അര്ഷദ് കാരായ:
നാഗരിക പുരോഗതിയുടെ ഉത്തുംഗതയിലെത്തിയപ്പോഴും വിശ്വാസഭ്രംശങ്ങളുടെയും ധാർമ്മിക ദുർബലതകളുടെയും പല പ്രവണതകളും പ്രകടിപ്പിച്ചിരുന്ന മുസ് ലിം സാമ്രാജ്യങ്ങൾക്കു മേൽ നിർദയമായ ഹിംസകളിലൂടെ ആധിപത്യം നേടി ഒടുവിൽ കീഴടക്കപ്പെട്ട ജനതയുടെ വിശ്വാസ സംസ്കാരങ്ങൾ സ്വീകരിച്ച് മുസ് ലിം സാമ്രാജ്യവികാസത്തിന് പുതിയ വിതാനങ്ങൾ തുറന്ന മംഗോളിയരുടെ ചരിത്രം സംഗ്രഹിച്ച് അവലോകനം ചെയ്യുന്ന ലേഖനം.
13,14 നൂറ്റാണ്ടുകളിൽ ഏഷ്യ,കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടന്നിരുന്ന ഒരു വന് സാമ്രാജ്യമായിരുന്നു മംഗോളിയര്. അതിക്രൂരമായ തന്ത്രങ്ങളും അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ച് അനേകം പ്രവിശ്യകൾ അതിവേഗം കീഴടക്കിയവർ എന്ന നിലയിൽ പരക്കെ അറിയപ്പെട്ട വിഭാഗമാണ് അവർ. ധാരാളം മുസ്ലിം ഭരണ പ്രദേശങ്ങൾ തകർത്തു തരിപ്പണമാക്കി അവിടങ്ങളിലെല്ലാം മരണവും നാശവും മാത്രം ബാക്കിവെച്ച കരുണയില്ലാത്ത അതിക്രമകാരികളായിരുന്ന ഇവർക്ക്, പിന്നീട് സംഭവിച്ച ഇസ്ലാമിലേക്കുള്ള പരിവർത്തന ചരിത്രം ഏറെ ആശ്ചര്യപ്പെടുത്തുന്നതാണ്.
ചെറുപ്പത്തിൽ തന്നെ മികച്ച യോദ്ധാവായി മാറിയ ചെങ്കിസ്ഖാൻ ആണ് നാടോടി യോദ്ധാക്കളായിരുന്ന മംഗോളിയരിലെ ആദ്യത്തെ ഏറ്റവും സുപ്രസിദ്ധനായ നേതാവ്. വടക്കു കിഴക്കൻ ഏഷ്യയിലെ നാടോടികളായ ഗോത്രങ്ങളെ ഒന്നിപ്പിച്ചതിനു ശേഷം നിരവധി പ്രദേശങ്ങൾ കീഴടക്കിയ അദ്ദേഹം ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയിൽ വളർന്നു പന്തലിച്ച സാമ്രാജ്യത്തിനാണ് അടിത്തറ പാകിയത്. അതിലൂടെ ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച യോദ്ധാക്കളിൽ ഒന്നായി അദ്ദേഹം മാറുകയും ചെയ്തു.
സൈനിക കുതന്ത്രങ്ങൾ പ്രയോഗിക്കുന്ന കാര്യത്തിൽ യഥാർത്ഥ പ്രതിഭകൾ ആയിരുന്നു മംഗോളിയർ. അന്നത്തെ മുസ്ലിം സാമ്രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിശാലമായ ഭൂപ്രദേശങ്ങൾ കീഴടക്കുന്നതിൽ അവർ വിജയിച്ചതിന് പിന്നിലെ പ്രധാന ഘടകവും ഇതുതന്നെയായിരുന്നു. അതിതീവ്രമായ ക്രൂരതകൾ നിറഞ്ഞ പോരാട്ടങ്ങളിലൂടെ ആയിരുന്നു അവർ ഓരോ പ്രദേശങ്ങളും കീഴടക്കിയത്. മുസ്ലിം ലോകത്തിലൂടെ തുടങ്ങിയ അവരുടെ ആക്രമണങ്ങൾ നിരവധി നഗരങ്ങളെ നശിപ്പിക്കുകയും നാൽപതു വർഷത്തിനുള്ളിൽ നാലു പ്രമുഖ മുസ്ലിം രാജവംശങ്ങളെ തകർക്കുകയും ചെയ്തു.1219 നും 1222 നും ഇടയിൽ വടക്കു കിഴക്കൻ ഇറാനിൽ ചെങ്കിസ്ഖാന്റെയും അദ്ദേഹത്തിന്റെ മക്കളുടെയും പ്രാരംഭ പ്രചാരണങ്ങളിലൂടെയാണ് മുസ്ലിം പ്രദേശത്തേക്കുള്ള മംഗോളിയൻ അക്രമണങ്ങൾ ആരംഭിച്ചത്. അതിനുശേഷം അവിടങ്ങളിലെ ഏറ്റവും സമ്പന്നമായ പല നഗരങ്ങളും അവർ തകർത്തു തരിപ്പണമാക്കി.
ബുഖാറ,സമർഖന്ദ് തുടങ്ങിയ ചില പട്ടണങ്ങളിൽ നഗര ജീവിതം തുടരാൻ മംഗോളിയർ അനുവദിച്ചെങ്കിലും മെർവ്, നിഷാപൂർ തുടങ്ങിയ പ്രദേശങ്ങളിൽ അനിയന്ത്രിത ക്രൂരതകൾ അഴിച്ചുവിടുകയായിരുന്നു ചെങ്കിസ്ഖാന്റെ കീഴിലുള്ള മംഗോളിയൻ പടയാളികൾ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എണ്ണിത്തിട്ടപ്പെടുത്താൻ ആവാത്ത അത്ര ആളുകളാണ് അവിടങ്ങളിൽ നിഷ്ക്കരുണം വധിക്കപ്പെട്ടത്.
1227ൽ ചെങ്കിസ്ഖാൻ മരിക്കുമ്പോഴേക്കും വടക്കൻ ചൈനയും ഇറാനും അദ്ദേഹം കീഴടക്കി കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനുശേഷം 1236 ൽ മംഗോളിയർ വീണ്ടും തങ്ങളുടെ സാമ്രാജ്യവ്യാപന ശ്രമങ്ങൾ പുനരാരംഭിച്ചു. അവരുടെ ശ്രദ്ധ കിഴക്ക് തെക്കൻ ചൈനയിലേക്കും കിഴക്കൻ യൂറോപ്പിലേക്കും തിരിയുകയും ചെയ്തു. 1255 ൽ ചെങ്കിസ്ഖാന്റെ ചെറു മകനായ ഹുലാഗു ഖാനോട് ഇറാനും മെഡിറ്ററേനിയനും ഇടയിൽ അവശേഷിക്കുന്ന മുഴുവൻ മുസ്ലിം ശക്തികളെയും നശിപ്പിക്കാൻ പുതിയ മങ്കോളിയൻ ഭരണാധികാരി ചുമതലപ്പെടുത്തി. ഇത് സിറിയയിലേക്കും ഇറാഖിലേക്കുമുള്ള മംഗോളിയൻ പര്യടനങ്ങളിലേക്ക് നയിക്കുകയും അതിന്റെ ഫലം എന്നോണം 1258 ൽ ബാഗ്ദാദിന്റെ പതനം സംഭവിക്കുകയും ചെയ്തു. ചരിത്രത്തിലെ സമാനതകളില്ലാത്ത നാശനഷ്ടങ്ങൾക്കാണ് ബാഗ്ദാദ് പതനത്തിലൂടെ സാക്ഷ്യം വഹിക്കപ്പെട്ടത്. വില മതിക്കാനാവാത്ത നിരവധി കയ്യെഴുത്ത് പ്രതികൾ അടങ്ങിയ ബഗ്ദാദിലെ ലൈബ്രറികളും അവർ നശിപ്പിച്ചു കളഞ്ഞു. എന്നാൽ ഇതിനും കുറച്ചു വർഷങ്ങൾക്കുശേഷം ഇസ്ലാം മതം അവർക്കിടയിൽ വ്യാപിച്ചു തുടങ്ങി എന്നതാണ് ആശ്ചര്യജനകമായ യാഥാർത്ഥ്യം.
ലോക ചരിത്രത്തിൽ കീഴടക്കപ്പെട്ട ജനതയുടെ സംസ്കാരവും വിശ്വാസവും സ്വീകരിച്ച് സ്വയം നവീകരിക്കാൻ അവസരം ലഭിച്ച ജനതയാണ് മംഗോളിയരിലെ ഇസ് ലാമാശ്ലേഷിച്ച വിഭാഗങ്ങൾ. എന്നാൽ ഇസ് ലാമിക വിശ്വാസ സംസ്കൃതിയുടെ കരുണാർദ്രവും അപരോന്മുഖവുമായ രാഷ്ട്രീയ മൂല്യങ്ങളെയും ആദ്യകാല മുസ് ലിംകളുടെ ദർശനപരമായ മൗലിക വിശുദ്ധിയെയും പ്രതിനിധീകരിക്കാൻ സാധിക്കാത്ത നാമമാത്ര മുസ് ലിം ഭരണാധികാരികളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്ന കാര്യം വിസ്മരിക്കാവുന്നതല്ല.
ചെങ്കിസ്ഖാന്റെ മകൻ ജൂച്ചിയിൽ നിന്നുള്ള ചെറു മകനായ ബെർകെ ഖാനാണ് ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്ത ആദ്യ മംഗോളിയൻ ഭരണാധികാരി എന്നാണ് വിശ്വസിക്കപ്പെടുന്നത്. യാത്രക്കാരായ ചില മുസ്ലീങ്ങളിൽ നിന്ന് ഇസ്ലാമിക മതത്തെ കുറിച്ച് ചോദിച്ചു മനസ്സിലാക്കിയ അദ്ദേഹം ഇസ്ലാമിക അധ്യാപനങ്ങളിൽ ആകൃഷ്ടനാവുകയും മതപരിവർത്തനത്തിന് തയ്യാറാവുകയും ചെയ്തു. ബെർകെ ഖാന്റെ കൊട്ടാരത്തിലെ അംഗങ്ങളും അദ്ദേഹത്തോട് ഏറ്റവും അടുത്തവരും അദ്ദേഹത്തോടൊപ്പം മതപരിവർത്തനം ചെയ്യുകയും തങ്ങളുടെ മുസ്ലിം സ്വത്വം പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു.
പതിമൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിലെ മുസ്ലിം ഭരണ വിഭാഗമായിരുന്ന മംലൂക്കികളിലെ പ്രമുഖ ഭരണാധികാരിയായിരുന്നു സുൽത്താൻ ഖുതുസ്. അദ്ദേഹത്തിന്റെ സൈന്യവും മംഗോളിയരും 1260 ൽ ഏറ്റുമുട്ടിയ ഐൻജലൂത് യുദ്ധത്തിൽ മംഗോളിയർ മുസ്ലിം സൈന്യത്തോട് പരാജയപ്പെട്ടു. ഐൻജലൂതിലെ മംഗോളിയൻ പരാജയത്തെ തുടർന്ന് ബെർകെ ഖാൻ ആദ്യം മംലൂക്കി സുൽത്താൻ ഖുതുസുമായും പിന്നീട് സുൽത്താൻ ബൈബറസുമായും സഖ്യം ഉണ്ടാക്കി. അങ്ങനെ 1262 ബെർക്കിന്റെയും ഹുലാഗുവിന്റെയും സൈന്യങ്ങൾ ആദ്യമായി പരസ്പരം ഏറ്റുമുട്ടി. അത്യന്തികമായി മംഗോളിയൻ സാമ്രാജ്യത്തിന്റെ ശിഥിലീകരണത്തിലേക്കാണ് ഈയൊരു പോരാട്ടം വഴിയൊരുക്കിയത്.
ബെർകെ ഖാന്റെ പിൻഗാമികളായി എത്തിയവരും അദ്ദേഹത്തിന്റെ പാത പിന്തുടർന്നുകൊണ്ട് ഇസ്ലാം മതം സ്വീകരിച്ചു. ഹുലാഗുവിന്റെ നേരിട്ടുള്ള പിൻഗാമിയായിരുന്ന മഹമൂദ് ഗസാൻ ഇസ്ലാം മതം സ്വീകരിക്കുകയും ഇസ്ലാമിനെ തന്റെ ഖാനേറ്റിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരത്തിൽ ഇസ്ലാം മതം മംഗോളിയരിൽ ഒന്നടങ്കം വ്യാപിച്ചു തുടങ്ങി. അങ്ങനെ മറ്റൊരു മങ്കോളിയൻ ഭരണവിഭാഗമായിരുന്ന ചതഗായ് ഖാനേറ്റും ഇസ്ലാമിലേക്ക് വന്നു. എന്നാൽ മൂന്ന് പാശ്ചാത്യ ഖാനേറ്റുകളിൽ നിന്ന് വ്യത്യസ്തമായി ആധുനിക ചൈനയിലെ യുവാൻ എന്ന പേരിൽ അറിയപ്പെട്ട മംഗോളിയൻ വിഭാഗം ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തില്ല. മറിച്ച് പ്രാഥമികമായി ബുദ്ധമതത്തിൽ തുടർന്നു.
ലോക ചരിത്രത്തിൽ കീഴടക്കപ്പെട്ട ജനതയുടെ സംസ്കാരവും വിശ്വാസവും സ്വീകരിച്ച് സ്വയം നവീകരിക്കാൻ അവസരം ലഭിച്ച ജനതയാണ് മംഗോളിയരിലെ ഇസ് ലാമാശ്ലേഷിച്ച വിഭാഗങ്ങൾ. എന്നാൽ ഇസ് ലാമിക വിശ്വാസ സംസ്കൃതിയുടെ കരുണാർദ്രവും അപരോന്മുഖവുമായ രാഷ്ട്രീയ മൂല്യങ്ങളെയും ആദ്യകാല മുസ് ലിംകളുടെ ദർശനപരമായ മൗലിക വിശുദ്ധിയെയും പ്രതിനിധീകരിക്കാൻ സാധിക്കാത്ത നാമമാത്ര മുസ് ലിം ഭരണാധികാരികളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്ന കാര്യം വിസ്മരിക്കാവുന്നതല്ല.