിയം, പരപ്പനങ്ങാടി, തിരൂരങ്ങാടി, താനൂർ, പൊന്നാനി, വെളിയങ്കോട് തുടങ്ങിയ തീരങ്ങളിൽ നിന്ന് ജൂതന്മാരെ ആക്രമിക്കാൻ തീരുമാനിച്ച് ചാലിയം ജുമാമസ്ജിദിൽ ഒത്തുകൂടിയവരുടെ കൂട്ടത്തിൽ പറവണ്ണയിൽ നിന്നുള്ളവരുമുണ്ടായിരുന്നതായി തുഹ്ഫത്തുൽ മുജീഹിദീനിൽ ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) രേഖപ്പെടുത്തിയിട്ടുണ്ട്. (പേജ്: 52). സാമൂതിരിയുടെ അനുവാദമില്ലാതെ സന്ധിയിലേർപ്പടേണ്ടെന്ന് തീരുമാനിച്ച് പോർച്ചുഗീസുകാർക്കെതിരെയും അവർ യുദ്ധം പ്രഖ്യാപിച്ച് നൂറോളം ചെറിയ കപ്പലുകളിൽ കൊടുങ്ങല്ലൂരിലേക്ക് പോയി. നിരവധി ജൂതന്മാർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ബാക്കിയുള്ളവർ കിഴക്കൻ മേഖലയിലേക്ക് ഓടി രക്ഷപ്പെട്ടതായും മഖ്ദും വിവരിക്കുന്നുണ്ട്.
1524 ൽ നടന്ന ഈ സംഭവത്തെക്കുറിച്ച് ജൂതന്മാരും പോർച്ചുഗീസുകാരുമടങ്ങുന്ന ശത്രുക്കൾക്കെതിരെ നായന്മാരും മുസ്ലിംകളും ഉൾപ്പെട്ട വൻപട തന്നെ കൊടുങ്ങല്ലൂരിലേക്ക് പോയി യുദ്ധം ചെയ്തുവെന്ന് ഈ സംഭവത്തെക്കുറിച്ച് കേരളപ്പഴമയിലും പറയുന്നുണ്ട്. (The Kerala Palama, pp. 170-85. Quoted by K. V. Krishna Ayyar).
പറവണ്ണ തീരമേഖലയായ പുത്തങ്ങാടിക്ക് വേളാപുരം എന്നൊരു പേർ കൂടിയുണ്ട്. പറവണ്ണയിൽ അങ്ങാടിയുള്ളതിനാലാവാം പിന്നീട് വന്ന അങ്ങാടിക്ക് പുതിയ അങ്ങാടി അഥവാ ‘പുത്തങ്ങാടി’ എന്ന് പേര് വരാൻ കാരണം. പരപ്പനങ്ങാടി, താനൂർ അങ്ങാടി എന്നിവ കഴിഞ്ഞാൽ പ്രസിദ്ധമായ വ്യാപാരസ്ഥാനമായിരുന്നു പറവണ്ണ അങ്ങാടി. തീരമേഖയിലെ കൂട്ടായി അങ്ങാടി കഴിഞ്ഞാൽ അന്നും ഇന്നും പ്രസിദ്ധമായ മറ്റൊരു സ്ഥലമാണ് വെട്ടത്ത് പുതിയങ്ങാടി.
പുത്തങ്ങാടിയിൽ പഴയൊരു ജാറവും പള്ളിയുമുണ്ട്. വെളിയങ്കോട് കുഞ്ഞിമരക്കാർ ശഹീദുമായി ബന്ധപ്പെട്ടാണ് ഈ പള്ളിയിലെ മഖ്ബറ വന്നതെന്ന് വിശ്വസിക്കുന്നു. വെളിയങ്കോട് കുഞ്ഞിമരക്കാർ ശഹീദ്(റ) പോർച്ചുഗീസുകാരുമായി ഏറ്റുമുട്ടി ധീര മരണം വരിച്ചയാളാണ്. പുതിയ കടപ്പുറം കാളാട് പള്ളി ഉൾപ്പടെ പല സ്ഥലങ്ങളിലെ പള്ളികളും കുഞ്ഞിമരക്കാർ ശഹീദിന്റെ പേരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇത്തരം പള്ളികളിൽ ജാറങ്ങളുണ്ട്.
കുഞ്ഞിമരക്കാർ ശഹീദ്(റ) യുടെ ചരിത്രം ‘അത്ഭുത രത്നമാല അഥവാ കോട്ടുപ്പള്ളി മാല’ എന്ന പേരിൽ ഖിസ്സ പാട്ടായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുനിയിൽ ഇമ്പിച്ചി ബാവ വൈദ്യരാണ് ഇത് രചിച്ചിട്ടുള്ളത്. അതിലെ സംഭവം ഇങ്ങനെയാണ്: പൊന്നാനിക്ക് സമീപത്തെ ഒരു ഗ്രാമത്തിൽ നിന്ന് പോർച്ചുഗീസ് പട്ടാളക്കാർ കപ്പലിൽ കയറ്റി ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. അവളെ രക്ഷപ്പെടുത്താൻ കടലിൽ തനിച്ചു പോയ ധീരനായ യുവാവായിരുന്നു കുഞ്ഞിമരക്കാർ. ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) യുടെ ശിഷ്യരിൽ ഒരാളാണ് മാനാത്ത് വീട്ടിൽ കുഞ്ഞി മരക്കാർ. ആ ദിവസം കുഞ്ഞിമരക്കാരുടെ വിവാഹമായിരുന്നു. വിവാഹ ചടങ്ങിനായി തടിച്ചുകൂടിയ ആളുകൾ സൈനുദ്ദീൻ മഖ്ദൂമിൻെറ അടുത്ത് ചെന്ന് ഇക്കാര്യം പറഞ്ഞു. കടലിൽ നങ്കൂരമിട്ടുകിടക്കുന്ന പോർച്ചു​ഗീസ് കപ്പലിലേക്ക് ഒരു പെൺകുട്ടിയെ പോർച്ചുഗീസുകാർ പിടിച്ചു കൊണ്ടുപോയെന്നും കപ്പലിൽ കയറ്റിയിട്ടുണ്ടെന്നും ആർക്കും അവളെ അപകടത്തിൽ നിന്ന് രക്ഷിക്കാനായില്ലെന്നും നവവരനായ കുഞ്ഞി മരക്കാരും അറിഞ്ഞു. അദ്ദേഹം ആരെയും അറിയിക്കാതെ, വിവാഹ പന്തലിൽ നിന്ന് ഒരു യാനത്തിൽ കയറി ആഴക്കടലിൽ നങ്കൂരമിട്ടു കിടന്ന കപ്പൽ ലക്ഷ്യമാക്കി പോവുകയും ധീരോദാത്തമായ യുദ്ധത്തിലൂടെ കപ്പലിൽ കയറി പറ്റി പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു. ആ യുദ്ധത്തിൽ അക്രമികളായ നിരവധി പോർച്ചുഗീസുകാർ കൊല്ലപ്പെട്ടു. പെൺകുട്ടിയെ രക്ഷപ്പെടുത്തി പുറപ്പെടാനൊരുങ്ങിയ കുഞ്ഞിമരക്കാരെ കപ്പലിൽ മുറിവേറ്റ് രക്ഷപ്പെടാനാവാതെ ഒളിച്ചു നിന്ന പറങ്കി പടയാളി ഓർക്കാപുറത്ത് വെട്ടി വീഴ്ത്തി. ആ പോരാട്ടത്തിൽ യുവ നായകൻ കുഞ്ഞിമരക്കാർ രക്തസാക്ഷിയായി.
പിന്നീട് പറങ്കിപ്പടയെത്തി ആ യുവാവിന്റെ മൃതദേഹം പല കഷണങ്ങളായി വെട്ടിമുറിച്ചു പലയിടത്തായി കടലിൽ വലിച്ചെറിഞ്ഞു. അവ പലയിടങ്ങളിലായി കരക്കടിഞ്ഞു. നാട്ടുകാർ ആ ശരീര ഭാഗങ്ങൾ ആദരവോടെ സംസ്ക്കരിച്ചു. മഖ്ബറകൾ കെട്ടി പരിപാലിക്കാൻ തുടങ്ങി. പിന്നീട് ഈ ജാറങ്ങൾ അത്ഭുത സിദ്ധിയുടെ കേന്ദ്രങ്ങളായി, നാട്ടുകാർ നേർച്ച വഴിപാടുകൾ നടത്തി പരിപാലിക്കാനും തുടങ്ങി. ചരിത്രകാരനായ വി. കുഞ്ഞാലി മേൽ ഖിസപ്പാട്ട് ഉദ്ധരിച്ച് Proceedings of the Indian History Congress – Vol.64 – session 23-ൽ എഴുതിയ ലേഖനത്തിൽ ഇതേ കുറിച്ച് പറയുന്നുണ്ട്. (The marakkar legacy and mappila community. Page: 270). എന്നാൽ കുഞ്ഞിമരക്കാർ ശഹീദിൻെറ ശരീര ഭാഗങ്ങൾ ഏഴിടത്താണ് കണ്ടെത്തിയതെന്നും വെളിയങ്കോട്, താനൂർ, തിരുവണ്ണൂർ, ബേപ്പൂർ, വടകര, വൈപ്പിൻ, കോട്ട എന്നീ സ്ഥലങ്ങളിൽ ആ ശരീരഭാഗങ്ങൾ ആദരവോടെ മഖാമുകൾ കെട്ടി പരിപാലിക്കുന്നുവെന്നുമാണ് പൊതുവെയുളള വിശ്വാസം. ഇതേ കുറിച്ച് പൈതൃകം എന്ന പേരിൽ എം.ടി. ശിഹാബുദ്ദീൻ സഖാഫിയുടെ യു ട്യൂബ് വ്‌ലോഗിലും വിശദീകരിക്കുന്നുണ്ട്. (എപ്പി സോഡ് 47). ഈ പട്ടികയിൽ വേളാപുരവും പുതിയകടപ്പുറവുമില്ല. മാത്രമല്ല പറവണ്ണയുടെ ചരിത്രത്തെ കുറിച്ച് നേരത്തെ സൂചിപ്പിച്ച A Discriptive Memoir of Malabar, Transactions of the Bombay Society Vol.3, 1939 (Proceedings of the Bombay Geographical Society Dec.-Feb, 1839- 40) എന്നിവകളിലും ഇത് സംബന്ധമായ സൂചനകളില്ല. രണ്ടാമത്തെ പുസ്തകം 1839-40 കാലഘട്ടത്തിലാണ് പുറത്തിറങ്ങിയതെന്നും ഓർക്കുക.
പറവണ്ണ കടപ്പുറം വേളാപുരം എന്ന് അറിയപ്പെടാൻ കാരണം കുഞ്ഞിമരക്കാർ ശഹീദിന്റെ ശരീരഭാഗങ്ങളിൽ ‘വേള’ അഥവാ കഴുത്ത് അടിഞ്ഞു കയറിയത് പറവണ്ണ കടപ്പുറത്തായതിനാലാണ് എന്നാണ് ഒരു ഭാഷ്യം. വേളാപുരം എന്ന നാമം ഇങ്ങനെ വന്നതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ ‘പാര’ എന്ന പേരിൽ അറിയപ്പെടുന്ന മത്സ്യം വേളയെന്നും പറയാറുണ്ട്. പാര കൂടുതൽ ലഭിച്ചിരുന്ന സ്ഥലം എന്നതിനാലാവാം വേളാപുരം എന്ന് പേർ വരാൻ കാരണമെന്നും കരുതാം. വേളാപുരം എന്ന പേരിൽ കണ്ണൂർ ജില്ലയിൽ ഒരു സ്ഥലമുണ്ട്. കണ്ണൂർ പട്ടണത്തിന്റെ പഴയ പേരാണിത്. (ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ എഴുതിയ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ പേജ്:81). കടൽക്കരക്ക് ‘വേല’ എന്ന പേരുള്ളതിനാലാണ് ഈ സ്ഥലത്തിന് വേളാപുരം എന്ന പേർ വരാൻ കാരണമെന്നും പുസ്തകത്തിൽ പറയുന്നു. ഈ രീതിയിലാവാം പറവണ്ണ കടപ്പുറത്തിനും വേളാപുരം എന്ന പേർ ലഭിച്ചത്. ഊഹത്തിനും കരുതലുകൾക്കും ചരിത്രത്തിൽ പ്രത്യേക പരിഗണനയില്ലെന്നതും ഇവിടെ ഓർക്കേണ്ടതുണ്ട്.

പുതിയ കാലം
അറേബ്യയിൽ നിന്നെത്തിയ സാദാത്തു കുടുംബങ്ങളിൽ നിന്നുള്ള പിൻമുറക്കാരിൽ ചിലരും പറവണ്ണയിൽ അധിവസിക്കുന്നുണ്ട്. ആധുനിക പൂർവ്വ കാലത്തും ആധുനിക ഘട്ടത്തിലും വിഖ്യാതരായ പല പണ്ഡിത പ്രമുഖരുടെയും ശ്രദ്ധേയ സാന്നിധ്യവും പറവണ്ണ മേഖലയിലുണ്ടായിട്ടുണ്ട്.
പൊന്നാനി, താനൂർ തുടങ്ങിയ തീരമേഖലയിലെ ദീനി പ്രവർത്തന രംഗത്ത് മുന്നിൽ നിന്ന പ്രദേശങ്ങൾക്കൊപ്പം പറവണ്ണക്കും പ്രത്യേക സ്ഥാനമുണ്ട്.
സമസ്തയുടെ ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ മദ്രസകൾ വരുന്നതിനു മുമ്പ് തന്നെ മദ്റസത്തുൽ ബനാത്ത് എന്ന നാമത്തിൽ മദ്രസ സ്ഥാപിക്കുകയും പെൺകുട്ടികൾക്ക് പ്രത്യേകം സിലബസ് നിർമ്മിച്ച് പഠനം ആരംഭിക്കുകയും ചെയ്ത നാടാണ് പറവണ്ണ. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ മദ്രസകൾക്ക് അംഗീകാരം നൽകാൻ തുടങ്ങിയപ്പോൾ രണ്ടാം മദ്രസയായി അംഗീകരിക്കപ്പെട്ടത് പറവണ്ണയിലെ മദ്റസത്തുൽ ബനാത്തായിരുന്നു. അതിനു നേതൃത്വം നൽകിയത് പറവണ്ണയുടെ സ്വന്തം കെ.പി.എ. മുഹ് യുദ്ദീൻകുട്ടി മുസ്ലിയാരായിരുന്നു. സമസ്തയുടെ രണ്ടാമത്തെ ജനറൽ സെക്രട്ടറിയും വിദ്യാഭ്യാസ ബോർഡിന്റെ പ്രഥമപ്രസിഡന്റുമായിരുന്നു പറവണ്ണ മുഹ് യുദ്ദീൻ കുട്ടി മുസ്ലിയാർ(ന.മ).
മുസ്ലിയാരുടെ മകൻ ഡോ. ബശീർ മുഹ് യുദ്ദീനും ഏറെ പ്രസിദ്ധനാണ്.
വെല്ലൂർ ബാഖിയാത്തിൽ നിന്ന് ബാഖവി ബിരുദം, ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി, കൈറോ യൂണിവേഴ്സിറ്റി തുടങ്ങിയവയിൽ നിന്നും ഉപരി പഠനം പൂർത്തിയാക്കിയ ഡോ. ബഷീർ സൗദിയിലെ ദാറുൽഇഫ്തയുടെ നേതൃത്വത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ മിഷനറി പ്രവർത്തനം നടത്താൻ നിയോഗിതനായ ആദ്യ ഇന്ത്യക്കാരനാണ്.  ‘ഖുർആൻ ദി ലിവിംഗ് ട്രൂത്ത്’ എന്ന വിശ്വപ്രസിദ്ധമായ ഇംഗ്ലീഷ് വ്യാഖ്യാന ഗ്രന്ഥം ഇദ്ദേഹത്തിന്റെതാണ്.
അതുപോലെ ജില്ലയിലെ തീരമേഖലയിൽ മുസ് ലിം നവോത്ഥാന പ്രസ്ഥാനത്തിന് തുടക്കമിട്ടതും പറവണ്ണയിലാണ്. വെള്ളിയാഴ്ച്ചകളിൽ മലയാള ഖുതുബയുമായി സലഫി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട ‘വഹാബി പള്ളി’യും പറവണ്ണയിലാണ്. ഇതു കൂടാതെ ഖുർആൻ സുന്നത്ത് സൊസൈറ്റിയുമായി ഏറെ കാലം ചേകന്നൂർ മൗലവിയും പറവണ്ണയിലുണ്ടായിരുന്നു. തികച്ചും വഴിപിഴച്ച ആ പ്രസ്ഥാനത്തിനും പറവണ്ണയിൽ ശക്തമായ വേരുണ്ടായിരുന്നു. ചേകനൂർ ഭാര്യമാരിൽ ഒരാൾ പറവണ്ണക്കാരിയാണ്. കൂടാതെ ജമാഅത്തെ ഇസ്ലാമിക്കും പറവണ്ണയുടെ വിദ്യാഭ്യാസ സാംസ്കാരിക ചരിത്രത്തിൽ തനതായ പങ്കുണ്ട്.

അറേബ്യയിൽ നിന്നെത്തിയ സാദാത്തു കുടുംബങ്ങളിൽ നിന്നുള്ള പിൻമുറക്കാരിൽ ചിലരും പറവണ്ണയിൽ അധിവസിക്കുന്നുണ്ട്. ആധുനിക പൂർവ്വ കാലത്തും ആധുനിക ഘട്ടത്തിലും വിഖ്യാതരായ പല പണ്ഡിത പ്രമുഖരുടെയും ശ്രദ്ധേയ സാന്നിധ്യവും പറവണ്ണ മേഖലയിലുണ്ടായിട്ടുണ്ട്.
പൊന്നാനി, താനൂർ തുടങ്ങിയ തീരമേഖലയിലെ ദീനി പ്രവർത്തന രംഗത്ത് മുന്നിൽ നിന്ന പ്രദേശങ്ങൾക്കൊപ്പം പറവണ്ണക്കും പ്രത്യേക സ്ഥാനമുണ്ട്.
സമസ്തയുടെ ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ മദ്രസകൾ വരുന്നതിനു മുമ്പ് തന്നെ മദ്റസത്തുൽ ബനാത്ത് എന്ന നാമത്തിൽ മദ്രസ സ്ഥാപിക്കുകയും പെൺകുട്ടികൾക്ക് പ്രത്യേകം സിലബസ് നിർമ്മിച്ച് പഠനം ആരംഭിക്കുകയും ചെയ്ത നാടാണ് പറവണ്ണ. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ മദ്രസകൾക്ക് അംഗീകാരം നൽകാൻ തുടങ്ങിയപ്പോൾ രണ്ടാം മദ്രസയായി അംഗീകരിക്കപ്പെട്ടത് പറവണ്ണയിലെ മദ്റസത്തുൽ ബനാത്തായിരുന്നു. അതിനു നേതൃത്വം നൽകിയത് പറവണ്ണയുടെ സ്വന്തം കെ.പി.എ. മുഹ് യുദ്ദീൻകുട്ടി മുസ്ലിയാരായിരുന്നു. സമസ്തയുടെ രണ്ടാമത്തെ ജനറൽ സെക്രട്ടറിയും വിദ്യാഭ്യാസ ബോർഡിന്റെ പ്രഥമപ്രസിഡന്റുമായിരുന്നു പറവണ്ണ മുഹ് യുദ്ദീൻ കുട്ടി മുസ്ലിയാർ(ന.മ).

മത സാമുദായിക ബന്ധങ്ങളിലും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും തനത് പാരമ്പര്യവും പറവണ്ണക്ക് അവകാശപ്പെടാനുണ്ട്.
മലയാള ഭാഷയുടെ പിതാവ് ഒരർത്ഥത്തിൽ ഈ നാട്ടുകാരനാണ്. തുഞ്ചത്ത് എഴുത്തച്ഛൻ ജനിച്ച തുഞ്ചൻമഠം സ്ഥിതി ചെയ്യുന്നത് പറവണ്ണ തൊട്ടു കിഴക്ക് ഭാഗത്താണ്. മൂന്ന് കിലോമീറ്റർ മാത്രമെയുള്ളു അവിടേക്ക്. തുഞ്ചൻ സ്മാരക കോളജ്, ആ പേരിൽ തന്നെയുള്ള മലയാള സർവ്വകലാശാലയും പറവണ്ണയിലെ വാക്കാട്ടാണ്. 2.5 കിലോമീറ്റർ തെക്കോട്ടു പോയാൽ ഇവിടെയെത്താം. പറവണ്ണ തുഞ്ചന്റെ മണ്ണാണെന്നു തന്നെ പറയാം.
പറവണ്ണയുടെ ആധുനികവത്കരണ പ്രക്രിയയെ ത്വരിതപ്പെടുത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ സവിശേഷം സ്മരിക്കപ്പെടേണ്ടതുണ്ട്.
വെട്ടം സ്വരൂപത്തിലെ പൊന്നാനി മുതൽ താനൂർ വരെയുള്ള തീരദേശത്തെ ആദ്യത്തെ സർക്കാർ ഹൈസ്കൂൾ 1962-ൽ ആരംഭിച്ച പറവണ്ണ സ്കൂളാണ്. എണ്ണമറ്റ ആളുകളാണ് ഇവിടെ നിന്ന് വിദ്യ നുകർന്ന് ഉയരങ്ങളിലെത്തിയത്. ചരിത്രത്തിലും വർത്തമാനത്തിലും പറവണ്ണയെ അതിവർത്തനക്ഷമമാക്കിയ ഈ മൂല്യം തന്നെയാണ് പറവണ്ണയുടെ ഭാവി ചരിത്രത്തിലേക്കുള്ള കരുതിവെപ്പും എന്ന കാര്യം സവിശേഷമായി അനുസ്മരിച്ചു കൊണ്ട് ഈ കുറിപ്പിന് വിരാമം.

തീരദേശ മലബാർ; ചരിത്രവും സമൂഹവും എന്ന പ്രസിദ്ധീകരിക്കാനിരിക്കുന്ന ​ഗവേഷണ ​ഗ്രന്ഥത്തിൽ നിന്നുള്ള ഒരു അദ്ധ്യായം.

വിവരങ്ങൾക്ക് കടപ്പാട്: സൈനുദ്ദീൻ മന്ദലാംകുന്ന്,
കെ.സി. അബ്ദുള്ള, അബൂബക്കർ സിദ്ദീഖ്, എ.പി. അൻവർ പറവണ്ണ, ഡോ. ഇസ്മാഈൽ ഹുദവി, ചെമ്മലശ്ശേരി.
എം.ടി. ശിഹാബുദ്ദീൻ സഖാഫി.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy