ആന്തരാര്‍ത്ഥവാദ തത്വചിന്ത

ഇബ്നു സീന: തത്വചിന്തയുടെയും ശാസ്ത്രത്തിന്റെയും ചരിത്രത്തിലെ അനന്യനായ പ്രതിഭാശാലി: തുടരുന്നു.

സയ്യിദ് ഹുസൈന്‍ നസ്ര്‍
വിവ: നിഹാല്‍ പന്തല്ലൂര്‍:

ഇസ് ലാമിക തത്വചിന്തയുടെ ​ഗതിവി​ഗതികൾ അന്വേഷിക്കുന്നവർക്ക് ഇബ്നു സീനയുടെ തത്വചിന്തയെയും വൈജ്ഞാനിക സംഭാവനകളെയും പരിചയപ്പെടുത്തുന്ന പരമ്പരയുടെ തുടർ ഭാ​ഗം.

ഇബ്‌നു സീനയെ കുറിച്ചുള്ള ഈ സംക്ഷിപ്ത എഴുത്തിന് വിരാമമിടുന്നതിന് മുമ്പ് അദ്ധേഹത്തിന്റെ ബഹുമുഖ പ്രതിഭയുടെ ഒരു വശം കൂടി പരിഗണിക്കേണ്ടതുണ്ട്. ജീവിതത്തിന്റെ അവസാന കാലത്ത് മുസ്ലിം പെരിപാറ്ററ്റിക്‌സിന്റെ കുലപതിയായ ഇബ്‌നു സീന മറ്റൊരു പ്രധാന കൃതിയിലേക്കുള്ള പ്രവേശികയായി ‘മന്‍ത്വിഖുല്‍ മശ്രിഖിയിന്‍’ എന്ന പേരില്‍ ഒരു നിബന്ധം എഴുതിയിട്ടുണ്ട്. ‘ശിഫാ’, ‘നജാത്’ പോലുള്ള വിഖ്യാതമായ പെരിപാറ്ററ്റിക് തത്വചിന്താപരമായ തന്റെ കൃതികള്‍ സാധാരണ ജനങ്ങളെ ലക്ഷീകരിച്ച് എഴുതിയ ബാഹ്യാര്‍ത്ഥവാദ കൃതികളാണെന്ന് അതില്‍ അദ്ധേഹം പറയുന്നുണ്ട്. തുടര്‍ന്ന്, താന്‍ ‘വരേണ്യ ശാസ്ത്രം’ എന്നു വിളിക്കുകയും വരേണ്യരുടേതായി ഗണിക്കുകയും ചെയ്യുന്ന ‘പൗരസ്ത്യ തത്വചിന്ത’യെ അദ്ധേഹം വിശദീകരിക്കുന്നു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, കൃതിയുടെ ബാക്കി ഭാഗം ഇന്ന് ലഭ്യമല്ല. അതിനാല്‍ തന്നെ അത്ഭുതകരമായ ഈ പ്രവേശികക്ക് ശേഷം ഇബ്‌നു സീന എന്ത് എഴുതാനായിരുന്നു മനസ്സില്‍ കരുതിയിരുന്നത് എന്നതിനെ കുറിച്ച് ഒന്നും അനുമാനിക്കുക സാധ്യമല്ല.

ഇബ്‌നു സീനയുടെ ഗ്രന്ഥങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍, തന്റെ പെരിപാറ്ററ്റിക് കൃതികളില്‍ നിന്നും വ്യത്യസ്തമായ സ്വഭാവം പുലര്‍ത്തുന്നതും ‘പൗരസ്ത്യ തത്വചിന്ത’ വിശദീകരിക്കുന്ന തന്റെ നിബന്ധങ്ങളുടെ തുടര്‍ച്ചയാണെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്ന പല കൃതികളും കണ്ടെത്താനാകും. ‘മന്‍ത്വിഖുല്‍ മശ്രിഖിയ്യീന്‍’ എന്ന കൃതിക്ക് പുറമെ, തന്റെ അവസാന കൃതിയും സൂഫിസത്തിന്റെ പല പ്രധാന സിദ്ധാന്തങ്ങള്‍ വിശദീകരിക്കുകയും ചെയ്ത ‘അല്‍ ഇശാറാത് വത്തന്‍ബീഹാത്’ എന്ന കൃതിയുടെ അവസാന മൂന്ന് അധ്യായങ്ങള്‍, സൂഫീ സാങ്കേതിക പദങ്ങള്‍ വിവരിക്കുന്ന രിസാലഃ ഫില്‍ ഇശ്ഖ്, ചില കവിതകളും പ്രഭാഷണങ്ങളും, കാല്‍പനിക രചനകളായ ഹയ്യ് ബിന്‍ യഖ്‌ളാന്‍, രിസാല ഫിത്വൈര്‍, സലാമന്‍ വഅബ്‌സാല്‍ എന്നിവയെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഈ കൃതികളെല്ലാം പഠനവിധേയമാക്കിയാല്‍ ഇബ്‌നു സീനയുടെ ‘ആന്തരാര്‍ത്ഥവാദ തത്വചിന്ത’യുടെ ചില സവിശേഷമായ ഗുണവിശേഷങ്ങള്‍ മനസ്സിലാക്കാം. വിശേഷിച്ചും നടേ പറഞ്ഞ കാല്‍പനികമായ കൃതികളില്‍ പൗരസ്ത്യ ദേശം പ്രതീകാത്മകമായ അര്‍ത്ഥത്തില്‍ പ്രകാശത്തിന്റെയോ ശുദ്ധമായ രൂപങ്ങളുടേയോ ലോകമായി പ്രത്യക്ഷപ്പെടുമ്പോള്‍ പാശ്ചാത്യദേശം നിഴലുകളുടേയോ പദാര്‍ത്ഥത്തിന്റേയോ ലോകത്തെയാണ് പ്രതീകവല്‍ക്കരിക്കുന്നത്. പദാര്‍ത്ഥത്തിന്റെ ഇരുട്ടില്‍ മനുഷ്യാത്മാവ് തടവുപുള്ളിയായി പിടിക്കപ്പെടുകയും താന്‍ ആദിയില്‍ ഉത്ഭവിച്ച പ്രകാശങ്ങളുടെ ലോകത്തേക്ക് തിരിച്ചു ചെല്ലാന്‍ അത് സ്വയം വിമോചിതനാവുകയും ചെയ്യുന്നു. പക്ഷേ, പ്രയാസകരമായ ഈ വിധി നിറവേറ്റാനും ‘പൗരസ്ത്യ’ ഭ്രഷ്ടില്‍ നിന്നും തന്നെ വിമോചിപ്പിക്കാനും വേണ്ടി പ്രപഞ്ചത്തില്‍ തന്നെ വഴിനടത്തുകയും പരമമായ മോക്ഷത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു ഗുരുവിനെ നിര്‍ബന്ധമായും കണ്ടെത്തേണ്ടി വരുന്നു.
ഇത്തരമൊരു പരിപ്രേക്ഷ്യ പ്രകാരം, ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം പ്രപഞ്ചം ഒരു സത്വരമായ അനുഭവമായി മാറുകയും കേവലമൊരു സൈദ്ധാന്തിക സംജ്ഞയായി മാറുന്നതിന് വിരാമമിടുകയും ചെയ്യുന്നു. പ്രതീകങ്ങളുടെ ഭാഷയിലൂടെ അത് സംസാരിക്കുകയും ജീവിതത്തെയും മരണത്തെയും തന്റെ ആത്മാവിന്റെ പരമമായ സൗഖ്യവുമായും ബന്ധപ്പെട്ട വര്‍ധിത പ്രാധാന്യമുള്ള ഒരു സന്ദേശം അവനെ അറിയിക്കുകയും ചെയ്യുന്നു. അങ്ങനെ പ്രപഞ്ചം ആന്തരികവല്‍ക്കരിക്കപ്പെടുകയും പെരിപാറ്ററ്റിക് തത്വചിന്തകന്മാരുടെ അമൂര്‍ത്തവും യുക്തിപരവുമായ ഭാഷ സ്ഥൂലവും പ്രതീകാത്മകവുമായ ഒന്നായി പരിണമിക്കുകയും ചെയ്യുന്നു. പ്രാപഞ്ചിക ആകൃതി എന്താണെന്നും അതിലൂടെയും അതിനപ്പുറത്തേക്കുമുള്ള യാത്രക്ക് സന്നദ്ധനായാല്‍ എന്തുമാത്രം അപകടങ്ങളാണ് അഭിമുഖീകരിക്കേണ്ടതായി വരികയെന്നും സഞ്ചാരി തന്റെ ഗുരുവില്‍ നിന്ന് പഠിച്ചെടുക്കുന്നു. പില്‍ക്കാല ശിഈ രചയിതാക്കളെല്ലാം അലി ബിന്‍ അബീത്വലിബിനെയോ മഹ്ദിയെയോ ആണ് പ്രസ്തുത ഗുരുവായി വിശേഷിപ്പിക്കുന്നത്. തുടര്‍ന്ന് അയാള്‍ വെല്ലുവിളി ഏറ്റെടുക്കുകയും പ്രപഞ്ചത്തിലെ മലകളിലൂടെയും താഴ്വാരങ്ങളിലൂടെയും യാത്ര നടത്തുകയും അവസാനം ഔദ്യോഗിക ലോകത്ത് നിന്നും അദ്ധേഹം പുറത്തുവരികയും തദ്വാരാ മരണം വരിക്കുകയും ചെയ്യുന്നു. പുതിയ ഒരു ആത്മീയ ജീവിതത്തിന്റെ പിറവിയെ അത് പ്രതീകവല്‍ക്കരിക്കുകയും ആത്മീയ സാക്ഷാത്ക്കാര പ്രക്രിയയുടെ മാറ്റാനാകാത്ത സ്വഭാവത്തെ കാണിക്കുകയും ചെയ്യുന്നു. അതായത്, പ്രപഞ്ചത്തില്‍ നിന്നും വിമോചിതനാകുന്ന ഒരാള്‍ പിന്നീട് ഒരിക്കലും അതിന്റെ തടവുപുള്ളിയായി മാറുന്നില്ല.

പലപ്പോഴും ഉന്നത ഗുണമേന്മയാര്‍ന്ന കാവ്യാത്മക ശൈലിയിലും മനോഹരമായ ഭാഷയിലും പ്രപഞ്ചത്തെ ചിത്രീകരിക്കുന്ന ഈ എഴുത്തുകളില്‍ മനുഷ്യരുടെ ഗുരുക്കള്‍ എന്ന നിലയിലും പ്രപഞ്ചത്തിന്റെ നിയാമക ശക്തി എന്ന നിലയിലും ഇബ്‌നു സീന വലിയ തോതില്‍ മാലാഖമാരെ ആശ്രയിക്കുന്നുണ്ട്. വാസ്തവത്തില്‍ ഇബ്‌നു സീനയുടെ ‘പൗരസ്ത്യ തത്വചിന്ത’ക്ക് അനുപേക്ഷണീയമായ ഒന്നാണ് മാലാഖാ വിജ്ഞാനീയം. അദ്ധേഹത്തിന്റെ തത്വിചിന്തയുമായി സാമ്യതയുള്ള വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന ഇശ്രാഖികളും അതിനെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നുണ്ട്. ധിഷണകള്‍ക്കും ആത്മാക്കള്‍ക്കും അനുരൂപമായി വ്യത്യസ്ത തലങ്ങളിലുള്ള മാലാഖമാരാല്‍ സമ്പന്നമാണ് സ്വര്‍ഗ ലോകങ്ങള്‍. ആത്മീയ സാക്ഷാത്ക്കാരത്തിനുള്ള തൃഷ്ണ ദീപ്തമാകുന്നത് മാലാഖമാരിലൂടെയാണ് എന്നതിനാല്‍, ‘ഡിവൈന്‍ കോമഡി’യിലെ സെന്റ് ബെര്‍നാഡിനെയും ബിയാട്രൈസിനേയും പോലെ, മനുഷ്യന്റെ സ്വകാര്യ ഗുരുക്കളായി മാലാഖമാര്‍ മാറുന്നു. പെരിപാറ്ററ്റിക് തത്വചിന്തയിലെ പ്രമാണങ്ങളെ നിരാകരിക്കുന്നതിന് പകരം വ്യത്യസ്ത രീതിയില്‍ ഇബ്‌നു സീന അവയെ വ്യാഖ്യാനിക്കുന്നു. അതിലൂടെ എല്ലാ പ്രതീകങ്ങളും യാഥാര്‍ഥ്യവും ത്വരിതവുമായ രീതിയില്‍ മനുഷ്യനോട് ബന്ധപ്പെടുകയും അവന്റെ ആത്മീയ സാക്ഷാത്ക്കാരത്തില്‍ പങ്കുവഹിക്കുകയും ചെയ്യുന്ന ഒരു പ്രാപഞ്ചിക കത്രീഡലായി അരിസ്റ്റോട്ടിലിയന്‍ അനുയായികളുടെ യുക്ത്യാധിഷ്ഠിത പ്രപഞ്ചം പരിണമിക്കുന്നു. ഈ രീതിയില്‍ ഇസ്ലാമിക ലോകത്ത് വലിയ പ്രാധാന്യമുള്ളതായി മാറുകയും തന്റെ പാശ്ചാത്യ വ്യാഖ്യാതാക്കള്‍ ഗൗരവത്തില്‍ എടുക്കാതിരിക്കുകയും ചെയ്ത ഒരു ‘പൗരസ്ത്യ തത്വചിന്ത’യിലേക്ക് ഇബ്‌നു സീന എത്തിച്ചേരുകയും ഏകദേശം ഒന്നര നൂറ്റാണ്ടിനു ശേഷം സുഹ്രവര്‍ദി പരിചയപ്പെടുത്തിയ ‘ഇശ്‌റാഖി യോഗാനുഭവജ്ഞാന(ഇല്ലൂമിനാഷനിസ്റ്റ് തിയോസഫി)ത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കുകയും ചെയ്തു.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy