സൂക്ഷ്മ ദേശ-സമുദായ ചരിത്രരചനയുടെ ഒരു നല്ല മാതൃക

പ്രൊഫ. എം.എച്ച്. ഇല്ല്യാസ്:

തൃശൂർ മുസ് ലിംകൾ ചരിത്രവും സമൂഹവും എന്ന ശീർഷകത്തിൽ ഡോ: മോയിൻ മലയമ്മ രചിച്ച ചരിത്ര ​ഗവേഷണ ​ഗ്രന്ഥത്തിന്റെ അവതാരികയായി ചേർത്ത ലേഖനം. ​ഗ്രന്ഥത്തിന്റെ രചനാ-രീതിശാസ്ത്രപരമായ സവിശേഷതകളും സൂക്ഷ്മ, ദേശ, സാമുദായിക ചരിത്രവായനയുടെ സാധ്യതകളെ സംബന്ധിച്ച ഉൾക്കാഴ്ചകളും സർവ്വോപരി ഇത്തരമൊരു ​ഗ്രന്ഥത്തിന്റെ പ്രസക്തിയും വിശദമാക്കുന്ന ലേഖനം.

സ്ലാമിനെ അല്ലെങ്കിൽ മുസ്ലിംകളെ കുറിച്ചുള്ള സമീപകാല പഠനങ്ങളിൽ വലിയ രീതിയിൽ സ്വീകാര്യത നേടിയെടുത്തവ രണ്ടു തരത്തിലുള്ളതാണ്. ഒന്ന്, സമകാലീന ലോക സാഹചര്യത്തിൽ പ്രധാനമായും മുസ്ലിംകൾ നടത്തിയിട്ടുള്ള രാഷ്ട്രീയ ഇടപെടലുകളെ മുൻനിർത്തിയുള്ള പഠനങ്ങൾ. ലോകം മുഴുവനും ഇന്ത്യയിൽ പ്രത്യേകിച്ചും ഇത്തരം പഠനങ്ങൾക്കു കിട്ടിയ അമിത ദൃശ്യത മുസ്ലിംകൾ ഒരു മത വിഭാഗമെന്നനിലയിൽ സാംസ്കാരികമായും സാമൂഹികമായും രാഷ്ട്രീയമായും എങ്ങനെ ചിന്തിക്കുന്നു. എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ നേർ പ്രതിഫലനമായിട്ടല്ല, മറിച്ച് ചരിത്രപരമായും സാമൂഹികമായും മുസ്ലിംകളെകുറിച്ച് നിർമ്മിച്ചുവച്ചിരിക്കുന്ന വാർപ്പുരൂപങ്ങളുടെ അടിസ്ഥാനത്തിലാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.

രണ്ടാമത്തെ തരത്തിലുള്ള പഠനങ്ങൾ മുസ്ലിംകളുടെ മതസാംസ്കാരിക സ്വത്വത്തെ കുറേക്കൂടി ആഴത്തിൽ മനസിലാക്കി പ്രകാശിപ്പിക്കുന്നതാണ്. രീതിശാസ്ത്രപരമായി ഇത്തരം പഠനങ്ങൾ ഒരു ചുവടുമാറ്റത്തെ പ്രതിനിധാനം ചെയ്യുന്നു. മുസ്ലിംകളെ കുറിച്ചുള്ള ചരിത്ര പഠനങ്ങളിൽ നിലവിലുള്ള രീതികളെ ചോദ്യം ചെയ്യുന്ന അല്ലെങ്കിൽ അപ്പാടെ നിരസിക്കുന്ന ഒരു സവിശേഷ രീതിശാസ്ത്ര മാതൃക ഇത്തരം പഠനങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. രീതിശാസ്ത്രപരമായ ഈ പുതുമ സ്രോതസ്സുകളുടെ കാര്യത്തിലും കാണാം കൊട്ടാര കൊളോണിയൽ സ്രോതസ്സുകളെ അകറ്റിനിർത്തി മറ്റൊരു കൂട്ടം വിവര-ദത്ത സ്രോതസ്സുകളാണ് ഇത്തരം പഠനങ്ങൾക്ക് അവലംബമാകുന്നത്. മുസ്ലിംകളുടെ സാമാന്യജീവിതത്തെയും, മത ആത്മീയ വ്യവഹാരങ്ങളെയും കച്ചവടത്തെയും, കടൽ യാത്രകളെയും സംബന്ധിക്കുന്ന പള്ളികളിലും കുടുംബസ്വകാര്യ ശേഖരങ്ങളിലും സൂക്ഷിച്ചുവച്ചിട്ടുള്ള കിത്താബുകളും കുറിപ്പുകളും യാത്രാ രേഖകളുമാണ് കൂടുതൽ കാര്യപ്പെട്ട സ്രോതസ്സുകളായി ഇത്തരം പഠനങ്ങൾ പരിഗണിക്കുന്നത്.

ഈ അളവുകോലുകൾ വെച്ചുനോക്കുകയാണെങ്കിൽ, മോയിൻ മലയമ്മയുടെ കൃതികൾ രണ്ടാമത്തെ ഗണത്തിൽ ഉൾപെടുന്നവയാണ്. പ്രത്യേകിച്ചും ‘തൃശൂർ മുസ്ലിംകൾ: ചരിത്രവും സമൂഹവും’ എന്ന ഈ കൃതി. കേരളത്തെ സംബന്ധിച്ച് ഈ പഠനരചനാ രീതി വളരെ പ്രസക്തമാണ്. മുൻപറഞ്ഞതുപോലെ സവിശേഷ രചനാരീതിയും സ്രോതസ്സുകളിലെ വ്യതിരിക്തതയുമാണ് ഈ കൃതിയെ വ്യത്യസ്തമാക്കുന്നത്. ദേശങ്ങളെ കുറിച്ചുള്ള സൂക്ഷ്മ ചരിത്ര രചനകൾ മലയാളഭാഷയിൽ വന്നിട്ടുണ്ടാകാം. എന്നാൽ ഈ കൃതി അത്തരമൊരു ‘പ്രാദേശിക ചരിത്ര സംരംഭം എന്ന ഗണത്തിൽ മാത്രം ഉൾപ്പെടുത്തേണ്ട ഒന്നല്ല. പ്രാദേശിക ചരിത്ര രചനാ സംരംഭങ്ങൾ പലതും പ്രാദേശിക ആഖ്യാനങ്ങളിലും വാമൊഴി പാരമ്പര്യങ്ങളിലും അമിതമായി അഭിരമിക്കുമ്പോൾ ഈ കൃതി മുസ് രിസ് ഖനനത്തിൽ നിന്നു കണ്ടെടുക്കപ്പെട്ട ശേഷിപ്പുകൾ, പുരാതന പള്ളികളിലെ ചുമരെഴുത്തുകൾ, ലിഖിത സൂചകങ്ങൾ, സ്മാരകശിലകളിലെ കൊത്തുപണികൾ തുടങ്ങി വ്യത്യസ്തമായ ജ്ഞാന സ്രോതസ്സുകളെ പഠനവിധേയമാക്കുന്നുണ്ട്. അതുകൊണ്ട് ഒറ്റ വായനയിൽ തന്നെ ഈ കൃതി നടത്തുന്ന അന്വേഷണങ്ങളുടെ പല മാനങ്ങൾ ബോധ്യപ്പെടും.

ഈ കൃതിയെപ്പറ്റി എടുത്തുപറയേണ്ട മറ്റൊരു കാര്യം ഇതിൽ പ്രതിപാദിക്കുന്ന ചരിത്ര വസ്തുതകളുടെ ഒരേസമയം അകത്തു നിന്നും പുറത്തുനിന്നുമുള്ള പ്രാദേശികവും ആഗോളവുമായ അടയാളപ്പെടുത്തലുകളാണ്. ആ ഒരു സന്തുലിതത്വം എഴുതാൻ ആശ്രയിച്ച സഹായക കൃതികളുടെയും സ്ഥൂല തലത്തിൽ വിവരിച്ച ചരിത്ര സന്ദർഭങ്ങളുടെയും തിരഞ്ഞെടുപ്പിലൂടെ മോയിൻ മലയമ്മ നന്നായി പുലർത്തുന്നുണ്ട്. പല ചരിത്ര സന്ദർഭങ്ങളെയും വ്യക്തികളെയും പറ്റി ദേശരാഷ്ട്ര അതിർത്തികളെ ഉല്ലംഘിക്കുന്ന സമഗ്രമായ ആഖ്യാനങ്ങളാണ് ഈ പുസ്തകം നിരത്തുന്നത്. ഈ ഒരു എലമെന്റ്, അല്ലെങ്കിൽ ഈ ഒരു ബാലൻസിങ് പ്രാദേശിക ചരിത്രരചനയെ സംബന്ധിച്ച് ഏറെ പുതുമയേറിയതാണ്; വിശേഷിച്ചും കേരളത്തിൽ.

ഈ ഗ്രന്ഥം സൂചിപ്പിക്കുന്നതുപോലെ, ഇന്ത്യയിൽ ആദ്യമായി ഇസ്ലാം വന്നെത്തിയ കൊടുങ്ങല്ലൂർ ഉൾപ്പെടുന്ന തൃശൂർ ജില്ലയിലെ മുസ്ലിംകളുടെ ചരിത്രം വറ്റാത്ത ഒരു ഉറവയാണ്. ചേരമാൻ പെരുമാളിന്റെയും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെയും സീതിസാഹിബിന്റെയും തുടങ്ങി അനേകം ചരിത്രകഥകളിലൂടെയും ഉപ കഥകളിലൂടെയും കേരളമുസ്ലിം ചരിത്രത്തെ സമ്പുഷ്ടമാക്കുന്ന ഒന്ന്. ഈ പ്രദേശത്തിന്റെ ചരിത്ര സമ്പന്നത ആ അർത്ഥത്തിൽ അടയാളപെടുത്തുന്ന കൃതികൾ ഇതുവരെ എഴുതപ്പെട്ടിട്ടില്ല എന്നത് ഖേദകരമായ വസ്തുതയാണ്. എന്നാൽ ഇത് തൃശൂർ മുസ്ലിം ചരിത്രത്തിനു മാത്രം ബാധകമായ ഒന്നല്ല. മറിച്ച്, കേരള മുസ്ലിം ചരിത്രത്തെ മൊത്തം സംബന്ധിക്കുന്ന ഒന്നാണെന്നു തോന്നുന്നു. ഇതിനു ഞാൻ കാണുന്ന കാരണം നമ്മൾ പരിചയിച്ച ദേശരാഷ്ട്രങ്ങളെയും അതിന്റെ അതിർത്തികളെയും, അതിലധിവസിക്കുന്ന ജനവിഭാഗങ്ങളെയും മാത്രം മാനിച്ചുകൊണ്ടുള്ള, ഭൂകേന്ദ്രികൃതമായ ഒരു ചരിത്ര രചനാരീതിയാണ്. അതിനു പുറത്തുകടക്കുന്ന ചരിത്ര സന്ദർഭങ്ങളെയും, വ്യക്തികളെയും അടയാളപ്പെടുത്തുന്നതിൽ കേരളത്തെ കുറിച്ചുള്ള പല ആധികാരിക ചരിത്ര രചനകളും നേരിടുന്നതിലുള്ള പോരായ്മയാണ് ഇവിടെ മനസ്സിലാക്കേണ്ടത്.

ദേശരാഷ്ട്ര ഭാവനകൾക്കപ്പുറം സംഭവിച്ച ഒന്നെന്നനിലക്ക്, കേരള മുസ്ലിം ചരിത്രത്തിനും ഇതേ ‘ദുർവിധി’യാണ് നേരിടെണ്ടിവന്നിട്ടുള്ളത്. ഇന്ത്യാസമുദ്രത്തിനു ചുറ്റും അധിവസിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ സഞ്ചാരങ്ങളെയും, സാംസ്കാരിക വിനിമയങ്ങളെയും, പൊതു ഭൂതകാലത്തെയും ബന്ധിപ്പിക്കുന്ന അതീവ സങ്കീർണമായ കൂടിക്കലരുകൾ ഈ ചരിത്രത്തിൽ ഉൾച്ചേർന്നിട്ടുണ്ട്. അത് സാമാന്യ ചരിത്രവായനകൾക്ക് പിടികൊടുക്കില്ല.

Dr: M.H. Ilyas

ഈ കൃതിയുടെ രണ്ടാം ഭാഗം ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലുമായി ജീവിച്ച പണ്ഡിതവര്യൻ തൊഴിയൂർ എം.കെ.എ. കുഞ്ഞുമുഹമ്മദ് മുസ്ലിയാരുടെ കർമ്മജീവിതവും അതിലൂടെ പറയുന്ന തൃശൂർ ജില്ലയിലെ സമസ്തയുടെ ഹ്രസ്വ ചരിത്രവുമാണ്. തൃശുർ മുസ്ലിംകളുടെ സമകാലീന ചരിത്രവും ഒരു വ്യക്തിയുടെ ചരിത്രവും ഇടകലരുന്ന ബൃഹത് ജീവിതത്തിനുടമയായിരുന്നു ഒരർത്ഥത്തിൽ തൊഴിയൂർ എം.കെ.എ. കുഞ്ഞുമുഹമ്മദ് മുസ്ലിയാർ. രണ്ടു പ്രതിപാദ്യ വിഷയങ്ങളും ചേർത്തുവെച്ച് നോക്കുകയാണെങ്കിൽ, ഈ കൃതി മലയാള ഭാഷയിൽ ദുർലഭമായ ഒരു ചരിത്ര രചനശ്രമത്തെകൂടി കുറിക്കുന്നുണ്ട്. ഒരു പ്രദേശത്തെ മതസാംസ്കാരിക ആത്മീയ മേഖലകളിൽ നിറഞ്ഞുനിന്ന ഒരു വ്യക്തിയുടെ ചരിത്രം അക്കാദമികമായി രേഖപ്പെടുത്തുക അത്രയൊന്നും എളുപ്പമുള്ള സംഗതിയല്ല. മതസാമൂദായിക വ്യക്തിത്വങ്ങളുടെ ജീവചരിത്രങ്ങൾ പലപ്പോഴും സ്മര്യ വ്യക്തിയുടെ അപദാനങ്ങൾ മാത്രമായി ചുരുങ്ങാറുണ്ട്. ജീവചരിത്ര രചനകളിലെ വസ്തുനിഷ്ഠതയുടെ പോരായ്മയല്ല പ്രശ്നം. വസ്തുനിഷഠ/വ്യക്തിനിഷഠ ദ്വന്ദം ഇത്തരം രചനകളിൽ പ്രസക്തവുമല്ല. എന്നാൽ അപദാനങ്ങളുടെ ധാരാളിത്തം പലപ്പോഴും ഇത്തരം രചനകളുടെ ഭംഗി ചോർത്താറുണ്ട്. എങ്ങനെ ജീവചരിത്രം വായനക്ക് ചെടിപ്പില്ലാതെ അവതരിപ്പിക്കാം എന്നതിന് നല്ലൊരു മാതൃകയാണ് ഈ കൃതി.
തൃശൂരിലെ മുസ്ലിംകളെ കുറിച്ചുള്ള പ്രാദേശിക-കൊളോണിയൽ, ഇടതു വലതു ചരിത്രരചനകളിൽ ഒരുപോലെ പ്രതിപാദിക്കാതെപോയ, ചിതറിക്കിടക്കുന്ന ചരിത്രമുഹൂർത്തങ്ങളുടെ ഒരനാവരണമാണ് ഈ കൃതി ഉന്നംവെക്കുന്നത്. ഈ പുസ്തകം കേരളത്തിലെ സമുദായങ്ങളെയും പ്രദേശങ്ങളെയും കുറിച്ചുള്ള ചരിത്ര രചനാസങ്കേതത്തിന് ഒരു മുതൽക്കൂട്ടാണ്. ഈ പുസ്തകം നിരത്തിവെക്കുന്ന വലിയ കൂട്ടം അറിവുകളെ ചെറുതാക്കികാണിക്കുകയല്ല, മറിച്ച് ഒരു പകുതി അക്കാദമിക പഠനം എന്നനിലക്ക് സ്വീകരിച്ചിരിക്കുന്ന രചനാ അവതരണ രീതിയാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy