ഇബ്നു സീനയുടെ വൈജ്ഞാനിക വൈപുല്യം

ഇബ്നു സീന: തത്വചിന്തയുടെയും ശാസ്ത്രത്തിന്റെയും ചരിത്രത്തിലെ അനന്യനായ പ്രതിഭാശാലി: ഭാഗം: 8

സയ്യിദ് ഹുസൈൻ നസ്റ്:
പരിഭാഷ: നിഹാൽ പന്തല്ലൂർ:

‘ശിഫാ’യിലും മറ്റു ചില ചെറുകൃതികളിലും വിവരിക്കുന്ന ഭൗതികശാസ്ത്ര രംഗത്ത്, പെരിപ്പാറ്റെറ്റിക് ഫിസിക്‌സിലെ ബാലികേറാമലയായിരുന്ന ക്ഷേപണീയ ചലന(പ്രോജക്ടൈൽ മോഷൻ)ത്തെ സംബന്ധിച്ച അരിസ്റ്റോട്ടിലിയൻ സിദ്ധാന്തത്തിന്റെ വിമർശനമാണ് ഇബ്‌നു സീനയുടെ മൗലിക സംഭാവന. അരിസ്‌റ്റോട്ടിലിനെതിരെ ജോൺ ഫിലിപോൻസിന്റെ സിദ്ധാന്തം കടമെടുക്കുന്ന ഇബ്‌നു സീന, ക്ഷേപണീയ ചലനത്തിലുള്ള ഒരു വസ്തുവിന്റെ പ്രത്യേക ദിശയിലുള്ള ചലനത്തെ തടയുന്ന ‘സ്വഭാവ’ത്തെ -റെസിസ്റ്റൻസ് ഓഫ് ദി മീഡിയം- മുമ്പോട്ടു തള്ളാനായി ആദ്യാവസ്ഥയിൽ ചലിക്കാൻ നിദാനമായ ഹേതുകം ഉത്പാദിപ്പിച്ച ബലം പ്രസ്തുത വസ്തു ഉൾവഹിക്കുന്നുണ്ട് എന്ന് പ്രസ്താവിക്കുന്നു. ഇബ്‌നു സീന അംഗീകരിക്കുകയും ജോൺ ഫിലോപോൻസ് നിരാകരിക്കുകയും ചെയ്യുന്നത് പ്രകാരം മൈൽ ഖസ്രി എന്നദ്ധേഹം വിളിക്കുന്ന ഈ ബലം ശൂന്യതയിൽ അപ്രത്യക്ഷമാകുന്നില്ല, മറിച്ച് ഒരു -ജഡിക- വസ്തുവിന് സഞ്ചരിക്കാൻ സാധിക്കുന്ന ശൂന്യസ്ഥലമുണ്ടെങ്കിൽ പ്രസ്തുത ബലം ചലനം തുടരുകയാണ് ചെയ്യുക. ചലനത്തിന്റെ ഈ രൂപത്തിന് പരിമാണികമായ ബന്ധമാണ് ഇബ്‌നു സീന നൽകാൻ ശ്രമിക്കുന്നത്. നിർദിഷ്ടമായ ബലത്താൽ സഞ്ചരിക്കുന്ന ഒരു വസ്തുവിന് അതിന്റെ ‘സഹജമായ ചായ്‌വി’ന് അല്ലെങ്കിൽ ഭാരത്തിന് വിപരീതാനുപാതികമായ പ്രവേഗ(വെലോസിറ്റി)മാണ് ഉണ്ടാവുക എന്നും സ്ഥിരമായ പ്രവേഗത്തിൽ ചലിക്കുന്ന ഇങ്ങനെയുള്ള വസ്തു താണ്ടിയ ദൂരം അതിന്റെ ഭാരത്തിന് നേരിട്ട് ആനുപാതികമായിരിക്കുമെന്നും അദ്ധേഹം പ്രസ്താവിക്കുന്നു. തന്റെ സമകാലികനായ അബുൽ ബറകാത് അൽ ബഗ്ദാദി സ്ഫുടം ചെയ്‌തെടുത്ത ഈ സിദ്ധാന്തം ഫഖ്‌റുദ്ധീൻ റാസി, നാസിറുദ്ധീൻ തൂസി എന്നിവരെ പോലുള്ള പിൽക്കാല മുസ്ലിം തത്വചിന്തകന്മാരെ വളരെയധികം സ്വാധീനിച്ചിരുന്നു.

ഇബ്‌നു സീനയുടെ ‘ഉത്തേജന സിദ്ധാന്തം’ പടിഞ്ഞാറിൽ ആന്ദലൂഷ്യക്കാരനായ അൽബിത്രൂജി കടമെടുത്തിരുന്നു. അതിനു ശേഷമാണ് പ്രസ്തുത സിദ്ധാന്തം ലാറ്റിൻ ലോകത്ത് എത്തിപ്പെടുന്നതും പീറ്റർ ഒലിവിയുടെ എഴുത്തുകളിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നതും. മൈൽ ഖസ്രിയെ ‘ഇൻക്ലിനാഷ്യോ വയലെന്റാ’ എന്നാണ് അദ്ധേഹം പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ‘ഇംപെറ്റസ് ഇംപ്രെസ്സസ്’ എന്ന് ഇതിനെ മൊഴിമാറ്റിയ ജോൺ ബറിഡാൻ ആധുനിക ഫിസിക്‌സിലെ സംവേഗ ശക്തിക്ക് തുല്യമായ പ്രവേഗ(വെലോസിറ്റി)ത്തിന്റെയും പിണ്ഡ(മാസ്)ത്തിന്റെയും ഉൽപന്നമായാണ് അതിനെ നിർവചിച്ചിരിക്കുന്നത്. സംവേഗ ശക്തി(മൊമെന്റം)ക്ക് ‘ഇംപെറ്റോ’ എന്ന് നാമകരണം ചെയ്ത ഗലീലിയോയുടെ സിദ്ധാന്തം, ജോൺ ഫിലോപോൻസും ഇബ്‌നു സീനയും അവതരിപ്പിച്ച ആശയത്തിൽ കവിഞ്ഞ് മറ്റൊന്നുമല്ല. പക്ഷേ, മധ്യകാല എഴുത്തുകാരന്മാർക്കിടയിൽ ഉണ്ടായിരുന്നത് പോലെയുള്ള അർത്ഥമല്ല അതിനുണ്ടായിരുന്നത് എന്നുമാത്രം. മധ്യകാല ശാസ്ത്രജ്ഞന്മാരെ സംബന്ധിച്ചിടത്തോളം ‘ഉത്തേജനം’ ചലനത്തിനുള്ള ഫലപ്രദമായ കാരണമായിരുന്നുവെങ്കിൽ ഗലീലിയോയെ സംബന്ധിച്ചിടത്തോളം അത് ഗണിതശാസ്ത്രപരമായി ചലനത്തെ വിശദീകരിക്കാനുള്ള ഒരു ഉപാധിയായിരുന്നു. മധ്യകാലഘട്ടത്തിലെ നാച്വറൽ ഫിലോസഫിയുടെ ചില അടിസ്ഥാന ആശയങ്ങൾ ഉപയോഗിച്ചു കൊണ്ട് ഫിസിക്‌സിന്റെ പുതിയ ഒരിനം രൂപപ്പെടുത്താൻ ഈ വ്യാഖ്യാനം സഹായകമാവുകയും ചെയ്തു.

ഖ്വാജ നാസിറുദ്ദീൻ തൂസിയെ പോലെ ഗണിതശാസ്ത്രത്തിന്റെ വിവിധ ശാഖകൾക്ക് ഇബ്‌നു സീന സംഭാവന നൽകിയിട്ടില്ല; ഒരുപക്ഷേ, മറ്റെല്ലാ മുസ്ലിം തത്വശാസ്ത്ര-ശാസ്ത്രജ്ഞരേക്കാളും ഉപരി ഇബ്‌നു സീനയുമായി താരതമ്യം ചെയ്യപ്പെടേണ്ട വ്യക്തിയായിരിക്കും നാസിറുദ്ദീൻ തൂസി. എന്നിരുന്നാലും, പരമ്പരാഗത ഗണിതശാസ്ത്രത്തിന്റെ ഒരു ശാഖയായ ക്വാഡ്രിവിയത്തിൽ ഇബ്‌നു സീന മൂല്യവത്തായ സംഭാവനകളർപ്പിച്ചിട്ടുണ്ട്. തത്വത്തിലും പ്രയോഗത്തിലും ഇബ്‌നു സീന അഗ്രഗണ്യനായിരുന്ന ക്വാഡ്രിവിയത്തിലെ ഒരു വിഷയമായിരുന്നു സംഗീതം. ‘ദാനിഷ്‌നാമ’, ‘നജാത്’, ‘ശിഫാ’ എന്നിവയിലെ സംഗീതത്തെ കുറിച്ചുള്ള ഭാഗങ്ങളാണ് സംഗീതത്തെ കുറിച്ച് ധാരാളം രചനകൾ നിർവ്വഹിച്ച അദ്ധേഹത്തിന്റെ ഇന്ന് ലഭ്യമായ മൂന്ന് രചനകൾ. ‘ശിഫാ’യും ‘നജാതും’ അറബിയിലും ‘ദാനിഷ്‌നാമ’ ഫാരിസിയിലുമാണ് ഇബ്‌നു സീന രചിച്ചിട്ടുള്ളത്. ‘ദാനിഷ്‌നാമ’യിലാണ് മ്യൂസിക്കൽ മോഡുകളുടെ പേർഷ്യൻ നാമങ്ങൾ ഇദംപ്രഥമമായി ഇബ്‌നു സീന നൽകുന്നത്. നാദങ്ങളുടെ സ്വരാരോഹണവും ആപേക്ഷികമായ ദൈർഘ്യവും ദ്യോതിപ്പിക്കുന്ന ചിഹ്ന വ്യവസ്ഥയുള്ള ‘മെൻസറൽ മ്യൂസിക്കും’ ലയത്തിന്റെ ആദ്യകാല രൂപങ്ങളും ഈ കൃതികളിൽ ഇബ്‌നു സീന വിവരിക്കുന്നുണ്ട്. സംഗീത സിദ്ധാന്തങ്ങളിൽ ഫാറാബിയെ ഇബ്‌നു സീന സൂക്ഷ്മമായി പിന്തുടർന്നിരുന്നു. തങ്ങളുടെ കാലഘട്ടത്തിൽ അനുവർത്തിക്കപ്പെട്ടിരുന്ന സംഗീതത്തെ അടിസ്ഥാനമാക്കി രചനകൾ നിർവ്വഹിച്ച ഇരുവരും ഗ്രീക്ക് സംഗീത സിദ്ധാന്തത്തെ ആശയസംക്രമണം നടത്തിയവർ മാത്രമായിരുന്നില്ല. പൈഥഗോറിയൻ സ്‌കെയിൽ ഇരുവരും ഉപയോഗിച്ചിരുന്നു എന്നതുകൊണ്ട് ഗ്രീക്ക് പ്രാമാണികരുടെ സിദ്ധാന്തങ്ങൾ പിന്തുടരുക മാത്രമാണ് അവർ ചെയ്തത് എന്നു പറയാനാകില്ല. കാരണം, ഹെലനിക് നാഗരികത ചരിത്രത്തിലിടം പിടിക്കുന്നതിന് മുമ്പുതന്നെ പെന്റ്ററ്റോണിക് സ്‌കെയിൽ ചൈനയിൽ നിലവിലുണ്ടാവുകയും ഗ്രീക്ക് സ്വാധീനത്തിൽ നിന്നും മുക്തമായ വെസ്റ്റേഷ്യയിൽ അത് കണ്ടെത്തപ്പെടുകയും ചെയ്തിരുന്നു. ക്ലാസിക്കൽ സംഗീതത്തിന്റെ അവിരാമമായ പാരമ്പര്യമെന്ന നിലയിൽ ഇക്കാലം വരേക്കും പേർഷ്യയിൽ സംരക്ഷിക്കപ്പെട്ടു പോന്ന, തന്റെ ജീവിത കാലഘട്ടത്തിൽ പേർഷ്യയിൽ നടപ്പിലുണ്ടായിരുന്ന സംഗീത സിദ്ധാന്തം പഠിച്ചെടുക്കുകയും അതിന്റെ ഗൂഢാർത്ഥങ്ങൾ വിവരിച്ചു തരികയുമായിരുന്നു ഇബ്‌നു സീന. ഇക്കാലത്തെ പേർഷ്യൻ സംഗീതാവിഷ്‌കാരം ശ്രവിക്കുന്നയാൾക്ക് ഇബ്‌നു സീനയുടെ സംഗീത സിദ്ധാന്തങ്ങൾ അടിസ്ഥാനമാക്കിയിട്ടുള്ള യഥാർത്ഥ സ്വരങ്ങൾ കേൾക്കാവുന്നതാണ്.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy