ഹുജ്ജത്തുല്ലാഹില്‍ ബാലിഗ ആസ്വാദന പഠനം തുടരുന്നു: 2:
നബീൽ മുഹമ്മദ് അലി:
അഹ്ലുസുന്നത്തി വൽ ജമാഅത്തിന്റെ അശ്അരി പാതയോട് ചേർന്നു നിന്നവരായിരുന്നു ഇമാം ശാഹ് വലിയുല്ലാഹി ദഹ്ലവി(റ) എന്ന് തെളിയിക്കുന്നതാണ് ഹുജ്ജത്തുല്ലാഹിൽ ബാലിഗയിലെ വരികൾ. ”ഒരു വിഭാഗം മാത്രം പരിശുദ്ധ ഖുർആനിന്റെയും സുന്നത്തിന്റെയും വ്യക്തമായ ആശയങ്ങൾ മുറുകെ പിടിച്ചു അണപ്പല്ലു കൊണ്ട് അമർത്തിപ്പിടിക്കുകയായിരുന്നു. മുൻഗാമികളുടെ വിശ്വാസ ചര്യകളിൽ നിന്ന് അവർ അൽപവും വ്യതിചലിച്ചില്ല. അവ യുക്തിയുടെ ഉരകല്ലിൽ ഉരച്ചു നോക്കാൻ അവർ ശ്രമിച്ചതുമില്ല. ബുദ്ധിപരമായ ചില തെളിവുകൾ അവലംബിച്ചുവെങ്കിൽ അതു എതിരാളികളെ മുട്ടുകുത്തിക്കാൻ വേണ്ടി മാത്രമായിരുന്നു. അല്ലെങ്കിൽ സ്വന്തം ഖൽബിന് കൂടുതല്‍ ശാന്തിയും സമാധാനവും കിട്ടാൻ വേണ്ടി മാത്രം. അല്ലാതെ വിശ്വാസപരമായ കാര്യങ്ങളെ യുക്തിയുടെ ഉരക്കല്ലിൽ മാറ്റുരക്കാൻ വേണ്ടിയായിരുന്നില്ല.” (ഹുജ്ജത്തുല്ലാഹിൽ ബാലിഗ, മുഖവുരയില്‍ നിന്ന്)
മതപരമായ വിശ്വാസ സംഹിതയെ യുക്തിപരമായി വ്യഖ്യാനിച്ചു കൊണ്ട് സ്വഹാബാക്കളുടെ പാതയില്‍ നിന്നും വ്യതിചലിച്ച വിഭാഗമാണ് മുഅ്തസിലികള്‍.
മുഅ്തസിലത്ത് എന്ന് പൊതുവെ പറയുമെങ്കിലും ഇവര്‍ ഒരുപാട് ധാരകളുണ്ടായിരുന്നു. അവര്‍ക്കെതിരെ ശക്തമായ വൈജ്ഞാനിക പ്രതിരോധം തീര്‍ത്ത ആശയധാരയാണ് അശാഇറത്ത്. അഹ്ലുസുന്നത്തിന്റെ പക്ഷം ഇമാം അബുല്ഹസന് അശ്അരി(റ)യുടെ നേതൃത്വത്തിലാണ് മുഅ്തസിലികളെ ആശയപരമായി നേരിടാന്‍ രംഗത്ത് വന്നത് എന്നതിനാലാണ് ഈ പാതയെ മഹാനവര്കളിലേക്ക് ചേര്‍ത്ത് അശ്അരി എന്നോ അശാഇറത്ത് എന്നോ പറയുന്നത്. ഇമാം അബൂമന്‍സൂറുല്‍ മാതൂരീദി(റ) യും ഈ രംഗത്ത് നേതൃത്വം വഹിച്ചവരാണ്. അദ്ദേഹത്തിലേക്ക് ചേര്‍ത്ത് മാതൂരീദി ധാരയുമുണ്ട്. പക്ഷെ, ഇവിടെ ആശാഇറത്തിന്റെ പാത എന്ന പൊതുവായ പ്രയോഗത്തില്‍ മാതൂരീദി ധാരയേയും ഉള്‍പ്പെടുത്തി കൊണ്ടാണ് പറയുന്നത്. യുക്തിയും ബുദ്ധിയും സമ്മതിക്കുന്ന വ്യാഖ്യാനങ്ങള്‍ വഴിയായി സ്വഹാബാക്കളുടെ പാതയില്‍ നിന്ന് വ്യതിചലിപ്പിച്ച് യുക്തിവാദത്തിലേക്ക് നയിക്കുന്ന പിഴച്ച ധാരയെ ശക്തിയുക്തം എതിര്‍ക്കുമ്പോൾ തന്നെ സ്വഹാബാക്കളുടെ ആശയങ്ങള്‍ക്ക് യുക്തിയുടെ കൂടി പിൻബലം കൊടുക്കുന്ന വ്യഖ്യാനങ്ങള്‍ക്ക് വിരോധമില്ല എന്നതാണ് അശാഇറത്തിന്റെ സമീപനം. യുക്തിയും ബുദ്ധിയും അവലംബമാക്കിയ മുഅ്തസിലിയ്യത്തിന്റെ വാദഗതികളില്‍ സ്വാധീനിക്കപ്പെട്ട ജനതയോട് ബുദ്ധിപരമായി തന്നെ സംവദിച്ച് അവരുടെ വഴിവിട്ട ആശയങ്ങളില്‍ നിന്ന് തിരിച്ചു കൊണ്ടുവരുന്നതില്‍ അപ്രമാദിത്വം കൈവരിക്കാന്‍ സാധിച്ചതാണ് അശാഇറത്തിന്റെ വിജയം.
ഖുര്‍ആനിനേയും ഹദീസുകളേയും അവലംബമാക്കുന്നത് പോലെ തന്നെ അവയുടെ ശരിയായ വക്താക്കളായ സ്വഹാബാക്കളുടെ ചര്യയും ദീനിന്റെ അവലംബനീയമായ പ്രമാണമാണ്. അവകളെ ഏറ്റവും നന്നായി സ്വാംശീകരിച്ച സലഫുസ്സ്വാലിഹീങ്ങളും ദീനിന്റെ മാതൃകായോഗ്യരായ ശ്രേഷ്ഠ വ്യക്തിത്വങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇവരുടെ ആശയങ്ങളില്‍ നിന്നുള്ള വ്യതിചലനം സംഭവിച്ചവരെയാണ് അഹ്ലുസുന്നയുടെ പുറത്തുള്ളവരായി കാണുന്നത്. ദീനില്‍ അനിവാര്യമായ കാര്യങ്ങളെല്ലാം ഉള്‍കൊള്ളുന്ന, ഒരേ ഖിബ്ലയുടെയും ഒരേ ഖുര്‍ആനിന്റെയും ഒരേ പ്രവാചകന്റെയും അനുയായികളായതോടെ തന്നെ സംഭവിച്ചിരിക്കുന്ന അബദ്ധമാണ് അഹ്ലുസുന്നത്തില്‍ നിന്നും ചില വിഭാഗങ്ങള്‍ പുറത്താകാന്‍ കാരണം. അവരില്‍ സംഭവിച്ച അബദ്ധമെന്താണെന്ന് ഇമാം ശാഹ് വലിയുല്ലാഹി ദഹ്ലവി(റ) വിവരിക്കുന്നത് നമുക്ക് പരിശോധിക്കാം.
”മറ്റു ചിലര്‍ ചെയ്തത് അങ്ങിനെയല്ല. അവര്‍ യുക്തിക്ക് കടന്നു ചെല്ലാന്‍ പറ്റാത്ത വിശ്വാസങ്ങളെ അവയുടെ ബാഹ്യാര്‍ത്ഥത്തില്‍ നിന്നു വളച്ചൊടിച്ചു വ്യഖ്യാനിച്ചു. അങ്ങിനെ അവര്‍ യുക്തിപരമായ ന്യായങ്ങള്‍ കണ്ടെത്തി. കാലിനൊപ്പിച്ച് ചെരുപ്പ് മുറിക്കുന്നതിന് പകരം ചെരുപ്പിനൊപ്പിച്ച് അവര്‍ കാല് മുറിച്ചു. ഖബറിലെ ചോദ്യം, നന്മ-തിന്മകളെ തൂക്കല്, സ്വിറാത്വിലൂടെയുള്ള പ്രയാണം, ദിവ്യ ദര്‍ശനം, ഔലിയാക്കളുടെ അത്ഭുത ദൃഷ്ടാന്തങ്ങള്‍ തുടങ്ങിയ കാര്യങ്ങളൊക്കെ അവര്‍ വളച്ചോടിച്ചു വ്യഖ്യാനിച്ചവയില്പെടുന്നു. ഇതൊക്കെ ഖുര്‍ആനിലും ഹദീസിലും വ്യക്തമായി പറഞ്ഞ അനിഷേധ്യ വസ്തുതകളാണ്. മുന്‍ഗാമികളെല്ലാം അവ പ്രത്യക്ഷാര്‍ത്ഥത്തില്‍ തന്നെ സ്വീകരിച്ചതുമാണ്. പക്ഷെ, ഇവയെ യുക്തിയുടെ ഉരക്കല്ലിലുരച്ച ചില പിന്‍ഗാമികള്‍ നിഷേധിക്കുകയോ, ദുര്‍വ്യാഖ്യാനം ചെയ്യുകയോ ചെയ്തു. ഒരു വിഭാഗക്കാര്‍ മാത്രം അതില്‍ വിശ്വാസം പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞു, ”നമുക്കവയുടെ പൊരുള്‍ മനസ്സിലാകുന്നില്ലെങ്കിലും നാമവ വിശ്വസിക്കുന്നു. അവയുടെ യുക്തി നമുക്കജ്ഞാതം തന്നെ. പക്ഷെ, അതൊക്കെ റബ്ബിന്റെ പ്രമാണം അനുസരിച്ചുള്ളതാണ്. നമ്മുടെതായ ബുദ്ധി അവക്കു സാക്ഷിയായിത്തന്നെ നിലകൊള്ളുന്നു.”(ഹുജ്ജ)
യുക്തിയെ അവലംബമാക്കി സുന്നത്തിന് വിരുദ്ധമായി സംസാരിച്ച എതിരാളികളെ തോല്‍പ്പിക്കാന്‍ വേണ്ടി സുന്നത്തിന്റെ പക്ഷത്ത് നിന്നു കൊണ്ട് അതിനാണ് യുക്തിപരമായ പ്രബലത എന്ന് തെളിയിക്കാന്‍ ശ്രമിച്ചവരാണ് അശ്അരികള്‍. അവരുടെ ആ രൂപത്തിലുള്ള പ്രതിരോധം കാരണം മുഅതസിലിയ്യത്തിന് അനുകൂലമായ അന്തരീക്ഷത്തെ അഹ്ലുസുന്നക്ക് അനുകൂലമാക്കി മാറ്റാന്‍ സാധിച്ചുവെന്നതാണ് ചരിത്രം. അതാണ് ഇമാം അശ്അരി(റ) ഈ ഉമ്മത്തിന്റെ പരിഷ്കര്‍ത്താവായി(മുജദിദ്) മാറാന്‍ കാരണം. എന്നാല്‍, യുക്തിപരമായ വ്യാഖ്യാനം ഒട്ടും പാടില്ല എന്ന് ശഠിച്ച തീവ്രവാദ ധാരകളുണ്ട്. ഹനാബിലയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട അവര്‍ യഥാര്‍ത്ഥത്തില്‍ പ്രതിലോമകരമായ വാദഗതിക്കാരാണ്. ആധുനിക കാലഘട്ടത്തില്‍ സലഫി എന്ന പേരിലും വഹാബികളായി രംഗത്ത് വന്നിട്ടുള്ളവരിലും ഉപരി സൂചിത വിഭാഗത്തിന്റെ പുതിയ തലമുറകളാണ് എന്ന് തോന്നുന്ന വിധമുള്ള പല പ്രവണതകളും പ്രകടമാണ്. സലഫുസ്വാലിഹീങ്ങളുടെ പാത ശരിയാണ് എന്ന കാര്യത്തില്‍ അശാഇറത്തും അവരും തമ്മില്‍ ഭിന്നതയില്ല. എന്നാല്‍ സ്വലഫുകള്‍ മനുഷ്യന്റെ വിശ്വാസം വഴിതെറ്റുന്നിടത്ത് വ്യാഖ്യാനം പറയാന്‍ മുതിര്ന്നിട്ടുണ്ടെന്ന വസ്തുതയെ നിഷേധിക്കുകയാണ് ഈ തീവ്ര വിഭാഗങ്ങൾ ഇന്ന് ചെയ്യുന്നത്.
യുക്തിവാദത്തിനും ശാസ്ത്രത്തിനും മറ്റു ബൗദ്ധിക വൈജ്ഞാനിക ആശയങ്ങള്‍ക്കും അപ്രമാദിത്വം നിലനില്‍ക്കുന്ന ആധുനികതയിലും ഉത്തരാധുനികതയിലും എന്നല്ല നാസ്തിക യുക്തിവാദത്തിന് അപ്രമാദിത്വമില്ലാതിരുന്ന ആധുനിക പൂര്‍വ്വ കാലത്ത് പോലും ഹനാബിലയുടെ പേരിൽ ഉടലെടുത്ത ഈ തീവ്രപക്ഷക്കാർ പിന്തിരിപ്പന് വാദക്കാരായിട്ടെ ചരിത്രം അടയാളപ്പെടുത്തുന്നുള്ളൂ. സ്വലഫുകള്‍ ഏത് ആശയത്തിലായിരുന്നോ അത് തന്നെ ശരി, ഇനിയൊരു ബൗദ്ധിക വ്യാഖ്യാനവും നിര്‍ബന്ധമില്ല എന്നാണ് വാദമെങ്കില്‍ അത് ശരിയാണെന്നല്ല അതാണ് കൂടുതല്‍ സുരക്ഷിതവും. എന്നാല്‍, നാം സംബോധന ചെയ്യുന്ന സമൂഹം ശരിയായ ഈമാനിലേക്ക് പ്രവേശിക്കാത്തതിനാല്‍ അവര്‍ക്ക് മുന്നിൽ യുക്തിപരമായ വ്യാഖ്യാനത്തിനും ബൗദ്ധിക തത്വങ്ങള്‍ക്കും പ്രബലതയുണ്ടെന്ന കാര്യത്തെ പരിഗണിക്കേണ്ടതുണ്ട്. മാത്രമല്ല, സ്വന്തം മനസ്സിന് തൃപ്തി ലഭിക്കാൻ ഒരാള്‍ക്ക് ബൗദ്ധികമായ വ്യാഖ്യാനത്തിലേക്ക് ആവശ്യമായാല്‍ അതിലൂടെ അയാള്‍ മനഃശാന്തി നേടട്ടെ. മനഃശാന്തി കൈവരിച്ച വിശ്വാസികള്‍ തീര്‍ച്ചയായും സലഫുസ്വാലിഹീങ്ങളുടെ പാതയിലേക്ക് തന്നെ തിരിച്ചുവരുമെന്ന കാര്യത്തില്‍ സംശയമില്ല. മഹ്ശറയിലെ പുനരുജ്ജീവനം എങ്ങിനെ എന്ന് അനുഭവിച്ചറിയാന്‍ സയ്യിദുനാ ഇബ്രാഹീം നബി(അ) അല്ലാഹുവിനോട് ആവശ്യപ്പെട്ടത് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചിട്ടുണ്ടല്ലോ. അതിലൂടെ മനുഷ്യന്റെ വിശ്വാസത്തെ കൂടുതല്‍ കരുതുറ്റതാക്കാന് സഹായകമായ മാര്‍ഗങ്ങള്‍ അവലംബിക്കാവുന്നതാണ് എന്ന സത്യം ഏവര്‍ക്കും ഉള്കൊള്ളാവുന്നതേയുള്ളൂ.
തുടരും