നബീൽ മുഹമ്മദലി
പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ച വിഖ്യാത സൂഫിയും മുജദ്ദിദും മുഹദ്ദിസുമെല്ലാമായിരുന്ന ശാഹ് വലിയുല്ലാഹിദ്ദഹ് ലവി(റ) യുടെ വിശ്രുത രചനയായ ഹുജ്ജത്തുല്ലാഹിൽ ബാലിഗയുടെ പാരായണാനുഭവം പങ്ക് വെക്കുന്ന ഒരു പരമ്പര ആരംഭിക്കുന്നു. മഹാനായ ആ സൂഫിയുടെ ജീവിതവും ദർശനവും സംക്ഷിപ്തമായി വിവരിക്കുന്ന ആമുഖ ഭാഗമാണ് താഴെ.
യുറോപ്പ്യൻ സാമ്രാജ്യത്വത്തെയും, യൂറോ കേന്ദ്രിതമായ രാഷ്ട്രീയ-സാംസ്കാരിക അധിനിവേശങ്ങളേയും ചെറുത്തു നിൽക്കാൻ വേണ്ട വൈജ്ഞാനിക-ആത്മീയ അടിത്തറ പണിത മുജദ്ദിദാണ് ഇമാം ശാഹ് വലിയുല്ലാഹി ദഹ്ലവി(റ). ഇമാമവർകൾക്ക് നാല് വയസ്സ് പ്രായമുള്ളപ്പോളാണ് മുഗൾ സാമ്രാജ്യത്വത്തിന്റെ ഏറ്റവും പ്രതാപമുള്ള ഭരണാധികാരി ഔറംഗസീബിന്റെ വിയോഗം സംഭവിക്കുന്നത്. അതോടെ രാഷ്ട്രീയ രംഗം ഛിന്നഭിന്നമാവുകയാണ്. പിന്നീടുള്ള അമ്പത് വർഷത്തിനിടയിൽ(1707-1757) പത്ത് ഭരണാധികാരികളാണ് ഡൽഹി സിംഹാസനത്തിൽ ഉപവിഷ്ടരായത്. ബ്രിട്ടീഷ് അധിനിവേശത്തോടെ വൈജ്ഞാനിക രംഗത്ത് ബൗദ്ധികമായ സമീപന രീതിയും യുക്തിവാദവും രംഗത്തു വരാനിരിക്കുന്നതിനെ അതിജയിക്കാൻ കഴിയും വിധം ഇസ്ലാമിനെ അവതരിപ്പിക്കുന്ന അത്ഭുതകരമായ രചനയാണ് ഹുജ്ജത്തുല്ലിഹിൽ ബാലിഗ. വലിയൊരു ചരിത്ര ദൗത്യമാണ് ഇതിലൂടെ ശാഹ് വലിയുല്ലാഹി(റ) നിർവ്വഹിച്ചിട്ടുള്ളത്. ശരീഅത്തിന്റെ വിധി-വിലക്കുകളുടെ പൊരുളും അതിന്റെ ആത്മീയമായ ബന്ധവും പ്രതിപാദിക്കുന്ന സാമൂഹിക-രാഷ്ട്രീയ-തത്വചിന്താപരമായ രചനയാണ് ഹുജത്തുല്ലാഹിൽ ബാലിഗ. ഇസ്ലാമിക വിജ്ഞാനീയങ്ങളെ മുഴുവൻ ജീവസുറ്റതാക്കുന്നതും അതിന്റെ ശക്തി സ്രോതസ്സും തസ്വവുഫാണെന്നതിനാൽ ഹുജത്തുല്ലാഹിൽ ബാലിഗ തസ്വവുഫിൽ ഊന്നിയ രചനയാണെന്ന് തന്നെ പറയാം.
ഹിജ്റ 1114 ശവ്വാൽ 4(ക്രി.1703-ഫെബ്രുവരി 21) നാണ് ഇമാം ശാഹ് വലിയുല്ലാഹി(റ) യുടെ ജനനം. നമ്മുടെ കാലഘട്ടത്തിൽ കലാപങ്ങൾ കൊണ്ട് ശ്രദ്ധേയമായ യു.പിയിലെ മുസഫർ നഗറിലാണ് ഇമാമവർകളുടെ ജനനം. പിതാവ് ശാഹ് അബ്ദുറഹീം എന്നവരുടെ പിതൃപരമ്പര ഉമർ ഇബ്നുൽ ഖത്താബ്(റ) എന്നവരിലേക്കാണ് ചെന്ന് ചേരുന്നത്. താർത്താരികളുടെ അക്രമണ കാലത്ത് ഇറാൻ, ഇറാഖ്, തുർക്കി മുതലായ ഭൂപ്രദേശങ്ങളിൽ നിന്ന് ധാരാളം വിദ്യാസമ്പന്നർ ഇന്ത്യയിലേക്ക് കുടിയേറിയിരുന്നു. അവർ ഇന്ത്യയെ വൈജ്ഞാനികമായി പുഷ്ടിപെടുത്തുകയും ഇന്ത്യ ഇസ്ലാമിക വിജ്ഞാനത്തിന്റെ ആസ്ഥാനമായി മാറുവാനിടയാവുകയും ചെയ്തു. ആ കുടിയേറ്റക്കാരിലൊരാളായിരുന്നു ശംസുദ്ദീൻ മുഫ്തി എന്ന ശാഹ് വലിയുല്ലാഹി(റ) യുടെ പതിമൂന്നാമത്തെ പിതാമഹൻ. ഖുറൈശിയായ അദ്ദേഹം ഹിജ്റ ഏഴാം നൂറ്റാണ്ടിന്റെ അന്ത്യത്തിലൊ എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ആയിട്ടാണ് ഇന്ത്യയിൽ താമസമുറപ്പിക്കുന്നത്. ശാഹ് സാഹിബിന്റെ പിതൃപരമ്പര – ശാഹ് അബ്ദുറഹീം(റ), ശഹീദുദ്ദീൻ(റ), വജീഹുദ്ദീൻ(റ), മുഅദ്ദം(റ), മൻസൂർ(റ), അഹ്മദ് മഹ്മൂദ്(റ), ഖാള്വി ഖാദിൻ(റ)(ഖിവാമുദ്ദീൻ), ഖാളി ഖാസിം(റ), ഖാളി കാദഃ(റ)(ഖാളി കബീർ), അബ്ദുൽ മലിക്(റ), ഖുതുബുദ്ദീൻ(റ), കലാമുദ്ദീൻ(റ), ശംസുദ്ദീൻ മുഫ്തി(റ), ശർമാലിക്(റ), മുഹമ്മദ് അത്വാമാലിക്(റ), അബ്ദുൽ ഫതഹ് മാലിക്(റ), ഉമർ ഹാകിം മാലിക്(റ), ആദിൽ മാലിക്(റ), ഫാറൂഖ്(റ), ജബജിസ്(റ), അഹ്മദ് മുഹമ്മദ് ശഹർയാൻ(റ), ഉസ്മാൻ(റ), മാഹാൻ(റ), ഹുമയൂൺ(റ), ഖുറൈശ്(റ), സുലൈമാൻ(റ), അഫ്ഫാൻ(റ), അബ്ദുല്ലാഹ് മുഹമ്മദ്(റ), അബ്ദുല്ലാഹിബ്നു ഉമർ(റ), ഉമർ ഇബ്നുൽ ഖത്താബ്(റ).
ഡൽഹിയിലെ ബക്തിയാർ കാക്കി(റ)യുടെ പേരായ ഖുതുബുദ്ദീൻ അഹ്മദ് എന്നാണ് പിതാവ് ശാഹ് വലിയുല്ലാഹി(റ) ക്ക് ഇട്ടിരുന്നത്. എന്നാൽ, ജനങ്ങൾ അല്ലാഹുവിന്റെ വലിയ്യ് എന്ന അർത്ഥത്തിൽ ശാഹ് വലിയുല്ലാഹ് എന്ന് വിളിച്ചതോടെയാണ് ആ പേരിൽ പ്രസിദ്ധരായത്. മാതാവ് മുസഫർ നഗർ ജില്ലയിലെ ഭുലത്തിയിലെ ശൈഖ് മുഹമ്മദ് ഭുലത്തി സിദ്ദീഖിയുടെ മകൾ ഫഖ്റുന്നിസാഅ് ആണ്. ഹദീസിലും തഫ്സീറിലും വ്യുൽപ്പത്തിയുള്ളതോടൊപ്പം മഅരിഫത്തിന്റെ പാതയിലും പാകപ്പെട്ട മഹതിയാണ് ശാഹ് സാഹിബിന്റെ മാതാവ്!. ദീനിൽ വ്യുൽപ്പത്തിയുള്ളവരും ഉറച്ച പാദങ്ങളുള്ളവരുമായ മാതാ-പിതാക്കളുടെ സന്താനമാകുമ്പോൾ അതിന്റെതായ പ്രതാപമുണ്ടാകുമല്ലോ. പിതാവ് അബ്ദുറഹീം തന്നെയാണ് ശാഹ് സാഹിബിന്റെ പ്രഥമ ഗുരുവും ആത്മീയ ഗുരുവും. ഏഴാം വയസ്സിൽ പിതാവിനൊപ്പം തഹജുദ് ശീലമാക്കിയ ഇമാമവർകൾ മരണം വരെ അത് തുടർന്നു. ഏഴാം വയസ്സിൽ തന്നെ വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കി. അറബി, ഫാരിസി, ഉർദു ഭാഷകളിൽ പരിജ്ഞാനം നേടി. പതിനഞ്ചാം വയസ്സിൽ അന്ന് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന മത-ഭൗതിക വിദ്യകൾ പൂർത്തിയാക്കി. വൈദ്യവും അറിയാമായിരുന്നുവെങ്കിലും ചികിത്സിച്ചിരുന്നില്ല. ശാഹ് വലിയുല്ലാഹി(റ)യുടെ സഹോദരൻ അഹ്ലുല്ലാഹ് വലിയുല്ലാഹിയാണ് ചികിത്സ രംഗത്ത് സേവന നിരതനായത്. പതിനാൽ വയസ്സിൽ പിതാവിനെ ബൈഅത്ത് ചെയ്യുകയും പതിനേഴ് വയസ്സുള്ളപ്പോൾ പിതാവിന്റെ അന്ത്യസമയത്ത് ബൈഅത്ത് നൽകാനുള്ള അനുവാദവും ലഭിച്ചു. ബുഖാരി, മിഷ്കാത്ത്, ശമാഇലു തിർമിദി, ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളിലെ- തഫ്സീറുൽ മദാരിക്, തഫ്സീർ ബൈളാവിയും കർമശാസ്ത്രത്തിൽ- ശറഹുൽ വിഖായ, ഹിദായ എന്നിവയും പഠിച്ചു പൂർത്തിയാക്കുമ്പോൾ ശാഹ് സാഹിബിന് പതിനാല് വയസ്സേ ആയിട്ടുള്ളൂ!. മാത്രമല്ല, വൈദ്യത്തിലും ഫൽസഫയിലും നിദാന ശാസ്ത്രത്തിലും അലങ്കാര ശാസ്ത്രത്തിലും ഗണിത ശാസ്ത്രത്തിലും തസവുഫിലും ആ പ്രായത്തിൽ പരിജ്ഞാനം സിദ്ധിച്ചിരുന്നു.
പിതാവിന്റെ വഫാത്തിന് ശേഷം പന്ത്രണ്ട് വർഷകാലം അധ്യാപനം നടത്തിയ ശേഷം ഹിജ്റ 1143(ക്രി.1731)ലാണ് ഹറമൈൻ സന്ദർശിക്കാനുള്ള അഭിലാഷമുണ്ടാകുന്നത്. സൂറത്തിൽ നിന്ന് കപ്പലിൽ ജിദ്ദയിലേക്ക് പുറപ്പെട്ടു. ഹജ്ജിന് ശേഷം മക്കയിലേയും മദീനയിലേയും ഹറമുകൾക്ക് പരിസരത്ത് തന്നെ രണ്ട് വർഷത്തോളം താമസിച്ചു. ആ കാലയളവിൽ ഒരുപാട് വിദേശ നാടുകളിൽ നിന്നും വന്ന പണ്ഡിതരിൽ നിന്ന് ഹദീസുകളും മറ്റു വിജ്ഞാനീയങ്ങളും കരസ്ഥമാക്കി. സൂഫി ശൈഖും വലിയ പണ്ഡിതനുമായ ശൈഖ് അബൂതാഹിറുൽ മദനി(റ) അതിൽ പ്രധാന ഗുരുവാണ്. നാല് കർമശാസ്ത്ര സരണിയിലും ശാഹ് സാഹിബ് വ്യുൽപ്പത്തി നേടുകയും ചെയ്തിരുന്നു.
അമ്മാവനായ ശൈഖ് ഉബൈദുല്ലാഹ് സിദ്ദീഖിയുടെ മകളുമായി പതിനേഴാമത്തെ വയസ്സിൽ പിതാവ് അബ്ദുറഹീം നിക്കാഹ് നടത്തി കൊടുത്തിരുന്നു. അതിൽ മുഹമ്മദ് എന്ന ഏക മകനാണ് ഉണ്ടായത്. ആ പത്നിയുടെ വഫാത്തിന് ശേഷം, സയ്യിദ് സനാഉല്ലാഹ് സോനിപ്പത്തിയുടെ മകൾ ഇറാദത്ത് ബീവിയെ വിവാഹം ചെയ്തു. അതിലുണ്ടായ സന്താനങ്ങളാണ് ശാഹ് വലിയുല്ലാഹി(റ)യുടെ വൈജ്ഞാനിക-ആത്മീയ പിൻഗാമികളായി(ഖലീഫ) മാറിയത്. ശാഹ് അബ്ദുൽ അസീസ് മുഹദിസ് ദഹ്ലവി(റ), മൗലാന ശാഹ് റഫീഉദ്ദീൻ ദഹ്ലവി(റ), ശാഹ് അബ്ദുൽഖാദിർ ദഹ്ലവി(റ), ശാഹ് അബ്ദുൽ ഗനി ദഹ്ലവി(റ) എന്നീ പുത്രന്മാരും അമത്തുൽ അസീസ് എന്ന പുത്രിയുമാണ് സന്താനങ്ങൾ.
കച്ചവടക്കാരായി ഇന്ത്യയിലേക്ക് കടന്നു വന്ന ബ്രിട്ടീഷുകാർ ഛിന്നഭിന്നമായി കിടന്നിരുന്ന ഇന്ത്യയെ ഉപജാപങ്ങളിലൂടെ കീഴടക്കുന്നതിന് സാക്ഷിയായിട്ടാണ് ശാഹ് വലിയുല്ലാഹ്(റ) ഇഹലോകത്തോട് വിട പറയുന്നത്. ഹിജ്റ 1176 മുഹറം 29 (ക്രി. 1762 ആഗസ്റ്റ് 20) ശനിയാഴ്ച്ച ളുഹർ സമയത്ത് അവിടുത്തെ 62-ാം വയസ്സിൽ വഫാത്തായി. ഡൽഹി ജുമാമസ്ജിദിനും നിസാമുദ്ദീനും മദ്ധ്യേ ഡൽഹി ഗേറ്റിന് അടുത്ത് മൗലാന ആസാദ് മെഡിക്കൽ കോളേജിന്റെ പിന്നിലായി മെഹന്തിയാർ എന്ന പ്രദേശത്ത് അവിടുത്തെ പിതാവ് തുടക്കം കുറിച്ച മദ്റസത്തു റഹീമിയ്യയോട് ചേർന്ന് നിൽക്കുന്ന സുന്ദരമായ മസ്ജിദിന്റെ മുൻഭാഗത്താണ് ഖബർ. ശാഹ് സാഹിബിന്റെ മാതാപിതാക്കളുടേയും ഭാര്യ-മക്കളുടെയുമെല്ലാം ഖബറുകൾ അവിടെ തന്നെയാണ്.
പിതാവ് അബ്ദുറഹീമിൽ നിന്നും ശാഹ് വലിയുല്ലാഹി കരസ്ഥമാക്കിയത് ഖാദിരിയ്യ ത്വരീഖത്താണ്. മദീനയിൽ വെച്ച് ശിഷ്യത്വം സ്വീകരിച്ച ശൈഖ് അബൂത്വാഹീർ മദനി എന്നവരിലൂടെ അക്ബരിയ്യ ത്വരീഖത്തുമാണ് ലഭിച്ചത്. പിതാവ് അബ്ദുറഹീമിലൂടെ തന്നെ അബ്ദുല്ലാഹ് അക്ബറാബാദി വഴി ആദം ബിന്നൂരിയിലൂടെ മുജദിദ് അൽഫസാനി അഹ്മദുൽ ഫാറൂഖ് സർഹിന്ദി(റ) യിലേക്ക് നഖ്ശബന്തി ത്വരീഖത്തിലേക്കും കണ്ണിചേരുന്നുണ്ട്.
ദീനി വിജ്ഞാനത്തിന്റെ സകല മേഖലയിലും സാഗരസമാനമായ വിജ്ഞാനം കരഗതമാക്കിയ ശാഹ് സാഹിബ് ബൗദ്ധിക വിജ്ഞാനീയങ്ങളിലും വ്യുൽപ്പത്തിയുള്ളവരായതിനാൽ ആ നിലയിലെല്ലാം മഹാനവർകളുടെ വൈജ്ഞാനിക വ്യക്തിത്വത്തിന് വികാസമുണ്ടാവുകയും എല്ലാ അർത്ഥത്തിലുമുള്ള മുജദിദായി മാറുകയും ചെയ്തു. വൈജ്ഞാനിക രംഗത്തെ ശാഹ് സാഹിബിന്റെ ബഹുമുഖ പ്രതിഭാശാലിത്വവും ആധ്യാത്മിക ഔന്നിത്യവും സമ്മേളിക്കുന്ന രചനയാണ് ഹുജ്ജത്തുല്ലാഹിൽ ബാലിഗയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
(അവലംബം: ദേവ്ബന്ദ് പണ്ഡിതർ നവോത്ഥാന ശിൽപികൾ, അൽജുസ്ഉൽ ലത്വീഫ് ഫീ തർജുമത്തി അബ്ദുളഈഫ് എന്ന പേരിൽ ശാഹ് വലിയുല്ലാഹി(റ) തന്നെ എഴുതിയ അവിടുത്തെ ആത്മകഥ)
ഹുജ്ജത്തുല്ലാഹിൽ ബാലിഗയുടെ രചനാ പാശ്ചാത്തലം:
മുഹദിസുൽ ഹിന്ദ്, മുസ്നദുൽ ഹിന്ദ് എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട ഇമാമവർകളുടെ അടിസ്ഥാന നാമവിശേഷണം ഹദീസിലേക്ക് ചേർത്തു കൊണ്ടാണ്. അത് അന്വർത്ഥമാക്കും വിധം ഹദീസിനെ മുൻനിർത്തി തന്നെയാണ് ഹുജ്ജത്തുല്ലാഹിൽ ബാലിഗയുടെ അവതരണവുമുള്ളത്. ഹദീസിന്റെ ആത്മാവായിട്ടാണ് ആധ്യാത്മികതയെ ശാഹ് വലിയുല്ലാഹി(റ) സമീപിക്കുന്നത്. ഹുജ്ജത്തുല്ലാഹിൽ ബാലിഗയുടെ ആമുഖത്തിൽ അദ്ദേഹം പറയുന്നത് കാണുക. ”ഹദീസെന്ന പഴത്തിന്റെ ഏറ്റവും മുകളിലുള്ള തൊലി അതിന്റെ ശക്തി ദൗർബല്യങ്ങൾ ഗ്രഹിക്കാനുള്ള സാങ്കേതിക ശാസ്ത്രമാണ്. ഹദീസിൽ സാധുവും അസാധുവും മനസ്സിലാക്കാൻ ഉതകുന്ന അറിവാണത്. മുൻഗാമികളായ ഹദീസ് ശാസ്ത്ര വിദഗ്ധരായ സൂക്ഷ്മാലുക്കൾ ഇക്കാര്യത്തിൽ അവരുടേതായ ധാരാളം സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്. ആ പുറംതൊലിയോടടുത്ത് നിൽക്കുന്ന തൊലിയാണ് ഹദീസിലെ സാധാരണ വാക്കുകളുടെ അർത്ഥവും ഹദീസിന്റെ ദൗർബല്യവും മറ്റും വിവരിക്കുന്ന ശാസ്ത്രവും. ഈ വിഷയത്തിൽ അറബി സാഹിത്യ കലാനിപുണരായ ധാരാളം പണ്ഡിതന്മാർ ധാരാളം സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്. തൊട്ടടുത്ത് നിൽക്കുന്നത് ഹദീസിലെ മതപരമായ ആശയങ്ങളും ശാഖാപരമായ നിയമങ്ങളും കണ്ടുപിടിക്കുന്ന കാതലായ വശമാണ്. പ്രത്യക്ഷമായ ആശയങ്ങളോട് തത്വാനുമാനം(ഖിയാസ്) നടത്തുക, ധ്വനികളിൽ നിന്നും വ്യംഗ്യാർത്ഥങ്ങളിൽ നിന്നും തെളിവ് കണ്ടുപിടിക്കുക, ദുർബലമായതും അല്ലാത്തതുമായ ഹദീസുകൾ വകതിരിക്കുക പ്രബലവും അല്ലാത്തതുമായവ വേർതിരിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഈ വശത്താണുള്ളത്. ഈ വശമാണ് കാമ്പ്. ചിപ്പിയുടെ ഈ വശത്താണ് മുത്തിരിക്കുന്നതെന്ന് പൊതുവെ പണ്ഡിതന്മാർ സമ്മതിക്കുന്നു. ഈ വശത്ത് ധാരാളം സംഭാവനകളർപ്പിച്ചിട്ടുള്ള പൊരുളുകളറിയുന്ന ഫിഖ്ഹ് പണ്ഡിതന്മാർ ഹദീസിന്റെ ആത്മാവ് കണ്ടെത്തിയവരാണ്.”(ഹുജ്ജ ആമുഖത്തിൽ നിന്ന്)
”മതനിയമ ശാസ്ത്രത്തിൽ നൈപുണ്യമുള്ളവർക്കെ ഹദീസുകളുടെ ആത്മാവ് കണ്ടെത്താനാവുകയുള്ളൂ. ശരീഅത്തിന്റെ എല്ലാ വിജ്ഞാന ശാഖകളിലും അഖീദയിലും പാണ്ഡിത്യം വേണം. അതുകൊണ്ടുമായില്ല അല്ലാഹു പ്രത്യേക ജ്ഞാനം നൽകിയാദരിക്കുക കൂടി ചെയ്യുമ്പോഴെ ഈ സ്രോതസ്സിൽ നിന്ന് കലർപ്പില്ലാത്ത പാനീയം കുടിച്ച് ദാഹം തീർക്കാനാവുകയുള്ളൂ. അത്തരം ഖൽബുകൾ ഇലാഹിയായ ജ്ഞാനപൊരുളിനാൽ തിളങ്ങുന്നുണ്ടാകും. തിളങ്ങുന്ന ആത്മപ്രകൃതവും പ്രശോഭിതമായ ധിഷണയും അവരുടെ പ്രത്യേകതയായിരിക്കും. രചനയിൽ കല്ലും നെല്ലും വേർതിരിക്കുന്നതിൽ അവർ നിപുണരായിരിക്കും. എങ്ങിനെ അടിത്തറ നിർമിക്കണം. എങ്ങിനെ അതിനു മീതെ ഭിത്തി പടുത്തുയർത്തണം? എങ്ങിനെ അടിസ്ഥാന പ്രമാണങ്ങളവതരിപ്പിക്കണം? എങ്ങിനെ ബുദ്ധിപരവും പ്രമാണപരവുമായ തെളിവുകൾ അവതരിപ്പിക്കണം? ഇത്യാദി കാര്യങ്ങൾ അവർക്കറിയാം. വിദഗ്ധരാണവർ. അൽഹംദുലില്ലാഹ് ഇക്കാര്യത്തിൽ എനിക്ക് എന്റേതായ ഭാഗധേയം തന്നനുഗ്രഹിച്ചു. എന്നിട്ടും ഞാനീകാര്യത്തിൽ ഉദാസീനത കാണിച്ചതു ഞാനിതാ സമ്മതിക്കുന്നു. ഞാനെന്നെ കുറ്റവിമുക്തനാക്കുന്നില്ല. നഫ്സ് തിന്മകൾക്കു ധാരാളം പ്രേരിപ്പിക്കുമല്ലോ (സൂറ: യൂസുഫ് – 53).” (ഹുജ്ജത്തുല്ലാഹിൽ ബാലിഗയുടെ ആമുഖത്തിൽ നിന്ന്)
മുഹദിസുകൾ കേവല മുഹദിസായാൽ പോര, അവർ മറ്റു ദീനി വിജ്ഞാന ശാഖകളിൽ അതിന്റെ ഉസൂലുകളും ഫുറൂഉകളും(ശാഖകൾ) അടക്കം പ്രാവീണ്യമുള്ളവരാവുകയും ആർജിത വിജ്ഞാനങ്ങൾക്കപ്പുറം ഇലാഹിയായ അഭൗതിക മാർഗേണയുള്ള വിജ്ഞാന വെളിച്ചം കൂടി ലഭിച്ചവരാകുമ്പോളാണ് ഹദീസുകളുടെ ആത്മാവിനെ അവതരിപ്പിക്കാൻ കഴിയുകയുള്ളൂവെന്നാണ് ഇമാം പറയുന്നത്. അത്തരത്തിലുള്ള അനുഗ്രഹീത ജ്ഞാനികളിലൊരാളാണ് ഇമാമവർകൾ എന്ന് സൂചിപ്പിക്കുന്നതാണ് മേൽ ഉദ്ധരണിയിലെ അവസാന വരി. ഇങ്ങിനെ ഒരു രചനക്ക് തന്നെ ശാഹ് വലിയുല്ലാഹ്(റ) സ്വയം തീരുമാനമെടുത്ത് ഇറങ്ങിയതല്ല. റസൂൽ(സ) തങ്ങളുടെ ഭാഗത്ത് നിന്നുള്ള നിർദേശവും പ്രേരണയുമാണ് ഹുജ്ജത്തുല്ലാഹിൽ ബാലിഗ എന്ന ഗ്രന്ഥത്തിന്റെ രചനക്ക് പിന്നിലുള്ളതെന്ന് ഇമാം തന്നെ ആമുഖത്തിൽ വിവരിക്കുന്നുണ്ട്. ആ ഭാഗം താഴെ ചേർക്കുന്നു.
”ഞാനീ ഗ്രന്ഥ രചനക്ക് തുനിയാൻ കാരണമായത് ഒരു ദർശനമാണ്. ഒരു ദിവസം അസർ നിസ്കരിച്ച ശേഷം അല്ലാഹുവിലേക്ക് മുന്നിട്ടിരിക്കുകയായിരുന്നു. പെട്ടെന്ന് മുത്ത് മുസ്തഫ(സ) തങ്ങളുടെ ആത്മാവ് എന്നെ വലയം ചെയ്യുന്നതായി അനുഭവപ്പെട്ടു. തിരുനബി(സ) എന്തോ ഒരു സാധനം എന്റെ മേൽവശത്തിലൂടെ ഇട്ടു മൂടി. അതൊരു വസ്ത്രമാണെന്നെനിക്ക് തോന്നി. അതോടെ തിരുനബി(സ) തങ്ങൾ എന്റെ ഖൽബിൽ ഊതുകയുമുണ്ടായി. മതസംബന്ധമായ വ്യാഖ്യാന വിവരണ പ്രതീകമാണാ വസ്ത്രമെന്ന സൂചന ആ ഊത്തിൽ എനിക്ക് ലഭിച്ചു. മാത്രമല്ല, ആ ഘട്ടത്തിൽ എന്റെ നെഞ്ചിൽ ഒരു തേജസ്സ് അനുഭവപ്പെട്ടു. അതു വികാസം പ്രാപിച്ചു കൊണ്ടേയിരുന്നു. പിന്നെയും നാളുകൾ ഓടിമറഞ്ഞു കൊണ്ടിരുന്നു. ഒരു നാൾ അല്ലാഹു തന്റെ പരമോന്നത തൂലികയാൽ എഴുതിവെച്ച വിധിയനുസരിച്ച് ഈ മഹത്തായ രചന നിർവ്വഹിക്കാൻ വേണ്ടി എന്നെ എഴുന്നേൽപ്പിച്ചു.
രണ്ടാമത്തെ ദർശനം നിദ്രയിലാണുണ്ടായത്. ഇമാം ഹസൻ (റ), ഇമാം ഹുസൈൻ (റ) രണ്ടാളേയും ഞാൻ കണ്ടു. മക്കയിൽവെച്ചുള്ള കൂടികാഴ്ച്ചയായിട്ടാണ് ഞാൻ ദർശിക്കുന്നത്. അവർ രണ്ടാളും കൂടി ഒരു തൂലിക എനിക്ക് സമ്മാനിച്ചിട്ട് പറഞ്ഞു, ”ഇത് ഞങ്ങളുടെ ഉപ്പാപ്പയുടെ തൂലികയാണ്”.
പിന്നെയും നാളുകൾ നീങ്ങി. ഞാൻ ഗ്രന്ഥം രചിക്കാൻ മാനസികമായി ഒരുങ്ങി കൊണ്ടിരുന്നു. തുടക്കക്കാർക്കും വിദ്വാന്മാർക്കുമൊക്കെ ഉപകരിക്കുന്നതാകണം. തുടക്കകാരുടെ കണ്ണ് തുറപ്പിക്കാൻ ജ്ഞാനികളെ ഓർമപ്പെടുത്താനും പ്രയോജനപ്പെടുന്ന രചന.”(ഹുജ്ജ ആമുഖത്തിൽ നിന്ന്)
ഇത്തരം ആധ്യാത്മിക ദർശനങ്ങളാൽ പ്രേരിപ്പിക്കപ്പെട്ടാണ് ഹുജ്ജത്തുല്ലാഹിൽ ബാലിഗയുടെ രചനക്ക് വേണ്ടി ശാഹ് വലിയുല്ലാഹി(റ) തൂലിക എടുക്കുന്നത്. അല്ലാഹുവിന്റെ ആരിഫുകളായ മഹത്തുക്കളുടെ രചനകളും പ്രഭാഷണങ്ങളും ബൈഅത്ത് നൽകലും യാത്രപുറപ്പെടലുമെല്ലാം ഇപ്രകാരം ആധ്യാത്മിക ദർശനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കൽ പതിവാണ്. ഇസ്തിഖാറ(ഒരു പ്രവർത്തനം ചെയ്യുന്നതിൽ നന്മയുണ്ടോ എന്ന് അല്ലാഹുവിന്റെ മുമ്പിൽ അവതരിപ്പിച്ച്, അതിന് ശേഷം വെളിപ്പെടുന്ന പ്രകാരം ചെയ്യുന്നതിനാണ് ഇസ്തിഖാറ എന്ന് പറയുന്നത്) ചെയ്യുമ്പോൾ ഉണ്ടാകുന്ന ദർശനങ്ങളോ ഓർക്കാപ്പുറത്ത് അല്ലാഹു നൽകുന്ന ദർശനങ്ങളോ ഉണ്ടാകാം. ഈ ഉമ്മത്തിന്റെ അമരത്വം ഹബീബ്(സ) തങ്ങളുടെ കരങ്ങളിലാണല്ലോ. അതിനാൽ ആ പ്രവാചകർ(സ) ആലമുൽ ബർസഖിൽ നിന്ന് ഇപ്പോഴും ഉമ്മത്തിന്റെ പല വിഷയങ്ങളിലും ഇടപെട്ടു കൊണ്ടിരിക്കുകയാണ്. ആത്മീയമായി വളർച്ച പ്രാപിച്ച ഔലിയാക്കളിൽ ഉന്നത പദവിക്കാരായിരിക്കും അധികവും നബി(സ)യിൽ നിന്നുള്ള നിർദേശങ്ങളും ഉപദേശങ്ങളും നേരിട്ട് സ്വീകരിക്കുന്നവർ. നിദ്രയിലോ ജാഗരാവസ്ഥയിലോ അവർ നബി(സ)യെ കണ്ടു ആശയവിനിമയം നടത്തുന്നവരാണ്. അതാണ് ശാഹ് വലിയുല്ലാഹി(റ)ക്കും ലഭിച്ച ദർശനം. ആധുനികതയും അതിന്റെ ഭൗതികവാദ ദർശനങ്ങളും വ്യാപിക്കുന്നതിന് മുന്നോടിയായി കൊണ്ടു തന്നെ അതിനെയെല്ലാം അതിജയിക്കുവാൻ പര്യപ്തമാം വിധം ദീനിനെ അവതരിപ്പിക്കാനാണ് നബി(സ) ശാഹ് വലിയുല്ലാഹിയിൽ സ്വാധീനം ചെലുത്തിയത്.
ശരീഅത്തിന്റെ പൊരുളുകൾ അവതരിപ്പിക്കുന്ന ഗ്രന്ഥം:
അസ്റാറു ശരീഅ, ശരീഅത്തിന്റെ പൊരുളുകൾ എന്നാണ് ഹുജ്ജത്തുല്ലാഹിൽ ബാലിഗക്ക് ലഭിച്ചിരിക്കുന്ന മറ്റൊരു പേര്. ആ പേര് സൂചിപ്പിക്കും പോലെ തന്നെ ദീനിന്റെ പൊരുളുകളാണ് ഹുജ്ജയിലെ പ്രതിപാദ്യ വിഷയം. ശരീഅത്തിൽ കൽപ്പിക്കപ്പെടുന്ന കർമങ്ങളിലൂടെ ഒരു പ്രായോഗിക നന്മ ഉദ്ദേശിക്കപ്പെടുന്നുണ്ട്. അത് എന്താണെന്ന് മുഴുവനായി ഓരോരുത്തർക്കും വെളിപ്പെട്ടു കിട്ടിയിട്ടില്ല, അങ്ങിനെ അറിയേണ്ടതുമില്ല എന്ന് മാത്രം. ശരീഅത്തിന്റെ വിധിവിലക്കുകൾക്ക് പിന്നിലെ പൊരുളുകൾ തുറന്ന് അവതരിപ്പിക്കുന്നതല്ല ഇസ്ലാമിന്റെ ശൈലി. അത് അധികമായി ആലോചിക്കുന്നവർക്ക് മുമ്പിൽ അല്ലാഹു വെളിപ്പെടുത്തിയേക്കാം എന്ന് മാത്രം. അതുകൊണ്ട് തന്നെ കുറെ ആളുകൾ ഈ പൊരുളുകളെ നിഷേധിക്കുകയും അത് അവതരിപ്പിക്കുന്നതിനെ വിമർശിക്കുകയും ചെയ്യുന്നു. അതിനെല്ലാമുള്ള മറുപടി ഇമാം ശാഹ് വലിയുല്ലാഹ്(റ) കിതാബിന്റെ ആമുഖത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇമാമിന്റെ വരികൾ ഇവിടെ ഉദ്ധരിക്കുന്നു. ”വിധിവിലക്കുകൾക്കെല്ലാം പിന്നിൽ സാമൂഹ്യ നന്മകളുണ്ട്(മസ്ലഹത്ത്). ഇക്കാര്യം ചിലർ മൊത്തത്തിൽ മനസ്സിലാക്കുന്നു. അവക്കു ശിക്ഷയോ കൂലിയോ ലഭിക്കുന്നത് നഫ്സിനെ സ്ഫുടം ചെയ്യാനോ, ദുഷിപ്പിക്കാനോ ആ പ്രവർത്തനങ്ങൾ കാരണമാകുന്നുവെന്നതിനാലാണ്. മുത്ത് മുസ്തഫ(സ) ഇക്കാര്യത്തിലേക്ക് വിരൽ ചൂണ്ടിയതിങ്ങിനെയാണ്. അറിഞ്ഞുകൊള്ളുക – ശരീരത്തിൽ ഒരു മാംസപിണ്ഢമുണ്ട്. അതു നന്നായാൽ ശരീരമാകെ നന്നായി. അതു ദുഷിച്ചാൽ ശരീരമാകെ ദുഷിച്ചു. അറിഞ്ഞുകൊള്ളുക – അതാണ് ഖൽബ്. ഇങ്ങിനെ മൊത്തം മനസ്സിലാക്കിവച്ചവർ പക്ഷെ, ധരിച്ചുവെച്ചിരിക്കുന്നത് – വിധിവിലക്കുകളടങ്ങിയ സാമൂഹ്യ നന്മകളെ വിശദീകരിക്കുന്ന വിഷയങ്ങൾ പ്രത്യേകം പ്രത്യേകം അധ്യായങ്ങളായി അവയുടെ വേരുകളും ശാഖകളുമൊക്കെ തൊട്ടുകാണിച്ചു കൊണ്ട് ക്രോഡീകരിക്കരുതെന്നാണ്. ശരീഅത്തിന്റെ യുക്തിപരമായ നന്മകളായാലും ശറഅ് തന്നെ സൂചിപ്പിച്ചു തന്നിട്ടുള്ള നന്മകളായാലും അതൊരു വിഷയമാക്കി ക്രോഡീകരിച്ചുകൂട എന്നവർ കരുതുന്നു. അതിനവർ പറയുന്ന ന്യായം, ബുദ്ധിക്ക് അവയിലെ നന്മകളെ കണ്ടുപിടിക്കാനാകില്ല എന്നതും ശറഅ് സൂചിപ്പിച്ച നന്മകളാകട്ടെ ആദ്യ നൂറ്റാണ്ടുകാരാരും അത് ക്രോഡീകരിച്ചിട്ടില്ലാത്തതിനാൽ അത് ചെയ്യാൻ പാടില്ല എന്നുമാണ്. സ്വലഫുകൾ എന്ന് വിശേഷിപ്പിക്കപ്പെട്ട ആദ്യ നൂറ്റാണ്ടുകാർ നബി(സ)യുമായി ഏറ്റവും സമീപസ്ഥരാണല്ലോ. ആ ആദ്യ നൂറ്റാണ്ടുകാർ ഇത് ക്രോഡീകരിക്കുന്നതിൽ നിന്ന് വിട്ടു നിന്നിട്ടുണ്ടെങ്കിൽ ആ നിലപാടിൽ ഉമ്മത്തിന്റെ ഒരു ഐക്യത്തോടെയുള്ള തീരുമാനമാണതെന്ന് മനസ്സിലാക്കാവുന്നതാണല്ലോ? ഇതാണ് അവരുടെ ന്യായം!. മാത്രമല്ല, ശറഇന്റെ സാമൂഹ്യ നന്മകളെ ക്രോഡീകരിച്ചിട്ട് കാര്യമില്ലെന്നുമാണ് അവരുടെ പക്ഷം.”(ഹുജ്ജ ആമുഖത്തിൽ നിന്ന്)
ഇന്നത്തെ യുഗത്തിലെ സലഫി/വഹാബി ചിന്താധാരയുടെ വാദഗതികളോട് സമാനത പുലർത്തുന്ന മേൽപറഞ്ഞ വാദഗതികൾക്ക് ശാഹ് സാഹിബ് മറുപടി നൽകുന്നത് കാണുക. ”മസ്അലകളുടെ പൊരുൾ തീർത്തും അജ്ഞാതമാണെന്ന വാദം അതേപടി അംഗീകരിക്കാൻ കഴിയില്ല. മൊത്തത്തിൽ അജ്ഞാതമാണെന്നാണെങ്കിൽ അംഗീകരിക്കാം. ഒരു മസ്അലയുടെ പൊരുൾ അജ്ഞാതമാണെന്ന് വെച്ച് അത് മനസ്സിലാക്കിയെടുക്കാൻ വിചിന്തനം ചെയ്തു കൂടെന്നില്ല. ഒന്ന് ചിന്തിച്ചു നോക്കൂ, തൗഹീദും അല്ലാഹുവിന്റെ സ്വിഫത്തുകളും വിശദീകരിക്കുന്ന വിജ്ഞാന ശാഖ എല്ലാവർക്കും സുഗ്രാഹ്യമാണോ? എത്ര അഗാധവും അപ്രാപ്യവുമാണാ വിഷയം! പക്ഷെ, ചിലർക്ക് അല്ലാഹു ആ വിഷയങ്ങൾ വളരെ ലളിതമാക്കി കൊടുത്തില്ലേ?! പ്രഥമ ദൃഷ്ട്യാ അപ്രാപ്യമെന്ന് തോന്നുന്ന പല വിജ്ഞാന ശാഖകളുടെയും സ്ഥിതി ഇതു തന്നെയല്ലേ. ചർച്ചയും ഗവേഷണവുമൊക്കെ അപ്രായോഗികമെന്ന് തോന്നുന്ന പല വിജ്ഞാന ശാഖകളും റബ്ബാനികളായ പണ്ഡിതരുടെ ഗവേഷണത്തിന് വഴങ്ങി കൊടുത്തതായാണ് നാം കാണുന്നത്. ഉചിതമായ വൈജ്ഞാനിക ഉപകരണങ്ങളണിഞ്ഞു, പടിപടിയായുള്ള ഗവേഷണങ്ങളിലൂടെ മുന്നേറുമ്പോൾ എല്ലാ പൊരുളുകളും അവർക്ക് അത്ഭുതകരമാം വിധം വഴങ്ങി കൊടുക്കുന്നതും നാം കാണുന്നു. അങ്ങിനെ ഈ വിജ്ഞാന ശാഖയുടെ സൗധത്തിന് അടിത്തറയുണ്ടാകുന്നു. പിന്നെ, അതിന്മേൽ വിവിധ ഭാഗങ്ങളായി കെട്ടിടത്തെ അവർ പടുത്തുയർത്തുന്നു.”(ഹുജ്ജ ആമുഖത്തിൽ നിന്ന്)
ആദ്യനൂറ്റാണ്ടുകാർ ശരീഅത്തിന്റെ പൊരുൾ വിവരിച്ചില്ലെന്നോ?
ആദ്യ നൂറ്റാണ്ടുകാർ ശരീഅത്തിന്റെ പൊരുളും സാമൂഹ്യ നന്മയും വിവരിക്കാൻ ഉദ്യമിച്ചിട്ടില്ലാത്തതിനാൽ അതിലേക്ക് ഇറങ്ങുവാൻ തന്നെ പാടില്ല എന്ന വാദക്കാർക്ക് ഇമാം ശാഹ് വലിയുല്ലാഹ്(റ) ഹുജ്ജയുടെ ആമുഖത്തിൽ അവതരിപ്പിക്കുന്ന മറുപടി കാണുക. ”ആദ്യ നൂറ്റാണ്ടുകാർ അതു രേഖപ്പെടുത്തി വെച്ചിട്ടില്ലെങ്കിലും നബി(സ) ഈ ശാഖയുടെ മുരടും ശാഖകളുമെല്ലാം എടുത്തു കാണിച്ചിരുന്നു. അതിനെതുടർന്ന് ജ്ഞാനികളായ സ്വഹാബികളും ആ പാത പിന്തുടർന്ന് വാമൊഴിയായി ഇതു വിവരിച്ചു കൊടുത്തിരുന്നു; വരമൊഴിയല്ലെന്നേയുള്ളൂ. ഉമർ(റ), അലി(റ), സൈദ്(റ), ഇബ്നു അബ്ബാസ്(റ), ആയിശ(റ) തുടങ്ങിയവരെ പോലുള്ളവർ ഇവരുടെ മുൻപന്തിയിലുണ്ടായിരുന്നു. ഇസ്ലാം മതനിയമ സംഹിതകളുടെ അന്തസത്തയുടെ വിവിധ വശങ്ങൾ അവർ നമുക്കെടുത്തു കാണിച്ചു തന്നിട്ടുണ്ട്. അവരൊക്കെ വാമൊഴിയായി എടുത്തു കാണിച്ച വിഷയം പിന്നെ വരമൊഴിയായി വന്നുവെന്നേയുള്ളൂ.”(ഹുജ്ജ ആമുഖത്തിൽ നിന്ന്)
”ആദ്യ നൂറ്റാണ്ടുകാർക്കിത് ക്രോഡീകരിക്കേണ്ട ആവശ്യമില്ലായിരുന്നു. മുത്ത് മുസ്തഫ(സ)യുമായുള്ള അടുപ്പത്താൽ അവരുടെ വിശ്വാസം സ്ഫടികസ്ഫുടമായിരുന്നു. ആ ബറക്കത്ത് അവരിൽ തേജസ്സേകിയിരുന്നു. വിശ്വാസ കാര്യങ്ങളിലൊന്നും ഇന്നത്തേത് പോലെ ഭിന്നിപ്പും അവരിലില്ലായിരുന്നു. ശാന്തി വിളയാടുന്ന മനസ്സായിരുന്നു അവരുടേത്. തന്മൂലം അവർക്ക് കൂടുതൽ തെളിവുകളൊന്നും അന്വേഷിക്കേണ്ടി വന്നില്ല. ബുദ്ധിപരമായും ഉദ്ധരണീപരമായും പൊരുളുകൾക്കായി അവർ ദാഹിച്ചില്ല. സമ്പൂർണ്ണ യോഗ്യരായ പുണ്യാത്മാക്കളിൽ നിന്ന് എന്തു സംശയവും തീർക്കാൻ അവർക്ക് സൗകര്യമുണ്ടായിരുന്നു. മിക്ക വിജ്ഞാന ശാഖകളിലും അത്യഗാധ സമുദ്രങ്ങൾ അവർക്ക് ചുറ്റും ഇരമ്പുമ്പോൾ പിന്നെ ദാഹം തീർക്കാൻ മറ്റെങ്ങും തിരിഞ്ഞു നോക്കേണ്ട ആവശ്യം അവർക്ക് വന്നില്ല. അതുകൊണ്ട് തന്നെയാണവർ ഈ വിജ്ഞാനശാഖയിൽ ഗ്രന്ഥങ്ങൾ ക്രോഡീകരിക്കാതിരുന്നത്.”(ഹുജ്ജ ആമുഖത്തിൽ നിന്ന്)
ഫിഖിഹും ഹദീസും അവയുടെ നിദാന ശാസ്ത്രങ്ങളുമൊക്കെ ഗ്രന്ഥ രൂപത്തിൽ വരുന്നത് ഘട്ടം ഘട്ടമായി കൊണ്ട് ആദ്യ നൂറ്റാണ്ടിന് ശേഷമാണല്ലോ. വിജ്ഞാനങ്ങൾ വിശ്വാസികളുടെ മനോമുഖരത്തിൽ നിന്ന് തിരോഭവിക്കുമെന്ന് തോന്നുന്ന അവസരത്തിലാണ് ഓരോന്നും ഗ്രന്ഥ രൂപത്തിൽ ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ തസവുഫിന്റെയും അതുപോലെ ശരീഅത്തിന്റെ പൊരുളുകൾ ചർച്ച ചെയ്യുന്ന മേഖലയിലേയും വിജ്ഞാനങ്ങളുടേയും കാര്യത്തിൽ മാത്രം ഒരു പറ്റം ആളുകൾക്ക് പണ്ടു മുതലെ സന്ദേഹമാണ്. അത്തരക്കാർക്ക് അവർ അംഗീകരിക്കുന്ന വിജ്ഞാന മേഖലയിൽ ഗ്രന്ഥ രചനയും പഠനങ്ങളും നടന്നതിന്റെ ചരിത്രവും വിവരങ്ങളും കാണിച്ചു കൊടുത്തു കൊണ്ടാണ് മറുപടി നൽകേണ്ടത്. അത് തന്നെയാണ് ശാഹ് വലിയുല്ലാഹി(റ) യും ചെയ്യുന്നത്. അദ്ദേഹത്തിന്റെ വരികൾ ശ്രദ്ധിക്കുക. ”അവർ നബി(സ)യുടെ അടുത്ത കാലക്കാർ മാത്രമല്ല, ഹദീസിന്റെ ഉറവിടങ്ങളുമായി കൈയെത്താവുന്നതും കാതെത്താവുന്നതുമായ അകലമേ അവർക്കുണ്ടായിരുന്നുള്ളൂ. യോഗ്യരായ ജ്ഞാനികൾ അവർക്ക് ചുറ്റും സുലഭം. വൈജ്ഞാനിക ഭിന്നിപ്പ് വളരെ ദുർലഭം. പിന്നെന്തിന് ഗ്രന്ഥം? ഹദീസുകളുടെ ശക്തിദൗർബല്യങ്ങൾ വിശദീകരിക്കുക, റാവികളുടെ ചരിത്രം വിശദീകരിക്കുക, അവരുടെ നീതി പരിശോധിക്കുക, സംശയകരമായ ഹദീസുകൾ വിശദീകരിക്കുക, ഹദീസ് ശാസ്ത്രത്തിന്റെ മൂലപ്രമാണങ്ങൾ വിവരിക്കുക, ഹദീസുകളിലെ ഭിന്നതകൾ ചർച്ച ചെയ്യുക, അവയിലെ കർമശാസ്ത്ര നിയമങ്ങൾ വിശദീകരിക്കുക, പ്രബലമായതും ദുർബലമായതും വേർതിരിക്കുക, സുസ്ഥിരവും അസ്ഥിരവുമായവ വകതിരിക്കുക തുടങ്ങി ഹദീസ് ശാസ്ത്രത്തിലെ അനേകം ശാഖകളിൽ യാതൊന്നിലും അന്ന് ഗ്രന്ഥങ്ങൾ ആവശ്യം വന്നില്ല. ഹദീസുശാസ്ത്രത്തിന്റെ മൂലപ്രമാണങ്ങളുടെ ശാഖകളുമൊക്കെ ഗ്രന്ഥമായി വന്നതും കുറെ നൂറ്റാണ്ടുകൾക്ക് ശേഷം അതിൽ അത്യാവശ്യം നേരിട്ടപ്പോളാണ്. മുസ്ലിം ലോകത്തിന്റെ നന്മ ഗ്രന്ഥ രചനയിലാണെന്നുറപ്പായപ്പോളാണ് അതുണ്ടായത്.” (ഹുജ്ജ ആമുഖത്തിൽ നിന്ന്)
ഇസ്ലാമിക ശരീഅത്തിന്റെ പൊരുളുകൾ വിവരിക്കുന്നതിന്റെ പ്രയോജനങ്ങൾ
നബി(സ)യുടെ സഹവാസത്തിനുള്ള സൗഭാഗ്യം സിദ്ധിച്ചവർക്കും അതിന്റെ തൊട്ടടുത്ത നൂറ്റാണ്ടുകളിലും നിലനിന്നിരുന്ന പ്രത്യേകമായ അനുഗ്രഹങ്ങൾ അസ്തമിച്ചതിന് ശേഷം ദീനി രംഗത്തെ പഠനവും ആത്മീയപരീശിലനവുമെല്ലാം പുതിയ രൂപത്തിലും ഭാവത്തിലുമായി. പ്രാമാണിക വ്യക്തിത്വങ്ങളുടെ മദ്ധ്യത്തിൽ ഉമ്മത്ത് അനുഭവിച്ചിരുന്ന കാര്യങ്ങൾ പിന്നീട് അക്കാദമിക സ്വഭാവത്തിൽ പഠിച്ചെടുക്കേണ്ടി വരുന്ന സാഹചര്യമാറ്റമാണ് അതിന് കാരണം. ദീനി വിജ്ഞാനങ്ങളെ വിവിധ ശാഖകളായി തിരിച്ച് ഗ്രന്ഥ രചനയും അക്കാദമിക(തദ്റീസ്) പഠനങ്ങളും ഓരോ മേഖലയിലും നടക്കുകയായിരുന്നു. ശരീഅത്തിന്റെ അകക്കാമ്പും പൊരുളും ചർച്ച ചെയ്യുന്ന മേഖലയിൽ ഗ്രന്ഥ രചനയിലൂടെ ലഭിക്കുന്ന നേട്ടങ്ങളെ ശാഹ് വലിയുല്ലാഹ്(റ) വിശദീകരിക്കുന്നുണ്ട്. അവയെ താഴെ സംഗ്രഹിച്ചു ചേർക്കുകയാണ്.
- നബി(സ) പ്രബോധനം ചെയ്ത ദീനിന്റെ നിയമസംഹിതയിൽ ഉള്ളടങ്ങിയിട്ടുള്ള പൊരുളുകൾ വെളിപ്പെടുന്നു. അതുമുഖേന ഉമ്മിയ്യായ നബി(സ)യുടെ അമാനുഷികതയാണ് വെളിപ്പെടുന്നത്.
- ഖുർആനിന്റെയും ഹദീസിന്റെയും പൊരുളുകൾ ചുരുളഴിയുമ്പോൾ അതിന്റെ മുമ്പിൽ നിഷേധികൾ കീഴടങ്ങേണ്ടി വരുന്നു. ഇസ്ലാമിക ശരീഅത്തിനെ തത്വജ്ഞാന രൂപേണ വിവരിക്കപ്പെടുമ്പോൾ അതിന്റെ പ്രസക്തിയും പ്രാധാന്യവും അനിഷേധ്യമായി തീർന്നതായി കാണാൻ സാധിച്ച വസ്തുതയാണ്.(ഇമാം ഗസ്സാലി(റ)യുടേയും മുഹിയിദ്ധീൻ ഇബ്നു അറബി(റ)യുടെയും ഗ്രന്ഥങ്ങൾ ആധുനിക വിജ്ഞാനങ്ങൾക്ക് വരെ അവലംബമായിട്ടുള്ളത് ഉദാഹരണമാണ്)
- ഒന്നാം നൂറ്റാണ്ടിൽ പ്രായോഗികമായി ഇസ്ലാമിക ശരീഅത്ത് നിലകൊള്ളുന്നതിനാൽ അതിന്റെ സാമൂഹിക നന്മകൾ ആ രൂപത്തിൽ വെളിപ്പെട്ടതായിരുന്നു. അതിന് ശേഷം, ഇസ്ലാമിന്റെ സമ്പൂർണ്ണ ആധിപത്യം നഷ്ടപ്പെട്ട സാഹചര്യങ്ങളിൽ അവയെ താത്വികമായ അവതരണങ്ങളിലൂടെ എടുത്തു കാണിക്കേണ്ടതുണ്ട്. അതിന് ഇത്തരം ഗ്രന്ഥ രചനകൾ സാധ്യമാക്കുന്നു.
ഇമാം ശാഹ് വലിയുല്ലാഹി(റ) പറയുന്നു, ”താൻ ചെയ്യുന്ന സൽകർമങ്ങളിലെ സാമൂഹിക നന്മയെന്തെന്നറിയാൻ വിശ്വാസിക്കവകാശമുണ്ട്. അത് അറിഞ്ഞു കൊണ്ട് ചെയ്യുമ്പോൾ ഫലം കൂടുതലുണ്ടാകും. അതറിയാതെ കുറെ അധികം ചെയ്യുന്നതിനേക്കാൾ സൽഫലം അറിഞ്ഞു കൊണ്ട് കുറച്ചു ചെയ്തവനുണ്ടാകും. കാരണം, പൊരുളറിഞ്ഞവന്റെ കർമം സജീവമായിരിക്കും. മറ്റേതും ജീവനില്ലാത്ത കർമങ്ങളായിരിക്കും. കണ്ണുപൊട്ടിയ ഒട്ടകത്തിന്റെ നടത്തം പോലെയാണത്. അതുകൊണ്ടാണ് ഇമാം ഗസ്സാലി(റ) തന്റെ സുലൂക്കിന്റെ ഗ്രന്ഥങ്ങളെല്ലാം ശരീഅത്തിന്റെയും ഇബാദത്തുകളുടേയും പൊരുളുകളാൽ നിറച്ചത്.” (തുടരും)