ഇബ്നു സീന തത്വചിന്തയുടെയും ശാസ്ത്രത്തിന്റെയും ചരിത്രത്തിലെ അനന്യനായ പ്രതിഭാശാലി: ഭാഗം: 6:
സയ്യിദ് ഹുസൈൻ നസ്റ്:
വിവർത്തനം: നിഹാൽ പന്തല്ലൂർ:
മുസ് ലിം തത്വചിന്തകരിൽ പ്രമുഖനായ ഇബ്നു സീനയുടെ വൈജ്ഞാനിക സംഭാവനകളെ അവലോകനം ചെയ്യുന്ന സയ്യിദ് ഹുസൈൻ നസ്റിന്റെ ഗവേഷണ പഠനം തുടരുന്നു. മധ്യകാല ചരിത്രത്തിൽ ഇസ് ലാമിക വൈജ്ഞാനിക രംഗത്ത് സംഭവിച്ച സ്വതന്ത്രാന്വേഷണങ്ങളുടെയും തത്വചിന്ത, ജ്ഞാന സൈദ്ധാന്തിക രൂപീകരണങ്ങളുടെയും പ്രവണതകളെ അക്കാദമിക കൗതുകത്തോടെ സാമാന്യമായി മനസ്സിലാക്കാൻ പര്യാപ്തമാണ് ഇതിലെ പ്രതിപാദ്യങ്ങൾ. ഗ്രീക്ക് തത്വചിന്താ പാരമ്പര്യത്തിലെ പെരിപ്പാറ്ററ്റിക് ചിന്താ ധാരയുടെ പല അംശങ്ങളും ഇബ്നു സീനയിൽ പ്രകടമാണെങ്കിലും അതിന്റെ കേവല അനുകരണം എന്നതിന്നപ്പുറം പൗരസ്ത്യമായ ഒരുൾവെളിച്ചം കൂടി പ്രകടമാക്കുകയും ഇസ് ലാമിക ചൈതന്യത്തോടെ വൈജ്ഞാനിക രൂപങ്ങളെ പുനരാവിഷ്കരിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന ഒരു തലം ഇബ്നു സീനയുടെ ചിന്തകൾക്കുണ്ടെന്ന് ഈ വിശകലനങ്ങളിലൂടെ വ്യക്തമാകുന്നു.
പ്രപഞ്ചവും ദൈവവും തമ്മിലെ മൗലികവും സത്താപരവുമായ വ്യതിരിക്തതയെ പൂർണമായും പരിഗണിച്ചുകൊണ്ടാണ് ഇബ്‌നു സീന പ്രപഞ്ചശാസ്ത്രവും പ്രപഞ്ചോൽപ്പത്തി ശാസ്ത്രവും പഠിക്കാൻ തുടങ്ങുന്നതും സർവ ബഹുത്വങ്ങൾക്കും അതീതനായി നിലകൊള്ളുന്ന ഒരുവനാൽ എങ്ങനെയാണ് അവയെല്ലാം സൃഷ്ടിക്കപ്പെടുന്നതെന്ന് കാണിക്കാൻ തുനിയുന്നതും. അഭൗതികശാസ്ത്രത്തിൽ (മെറ്റാഫിസിക്‌സ്) ഇബ്‌നു സീനയുടെ ലക്ഷ്യം പ്രപഞ്ചത്തിന്റെ പരാശ്രയത്വ സ്വഭാവം സ്ഥാപിക്കുക എന്നതായിരുന്നുവെങ്കിൽ പ്രപഞ്ചശാസ്ത്രത്തിലും പ്രപഞ്ചോൽപ്പത്തി ശാസ്ത്രത്തിലും അദ്ധേഹത്തിന്റെ ലക്ഷ്യം തത്വത്തിനും അതിന്റെ ആവിഷ്‌ക്കരണത്തിനും ഇടയിൽ നിലകൊള്ളുന്ന അനുസ്യൂതിയെ കുറിച്ച് വിവരിക്കുക എന്നതായിരുന്നു.
സൃഷ്ടികർമം സാക്ഷാത്കൃതമായ മാധ്യമമാണ് മാലാഖ എന്നതിനാൽ സൃഷ്ടികർമം അല്ലെങ്കിൽ സൃഷ്ടിയാവിഷ്‌കരണം മാലാഖമാരുടെ പ്രാധാന്യവുമായും പ്രവർത്തനവുമായും അത്യന്തം ബന്ധപ്പെട്ടിരിക്കുന്നു. ഇബ്‌നു സീനയുടെ തത്വചിന്തയിൽ പ്രപഞ്ചശാസ്ത്രം മാലാഖാവിജ്ഞാനീയവുമായി അഗാധമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നു മാത്രമല്ല, ജ്ഞാനാർജ്ജന-ആത്മീയ സാക്ഷാത്ക്കാര പ്രക്രിയയിലും പ്രപഞ്ചശാസ്ത്രത്തിലും പ്രസ്തുത മാലാഖമാർക്ക് മോക്ഷസംബന്ധമായ വ്യവഹാരമാണുള്ളത്. മാലാഖമാരുടെ അധികാരക്രമത്തിന്റെ തുടർച്ചയായ പൊഴിച്ചിൽ സംബന്ധിച്ചുള്ള പ്ലോറ്റിനിയൻ മാതൃകയെ ആശ്രയിച്ചുകൊണ്ട്, അവരുടെ പരാശ്രയത്തിന്റെയും സാധ്യമായ (മുംകിൻ) അസ്തിത്വത്തിന്റെയും വെളിച്ചത്തിൽ വ്യാഖ്യാനിച്ചുകൊണ്ടാണ് പ്രപഞ്ചത്തിന്റെ സൃഷ്ടികർമത്തെ കുറിച്ച് ഇബ്‌നു സീന വിവരിക്കുന്നത്. ‘ഏകത്വത്തിൽ നിന്ന് ഒന്നിനു മാത്രമേ ഉണ്മയിലേക്ക് വരാൻ സാധിക്കൂ’ എന്ന തത്വത്തെയും ഗ്രാഹ്യതയിലൂടെ മാത്രമാണ് സൃഷ്ടികർമം നടക്കൂ എന്ന ആശയത്തെയും ഉപജീവിച്ചാണ് ഇബ്‌നു സീന അത് വിശദീകരിച്ചത്.
സൃഷ്ടി കർമവും അവധാരണ പ്രക്രിയയും ഒന്നുതന്നെയാണ്. കാരണം, യാഥാർഥ്യത്തിന്റെ ഉന്നത ക്രമങ്ങൾ പര്യാലോചിക്കുന്നതിലൂടെയാണ് താഴ്ന്നവക്ക് ഉണ്മകൈവരുന്നത്. എല്ലാ വസ്തുക്കളുടെയും സ്രോതസ്സായ അനിവാര്യമായ ഏകനായ ഉണ്മയിൽ നിന്നും മേൽപറഞ്ഞ തത്വത്തിന് അനുരൂപമായി ഒരു ഉണ്മ സൃഷ്ടിക്കപ്പെടുന്നു. ഏറ്റവും ഉന്നതനായ മാലാഖയോട് അനുരൂപപ്പെടാൻ സൃഷ്ടിക്കപ്പെട്ട പ്രസ്തുത ഉണ്മയെ ആദിമ ധിഷണയെന്നാണ് ഇബ്‌നു സീന വിളിക്കുന്നത്. പ്രസ്തുത ധിഷണ അനിവാര്യമായ ഉണ്മയെ കുറിച്ച് അനിവാര്യമെന്നും അതിന്റെ സ്വന്തം സത്തയെ അനിവാര്യമായ ഉണ്മയുടെ കാരണത്താൽ അനിവാര്യമെന്നും അതിന്റെ സ്വന്തം സത്തയെ സാധ്യമായ ഉണ്മയെന്നും പര്യാലോചിക്കുന്നു. ആയതിനാൽ, ദ്വിതീയ ധിഷണക്കും പ്രഥമ സ്വർഗത്തിന്റെ ആത്മാവിനും പ്രഥമ സ്വർഗത്തിന്റെ ശരീരത്തിനും യഥാക്രമം ഉയർച്ച നൽകുന്ന ജ്ഞാനത്തിന്റെ മൂന്ന് വശങ്ങൾ അതിനുണ്ട്. പ്രഥമ ധിഷണക്ക് സമാനമായ രീതിയിൽ പര്യാലോചന ചെയ്യുന്ന ഈ രീതിയിൽ ഉണ്ടായ ദ്വിതീയ ധിഷണ തന്നിമിത്തം ത്രിതീയ ധിഷണക്കും ദ്വിതീയ സ്വർഗാത്മാവിനും അതിന്റെ ശരീരത്തിനും ജന്മം നൽകുന്നു. ഈ പ്രക്രിയ പത്താം ധിഷണ വരെ തുടരുകയും തുടർന്ന് ചന്ദ്രന്റെ ഒമ്പതാം സ്വർഗം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇവിടെ മുതൽ മറ്റൊരു സ്വർഗം സൃഷ്ടിക്കാൻ പ്രാപഞ്ചിക പദാർത്ഥത്തിന് മതിയായ വിശുദ്ധിയില്ലാതായിത്തീരുന്നു. അങ്ങനെ, അവശേഷിക്കുന്ന ‘പ്രാപഞ്ചിക സാധ്യതകളി’ൽ നിന്നും ദൂഷണത്തിന്റെയും സൃഷ്ടിയുടെയും ലോകം നിലവിൽവരുന്നു.
മനുഷ്യന്റെ ഐഹിക ജീവിതത്തെ വലയം ചെയ്യുന്ന മാറ്റത്തിന്റെ ലോകമായ പ്രാപഞ്ചിക ലോകത്ത് പത്താം ധിഷണ ധാരാളം അടിസ്ഥാന കർമങ്ങൾ നിർവഹിക്കുന്നു. ഈ ലോകത്തിന് അസ്തിത്വം നൽകുക മാത്രമല്ല അത് ചെയ്യുന്നത്. മറിച്ച്, പദാർത്ഥത്തോട് ചേർന്ന് ഈ മണ്ഡലത്തിലെ സൃഷ്ടികളെ ഉണ്ടാക്കുന്ന എല്ലാ രൂപങ്ങളെയും അത് പുറത്തു കൊണ്ടുവരികയും ചെയ്യുന്നു. ഒരു സൃഷ്ടി ഉണ്ടായാൽ പത്താം ധിഷണ അതിന്റെ അസ്തിത്വം സാധ്യമാക്കാൻ അതിന്റെ രൂപത്തെ ബഹിർഗമിപ്പിക്കുകയും തുടർന്ന് അതില്ലാതാവുകയും മരിക്കുകയും ചെയ്യുമ്പോൾ പ്രസ്തുത രൂപത്തെ സ്വന്തത്തിലേക്ക് തിരിച്ചെടുക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇബ്‌നു സീന അതിനെ രൂപദാതാവ് (വാഹിബുസ്വുവർ) എന്നു വിളിക്കുന്നത്. ഉദാഹരണത്തിന്, വെള്ളം ഖരരൂപത്തിലാവുകയും ഐസാവുകയും ചെയ്യുന്ന അവസ്ഥയിൽ രൂപദാതാവ് അതിന്റെ ജലരൂപം എടുത്തുകളഞ്ഞിരിക്കുന്നു എന്നും മുമ്പ് വെള്ളമായിരുന്ന പദാർത്ഥത്തെ ഐസാക്കി പരിവർത്തിപ്പിക്കാൻ അതിലേക്ക് പുതിയ ഐസ് രൂപം ചേർത്തിരിക്കുന്നു എന്നും മനസ്സിലാക്കാം.
പത്താം ധിഷണ മനുഷ്യ മനസ്സിന്റെ പ്രകാശദാതാവായി വർത്തിക്കുന്നു. പദാർത്ഥവുമായി സംയോജിച്ചതായി തന്റെ മനസ്സിൽ കാണുന്ന രൂപങ്ങൾ സംഗ്രഹിച്ചെടുക്കുന്ന മനുഷ്യൻ പത്താം ധിഷണയിൽ നിന്ന് ലഭിച്ച പ്രകാശത്തിലൂടെ അതിനെ പ്രാപഞ്ചിക സാധുതയുള്ള വസ്തുവിന്റെ തലത്തിലേക്ക് വീണ്ടും ഉയർത്തുന്നു. ആയതിനാൽ, പ്രാപഞ്ചിക സാധുതയുള്ളവ ‘മാലാഖാ മനസ്സുകളി’ലാണ് നിലനിൽക്കുന്നത്. പിന്നീടവ പദാർത്ഥരൂപം ആവാഹിക്കാൻ പദാർത്ഥ ലോകത്തേക്ക് അവരോഹണം ചെയ്യുകയും മാലാഖയുടെ ജ്ഞാനോദയത്തിലൂടെ മനുഷ്യ മനസ്സിൽ ഒരിക്കൽ കൂടി പ്രാപഞ്ചിക സാധുതയുടെ തലത്തിലേക്ക് ഉയർത്തപ്പെടാൻ വേണ്ടി മാത്രം വീണ്ടും വേർതിരിച്ച് വിശദമാക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് പത്താം ധിഷണ സൃഷ്ടിയുടെ മാത്രമല്ല ജ്ഞാനോദയത്തിന്റെയും -പിന്നീട് പ്രതിപാദിക്കാനിരിക്കുന്ന- പ്രവാചകന്മാർക്കും കുറച്ചുകൂടി പരിമിതമായ അർത്ഥത്തിൽ ആത്മജ്ഞാനികൾക്കും തത്വവാദികൾക്കും ലഭിക്കുന്ന വെളിപാടിന്റെയും മാദ്ധ്യമമാണ്.
അതുകൊണ്ട് ഇബ്‌നു സീനയുടെ പ്രപഞ്ചശാസ്ത്രം മാലാഖാവിജ്ഞാനീയവുമായി ബന്ധപ്പെട്ടു കിടക്കുകയും അത് വ്യത്യസ്ത ദൃഷ്ടിയിൽ വ്യാഖ്യാനിക്കുന്ന പ്ലോറ്റിനിയൻ പ്രപഞ്ചശാസ്ത്രത്തെ അഗാധമായി പിന്തുടരുകയും ചെയ്യുന്നു. കാരണം, ദൈവത്തിനും പ്രപഞ്ചത്തിനും ഇടയിലെ ബന്ധത്തിന്റെ ഇസ്ലാമിക മാനത്തെ കുറിച്ച് ഇബ്‌നു സീന കൃത്യമായി ധാരണയുള്ളയാളായിരുന്നു. മാത്രമല്ല, സൃഷ്ടി വർഗത്തിന്റെ ദൈവിക പരാശ്രയത്വ സ്വഭാവം തുറന്നുകാട്ടാനും ഇസ്ലാമിക കാഴ്ചപ്പാടിന്റെ അടിസ്ഥാനപരമായ തത്വത്തോട് വിശ്വസ്തനായി നിൽക്കാനും നിരന്തരം ശ്രമിച്ചയാളാണ് അദ്ധേഹം. ‘രിസാലതുന്നൈറൂസിയ്യ’ എന്ന അദ്ധേഹത്തിന്റെ ഗ്രന്ഥത്തിൽ ഇസ്ലാമികവും ഓറിയന്റലുമായ വീക്ഷണത്തോട് തന്റെ പ്രപഞ്ചശാസ്ത്രത്തെ അനുയുക്തമാക്കുന്നതിൽ ഇബ്‌നു സീന അൽപംകൂടി മുന്നോട്ടുപോയിട്ടുണ്ട്. കാരണം, ഉണ്മയുടെ ശൃംഖലയിലെ വ്യത്യസ്ത കണ്ണികളുടെ സൃഷ്ടിയെ കുറിച്ച് അറബി അക്ഷരമാല കണക്കിന് അദ്ധേഹം വിവരിക്കുന്നുണ്ട്. സെമിറ്റിക് മതക്കാരെ സംബന്ധിച്ചിടത്തോളം അതിനെ രൂപപ്പെടുത്തുന്ന അക്ഷരങ്ങളും വാക്കുകളും ദൈവിക സാരാംശങ്ങളുടെയും ഈ ലോകം സൃഷ്ടിക്കപ്പെട്ട പ്രാഗ്രൂപങ്ങളുടെയും ഇന്ദ്രിയഗോരചരവും പ്രസ്പഷ്ടവുമായ അടയാളങ്ങളാണ്. തദ്ഫലമായി സെമിറ്റിക് നാടോടികളുടെ ആത്മീയത പുലർത്തുന്ന ജൂതന്മാർക്കും മുസ്ലിംകൾക്കും അക്ഷരങ്ങളുടെ ശാസ്ത്രവും അതിന്റെ പ്രതീകാത്മക മൂല്യവും പ്രാധാന്യമുള്ളവയാണ്; അത് ജൂതമതത്തിലെ കബ്ബാലയായാലും ശിഈ മുസ് ലിംകളുടെ ജഫർ (ശീഈ ഇസ്‌നാ അശരിയ്യക്കാരുടെ ഒരു പരിശുദ്ധ ഗ്രന്ഥം) ആയാലും ശരി.
ഇസ്ലാമിലെ ചില പ്രത്യേക ആന്തരാർത്ഥ ധാരകളെയും ഇസ്മാഈലിസത്തിന്റെ ചില കൈവഴികളെയും അടുത്തുനിന്നു പിന്തുടരുന്ന ഈ നിബന്ധത്തിൽ അറബി അബ്ജദ് അക്ഷരമാല ക്രമം ഇബ്‌നു സീന ഉപയോഗിക്കുന്നുണ്ട്. A സമം 1 എന്നത് സൃഷ്ടികർത്താവിനെയം B സമം 2 എന്നത് പ്രാപഞ്ചിക ധിഷണയെയും C സമം 3 എന്നത് പ്രാപഞ്ചിക ആത്മാവിനെയും D സമം 4 എന്നത് പ്രകൃതിയെയും പ്രതിനിധാനം ചെയ്യുന്നു. വെളിപാടു ഭാഷയുടെ അക്ഷരങ്ങളുടെയും തത്വശാസ്ത്ര പ്രപഞ്ചശാസ്ത്രത്തിന്റെ മൂലസത്തയുടെയും ഇടയിൽ അനുരൂപത സൃഷ്ടിക്കാനുള്ള, ജാബിർ ബിൻ ഹയ്യാന്റെയും ഇഖ് വാനു സ്വഫയുടെയും കൃതികളുമായി പല അർത്ഥത്തിലും സാമ്യത പുലർത്തുന്ന ഈ ശ്രമം, ഇബ്‌നു സീനയുടെ വ്യവഹാരത്തിൽ വിശേഷാൽ പ്രധാനമാണ്. പെരിപ്പാറ്റെറ്റിക്‌സ് തത്വചിന്തയുടെ വിശ്രുത ഗുരുവായ ഇബ്‌നു സീന പൊതുവെ അറിയപ്പെട്ടിരുന്ന ഗ്രീക്ക് തത്വചിന്തയിൽ നിന്നും വ്യത്യസ്തമായ ഒരു ഓറിയന്റൽ ജ്ഞാനത്തെ തേടിക്കൊണ്ടിരിക്കുകയായിരുന്നു എന്നും പഴയകാല തത്വചിന്തകന്മാരെ അദ്ധേഹം അനുധാവനം ചെയ്തിരുന്നില്ല എന്നുമാണ് അത് സൂചിപ്പിക്കുന്നത്. ഓറിയന്റൽ തത്വചിന്തയോട് സാമ്യതയുള്ളതും തന്റെ ജീവിതാവസാന കാലത്ത് വിശദീകരിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്ന ഇബ്‌നു സീനയിലെ ബഹുമുഖ പ്രതിഭയുടെ ഒരു വശം അത് വെളിപ്പെടുത്തുന്നുണ്ട്.