സയ്യിദ് ഹുസൈൻ നസ്റ്:
മൊഴിമാറ്റം: നിഹാൽ പന്തല്ലൂർ:
വിജ്ഞാന ചരിത്രത്തിൽ അനന്യമായ സാന്നിധ്യമായിരുന്നു ഇബ്നു സീന. തത്വചിന്തയുടെയും വൈദ്യവിജ്ഞാനത്തിന്റെയും മേഖലകളിൽ നിസ്തുലമായ സംഭാവനകളർപ്പിച്ച അദ്ദേഹം ജ്യോതിശാസ്ത്രം, രസതന്ത്രം, ഭൗമശാസ്ത്രം, പ്രമാണശാസ്ത്രം, പുരാജീവിശാസ്ത്രം, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, മനഃശാസ്ത്രം പോലുള്ള ഒട്ടെല്ലാ വിജ്ഞാന മേഖലകളിലും അവഗാഹമുള്ളവരും നല്ല അദ്ധ്യാപകനുമായിരുന്നു. പാശ്ചാത്യ ലോകത്ത് അവിസെന്ന എന്ന പേരിൽ അറിയപ്പെട്ട പേർഷ്യക്കാരനായ ഇബ്നു സീനയുടെ ജീവിതവും ദർശനവും സാമാന്യമായി അവലോകനം ചെയ്യുന്ന സയ്യിദ് ഹുസൈൻ നസ്റിന്റെ പഠന പ്രബന്ധത്തിന്റെ ഭാഷാന്തരമാണ് അകമിയം പ്രസിദ്ധീകരിക്കുന്നത്. Three Muslim Sages എന്ന ഗ്രന്ഥത്തിൽ നിന്നുള്ളതാണ് ഈ ഭാഗം.
ഫാറാബി മുതല്‍ സുഹ്റവർദി വരെയുള്ള തത്വചിന്തകര്‍ തത്വചിന്തയുടെ ഈറ്റില്ലമായി വിശേഷിപ്പിച്ച കിഴക്കിന് തത്വചിന്തയെ പരിചയപ്പെടുത്തിയ പേർഷ്യക്കാരനായ ഇറാൻഷാഹ്രി എന്നയാളാണ് മുസ്ലിം ലോകത്തെ പ്രഥമ തത്വചിന്തകനായി പരമ്പരാഗത ഇസ്ലാമിക വൃത്തങ്ങളില്‍ പൊതുവെ പരിഗണിക്കപ്പെട്ടു പോരുന്നത്. പക്ഷേ, ഇദ്ധേഹത്തിന്റെ നാമമൊഴിച്ച് മറ്റൊന്നും ഇക്കാലത്ത് അവശേഷിക്കുന്നില്ല. മുസ്ലിം തത്വചിന്തയുടെ സ്ഥാപകനായി അദ്ധേഹത്തെ വിശേഷിപ്പിക്കാനുതകുന്ന തരത്തില്‍ ഇറാൻഷാഹ്രിയുടെ എഴുത്തുകളുടെ കാര്യമായ ഒരു ശകലം പോലും കണ്ടുകിട്ടിയിട്ടില്ല. എന്നാല്‍ ധാരാളം തത്വശാസ്ത്ര ധാരകൾക്കിടയില്‍ ഇസ്ലാമിക ലോകത്ത് നിലനിന്ന ഏക തത്വശാസ്ത്ര ധാരയും പടിഞ്ഞാറില്‍ ഇസ്ലാമിക തത്വചിന്തയെന്ന് പരിചയപ്പെടുത്തപ്പെടുകയും ഖ്യാതി നേടുകയും ചെയ്ത പെരിപാറ്ററ്റിക് തത്വചിന്ത ‘അറബികളിലെ തത്വചിന്തകന്‍’ എന്നറിയപ്പെടുന്ന അബൂയൂസുഫ് യഅ്ഖൂബ് അൽകിന്ദിയിൽ നിന്നാണ് ആരംഭിക്കുന്നത്.
പ്രോക്ലസിന്റെ എലമെന്റ്‌സ് ഓഫ് തിയോളജിയുടെ സംക്ഷിപ്ത രൂപമായ, അരിസ്‌റ്റോട്ടിലിന്റേതായി കരുതപ്പെടുന്ന ലിബ ദെ കോസിസ് എന്ന പുസ്തകത്തിലൂടെയും തിയോളജി ഓഫ് അരിസ്‌റ്റോട്ടില്‍ എന്ന നാമത്തില്‍ സംഗ്രഹിക്കപ്പെടുകയും വിവർത്തനം ചെയ്യപ്പെടുകയും ചെയ്ത എന്നിയഡ്‌സിന്റെ (പ്ലോറ്റിനസിന്റെ എഴുത്തുകള്‍ സമാഹരിച്ച ഗ്രന്ഥം) പല ഭാഗങ്ങളിലൂടെയും മുസ്ലിംകളില്‍ എത്തിയ നിയപ്ലാറ്റോണിസവുമായി അരിസ്‌റ്റോട്ടിലിയന്‍ തത്വചിന്ത (അലക്‌സാണ്ടര്‍ അഫ്രോഡിസിയാസിനെയും തീമിസ്റ്റിയസിനെയും പോലെ അലക്‌സാണ്ട്രിയന്‍ വ്യാഖ്യാതാക്കള്‍ പരിചയപ്പെടുത്തിയത് പോലെ)യെ സംയോജിപ്പിച്ച പ്രസ്തുത തത്വചിന്താ ധാരയുടെ സ്ഥാപകനായി അൽ കിന്ദിയെ തീർച്ചയായും പരിഗണിക്കപ്പെടേണ്ടതുണ്ട്. പ്രസ്തുത ധാരയിയിലൂടെ തത്വശാസ്ത്രവുമായി ശാസ്ത്രം സംയോജിക്കപ്പെടുകയും തത്വചിന്തയുടെ ശാഖയായി ശാസ്ത്രം ഗണിക്കപ്പെടുവാനും തുടങ്ങി. മറ്റൊരു കണക്കിന് പറഞ്ഞാല്‍ ശാസ്ത്രങ്ങളെ ഇനം തിരിച്ചു കൊണ്ടായിരുന്നു തത്വചിന്ത പ്രാരംഭം കുറിക്കപ്പെട്ടതു തന്നെ. ഈ ധാരയിലെ കിന്ദിയെ പോലുള്ള പണ്ഡിതരെല്ലാം ശാസ്ത്രജ്ഞരും തത്വചിന്തകരുമായിരുന്നു. എന്നാല്‍ അബൂ സുലൈമാന്‍ അല്സി ജിസ്താനിയെ പോലുള്ളവരുടെ കാര്യത്തില്‍ ശാസ്ത്രത്തേക്കാള്‍ തത്വചിന്തയും അൽബിറൂനിയെ പോലുള്ളവരില്‍ തത്വചിന്തയേക്കാള്‍ ശാസ്ത്രവുമായിരുന്നു മേധാവിത്വം പുലർത്തിയത്.
തത്വചിന്താ-ശാസ്ത്ര ധാരയുടെ സ്ഥാപകനായ അല്കിയന്ദി ഹി. 185/ എ.ഡി 801 ല്‍ ബസ്രയിലെ കിന്ദ എന്ന ഉന്നത ഗോത്രത്തിലാണ് ഭൂജാതനായത്. കൂഫയിലെ ഗവർണറായിരുന്നു അദ്ധേഹത്തിന്റെ പിതാവ്. (സ്വദേശത്തിനടുത്തുള്ള) ജുന്ദിഷാപൂര്‍ ധാരയുടെ സ്വാധീനമുണ്ടായിരുന്ന ബസ്രയില്‍ വെച്ചും അബ്ബാസികളുടെ വൈജ്ഞാനിക കേന്ദ്രമായി വികസിച്ചു വന്ന ബഗ്ദാദില്‍ വെച്ചും അന്ന് ലഭിക്കാവുന്നതില്‍ വെച്ചേറ്റവും മികച്ച വിദ്യാഭ്യാസം തന്നെ അദ്ധേഹം കരഗതമാക്കി. ഏറെ വൈകാതെ തത്വചിന്തയിലും ശാസ്ത്രങ്ങളിലും അഗ്രഗണ്യനായി മാറിയ അദ്ധേഹം അറബി ഭാഷയിലൂടെ അവയെ ഇസ് ലാമിക പരിപ്രേക്ഷ്യത്തേക്ക് ഉദ്ഗ്രദിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉദ്ബോധിപ്പിക്കുകയും ചെയ്തു. വിവിധ തരം വൈജ്ഞാനിക മേഖലകളില്‍ അദ്ധേഹം പ്രകടിപ്പിച്ച പ്രാവീണ്യം അദ്ധേഹത്തെ ഖലീഫ മഅ്മൂനിന്റെയും ഖലീഫ മുഅ്തസിമിന്റെയും കൊട്ടാരത്തിലെ പ്രിയങ്കരനാക്കി മാറ്റി. പിൽക്കാല തത്വചിന്തകന്മാരും സന്ന്യാസിവര്യന്മാരും അപൂർവ്വമായി മാത്രം കരഗതമാക്കിയ ഉന്നതമായ സ്ഥാനം മുഅ്തസിമിന്റെ മകന്റെ കൊട്ടാര അധ്യാപകനായി നിയമിക്കപ്പെടുന്നതിലൂടെ കിന്ദിക്ക് കൈവന്നു. പക്ഷേ, അദ്ധേഹത്തിന്റെ ഉത്തുംഗപദവിയും രാജകൊട്ടാരവുമായുള്ള സാമീപ്യവുമൊന്നും അധിക കാലം നീണ്ടുനിന്നില്ല. മുതവക്കിലിന്റെ ഭരണകാലത്ത് തന്റെ അന്ത്യനാളുകള്‍ കഴിച്ചുകൂട്ടിയ കിന്ദി അവമതി ഏറ്റുവാങ്ങിയും അപ്രസിദ്ധനായും ഹി. 252/എ.ഡി 866 നാണ് മരണപ്പെട്ടത്.
ഇസ് ലാമിക തത്വചിന്താ ചരിത്രത്തില്‍ കിന്ദിയുടെ നാമം കാലക്രമേണ ഏറെ പ്രസിദ്ധിയാർജ്ജിച്ചുവെങ്കിലും മുപ്പത് വർഷം മുമ്പ് ഇസ്തംബൂളില്‍ അദ്ദേഹത്തിന്റെ രചനകളുടെ വലിയ ഒരു ശേഖരം കണ്ടെത്തപ്പെടുന്നത് വരെ അറബി ഭാഷയിലെ വളരെ ചുരുക്കം രചനകള്‍ മാത്രമേ അദ്ധേഹത്തിന്റേതായി അറിയപ്പെട്ടിരുന്നുള്ളൂ. ഇസ്തംബൂളിലെ പ്രസ്തുത കണ്ടെത്തലിലൂടെയാണ് കിന്ദിയുടെ രചനകളില്‍ നിന്നും നേരിട്ട് അദ്ധേഹത്തിന്റെ ആശയ പ്രപഞ്ചം പഠിക്കാന്‍ ഗവേഷകര്ക്ക് അവസരമുണ്ടായത്. ഇബ്‌നു നദീമിന്റെ ഫിഹ്റസ്തില്‍ പ്രതിപാദിച്ച കിന്ദിയുടെ രചനകളുടെ എണ്ണം (240 കൃതികള്‍) വിശ്വാസത്തിലെടുക്കാമെങ്കില്‍ നിലവില്‍ ലഭ്യമായ നാല്പതോ അമ്പതോ രചനകള്‍ അതിവിപുലമായ അദ്ധേഹത്തിന്റെ രചനാലോകത്തിന്റെ ചെറിയൊരു ഭാഗം മാത്രമേയുള്ളൂ. മെറ്റാഫിസിക്‌സിലെ പ്രബന്ധം, മന്ത്വിഖിലെ വിവിധ തരം കൃതികള്‍, ശാസ്ത്രങ്ങളുടെ വർഗീകരണം, അരിസ്‌റ്റോട്ടിലിന്റെ കൃതികളെ പറ്റിയുള്ള ചർച്ച, ഇബ്‌നു സീനയെ പോലുള്ള പിൽക്കാല തത്വചിന്തകരില്‍ സ്വാധീനം ചെലുത്തുകയും പടിഞ്ഞാറില്‍ De Intellectu എന്ന പേരില്‍ വിഖ്യാതമാവുകയും കൊട്ടി ഘോഷിക്കപ്പെടുകയും ചെയ്ത പ്രജ്ഞയെ കുറിച്ചുള്ള രചന, അബ്ബാസി ഖിലാഫത്തിന്റെ കാലാവധിയെ പ്രതിയുള്ള പ്രവചനം, ഗണിത ശാസ്ത്രത്തിലും നാച്വറല്‍ സയൻസിലുമുള്ള വിഭിന്നമായ രചനകള്‍ എന്നിവയെല്ലാമാണ് കിന്ദിയുടെ കണ്ടുകിട്ടിയ രചനകള്‍ ഉൾക്കൊള്ളുന്നത്.
തത്വചിന്താപരവും ശാസ്ത്രീയവുമായ തന്റെ ചില എഴുത്തുകളുടെ വിവർത്തനങ്ങളിലൂടെയാണ് കിന്ദിയുടെ ഖ്യാതി ലാറ്റിന്‍ വെസ്റ്റില്‍ വ്യാപകമായത്. വാസ്തവത്തില്‍, ജ്യോതിശാസ്ത്രം പോലുള്ള ജ്ഞാനമേഖലകളിലെ ബഹുമാന്യനായ പണ്ഡിതനും നിഷ്ണാതനുമായ അല്കിന്ദി പടിഞ്ഞാറിലെ പ്രസിദ്ധനായ മുസ്ലിം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു. ധാരാളം പണ്ഡിതന്മാര്‍ അദ്ധേഹത്തെ ജ്യോതിശാസ്ത്രത്തിലെ ഒമ്പത് പ്രാമാണിക പണ്ഡിതരില്‍ ഒരാളായി ഗണിച്ചിരുന്നു. മധ്യകാല നൂറ്റാണ്ടുകളില്‍ ഏറെ പ്രസിദ്ധി നേടിയ അൽകിന്ദിയുടെ ഖ്യാതി നവോത്ഥാന കാലഘട്ടം വരെ സജീവമായി നിലനിന്നു. അക്കാലത്തെ അറിയപ്പെട്ട എഴുത്തുകാരനായ കാർദനസ് മനുഷ്യ ചരിത്രത്തില്‍ ഏറ്റവും സ്വാധീന ശക്തിയുള്ളവരും പ്രധാനപ്പെട്ടവരുമായ പന്ത്രണ്ട് ബൗദ്ധിക പണ്ഡിതരില്‍ അൽകിന്ദിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
തത്വചിന്താ-ശാസ്ത്രകാരന്മാരുമായി ബന്ധപ്പെട്ട മിക്ക സ്വഭാവങ്ങളും അൽകിന്ദിയില്‍ പ്രകടമായി ദർശിക്കാം. മന്ത്വിഖ്, നാച്വറല്‍ സയൻസ്, വൈദ്യ ശാസ്ത്രം, സംഗീതം, ദൈവശാസ്ത്രം, അധ്യാത്മികത എന്നീ വിശാലമായ മേഖലകളിലെല്ലാം താല്പര്യമുണ്ടായിരുന്ന അദ്ധേഹം ഭക്തനായ ഒരു മുസ്ലിം മതവിശ്വാസി കൂടിയായിരുന്നു. അതേസമയം, ലഭ്യമായ മാധ്യമങ്ങളിലൂടെയെല്ലാം പരമസത്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ അദ്ധേഹം നടത്തുകയും ചെയ്തിരുന്നു. ധാരാളമായി ഉദ്ധരിക്കപ്പെടാറുള്ള അധ്യാത്മികതയെ കുറിച്ചുള്ള പ്രബന്ധം എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ അദ്ധേഹം പറയുന്നതിങ്ങനെയാണ്: സത്യം അംഗീകരിച്ചു കൊടുക്കാനും പഴമക്കാര്‍, വിദേശികള്‍ എന്നിവരടക്കമുള്ള ഏത് സ്രോതസ്സുകളില്‍ നിന്നും ഉത്ഭവിക്കുന്ന അവയെ സ്വാംശീകരിക്കുവാനും നാം മടിക്കേണ്ടതില്ല. സത്യം തേടുന്നവനെ സംബന്ധിച്ചിടത്തോളം സത്യം കണ്ടെത്തുക എന്നതില്‍ കവിഞ്ഞ മറ്റൊരു ഉന്നത മൂല്യവുമില്ല. സത്യത്തിലെത്തിച്ചേർന്ന സത്യാന്വേഷിയെ ഒരിക്കലുമത് തരം താഴ്ത്തുകയോ വിലയിടിക്കുകയോ ചെയ്യില്ല. പ്രത്യുത, അതവനെ ഉയർത്തുകയും ബഹുമാനാദരങ്ങള്‍ നൽകുകയുമാണ് ചെയ്യുക.’
ഇതിനു പുറമെ ധാരാളം വ്യതിരിക്തതകളും അൽകിന്ദിയില്‍ ദർശിക്കാം. തത്വചിന്തയില്‍ ഫാറാബി പിന്തുടർന്ന അലക്‌സാൻഡ്രിയന്‍ ധാരയേക്കാള്‍ നിയോപ്ലാറ്റോനിസത്തിന്റെ അഥേനിയന്‍ ധാരയോടാണ് കിന്ദിക്ക് കൂടുതല്‍ അടുപ്പം. അഥേനിയന്‍ നിയോപ്ലാറ്റോനിസ്റ്റായ പ്രോക്ലസ് ഉപയോഗിച്ചതും പിൽക്കാലത്ത് അരിസ്റ്റോട്ടിലിനെ പിന്തുടർന്ന ഫാറാബി വിമർശിക്കുകയും ശുഷ്‌കമായ സ്ഥാപന രീതിയായി ഗണിക്കുകയും ചെയ്ത അനുമാനമാത്രവും വിശ്ലേഷകരവുമായ ത്രിപാദ സിദ്ധാന്തത്തി (hypothetical and disjunctive syllogisms) നാണ് കിന്ദി പ്രാമുഖ്യം നൽകിയത്. തത്വചിന്താ-ശാസ്ത്രജ്ഞരൊന്നും കൈകാര്യം ചെയ്യാത്ത നിഗൂഢാത്മക ശാസ്ത്രങ്ങളിലും കിന്ദി പ്രത്യേക താല്പര്യം പ്രകടിപ്പിച്ചിരുന്നു.
വിശ്വാസധാരയുടെ കാര്യത്തില്‍ മുഅ്തസിലീ ദൈവശാസ്ത്രത്തോട് അനുഭാവം പുലർത്തിയ അദ്ധേഹം അതിന് തത്വശാസ്ത്രപരമായ രൂപം നൽകുവാന്‍ ശ്രമിക്കുകയും ഫാറാബി, ഇബ്‌നു സീന എന്നിവരുടെ എഴുത്തുകളില്‍ ദൃശ്യമാകാത്ത വിധം വിശ്വാസവും യുക്തിയും തമ്മിലുള്ള ബാന്ധവം തിരിച്ചറിയുകയും ചെയ്തിരുന്നു. അൽകിന്ദിയെ സംബന്ധിച്ചിടത്തോളം ജ്ഞാനത്തിന്റെ രണ്ട് ഇനങ്ങളുടെ സാധ്യതയാണ് നിലനിൽക്കുന്നത്. അതിലൊന്ന് ദൈവം പ്രവാചകന്മാർക്ക് നൽകുന്ന ദിവ്യജ്ഞാനവും മറ്റൊന്ന് മാനുഷിക ജ്ഞാനവുമാണ്. ഇപ്പറഞ്ഞ രണ്ട് ജ്ഞാനങ്ങളില്‍ അവസാന ഇനത്തിലെ ഏറ്റവും വലിയ ജ്ഞാനമാണ് തത്വശാസ്ത്രം. മനുഷ്യകുലത്തിന് സ്വമേധയാ എത്തിച്ചേരാനാകാത്ത സത്യങ്ങളിലേക്ക് എത്തിച്ചേരാനാകുമെന്നതിനാല്‍ ദിവ്യജ്ഞാനമാണ് മാനുഷിക ജ്ഞാനത്തേക്കാള്‍ ഉൽകൃഷ്ട ജ്ഞാനം. അതുകൊണ്ട്, തത്വശാസ്ത്രം കൊണ്ട് തെളിയിക്കാന്‍ സാധിക്കാത്തതോ അല്ലെങ്കില്‍ വിരുദ്ധമായതോ ആണെങ്കില്‍ പോലും ഒന്നുമില്ലായ്മയില്‍ നിന്നുള്ള സൃഷ്ടിപ്പെന്ന നിലയ്ക്ക് ദിവ്യജ്ഞാനമാണ് സ്വീകരിക്കപ്പെടേണ്ടത്. അതുകൊണ്ട്, തത്വചിന്തയും ശാസ്ത്രങ്ങളും ദിവ്യവെളിപാടിന് അധീനപ്പെടുന്നവയാണ്. പ്രജ്ഞകളുടെയും ആകശങ്ങളുടെയും സൃഷ്ടിപ്പിനെ കുറിച്ചുള്ള നിയോപ്ലാറ്റോനിസ്റ്റ് ആശയം സ്വീകരിക്കുന്നതോടൊപ്പം തന്നെ ഇല്ലായ്മയില്‍ നിന്നാണ് സൃഷ്ടികർമ്മം ഉണ്ടായതെന്നും ഉണ്മയുടെ ശൃംഖല ദൈവിക കർമ്മങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും സ്ഥിരീകരിക്കുന്നതില്‍ അൽകിന്ദി പൊരുത്തമില്ലായ്മ കാണുന്നില്ല.
അൽകിന്ദിയുടെ വരവോടെ, യവന ആശയങ്ങളും പ്രമേയങ്ങളും ഇസ്ലാമിക പശ്ചാത്തലത്തില്‍ പര്യാലോചിക്കപ്പെടാനും പുതിയ ഭാഷയില്‍ വിചിന്തനം ചെയ്യപ്പെടാനും തുടങ്ങി. ഗണിതശാസ്ത്രജ്ഞരും ഭൗതികശാസ്ത്രജ്ഞരും, ഹെർമറ്റിസിസ്റ്റുകളും പൈഥഗോറിയന്സും സ്‌റ്റോയിക്‌സുകളും നിയോപ്ലാറ്റോണിസ്റ്റുകളും, പ്ലാറ്റോയും അരിസ്‌റ്റോട്ടിലുമെല്ലാം അൽകിന്ദി സ്ഥാപിച്ച പ്രസ്തുത ധാരയുടെ ഘടനയില്‍ പല നിലക്ക് സംഭാവനകള്‍ അർപ്പിച്ചവരാണ്. കൈകാര്യം ചെയ്യുന്ന ഡിസിപ്ലിനുകളുടെ യുക്തിയുക്തമായ ആവശ്യങ്ങൾക്കും ആന്തരിക സ്ഥിരതക്കും കൂറുപുലർത്തി നിലയുറപ്പിക്കുന്നതോടൊപ്പം തന്നെ, നവീന ഇസ്ലാമിക സമൂഹത്തിന്റെ ചില പ്രത്യേക ഘടകങ്ങളുടെ ബൗദ്ധികപരവും മനശാസ്ത്രപരവുമായ ആവശ്യങ്ങളുമായി അഗാധമായ ബന്ധം പുലർത്തുന്ന മൂലതത്വങ്ങളില്‍ നിന്നും പ്രസ്തുത ധാര പലതും സ്വാംശീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ, അത് സൃഷ്ടിക്കുന്ന ബൗദ്ധിക പരിപ്രേക്ഷ്യം യാഥാർത്ഥ്യമാകേണ്ട ഒരു സാധ്യതയുമായി മാത്രമല്ല അനുരൂപത പുലർത്തുന്നത്. പ്രത്യുത, ഇസ്ലാമിക ലോകവീക്ഷണത്തിനകത്ത് തീർച്ചയായും സൃഷ്ടിക്കപ്പെടേണ്ട പരിപ്രേക്ഷ്യത്തിന്റെ ആവശ്യവുമായും അത് അനുരൂപത പുലർത്തുന്നുണ്ട്.
അൽകിന്ദിക്ക് ശേഷം, ശാസ്ത്രത്തിന്റെ ഏകദേശം എല്ലാ മേഖലകളിലും ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും കലയിലുമെല്ലാം അഭിനിവേശം പുലർത്തിയ ധാരാളം പണ്ഡിതന്മാര്‍ രംഗപ്രേവശം ചെയ്യുന്നുണ്ട്. ശാസ്ത്രങ്ങളിലും കലകളിലും നവോത്ഥാന കാലഘട്ടത്തിലെ ഒരു ശാസ്ത്രജ്ഞന്റെയും തത്വചിന്തകന്റെയും പൊതുവായ പ്രതിപത്തിയും മതവിഷയത്തില്‍ മധ്യകാലഘട്ടത്തിലെ ഒരു ദൈവശാസ്ത്രജ്ഞന്റെയും തത്വചിന്തകന്റെയും വിശേഷാല്‍ അഭിനിവേശവും സമ്മേളിച്ചവരായിരുന്നു അവര്‍. ഉന്നതമായ തത്വചിന്തയിലും ശാസ്ത്ര ശാഖകളിലും ശ്രദ്ധചെലുത്തുമ്പോഴും ഇസ്ലാമിനകത്ത് സഫലീകരിക്കപ്പെട്ട കാര്യകാരണ സിദ്ധാന്തത്തിന്റെ ആവശ്യം മനസ്സിലാക്കുകയും മധ്യകാല നൂറ്റാണ്ടുകൾക്ക് ശേഷം പടിഞ്ഞാറില്‍ ഉരുവം പ്രാപിച്ച മതത്തിനും ശാസ്ത്രത്തിനുമിടയിലെ വിള്ളല്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തവരായിരുന്നു പ്രസ്തുത പണ്ഡിതന്മാര്‍. ഇസ്ലാമിക ലോകത്ത് ത്വചിന്താ-ശാസ്ത്രജ്ഞരുടെ ഈ ധാരയുടെ പ്രഥമ ഉദാഹരണമായ അൽകിന്ദി തനിക്ക് ശേഷം വരികയും തന്റെ പ്രപഞ്ച വീക്ഷണം പുലർത്തുകയും ചെയ്ത യോഗീവര്യന്മാക്ക് മികവുറ്റ മാതൃകയായി നിലകൊള്ളുന്നു.
തുടരും