ഹുസൈൻ നസർ
വിവ: നിഹാൽ പന്തല്ലൂർ:
ഇബ്നു സീന: തത്വചിന്തയുടെയും ശാസ്ത്രത്തിന്റെയും ചരിത്രത്തിലെ അനന്യനായ പ്രതിഭാ ശാലി: അവസാന ഭാഗം
ഇബ്നു സീനയെ സംബന്ധിച്ച പഠനത്തിന്റെ അവസാന ഭാഗം. വിജ്ഞാന ചരിത്രത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഒരു മുസ് ലിം തത്വചിന്തകന്റെ പിൽക്കാല ചരിത്രത്തിലൂടെയുള്ള ധൈഷണിക സഞ്ചാരത്തിന്റെ വഴിയും വഴികേടുകളുമാണ് ഇതിൽ അനാവരണം ചെയ്യപ്പെടുന്നത്. അക്കാദമികമായ അന്വേഷണ കൗതുകത്തോടെ വിജ്ഞാന രൂപങ്ങളെ സമീപിക്കുകയും ത്യാജ്യഗ്രാഹ്യ വിവേചന ബുദ്ധിയോടെ അതിന്റെ സദ്ഫലങ്ങളെ സ്വാംശീകരിക്കുകയും ചെയ്യുന്നതിന് സഹായകമാണ് ഇതിലെ വിശകലനങ്ങൾ.
ഈ അധ്യായത്തിന്റെ തുടക്കത്തില്‍ പ്രതിപാദിച്ചതു പോലെ ഇബ്‌നു സീന ഇസ്ലാമിക കലകളുടെയും ശാസ്ത്രങ്ങളുടെയും സംരക്ഷണ മാലാഖയുടെ കര്‍ത്തവ്യം വഹിക്കുന്നു. അതുകൊണ്ടുതന്നെ തത്വചിന്തയും ശാസ്ത്രങ്ങളും പ്രചാരത്തിലുള്ള ഇസ്ലാമിക ലോകത്തെ ഏതൊരിടത്തും ഇബ്‌നു സീനയുടെ സ്വാധീനം നിഴലിച്ചു കാണാം. ഇബ്‌നു സീനയുമായി അടുത്ത വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന ശിഷ്യരില്‍ ഏറെ പ്രധാനിയും അദ്ധേഹത്തിന്റെ ആ ജീവാനന്ത സുഹൃത്തുമായിരുന്നു അബു ഉബൈദ് അല്‍ ജുസ്ജാനി. ഇബ്‌നു സീന പറഞ്ഞു തരുന്നത് പ്രകാരം ആത്മകഥ തയ്യാറാക്കിയ അല്‍ ജുസ്ജാനിയാണ് തന്റെ ഗുരുവിന്റെ അപൂര്‍ണമായ ധാരാളം കൃതികള്‍ എഴുതി പൂര്‍ത്തീകരിച്ചത്. ‘കിതാബു തഹ്‌സ്വീല്‍’ എന്ന പേരില്‍ തത്വചിന്തയിലെ പ്രധാന ഗ്രന്ഥവും ‘കിതാബുല്‍ ഹുജ്ജ’ എന്ന മറ്റൊരു ഗ്രന്ഥവും എഴുതിയ അബുല്‍ ഹസന്‍ ബഹ്‌മന്യാര്‍, ‘ഹയ്യ് ബിന്‍ യഖ്ദാനി’ന് വ്യാഖ്യാനം എഴുതുകയും ‘ശിഫാ’ സംക്ഷേപിക്കുകയും ചെയ്ത ഇബ്‌നു സൈല, ഇബ്‌നു സീനയുടെ ശിഷ്യരില്‍ ഏറ്റവും വലിയ അഭ്യസ്തവിദ്യനും കിതാബുല്‍ മുഫാറഖാതിന്റെ രചയിതാവും അല്‍ബിറൂനി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഗുരുവിനോട് അനുവാദം ചോദിച്ച ശിഷ്യനുമായ അബൂ അബ്ദില്ലാ അല്‍ മഅ്‌സൂമി എന്നിവരാണ് ഇബ്‌നു സീനയുടെ മറ്റു ശിഷ്യന്മാര്‍.
ഇവരെക്കൂടാതെ, തുടര്‍ന്നുവന്ന നൂറ്റാണ്ടിലെ പ്രമുഖരായ എല്ലാ ബൗദ്ധിക നിഷ്ണാതരിലും ഇബ്‌നു സീനയുടെ സ്വാധീനം കാണാമായിരുന്നു. അതുല്യനായ കവിയും ഗണിതജ്ഞനുമായ ഒമര്‍ ഖയ്യാമിന് ഇബ്‌നു സീനയോട് വലിയ ബഹുമാനമായിരുന്നു. എന്നുമാത്രമല്ല, അദ്ധേഹത്തിന്റെ ഒരു നിബന്ധം ഫാരിസിയിലേക്ക് മൊഴിമാറ്റുകയും ചെയ്തിട്ടുണ്ട്. അദ്ധ്യാത്മിക നിശ്ചിതത്വത്തെ അടിസ്ഥാനമാക്കിയുള്ളതും അടിസ്ഥാനരഹിതമായ മതകീയശാഠ്യത്തിന് പരിഹാരവുമായ വ്യക്തവും ബാഹ്യവുമായ ഒമര്‍ ഖയ്യാമിന്റെ സംശയത്തില്‍ ആധുനിക മനസ്സിന്റെ പ്രത്യേകതയായ നിശ്ചിതത്വത്തിന്റെ അഭാവവും സാരവത്തായ സംശയത്തിലെ ആശയക്കുഴപ്പവും നിഴലിക്കുന്നതായി ആധുനിക അനുവാചകര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഫാരിസി ഭാഷയില്‍ തത്വചിന്താപരവും മതപരവുമായ ധാരാളം പ്രധാനപ്പെട്ട കൃതികള്‍ എഴുതിയ ഇസ്മാഈലീ തത്വചിന്തകനായ നാസിറീ ഖുസ്രു ഇബ്‌നു സീനയുടെ ചില സവിശേഷ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയാണ്. എന്തിനധികം, പ്രകാശശാസ്ത്രജ്ഞനും ഗണിതജ്ഞനുമായ ഇബ്‌നു ഹൈസം (ലാറ്റിനില്‍ അല്‍ ഹാസെന്‍) പോലും അദ്ധേഹത്തിന്റെ രചനകൾ അഭ്യസിച്ചിരുന്നു.
തൊട്ടടുത്ത നൂറ്റാണ്ടുകളില്‍ ഗസാലിയും ഫഖ്‌റുദ്ധീന്‍ റാസിയും ഇബ്‌നു റുശ്ദിനെ പോലുള്ള ആന്ദലൂഷ്യന്‍ തത്വചിന്തകരും ഇബ്‌നു സീനയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. പക്ഷേ, ഇസ്ലാമിക ചരിത്രത്തിലെ എക്കാലത്തെയും വലിയ പ്രതിഭാശാലികളില്‍ ഒരാളായ ഖ്വാജാ നാസിറുദ്ധീന്‍ തൂസി ഇബ്‌നു സീനയെ പ്രതിരോധിച്ചു കൊണ്ട് രംഗത്തു വരികയും ഇബ്‌നു സീനയുടെ തത്വചിന്ത പുനഃസ്ഥാപിക്കാനും അദ്ധേഹത്തിന്റെ എതിരാളികളുടെ വാദങ്ങളെ ഖണ്ഡിക്കുവാന്‍ വേണ്ടി തുനിഞ്ഞിറങ്ങുകയും ചെയ്തു. ‘ഇശാറാത്തി’ന് മികച്ച ഒരു വ്യാഖ്യാന ഗ്രന്ഥം എഴുതിയ അദ്ധേഹം ഇബ്‌നു സീനയുടെ അധ്യാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അദ്ധേഹത്തിന് ശേഷം ഇക്കാലം വരെ പേര്‍ഷ്യ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പെരിപാറ്ററ്റിക് ധാര നിലനിന്നു പോന്നു. നാസിറുദ്ധീന്‍ തൂസിയുടെ സഹോദരപുത്രനായ അഫ്‌ളലുദ്ധീന്‍ കാശാനി ഇബ്‌നു സീനയുടെ തത്വചിന്താ തത്വങ്ങളെ കുറിച്ച് മനോഹരമായ പേര്‍ഷ്യന്‍ ശൈലിയില്‍ ഒട്ടനവധി നിബന്ധങ്ങള്‍ എഴുതിയിട്ടുണ്ട്. നാസിറുദ്ധീന്‍ ത്വൂസിയുടെ വിദ്യാര്‍ത്ഥിയായ ഖുത്വുബുദ്ധീന്‍ ശീറാസി ഫാരിസി ഭാഷയില്‍ ‘ദുര്‍റതു താജ്’ എന്ന പേരില്‍, ചിലയര്‍ത്ഥത്തില്‍ ‘ശിഫാ’യുമായി സാദൃശ്യം പുലര്‍ത്തുന്ന ബൃഹത്തായ ഒരു വിജ്ഞാനകോശം രചിക്കുകയുണ്ടായി. മറാഗെഹിലെ നിരീക്ഷണാലയത്തില്‍ നാസിറുദ്ധീന്‍ തൂസിയുടെ സഹപ്രവര്‍ത്തകനായിരുന്ന ദാബിറാന്‍ കാതിബി അല്‍ഖസ്വീനി ഇബ്‌നു സീനയുടെ അധ്യാപനങ്ങള്‍ അടിസ്ഥാനമാക്കി പെരിപാറ്ററ്റിക് തത്വചിന്തയെ കുറിച്ചുള്ള ജനകീയ കൃതികളില്‍ ഒന്നായി മാറിയ ‘ഹിക്മതുല്‍ ഐന്‍’ എഴുതിയാണ് ഐഹികവാസം വെടിഞ്ഞത്. ഒരു നൂറ്റാണ്ടിന് ശേഷം, ‘ഇശാറാത്തി’ന് നാസിറുദ്ധീന്‍ തൂസിയും ഫഖ്‌റുദ്ധീന്‍ റാസിയും എഴുതിയ വ്യാഖ്യാനങ്ങളുടെ ഗുണഗണങ്ങളെ വിലയിരുത്തിക്കൊണ്ട് ഖുതുബുദ്ധീന്‍ റാസി ‘മുഹാകമാത്’ എന്ന കൃതി രചിച്ചു. ഇപ്രകാരം തുടര്‍ന്നുവന്ന ഓരോ തലമുറയും സഫവിദ് കാലഘട്ടം വരെ ഈ പാരമ്പര്യം തുടര്‍ന്നുപോന്നു. സദ്‌റുദ്ധീന്‍ ദശ്തകി, ഗിയാസുദ്ധീന്‍ മന്‍സൂര്‍ ശിറാസി, ജലാലുദ്ധീന്‍ ദവാനി തുടങ്ങിയ തത്വചിന്തകന്മാര്‍ ഇബ്‌നു സീനയുടെ ചിന്തയെ ആധാരമാക്കിക്കൊണ്ട് ഈ നൂറ്റാണ്ടുകളില്‍ ധാരാളം കൃതികള്‍ രചിക്കുകയുണ്ടായി. മാത്രമല്ല, ഈ കാലഘട്ടത്തിലാണ് അസീറുദ്ധീന്‍ അബ്ഹരി ‘കിതാബുല്‍ ഹിദായ’ രചിച്ചത്. ഹുസൈന്‍ മൈബദിയുടെയും മുല്ലാ സദ്രയുടെയും വ്യാഖ്യാനങ്ങള്‍ വന്നതോടു കൂടെ പേര്‍ഷ്യയിലും ഇന്ത്യയിലും പെരിപാറ്ററ്റിക് തത്വചിന്തയുടെ ടെക്സ്റ്റുകളില്‍ വെച്ച് ഏറ്റവും കൂടുതല്‍ പഠിപ്പിക്കപ്പെടുന്ന ആദ്യ രണ്ടോ മുന്നോ കൃതികളില്‍ ഒന്നായി ഈ കൃതി മാറുകയുണ്ടായി.
കലാപരമായും ബൗദ്ധികപരമായും നവോത്ഥാനം അരങ്ങേറിയ സഫവിദ് കാലഘട്ടത്തില്‍ ഇബ്‌നു സീനയുടെ തത്വചിന്ത പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. ഇബ്‌നു സീനയുടെ തത്വചിന്തക്ക് ഇശ്റാഖി വ്യാഖ്യാനം നല്‍കാന്‍ ശ്രമിച്ച മീര്‍ ദാമദും, ‘ശിഫാ’ക്ക് വിപുലമായ ഒരു വ്യാഖ്യാനം എഴുതിയ സയ്യിദ് അഹ്‌മദ് അല്‍ അലവിയും, തന്റെ ബഹുലമായ ബൗദ്ധിക വ്യവഹാരത്തിന്റെ മൂലശിലകളിലൊന്നാക്കി ഇബ്‌നു സീനയുടെ തത്വചിന്തയെ മാറ്റിയ മുല്ല സദ്രയുമെല്ലാമാണ് പ്രസ്തുത പുരോഗതിക്ക് ചുക്കാന്‍ പിടിച്ചത്. അവര്‍ക്കു ശേഷവും മുല്ല സദ്രയുടെ ശിഷ്യനും ‘ഗൗഹര്‍ മുറാദ്’, ‘ശവാരിഖ്’ എന്നീ കൃതികളില്‍ ദൈവശാസ്ത്രവുമായി സംയോജിപ്പിക്കപ്പെട്ട പെരിപാറ്ററ്റിക് ധാര പിന്തുടരാന്‍ ശ്രമിക്കുന്ന പണ്ഡിതനുമായ അബ്ദുല്‍ റസാഖ് അല്‍ ലാഹിജിയെ പോലുള്ളവരും പ്രസ്തുത പാരമ്പര്യം തുടര്‍ന്നുപോന്നു. പെരിപാറ്ററ്റിക് വീക്ഷണധാരയില്‍ നിന്നും ഇബ്‌നു സീനയുടെ അദ്ധ്യാത്മികജ്ഞാനത്തെ സംബന്ധിച്ച് സമീപകാലത്ത് വിരചിതമായ സമഗ്ര രചനയായ ‘ഹിക്മതേ ബൂഅലി’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ മിര്‍സ സാലിഹ് ഹായിരീരി മാസന്‍ദറാനിയെ പോലുള്ളവര്‍ പ്രസ്തുത ധാര ഇന്നും തുടര്‍ന്നുപോരുന്നു.
ഇബ്‌നു റുശ്ദിന്റെ സ്വാധീനത്തേക്കാള്‍ കുറച്ചുമാത്രമേ അടയാളപ്പെടുത്തപ്പെട്ടുള്ളൂവെങ്കിലും പൗരസ്ത്യ ലോകത്തെന്ന പോലെ പാശ്ചാത്യ ലോകത്തും ഇബ്‌നു സീനയുടെ സ്വാധീനം ദീര്‍ഘകാലം കോട്ടംതട്ടാതെ നിലനിന്നു. അതേസമയം, ഇബ്‌നു സീനയേക്കാള്‍ കൂടുതല്‍ ശക്തമായി ആക്രമിക്കപ്പെട്ടതും ന്യായീകരിക്കപ്പെട്ടതും ഇബ്‌നു റുശ്ദായിരുന്നു. അല്‍ ജുസ്ജാനി എഴുതിയ ഇബ്‌നു സീനയുടെ ആത്മകഥ, ‘ശിഫാ’യിലെ ഭൗതികശാസ്ത്രവും തര്‍ക്കശാസ്ത്രവുമായും ബന്ധപ്പെട്ട ഭാഗങ്ങള്‍, മുഴുവന്‍ ആദ്ധ്യാത്മജ്ഞാനം എന്നിവയടക്കമുള്ള ഇബ്‌നു സീനയുടെ സവിശേഷമായ പല കൃതികളും പന്ത്രണ്ടാം നൂറ്റാണ്ടോടു കൂടെ ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തപ്പെടാന്‍ തുടങ്ങി. ഭൂരിഭാഗം വിവര്‍ത്തനങ്ങളും ടോളിഡോ ധാര പ്രകാരം ഡൊമിനികസ് ഗുണ്ടിസ്സാല്‍വസ് എഴുതിയതോ അദ്ധേഹത്തിന്റെ നേതൃത്വത്തില്‍ നിര്‍വ്വഹിക്കപ്പെട്ടതോ ആയിരുന്നു. അതേസമയം മറ്റു പല കൃതികളും ഇബ്‌നു സീനയുടെ കൃതികളുടെ വിവര്‍ത്തകനായി കൊട്ടിഘോഷിക്കപ്പെട്ട അവെന്‍ഡൗത് (ഇബ്‌നു ദാവൂദ്), ജോന്നാസ് ഹിസ്പാലെന്‍സിസ് എന്നിവരാണ് ലാറ്റിനിലേക്ക് ഭാഷാന്തരം ചെയ്തത്. വിവര്‍ത്തനത്തിന്റെ ഈ ആദ്യകാല പരമ്പരകള്‍ക്ക് ശേഷം ‘ശിഫാ’യുടെയും ‘നജാതി’ന്റെയും പല ഭാഗങ്ങളുടെയും വിവര്‍ത്തനങ്ങള്‍ തുടര്‍ന്നുവന്നു. മാത്രമല്ല, പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജെറാര്‍ഡ് ഓഫ് ക്രിമോന ‘അല്‍ഖാനൂന്‍’ ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്തു. അതിനുശേഷം, പതിമൂന്നാം നൂറ്റാണ്ടില്‍ ‘ഉര്‍ജൂസ ഫിത്വിബ്’ എന്ന കൃതി ബ്ലെയ്‌സ് ലാറ്റിനിലേക്ക് ഭാഷാന്തരം ചെയ്തു. വാസ്തവത്തില്‍, ഇബ്‌നു സീനയുടെ കൃതികളിലുള്ള താത്പര്യവും അവകളുടെ വിവര്‍ത്തനവും മധ്യകാല നൂറ്റാണ്ടുകളിലൂടെ തുടര്‍ന്നു പോരുകയും നവോത്ഥാന കാലഘട്ടത്തിലെത്തിച്ചേരുകയും ചെയ്തു. ഭാഷയില്‍ നിന്നും അറബി പദങ്ങള്‍ തുടച്ചുമാറ്റാനുള്ള പ്രകടമായ ശ്രമങ്ങള്‍ ഉള്‍പ്പടെ ഇസ്ലാമിനും അറബി ഭാഷക്കുമെതിരെ വലിയ തോതിലുള്ള പ്രതികാര യത്‌നങ്ങള്‍ നിലനില്‍ക്കെ തന്നെ പതിനാറാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ പണ്ഡിതനായ ആന്‍ഡ്രിയ അല്‍പാഗോ ഇബ്‌നു റുശ്ദിന്റെയും ഇബ്‌നു സീനയുടെയും ചില കൃതികള്‍ ശുദ്ധമായ ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു.
ഇബ്‌നു സീനയുടെ ശാസ്ത്രീയവും തത്വചിന്താപരവുമായ വീക്ഷണങ്ങള്‍ ഇരുപതാം നൂറ്റാണ്ടു മുതല്‍ യൂറോപ്പിലെ ജ്ഞാന കേന്ദ്രങ്ങളെ സ്വാധീനിക്കാന്‍ തുടങ്ങി. സലേര്‍നോ, മോണ്ട്‌പെലിയര്‍ എന്നീ നഗരങ്ങളെ ഇബ്‌നു സീനയുടെ വൈദ്യശാസ്ത്രവും പാരിസിനെയും ഓക്‌സ്‌ഫോഡിനെയും അദ്ധേഹത്തിന്റെ തത്വചിന്തയും കൂടുതല്‍ സ്വാധീനിച്ചു. ഇബ്‌നു സീനയാല്‍ സവിശേഷമാംവിധം സ്വാധീനിക്കപ്പെട്ട പ്രഥമ വ്യക്തി അദ്ധേഹത്തിന്റെ വിവര്‍ത്തകന്‍ ഗുണ്ടിസ്സാല്‍വസ് ആയിരുന്നു. റോളണ്ട് ഡി വോ(1903-1971) ‘ലാറ്റിന്‍ അവിസന്നയിസം’ എന്നു വിളിച്ച ധാരയെ പിന്തുടരുന്നതും ‘ഇബ്‌നു സീനിയന്‍’ സ്വഭാവം പുലര്‍ത്തുന്നതുമായ, പരലോകത്തെ ആത്മാവിന്റെ സഞ്ചാരങ്ങളെ കുറിച്ച് വിവരിക്കുന്ന ഒരു ജ്ഞാനവാദ കൃതിയും വാസ്തവത്തില്‍ ഇബ്‌നു സീനയുടേതായി വിശ്വസിക്കപ്പെടുന്ന (യഥാര്‍ത്ഥത്തില്‍ അദ്ധേഹത്തിന്റേതല്ല) ‘ഹേതുകങ്ങളും അവയില്‍ നിന്നുയരുന്ന പ്രഥമവും ദ്വിതീയവുമായ പ്രശ്‌നവും’ എന്ന നിബന്ധവും അദ്ധേഹത്തിന്റേതായി ഇന്നും നിലനില്‍ക്കുന്നുണ്ട്.
വില്യം ഓഫ് ഒവേഴ്ഞയുടെയും ഇബ്‌നു റുശ്ദിനേക്കാള്‍ ഇബ്‌നു സീനയെ വാഴ്ത്തിയ റോജര്‍ ബേക്കണിന്റെയും എഴുത്തുകളിലും, ആല്‍ബര്‍ട്ടസ് മാഗ്നസിലും, ദൈവാസ്തിക്യത്തിന്റെ സ്ഥാപനത്തിനായി ഇബ്‌നു സീനയുടെ വാദം കടമെടുത്ത മൂന്നാം വാദം നിരത്തുന്ന സൈന്റ് തോമസിലും, പില്‍ക്കാലത്ത് പോപ് ജോണ്‍ ഇരുപത്തൊന്നാമന്‍ ആയി മാറിയ പീറ്റര്‍ ഓഫ് സ്‌പെയിനിലും, ഇബ്‌നു സീനയുടെ പ്രസ്പഷ്ടമായ സ്വാധീനം കാണാം. ഇബ്‌നു സീനയുടെ ശാസ്ത്രീയമായ കൃതികളും താത്വിക കൃതികളുമെല്ലാം റോബര്‍ട് ഗ്രോസെറ്റെസ്‌റ്റെയെ പോലുള്ള പ്രതിഭകളുടെ കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. മാത്രമല്ല പതിനാലാം നൂറ്റാണ്ടില്‍ തോമിസ്റ്റിക് സിസ്റ്റത്തെ വെല്ലുവിളിച്ചു കൊണ്ട് രംഗപ്രവേശം ചെയ്ത ഡണ്‍സ് സ്‌കോടസിന്റെ ദൈവശാസ്ത്രത്തിനും ഇബ്‌നു സീനയുടെ കൃതികള്‍ ‘ആരംഭ ബിന്ദു’വായി വര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. സമാനമായി വൈദ്യശാസ്ത്രത്തിലും അദ്ധേഹത്തിന്റെ സ്വാധീനം പ്രബലമായി കാണാം. പരമ്പരാഗത വൈദ്യശാസ്ത്ര അധികാരത്തെ നിഷേധിക്കാനും തന്റെ പുതിയ ധാര സ്ഥാപിക്കാനും ശ്രമിച്ചതിന്റെ പേരില്‍ പതിനാറാം നൂറ്റാണ്ടില്‍ അധികാരത്തിന്റെ പ്രതീകമെന്ന നിലക്ക് പരാസെല്‍സസ് കരിച്ചുകളഞ്ഞ കൃതികളില്‍ ഗാലന്റെ പുസ്തകങ്ങള്‍ക്കൊപ്പം ഇബ്‌നു സീനയുടെ ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു. ചുരുക്കത്തില്‍, മധ്യകാല ധൈഷണിക ചിന്തയുടെ ഏകദേശം എല്ലാ മണ്ഡലങ്ങളിലും ഇബ്‌നു സീനക്ക് വ്യക്തമായ സ്വാധീനമുണ്ടായിരുന്നു. ഒരു അംഗീകൃത ധാരയെയും പൂര്‍ണമായും അംഗീകരിച്ചില്ലെങ്കിലും ശാസ്ത്രീയമായോ തത്വചിന്താപരമായോ ഏകദേശം അവയിലെല്ലാം അദ്ധേഹം വലിയ പങ്കുവഹിക്കുകയും ചെയ്തിരുന്നു.
ലാറ്റിൻ ആശയങ്ങള്‍ ഇബ്‌നു സീനയുടെ തത്വങ്ങളെ സ്വാധീനിച്ചതിനെ കുറിച്ച് ചില സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും വില്യം ഓഫ് ഒവേഴ്ഞ പിന്തുടരുന്ന അഗസ്റ്റിന്റെ ആശയങ്ങള്‍ ഇബ്‌നുസീനയുടെ തത്വങ്ങളെ സ്വാധീനിക്കുന്നതിനെ കുറിച്ച് എറ്റിയന്‍ ഗില്‍സന്റെ ഗവേഷണങ്ങള്‍ സംശയലേശമന്യേ സ്പഷ്ടമാക്കിയിട്ടുണ്ട്. വാസ്തവത്തില്‍, പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇബ്‌നു സീനയുടെ കൃതികള്‍ ലാറ്റിന്‍ ലോകത്തിന് ഒരു ആദ്ധ്യാത്മിക പ്രപഞ്ചശാസ്ത്രം പ്രദാനം ചെയ്യുകയും നൂറ്റാണ്ടുകളായി പടിഞ്ഞാറന്‍ ലോകത്തിന് പരിചയമുള്ള ഡയോനിഷ്യന്‍ മാലാഖാവിജ്ഞാനീയത്തെ പുതിയ ഒരു പ്രപഞ്ചശാസ്ത്ര വെളിച്ചത്തില്‍ വ്യാഖ്യാനിക്കാന്‍ കളമൊരുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ക്രമേണ ഇബ്‌നു സീനയുടെ സിദ്ധാന്തങ്ങളില്‍ വന്നുഭവിച്ച അഗസ്റ്റിനിയന്‍ ആശയങ്ങളുടെ സ്വാധീനം കിഴക്കന്‍ ലോകത്ത് ഒരുപക്ഷേ തന്റെ അധ്യാപനങ്ങളില്‍വെച്ച് കൂടുതല്‍ കാലം നിലനിന്ന ദര്‍ശനമായ പ്രപഞ്ചശാസ്ത്രത്തിന്റെയും പ്രപഞ്ചോല്‍പ്പത്തി സിദ്ധാന്തത്തിന്റെയും നാശത്തിന് കാരണമായി. ഇബ്‌നു സീനയുടെ ആശയങ്ങളെ അഗസ്റ്റിനിയന്‍ തത്വങ്ങള്‍ വിഴുങ്ങിയത് മൂലം ജ്വലന ശേഷിയുള്ള മാലാഖയെ ദൈവത്തോട് അനുരൂപമാക്കപ്പെടുകയും ക്രമേണ പ്രപഞ്ചത്തില്‍ മാലാഖയുടെ അനിവാര്യത ഇല്ലാതായി മാറുകയും ചെയ്തു. വില്യം ഓഫ് ഒവേഴ്ഞയുടേയും ഇതേ വീക്ഷണമുള്ള മറ്റു പലരുടെയും വിമര്‍ശനം ഇബ്‌നു സീനയുടെ മാലാഖാവിജ്ഞാനീയത്തിനെതിരെയും പ്രപഞ്ചശാസ്ത്രത്തിലും നോയറ്റിക്‌സി(ധിഷണയുടെയും മനസ്സിന്റേയും കര്‍മം)ലും അത് വഹിച്ച പങ്കിന് വിരുദ്ധവുമായിരുന്നു. മാലാഖാവിജ്ഞാനീയത്തിന്റെ വിനാശത്തിന് ശേഷം ആത്മീയ ഉണ്മകളില്‍ നിന്നും പ്രപഞ്ചം വിജനമാവുകയും കോപര്‍നിക്കിയന്‍ വിപ്ലവത്തിന് കളമൊരുക്കിക്കൊണ്ട് അത് മതേതരവല്‍ക്കരിക്കപ്പെടുകയും ചെയ്തു. തന്മൂലം പ്രപഞ്ചത്തിന് ക്രമേണ അതിന്റെ ആത്മീയ പ്രകൃതം വിനിഷ്ടമാവാന്‍ തുടങ്ങുകയും പതിനേഴാം നൂറ്റാണ്ടോടെ പരമ്പരാഗത രീതിയിലുള്ള പ്രപഞ്ചശാസ്ത്രം മാത്രമല്ല പ്രപഞ്ചത്തിന്റെ അര്‍ത്ഥം പോലും ഇല്ലാതാവുകയും ചെയ്തു.
പടിഞ്ഞാറില്‍ ഇബ്‌നുസീനക്ക് ലഭിച്ച വിമര്‍ശനാത്മകമായ സ്വീകാര്യത കിഴക്കില്‍ അദ്ധേഹത്തിന് ലഭിച്ച സ്വീകാര്യതയുമായി തുലനപ്പെടുത്തുന്നത് വളരെ കൗതുകകരവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. ഇബ്‌നു സീനയുടെ മാലാഖവിജ്ഞാനീയവും പ്രപഞ്ചശാസ്ത്രവും ജ്ഞാനോദയത്തിലും ജ്ഞാനവാദത്തിലും അധിഷ്ഠിതമായ നോയറ്റിക്‌സുമാണ് പടിഞ്ഞാറില്‍ കൂടുതല്‍ രൂക്ഷമായി വിമര്‍ശിക്കപ്പെടുകയും നിരാകരിക്കപ്പെടുകയും ചെയ്തത്. മാത്രമല്ല, അദ്ധേഹത്തിന്റെ വൈദ്യശാസ്ത്രപരവും ശാസ്ത്രീയവുമായ കൃതികളുടെയും തത്വചിന്തയുടെയും യുക്തിപരമായ വശമാണ് കൂടുതല്‍ അഭിനന്ദിക്കപ്പെട്ടതും സ്വീകരിക്കപ്പെട്ടതും. കിഴക്കില്‍ ചെറിയ ഒരു ന്യൂനപക്ഷ വിഭാഗം മാത്രമാണ് അദ്ധേഹത്തിന്റെ തത്വചിന്തയെ അഭിനവ കാലം വരെയും സജീവമായി നിലനിര്‍ത്തിയത്. ധാരാളം സ്ഥലങ്ങളില്‍ അദ്ധേഹത്തിന്റെ വൈദ്യശാസ്ത്രപരമായ സിദ്ധാന്തങ്ങള്‍ പ്രയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പക്ഷേ, അടിസ്ഥാനപരമായി ‘ആന്തരാര്‍ത്ഥാദ’പരമോ ‘പൗരസ്ത്യമോ ആയ ഇബ്‌നു സീനിയന്‍ തത്വചിന്തയാണ് കിഴക്കന്‍ ദേശങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. മാലാഖവിജ്ഞാനീയത്താല്‍ പിന്തുണക്കപ്പെട്ട ഇബ്‌നു സീനയുടെ പ്രപഞ്ചശാസ്ത്രത്തെ പില്‍ക്കാലത്ത് സുഹ്രവര്‍ദി വിപുലീകരിക്കുകയുണ്ടായി. മാത്രമല്ല, അനുമാനപരവും യുക്തിപരവുമായ ധാരയില്‍ നിന്നും അകറ്റപ്പെട്ടതിന് ശേഷം സൂഫിസത്തിന്റെ സവിശേഷമായ ധാരകളിലേക്ക് അതിനെ ഉദ്ഗ്രഥിച്ചതും അദ്ധേഹമായിരുന്നു. പ്രകാശത്തില്‍ വെട്ടിത്തിളങ്ങുന്ന മൂല്യമേറിയ ഒരു രത്‌നം പോലെ അദ്ധേഹം വിവരിച്ച മനോഹരമായ പ്രപഞ്ചശാസ്ത്രം ഇസ്ലാമിക് ജ്ഞാനവാദത്തിന്റെ പ്രകാശത്തില്‍ തിളങ്ങാന്‍ തുടങ്ങുകയും ജ്ഞാനവാദത്തിന്റെയും ജ്ഞാനോദയത്തിന്റെയും സിദ്ധാന്തങ്ങള്‍ പ്രതിപാദിക്കപ്പെടുകയും അഭ്യസിക്കപ്പെടുകയും ചെയ്ത ഇസ്ലാമിക ലോകത്തെ പ്രദേശങ്ങളിലെല്ലാം പ്രകാശം വിതറുകയും ചെയ്തു. മാലാഖമാരിലൂടെ മാനുഷിക ധിഷണക്ക് ഉണ്ടാകുന്ന ജ്ഞാനോദയത്തിന്റെ നോയറ്റിക്‌സിനെ സംബന്ധിച്ചുള്ള അദ്ധേഹത്തിന്റെ സിദ്ധാന്തം ഇസ്ലാമിലെ ജ്ഞാനത്തിന്റെ ഉന്നതരൂപമായി ഗണിക്കപ്പെടുന്ന ജ്ഞാനത്തിന്റെ യാഥാര്‍ത്ഥ്യത്തെ ദൃഢീകരിക്കുന്നതായി പില്‍ക്കാല നൂറ്റാണ്ടുകളില്‍ വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു.
അതുകൊണ്ട് ഇബ്‌നു സീനയെയും അദ്ധേഹത്തിന്റെ സ്വാധീനത്തെയും സംബന്ധിച്ചുള്ള പഠനം കേവലം ചരിത്രപരമായ ഒന്നുമാത്രമല്ല. മുസ്ലിംകളുടെ പരമ്പരാഗത കഥകളിലേക്ക് അവരുടെ സാംസ്‌കാരിക ഹീറോയായി പ്രവേശിച്ചുകൊണ്ട് ഉയര്‍ന്ന ബഹുമതി നേടുകയും ഇസ്ലാമിലെ തത്വചിന്തകനും ശാസ്ത്രജ്ഞനുമായി ഉയര്‍ന്നു വരികയും ചെയ്ത ഒരാള്‍ മാത്രമല്ല അദ്ധേഹം. മറിച്ച്, ശാരീരിക രോഗങ്ങള്‍ ചികിത്സിക്കാന്‍ കഴിയുന്ന ഭിഷഗ്വരനും ദാര്‍ശനികനും ആത്മീയ ഗുരുവും മനഃശാസ്ത്രപരവും ശാരീരികവുമായി സുരക്ഷിതമായ കൈകളിലാണെന്ന പൂര്‍ണ ബോധ്യത്തോടെ ഒരാള്‍ക്ക് അധീനപ്പെടാന്‍ സാധിക്കുന്നയാളുമാണ് അദ്ധേഹം. ഇസ്ലാമിക് ലോകത്ത് പരമ്പരാഗത വൈദ്യശാസ്ത്രം പ്രയോഗിക്കപ്പെടുന്നയിടത്തെല്ലാം ഇബ്‌നു സീനയുടെ ചിത്രം തെളിഞ്ഞു വരുന്നു. ഇസ്ലാമിക കലകളും ശാസ്ത്രങ്ങളും അഭ്യസിക്കപ്പെടുകയും വിശദീകരിക്കപ്പെടുകയും ചെയ്യുന്ന ഇടങ്ങളിലെല്ലാം അദ്ധേഹം കാവല്‍ മാലാഖയായി ഉയര്‍ന്നു നില്‍ക്കുന്നു. സര്‍വോപരി, ശിഹാബുദ്ദീൻ യഹ് യ സുഹ്രവര്‍ദി(ഖതീൽ) യും(സ്വൂഫികളായ അബുന്നജീബ് സുഹ്റ വർദി(റ) യുടെയും ശിഹാബുദ്ദീൻ സുഹ്റ വർദി(റ) യുടെയും കാലത്ത് ജീവിച്ച ഇശ്റാഖി തത്വചിന്തകനായ സുഹ്റവർദിയാണിത്) ഇശ്രാഖികളും ഇബ്‌നു അറബിയും സൂഫികളും വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തതും ഇസ്ലാമിക ദൈവിക വെളിപാടിന്റെ കേന്ദ്രത്തിനകത്ത് പൂര്‍ണമായും അവര്‍ സ്ഥാപിക്കുകയും ചെയ്തതുമായ ഇബ്‌നു സീനയുടെ പ്രപഞ്ചശാസ്ത്രമാണ് നൂറ്റാണ്ടുകളായി ഇസ്ലാമിക ചിന്തകന്‍മാര്‍ പിന്തുടര്‍ന്ന് പോരുന്നതും പ്രപഞ്ച യാഥാര്‍ഥ്യത്തെ വിശദീകരിക്കുന്നതും ഇസ്ലാമിന്റെ ബൗദ്ധിക ജീവിതത്തിന്റെ ചക്രവാളത്തില്‍ പ്രകാശം പരത്തുകയും ചെയ്യുന്നത്.
അവസാനിച്ചു: