ഇബ്നു സീന: തത്വചിന്തയുടെയും ശാസ്ത്രത്തിന്റെയും ചരിത്രത്തിലെ അനന്യനായ പ്രതിഭാ ശാലി: തുടരുന്നു:
സയ്യിദ് ഹുസൈൻ നസ്റ്:
പരിഭാഷ: നിഹാൽ പന്തല്ലൂർ:
അരിസ്‌റ്റോട്ടിലിന്റേയും അലക്‌സാണ്ടർ അഫ്രോഡിസിയാസ്, തിമിസ്റ്റിയസ് എന്നിവരെ പോലുള്ള അദ്ധേഹത്തിന്റെ അലക്‌സാണ്ട്രിയൻ വ്യാഖ്യാതാക്കളുടേയും വ്യാഖ്യാനങ്ങളോട് സാദൃശ്യം പുലർത്തുന്ന രീതിയിൽ ആത്മാവിന്റെ പ്രാപ്തികൾ വിവരിക്കാൻ ശ്രമിക്കുന്ന ഇബ്‌നു സീനയുടെ മനഃശാസ്ത്രം അടിസ്ഥാനപരമായി പെരിപ്പാറ്ററ്റിക് സ്വഭാവത്തിലുള്ളതാണ്. മൂന്ന് മണ്ഡലങ്ങളിലായി ചലിക്കുന്നതും ചേതന നൽകുന്നതുമായ ശക്തിയായാണ് പെരിപ്പാറ്ററ്റിക് തത്വചിന്തയിലെ മനഃശാസ്ത്രം ബന്ധപ്പെട്ടുകിടക്കുന്നത്. അതുകൊണ്ട് നാച്വറൽ ഫിലോസഫിക്ക് കീഴിലാണ് അതുൾപ്പെടുക. അനിവാര്യമായ ഉണ്മയിൽ നിന്നും ധിഷണകളിലൂടെയും ആത്മാക്കളിലൂടെയും നാല് ഘടകങ്ങളിലേക്കുള്ള അവരോഹണം പോലെതന്നെ, എക്കാലത്തെയും മികച്ച അനുപാതത്തിൽ നാല് ഘടകങ്ങളുടെ മേളനത്തിന്റെ ഫലമെന്നോണം ഉണ്ടായ ഉണ്മയുടെ ശൃംഖലയുടെ ക്രമേണയുള്ള ആരോഹണവു- അല്ലെങ്കിൽ ഉയർന്നു പൊങ്ങുന്ന വൃത്ത ഖണ്ഡം-മുണ്ട്. പ്രസ്തുത ഘടകങ്ങൾ ശുദ്ധമായ സംയോജനങ്ങളായി മേളിക്കപ്പെടുമ്പോൾ സസ്യജാലം, മൃഗം എന്നിവയുടെ ആത്മാക്കളും യുക്തിസിദ്ധമായ ആത്മാക്കളും ബാഹ്യലോകത്തും വേൾഡ് സോളുമായുള്ള ബന്ധത്തിലൂടെയും അവയിലേക്ക് സന്നിവേശിക്കപ്പെടുന്നു. വാസ്തവത്തിൽ, സ്വന്തത്തിന് നേരെ പ്രാപ്തിയെ ആകർഷിക്കാനെന്നവണ്ണം നടേപറഞ്ഞ ഘടകങ്ങൾ മേളിക്കുന്ന അനുകൂല സാഹചര്യത്തിന്റെ ഒരു പ്രത്യേക നിമിഷത്തിൽ കോസ്മിക് ഡ്രാമയിൽ രംഗപ്രവേശം ചെയ്യുന്ന വേൾഡ് സോളിന്റെ ഒരു ശേഷിയായി ഈ ആത്മാക്കളോരോന്നും പരിഗണിക്കപ്പെടാവുന്നതാണ്.
മൂന്ന് മണ്ഡലങ്ങളും ഒരു കോണിയുടെ സ്‌റ്റെപ്പുകൾ പോലെ, തമ്മിലൊരിടത്തും വിനിഷ്ടമായ ബന്ധമില്ലാത്ത തരത്തിൽ, പരസ്പര ബന്ധിതമാണ് എന്നതിനാൽ സസ്യ മണ്ഡലം ധാതു മണ്ഡലത്തിന്റെ മീതെയും മൃഗ മണ്ഡലം സസ്യ മണ്ഡലത്തിന് മീതെയും സ്ഥിതി ചെയ്യുന്നു. ധാതു മണ്ഡലത്തിലെ ഉയർന്ന അംഗം ഏറ്റവും താഴ്ന്ന നിലയിലെ സസ്യത്തിനോട് വളരെയടുത്ത തരത്തിൽ സദൃശ്യമാകുന്നുവെന്നു മാത്രമല്ല, ഉന്നതമായ സസ്യം ഏറ്റവും താഴ്ന്ന മൃഗത്തെ പോലെയുമാണ്. തദ്വാരാ, ഓരോ മണ്ഡലത്തിലേയും അംഗങ്ങൾ ഉണ്മയുടെ ശൃംഖലയിൽ തങ്ങളുടെ താഴെ നിൽക്കുന്നവയുടെ ശക്തികളും കഴിവുകളും ഉൾവഹിക്കുന്നുണ്ട്. ആഹാരം നൽകൽ, വളർച്ച, സന്താനോൽപ്പാദനം തുടങ്ങിയ സസ്യജാലാത്മാവിന്റെ കഴിവുകൾക്ക് പുറമെ ധാതുവിന്റെ ഗുണങ്ങളും സസ്യം ഉൾവഹിക്കുന്നുണ്ട്. മൃഗാത്മാവിന്റെ കഴിവുകൾക്ക് പുറമേ ധാതുക്കളുടേയും സസ്യങ്ങളുടെയും ശക്തികൾ മൃഗത്തിനുമുണ്ട്. കാമത്തിലേക്കും ദേഷ്യത്തിലേക്കും ജഡിക വസ്തുവിന്റെ ശക്തിയിലേക്കും നയിക്കുന്ന കാമനകളുടെ കരുത്ത് ഒരുവശത്തും ആന്തരികവും ബാഹ്യവുമായ അഞ്ച് ഇന്ദ്രിയങ്ങളെ ഗ്രഹിക്കാനുള്ള കഴിവ് മറുവശത്തും ഉള്ളടങ്ങിയ ചലന ശക്തി അവ ഉൾക്കൊള്ളുന്നു. ഓർത്തെടുക്കുവാനും, കണക്കുകൂട്ടലിനും ഓർമശക്തിക്കും, സംവേദനക്ഷമമായ സങ്കൽപ്പത്തിനും, രൂപങ്ങളും പ്രതിനിധാനങ്ങളും മനസ്സിൽ സൂക്ഷിക്കുവാനും ഉള്ള കഴിവ്, സാമാന്യബോധം (കോമൺ സെൻസ്) എന്നിവയാണ് മേൽപറഞ്ഞ ആന്തരിക ഇന്ദ്രിയങ്ങൾ. ഗാലന്റെ പാരമ്പര്യം പിന്തുടർന്നുകൊണ്ട് പ്രസ്തുത കഴിവുകൾ തലച്ചോറിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ഇബ്‌നു സീന അടയാളപ്പെടുത്തുന്നു. ബാഹ്യമായ അഞ്ച് ഇന്ദ്രിയങ്ങളെ പോലെ താഴേക്കിടയിലെ മൃഗങ്ങളിൽ അപൂർണമായ രീതിയിൽ ദൃശ്യമാവുകയും ഉന്നത ശ്രേണിയിലെ മൃഗങ്ങളിലും മനുഷ്യരിലും പൂർണ രൂപത്തിൽ വികസിക്കുകയും ചെയ്യുന്ന സ്പർശനം, വാസന, രസനം, ശ്രുതി, കാഴ്ച്ച എന്നിവയെയും അവ ഉൾവഹിക്കുന്നുണ്ട്.
ഇബ്‌നു സീന യുക്തിപരമായ ആത്മാവെന്നും മനുഷ്യാത്മാവെന്നും വിളിക്കുന്ന, പ്രാപഞ്ചികാത്മാവിന്റെ ഒരു പുതിയ കഴിവ് മനുഷ്യനിൽ ഉരുവം കൊള്ളുന്നു. രണ്ട് കഴിവുകളാണ് അതിനുള്ളത്. സസ്യത്തിന്റെയും മൃഗത്തിന്റെയും ആത്മാവിലേക്ക് ചേർക്കപ്പെടുന്ന പ്രായോഗികവും സൈദ്ധാന്തികവുമായ രണ്ട് കഴിവുകളാണവ. അതിലെ പ്രായോഗികമായ കഴിവാണ് ശരീരത്തിന്റെ എല്ലാ ചലനങ്ങളുടെയും സ്രോതസ്സ്. മാത്രമല്ല, അതുകൊണ്ടാണ് മനുഷ്യൻ തന്റെ പ്രായോഗിക ജീവിതത്തെ നിയന്ത്രിക്കുന്നത്. അതേസമയം, മനുഷ്യന്റെ വ്യതിരിക്തമായ ഒരു വിശേഷണമാണ് സൈദ്ധാന്തിക കഴിവ്. അൽകിന്ദിയെയും ഫാറാബിയേയും പിന്തുടർന്നു കൊണ്ട് ഇബ്‌നു സീന പ്രസ്തുത സൈദ്ധാന്തിക കഴിവിനെ/ധിഷണയെ നാല് തലങ്ങളായി/അവസ്ഥകളായി തരംതിരിക്കുന്നുണ്ട്. എല്ലാ മനുഷ്യർക്കും സഹജമായി ഉണ്ടാകുന്ന ജ്ഞാനം കരസ്ഥാമാക്കാനുള്ള പാണ്ഡിത്യ ഗുണവും കഴിവുമാണ് (ഇന്റലക്ചസ് മെറ്റീരിയാലിസ്) അതിലെ ഏറ്റവും താഴ്ന്ന നില. ജ്ഞാനത്തിലെ മൗലികമായ തത്വങ്ങൾ പഠിച്ചെടുക്കുകയും ചിന്ത ശരിപ്പെടുത്തുകയും ചെയ്യുമ്പോൾ സ്വഭാവപരമായി ധൈഷണികനായി മനുഷ്യൻ മാറുന്നു. തുടർന്ന്, ഒരുപടി കൂടി മുന്നേറി അയാൾ സ്വയം ജ്ഞാനത്തെ പ്രാപിക്കാൻ യോഗ്യനാവുകയും സ്വന്തമായ ബൗദ്ധിക വ്യവഹാരങ്ങൾ രൂപപ്പെടുത്തിയെടുക്കുകയും ചെയ്യുമ്പോൾ കർമപരമായും അയാൾ ധൈഷണികനായി മാറുന്നു. അവസാനം, മനുഷ്യന് പ്രാപിക്കാനാവുന്ന ഒരു ഉയർന്ന തലം (നൈസർഗികമായ പരിപൂർണതയിലൂടെ സവിശേഷ സ്ഥാനമലങ്കരിക്കുന്ന പ്രവാചകർ ഇതിലുൾപ്പെടില്ല) കൂടിയുണ്ട്. പ്രാഞ്ചിക ഉണ്മ മനുഷ്യനിൽ യാഥാർഥ്യമാവുകയും ‘സുഗ്രാഹ്യമായ ലോക’ത്തിന്റെ പകർപ്പായി അയാൾ മാറുകയും ചെയ്യുന്ന ധൈഷണികാർജന പരിപൂർത്തിയുടെ അവസ്ഥയാണത്. ധിഷണയുടെ ഈ തലങ്ങൾക്കെല്ലാം മീതെയാണ്, ജ്ഞാനോദയത്തിലൂടെ സർവ ജ്ഞാനങ്ങളും സ്വീകരിക്കപ്പെടാനുള്ള നിദാനവും ഉത്തുംഗ തലത്തിൽ മാനുഷിക ധിഷണ ഏകോപിക്കപ്പെടുന്ന ധിഷണയുമായ പ്രാപഞ്ചിക ധിഷണ നിലകൊള്ളുന്നത്.
ആത്മാവിന്റെ കഴിവുകളുടെ വർഗീകരണത്തിൽ ഇബ്‌നു സീന പെരിപ്പാറ്ററ്റിക്‌സിനെ പിന്തുടരുന്നുണ്ടെങ്കിലും വ്യക്തികളുടെ ആത്മാവിന്റെ അനശ്വരത, അതിന്റെ അകളങ്കിതവും അമൂർത്തവുമായ പദാർത്ഥം, ഇന്ദ്രിയങ്ങളുടെ തടവറിയിലാകുമ്പോൾ ഏറ്റവും താഴ്ന്ന അവസ്ഥയിലാണെന്ന വസ്തുത എന്നീ കാര്യങ്ങളിൽ താൻ പുലർത്തുന്ന നിർബന്ധ ബുദ്ധിയിലൂടെ അതിൽ നിന്നും അദ്ധേഹം വ്യത്യസ്തനാകുന്നു. തന്റെ ആന്തരാർത്ഥ തത്വചിന്തയിലും മനോഹരമായ മറ്റു ചില കവിതകളിലും ആത്മാവിന്റെ ദിവ്യമായ യഥാർത്ഥ വാസസ്ഥലത്തെ കുറിച്ചും സ്വർഗീയമായ അതിന്റെ താമസസ്ഥലത്തെ കുറിച്ച് ഓർത്തിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പേർത്തും പേർത്തും ഇബ്‌നു സീന വാചാലനാകുന്നുണ്ട്. ആത്മാവിന്റെ കഴിവുകളിൽ സൈദ്ധാന്തികമായി തത്പരനായ പെരിപ്പാറ്ററ്റിക് തത്വചിന്തകൻ എന്നതിനു പകരം പ്ലാറ്റോണിസ്റ്റുകളെയും പിൽക്കാല ഇല്ലൂമിനാഷനിസ്റ്റുകളെയും പോലെ ആത്മാവിനെ ബാധിച്ച മറവിയുടെയും അവജ്ഞയുടെയും രോഗം ശമിപ്പിക്കാനും പരിതാപകരമായ ഭൗമികമായ അവസ്ഥയിൽ നിന്നും അതിനെ വിമോചിപ്പിക്കുവാനും ശ്രമിക്കുന്ന ഒരു ഭിഷഗ്വരനായാണ് ഈ കൃതികളിലെല്ലാം ഇബ്‌നു സീനയെ ദർശിക്കാനാവുക. പ്രഖ്യാതമായ ‘ആത്മാവിനെ കുറിച്ചൊരു സങ്കീർത്തനം’ എന്ന കാവ്യ കൃതിയിലുള്ളതിനേക്കാൾ മികവുറ്റ രീതിയിൽ മറ്റെവിടെയും ഇബ്‌നു സീനയുടെ ഈ സമീപനവും പ്രസ്തുത മനശാസ്ത്രത്തിന്റെ വീക്ഷണവും അവതരിപ്പിക്കപ്പെട്ടിട്ടില്ല. പ്രസ്തുത കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്:
”ഉന്നതമായ തലത്തിലതിനെ പടച്ചത്
പാതാള താഴ്ചയിൽ പതിക്കുവാനോ,
സലക്ഷ്യമോയതിൻ ദൈവസൃഷ്ടി,
അന്വേഷക ദൃഷ്ടിക്കുമപ്പുറമതിൻ ശിരസെന്തിനിത്ര ഉയർന്നിരിക്കുന്നു, അതിനാല-
തിൻ പതനമൊരു പാഠവും സാർഥകവുമാകുവാനോ,
തലയുയർന്നിരിക്കുമ്പോഴില്ലാ
പലതും പതനത്തിൽ കേൾക്കാം,
വിധിയവളെ അപഹരിക്കുന്നു, ദൂരെയൊ
രിടത്തവളുടെ നക്ഷത്രം ചെന്നുചേരാൻ,
പുൽത്തകിടയിൽ തിളങ്ങുന്ന ഇടിമിന്നലായി
മുമ്പൊരിക്കലുമില്ലാതിരുന്നുവെന്ന പോലെ
നിമിഷാർദ്ധത്തിൽ അപ്രത്യക്ഷമാകുവാനും.
തുടരും