നൈനാ-മരയ്ക്കാർമാർ:
ദക്ഷിണേന്ത്യൻ ചരിത്രത്തിലെ സുവർണ മുദ്രകൾ

മൻസൂർ നൈന:

ദക്ഷിണേന്ത്യയിൽ പാണ്ഡ്യ ഭരണ കാലത്ത് രാഷ്ട്രീയാധികാരത്തിൽ പങ്കാളിത്തമുള്ളവരും തുടർന്ന് മേഖലയിൽ സ്വതന്ത്ര ഭരണാധികാരികളായി മാറിയവരുമായ അറേബ്യൻ വേരുകളുള്ള വംശീയ പാരമ്പര്യമുള്ളവരുടെ പിൻമുറക്കാരാണ് നൈനാ-മരയ്ക്കാർ സമൂഹം. ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിലെ വാണിജ്യത്തിന്റെയും സാമ്പത്തികാഭിവൃദ്ധിയുടെയും രാഷ്ട്രീയത്തിന്റെയും സംസ്കാര ആ​ദാന-പ്രദാനങ്ങളുടെയും ചരിത്രത്തിൽ വളരെ സവിശേഷമായ മുദ്രപതിപ്പിച്ച നൈനാ-മരയ്ക്കാർമാർ ദക്ഷിണേന്ത്യൻ തീരങ്ങളിൽ മാത്രമല്ല ശ്രീലങ്കയിലും മലേഷ്യയിലും ഇന്തോനേഷ്യയിലും പടർന്നു പന്തലിച്ചു കിടക്കുന്ന ഒരു വർത്തക സമൂഹമായിരുന്നു. പെരുമ്പടപ്പ് രാജ സ്വരൂപം ഭരണം കൈയ്യാളിയിരുന്ന കൊച്ചി രാജ്യത്തും സാമൂതിരിയുടെ കോഴിക്കോടും നാട്ടുരാജ്യ ഭരണകൂടങ്ങളുടെ സവിശേഷ പരി​ഗണന ലഭിച്ച ഈ വിഭാ​ഗം നാട്ടുരാജ്യ അധികാര കേന്ദ്രങ്ങളുടെ സാമ്പത്തികാഭിവൃദ്ധിയിൽ നിസ്തുലമായ പങ്ക് വഹിച്ചവരും പിന്നീട് പോർച്ചു​ഗീസ് അതിക്രമങ്ങളുടെ കാലം മുതൽ അധിനിവേശ ശക്തികൾക്കെതിരെ നൂറ്റാണ്ടുകളോളം ശക്തമായ നാവിക സമരം നയിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അദ്വിതീയ സ്ഥാനമലങ്കരിച്ചവരുമായിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ‘നൈന-മരയ്ക്കാർ ചരിത്രം; അറിയപ്പെടാത്ത ഏടുകൾ’ എന്ന ​ഗ്രന്ഥത്തിന്റെ രചയിതാവ് മൻസൂർ നൈനയുടെ നൈനാ-മരയ്ക്കാർ സമൂഹത്തെ കുറിച്ചുള്ള ലേഖനം.

മൺസൂൺ കാറ്റുകൾക്കൊപ്പം അവയോടു മല്ലിട്ടു, മധ്യകാലഘട്ടത്തിൽ അറേബ്യയിൽ നിന്നു ദക്ഷിണേന്ത്യയിലെ തെക്കുകിഴക്കൻ തമിഴ്നാട്ടിലെ കോറോമാണ്ടൽ തീരത്തേക്കും അവിടെ നിന്നും കൊച്ചി-മലബാർ തുറമുഖങ്ങളിലേക്കും പായക്കപ്പലുകളിൽ വന്നവരാണ് നൈനാ മരയ്ക്കാർമാരുടെ പൂർവ്വ പിതാക്കൾ. അവർ കൊണ്ടു വന്ന സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനങ്ങളുടെ ചരിത്രം അവരിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്നും ദക്ഷിണേന്ത്യയിലെ മുസ് ലിം ചരിത്രത്തിന്റെ സമ്പന്നമായ ഒരു അദ്ധ്യായമാണതെന്നും ദക്ഷിണേന്ത്യയുടെ തന്നെ പൊതു ചരിത്രവുമായി അത് കണ്ണിചേരുന്നുവെന്നും സാമാന്യ വിശകലനത്തിൽ തന്നെ വ്യക്തമാകും. കൊച്ചി രാജകൊട്ടാരത്തിൽ പ്രത്യേക പരിഗണനകൾ നൽകപ്പെട്ടിരുന്ന മുസ്ലിം സമുദായത്തിലെ നൈനാ വിഭാഗത്തിന്, അധിനിവേശ ശക്തികൾക്കെതിരെ ഈ രാജ്യത്തിന്റെ വിമോചനത്തിനായി പോരാടിയ ചരിത്ര പാരമ്പര്യവുമുണ്ട്.

അറേബ്യയിൽ നിന്നു കടന്നു വന്ന വർത്തക പ്രമാണിമാരായ മരയ്ക്കാർ വംശത്തിന്റെ ഒരു ശാഖയാണ് നൈനാമാർ. അറേബ്യയിൽ നിന്ന് തമിഴ്നാട്ടിലെ മഅ്ബർ ദേശമായ കായൽ പ്രദേശത്ത് എത്തിച്ചേർന്ന സുൽത്താൻ ജമാലുദ്ദീൻ, സഹോദരൻ തഖിയുദ്ദീൻ അബ്ദുറഹിമാൻ എന്നിവരുടെ പിൻതലമുറയാണ് കേരളത്തിലെ ഇന്നത്തെ മരയ്ക്കാർമാരും-നൈനാമാരും. പാണ്ഡ്യ രാജ്യത്ത് അധികാരങ്ങൾ കയ്യാളിയിരുന്ന ഇവർ ഒരു നാടിനെ ഐശ്വര്യത്തിലേക്കും സമ്പൽ സമൃദ്ധിയിലേക്കുമുയർത്തി.

കായൽപ്പട്ടണത്തും കീഴക്കരയിലും മറ്റും ഇന്നും നൈനാ കുടുംബങ്ങളുണ്ട്, നൈനാർ തെരുവുകളുണ്ട്. നൈനാ കുടുംബങ്ങളിലെ സ്ത്രീകളെ നാച്ചി എന്നാണ് ഇവിടങ്ങളിൽ വിളിക്കുക. എങ്കിൽ കൊച്ചിയിലത് താച്ചിയെന്നായി. കൊച്ചി കൊച്ചങ്ങാടിയിലെ നൈനാ തറവാടു വീടുകളിൽ ഒന്നിന്റെ പേര് നാച്ചിയ വീട് എന്നാണ്. കായൽപ്പട്ടണത്ത് നൈനാമാർ താമസിക്കുന്ന മറ്റൊരു നാച്ചിയ വീടും കാണാൻ സാധിച്ചു. കായൽപ്പട്ടണവും-കൊച്ചിയും തമ്മിലുള്ള ചരിത്രബന്ധമുണർത്തുന്ന കൊച്ചിയുടെ പേരിലുള്ള ‘കൊച്ചിയാർ സ്ട്രീറ്റും’ കായൽപട്ടണത്തുണ്ട്.

അറേബ്യയിൽ നിന്ന് പാലായനം ചെയ്തെത്തിയ ഇവരെ പോലെയുള്ള പല സംഘങ്ങളും കായൽപട്ടണത്ത് അധിവാസമുറപ്പിച്ചിട്ടുണ്ട്. ചരിത്രകാരന്മാരിൽ ചിലർ മേഖലയിൽ സംഘടിതമായി വന്ന് അധിവാസമുറപ്പിച്ച മൂന്നാമത്തെ സംഘമായാണ് നൈനാമാരുടെ പൂർവ്വീകനായ സുൽത്വാൻ ജമാലുദ്ദീനെയും സംഘത്തെയും പരിഗണിക്കുന്നത്. ഈ സംഘത്തിൽ വലിയൊരു വിഭാഗം കുടുംബക്കാരും ബന്ധുക്കളുമായിരുന്നു. വർത്തക പ്രമാണിമാരും ഇസ്ലാമിക പണ്ഡിതന്മാരുമുൾക്കൊള്ളുന്ന ഈ സംഘം കച്ചവടാവശ്യാർത്ഥവും ദീനിന്റെ പ്രചരണാർത്ഥവും വിവിധ രാജ്യങ്ങളിലേക്കും ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലേക്കും സഞ്ചരിച്ചെത്തി. മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കും, തമിഴ്നാട്ടിലെ കായൽപ്പട്ടണം, കീഴക്കര, കാരക്കൽ, തുടങ്ങിയ സ്ഥലങ്ങളിലേക്കും കേരളത്തിൽ കൊച്ചിയിലേക്കും പിന്നീട് കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിലേക്കും ഇവർ പടർന്നു.

കൊച്ചിയിലെത്തിയ ഇവർ കേരളത്തിലെ സുഗന്ധവ്യജ്ഞനങ്ങളുടെ കുത്തക കച്ചവടക്കാരായി. കൊച്ചീരാജ്യത്ത് ഇവർക്ക് നിർണ്ണായക സ്വാധീനമുണ്ടായിരുന്നു. കൊച്ചി രാജകൊട്ടാരത്തിൽ പ്രത്യേക അവകാശങ്ങളും നൽകി. രാജാവിനെ വാഴിക്കുന്ന ചടങ്ങുകളിൽ ഇവർ പ്രത്യേക ക്ഷണിതാക്കളായിരുന്നു.1914 മുതൽ 1919 വരെ കൊച്ചിയുടെ ദിവാനായിരുന്ന J.W. Bore തന്റെ The Record Of Administration Cochin State -ൽ ഈ കാര്യം രേഖപ്പെടുത്തുന്നു.
വർത്തക പ്രമാണിമാരായ നൈന-മരയ്ക്കാർമാരുടെ കച്ചവടാധിപത്യം ഇല്ലാതാക്കുക എന്നത് അധിനിവേശ ലക്ഷ്യങ്ങളോടെ ഇന്ത്യയിലെത്തിയ പോർച്ചുഗീസുകാരുടെ അജണ്ടകളിൽ പ്രധാനമായിരുന്നു. പോർച്ചുഗീസ് ആഗമനത്തിന്റെ തുടക്കത്തിൽ കൊച്ചിയിലെ മുസ്‌ലിം കച്ചവടക്കാരുമായി സൗഹൃദത്തിലായിരുന്നു പോർച്ചുഗീസുകാരെങ്കിലും പിന്നീട് അവരുടെ വംശീയവും രാഷ്ട്രീയവും സാമ്പത്തികവുമായ അധീശത്വ ലക്ഷ്യങ്ങൾ പ്രത്യക്ഷമായി തുടങ്ങി. അവരുടെ ശരിയായ ഉദ്ദേശ ലക്ഷ്യങ്ങൾ തിരിച്ചറിയാൻ ആദ്യഘട്ടത്തിൽ വർത്തകരായ കൊച്ചിയിലെ നൈനാ-മരയ്ക്കാർമാർക്ക് സാധിച്ചിരുന്നില്ല. പിന്നീട് അത് വ്യക്തമാവുകയും അവർക്കെതിരെ ശക്തമായ ചെറുത്തു നിൽപുകൾ അനിവാര്യമാവുകയും ചെയ്തു. നൈനാ-മരയ്ക്കാർമാർക്ക് വാണിജ്യരംഗത്ത് കോട്ടംതട്ടി തുടങ്ങിയതോടെ പോർച്ചുഗീസ് ആഗമനത്തിന്റെ തിക്ത ഫലങ്ങൾ നേരിൽ തന്നെ അനുഭവവേദ്യമാവുകയും ഈ പശ്ചാത്തലത്തിൽ സൈനുദ്ദീൻ മഖ്ദൂം(റ) ഒന്നാമനെ പോലുള്ളവരുടെ അധീശത്വം വിരുദ്ധമായ സൈദ്ധാന്തിക ഉപദേശങ്ങൾ സ്വീകരിച്ച് പോർച്ചുഗീസ് വിരുദ്ധമായ സംഘടിത മുന്നേറ്റങ്ങൾക്ക് നൈനാ-മരയ്ക്കാർമാർ സജ്ജരാകുകയും ചെയ്തു. അങ്ങനെയാണ് കൊച്ചിയിലുള്ള നൈനാ-മരയ്ക്കാർ കച്ചവടക്കാർ കോഴിക്കോട് സാമൂതിരിയുമായി ധാരണയിലെത്തിയത്. പോർച്ചുഗീസുകാരെ നേരിടാൻ ശക്തമായ സൈനീക ശക്തിയെ ആഗ്രഹിച്ചിരുന്ന സാമൂതിരി ഇവരെ ഇരു കൈകളും നീട്ടി സ്വീകരിച്ചു.

കായൽപട്ടണത്തെ നാച്ചിയ വീടും നൈനാർ സ്ടീറ്റും

നൈനാ-മരയ്ക്കാർ കച്ചവടക്കാരിൽ ചിലർ കൊച്ചിയിൽ നിന്ന് പൊന്നാനിയിലേക്കും പിന്നീട് കോഴിക്കോട് കൊല്ലം പന്തലായിനിയിലേക്കും കുടിയേറി. സാമൂതിരിയുടെ നാവിക പടക്ക് പിന്നീട് നേതൃത്വം വഹിച്ച കുഞ്ഞാലി ഒന്നാമൻ ജനിച്ചത് കൊച്ചിയിലെ കൊച്ചങ്ങാടിയിലാണ്, പിതാവിന് കൊച്ചിയിൽ അരി വ്യാപാരമായിരുന്നു. കുഞ്ഞാലി മരയ്ക്കാർ ഒന്നാമനിൽ തുടങ്ങി പിന്നീട് തലമുറകളോളം അധിനിവേശ ശക്തികൾക്കെതിരെ ഈ കുടുംബം പോരാടി. പലരും രക്തസാക്ഷികളായി.
കോഴിക്കോട് സാമൂതിരിയുമായി നിരന്തരം ശത്രുതയിലായിരുന്നു കൊച്ചി രാജകുടുംബം. പക്ഷെ കൊച്ചി രാജകുടുംബത്തിലുണ്ടായ ഒരു അഭ്യന്തര പ്രശ്നത്തിൽ കൊച്ചി രാജകുടുംബത്തിലെ മൂത്ത താവഴിയിലുള്ളവർ സാമൂതിരിയോട് സഹായം അഭ്യർത്ഥിച്ചു. ഈ അഭ്യന്തര പ്രശ്നത്തിൽ പോർച്ചുഗീസുകാരുടെ കുതന്ത്രം കൂടിയുണ്ടായിരുന്നു. പോർച്ചുഗീസുകാർക്കെതിരെ കിട്ടിയ ഈ അവസരം ഉപയോഗപ്പെടുത്താൻ തീരുമാനിച്ച സാമൂതിരി, കരുത്തരായ മുസൽമാന്മാർ അടങ്ങിയ ഒരു സേനയേ കൊച്ചിയിലേക്കയച്ചു. സേനയേ നയിച്ചത് നാല് സഹോദരന്മാരാണ്. അതിൽ ഒരാളുടെ പേര് കുഞ്ഞാലി നൈന എന്നാണ്.
പോർച്ചുഗീസുകാർ ഈ യുദ്ധത്തിൽ തോറ്റു. സാമൂതിരിയുടെ സൈന്യത്തിൽ ഒരു വിഭാഗം കൊച്ചിയിൽ താമസമുറപ്പിച്ചു. കുഞ്ഞാലി നൈനയേയും മൂന്ന് സഹോദരന്മാരേയും കൊച്ചീരാജാവിന്റെ അംഗരക്ഷകരായി തിരഞ്ഞെടുത്തു. അവർക്ക് നിസ്ക്കരിക്കാൻ പള്ളിയില്ല എന്ന് തിരിച്ചറിഞ്ഞ കൊച്ചി രാജാവ് പള്ളിക്ക് സ്ഥലം ദാനം ചെയ്തു. അവർ കൊച്ചങ്ങാടിയിൽ പള്ളി പണിതു.

വർത്തക പ്രമാണിമാരായ നൈന-മരയ്ക്കാർമാരുടെ കച്ചവടാധിപത്യം ഇല്ലാതാക്കുക എന്നത് അധിനിവേശ ലക്ഷ്യങ്ങളോടെ ഇന്ത്യയിലെത്തിയ പോർച്ചുഗീസുകാരുടെ അജണ്ടകളിൽ പ്രധാനമായിരുന്നു. പോർച്ചുഗീസ് ആഗമനത്തിന്റെ തുടക്കത്തിൽ കൊച്ചിയിലെ മുസ്‌ലിം കച്ചവടക്കാരുമായി സൗഹൃദത്തിലായിരുന്നു പോർച്ചുഗീസുകാരെങ്കിലും പിന്നീട് അവരുടെ വംശീയവും രാഷ്ട്രീയവും സാമ്പത്തികവുമായ അധീശത്വ ലക്ഷ്യങ്ങൾ പ്രത്യക്ഷമായി തുടങ്ങി. അവരുടെ ശരിയായ ഉദ്ദേശ ലക്ഷ്യങ്ങൾ തിരിച്ചറിയാൻ ആദ്യഘട്ടത്തിൽ വർത്തകരായ കൊച്ചിയിലെ നൈനാ-മരയ്ക്കാർമാർക്ക് സാധിച്ചിരുന്നില്ല. പിന്നീട് അത് വ്യക്തമാവുകയും അവർക്കെതിരെ ശക്തമായ ചെറുത്തു നിൽപുകൾ അനിവാര്യമാവുകയും ചെയ്തു. നൈനാ-മരയ്ക്കാർമാർക്ക് വാണിജ്യരംഗത്ത് കോട്ടംതട്ടി തുടങ്ങിയതോടെ പോർച്ചുഗീസ് ആഗമനത്തിന്റെ തിക്ത ഫലങ്ങൾ നേരിൽ തന്നെ അനുഭവവേദ്യമാവുകയും ഈ പശ്ചാത്തലത്തിൽ സൈനുദ്ദീൻ മഖ്ദൂം(റ) ഒന്നാമനെ പോലുള്ളവരുടെ അധീശത്വം വിരുദ്ധമായ സൈദ്ധാന്തിക ഉപദേശങ്ങൾ സ്വീകരിച്ച് പോർച്ചുഗീസ് വിരുദ്ധമായ സംഘടിത മുന്നേറ്റങ്ങൾക്ക് നൈനാ-മരയ്ക്കാർമാർ സജ്ജരാകുകയും ചെയ്തു.

കൊച്ചി കൊച്ചങ്ങാടിയിൽ വലിയ വേലിക്കകത്ത് വീട്ടിൽ താമസമാക്കിയ കുഞ്ഞാലി നൈനയുടെ മകളെ വിവാഹം ചെയ്തത് സമർത്ഥനായ അഭ്യാസിയും കളരിപ്പയറ്റുകാരനുമായിരുന്ന കലന്തൻ പോക്കറാണ്. കൊടുങ്ങല്ലൂർ രാജാവ് ഇഷ്ട്ടദാനം നൽകിയ എറിയാട് വില്ലേജിലെ
കറുകപ്പാടം പ്രദേശത്ത് ഇദ്ദേഹം താമസമാക്കി.
ഈ ചരിത്രം, സഞ്ചാര സാഹിത്യകാരനും ചരിത്രകാരനുമായ എസ്.കെ.പൊറ്റക്കാട്, വിദ്യാഭ്യാസ വിചക്ഷണൻ പി.പി. ഉമ്മർ കോയ, പ്രശസ്ത സാഹിത്യകാരൻ എൻ.പി.മുഹമ്മദ്, കെ.എ. കൊടുങ്ങല്ലൂർ എന്നിവർ ചേർന്നെഴുതിയ ‘മുഹമ്മദ് അബ്ദുറഹിമാൻ’ എന്ന രാഷ്ട്രീയ ജീവചരിത്ര ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു.
കുഞ്ഞാലി നൈനയും അദ്ദേഹത്തിന്റെ മകളെ വിവാഹം ചെയ്ത കലന്തൻ പോക്കറും ഒരേ കുടുംബക്കാരായിരുന്നു എന്നത് ചരിത്രത്തിൽ നിന്ന് വ്യക്തമാണ്.
അതിങ്ങനെ മനസ്സിലാക്കാം. മുകളിൽ ഉദ്ധരിച്ച, എസ്.കെ.പൊറ്റക്കാടും സംഘവും ചേർന്നെഴുതിയ’മുഹമ്മദ് അബ്ദുറഹിമാൻ’ എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ കാണാം”കോട്ടക്കൽ മരയ്ക്കരുടെ ഭാഗിനേയനായ കലന്തൻ പോക്കർ കൂട്ടായി മരയ്ക്കാരുടെ എളാമ്മയുടെ പുത്രനാണ്”.

കൊച്ചി കൊച്ചങ്ങാടിയിലെ നാച്ചിയ വീട്

കോഴിക്കോട് കോട്ടക്കൽ പി.വി.മുഹമ്മദ് മരയ്ക്കാർ എഴുതിയ ‘അറിയപ്പെടാത്ത കുഞ്ഞാലി മരയ്ക്കാർ’ എന്ന ചരിത്ര ഗവേഷണ ഗ്രന്ഥത്തിൽ കുഞ്ഞാലി നൈനയെ കുറിച്ച് ഇങ്ങനെ കാണാം:
“പോർച്ചുഗീസുകാർക്കെതിരെയുള്ള യുദ്ധത്തിൽ നേതൃത്വം നൽകിയ സഹോദരന്മാരായ നാല് യോദ്ധാക്കളും കുഞ്ഞാലി നാലാമന്റെ താവഴിയിൽപ്പെട്ടവരാണ്. ഈ നാൽവരിലൊരാൾ കൊച്ചിയിൽ താമസമുറപ്പിച്ചു. നൈനാമാരായ ഇവർ കൊച്ചി മുഴുവൻ വ്യാപിച്ചു കിടക്കുന്നു”. കുഞ്ഞാലി നൈന സാമുതിരിയുടെ സൈന്യത്തേയും നയിച്ചു കോഴിക്കോട് നിന്ന് കൊച്ചിയിലെത്തുകയായിരുന്നു എന്ന്’ മുഹമ്മദ് അബ്ദുറഹ്മാൻ’ എന്ന ചരിത്ര ഗ്രന്ഥത്തിൽ നിന്ന് മേലെ ഉദ്ധരിച്ചുവല്ലൊ?

കലന്തൻ പോക്കറിലും കുഞ്ഞാലി നൈനയുടെ പുത്രിയിലും ജനിച്ച സന്താപരമ്പരകളാണ് പിന്നീട് കറുകപ്പാടത്ത് കുടുംബക്കാരായി അറിയപ്പെട്ടത്. ഇവരുടെ പത്താമത്തെ തലമുറയിലാണ്, കറുകപ്പാടത്ത് അബ്ദുറഹ്മാന്റെയും അയ്യാരിൽ കൊച്ചൈശുമ്മയുടെയും പ്രഥമപുത്രനായി സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്ര്യ സമര സേനാനിയുമായ മുഹമ്മദ് അബ്ദുറഹിമാൻ ജനിക്കുന്നത്.
തിരുവതാംകൂർ രാജാവിന്റെ സൈന്യം പറവൂർ കൈയ്യടക്കിയപ്പോൾ അവരെ തുരത്തുവാൻ കൊച്ചി രാജാവ് കൽപ്പിച്ചു നിയോഗിച്ചത് കുഞ്ഞാലി നൈനയെ ആയിരുന്നു. യുദ്ധാനന്തരം പാലിയത്തച്ചന്റെ ആഗ്രഹപ്രകാരം അദ്ദേഹം ചേന്ദമംഗലത്ത് അഞ്ചാം പരുത്തി എന്ന സ്ഥലത്ത് താമസമാക്കി. സന്താന പരമ്പരകൾ അഞ്ചാം പരുത്തിക്കാരായി അറിയപ്പെട്ടു.

ഈ കുഞ്ഞാലി നൈനയുടെ പൗത്രൻ കുഞ്ഞാലി നൈനയാണ് ആലുവ വെളിയത്ത് നാട്ടിൽ വേഴപ്പിള്ളി പറമ്പിൽ താമസമാരംഭിച്ചത്. ഇദ്ദേഹത്തിന്റെ മൂത്ത മകൻ കോമുവിന്റെ സന്താന പരമ്പരകൾ വേഴപ്പിള്ളി കുടുംബക്കാരായി അറിയപ്പെട്ടു.
രണ്ടാമത്തെ മകൻ ഉണ്ണിയുടെ സന്താന പരമ്പരകൾ മണ്ണാന്തറ കുടുംബക്കാരായും, മൂന്നാമത്തെ മകൻ അബ്ദുൽ ഖാദറിന്റെ സന്താന പരമ്പരകൾ അയ്യാരിൽ കുടുംബക്കാരായും അറിയപ്പെട്ടു.
പാലിയത്തച്ചന്റെ വെടിമുറ പട്ടാളത്തിന്റെ സേനാധിപതിയായ കുഞ്ഞാലി നൈനയുടെ പിന്മുറക്കാരൻ മീതിന നൈനയുടെ സന്താന പരമ്പരകൾ മഠത്തുംപടി കുടുംബക്കാരായി അറിയപ്പെടുന്നു.
ഈ കുടുംബങ്ങളുമായെല്ലാം വിവാഹ ബന്ധങ്ങളിലൂടെ ബന്ധം സ്ഥാപിക്കപ്പെട്ടവരാണ് പടിയത്ത്-മണപ്പാട്ട് കുടുംബവും നമ്പൂരിമഠം കുടുംബവും.

കായൽപ്പട്ടണത്ത് നിന്ന് കൊച്ചിയിലെത്തി കൊച്ചങ്ങാടിയിൽ പൊന്നുരുന്നി എന്ന വീട്ടിൽ താമസമാക്കിയ അബ്ദുൽ ഖാദിർ നൈനയുടെ കുടുംബത്തിലെ ചിലർ കൊച്ചിയിൽ നിന്നും അധികം അകലെയല്ലാത്ത ആലപ്പുഴ ജില്ലയിലെ വടുതല എന്ന പ്രദേശത്ത് താമസമാരംഭിച്ചു. ഇവരിൽ പ്രശസ്തരാണ് മുഹയുദ്ദീൻ കുഞ്ഞ് നൈന ഹാജ്, കുട്ടി മൂസ ബിൻ അഹമ്മദ് നൈന എന്നിവർ. ഈ കുടുംബക്കാർ പിന്നീട് കണ്ണന്തറ കുടുംബമായി അറിയപ്പെട്ടു. കണ്ണന്തറക്കാർ അവരുടെ മക്കളെ നൈന എന്ന സ്ഥാനപ്പേര് വിളിച്ചു വന്നു. ഈ കാര്യം പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ മൂസ ബിൻ അഹമ്മദ് അൽ ബർദലി ‘തദ്കിറത്തുൽ അഹ്ബാബ് ഫീ ദികിരിൽ അൻസാബ്’ എന്ന ഒരു നൂറ്റാണ്ടോളം പഴക്കമുള്ള തന്റെ രചനയിൽ രേഖപ്പെടുത്തുന്നു.
കൊച്ചിയിലെ നൈന കുടുംബങ്ങളിൽ നിന്നു തന്നെ 4-5 തലമുറകൾക്ക് മുൻപ് കൊച്ചിയിൽ നിന്നും ആലപ്പുഴ മണ്ണഞ്ചേരിയിലേക്ക് കൂടിയേറിയവരാണ് മണ്ണഞ്ചേരിയിലെ നൈനാ കുടുംബക്കാർ.

കൊച്ചിയിലെ ചെമ്പിട്ട പള്ളി

പോർച്ചുഗീസ് അധിനിവേശ കാലത്ത് അവരിൽ നിന്ന് നേരിട്ട പ്രയാസങ്ങളാൽ കച്ചവടക്കാരായ നൈന-മരയ്ക്കാർമാരിൽ ചിലർ കേരളത്തിലെ വടക്കൻ പ്രദേശങ്ങളിലേക്ക് കുടിയേറിയെങ്കിലും ബാക്കിയുള്ളവർ കൊച്ചിയിൽ തന്നെ തുടർന്നിരുന്നു. അവർ കൊച്ചങ്ങാടിയിൽ വലിയ പ്രൗഡിയോടെ ജീവിച്ചിരുന്നു. നൈനാമാരുടെ വലിയ തറവാടു വീടുകൾ കൊച്ചങ്ങാടിയിൽ കാണാമായിരുന്നു. ഇവർ കൊച്ചി രാജകുടുംബങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇവരാണ് കൊച്ചിയിലെ ഇപ്പോഴത്തെ നൈനാ കുടുംബങ്ങൾ.
അങ്ങനെ പോർച്ചുഗീസ് ആഗമനത്തിന് മുൻപ് വരെ കൊച്ചിയിലെ വലിയ പ്രബല വർത്തക പ്രമാണിമാരായ നൈന-മരയ്ക്കാർ കുടുംബങ്ങൾ പോർച്ചുഗീസ് ആഗമന ശേഷം പലയിടങ്ങളിലായി കുടിയേറി. കൊച്ചിയിലെ ഈ വർത്തക പ്രമാണിമാരെല്ലാം ഒരേ കുടുംബക്കാരായിരുന്നു എന്ന് പ്രശസ്ത ചരിത്രകാരനായ പി.എ. സെയ്ത് മുഹമ്മദ് ഇങ്ങനെ രേഖപ്പെടുത്തുന്നു:
“പാണ്ടികശാലാ നേതൃത്വവും പ്രാബല്യവും പ്രമുഖ മുസ്ലിം കുടുംബങ്ങൾക്കായിരുന്നു എന്ന് ഗ്രഹിക്കാൻ സാധിക്കും”.

ആലുവ, വെളിയത്ത് നാട്, പാനായിക്കുളം, ചേന്ദമംഗലം (പറവൂർ ), എറിയാട്,
കൊടുങ്ങല്ലൂർ, എറിയാട്, വടുതല (ആലപ്പുഴ), മണ്ണഞ്ചേരി (ആലപ്പുഴ), ഇരിങ്ങൽ-കോട്ടക്കൽ (കോഴിക്കോട്), കണ്ണൂർ തുടങ്ങി വിവിധ പ്രദേശങ്ങളിലായി അഞ്ചാം പരുത്തി, വേഴപ്പിള്ളി, കറുകപ്പാടം, അയ്യാരിൽ, മണ്ണാന്തറ, മഠത്തുംപടി, കണ്ണന്തറ, മണ്ണഞ്ചേരി, കോട്ട മരയ്ക്കാർ, സെയ്തുമ്മാടം ലായഞ്ചിറ പാണ്ടികശാല (SLP) തുടങ്ങി വിവിധ നൈന-മരയ്ക്കാർ കുടുംബങ്ങൾ ഒരേ പാരമ്പര്യത്തിൽ പിറന്നുവീണ കുടുംബങ്ങങ്ങളാണ്.
പാണ്ഡ്യരാജ്യത്തേക്കുള്ള സുൽത്വാൻ ജമാലുദ്ദീന്റെ ആഗമന കാലം മുതൽ തന്നെ ആരംഭിച്ച് നൂറ്റാണ്ടുകളോളം അധികാര സ്ഥാനത്തിരുന്ന സുവർണ്ണപാരമ്പര്യം നൈനാ-മരയ്ക്കാർമാർക്കുണ്ട്. പിൽക്കാലത്ത് വർത്തകരായി കൊച്ചിയിലെത്തിയ നൈനാ-മരയ്ക്കാർമാർക്ക് കൊച്ചി രാജ്യത്തും സവിശേഷ പരിഗണനകൾ ലഭിച്ചു. വാണിജ്യവിനിമയങ്ങൾ വഴി കൊച്ചി രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്ന നൈനാ-മരയ്ക്കാർമാർ പിന്നീട് പോർച്ചുഗീസ് അതിക്രമങ്ങൾ വ്യാപിച്ച പശ്ചാത്തലത്തിൽ ചെറുത്തു നിൽപിന്റെ മേഖലയിലും സ്ഥൈര്യത്തോ‌ടെ ശക്തമായി നിലയുറപ്പിച്ചു. അക്രമികളായ പോർച്ചുഗീസുകാരെ ഇന്ത്യൻ തീരങ്ങളിൽ നിന്ന് തുരത്തേണ്ട ബാധ്യത സ്വയം തിരിച്ചറിഞ്ഞ് ഐതിഹാസികമായ സമര മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകാൻ പിന്നീട് കോഴിക്കോട് സാമൂതിരി രാജാവിന്റെ കീഴിലും പ്രവർത്തിച്ച നൈനാ-മരയ്ക്കാർമാർ രാജ്യത്തിന്റെ സർവ്വതോന്മുഖമായ ഉദ്ഗ്രഥനത്തിൽ വലിയ പങ്ക് വഹിച്ച മുസ് ലിം സമുദായത്തിലെ സവിശേഷ വിഭാഗമാണ്. തീർച്ചയായും ദക്ഷിണേന്ത്യൻ ചരിത്രത്തിൽ സ്വന്തം നിർവ്വഹണങ്ങൾ കൊണ്ട് സുവർണ്ണ മുദ്രപതിപ്പിച്ച നൈനാ-മരയ്ക്കാർമാർ സമുദായ മൈത്രിയുടെയും സഹവർത്തിത്വപൂർണ്ണമായ സാമൂഹിക വിനിമയങ്ങളുടെയും മൂല്യങ്ങളെ പ്രതിനിധീകരിച്ച് ഇസ് ലാമിക സംസ്കൃതിയുടെ യശസ്സുയർത്തിയ പ്രത്യേക സമൂഹം തന്നെയാണ്.

കൂടുതൽ വിശദാംശങ്ങൾ മുതിർന്ന ചരിത്രകാരന്മാരുടെ സഹായത്തോടെ, പോർച്ചുഗീസ് രേഖകളും പുരാതന തമിഴ് സാഹിത്യങ്ങളും ചരിത്ര ഗ്രന്ഥങ്ങളും പഠന വിധേയമാക്കി മൻസൂർ നൈന രചിച്ച പ്രസിദ്ധീകരിക്കാനിരിക്കുന്ന ‘നൈന-മരയ്ക്കാർ ചരിത്രം; അറിയപ്പെടാത്ത ഏടുകൾ’ എന്ന ചരിത്ര ഗവേഷണ ഗ്രന്ഥത്തിൽ വായിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy