മുത്ത് നബി(സ)യുടെ ഇസ്രാഅ് മിഅ്റാജ്:
ഉൾപ്പൊരുളുകളുടെ ആകാശങ്ങൾ

നബീൽ മുഹമ്മദലി:

ഇമാം ശാഹ് വലിയുല്ലാഹി ദഹ്ലവി(റ)യുടെ ഹുജ്ജത്തുല്ലാഹിൽ ബാലിഗ ആസ്വാദന പഠനം തുടരുന്നു….

അല്ലാഹു നബി(സ)യെ മസ്ജിദുൽ അഖ്സ്വയിലേക്ക് നിശാപ്രയാണം ചെയ്യിക്കുകയും അവിടെ നിന്ന് ആകാശലോകങ്ങളെല്ലാം മറി കടന്ന് സിദ്റതുൽ മുൻതഹയിലേക്കും അല്ലാഹു ഉദ്ദേശിച്ച പല ആത്മീയ ലോകങ്ങളിലേക്കും ആരോഹണം ചെയ്യിക്കുകയുമുണ്ടായി. ഇതെല്ലാം സ്ഥൂല ശരീരത്തോടെ ഉണർവിൽ തന്നെയായിരുന്നു. പക്ഷെ, അത് ഈ ദൃശ്യ ലോകത്തിന്നും പ്രതീക ലോകത്തിനും മദ്ധ്യെയുള്ള സങ്കേതത്തിൽ വെച്ചായിരുന്നു. രണ്ടു ലോകത്തിന്റെയും അവസ്ഥകൾ സംഗമിക്കുന്ന സങ്കേതമാണത്. ഈ ലോകത്തെ മനുഷ്യ ജീവിതത്തിൽ ആത്മാവ് ശാരീരിക പ്രകൃതിക്ക് മുമ്പിൽ കീഴ്പ്പെട്ട നിലയിലാണുള്ളത്. സംസ്കരണം ലഭിച്ച വ്യക്തികളിൽ ആത്മാവിന്റെ വിശിഷ്ട സ്വഭാവം പ്രകടമാകുമെങ്കിലും ശരീരത്തിന്റെ മാംസനിബദ്ധമായ പ്രകൃതിയെ അതിജീവിക്കുക സാധ്യമല്ല. അതിനാൽ റൂഹിനെ ശരീരം വഹിച്ചു കൊണ്ടു പോകുന്നതാണ് മനുഷ്യന്റെ സാധാരണ പ്രകൃതി. ശരീരത്തെ റൂഹ് വഹിച്ചു കൊണ്ട് ഉയർന്നു പോകുന്ന അസാധാരണ പ്രകൃതിയിലേക്ക് അല്ലാഹു തആല നബി(സ)യെ പരിവർത്തിപ്പിച്ചതു മുഖേനയാണ് ഇസ്രാഅ് മിഅ്റാജ് യാത്ര സാധ്യമായത്.
ശരീരത്തിന്റെ ഭുജിക്കാനും ഭോഗിക്കാനുമുള്ള അഭിനിവേശത്തെ ശക്തികുറച്ച് കൊണ്ടു വരികയും അല്ലാഹുവുമായി ഹൃദയത്തെ ബന്ധപ്പെടുത്തുകയും ചെയ്യുന്നതിലൂടെ മനുഷ്യന്റെ ശാരീരികാവസ്ഥക്ക് ശക്തി കുറഞ്ഞ് മലക്കാനിയായ(മലക്കിൻറെ പ്രകൃതം) അവസ്ഥകൾ അവനിൽ സംജാതമാകും. എല്ലാം അല്ലാഹുവിന്റെ ഔദാര്യത്താൽ സാധ്യമാകുന്ന അവന്റെ നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്നതുമാണ്. നബി(സ)യുടെ ശരീര പ്രകൃതി സ്വർഗ്ഗത്തിലെ മനുഷ്യ പ്രകൃതിയിലേക്ക് കൂടുതൽ താദാത്മ്യം പുലർത്തുന്നതാണ്. അവിടുത്തെ വിയർപ്പ് സുഗന്ധമായി മാറാനും അവിടുന്ന് വിസർജിച്ചാൽ മലം കാണപ്പെടാതിരിക്കാനും കാരണം അതാണ്. മനുഷ്യനിൽ നിന്ന് മലക്കുകൾ അകലം പാലിക്കാൻ കാരണമാകുന്ന ദുർഗന്ധാവസ്ഥ നബി(സ)ക്ക് അന്യമായിരുന്നു. മനുഷ്യന്റെ പാരത്രികവും ആധ്യാത്മികവുമായ വിജയ നിദാനം മലക്കുകളുടെ സമ്പർക്കമാണെന്നതിനാലാണ് മലക്കുകളോട് ഇണങ്ങി ചേരാവുന്ന സ്വഭാവ-പ്രകൃതങ്ങൾ പരമാവധി സൂക്ഷിക്കാൻ വിശ്വാസികളോട് കൽപ്പിക്കപ്പെട്ടത്. അതിന്റെ ഭാഗമായിട്ടാണല്ലോ നിരന്തരം മിസ് വാക്ക് ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ചത്. നിങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന് കരുതിയാണ് അഞ്ച് നേരത്തെ നിസ്കാരത്തിന് മുന്നോടിയായി മിസ് വാക്ക് നിർബന്ധമാക്കാത്തത് എന്ന് നബി(സ) പറയുകയും ചെയ്തു!. ചുരുക്കത്തിൽ വിസർജ്യത്തിനോ വിയർപ്പിനോ ദുർഗന്ധമില്ലാത്ത, നിരന്തരം മിസ് വാക്ക് ചെയ്യുകയും സുഗന്ധം ഉപയോഗിക്കുകയും ചെയ്യുന്ന ഹബീബായ നബി(സ)ക്ക് ശാരീരകമായി തന്നെ ആധ്യാത്മിക ലോകങ്ങളിലേക്ക് പ്രവേശിക്കാവുന്ന പ്രതാപശാലിത്വം നിറഞ്ഞവരാണ്. അവിടുത്തെ ബാല്യത്തിൽ രണ്ട് തവണയും ആകാശ ആരോഹണ വേളയിലും നബി(സ)യുടെ ശാരീരത്തെ ആധ്യാത്മിക പ്രകൃതത്തിലേക്ക് മാറ്റാൻ വേണ്ടി ആത്മീയലോകത്തിനും ശാരീരിക ലോകത്തിനും മധ്യത്തിലായി കൊണ്ടുള്ള ഹൃദയ ശസ്ത്രക്രിയ നടത്തുകയും ചെയ്തതാണ്. ശരീരത്തിന്റെ മൃഗീയതയെ മലക്കീയമായ ആത്മീയ തേജസ്സ് കീഴടക്കുന്നതിന്റെ പ്രതീകമായിട്ടാണത് നടത്തിയത്. അങ്ങിനെ സിദ്റത്തുൻ മുൻതഹവരെ ശാരീരകമായി തന്നെ ആരോഹണം ചെയ്ത് ഖാബകൗസൈനിയായി അല്ലാഹുവിലേക്കുള്ള സാമീപ്യം അതിന്റെ പരമോന്നതിയിൽ എത്തിയതിന്റെ ദൃഷ്ടാന്തമാണ് മിഅ്റാജ്. അതോടൊപ്പം ഈ ഉമ്മത്തിനോടുള്ള ഹിർസും(അതിയായ ആഗ്രഹം) റഅ്ഫത്തും(കൃപ) കാരണമായി ആരോഹണത്തിന്റെ പാരമ്യത്തിൽ നിന്ന് ഇറങ്ങി വന്ന് ഇരുളടഞ്ഞു കിടക്കുന്ന ഹൃദയങ്ങളിലേക്ക് സിറാജൻ മുനീർ ആയി ജ്വലിച്ചു കൊണ്ട് വെളിച്ചം നൽകുകയും ചെയ്തു. അല്ലാഹുവിന്റെ ഹബീബായതോടൊപ്പം അല്ലാഹുവിന്റെ കൽപ്പന ശിരസ്സാവഹിച്ച നിലയിൽ ഉമ്മത്തിന് റസൂലാവുക എന്നതിലും വിട്ടുവീഴ്ച്ച വരുത്താത്ത സവിശേഷതയാണ് മിഅ്റാജിന് ശേഷം തങ്ങളിൽ കൂടുതൽ ശോഭിച്ചു കണ്ടത്. അതും രക്ഷകനായി വരുന്ന നബി(സ)യെ എല്ലാ വിധത്തിലും നിഗ്രഹിക്കാൻ ശ്രമിക്കുന്നവർക്കിടയിലും കരുണ്യപൂർവ്വം സന്മാർഗ വെളിച്ചം പകരാൻ മുണ്ടുമുറുക്കിയുള്ള പ്രയത്നത്തിൻറെ കഥ കരളലിയിക്കുന്നതാണ്. അതാണ് നബി(സ)യെ കുറിച്ച് അഭിദാനം ചൊല്ലുമ്പോൾ നബിയെ… അങ്ങ് ഉമ്മയാണോ അതല്ലാ വാപ്പയാണോ? ഈ രണ്ട് പേരിലും കാണാത്ത ഗുണങ്ങളാണ് അങ്ങയിൽ കാണുന്നത് എന്ന വരി അന്വർത്ഥമാകുന്നത്.
ഇസ്രാഅ്-മിഅ്റാജ് യാത്രക്ക് മുന്നോടിയായി നബി(സ)യുടെ നെഞ്ച് കീറി ഈമാൻ നിറച്ച സംഭവത്തിന്റെ പൊരുളിനെ ശാഹ് വലിയുല്ലാഹി(റ) പരാമർശിച്ചു പറഞ്ഞത്, “മലക്കിയത മൃഗീയതയെ കീഴടക്കുന്നതിന്റെ പ്രതീകമാണതെന്നാണ്”. ആത്മീയമായ തേജസ്സ് മനുഷ്യനിലെ മൃഗീയതയെ അതിജീവിച്ചു നിൽക്കുന്ന അവസരത്തിൽ ആത്മാവിൻറെ മലക്കീയമായ പ്രകൃതി ലഭിക്കുന്നു. ആധ്യാത്മിക ലോകത്തിലേക്ക് സഞ്ചരിക്കുമ്പോൾ മലക്കീയമായ പ്രകൃതിയോടെയാണ് സഞ്ചരിക്കേണ്ടതാണ്. മൃഗീയ പ്രകൃതത്തിന് അഥവ ജീവാത്മാവിന്റെ പ്രകൃതത്തോടെ സഞ്ചരിക്കാൻ സാധിക്കില്ല. ശൂന്യാകാശത്തേക്ക് സഞ്ചരിക്കുന്ന ആധുനിക മനുഷ്യന് അതിനായി എന്തെല്ലാം ഒരുക്കങ്ങൾ നടത്തുന്നു. ഈ വിധം ഒരുക്കങ്ങൾ വേണ്ടിവരുന്നത് ശരീരാത്മാവിന്റെ പ്രകൃതത്തോടെ സഞ്ചരിക്കുമ്പോളാണ്. ആത്മാവിന്റെ പ്രകൃതം സിദ്ധിച്ചാൽ ഇതിന്റെയൊന്നുമാവശ്യമില്ല. ബുറാഖിലേറി അല്ലാഹുവിലേക്ക് ഒറ്റ കുതിക്കലാണ്.
മിഅ്റാജിന് വേണ്ടി അല്ലാഹു തെരഞ്ഞെടുത്ത പ്രദേശം ഫലസ്തീനിലെ മസ്ജിദുൽ അഖ്സക്ക് സമീപമുള്ള പ്രദേശമാണ്. മസ്ജിദുൽ അഖ്സയുടെ പരിസരങ്ങളെ ഞാൻ അനുഗ്രഹപൂരിതമാക്കിയിരിക്കുന്നുവെന്നാണ് അല്ലാഹു പ്രഖ്യാപിച്ചത്. നേരത്തെ തന്നെ അനേകം പ്രവാചകന്മാരുടെ പാദസ്പർശം കൊണ്ട് ആ പ്രദേശം അനുഗ്രഹീതമാണ്. പിന്നീടാണ് വിശ്വാനുഗ്രഹിയായ നബി(സ)യെ മിഅ്റാജിന് കൊണ്ടു പോകാൻ ആ പ്രദേശത്തെ തെരഞ്ഞെടുത്തത്. മസ്ജിദുൽ അഖ്സയിൽ വെച്ച് ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരേയും നബി(സ) കണ്ടുമുട്ടുകയാണ്. അവർക്ക് മുമ്പിൽ ഇമാമായി നബി(സ) നിൽക്കുമ്പോൾ ആദം സന്തതികൾക്ക് മുഴുവൻ ഞാൻ നേതാവാണ് എന്ന അവിടുത്തെ വചനത്തെ ചേർത്തുവെക്കാൻ സാധിക്കും.
ഏഴ് ആകാശങ്ങളിലൂടെയും കടന്നു പോയി കൊണ്ടാണ് നബി(സ) അല്ലാഹുവുമായി അഭിസംബോധനം ഉണ്ടാകുന്നത്. അല്ലാഹു സ്ഥല-കാലത്തിന് അതീതനാണ്. എന്നാൽ അല്ലാഹു സംവിധാനിച്ച വ്യവസ്ഥിതിയിൽ അവന്റെ ഭരണസിരാകേന്ദ്രമായി നിശ്ചയിക്കപ്പെട്ട കേന്ദ്രമുണ്ടല്ലോ? അവിടെവെച്ചാണ് അല്ലാഹുവുമായി നബി(സ) മറകളില്ലാതെ സംസാരിക്കുന്നത്. അതിലേക്ക് ഉഡയനം ചെയ്യുന്ന അവസരത്തിൽ ഓരോ ആകാശങ്ങളും അവിടങ്ങളിലെ പരിശുദ്ധാത്മാക്കളേയും സ്വർഗ്ഗവും നരകവും നബി(സ) നേരിട്ട് കാണുകയാണ്. ഇതിലൂടെ നബി(സ)യുടെ ആത്മീയ ഔന്നിത്യവും പദവിയും അല്ലാഹു തആല വെളിവാക്കുകയാണ്.

തുടരും:

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy