അൽഹാഫിള്മുഹമ്മദ്സുൽത്താൻബാഖവികായൽപട്ടണം
ഹിജ്റ വർഷാരംഭ കാലത്ത് തന്നെ ദക്ഷിണേന്ത്യൻ തീരങ്ങളുമായി മുസ്ലിംകളായ അറബികൾ സജീവമായ വാണിജ്യവിനിമയങ്ങൾ നിലനിർത്തിയിരുന്നു. അവർ വഴി ദക്ഷിണേന്ത്യൻ തീരങ്ങളിൽ ഇസ്ലാം പ്രചരിച്ചിരുന്നുവെന്നത് പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ട വസ്തുതയാണ്. ഇസ്ലാമിന് മുമ്പു തന്നെ അറേബ്യൻ നാടുകളിൽ നിന്നും ഇൗജിപ്തിൽ നിന്നും മറ്റും യഹൂദികളും പിൽക്കാലത്ത് ക്രിസ്ത്യാനികളുമെല്ലാം ദക്ഷിണേന്ത്യൻ ഭാഗങ്ങളിൽ കുടിയേറുകയും ഇവിടുത്തെ ജനങ്ങളുമായി ഇടകലർന്ന് സങ്കരസമൂഹമായി രൂപാന്തരപ്പെടുകയും ചെയ്തിട്ടുണ്ട്. അക്കാലത്ത് കടൽ വഴിയുള്ള വാണിജ്യങ്ങൾ വളരെ സജീവമായി നിലനിന്നിരുന്നതിനാൽ വ്യാപാരാവശ്യാർത്ഥം ദക്ഷിണേന്ത്യൻ തീരങ്ങളുമായി സമ്പർക്കപ്പെടേണ്ടത് വിദേശവ്യാപാരികൾക്ക് അനിവാര്യമായിരുന്നു. നാഖുദമാർ എന്നറിയപ്പെട്ട അറബി കപ്പിത്താന്മാരാണ് അധികവും ഇത്തരം പ്രദേശങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നത്. സമുദ്രസഞ്ചാരത്തിന്റെ റൂട്ടുകളിലും മാപ്പുകളിലും നല്ല അവഗാഹമുള്ളവരായിരുന്നു അവർ.
വിശേഷിച്ച് ശ്രീലങ്ക, കായൽപട്ടണം പോലുള്ള പ്രദേശങ്ങൾ മറികടക്കാതെ ചൈനയിലേക്കും സുമാത്ര, ഇന്തോനേഷ്യ പോലുള്ള പൗരസ്ത്യദേശങ്ങളിലേക്കും സമുദ്രമാർഗം എത്താൻ സാധിക്കില്ലായിരുന്നു. ആയതിനാൽ ഇപ്പോൾ കായൽ പട്ടണം എന്നറിയപ്പെടുന്നതും അറബികൾ മഅബർ എന്ന നാമത്തിൽ വിളിച്ചിരുന്നതുമായ കോറമോണ്ഡലം പ്രദേശങ്ങൾ സമുദ്ര വാണിജ്യഭൂപടത്തിൽ വളരെ നിർണ്ണായക പ്രാധാന്യമേറിയ ഒരു പ്രദേശമാണെന്ന് കാണാവുന്നതാണ്.
കായൽപട്ടണം എന്നറിയപ്പെടുന്ന ദേശത്തിന് മഅ്ബർ എന്ന് നാമം സിദ്ധിച്ചതുമായി ബന്ധപ്പെട്ട് ചരിത്ര വസ്തുതകൾക്ക് നിരക്കാത്ത ചില അഭ്യൂഹങ്ങൾ ചിലരിന്ന് പ്രചരിപ്പിക്കുന്നുണ്ട്. ചരിത്രവുമായോ സംസ്കാരങ്ങളുമായോ യാതൊരുവിധ ഇണക്കവും പ്രകടിപ്പിക്കാത്ത ഒരു തരം വഹാബി പ്യൂരിറ്റൻ ഇസ്ലാമിനെ അറേബ്യയിൽ നിന്ന് നേരിട്ട് പറിച്ച് നടാൻ ലക്ഷ്യം വെച്ച് ദേശനാമങ്ങളെ പോലും അട്ടിമറിച്ച് യഥാർത്ഥ ഇസ്ലാമിക പാരമ്പര്യങ്ങളെ തമസ്കരിക്കാൻ നടത്തുന്ന വ്യാജവേലകൾ മാത്രമാണ് അത്തരം വക്രീകരണങ്ങൾ എന്ന് പ്രഥമ വിഷകലനത്തിൽ തന്നെ ബോദ്ധ്യമാകുന്നതാണ്. ഇൗ പരാമർശങ്ങൾ ആമുഖമായി കുറിക്കാൻ പ്രേരിപ്പിച്ചത് അടുത്തിടെ കാണാനിടയായ ചരിത്രസംബന്ധിയായ ഒരു ഡോക്യുമെന്ററിയാണ്. പ്രസ്തുത ഡോക്യുമെന്റെറിയിൽ ചില ചരിത്ര വസ്തുതകൾ ബോധപൂർവ്വം മറച്ചുവെക്കാൻ യാതൊരു പ്രമാണപിൻബലവുമില്ലാത്ത ചില വ്യാജ വാദങ്ങൾ ഉന്നയിക്കുന്നതായി കാണാനിടയായി. പൊന്നാനിയിൽ വെച്ച് നടന്ന ഒരു കുടുംബ സംഗമത്തിൽ പുറത്തിറക്കിയ ആ ഡോക്യുമെന്ററിയിൽ പറയുന്നത് മഅ്ബർ എന്നാൽ യമൻ തീരത്തുള്ള ഒരു പ്രദേശത്തിന്റെ പേരാണ് എന്നാണ്. തമിഴ്നാട്ടിലെയും കേരളത്തിലെയും മുസ്ലിംകൾക്കിടയിൽ പാരമ്പര്യമായി നിലനിൽക്കുന്ന ചില ആചാരങ്ങൾ സൈനുദ്ദീൻ മഖ്ദൂം(റ)യെ പോലുള്ളവരിലേക്ക് ചേർത്ത് പറയപ്പെടുന്നതിനോടുള്ള അസഹിഷ്ണുത നിമിത്തം അവരുടെ കുടുംബം കായൽപട്ടണത്ത് നിന്നല്ല യമനിൽ നിന്നാണ് നേരിട്ട് കേരളത്തിലെത്തിയത് എന്ന ഒരു പുതിയ സിദ്ധാന്തം മെനഞ്ഞുണ്ടാക്കുന്നതിനാണ് ഇൗ വ്യാജവാദത്തെ തത്പരകക്ഷികൾ കൂട്ടുപിടിച്ചിട്ടുള്ളത്. ഇങ്ങനെ യമനിൽ നിന്ന് നേരിട്ട് വന്ന ദീനിൽ കലർപ്പുകളൊന്നുമില്ലായിരുന്നുവെന്നും പിന്നീട് കലർപ്പുകൾ ഉണ്ടായത് ഇവിടെയുള്ള ജനജീവിതവുമായി ഇഴുകിച്ചേർന്നതിന്റെ ഫലമായി അവരുടെ ദുരാചാരങ്ങൾ മുസ്ലിംകൾക്കിടയിൽ പ്രചരിച്ചിരുന്നതിന്റെ ഫലമായിരുന്നെന്നും പ്രസ്തുത ഡോക്യൂമെന്ററിയിൽ സിദ്ധാന്തം മെനയുന്നു. ഡോക്യൂമെന്ററി മാത്രമല്ല മറ്റ് ചിലരും ഇൗ വ്യാജം യാതൊരു പ്രമാണത്തിന്റെയും പിൻബലമില്ലാതെ അവതരിപ്പിക്കുന്നതിനാൽ ഇതിന്റെ വസ്തുതയും യാഥാർത്ഥ്യവും സൂക്ഷ്മമായി വിശകനം ചെയ്യാനാണ് ഇൗ പ്രബന്ധത്തിൽ പരിശ്രമിക്കുന്നത്.
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഇസ്ലാമിക ചരിത്രത്തിൽ മഅ്ബറുമായുള്ള ബന്ധങ്ങൾ വിശകലനം ചെയ്യേണ്ട നിരവധി സന്ദർഭങ്ങളുണ്ട്. ബഹുമാനപ്പെട്ട പൊന്നാനി വലിയ സൈനുദ്ദീൻ മഖ്ദൂം അൽ മഅ്ബരി(റ), ഖാളി മുഹമ്മദ്(റ)യുടെ ഗുരുവര്യരായിരുന്ന മുഹമ്മദ് ലബൈയ്യുൽ ഖാഹിരി(റ) അങ്ങനെ കേരള മുസ്ലിം ചരിത്രത്തിലെ പല പ്രശോഭിത വ്യക്തിത്വങ്ങളുമായും മഅ്ബർ എന്ന പ്രദേശം പലനിലയിൽ ബന്ധപ്പെടുന്നുണ്ട്. മഅ്ബരികളായ നിരവധി ഗ്രന്ഥകാരന്മാർ അറിയപ്പെട്ടവരായുണ്ട്. അവരിൽ മുഹമ്മദ് നുസ്കി അൽ മഅ്ബരി എന്നവർ രചിച്ചതാണ് പത്ത് കിതാബുകളിൽ പെട്ട അർബഇൗൻ എന്ന ഗ്രന്ഥം. മീസാനും അജ്നാസും രചിച്ചത് മുഹമ്മദ് ലബൈ്ബ അൽ ഖാഹിരി എന്നവരാണ്. ഇങ്ങനെ വിഖ്യാതരായ പല വ്യക്തിത്വങ്ങളുമായും ചേർത്ത് പറയപ്പെടുന്ന മഅ്ബർ എന്ന പ്രയോഗവും ആ പേരിലറിയപ്പെട്ട പ്രദേശവും ചരിത്ര ഗ്രന്ഥങ്ങളിൽ എപ്രകാരമാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത് എന്നത് സാമാന്യമായൊരു വിശകലനത്തിന് വിധേയമാക്കുകയാണിവിടെ.
മഅ്ബർ എന്ന പ്രദേശം യമനിലാണോ അതോ കായൽപട്ടണം എന്നറിയപ്പെട്ട തമിഴ്നാടിന്റെ തെക്കൻ തീരങ്ങളിലാണോ എന്നത് പ്രമാണങ്ങളെ മുൻനിറുത്തി നമുക്ക് പരിശോധിക്കാം. ഹിജ്റ 626 ൽ ഇഹലോകവാസം വെടിഞ്ഞ വിഖ്യാതപണ്ഡിതൻ യാക്കൂത്തുൽ ഹമവി(റ) എഴുതിയ പ്രസിദ്ധമായ ചരിത്രഗ്രന്ഥമാണ് മുഅ്ജമുൽ ബുൽദാൻ. പ്രസ്തുത ഗ്രന്ഥത്തിൽ മഅ്ബറിനെക്കുറിച്ച് ഇപ്രകാരം പറയുന്നു:
“”മഅ്ബർ എന്നത് ഇന്ത്യയിൽ പെട്ട വലിയൊരു നാടാണ്. മഞ്ചറൂർ ഫാക്കനൂർ, ഖൂറ്, ഫോഫൽ തുടങ്ങിയവയെല്ലാം ഇന്ത്യയിൽ പെട്ട വളരെ പ്രധാനപ്പെട്ട മറ്റ് നാടുകളാണ്.”
ഏതാണ്ട് എണ്ണൂറുലധികം വർഷങ്ങൾക്കുമുമ്പ് രേഖപ്പെടുത്തപ്പെട്ടതാണ് മുഅ്ജമുൽ ബുൽദാനിൽ ഇൗ സ്ഥലനാമം. അതിനർത്ഥം ചുരുങ്ങിയത് ഇൗ നാമത്താൽ ഇൗ പ്രദേശങ്ങൾ അറിയപ്പെടാൻ തുടങ്ങിയിട്ട് എണ്ണൂറ് വർഷങ്ങളായി എന്നാണ്.
ഇനി മറ്റൊരു പ്രമാണം കാണുക. ഹിജ്റ 749 ൽ വിയോഗം സംഭവിച്ച ശിഹാബുദ്ദീനുൽ അഹ്മദുബ്നുൽ യഹ്യൽ ഖുറശിയ്യുൽ അദവിയ്യുൽ ഉമരി തന്റെ മസാലിക്കുൽ അബ്സാർ ഫീ മമാലിക്കുൽ അംസാർ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്:
“”മഅ്ബർ വലിയൊരു പ്രദേശമാണ്. ഇത് ഇന്ത്യയിൽ പെട്ടതാണ്.”ഇന്ത്യയും സിന്ധും എന്ന ഭാഗത്താണ് ഇക്കാര്യം പറയുന്നത്. എഴുന്നൂറോളം വർഷം മുമ്പായിരിക്കാം ഇക്കാര്യം പ്രസ്തുത ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇങ്ങനെ ആദ്യകാലത്തെ ചരിത്രകാരന്മാരും സഞ്ചാരികളുമെല്ലാം മഅ#്ബർ എന്ന പ്രദേശത്തെ സ്ഥാനനിർണ്ണയം ചെയ്തത് ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഒരു പ്രദേശമായാണ്. ഇനി പഴക്കം ചെന്ന മറ്റൊരു പ്രമാണം കാണുക.
ഹിജ്റ 764 വരെ ജീവിച്ച സ്വലാഹുദ്ദീൻ ഖലീലുബ്നു അബീഖു സഫ്ദി തന്റെ അഅ്യാനുൽ അസ്റ് വ അഅ്വാനുന്നസ്റ് എന്ന ഗ്രന്ഥത്തിൽ മുഹമ്മദ് ഇബ്നു തമീം എന്നവരെ കുറിച്ച് വിവരിക്കുമ്പോൾ ഇപ്രകാരം പറയുന്നു:
“”ശറഫുദ്ദീൻ അബൂ അബ്ദില്ലാഹിൽ ഇസ്കന്ദരി എന്നതാണ് അദ്ദേഹത്തിന്റെ പേര്. യമനാണ് സ്വദേശം. യമനിൽ പെട്ട ഹുസ്ബുറുദ്ദീൻ എന്ന ഭരണാധികാരിയുടെ അമ്പാസിഡറായി ജോലി ചെയ്തവരായിരുന്നു അദ്ദേഹം. ആദ്യം ഇദ്ദേഹം ഇന്ത്യയിലെ മഅ്ബറിലാണ് താമസിച്ചിരുന്നത്.”
ഹിജ്റ 821 ൽ ഇഹലോക വാസം വെടിഞ്ഞ അഹ്മദുബ്നു അലിയ്യുൽ കൽക്കശന്ദി ഇമാം തന്റെ തഖ്വീമുൽ ബുൽദാനിൽ ഇങ്ങനെ പ്രസ്താവിക്കുന്നു:
“”ഇന്ത്യയിലെ നാടുകളിൽ പെട്ട വലിയൊരു നാടാണ് മഅ്ബർ. ഇന്ത്യയിലെ ഏഴ് വലിയ മേഖലകളിൽ മൂന്നാം സ്ഥാനം വഹിക്കുന്ന നാടായിരുന്നു ഇത്. അത് മഅ്ബർ രാജാവിന്റെ പട്ടണമായിരുന്നു. ഇന്ത്യയിലാണിത്. അവിടെ കുതിരകൾ കൊണ്ടുവരപ്പെടുന്നുണ്ട്.” സുബ്ഹുൽ അഹ്ശാ ഫീ സനാഅത്തുൽ ഇൻശാ എന്ന ഭാഗത്താണിത്.
കായൽ പട്ടണത്ത് പ്രമുഖമായ രണ്ട് സ്ഥലങ്ങളുണ്ട്. ഒന്ന് മധ്യകായൽ, മറ്റൊന്ന് കിഴക്കേ കായൽ. മധ്യകായൽ ഭാഗത്തിനെ ഇന്നും ആളുകൾ മഅ്ബർ എന്നാണ് വിളിക്കുന്നത്. ആദ്യകാലത്ത് ഒരു മുസ്ലിം ഭരണവംശം തന്നെ ഇവിടെ നിലനിന്നിരുന്നു. മഅ്ബർ സുൽത്താന്മാർ എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. അവരെ കുറിച്ച് മധുരൈ യൂണിവേഴ്സിറ്റി ഒരു ഗ്രന്ഥം പുറത്തിറക്കിയിട്ടുണ്ട്. മുസ്ലിമായ ഒരു രാജാവ് ഇവിടെ മരണപ്പെടുകയും ആ രാജാവിന്റെ ഖബ്റിന്മേൽ വ്യക്തമായ ലിഖിതം കാണപ്പെടുകയും ചെയ്യുന്നുണ്ട്. അബ്ദുൽ അസീസുൽ മഅ്ബരി എന്നാണ് ആ ഖബറിൽ രേഖപ്പെടുത്തപ്പെട്ട ലിഖിതം. ആ ഖബർ ഇന്നും നമുക്ക് കാണാവുന്നതാണ്. പുരാതനമായ അതിലെ ലിഖിതവും വ്യക്തമായി തന്നെ കാണപ്പെടുന്നുണ്ട്. ഇബ്നു ബത്തൂത്ത പറയുന്നത് മഅ്ബർ ഇന്ത്യയിലെ പച്ചപിടിച്ച ഒരു അനുഗ്രഹീത നാടാണ് എന്നാണ്. മാത്രമല്ല മഅ്ബറിൽ നിന്ന് ഡൽഹിയിലേക്ക് ആറ് മാസത്തെ വഴിദൂരമുണ്ടെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. ഇബ്നു ബത്തൂത്ത സ്വന്തം സഞ്ചാരാനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇപ്രകാരം പറഞ്ഞിട്ടുള്ളത്. അക്കാലത്ത് കാൽനടയായി ഇന്ത്യയിലെ ഒട്ടുമിക്ക പ്രദേശങ്ങളും താണ്ടികടന്ന് അദ്ദേഹം മഅ്ബറിലെത്തിയതിന്റെ കാലദൈർഘ്യമാണ് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്. മുസ്ലിംകൾക്ക് ലഭിച്ച വിജയങ്ങളെയും എെശ്വര്യങ്ങളെയും കുറിച്ച് പറയുന്ന ഒരു സ്ഥലത്ത് ഇബ്നു ബത്തൂത്ത മധുര എന്ന സ്ഥലനാമം പരാമർശിക്കുന്നുണ്ട്. ആസന്ദർഭത്തിൽ ഒരു പട്ടൺ എന്ന നാട്ടിലേക്ക് പോയതായും ആ നാട് കടപ്പുറത്ത് സ്ഥിതി ചെയ്യുന്നതായും അവിടത്തെ തുറമുഖം വളരെ വിശാലമായതുമാണെന്ന് രേഖപ്പെടുത്തുന്നു. അവിടെ നങ്കൂരത്തിന് മരം ഉപയോഗിക്കുന്നു. സാധാരണ ഇരുമ്പുകൊണ്ടാണല്ലോനങ്കൂരങ്ങളുള്ളത്. ഇവിടെ മരംകൊണ്ടുണ്ടാക്കിയ നങ്കൂരത്തെകുറിച്ചാണ് പറയുന്നത്. ഇവിടെ കല്ലുകൊണ്ടുണ്ടാക്കിയ ഒരു മസ്ജിദുണ്ട്(കൽപള്ളി)എന്നും അദ്ദേഹം പരാമർശിക്കുന്നുണ്ട്. ആ പ്രദേശത്ത് മുന്തിരിയും അനാറുമെല്ലാം സുലഭമായി ലഭിക്കുന്നുണ്ട് എന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. തുടർന്ന് താനവിടെ വെച്ച് സ്വാലിഹ് മുഹമ്മദ് നൈസാബൂരി(റ)എന്ന പേരിലുള്ള ഒരു മഹാനെ കണ്ടകാര്യവും പരാമർശിക്കുന്നു. അദ്ദേഹത്തിന്റെ മുടി തോള് വരെയുണ്ടായിരുന്നുവെന്നും അദ്ദേഹത്തെ അനുഗമിച്ച് മുപ്പതോളം ഫുഖറാക്കളുണ്ടായിരുന്നുവെന്നും ഇബ്നു ബത്തൂത്ത രേഖപ്പെടുത്തുന്നു. ആ പട്ടൺ എന്ന നാട്ടിൽ താൻ താമസിക്കുകയും ശേഷം ഞാൻ മധുരയിലേക്ക് പോവുകയും ചെയ്തുവെന്നും അദ്ദേഹം പരാമർശിക്കുന്നു. ഹള്റത്ത് സിഹ്രിയ്യു സുൽത്താനുശ്ശരീഫ് ജലാലുദ്ദീൻ അഹ്സൻ ശാഹ് എന്ന മഅ്ബർ സുൽത്താൻ ഇൗ പട്ടണത്തെ ഡൽഹി പോലെ ആക്കിയിരുന്നു എന്നും മധുര തലസ്ഥാനമാക്കിയാണ് മഅ്ബർ രാജ്യങ്ങളെല്ലാം അദ്ദേഹം ഭരിച്ചിരുന്നത് എന്നും തുടർന്ന് അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്.(രിഹ്ലത്ത് ഇബ്നു ബത്ത്വൂത്ത: വാള്യം:4, പേജ്: 95)ഇബ്നു ബത്തൂത്ത തന്റെ ഇൗ ഗ്രന്ഥത്തിൽ മഅ്ബറിനെ കുറിച്ച് മുപ്പതു സ്ഥലങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഒരു സ്ഥലത്ത് പോലും മഅ്ബർ എന്ന സ്ഥലത്തെ യമനിലേക്ക് ചേർത്ത് പറഞ്ഞിട്ടില്ല. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഒരു രാജ്യമായാണ് അദ്ദേഹം മഅ്ബറിനെ പരിചയപ്പെടുത്തുന്നത്.
ഇനി യമനിയായ ഒരു പണ്ഡിതൻ മഅ്ബറിനെക്കുറിച്ച് രേഖപ്പെടുത്തിയതെന്തെന്ന് പരിശോധിക്കാം. സയ്യിദ് മുഹമ്മദ് ശിബ്ലിയ്യുൽ യമനി തന്റെ അസ്നൽ ബാഹിർ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:
“”കായലിനും മഅ്ബർ എന്ന സ്ഥലത്തിനും തമ്മിൽ രണ്ട് മർഹല വഴി ദൂരമുണ്ട്.”
ഹിജ്റ 1205 ൽ ഇഹലോകവാസം വെടിഞ്ഞ സയ്യിദ് മുർതളാ സുബൈദിയ്യുൽ ഹിന്ദി താജുൽ അറൂസ് ഫീ ജവാമിഉൽ ഖാമൂസ് എന്ന നിഘണ്ടുവിൽ പറയുന്നു:
“”മഅ്ബർ കപ്പലുകളെല്ലാം കടന്നുപോകാൻ സാധിക്കുന്ന വിധത്തിൽ അറ്റത്തുള്ള ഒരു തീരദേശ രാജ്യമാണ്. മഅ്ബർ എന്ന് അതിന് പേര് നൽകപ്പെട്ടത് അത് ഇന്ത്യയുടെ കടൽ തീരത്തുള്ള ഒരു പ്രദേശമായതിനാലാണ്.”(12 ാം വോള്യം: പേജ്: 503)
ഇത്രയും സ്പഷ്ടമായ പരാമർശങ്ങളുണ്ടായിരിക്കെ മഅ്ബർ യമനിലാണെന്ന വാദമുന്നയിക്കുന്നവർ എത്ര വലിയ അസംബന്ധമാണ് ചെയ്യുന്നത്. യമനിൽ മഅ്ബർ എന്ന പേരിൽ അറിയപ്പെട്ട ഒരു പ്രദേശമില്ലെന്ന കാര്യം വളരെ സുവ്യക്തമാണ്. എന്നാൽ ഇന്നത്തെ കായൽപട്ടണം, കോറമണ്ഡലം എന്നീ നാമങ്ങളിലെല്ലാം വിളിക്കപ്പെടുന്ന പ്രദേശങ്ങളുൾക്കൊള്ളുന്ന മേഖലയെ വിളിച്ചിരുന്ന ഒരു പൊതുനാമമായിരുന്നു മഅ്ബർ എന്ന് ഉപരിസൂചിത പരാമർശങ്ങളിലൂടെ വ്യക്തമാകുന്നുണ്ട്. തുടരും