ജനാരോഗ്യസംരക്ഷണത്തിന്റെ ഉദാത്ത മാതൃകകൾ: ഇസ്ലാമിക പാരമ്പര്യത്തിൽ പന്തലിച്ച ആധുനിക ആശുപത്രികൾ

ഡേവിഡ് ഡബ്ലൂ. ചൻസ്:
വിവ: നിസാം തങ്ങൾ:

ജനാരോഗ്യ സംരക്ഷണ പദ്ധതികളും ആതുരസേവനവും ഭരണകൂട ബാദ്ധ്യതയാണോ വ്യക്തിയുടെ മാത്രം ആവശ്യമാണോ എന്ന കാര്യത്തിൽ ഇനിയും തീർപ്പുകൽപിക്കപ്പെട്ടിട്ടില്ല. ഇവ്വിഷയകമായി മുതലാളിത്ത മാതൃകകളും സോഷ്യലിസ്റ്റ് മാതൃകകളും തമ്മിൽ ചില വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ആതുരസേവനം പൂർണ്ണമായും കോർപ്പറേറ്റ് വത്കരിക്കുകയും വൻലാഭം കൊയ്യാവുന്ന ബിസിനസ്സായി അത് പരിണമിക്കുകയും ചെയ്ത സമകാലിക ലോകാവസ്ഥയിൽ കോവിഡ് വ്യാപനത്തോടെ ഈയൊരു സംവിധാനത്തിന്റെ ദയാരഹിതമായ ദുരന്തങ്ങൾ മുതലാളിത്ത വികസിത രാജ്യങ്ങളിൽ നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ചികിത്സതേടാൻ വൻ സാമ്പത്തിക ചിലവ് തന്നെ ആവശ്യമാണെന്നതിനാൽ വരുമാനം കുറഞ്ഞ അടിസ്ഥാന ജനവർഗങ്ങൾക്ക് ചികിത്സ നിഷേധിക്കപ്പെടുകയും പകർച്ചവ്യാധികളുടെയും മാരകരോഗങ്ങളുടെയും ഇരകളായി അവർ മാറുകയും ചെയ്യുന്നു. എന്നാൽ ആതുരസേവന രംഗത്തെ സോഷ്യലിസ്റ്റ് മാതൃകകൾ ജനകീയാരോഗ്യത്തെ ഭരണകൂട ബാദ്ധ്യത തന്നെയായി പരിഗണിക്കുന്നുവെങ്കിലും ചികിത്സാചിലവുകൾ പൂർണ്ണമായും സൗജന്യമാക്കാൻ അത്തരം ഭരണകൂടങ്ങൾക്കും സാധിക്കാതെ വരുന്നു. ഈ രണ്ട് മാതൃകകളുടെയും പ്രായോഗിക പരിമിതികളെ സമകാലികമായ ചരിത്രാനുഭവങ്ങളുടെ വെളിച്ചത്തിൽ തിരിച്ചറിയുന്ന നാം ആതുരസേവന രംഗത്തെ ഇസ് ലാമിക പാരമ്പര്യവും ചരിത്രവും അന്വേഷിക്കുമ്പോൾ ഏറെ മാതൃകാപൂർണ്ണവും വിസ്മയാവഹവുമായ നിരവധി വസ്തുതകളിലേക്ക് കണ്ണ് തുറക്കുന്നു. കോവിഡ് വ്യാപനത്തിന്റെ ഈ ചരിത്ര സന്ദർഭത്തിൽ ജനാരോഗ്യവും അതിന്റെ സാമൂഹികമായ ഉള്ളടക്കവുമെല്ലാം ചർച്ചയാവുന്ന പശ്ചാത്തലത്തിൽ ആയിരം വർഷങ്ങൾക്കപ്പുറം ആരംഭിച്ചതും ഇസ് ലാമിക സാമ്രാജ്യത്തിന്റെ പുഷ്കല കാലങ്ങളിൽ നിലനിന്നതുമായ ആതുര സേവന രംഗത്തെ ഇസ് ലാമിക മാതൃകകൾ പുതിയ കാലത്തിന് വലിയ സന്ദേശങ്ങൾ തന്നെ നൽകുന്നുണ്ട്. ഇസ് ലാമിക ലോകത്തെ ചില പ്രദേശങ്ങളിൽ നിലനിന്ന ആതുരസേവന രംഗത്തെ ഉദാത്ത മാതൃകകൾ അവലോകനം ചെയ്യുന്ന വിസ്മയാവഹമായ വസ്തുതകൾ അനാവരണം ചെയ്യുന്ന ഒരു അക്കാദമിക പഠനത്തിന്റെ മലയാള പരിഭാഷയാണ് ചുവടെ. പുതിയ കാലത്തിന്റെ ജനാരോഗ്യത്തിന്റെ രാഷ്ട്രീയത്തെയും നൈതികതയെയും നിർണ്ണയിക്കാൻ വെളിച്ചമേകുന്ന നിരവധി ചരിത്രവസ്തുതകളാൽ സമ്പന്നമാണ് ഈ പ്രബന്ധം.

“ഈ ആശുപത്രി എല്ലാ രോഗികളെയും ഒരുപോലെ പരിചരിക്കും. അവർ സ്ത്രീകളായാലും പുരുഷന്മാരായാലും സമ്പൂർണ രോഗമുക്തി നേടും വരെ അതങ്ങനെ തന്നെയായിരിക്കും. എല്ലാ ചികിത്സാ ചെലവും ആശുപത്രി തന്നെ വഹിക്കും. ഇതിൽ ദൂരെ നിന്ന് വന്നവരെന്നോ അടുത്ത് നിന്ന് വന്നവരെന്നോ, തദ്ദേശീയരെന്നോ വിദേശികളെന്നോ, ശക്തരെന്നോ ദുർബലരെന്നോ, താഴ്ന്നവരെന്നോ ഉയർന്നവരെന്നോ, പണക്കാരനെന്നോ പാമരനെന്നോ, തൊഴിലാളിയെന്നോ തൊഴിൽ രഹിതനെന്നോ, ബുദ്ധിസ്ഥിരത ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ, ശാരീരികാസ്വസ്ഥത ഉള്ളവനെന്നോ മാനസികാസ്വസ്ഥത ഉള്ളവനെന്നോ, സാക്ഷരനെന്നോ നിരക്ഷരനെന്നോ, വിവേചനം കാണിക്കില്ല. ആർക്കും പ്രത്യേക പരിഗണനയോ ഫീസോ ഇല്ല. പണം നൽകാത്തതിന് ആരെയും എതിർക്കുകയോ നൽകിയിട്ടില്ലെന്ന് വിമർശിക്കുകയോ ഉണ്ടാകില്ല. ഉദാരനായ ദൈവത്തിന്റെ മഹിമയാണ് സർവ്വ സേവനങ്ങൾക്കും ഹേതു.”
കൈറോവിലെ അൽ മൻസൂർ ഖലാവുന്റെ ബീമാരിസ്ഥാന്റെ നയപ്രഖ്യാപനം.
ഇന്ന് കാണുന്ന അത്യാധുനിക ആരോഗ്യ സംവിധാനവും വൈദ്യശാസ്ത്രവും പൗരാണിക സംസ്കാരങ്ങളോട് കടപ്പെട്ടാണിരിക്കുന്നത്. ബാബിലോൺ, ഈജിപ്ത്, ഗ്രീസ്, റോം, ഇന്ത്യ തുടങ്ങിയവ ഉദാഹരണമായെണ്ണാം. സാമൂഹിക- വൈദ്യശാസ്ത്ര രംഗങ്ങളിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവന്ന കണ്ടുപിടുത്തമായിരുന്നു ആശുപത്രിയുടേത്. നമുക്ക് എപ്പോഴുമത് ആവശ്യമായിക്കൊള്ളണമെന്നില്ല. പക്ഷേ, ഒരാവശ്യം വരുമ്പോൾ അതുകൊണ്ടുള്ള ഉപകാരം തിട്ടപ്പെടുത്താനാകില്ല. ഇന്ന് ലോകത്തിന്റെ മിക്കയിടങ്ങളിലും ആശുപത്രിയുണ്ടാകും. അപകടങ്ങളും അസുഖങ്ങളുമുണ്ടാകുമ്പോൾ അവ നമുക്ക് നൽകുന്ന ആശ്വാസം ഒട്ടും ചെറുതല്ല.
മധ്യകാല ഇസ്ലാമിക സമൂഹങ്ങൾക്ക് ആരോഗ്യ സംരക്ഷണ യത്നത്തോടുള്ള സമീപനം ഏറെ പ്രസക്തമാണ്. ഖലീഫമാരുടെയും സുൽത്താൻമാരുടെയും പണ്ഡിതരുടെയും വൈദ്യശാസ്ത്രജ്ഞരുടെയും ഒരു നീണ്ട നിര തന്നെ ഇതിനായി പരിശ്രമിച്ചവരാണ്. പൗരാണിക വിജ്ഞാനീയങ്ങളെയും വിവിധ ചികിത്സാ മുറകളെയും പറ്റി അവർ ആഴത്തിൽ ഗവേഷണം നടത്തി. ഇവയെല്ലാം ഒത്തിണക്കി നൂറ്റാണ്ടുകൾക്കുള്ള ബൗദ്ധിക സമ്പത്ത് ഉണ്ടാക്കിവെച്ചു. അവർ നടത്തിപ്പോന്നിരുന്ന ബീമാരിസ്ഥാൻ (ചികിത്സാലയം) ആധുനിക ആശുപത്രിയുടെ മാത്രം മുൻഗാമി ആയിരുന്നില്ല. മറിച്ച്, വിവിധ വകുപ്പുകളുള്ള ആരോഗ്യ സംരക്ഷണ സമ്പ്രദായവും വൈദ്യവിദ്യാഭ്യാസ കേന്ദ്രങ്ങളും മാതൃകയാക്കിയത് ബീമാരിസ്ഥാനെ തന്നെയായിരുന്നു.
ബഹുമുഖ സംവിധാനങ്ങളായിരുന്നു ബീമാരിസ്ഥാനിൽ ഉണ്ടായിരുന്നത്. ചികിത്സാ കേന്ദ്രമായി, രോഗികൾക്കും അപകടത്തിൽ പെട്ടവർക്കും അഭയസ്ഥാനമായി, മാനസികാരോഗ്യ കേന്ദ്രമായി, വയസ്സായവർക്ക് ആരോഗ്യം നിലനിർത്താനുള്ള വസതിയായി അത് നിലകൊണ്ടു. കുടുംബത്തിന്റെ സംരക്ഷണം ലഭിക്കാതെ പോയ രോഗികൾക്കും അത്താണിയായിരുന്നു ബീമാരിസ്ഥാൻ.
ഇന്നലെകളിലെ ബീമാരിസ്ഥാൻ
മധ്യകാല ഇസ്ലാമിക സംസ്കാരങ്ങളുടെ ചിന്താപദ്ധതിയുടെയും പരിശ്രമത്തിന്റെയും ഫലമായാണ് ബീമാരിസ്ഥാനുകൾ ഉയർന്നു വന്നത്. ഇന്നത്തെ പോലെ അന്നും വലിയ ആശുപത്രികളോട് ചേർന്ന് വൈദ്യവിദ്യാഭ്യാസ സ്ഥാപനങ്ങളും ഗ്രന്ഥശാലകളുമുണ്ടായിരുന്നു. മുതിർന്ന ഡോക്ടർമാർ വിദ്യാർത്ഥികൾക്ക് പഠിക്കുന്ന വൈദ്യശാസ്ത്രം എങ്ങനെ പ്രയോഗവത്കരിക്കാമെന്ന് രോഗികളുമായി നേരിട്ടിടപഴകി കാണിച്ചുകൊടുക്കും. ആശുപത്രികൾ പരീക്ഷകൾ നടത്തുകയും വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു. ബീമാരിസ്ഥാൻ സ്ഥാപനങ്ങളെല്ലാം പ്രവർത്തിച്ചിരുന്നത് ജനങ്ങളുടെ ആരോഗ്യാഭിവൃദ്ധി, രോഗപരിചരണം, വൈദ്യശാസ്ത്ര വിപുലീകരണം എന്നീ മൂന്ന് ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു.
രോഗികൾക്ക് മാത്രമായി ഒരു സ്ഥലം എന്ന ആശയം പൗരാണിക കാലം മുതലേ നിലവിലുണ്ടായിരുന്നു. അവ പക്ഷേ വളരെ ലളിതവും ശുശ്രൂഷ മാത്രമുള്ളതും എന്നാൽ അത്ര കണ്ട് വികസിക്കാത്തതുമായിരുന്നു. ഹെലനിസ്റ്റിക് കാലഘട്ടത്തിൽ (Hellenistic period) ഇവയുടെ വിപുലീകരണം നടന്നു. രോഗികൾക്ക് പ്രത്യേക സ്ഥലമുണ്ടാക്കുക എന്നതിനപ്പുറം അവ വികസിച്ചിരുന്നില്ല താനും. മധ്യകാല യൂറോപ്പിന്റെ ആദ്യഘട്ടത്തിൽ രോഗത്തിന്റെ ഉറവിടം അലൗകികമാണെന്ന ഫിലോസഫിക്കൽ വിശ്വാസം ശക്തമായി. മനുഷ്യ കണ്ടുപിടുത്തങ്ങൾ കൊണ്ട് രോഗശമനം സാധ്യമാകില്ലെന്ന് പരക്കെ തെറ്റിദ്ധരിക്കപ്പെട്ടു. ഫലമോ, ആശുപത്രികളുടെ എണ്ണം കുറഞ്ഞു. ഉണ്ടായിരുന്നവ സത്രങ്ങളായി പരിണമിച്ചു. സത്രങ്ങളിൽ സന്യാസിമാർ ആത്മാവിനെ ശുശ്രൂഷിക്കാനിറങ്ങി. ശാരീരിക ശുശ്രൂഷക്ക് വേണ്ടത്ര പ്രാധാന്യം നൽകിയതുമില്ല.
മുസ്ലിം വൈദ്യശാസ്ത്രജ്ഞരുടെ സമീപനം തീർത്തും വ്യത്യസ്തമായിരുന്നു. നബി(സ്വ)യുടെ വചനങ്ങളായിരുന്നു അവർക്ക് ഇന്ധനമായത്. “മരുന്നില്ലാത്ത ഒരു രോഗവും അല്ലാഹു സൃഷ്ടിച്ചിട്ടില്ല” എന്ന ബുഖാരി ഉദ്ധരിച്ച ഹദീസും “രോഗവും മരുന്നും അല്ലാഹു പടച്ചിട്ടുണ്ട്. എല്ലാ രോഗത്തിനും അവന്റെ പക്കൽ മരുന്നുണ്ട്. അതെ, നിങ്ങൾ ചികിത്സിച്ചു കൊള്ളുക” എന്ന അബൂ ദർദാഅ്(റ) ഉദ്ധരിച്ച ഹദിസും അവർക്ക് ആത്മവിശ്വാസം പകരുന്നതാണ്. ബൗദ്ധിക പരമായും പ്രായോഗികമായും ആരോഗ്യവാനായിരിക്കുക എന്നത് മുസ് ലിം പണ്ഡിതന്മാർ ലക്ഷ്യമായി ഏറ്റെടുത്തു.
വെസ്റ്റിനും ഇസ്ലാമിനുമിടയിലുള്ള സമീപനത്തിലെ ഈ വ്യത്യാസം ആശുപത്രി രൂപകല്പനയിലും പ്രതിഫലിച്ചിരുന്നു. വെസ്റ്റിൽ രോഗികളുടെ കിടക്കകളും വിശ്രമസ്ഥലവുമെല്ലാം പുറമേക്ക് കാണുന്ന നിലക്കാണ്. ആകയാൽ രോഗികൾക്ക് ജനങ്ങൾ നടത്തുന്ന കുർബാനയും കൂദാശയുമെല്ലാം നേരിട്ട് കാണാനാകും. അലങ്കരിച്ചതാണെങ്കിലും കാലാവസ്ഥയും മോശം വാസ്തുവിദ്യയും കാരണം അവരുടെ ഇടങ്ങൾ ഈർപ്പം നിറഞ്ഞതും നിറം കെട്ടതുമായിരുന്നു. എന്നാൽ ഇസ്ലാമിക നാഗരികതയിൽ കാലാവസ്ഥ വരണ്ടതായാലും ഈർപ്പമുള്ളതായാലും അവിടെ ഊന്നൽ നൽകിയിരുന്നത് കൂടുതൽ പ്രകാശവും വായു സഞ്ചാരവും ഉള്ള ഇടങ്ങൾക്കായിരുന്നു. പ്രാപഞ്ചിക ചികിത്സക്ക് പ്രാധാന്യം നൽകിയിരുന്ന ഹ്യൂമറലിസമെന്ന (humoralism) ചികിത്സാ രീതിയായിരുന്നു ഇത്.
സഞ്ചരിക്കുന്ന ചികിത്സാലയങ്ങൾ:
ഇസ്ലാമിക ചരിത്രത്തിൽ അറിയപ്പെട്ട ആദ്യത്തെ ചികിത്സാലയം റുഫൈദൽ അസ് ലമിയ്യ എന്നിവരുടേതാണ്. നബി (സ്വ)യുടെ കാലത്ത് തന്നെയായിരുന്നിത്. പ്രശസ്തമായ ഖൻദഖ് യുദ്ധ സമയത്ത് (ഗസ്വ: ഖൻദഖ്/ Battle of the Ditch) അവർ പരിക്കേറ്റവരെ പ്രത്യേകം ഒരു കൂടാരത്തിൽ വെച്ച് ശുശ്രൂഷിച്ചിരുന്നു.
പിന്നീടു വന്ന ഭരണാധികാരികൾ ചികിത്സാ സംബന്ധിയായ എല്ലാം ലഭിക്കുന്ന ഇത്തരം കൂടാരങ്ങളെ സഞ്ചരിക്കുന്ന ചികിത്സാലയങ്ങളായി (Mobile Dispensaries) വികസിപ്പിച്ചു. അതിൽ മരുന്നുകളുണ്ടാകും, ഭക്ഷണപാനീയങ്ങളുണ്ടാകും, വസ്ത്രങ്ങളുണ്ടാകും. എന്തിനധികം പറയുന്നു, ഡോക്ടർമാരും ഫാർമസിസ്റ്റുകളും വരെ ഉണ്ടാകും. പ്രധാന പട്ടണങ്ങളിൽ നിന്ന് അകന്ന് കഴിയുന്നവർക്ക് ചികിത്സ ഉറപ്പു വരുത്തുക എന്നതായിരുന്നു ഇവയുടെ ലക്ഷ്യം. ഭരണാധികാരികൾക്ക് സ്വന്തമായും ഇത്തരം സഞ്ചരിക്കുന്ന ചികിത്സാലയങ്ങളുണ്ടായിരുന്നു. 12-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് സെൽജൂഖ് ഭരണധികാരിയായിരുന്ന സുൽത്താൻ മുഹമ്മദ് സെൽജൂഖ് എന്നവർക്ക് ഇത്തരത്തിലൊന്ന് ഉണ്ടായിരുന്നതായി രേഖകളുണ്ട്. അത് വളരെ വലുതും സഞ്ചാരത്തിന് നാൽപത് ഒട്ടകങ്ങളെയും ആവശ്യമായിരുന്നത്രേ.
സ്ഥിര ആശുപത്രികൾ
രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ മുസ് ലിം ആശുപത്രി ഒരു കുഷ്ഠരോഗാശുപത്രി (leprosarium) ആണ്. ഉമയ്യദ് ഖലീഫയായ വലീദ് ബിൻ അബ്ദിൽ മലികിന്റെ കീഴിൽ ദമസ്കസിൽ എട്ടാം നൂറ്റാണ്ടിലായിരുന്നു ഇതിന്റെ നിർമാണം. ഇവിടെ നിയോഗിക്കപ്പെട്ടിരുന്ന വൈദികർക്ക് ഉയർന്ന ശമ്പളവും സമ്പത്തും നൽകപ്പെട്ടിരുന്നു. കുഷ്ഠരോഗം പകർച്ച വ്യാധിയാണെന്ന് പരക്കെ അറിയപ്പെട്ടിരുന്നതിനാൽ രോഗികളെ പുറത്തേക്ക് പോകാനനുവദിച്ചിരുന്നില്ല. അതേ സമയം അവരുടെ കുടുംബങ്ങൾക്ക് ജീവിക്കാനാവശ്യമായ ധനസഹായം നൽകിയിരുന്നു.
ബാഗ്ദാദിലാണ് ഏറ്റവും പുരാതനമായ പൊതുആശുപത്രിയുള്ളത്. 805ൽ ഖലീഫ ഹാറൂൻ റഷീദിന്റെ കാലത്താണിത് പണിതത്. ഇതിനെ കുറിച്ച് ലഭ്യമായ വിവരങ്ങൾ വളരെ കുറവാണ്. കോടതി വൈദ്യന്മാരെന്ന ഖ്യാതി നേടിയ ബുഖ്തിഷു (Bakhtishu) കുടുംബാംഗങ്ങൾ ജുന്ദിഷാപൂരിലെ പേർഷ്യൻ മെഡിക്കൽ അക്കാദമിയുടെ മുൻമേധാവികളാണ്. ഇത് സൂചിപ്പിക്കുന്നത് ഇവർക്ക് അക്കാലത്തെ വൈദ്യശാസ്ത്ര വികസനത്തിൽ സുപ്രധാന പങ്കുണ്ടായിരുന്നുവെന്നാണ്.
തുടർന്നു വന്ന ദശകങ്ങളിൽ ഇസ് ലാമിക സാമ്രാജ്യത്തിന്റെ അങ്ങോളമിങ്ങോളം 34-ലധികം ആശുപത്രികൾ ഉയർന്നു വന്നു. ഖൈറുവാനിൽ (ഇന്നത്തെ തുനീഷ്യ) ഒമ്പതാം നൂറ്റാണ്ടിൽ ഒരു ആശുപത്രി പണിതതായി രേഖകളുണ്ട്. മക്കയിലും മദീനയിലുമായി അതിന്റെ തുടർച്ച കാണാനാകുന്നതാണ്. പേർഷ്യയും ഒട്ടും പുറകിലായിരുന്നില്ല. പേർഷ്യൻ നഗരമായ റയ്യിലെ ഒരു ആശുപത്രിക്ക് കാർമികത്വം വഹിച്ചിരുന്നത് ബാഗ്ദാദിന്റെ സന്തതിയായ മുഹമ്മദ് ബിൻ സകരിയ്യ അൽ റാസി ആയിരുന്നു.

പത്താം നൂറ്റാണ്ടോടെ ബാഗ്ദാദിൽ മാത്രം അഞ്ചിലധികം ആശുപത്രികൾ ഉയർന്നു വന്നു. ഇവയിൽ ആദ്യത്തേത് ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അൽ മുഅ്തദിതിന്റെ കാലത്ത് പണിതീർത്തതാണ്. അദ്ദേഹം അൽ റാസിയോട് ആശുപത്രി നിർമാണത്തിന് മേൽനോട്ടം വഹിക്കാനാവശ്യപ്പെടുകയുണ്ടായി. നഗരത്തിലെ ഏറ്റവും നല്ല സ്ഥലം ഏതെന്ന് അൽ റാസിക്ക് നിർണയിക്കേണ്ടതുണ്ടായിരുന്നു. സ്ഥല നിർണയത്തിനായി അദ്ദേഹം നടത്തിയ പരീക്ഷണം ഏറെ ശ്രദ്ധേയമാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പച്ച മാംസം
തൂക്കിയിട്ടു. കുറച്ചു കഴിഞ്ഞ് അവ പരിശോധിച്ചു. മാംസം കുറച്ച് മാത്രം ചീഞ്ഞളിഞ്ഞ ഭാഗത്ത് ആശുപത്രി പണിതു. ചികിത്സ ആരംഭിച്ചപ്പോൾ അവിടെ നേത്രചികിത്സകൻ (oculist), ശസ്ത്രക്രിയാവിദഗ്ധൻ (surgen), എല്ലുവിദഗ്ധൻ (bonesetter) എന്നിവരുൾപ്പടെ ഇരുപത്തി അഞ്ചോളം ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. മംഗോളിയക്കാർ 1258 ൽ ബാഗ്ദാദ് നശിപ്പിക്കും വരെ ഡോക്ടർമാരുടെയും സ്പെഷാലിറ്റികളുടെയും എണ്ണം കൂടുക തന്നെയായിരുന്നു.
പത്താം നൂറ്റാണ്ടിലെ ബാഗ്ദാദ് ചീഫ് മെഡിക്കൽ ഓഫിസർക്ക് വസീറായ അലി ഇബ്നു ഈസ ഇബ്നു ജറാഹ് എഴുതിയതിങ്ങനെ: ‘തടവുപുള്ളികളെ പറ്റി ഞാനൊരല്പം ആധിയിലാണ്. അവരുടെ എണ്ണം വളരെ കൂടുതലും തടങ്കലിന്റെ അവസ്ഥ മോശവുമാണ്. അവരിൽ രോഗികളായ ഒത്തിരി പേരുണ്ടായേക്കാം. എന്റെ അഭിപ്രായത്തിൽ അവിടേക്ക് മാത്രമായി ഡോക്ടർമാരെ നിയമിക്കണമെന്നാണ്. ഡോക്ടർമാർ അവരെ നിരന്തരം നിരീക്ഷിക്കുകയും പരിചരണവും മരുന്നും ആവശ്യമുള്ളവർക്ക് നൽകുകയും വേണം. ഇത്തരം ഡോക്ടർമാർ ഓരോ ജയിലും സന്ദർശിക്കണം. രോഗികളായ തടവുപുള്ളികളെ ചികിത്സിക്കണം.’ ഏറെ വൈകാതെ തന്നെ തടവുപുള്ളികൾക്ക് മാത്രമായി
ഒരു ആശുപത്രി പണിയുകയും ജീവനക്കാരെ നിയമിക്കുകയും ചെയ്തു.
ഈജിപ്തിൽ ആദ്യ ആശുപത്രി നിർമിക്കുന്നത് 872ലാണ്. ഫുസ്താത്വ് പ്രവിശ്യയുടെ (ഇപ്പോൾ പഴയ കൈറോയുടെ ഭാഗമാണിത്) തെക്കുപടിഞ്ഞാറൻ ഭാഗത്തായി അബ്ബാസി ഗവർണറായ അഹ്മദ് ഇബ്നു ത്വുലൂന്റെ കാലത്തായിരുന്നു ഇത് പണിതത്. പൊതുവായ രോഗം പോലെ ഭ്രാന്തിനും ചികിത്സ നൽകിയ (രേഖപ്പെടുത്തപ്പെട്ടതിൽ) ആദ്യസ്ഥാപനമാണിത്. 12ാം നൂറ്റാണ്ടിൽ സ്വലാഹുദ്ദീൻ കൈറോവിൽ ‘നാസ്വിരി ആശുപത്രി’ സ്ഥാപിച്ചു. എന്നാൽ 1284ൽ പണിപൂർത്തിയായ ‘മൻസൂരി ആശുപത്രി’ വിസ്താരത്തിലും പ്രാധാന്യത്തിലും നാസ്വിരിയെ കടത്തിവെട്ടി. 15-ാം നൂറ്റാണ്ടു വരെ കൈറോവിലെ ഏറ്റവും മുന്തിയ ആരോഗ്യ കേന്ദ്രമായി അത് നിലകൊണ്ടു. പിന്നീട് ഖലാവൂൻ ആശുപത്രി എന്ന് പുനർനാമകരണം ചെയ്തു. കണ്ണുകളെ കുറിച്ചും അവക്കുണ്ടാകുന്ന രോഗങ്ങളെ കുറിച്ചും പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖയായ ഒഫ്താൽമോളജി (ophthalmology) അവിടെ പഠിപ്പിച്ചിരുന്നു.
ദമസ്കസിലെ നൂരി ആശുപത്രി പ്രാരംഭം തൊട്ടേ പ്രമുഖസ്ഥാനം വഹിച്ചിരുന്നു. 12ാം നൂറ്റാണ്ടിന്റെ മധ്യകാല ഘട്ടം തൊട്ട് 15ാം നൂറ്റാണ്ട് വരെ ഇതിനെ കവച്ചു വെക്കാൻ ഒരു ആശുപത്രിയും ഉണ്ടായിട്ടില്ല. എന്നാൽ അതേ സമയം, നഗരത്തിൽ അഞ്ച് അഡീഷണൽ ആശുപത്രികളുണ്ടായിരുന്നു. ഐബീരിയൻ ഉപദ്വീപിലെ കൊർദോവയിൽ മാത്രം 50 പ്രമുഖ ആശുപത്രികളുണ്ടായിരുന്നതായി ചരിത്രം പറയുന്നു. ചിലത് സൈന്യത്തിന് വേണ്ടി മാത്രമായി പണിതീർത്തവ ആയിരുന്നു. ഖലീഫമാർക്കും സൈന്യാധിപന്മാർക്കും സാധാരണക്കാർക്കുമെല്ലാം സ്പെഷലിസ്റ്റായ ഡോക്ടറുടെ സേവനം എപ്പോഴും ലഭ്യമായിരുന്നു.
സംഘാടനം
ആശുപത്രിയെ വിവിധ ഡിപ്പാർട്ട്മെന്റുകളാക്കിയുള്ള സമ്പ്രദായം നമുക്കിന്ന് കാണാനാകുന്നതാണ്. പൗരാണിക ഇസ് ലാമിക ആശുപത്രികളുടെയും സവിശേഷമായ പ്രത്യേകതയായിരുന്നിത്. രോഗബാധാ വിഭാഗം, സർജറി, നേത്രസംരക്ഷണ വിഭാഗം (ophthalmology), എല്ലുസംരക്ഷണ വിഭാഗം (ഒർതപീഡിക്സ്), മനോരോഗ വിഭാഗം എന്നിങ്ങനെ ഒത്തിരി ഡിപ്പാർട്ട്മെന്റുകൾ അന്നും ഉണ്ടായിരുന്നു. രോഗബാധാ വിഭാഗം ഇന്നത്തെ സമ്പ്രദായത്തോട് തികച്ചും സദൃശ്യമാണ്. അവിടെ പനികൾ, ഉദരരോഗങ്ങൾ, അണുബാധ തുടങ്ങി പ്രത്യേകം പ്രത്യേകം കീഴ്വിഭാഗങ്ങൾ വരെയുണ്ടായിരുന്നു. വലിയ ആശുപത്രികൾക്ക് ധാരാളം ഡിപ്പാർട്ട്മെന്റുകളും വിഭിന്നങ്ങളായ കീഴ്സ്പെഷാലിറ്റികളും കാണാമായിരുന്നു.
ഇസ് ലാമിക ആശുപത്രികളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനായി മാത്രം ഒരാളെ നിശ്ചയിക്കാറുണ്ടായിരുന്നു . ശുചിത്വത്തിനും ശുദ്ധീകരണത്തിനും ഒരു കുറവും വരുത്താതെ ഇദ്ദേഹം നോക്കണം. എക്കൗണ്ടന്റുകളെയും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളെയും അവിടെ കാണാം. സാമ്പത്തികമായും അല്ലാതെയും ആശുപത്രിയുടെ നിലവാരം കാത്തുസൂക്ഷിക്കലായിരുന്നു ഇവരുടെ ഉത്തരവാദിത്വം. എല്ലാത്തിലുമുപരി സാഉർ എന്ന തസ്തികയിൽ ഒരു സൂപ്രണ്ടുമുണ്ടാകും. ഇദ്ദേഹത്തിനായിരിക്കും സ്ഥാപനത്തിന്റെ നടത്തിപ്പിന്റെ മൊത്തം ഉത്തരവാദിത്വം.
മുൻനിശ്ചയിച്ച സമയത്ത് മാത്രമേ ഡോക്ടർമാർക്ക് തന്റെ ഡിപ്പാർട്ട്മെന്റിലേക്ക് വരുന്ന രോഗികളെ ചികിത്സിക്കേണ്ടതൊള്ളൂ. ഓരോ ആശുപത്രിക്കും അതിന്റേതായ ലൈസൻസുള്ള ഫാർമസിസ്റ്റുകളും (സൈദലാനി) നഴ്സുകളുമുണ്ടായിരിക്കും. ഉദ്യോഗസ്ഥർ ഓരോരുത്തർക്കും കൃത്യമായ ശമ്പളമുണ്ട്. പ്രതിഭാധന്യരെ സ്ഥാപനത്തിലേക്ക് ആകർഷിപ്പിക്കാൻ തക്കതായ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരുന്നു.
വഖ്ഫുകളിൽ നിന്നായിരുന്നു ആശുപത്രികൾക്കുള്ള പ്രധാന വരുമാനം. ധനികരും അധികാരികളും കഴിയും വിധം ധർമങ്ങൾ നൽകിപ്പോന്നു. പുതിയ ബീമാരിസ്ഥാൻ പണിയാനും നിലവിലുള്ളത് വികസിപ്പിക്കാനും സ്ഥലവും പണവും ലഭിച്ചിരുന്നു. പൊതു ആസ്തികളായ കടകൾ, മില്ലുകൾ, സത്രങ്ങൾ, എന്നിവയിൽ നിന്നുള്ള വരുമാനം ബീമാരിസ്ഥാന്റെ ചെലവിലേക്കും സംരക്ഷണത്തിലേക്കും വിനിയോഗിച്ചിരുന്നു. ഗ്രാമങ്ങളിൽ നിന്ന് ലഭിക്കുന്ന നികുതി വരുമാനവും ഇതിനായി ഉപയോഗിച്ചു. അസുഖം മാറി തിരിച്ച് വീട്ടിൽ പോകുമ്പോൾ രോഗിക്ക് ചെറിയൊരു തുകയും കയ്യിൽ കൊടുക്കും. സർക്കാർ ബജറ്റിന്റെ ഒരു ഭാഗം ആശുപത്രിയുടെ സംരക്ഷണത്തിനായി മാറ്റി വെക്കുമായിരുന്നു. ആശുപത്രി സേവനങ്ങളെല്ലാം തന്നെ സൗജന്യവുമായിരുന്നു.
ആതുരസംരക്ഷണം
ഇരുപത്തി നാല് മണിക്കൂറും തുറന്നു പ്രവർത്തിക്കുന്നവയായിരുന്നു ബീമാരിസ്ഥാനുകളെല്ലാം. പുരുഷന്മാർക്ക് പുരുഷന്മാരും സ്ത്രീകൾക്ക് സ്ത്രീകളും ചികിത്സിക്കുന്ന സമ്പ്രദായം അവിടെ നിലനിന്നിരുന്നു. എന്നാൽ, പ്രത്യേക പരിചരണം വേണ്ടിടത്ത് ഇരുകൂട്ടരെയും ചികിത്സിക്കുകയും ചെയ്യും. ഗൗരവമല്ലാത്ത രോഗികളെ ശുശ്രൂഷിക്കാൻ ക്ലിനിക്കുകൾ അക്കാലത്ത് കാണാമായിരുന്നു. വൈദ്യന്മാർ മരുന്നുകൾ നിർദേശിക്കുകയും വീട്ടിൽ വെച്ച് രോഗമുക്തി നേടുകയും ചെയ്യുന്ന സമ്പ്രദായം അന്നേ നിലവിലുണ്ട്.
പകർച്ചവ്യാധികളെ പ്രധിരോധിക്കാൻ വേണ്ട സജ്ജീകരണങ്ങളും ബീമാരിസ്ഥാനുകളിൽ ഉണ്ടായിരുന്നു. അവിടെ അഡ്മിറ്റ് ചെയ്യേണ്ട ഒരു രോഗി വന്നെന്നിരിക്കട്ടെ. അദ്ദേഹത്തിന് കേന്ദ്ര ഭാഗത്തു നിന്ന് ആശുപത്രി വക വസ്ത്രങ്ങൾ നൽകും. ധരിച്ചു വന്ന വസ്ത്രങ്ങൾ ആശുപത്രി സ്റ്റോറിൽ സൂക്ഷിക്കുകയും ചെയ്യും. വാർഡിലെത്തുന്ന രോഗിക്ക് കാണാനാവുക തയ്യാറാക്കി വെച്ച വൃത്തിയും വെടിപ്പുമുള്ള കിടക്കയും വിരിപ്പുമായിരിക്കും. ആശുപത്രി റൂമുകളും വാർഡുകളുമെല്ലാം തന്നെ ചിട്ടയായി സംവിധാനിച്ചവ ആയിരുന്നു.
ശുചിത്വം പരിരക്ഷിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ പരിശോധകനുണ്ടാകും. ഒരു ദിവസവും മുടങ്ങാതെ അദ്ദേഹമത് നിർവ്വഹിക്കുകയും ചെയ്യും. രോഗികളുടെയും ആശുപത്രിയുടെയും വിവരങ്ങളറിയാൻ ഭരണാധികാരികൾ നേരിട്ട് സന്ദർശനം നടത്തിയിരുന്നു. അതുകൊണ്ട്
തന്നെ മികച്ച പ്രവർത്തനമായിരുന്നു അവയുടേത്. ഡോക്ടർമാർ മരുന്നും പഥ്യവും നിശ്ചയിക്കുന്നതോടു കൂടെ ശുശ്രൂഷയും ആരംഭിക്കുന്നു. രോഗത്തിനും അവസ്ഥക്കുമനുസരിച്ചായിരിക്കും ഭക്ഷണവും. പോഷകാഹാരവും ഫലപച്ചക്കറികളും കൊണ്ട് സമ്പുഷ്ടവും ഉയർന്ന നിലവാരവുമുള്ളതായിരിക്കുമത്.
രോഗം സുഖപ്പെട്ടോ എന്നറിയാൻ അവിടെ ഉപയോഗിച്ചിരുന്ന ഒരു മാനദണ്ഡം ശ്രദ്ധേയമാണ്. ആരോഗ്യവാനായ ഒരാൾ കഴിക്കുന്നത്രയും ഭക്ഷണം (ഒരു പക്ഷിയെ പൂർണമായും വറുത്തെടുത്തതുൾപ്പടെ) രോഗിക്ക് കൊടുക്കും. ദഹനം വേഗത്തിലാണെങ്കിൽ സുഖം പ്രാപിച്ചെന്ന് ഗണിക്കുകയും വിട്ടയക്കുകയും ചെയ്യും. രോഗമുക്തി ആയെങ്കിലും വിട്ടയക്കാൻ മാത്രം ആരോഗ്യമില്ലാത്തവരെ പ്രത്യേകമൊരു വാർഡിലേക്ക് (convalescent ward) മാറ്റും. പുറത്തുപോകാൻ പ്രാപ്തരാകും വരെ അവരെ പരിചരിക്കുകയും ചെയ്യും. ആവശ്യക്കാർക്ക് പുതുവസ്ത്രങ്ങൾ നൽകിയിരുന്നു. അവരുടെ ദൈന്യംദിന ജീവിതം തിരിച്ചു പിടിക്കാൻ ചെറിയൊരു തുകയും ആശുപത്രി വക ഉണ്ടായിരുന്നു.
പതിമൂന്നാം നൂറ്റാണ്ടിലെ ഡോക്ടറും യാത്രികനുമായ അബ്ദു ല്ലത്വീഫ് അൽ ബാഗ്ദാദി ദമസ്കസിൽ അധ്യാപനം നടത്തിയിരുന്നു. അദ്ദേഹം പറയുന്ന രസകരമായൊരു കഥയുണ്ട്, കൗശലക്കാരനായ ഒരു പേർഷ്യൻ പയ്യന്റെ കഥ. നൂരി ആശുപത്രിയിലെ ഭക്ഷണവും സേവനവും പയ്യന് നന്നേ ബോധിച്ചു. തുടർന്നും അവ ലഭിക്കാൻ അദ്ദേഹം രോഗം അഭിനയിച്ചു. ഡോക്ടർ വന്ന് പരിശോധിച്ചെങ്കിലും പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. എന്നാലും വെറുതെ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു. മൂന്ന് ദിവസം അങ്ങനെ കഴിഞ്ഞു പോയി. നാലാം ദിനം ഡോക്ടർ അദ്ദേഹത്തിന്റെയടുത്തെത്തി. ചെറിയൊരു ചിരിയോടെ ക്ഷമാപണ സ്വരത്തിൽ പറഞ്ഞു: “അറബികളുടെ ആതിഥ്യം മൂന്ന് ദിവസമേ ഒള്ളൂ. ദയവായി വീട്ടിൽ പോണം!”
ആതുര സേവനത്തിന്റെ നിലവാരം പലപ്പോഴായി നിരൂപണം ചെയ്തിരുന്നു. ഇബ്നുൽ ഉഖ് വ് തന്റെ ‘മആലീമുൽ ഖുർബ ഫീ ത്വലബിൽ ഹിസ്ബ’ എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണുക: “രോഗി സുഖം പ്രാപിച്ചാൽ വൈ വൈദ്യന് കൂലി ലഭിക്കും. രോഗി മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ കുടുംബം പ്രധാന ഡോക്ടറെ സമീപിക്കും. വൈദി വൈദ്യൻ കുറിച്ചു കൊടുത്ത മരുന്ന് അദ്ദേഹത്തെ കാണിക്കും. വൈദ്യൻ തന്റെ ജോലി കുറ്റമറ്റ രീതിയിലാണ് നിർവ്വഹിച്ചതെങ്കിൽ അവരോട് പറയും, ‘മരണം സ്വാഭാവികം തന്നെ.’ ഇനി നേരെ തിരിച്ചാണെങ്കിൽ ഇങ്ങനെയായിരിക്കും പറയുക, ‘നിങ്ങളുടെ ബന്ധുവിനെ വൈദ്യൻ കൊല ചെയ്തതാണ്. നിങ്ങൾക്ക് പകരം ആവശ്യപ്പെടാം.’ വൈദ്യൻ തന്റെ ജോലിയിൽ വീഴ്ച വരുത്തുക വഴി രോഗിയെ കൊല്ലുകയാണ് ചെയ്യുന്നത്. ഇക്കാരണം കൊണ്ടു തന്നെ വിദഗ്ധർ പരിശോധിച്ചുറപ്പിച്ച മരുന്നുകൾ മാത്രമാണ് വൈദ്യന്മാർ നൽകുക.
ആശുപത്രികൾക്ക് പുറമെ, പ്രധാന സ്ഥലങ്ങളിലും പട്ടണങ്ങളിലും പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളും തീവ്രപരിചരണ കേന്ദ്രങ്ങളും സ്ഥാപിക്കപ്പെട്ടിരുന്നു. വലിയ പള്ളികൾ പോലുള്ള പൊതുസ്ഥലങ്ങളിലാണിവ പൊതുവെ കാണപ്പെട്ടിരുന്നത്. കൈറോവിലെ ഇത്തരത്തിലുള്ള ഒരു സംവിധാനത്തെ പറ്റി മഖ്രിസി വിവരിക്കുന്നത് നോക്കൂ: “ഇബ്നു ത്വൂലൂൻ വിശ്വവിഖ്യാതമായൊരു പള്ളി ഈജിപ്തിൽ പണിതുവല്ലോ. അതിന്റെ ഒരറ്റത്ത് വുളൂഅ് എടുക്കാനുള്ള സ്ഥലമാണ്. അതിനോട് ചേർന്ന് ഒരു ഡിസ്പെൻസറി കാണാനാകും. മരുന്നും ജോലിക്കാരുമെല്ലാം അവിടെയുണ്ട്. വെള്ളിയാഴ്ചകളിൽ ഒരു ഡോക്ടറുടെ സേവനം ലഭ്യമായിരിക്കും. ധാരാളമാളുകൾ സംബന്ധിക്കുന്ന ജുമുഅ:യിൽ അത്യാഹിതമായി ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ ഈ ഡോക്ടറുടെ സേവനം വലിയൊരനുഗ്രഹമാകും.”
മെഡിക്കൽ സ്കൂളുകളും ലൈബ്രറികളും
വൈദ്യവിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിലും ആശുപത്രികൾക്ക് കാതലായ പങ്കുണ്ടായിരുന്നു. സെമിനാർ രീതിയിൽ വൈദ്യശാസ്ത്ര വിഷയങ്ങൾ ചർച്ച ചെയ്യാൻ വലിയ ലെക്ച്ചർ തിയറ്ററുകൾ ഓരോ ആശുപത്രിയോടും ചേർന്ന് സംവിധാനിച്ചിരുന്നു. അവിടെ വൈദ്യവിദ്യാർത്ഥികൾ, മുതിർന്ന ഡോക്ടർമാർ, മെഡിക്കൽ ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം സംബന്ധിക്കും. പഠനം പൂർത്തിയായ ശേഷം വിദ്യാർത്ഥികൾക്ക് പരിശീലനം തുടങ്ങിയാൽ മുതിർന്ന ഡോക്ടർമാരുടെ കൂടെ ഇവരും വാർഡുകളിലേക്ക് വരും, ആതുരശുശ്രൂഷ കണ്ടുപഠിക്കും. ഏതാണ്ട് ഇതൊക്കെ തന്നെയല്ലേ ഇന്നത്തെ റെസിഡൻസി പ്രോഗ്രാമുകളും?
കാലാന്തരങ്ങളെ അതിജീവിച്ച ഗ്രന്ഥങ്ങളാണ് അക്കാലത്തെ ആരോഗ്യരംഗത്തെ പറ്റി നമുക്ക് പറഞ്ഞു തരുന്നത്. അത്തരത്തിലൊന്നാണ് ഇബ്നു അബീ ഉസയ്ബിഅയുടെ ‘ഉയൂനുൽ അൻബാഅ് ഫീ ത്വബഖാത്തിൽ അത്വിബ്ബാഅ്’ എന്ന ഗ്രന്ഥം. ചർമരോഗങ്ങൾ, പനികൾ, വീക്കങ്ങൾ തുടങ്ങി രോഗങ്ങളെ എങ്ങനെ ചികിത്സിക്കണം, പഥ്യം എങ്ങനെയായിരിക്കണം തുടങ്ങി ഒത്തിരി കാര്യങ്ങൾ പറയുന്നുണ്ടിതിൽ. വാർഡുകൾ കയറിയിറങ്ങുന്നതിനിടെ വിദ്യാർത്ഥികളോട് രോഗിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ നിർദേശിച്ചിരുന്നു. വേദനയും വീക്കവുമുള്ള സ്ഥലം, അതിന്റെ പ്രകൃതം, ചർമത്തിന്റെ നിറം, ചൂട്, തണുപ്പ്, ഈർപ്പം, വരൾച്ച, എന്നിവയെല്ലാം സൂക്ഷമമായി നിരീക്ഷിക്കാനും നിർദേശിച്ചിരുന്നു.
പരിശീലനങ്ങളുടെ പര്യവസാനം ഒരു പരീക്ഷയിലാകും. അതിൽ വിജയിക്കുന്നതോടെ വൈദ്യനായുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ഇതിനായി സർക്കാർ നിശ്ചയിക്കുന്ന ഒരു ചീഫ് മെഡിക്കൽ ഓഫീസറെ കാണേണ്ടതുണ്ട്. സർട്ടിഫിക്കറ്റ് വാങ്ങാൻ ആഗ്രഹിക്കുന്ന വിഷയത്തിൽ നീണ്ട പ്രബന്ധം തയ്യാറാക്കുക എന്നതാണ് ഇതിന്റെ ആദ്യപടി. ഈ പഠനം പുതിയൊരു ഗവേഷണ മേഖലയോ പുറത്തുവന്ന പഠനങ്ങളുടെ നിരൂപണങ്ങളോ ആകാവുന്നതാണ്. ഹിപ്പോക്രാറ്റസ് (Hippocrates), ഗാലൻ (Galen), ഇബ്നു സീന (Ibn Sina) തുടങ്ങിയവരുടെ പഠനങ്ങൾ നിരൂപണങ്ങൾക്കായി ഉപയോഗിച്ചിരുന്നു.
മുൻപ് വന്ന പഠനങ്ങൾ പഠിക്കാൻ മാത്രമല്ല വിദ്യാർത്ഥികളെ പ്രേരിപ്പിച്ചിരുന്നത്. അവയിലെ ആശയങ്ങളെ ഇഴകീറി പരിശോധിക്കാനും പ്രോത്സാഹിപ്പിച്ചിരുന്നു. മുൻകൃതികളെ കണ്ണടച്ച് അംഗീകരിക്കുക എന്നതിൽ നിന്ന് മാറി, കാതലായ ഗവേഷണം നടത്തുക എന്ന നയമായിരിക്കണം മധ്യകാല ഇസ്ലാമിക ബൗദ്ധിക പരിസരത്തെ ഇത്രത്തോളം വിശാലമാക്കിയത്. നീണ്ട ഗവേഷണ പ്രബന്ധം പൂർത്തിയാക്കലോടു കൂടെ ഉദ്യോഗാർത്ഥികളെ ചീഫ് മെഡിക്കൽ ഓഫീസർ വിശദമായി ഇന്റർവ്യൂ ചെയ്യും. ഓഫീസർ ഉദ്യോഗാർത്ഥികൾക്കു മുമ്പിൽ ഒത്തിരി പ്രശ്നങ്ങൾ പങ്കുവെക്കും. തൃപ്തികരമായ മറുപടി ലഭിക്കുന്ന പക്ഷം സർട്ടിഫിക്കറ്റും ലഭ്യമാകും.
ആശുപത്രിയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അത്യന്തം ഉപകാരപ്രദമായ മറ്റൊരു കാര്യം കൂടെയുണ്ട്- അതിവിശാലമായ മെഡിക്കൽ ലൈബ്രറി. ഈജിപ്തിലുണ്ടായിരുന്ന ഇബ്നു ത്വൂലൂന്റെ ആശുപത്രി ലൈബ്രറിയിൽ ഒരു ലക്ഷത്തോളം ഗ്രന്ഥങ്ങളുണ്ടായിരുന്നു, അതും വൈദ്യശാസ്ത്രത്തിലെ വിവിധ മേഖലകളിലുള്ള ഗ്രന്ഥങ്ങൾ. ആധുനിക ലോകത്ത് നാം കാണുന്ന ആശുപത്രികളെല്ലാം പൗരാണിക ബീമാരിസ്ഥാനുകളിൽ നിന്ന് മാതൃക സ്വീകരിച്ചവയാണെന്ന് നമുക്ക് പറയാനാകും. മധ്യകാല ഇസ്ലാമിക ലോകത്തുണ്ടായ വൈദ്യശാസ്ത്ര മുന്നേറ്റങ്ങൾക്ക് നേരെ കണ്ണടക്കാനാകില്ല. ആധുനിക വൈദ്യശാസ്ത്രത്തിന് ഇത്രയും നല്ലൊരു പാരമ്പര്യം വേറെയുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy