നബീല്‍ മന്ദലാംകുന്ന്:
വിശ്വാസത്തിന്റെ കാതലാണ് സ്നേഹം. സ്നേഹം അനുസരണത്തെയും സമർപ്പണത്തെയും അനിവാര്യമാക്കുന്നു. അല്ലാഹുവിന്റെ നിയമശാസനകൾ ഒരു വിശ്വാസി അനുസരിക്കുന്നുവെന്നതിന്റെ അർത്ഥം അവൻ അല്ലാഹുവിനെ സ്നേഹിക്കുന്നുവെന്ന് തന്നെയാണ്. തിരുനബി(സ്വ) തങ്ങളുടെ തിരുചര്യകളെ ഒരുവൻ അനുകരിക്കുന്നു എന്നതിന്നർത്ഥം അവൻ അല്ലാഹുവിന്റെ റസൂലിനെ സ്നേഹിക്കുന്നുവെന്ന് തന്നെയാണ്. സ്നേഹമാണ് അനുസരണത്തെ ചൈതന്യപൂർണ്ണമാക്കുന്നത്. കേവല ഭയം കൊണ്ടുള്ള അനുസരണം യാന്ത്രികവും അസ്വാഭാവികവുമാണ്. തന്റെ പ്രണയഭാജനത്തിന്റെ അനിഷ്ടം വന്നു ചേരുമോ എന്ന ഭയം തീർച്ചയായും സ്തുത്യർഹമാണ്. സ്നേഹവും അനുസരണവും വിശ്വാസിയുടെ ജീവിതത്തെ എപ്രകാരം ചൈതന്യപൂർണ്ണമാക്കുന്നു എന്ന് ഉദ്ബോധിപ്പിക്കുന്ന ലേഖനം.
അല്ലാഹുവിനോടും റസൂൽ(സ) തങ്ങളോടും അല്ലാഹുവിനെ മഹബ്ബത്ത് വെച്ച മറ്റു മഹത്തുക്കളോടുമുള്ള മഹബ്ബത്ത് ദീനിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ കാര്യത്തെ ആഴത്തിൽ ഉൾകൊള്ളുകയും വേണ്ട വിധത്തിൽ തങ്ങളുടെ ജീവിതത്തിലൂടെയും ആവിഷ്കാരങ്ങളിലൂടെയും പ്രകാശിപ്പിച്ചവരാണ് സ്വൂഫികൾ. മഹബ്ബത്ത് എന്നാൽ സ്നേഹം എന്ന ഒറ്റ വാക്കിൽ മനസ്സിലാക്കി പോകുന്നവരാണ് സ്വൂഫികളല്ലാത്തവർ. സൂഫികൾക്ക് ഇത് സമുദ്രസമാനമായ ആശയമാണ്. മാത്രമല്ല, المَرْءُ مَعَ مَنْ أَحَبَّ എന്ന ഹദീസ് സ്വൂഫി സരണിക്ക് അടിത്തറപാകിയ ഹദീസാണ്. അല്ലാഹുവിലേക്ക് എത്തിച്ചേരാനുള്ള ഏറ്റവും എളുപ്പ വഴി മഹത്തുക്കളെ സ്നേഹിക്കലാണെന്ന് ഈ ഹദീസിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ സ്നേഹം ഉണ്ടാക്കി എടുക്കാനും ഉറപ്പിക്കാനും കഴിയുന്ന വിദ്യകളിലേക്ക് സ്വൂഫികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഹൃദയം കൊണ്ടുള്ള തഖ്‍വക്ക് അല്ലെങ്കിൽ ഹൃദയം കൊണ്ടുള്ള അമലുകൾക്ക് പ്രാധാന്യം കൽപ്പിക്കുന്നവർക്ക് അത് സംബന്ധമായി കൂടുതൽ കാര്യങ്ങൽ അവതരിപ്പിക്കാനുണ്ടാകുക സ്വാഭാവികമാണല്ലോ?
അമലുകൾ കൊണ്ട് രക്ഷപ്പെടാൻ കഴിയാത്തവർ അനുഗൃഹീതരായവരെ സ്നേഹിക്കൽ കൊണ്ട് രക്ഷപ്രാപിക്കുമെന്ന് പറയുമ്പോൾ അതൊരു ആശ്വാസ വാചകമാണെങ്കിലും സ്നേഹം തോന്നുന്നില്ലെങ്കിലോ? അനുഗൃഹീതരായ വ്യക്തിത്വങ്ങളോട് സ്നേഹം തോന്നുന്നില്ലെങ്കിൽ അതുണ്ടാക്കാൻ ആർക്കെങ്കിലും സാധിക്കുമോ? അമലുകൾ പോലെ തന്നെ സ്നേഹവും അല്ലാഹുവിന്റെ അനുഗ്രഹമാണ്. സ്നേഹം ഈമാനിന് അടിസ്ഥാനമാണ്. അമലാകട്ടെ ഈമാനിന്റെ ശാഖയുമാണ്. നിർബന്ധമായ അമലുകൾ ആകും വിധം പ്രവർത്തിച്ച ശേഷം ബാക്കി സ്നേഹത്തിലൂടെ പരിഹരിക്കാമെന്നാണ് നബി(സ) പഠിപ്പിച്ചത്. സ്നേഹമെന്ന അടിസ്ഥാനപരമായ ഈമാനിക അവസ്ഥ പ്രാപിച്ചവർക്ക് അമലിൽ മുന്നേറാൻ സാധിക്കാതെ വരികയും അതിൽ അവർ പരാതിപ്പെടുകയും ചെയ്തപ്പോഴാണ് നബി(സ) സ്നേഹിക്കുന്നവർക്കൊപ്പം ചേരാമെന്ന് അവരെ ആശ്വസിപ്പിക്കുന്നത്.
അല്ലാഹുവിനോടും മഹത്തുക്കളോടും താൽപ്പര്യം തോന്നുമ്പോഴേക്ക് അത് നബി(സ) പഠപ്പിച്ചത് പ്രകാരമുള്ള സ്നേഹമായിട്ടുണ്ടെന്ന തോന്നലിൽ ആശ്വസിച്ചിരിക്കുകയാണ് നാം. യഥാർത്ഥത്തിൽ സ്നേഹത്തിന്റെ അളവ് വിശുദ്ധ ഖുർആൻ സൂചിപ്പിച്ചിട്ടുണ്ട്. ഐഹികമയ കാര്യങ്ങളോടുള്ള സ്നേഹത്തെ മറികടക്കുന്ന സ്നേഹമാണ് അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നത്. ഐഹികമായ കാര്യത്തോടുള്ള സ്നേഹം അല്ലാഹുവിനോടും റസൂൽ(സ്വ) തങ്ങളോടും അല്ലാഹുവിന്റെ മാർഗത്തിലുള്ള പരിശ്രമത്തോടുമുള്ളതിനേക്കാൾ മികച്ചു നിൽക്കുന്നുണ്ടെങ്കിൽ അല്ലാഹുവിന്റെ ശിക്ഷ കാത്തിരുന്നോളൂവെന്നാണ് സൂറത്തു തൗബയിൽ അല്ലാഹു പറഞ്ഞിരിക്കുന്നത്.
അല്ലാഹുവിനോടും മഹത്തുക്കളോടും താൽപ്പര്യം തോന്നുമ്പോഴേക്ക് അത് നബി(സ) പഠപ്പിച്ചത് പ്രകാരമുള്ള സ്നേഹമായിട്ടുണ്ടെന്ന തോന്നലിൽ ആശ്വസിച്ചിരിക്കുകയാണ് നാം. യഥാർത്ഥത്തിൽ സ്നേഹത്തിന്റെ അളവ് വിശുദ്ധ ഖുർആൻ സൂചിപ്പിച്ചിട്ടുണ്ട്. ഐഹികമയ കാര്യങ്ങളോടുള്ള സ്നേഹത്തെ മറികടക്കുന്ന സ്നേഹമാണ് അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നത്. ഐഹികമായ കാര്യത്തോടുള്ള സ്നേഹം അല്ലാഹുവിനോടും റസൂൽ(സ്വ) തങ്ങളോടും അല്ലാഹുവിന്റെ മാർഗത്തിലുള്ള പരിശ്രമത്തോടുമുള്ളതിനേക്കാൾ മികച്ചു നിൽക്കുന്നുണ്ടെങ്കിൽ അല്ലാഹുവിന്റെ ശിക്ഷ കാത്തിരുന്നോളൂവെന്നാണ് സൂറത്തു തൗബയിൽ അല്ലാഹു പറഞ്ഞിരിക്കുന്നത്.
“(നബിയേ) പറയുക: ‘നിങ്ങളുടെ പിതാക്കളും നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുകുടുംബങ്ങളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, നിങ്ങള്‍ വിലയിടിവ് (അഥവാ ചിലവാകായ്‌മ) ഭയക്കുന്ന കച്ചവടവും, നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന പാര്‍പ്പിടങ്ങളുമാണ് അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും, അവന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നതിനെയുംകാള്‍ (അധികം) നിങ്ങള്‍ക്ക് പ്രിയങ്കരമെങ്കില്‍, എന്നാല്‍ അല്ലാഹു അവന്‍റെ കല്‍പന കൊണ്ടുവരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുവിന്‍! അല്ലാഹു തോന്നിവാസികളായ ജനങ്ങളെ സന്‍മാര്‍ഗത്തിലാക്കുകയില്ല.”(തൗബ 24).
മനുഷ്യനിൽ സ്നേഹം ഉണ്ടാകുന്നതെങ്ങിനെ എന്ന് പരിശോധിച്ച് ആ കാര്യങ്ങളിലേക്ക് മനുഷ്യനെ നയിച്ചാൽ അവനിൽ സ്നേഹം ഉണ്ടാകുന്നതും അത് വർദ്ധിക്കുന്നതുമാണ്. എല്ലാ കാര്യങ്ങളും സംഭവിക്കാൻ ഒരു കാര്യകാരണത്തെ അല്ലാഹു നിശ്ചയിച്ചിട്ടുള്ളത് പോലെ ഈ കാര്യത്തിലും നിശ്ചയിക്കപ്പെട്ടിട്ടുള്ള കാര്യകാരണങ്ങളുണ്ട്. അത് ദീൻ കീർത്തിക്കുന്ന കാര്യങ്ങളായത് കൊണ്ട് അതിനെ ശറഇയായ കാര്യകാരണമെന്ന് പറയാം. സ്നേഹിക്കപ്പെടേണ്ടവരെ അറിയുക എന്നതാണ് അതിനുള്ള ഉപാധി. ഏതെല്ലാം കാര്യങ്ങളാണ് ഒരാളെ കുറിച്ചറിയുമ്പോൾ നമ്മുടെ മനസ്സ് അവരിലേക്ക് ആകർഷിക്കപ്പെടുക? അത്തരം കാര്യങ്ങളെല്ലാം ഒരുമിച്ചു കൂടിയ കേന്ദ്രമാണ് അല്ലാഹു തആല. പക്ഷെ, മനുഷ്യനെ അറിയുന്നത് പോലെ അല്ലാഹുവിനെ അറിയാൻ സാധിക്കില്ല. തുടക്കവും ഒടുക്കവുമില്ലാത്തവനും രൂപമില്ലാത്തവനുമായ അല്ലാഹുവിനെ തിരിച്ചറിയാനും സ്നേഹിക്കാനും മാധ്യമം ആവശ്യമായത് കൊണ്ടാണ് അല്ലാഹു തആല പ്രപഞ്ചത്തെ സൃഷ്ടിക്കുകയും അതിലെ ദൃഷ്ടാന്തങ്ങളെ വായിച്ചെടുക്കാൻ ശേഷിയുള്ള നുബുവ്വത്തിന്റെ വാഹകരേയും നിയോഗിച്ചത്. അത്തരം പ്രബോധകർ മനുഷ്യരിൽ നിന്നു തന്നെ ആകേണ്ടതുണ്ട്. മനുഷ്യൻ മനുഷ്യനെ നായകരായി ഉൾകൊള്ളും പോലെ മലക്ക് ജിന്ന് എന്നിവയിൽ നിന്നുണ്ടായാൽ സാധ്യമാകില്ല. അതാണ് നിങ്ങളിൽ നിന്നുള്ള റസൂലിനെ നിയോഗിച്ചുവെന്ന് സൂറത്തു തൗബയുടെ ഒടുവിൽ അല്ലാഹു പറഞ്ഞിരിക്കുന്നത്.
അപ്പോൾ സമ്പൂർണ്ണമായ സ്നേഹത്തിലേക്ക് എത്തിച്ചേരാൻ ഒന്നാമതായി സ്നേഹിക്കപ്പെടേണ്ട കേന്ദ്രത്തെ നാം അറിയണം. അജ്ഞാതമായതിനോട് സ്നേഹം തോന്നുന്നതല്ല. സ്നേഹിക്കപ്പെടേണ്ടതിനെ അതിന് പാകത്തിൽ അറിയണം. എന്തെല്ലാം അറിവുകളാണ് നമ്മിൽ മഹബ്ബത്തിനെ ജനിപ്പിക്കുക?
- ജമാൽ – സൗന്ദര്യം
- കമാൽ – സമ്പൂർണ്ണത
- ഇഹ്സാൻ- ഗുണം ചെയ്യുന്ന പ്രകൃതം
- ഫവാഇദ് – പ്രയോജനം
- മുനാസബത്ത് – യോജിപ്പ്
മേൽ പറഞ്ഞ അഞ്ച് കാര്യങ്ങളെ മനുഷ്യ മനസ്സ് സ്നേഹിക്കും. അപ്പോൾ, ഈ പറഞ്ഞ കാര്യങ്ങൾ ഏറ്റവും ഉന്നതമായ അവസ്ഥയിൽ അല്ലാഹുവിൽ മേളിച്ചിട്ടുണ്ട് എന്ന് നാം അറിയണം. അത് കഴിഞ്ഞാൽ ഈ കാര്യങ്ങൾ രണ്ടാമതായി ഏറ്റവും മികച്ച രൂപത്തിൽ കാണപ്പെടുന്ന സൃഷ്ടി നബി(സ) തങ്ങളാണ്. ശേഷം കൂടിയും കുറഞ്ഞുമുള്ള അളവിൽ സ്വാലിഹീങ്ങളായ വ്യക്തിത്വങ്ങളിൽ ഈ സവിശേഷതകൾ മേളിച്ചതു കാണാം. ഇത് യഥാവിധി അറിയാൻ വേണ്ട തഅലീമിലൂടെ ഒരാളിൽ മഹബ്ബത്തുണ്ടാകുന്നതാണ്. വാചകങ്ങൾ കേട്ട് പഠിക്കുന്ന അറിവു കൊണ്ട് മഹബ്ബത്തിന്റെ ഹാലുണ്ടാകണമെന്നില്ല. അനുഭവപരമായ-ആധ്യാത്മികമായ അറിയലുകളിലൂടെയാണ് പല ആഴത്തിലുളള അറിവുകളും ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ, മഅ്‍രിത്തുല്ലാഹ്, മഅ്‍രിഫത്തു റസൂൽ(സ), മഅ്‍രിഫത്തു ഔലിയാഇല്ലാഹ് എന്നിങ്ങിനെയുള്ള ആത്മജ്ഞാനപരമായ അറിവുകളിലേക്ക് പരിശ്രമങ്ങളിലൂടെ മുന്നേറുമ്പോളാണ് ഉന്നത വിതാനത്തിലുള്ള തിരിച്ചറിവുകളിലേക്ക്(മഅ്‍രിഫത്ത്) എത്തിച്ചേരാൻ സാധിക്കൂ. അത്തരം അവസ്ഥാന്തരങ്ങളിലൂടെയാണ് യഥാർത്ഥ മഹബ്ബത്തും ഇത്തിബാഉം സാധ്യമാവുകയുള്ളൂ.
പ്രാഥമികമായ ഒരു അറിയലിലൂടെ നമ്മുടെ ബുദ്ധി അത് തരകേടില്ല എന്ന് വിധിയെഴുതുന്നു. അതിനെ തുടർന്ന് നമ്മുടെ മനസ്സ് അങ്ങോട്ട് അൽപ്പം ചായുന്നു. അതോട് കൂടി യഥാർത്ഥ മഹബ്ബത്തായി എന്ന് സ്വൂഫി ഒരിക്കലും പറയില്ല. പിന്നെയും അതിൽ വളർച്ച പ്രാപിക്കാനുണ്ട്. സ്നേഹിക്കുന്ന ആളെ/കേന്ദ്രത്തെ പ്രാപിക്കാൻ/കാണാൻ സാധിക്കണമെന്ന ആശ മനസ്സിൽ നിറയുന്ന അവസ്ഥ പ്രാപിക്കണം. അതിനെയാണ് സ്വൂഫി ശൗഖ് എന്ന് വിളിക്കുന്നത്. ആ ശൗഖ് ശക്തിപ്പെടുകയും അത് ഒരു അസാധാരണ സ്വഭാവത്തിലേക്ക് അവനെ നയിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇശ്ഖ് എന്ന് പറയുന്നത്. സ്നേഹിക്കുന്ന കേന്ദ്രത്തെ കാണുവാനോ അനുഭവിക്കാനോ സാധിക്കാത്തതിലുള്ള നോമ്പരവും ഐഹികമായ കാര്യങ്ങളിൽ നിന്ന് അവന്റെ താൽപ്പര്യമില്ലാതെയായി പോകുന്ന അവസ്ഥയും ഇശ്ഖിൽ കാണപ്പെടുന്നു. അതിൽ നിന്ന് വീണ്ടും സ്നേഹം ശക്തി പ്രാപിച്ച് സ്നേഹിക്കപ്പെടുന്ന ആളുടെ പേര് കേൾക്കുമ്പോൾ പ്രത്യേകമായ മനോഭാവങ്ങൾ അവനിൽ പ്രകടമാകുന്ന അവസ്ഥയുണ്ടാകുന്ന തലത്തിലേക്ക് എത്തുന്നു. അതിനെ വജദ് എന്ന് വിളിക്കുന്നു. ഈ അവസ്ഥയിൽ ആത്മീയമായ എന്തോ ഒന്ന് മഹബൂബിനെ സ്മരിക്കുമ്പോൾ മുഹിബ്ബിന് കിട്ടുന്നുണ്ട്. എന്നാൽ, ആ കിട്ടുന്നത് മതിയായിട്ടുമില്ല. അവിടെ നിന്ന് വീണ്ടും സ്നേഹത്തിന് വളർച്ച പ്രാപിച്ച് ഉൻസ് എന്ന ഹാലിൽ എത്തുന്നു. ഉൻസിൽ എത്തുമ്പോൾ മഹ്ബൂബിനെ ആധ്യാത്മിക രൂപത്തിൽ ആസ്വാദിച്ചു കൊണ്ട് അതിൽ മുഴുകി നിൽക്കുന്ന അവസ്ഥയാണ്. ആ ആസ്വാദനത്തിൽ മുഴുകി നിൽക്കുന്ന അവസ്ഥയിൽ ഐഹിക ലോകത്തെയും, ശരീരേഛ ആഗ്രഹിക്കുന്ന കാര്യങ്ങളെ പോലും അവൻ വിസ്മരിക്കുന്നത് കൊണ്ട് അതിലൂടെ ഫനാഇന്റെ അവസ്ഥയിലേക്ക് കൂടി എത്തിച്ചേരുന്നു.
മഹ്ബൂബിൽ ലയിക്കുകയും മറ്റുള്ളവയെല്ലാം വിസ്മൃതമാവുകയും ചെയ്യുമ്പോൾ എല്ലാ കാര്യങ്ങളിലും തന്റെ മഹ്ബൂബിന്റെ ഇഷ്ടാ-നിഷ്ടങ്ങൾക്ക് മാത്രമായിരിക്കും സ്ഥാനം നൽകുകയുള്ളൂ. ഈ വിധത്തിൽ സ്നേഹം എത്തിച്ചേരുമ്പോഴാണ് യഥാർത്ഥത്തിൽ ഇത്തിബാഉ നബി(സ) ഏറ്റവും പൂർണ്ണമായ അർത്ഥത്തിൽ സാധ്യമാകുന്നത്. യഥാർത്ഥ ഇത്തിബാഇൽ ശരീരേഛയുടെ കലർപ്പില്ല, പൂർണ്ണ മഹബ്ബത്തിലും മഹ്ബൂബിന് വേണ്ടിയുമാണ് ആ അനുകരണമുണ്ടാകുന്നത്. ആ രൂപത്തിൽ അല്ലാഹുവിന്റെ റസൂൽ(സ) തങ്ങളെ പിൻപറ്റുവാനാണ് അല്ലാഹു തആല കൽപ്പിച്ചിരിക്കുന്നത്.
ഈ അവസ്ഥയിൽ അല്ലാഹുവിനെ അനുസരിക്കുകയും റസൂലിനെ അനുകരിക്കുകയും ചെയ്യുവാൻ സാധിക്കുന്നവരുടെ ഓരോ പ്രവർത്തനങ്ങളും അവരുടെ ആത്മാവിൽ പ്രതിഫലനം സൃഷ്ടിക്കുന്നുണ്ട്. ആത്മാവിന് പോഷണമായി മാറുന്ന അമലുകൾ നിരന്തരം ചെയ്യുന്നതിലൂടെ ആത്മാവ് തെളിഞ്ഞു വരികയും ആത്മാവിന്റെ മൂല്യങ്ങൾ വ്യക്തി ജീവിതത്തിൽ പ്രതിഫലിച്ചു കാണുകയും ചെയ്യും. ശരിയായ വിജയം ജീവിതാന്ത്യത്തിൽ അല്ലാഹുവിലേക്ക് സംപ്രീതിയോടെ മടങ്ങാൻ സാധിക്കലാണല്ലോ? അതിനായി ആത്മാവ് പാകപ്പെടുവാൻ ഈ രൂപത്തിലുള്ള ഇത്തിബാഉ റസൂലിന്റെ വഴിയിലൂടെ പോകണം. ശാശ്വതമായി നിലനിൽക്കുന്ന ആത്മാവിനെ ഐഹിക മോഹങ്ങളിൽ നിന്നും മോചിപ്പിക്കാൻ കഴിയുന്ന ആധ്യാത്മികമായ മഹബ്ബത്താണ് ഇതിന് ഏറ്റവും ആവശ്യമായിട്ടുള്ളത്.