ഇമാം അബുൽ ഹസൻ അശ്അരി(റ);
ജ്ഞാനവൈപുല്യത്തിന്റെ കടലാഴങ്ങൾ

സൈനുദ്ദീൻ മന്ദലാംകുന്ന്:

ഇസ് ലാമിക വിജ്ഞാന ചരിത്രത്തിലെ സുവർണ്ണ സന്ദർഭങ്ങളുടെ ജ്ഞാനസാക്ഷ്യങ്ങളാണ് ഇമാമീങ്ങളുടെ ധൈഷണിക ജീവിതം. രാഷ്ട്രീയവും സാമൂഹികവുമായ പ്രതികൂല സാഹചര്യങ്ങളിൽ സത്യത്തിന്റെ പക്ഷത്ത് നിലകൊള്ളാൻ ജീവിതം സമർപ്പിച്ചവരാണവർ. അന്യ സംസ്കാരങ്ങളുമായുള്ള ആദാനപ്രദാനങ്ങളുടെ ഭാ​ഗമായി അതാതുകാലങ്ങളിൽ വിശ്വാസ കർമ്മ രം​ഗത്ത് വരുന്ന കാലുഷ്യങ്ങളെ നീക്കി ഇസ് ലാമിക വി‍ജ്ഞാനത്തെ ഉദ്​ഗ്രഥിച്ചവരാണ് മഹാന്മാരായ ഈ ഇമാമീങ്ങൾ. കളങ്കമേതുമില്ലാത്ത സത്യശുദ്ധമായ ജ്ഞാന കർമ്മ മാർ​ഗങ്ങളെ നിർദ്ധാരണം ചെയ്യാനാണ് അവരെല്ലാം യത്നിച്ചത്. വിശ്വാസ കർമ്മ രം​ഗങ്ങൾ സംശുദ്ധീകരിച്ച ഈ ഇമാമീങ്ങളെ പിൻ പറ്റുക എന്നതാണ് സുന്നത്ത് ജമാഅത്തിന്റെ പാരമ്പര്യം. ചില മുസ് ലിം ഭരണകൂടങ്ങൾ സ്പോൺസർ ചെയ്ത് വ്യാപിപ്പിച്ച മുഅ്തസലിയത്തുൾപ്പെടെയുള്ള അവാന്തര ചിന്താധാരകൾക്കെതിരെ ധൈഷണിക സമരം നയിച്ച ഇമാമുനാ അബുൽ ഹസൻ അശ് അരി(റ) വിന്റെ സംഭവബഹുലമായ ധൈഷണിക ജീവിതം അവലോകനം ചെയ്യുന്നതാണ് ഈ പ്രബന്ധം.

ഇസ്ലാമിക ചരിത്രത്തിൽ നിർണ്ണായകമായ വൈജ്ഞാനിക പ്രതിസന്ധികളഭിമുഖീകരിച്ച പല സന്ദർഭങ്ങളും നമുക്ക് കാണാനാവുന്നുണ്ട്. വിശ്വാസ കർമ്മ രംഗങ്ങളിൽ കാലുഷ്യമുളവാക്കുന്ന നൂതന പ്രവണതകൾ മുസ്ലിം ജീവിതത്തിൽ സ്വാധീനം ചെലുത്തുകയും അക്കാലത്തെ ചില മുസ്ലിം ഭരണകൂടങ്ങൾ പോലും അത്തരം നൂതന ധാരകളുടെ പ്രചാരകരാവുകയും ചെയ്ത നിർഭാഗ്യകരമായ പരിണതികൾ ചരിത്രത്തിൽ എമ്പാടും കാണാം. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ അപാരമായ ധൈഷണിക മികവോടെയും പ്രാമാണികമായ വൈജ്ഞാനിക പിൻബലത്തോടെയും വിവിധ കാലങ്ങളിൽ മുജദ്ദിദുകളായ നിരവധി ഇമാമീങ്ങൾ രംഗപ്രവേശം ചെയ്യുകയും വൈജ്ഞാനിക രംഗത്തെ കാലുഷ്യങ്ങളെ നീക്കി ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ മൗലിക വിശുദ്ധി വീണ്ടെടുക്കുകയും ജനസമൂഹങ്ങളെ സന്മാർഗത്തിലേക്ക് പുനരാനയിക്കുകയും ചെയ്ത സുവർണ ദൗത്യങ്ങളും ചരിത്രത്തിൽ സംഭവിച്ചതായി വ്യക്തമാകുന്നുണ്ട്. ഹിജ്റഃ രണ്ടാം നൂറ്റാണ്ട് മുതൽ തന്നെ മുജദ്ദിദുകളായ ഇത്തരം മഹത്തുക്കളുടെ സാന്നിദ്ധ്യം വിവിധ വൈജ്ഞാനിക മേഖലകളിൽ സംഭവിച്ചതായും അവർ മുഖേന ഇസ്ലാമിന്റെ വിജ്ഞാന ചരിത്രം മൗലിക വിശുദ്ധി വീണ്ടെടുത്ത് വികസിച്ചതായും നമുക്ക് തിരിച്ചറിയാനാവും.
ആദ്യ നൂറ്റാണ്ടുകളിലെ കർമ്മ ശാസ്ത്ര വിജ്ഞാനീയങ്ങളെ ക്രോഢീകരിച്ച ഇമാമീങ്ങളുടെ വഴികൾ പിൻപറ്റി അഖീദഃയുടെ വൈജ്ഞാനിക മേഖലകളിലും ഗവേഷണങ്ങളും ജ്ഞാനനിർദ്ധാരണ ശ്രമങ്ങളും സജീവമായിരുന്നുവെന്ന് കാണാം. അതുകൊണ്ട് തന്നെ കർമ്മശാസ്ത്ര മദ്ഹബുകളുടെ പ്രാമാണികരായ നാല് ഇമാമീങ്ങളെ പോലെ തന്നെ അഖീദഃയിലും ഇമാമീങ്ങൾ രംഗപ്രവേശം ചെയ്യുകയും കണിശതയോടെ വിശ്വാസകാര്യങ്ങളും വിശ്വാസവ്യതിയാനം വന്നേക്കാവുന്ന മേഖലകളും കൃത്യമായി വ്യവച്ഛേദിക്കുകയും അവ ക്രോഢീകരിക്കുകയും ചെയ്തു. അഹ്ലു സുന്നത്തി വൽ ജമാഅത്തിന്റെ യഥാർത്ഥ അഖീദഃയും കർമ്മ മാതൃകകളുമാണ് ഈ മുജദ്ദിദുകളായ മഹത്തുക്കൾ ക്രോഢീകരിച്ചത്. ഇങ്ങനെ അഖീദഃയെ ക്രോഢീകരിച്ച പ്രമുഖരായ രണ്ട് ഇമാമീങ്ങളാണ് അബുൽ ഹസൻ അശ്അരി(റ) യും അബൂ മൻസ്വൂരിൽ മാതുരീദി(റ) യും. അഹ്ലു സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസകർമ്മ രൂപങ്ങൾക്ക് അടിത്തറ നിർമ്മിച്ച മുജദ്ദിദുകൾ കൂടിയായ ഈ മഹത്തുക്കളും കൂടിയാണ് നമ്മുടെ ഇമാമീങ്ങൾ. ഇവരിൽ ശാഫിഈ മദ്ഹബുകാർ പിൻപറ്റുന്ന അഖീദഃയിലെ ഇമാം അബുൽ ഹസൻ അശ്അരി എന്നറിയപ്പെട്ട അബുൽ ഹസൻ അലി ഇബ്നു ഇസ്മാഈൽ ഇബ്നി ഇസ്ഹാഖ് അൽ അശ്അരി(റ) എന്നവരാണ്. ഹിജ്റഃ 260 ൽ ബസ്വറയിലാണ് അദ്ദേഹം പിറന്നത്. പ്രമുഖ സ്വഹാബിയായിരുന്ന അബൂ മൂസൽ അശ്അരി(റ) വിന്റെ സന്തതി പരമ്പരയിലാണ് മഹാനവർകളുടെ ഈ പിറവി. പിതാമഹനും സ്വഹാബിയുമായിരുന്ന അബൂ മൂസൽ അശ്അരി(റ) വിലേക്ക് ചേർത്താണ് അശ്അരി എന്ന നാമം അദ്ദേഹത്തിന് സിദ്ധിച്ചത്.

വിദ്യാഭ്യാസവും വളർച്ചയും

പിതാവിന്റെ വിയോഗം നേരത്തെ സംഭവിച്ചതിനാൽ മഹാനവർകളുടെ മാതാവിനെ രണ്ടാമത് വിവാഹം ചെയ്തത് അക്കാലത്തെ പ്രമുഖനായ മുഅ്തസിലി പണ്ഡിതനായ അബൂ അലിയ്യിൽ ജുബ്ബായിയായിരുന്നു. അതുകൊണ്ട് തന്നെ തന്റെ നാൽപത് വയസ്സ് വരെ ഈ മുഅ്തസിലി നേതാവിന്റെ കീഴിലാണ് മഹാനവർകൾ വിദ്യാഭ്യാസ ശിക്ഷണങ്ങൾ ആർജ്ജിച്ചത്. യുക്തിക്കും തത്വചിന്തക്കും തർക്കശാസ്ത്ര ശൈലിക്കും പ്രാമുഖ്യം നൽകി ഇസ്ലാമിന്റെ മൗലികമായ വിശ്വാസ കർമ്മ മാതൃകകളെ വ്യാഖ്യാനിച്ച മുഅ്തസിലി വിഭാഗം ചില ഭരണകൂടങ്ങളുടെ പിന്തുണയോടെ പ്രചാരം നേടുകയും മുഖ്യധാര മുസ്ലിംകളിൽ പോലും ആശയ കുഴപ്പങ്ങൾ സൃഷ്ടിച്ച് ദീനി വിജ്ഞാന രംഗത്ത് കാലുഷ്യങ്ങൾ സൃഷ്ടിക്കുകയും ചെയ്ത സന്ദർഭത്തിലാണ് അബുൽ ഹസൻ അശ്അരി(റ) യെ പോലുള്ള മഹോന്നതരായ പണ്ഡിതന്മാരെ ദീനിവിശ്വാസ സംരക്ഷണാർത്ഥം അല്ലാഹു ഉയർത്തികൊണ്ടുവന്നത് എന്ന് കാണാൻ കഴിയും.

മുഅ്തസിലി സ്വാധീനം

ഭരണകൂടങ്ങളിലുള്ള മുഅ്തസിലി സ്വാധീനത്തിന്റെ ഏറ്റവും ദുരന്തപൂർണ്ണമായ ദുഷ്ഫലങ്ങൾക്ക് മുസ്ലിം ചരിത്രത്തിലെ നിരവധി പണ്ഡിതമഹത്തുക്കൾ ഇരയാകേണ്ടി വന്നിട്ടുണ്ട്. മുഅ്തസിലികൾ ഉയർത്തിയ ഖുർആൻ സൃഷ്ടിയാണ് എന്ന പിഴച്ച വാദത്തെ പ്രമാണബദ്ധമായി തിരുത്തിയ ഇമാം അഹ്മദ് ബ്നു ഹമ്പൽ(റ) വാണ് ഖുർആൻ അല്ലാഹുവിന്റെ അസലിയായ കലാമാണെന്ന് വാദിച്ചതിന് വർഷങ്ങളോളം ജയിൽ വാസം അനുഭവിക്കേണ്ടി വന്നത്. വിശ്വാസവ്യതിയാനം സംഭവിച്ച മുഅ്തസിലികളാണ് രാജാക്കന്മാരെ സ്വാധീനിച്ച് ഇമാം അഹ്മദ്(റ) വിനെ പോലുള്ളവർക്കെതിരെ കരുനീക്കങ്ങൾ നടത്തിയിരുന്നത്. അബ്ബാസി ഖലീഫഃമാരായിരുന്ന മുഅ്തസിമും വാസിഖും മുഅ്തസിലി വക്താക്കളും പ്രചാരകരുമായിരുന്നു. എന്നാൽ ഈ രാജാക്കന്മാരുടെ മരണത്തോടെ മുഅ്തസിലി വിഭാഗത്തിന് ഭരണകൂട പിന്തുണ നഷ്ടമാവുകയും പിൽക്കാലത്ത് ഒരു ദുർബല വിഭാഗമായി നിലനിന്ന് തങ്ങളുടെ പ്രവർത്തനങ്ങൾ അവർ തുടരുകയുമാണുണ്ടായത്.
അബ്ബാസി ഖലീഫഃയായിരുന്ന മുതവക്കിലിന്റെ സ്ഥാനാരോഹണത്തോടെ മുഅ്തസിലികളുടെ സ്വാധീനം കുറഞ്ഞുകൊണ്ടിരുന്നു. ഇസ്ലാമിക സാമ്രാജ്യത്തിന്റെ വിവിധ മേഖലകളിൽ പ്രാദേശികാധികാരത്തിന്റെ കുഞ്ചിക സ്ഥാനങ്ങളിൽ അവരോധിതരായിരുന്ന മുഅ്തസിലികളെ അധികാരഭ്രഷ്ടരാക്കുകയും മാറ്റിനിർത്തുകയും ചെയ്തത് ഖലീഫഃ മുതവക്കിലായിരുന്നു. എന്നാൽ അവരുടെ രാഷ്ട്രീയ സ്വാധീനം കുറഞ്ഞുവെങ്കിലും ധൈഷണിക സ്വാധീനം പിൽക്കാലത്തും ഇസ്ലാമിക വിജ്ഞാന ചരിത്രത്തിൽ നിറഞ്ഞു നിന്നു. ഖുർആൻ സൃഷ്ടിയാണെന്ന വാദം ദുർബലപ്പെട്ടിരുന്നുവെങ്കിലും അതിന്റെ പേരിലുള്ള ഫിത്നകൾ ശമിച്ചിരുന്നുവെങ്കിലും അവരുടെ മറ്റ് പല വാദങ്ങളും പുതുമയോടെ നിലനിന്നിരുന്നു.
ഹിജ്റഃ മൂന്നാം നൂറ്റാണ്ട് സമാഗതമായതോടെ മുഅ്തസിലി സ്വാധീനമുള്ള ഗവേഷണ രീതികളോട് ഗവേഷകർക്കും പണ്ഡിതന്മാർക്കുമിടയിൽ അനുഭാവം വളരുകയും ബുദ്ധിക്കും താർക്കിക യുക്തിക്കും പ്രാമുഖ്യമുള്ള ജ്ഞാനനിർദ്ധാരണ ശ്രമങ്ങൾ സജീവമാവുകയും ചെയ്തു. ഗവേഷകരും വിദ്യാർത്ഥികളും അദ്ധ്യാപകരും ഇങ്ങനെ വൈജ്ഞാനിക രംഗത്ത് പ്രവർത്തിച്ചിരുന്ന പലരും അവരുടെ വിശകലന രീതിശാസ്ത്രങ്ങളെ ഒരു മാതൃകയായി സ്വീകരിച്ചു. ഇമാം അഹ്മദ് ഇബ്നു ഹമ്പൽ(റ) വിനെ പോലുള്ള സമഗ്രസ്പർശിയായ വൈജ്ഞാനികാവബോധമുള്ള മഹത്തുക്കളുടെ സാന്നിദ്ധ്യം ഈ സന്ദർഭത്തിൽ ആവർത്തിക്കപ്പെട്ടില്ല. കർമ്മശാസ്ത്ര മേഖലകളിൽ ഗവേഷണവും ജ്ഞാനനിർദ്ധാരണ ദൗത്യങ്ങളും തുടർന്നുവെങ്കിലും ബൗദ്ധിക വിജ്ഞാനരംഗത്ത് ഇസ്ലാമിന്റെ മൗലികതയിലൂന്നി നിന്നുള്ള ഗവേഷണവും വിശകലനവും തുലോം തുച്ഛമായിരുന്നു. അതുകൊണ്ട് തന്നെ മുഅ്തസിലികളുടെ തത്വചിന്താ സ്വഭാവമുള്ള സമർത്ഥന രീതികളും താർക്കിക യുക്തിയോടെയുള്ള വിശകലന ശൈലികളും ചിന്താവൈജ്ഞാനിക രംഗത്ത് മേൽക്കോയ്മയോടെ നിലനിന്നു. അതുവഴി സമൂഹത്തിൽ പൊതുസ്വീകാര്യതയും അംഗീകാരവും മുഅ്തസിലി ധാരക്ക് വർദ്ധിച്ചുവന്നു. താർക്കിക യുക്തിയും ബുദ്ധിയും ഉപയോഗിച്ച് ഇസ്ലാമിന്റെ മൗലിക പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്ന പല സിദ്ധാന്തനിർമ്മിതികളും അവർ മെനഞ്ഞെടുത്തു. ഇസ്ലാമിക ജ്ഞാനപാരമ്പര്യത്തിന്റെ തനതായ രീതികളവലംബിച്ച് ഈ മുഅ്തസിലി മുന്നേറ്റം തടയാൻ തീർച്ചയായും സാധിക്കില്ലായിരുന്നു. വാസ്തവത്തിൽ അവരുടെ വൈജ്ഞാനിക ദൗത്യങ്ങൾ കേവലം ബൗദ്ധികാഭ്യാസങ്ങളും താർക്കികമായ അധരവ്യായാമങ്ങളും മാത്രമായിരുന്നു. അതേ സങ്കേതങ്ങൾ ഉപയോഗിച്ച് തന്നെ അത് നേരിടേണ്ടതുണ്ടായിരുന്നു. ഈയൊരു ദൗത്യം നിർവ്വഹിക്കാനാണ് ദീർഘകാലം മുഅ്തസിലി പ്രതിനിധിയായിരുന്ന, മുഅ്തസിലിയത്ത് എന്താണെന്ന് ശരിയായി ഗ്രഹിച്ച ഇമാം അബുൽ ഹസൻ അശ്അരി(റ) യെ പോലുള്ള ഒരു മഹാനെ അല്ലാഹു എല്ലാ യോഗ്യതകളും നൽകി ചരിത്രത്തിൽ ഉയർത്തിക്കൊണ്ടുവന്നത് എന്ന് കാണാൻ കഴിയും.

അശ്അരി ഇമാം(റ) വിന്റെ ആദ്യകാല ജീവിതം

അശ്അരി ഇമാം(റ) വിന്റെ പിതാവിന്റെ നാമം ഇസ്മാഈൽ എന്നാണ്. പിതാവിന്റെ വിയോഗം മഹാനവർകളുടെ ബാല്യകാലത്ത് തന്നെ സംഭവിച്ചിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. പിതാവിന്റെ വിയോഗത്തോടെ വിധവയായ അദ്ദേഹത്തിന്റെ മാതാവിനെ അക്കാലത്തെ പ്രമുഖ മുഅ്തസിലി പണ്ഡിതനായ അബൂ അലിയ്യിൽ ജുബ്ബായിയാണ് വിവാഹം ചെയ്തത്. സ്വാഭാവികമായും പിതാവിന്റെ സ്ഥാനത്തുള്ള ഒരാളുടെ ശിക്ഷണത്തിൽ വളരുമ്പോൾ അയാളുടെ വിശ്വാസവും സംസ്കാരവും ആശയങ്ങളും വളർത്തപ്പെടുന്ന അശ്അരി(റ) വിലും സ്വാധീനം ചെലുത്തുമെന്നത് വസ്തുതയാണ്. മാത്രമല്ല അക്കാലത്ത് മുഅ്തസിലി വിഭാഗത്തിനുണ്ടായിരുന്ന ധൈഷണിക മേൽക്കോയ്മ നിമിത്തം ജുബ്ബായി പോലുള്ള ഒരു പണ്ഡിതന് സമൂഹത്തിൽ നല്ല സ്വീകാര്യതയുമുണ്ടായിരുന്നു. നൈസർഗ്ഗികമായി തന്നെ നല്ല ബുദ്ധിവൈഭവവും അന്വേഷണ വാജ്ഞയുമുണ്ടായിരുന്ന അശ്അരി ഇമാം(റ) ജുബ്ബായിയുടെ ശിക്ഷണത്തിൽ വളർന്നതോടെ ബൗദ്ധിക വിജ്ഞാനീയങ്ങളിൽ കൂടുതൽ മികവും വ്യൂൽപത്തിയും നേടുകയും ധൈഷണിക രംഗത്ത് ശ്രദ്ധേയ സാന്നിദ്ധ്യമാവുകയും ചെയ്തു. ജുബ്ബായി മികച്ച മുദരിസും ഗ്രന്ഥകാരനുമെല്ലാമായിരുന്നെങ്കിലും സംവാദ സദസ്സുകളിൽ തന്റെ വീക്ഷണങ്ങൾ സമർത്ഥിക്കാൻ പ്രാപ്തനായിരുന്നില്ല. എന്നാൽ അബുൽ ഹസൻ അശ്അരി(റ) വളർന്നുവന്നതോടെ ജുബ്ബായിയെയും മുഅ്തസിലിയത്തിനെയും പ്രതിനിധീകരിച്ച് സംവാദ സദസ്സുകളിൽ പങ്കെടുക്കുകയും ഖണ്ഡനങ്ങൾക്കും വാദപ്രതിവാദങ്ങൾക്കുമുള്ള തന്റെ പ്രാഗത്ഭ്യം തെളിയിക്കുകയും ചെയ്തു. ഇങ്ങനെ വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ഈ മേഖലയിൽ ശ്രദ്ധേയ സാന്നിദ്ധ്യമായി അദ്ദേഹം വളരുകയും വൈകാതെ മുഅ്തസിലി സംവാദ സദസ്സുകളുടെ നേതൃസ്ഥാനം തന്നെ അദ്ദേഹത്തിന് കൈവരികയും ചെയ്തു.

മാനസാന്തരത്തിനുള്ള നിമിത്തങ്ങൾ

പേരും പെരുമയും ധൈഷണിക മികവുമെല്ലാം സമ്മേളിച്ച് വലിയ ജനപ്രിയത കൈവന്നെങ്കിലും തന്റെ ആശയങ്ങളുടെ സത്യശുദ്ധതയിൽ മഹാനവർകൾക്ക് സന്ദേഹങ്ങളുണ്ടാവാൻ പല നിമിത്തങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. മുഅ്തസിലികൾ ജുബ്ബായിക്ക് ശേഷം ശക്തനായ ഒരു പിൻഗാമിയായി മഹാനവർകളെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അല്ലാഹു മഹാനവർകളെ ദീനിനെ അതിന്റെ മൗലിക വിശുദ്ധിയിൽ സംരക്ഷിച്ചു നിലനിർത്താൻ ആവശ്യമായ നിമിത്തങ്ങളൊരുക്കി വഴികാണിച്ചു.
പല വിഷയങ്ങളിലുമുള്ള മുഅ്തസിലികളുടെ നിലപാടുകളിൽ അശ്അരി ഇമാം(റ) വിന് സന്ദേഹങ്ങളുണ്ടായിരുന്നു. സന്ദേഹങ്ങളുള്ളത് പരിഹരിച്ച് തന്റെ നിലപാടുകളെ സ്ഥിരീകരിക്കുന്നത് ഏതൊരു സത്യാന്വേഷിയുടെയും സദ്ഗുണമാണല്ലോ? താൻ പ്രതിനിധീകരിക്കുന്ന വഴി ഹഖാണെന്ന ധാരണയിലായിരുന്നു അദ്ദേഹം. എന്നാൽ ഈ ധാരണക്ക് ഉലച്ചിൽ സംഭവിക്കുമാറ് പല ധൈഷണിക പ്രതിസന്ധികളും അദ്ദേഹം അഭിമുഖീകരിക്കുകയുണ്ടായി. അതിൽ പെട്ട ഒരു സംഭവം ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നുണ്ട്.
ഒരിക്കൽ തന്റെ ഗുരുവര്യനും പിതാവിന്റെ സ്ഥാനത്തുണ്ടായിരുന്നവരും മുഅ്തസിലി പണ്ഡിതനുമായ ജുബ്ബായിയോട് ഇമാം അശ്അരി(റ) ഒരു ചോദ്യമുന്നയിച്ചു. അതിപ്രകാരമായിരുന്നു:’’
“മൂന്ന് സഹോദരങ്ങൾ മരണപ്പെട്ടു. ഒന്നാമൻ സൽകർമ്മം ചെയ്യുന്നവനാണ്.(മുത്വീഅ്) രണ്ടാമൻ വൻദോഷം ചെയ്യുന്നവനാണ്(ആസ്വി), മൂന്നാമൻ കുട്ടിക്കാലത്ത് തന്നെ മരണപ്പെട്ടു. ഇവരുടെ പരലോക ജീവിതം എങ്ങനെയായിരിക്കും?”
ജുബ്ബായി പ്രത്യുത്തരം ചെയ്തത് ഇങ്ങനെയായിരുന്നു:
“ആദ്യത്തെ ആൾ സ്വർഗാവകാശി. രണ്ടാമൻ നരകത്തിൽ. മൂന്നാമൻ രണ്ടിനുമിടക്ക്…”
അപ്പോൾ അശ്അരി ഇമാം(റ) ചോദിച്ചു:
“തനിക്ക് ദീർഘായുസ്സ് തന്നാൽ താൻ നന്മ ചെയ്ത് സ്വർഗ്ഗാവകാശിയാകാൻ പരിശ്രമിക്കുമായിരുന്നല്ലോ എന്ന് മൂന്നാമൻ ചോദിച്ചാൽ അല്ലാഹു എന്ത് മറുപടി പറയും?”
ജുബ്ബായി ആ ചോദ്യത്തിനുള്ള ഉത്തരമായി പറഞ്ഞു:
“നീ വലുതായാൽ തിന്മ ചെയ്ത് നരകാവകാശിയായി തീരുമെന്നത് കൊണ്ടാണ് നിന്നെ കുട്ടിക്കാലത്ത് തന്നെ മരിപ്പിച്ച് നിനക്ക് ഉത്തമമായത് ചെയ്തതെന്ന് അല്ലാഹു മറുപടി പറയും.”
അശ്അരി(റ) വീണ്ടും ഉപചോദ്യം ഉന്നയിച്ചു:
“അങ്ങനെയാണെങ്കിൽ വലുതായാൽ തിന്മ ചെയ്ത് നരകാവകാശിയാകുമെന്നറിഞ്ഞിട്ടും തന്നെ കുട്ടിക്കാലത്ത് തന്നെ എന്തുകൊണ്ട് മരിപ്പിച്ചില്ല എന്ന് നരകാവകാശി ചോദിച്ചാൽ?”
ഈ ചോദ്യത്തിന് ജുബ്ബായിക്ക് വിശദീകരണമൊന്നുമുണ്ടായിരുന്നില്ല.
അല്ലാഹുവിന്റെ പ്രവൃത്തികളിലുള്ളടങ്ങിയ ഹിക്മത്തുകൾ നമ്മുടെ കേവല യുക്തികൊണ്ട് വിശദീകരിക്കാൻ സാധിക്കുന്നതല്ല എന്ന തിരിച്ചറിവാണ് ഗുരുവുമായുള്ള ഈ സംവാദത്തിലൂടെ ഇമാം അശ്അരി(റ) വിന് ബോദ്ധ്യപ്പെട്ടത്.

ഹാഫിള് ഇബ്നു അസാകിർ(റ) തന്റെ തബ് യീനു കിദ്ബിൽ മുഫ്തരീ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം വിവരിക്കുന്നു:
ഒരു റമളാൻ മാസത്തിലെ ആദ്യപത്തിലെ ഒരു രാത്രിയിൽ അശ്അരി ഇമാം(റ) നബി(സ്വ) തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. താൻ ഇപ്പോൾ പ്രതിനിധീകരിക്കുന്ന പാത ഉപേക്ഷിച്ച് നബി(സ്വ) തങ്ങളിൽ നിന്ന് പിന്തുടർന്നുപോന്ന മൗലിക വിശ്വാസത്തെ മുറുകെ പിടിക്കാൻ നബി(സ്വ) തങ്ങൾ ആ സ്വപ്നദർശനത്തിലൂടെ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഈ സ്വപ്ന ദർശനം റമളാനിലെ ബാക്കി രണ്ട് പത്തുകളിലും ആവർത്തിക്കപ്പെട്ടു. മൂന്നാമത്തെ പത്തിലെ ദർശനത്തിൽ പ്രസ്തുത വഴി പിന്തുടർന്നാൽ അല്ലാഹുവിൽ നിന്നുള്ള സഹായം ലഭിക്കുമെന്ന് നബി(സ്വ) തങ്ങൾ അശ്അരി(റ) വിന് ഉറപ്പ് നൽകുകയും ചെയ്തു.’’
ഈ സ്വപ്ന ദർശനങ്ങൾക്കുശേഷമുള്ള ഏതാനും ദിനങ്ങൾ മഹാനവർകൾ സ്വന്തം ഭവനത്തിൽ തന്നെ ഏകാന്തവാസത്തിലായി കഴിഞ്ഞുകൂടി. അല്ലാഹു തിരുനബി(സ്വ) തങ്ങളുടെ സ്വദഖയിലായി മഹാനവർകളുടെ ഖൽബ് തുറന്നുകൊടുത്തു.

തിരുനബി(സ്വ) തങ്ങളെ സ്വപ്നത്തിൽ ദർശിക്കുന്നു

മഹാനവർകൾക്ക് ഇതുപോലുള്ള സന്ദേഹങ്ങൾ വർദ്ധിച്ചുവരികയും മുഅ്തസിലി വിശദീകരണങ്ങൾ പലതും അപര്യാപ്തമാണെന്ന് തിരിച്ചറിയുകയും ചെയ്ത സന്ദർഭത്തിലാണ് ജീവിതത്തിന് വഴിത്തിരിവ് സൃഷ്ടിക്കുന്ന സവിശേഷമായ ഒരനുഭവം അദ്ദേഹത്തിനുണ്ടായത്. അഥവാ അല്ലാഹുവിന്റെ റസൂൽ(സ്വ) തങ്ങളുടെ പ്രത്യേകമായ തവജ്ജുഹ് തന്നെ മഹാനവർകൾക്കുണ്ടായി. ഇക്കാര്യം ഹാഫിള് ഇബ്നു അസാകിർ(റ) തന്റെ തബ് യീനു കിദ്ബിൽ മുഫ്തരീ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം വിവരിക്കുന്നു:
ഒരു റമളാൻ മാസത്തിലെ ആദ്യപത്തിലെ ഒരു രാത്രിയിൽ അശ്അരി ഇമാം(റ) നബി(സ്വ) തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. താൻ ഇപ്പോൾ പ്രതിനിധീകരിക്കുന്ന പാത ഉപേക്ഷിച്ച് നബി(സ്വ) തങ്ങളിൽ നിന്ന് പിന്തുടർന്നുപോന്ന മൗലിക വിശ്വാസത്തെ മുറുകെ പിടിക്കാൻ നബി(സ്വ) തങ്ങൾ ആ സ്വപ്നദർശനത്തിലൂടെ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഈ സ്വപ്ന ദർശനം റമളാനിലെ ബാക്കി രണ്ട് പത്തുകളിലും ആവർത്തിക്കപ്പെട്ടു. മൂന്നാമത്തെ പത്തിലെ ദർശനത്തിൽ പ്രസ്തുത വഴി പിന്തുടർന്നാൽ അല്ലാഹുവിൽ നിന്നുള്ള സഹായം ലഭിക്കുമെന്ന് നബി(സ്വ) തങ്ങൾ അശ്അരി(റ) വിന് ഉറപ്പ് നൽകുകയും ചെയ്തു.’’
ഈ സ്വപ്ന ദർശനങ്ങൾക്കുശേഷമുള്ള ഏതാനും ദിനങ്ങൾ മഹാനവർകൾ സ്വന്തം ഭവനത്തിൽ തന്നെ ഏകാന്തവാസത്തിലായി കഴിഞ്ഞുകൂടി. അല്ലാഹു തിരുനബി(സ്വ) തങ്ങളുടെ സ്വദഖയിലായി മഹാനവർകളുടെ ഖൽബ് തുറന്നുകൊടുത്തു.

മുഅ്തസിലികൾക്കെതിരെ പരസ്യപ്രഖ്യാപനം

മുഅ്തസിലി എന്നാൽ താത്വികമായും പ്രാമാണികമായും ഇസ്ലാമിന്റെ മൗലിക വിശ്വാസത്തിൽ നിന്ന് പുറത്താവുന്ന ഒരു മാർഗമാണെന്ന് മഹാനവർകൾക്ക് ബോദ്ധ്യമായി. പിന്നീടദ്ദേഹം തന്റെ നിലപാടുകളുമായി ഒതുങ്ങിക്കൂടുകയായിരുന്നില്ല. പ്രത്യുത മുഅ്തസിലികൾക്കെതിരെ ശക്തമായ ധൈഷണികാർജ്ജവത്തോടെ രംഗത്ത് വരികയുണ്ടായി. അതിന്റെ തുടക്കം ഇപ്രകാരമായിരുന്നുവെന്ന് ഇബ്നു ഖല്ലിഖാനെ പോലുള്ളവർ രേഖപ്പെടുത്തിയിട്ടുണ്ട്:
“പതിനഞ്ച് ദിവസം തന്റെ വീടിനകത്ത് അദ്ദേഹം ഏകാന്തതയിൽ കഴിഞ്ഞു. പതിനാറാം ദിനം വീട്ടിൽ നിന്നും നേരെ മസ്ജിദിലെത്തി. വെള്ളിയാഴ്ച ദിനമായിരുന്നതിനാൽ പള്ളി ജനനിബിഡമായിരുന്നു. മഹാനവർകൾ പള്ളിയിലെ മിമ്പറിൽ കയറി ജനങ്ങളെ സംബോധന ചെയ്ത് ഇപ്രകാരം വിളിച്ചുപറഞ്ഞു:
“എന്നെ നിങ്ങളെല്ലാവരും അറിയുമെന്ന് കരുതുന്നു. അറിയാത്തവരോട് ഞാൻ പറയുന്നു: ഞാനാണ് അബുൽ ഹസൻ അശ്അരി….ഞാൻ മുഅ്തസിലിയായിരുന്നു…മുഅ്തിസിലി അഖീദഃയുള്ളവനും അതിന്റെ ശക്തനായ വക്താവുമായിരുന്നു. ഞാനിപ്പോൾ തൗബ ചെയ്യുകയാണ്. എന്റെ പിഴച്ച ആ മുൻകാല അഖീദഃകളിൽ നിന്ന് ഞാനിതാ മടങ്ങുന്നു. ഇന്ന് മുതൽ മുഅ്തസിലികളുടെ വാദഗതികളെ ഖണ്ഡിക്കലും അവരുടെ പിഴവുകളെ ബോദ്ധ്യപ്പെടുത്തലുമായിരിക്കും എന്റെ ദൗത്യം..”
വാസ്തവത്തിൽ ഈ ദൗത്യം തിരുനബി(സ്വ) തങ്ങളുടെ ഒരു പ്രവചനത്തിന്റെ പുലർച്ചയായിരുന്നു. ഇക്കാര്യം പല വ്യാഖ്യാതാക്കളും രേഖപ്പെടുത്തിയിട്ടുണ്ട്. പരിശുദ്ധ ഖുർആനിലെ അൽ മാഇദഃ സൂറത്തിലെ 54 ാം സൂക്തത്തിന്റെ വിശദീകരണത്തിനിടെയാണ് തിരുനബി(സ്വ) തങ്ങൾ ഇക്കാര്യം പ്രവചിച്ചത്. പരിശുദ്ധ ഖുർആനിലെ ആ സൂക്തം ഇപ്രകാരമാണ്:
“സത്യവിശ്വാസികളെ…നിങ്ങളിൽ വല്ലവനും തന്റെ മതത്തെ വിട്ട് മടങ്ങിപ്പോകുന്ന പക്ഷം അല്ലാഹുവിനെ അങ്ങോട്ടും അവനിങ്ങോട്ടും സ്നേഹിക്കുന്നവരും സത്യവിശ്വാസികളോട് വിനയം കാണിക്കുന്നവരും സത്യനിഷേധികളോട് അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്നവരും യാതൊരു ആക്ഷേപകന്റെ ആക്ഷേപത്തെയും ഭയപ്പെടാത്തവരുമായ ഒരു ജനതയെ അല്ലാഹു കൊണ്ടുവരുന്നതാണ്.”
ഈ ആയത്ത് സൂചന നൽകുന്നത് അബൂമൂസൽ അശ്അരി(റ) വിന്റെ പിൻഗാമികളെയാണെന്ന് നബി(സ്വ) തങ്ങൾ അരുൾ ചെയ്തത് ശുഅ്ബ(റ) വിൽ നിന്ന് ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നു:
“അല്ലാഹുവിനെ അങ്ങോട്ടും അവനിങ്ങോട്ടും സ്നേഹിക്കുന്ന ഒരു ജനതയെ കൊണ്ടുവരും എന്ന ആയത്ത് ഇറങ്ങിയപ്പോൾ അബൂ മൂസൽ അശ്അരി(റ) വിന്റെ ചുമലിൽ കൈവെച്ച് നബി(സ്വ) തങ്ങൾ പറഞ്ഞു: “അതിവരുടെ ജനതയാണ്…”(ഇബ്നു കസീർ: 2: 98)
ഇത്തരം പ്രമാണങ്ങളുടെ പിൻബലത്തോടെയും ചരിത്രത്തിലെ നിർണ്ണായക സന്ദർഭത്തിലെ അശ്അരി ഇമാം(റ) വിന്റെ ദൗത്യത്തെയും പ്രതിനിധാനത്തെയും പരിഗണിച്ചുമാണ് പണ്ഡിത ലോകം ഹിജ്റഃ മൂന്നാം നൂറ്റാണ്ടിലെ മുജദ്ദിദ് തന്നെയായി മഹാനവർകളെ തിരിച്ചറിഞ്ഞത്. ഇമാം അശ്അരി(റ) മസ്ജിദിൽ വെച്ച് നടത്തിയ പരസ്യപ്രഖ്യാപനത്തിന് ശേഷം പിന്നീടുള്ള ജീവിതത്തിൽ മുഅ്തസിലി ഉൾപ്പെടെ അക്കാലത്ത് ആവിർഭവിച്ച പല അവാന്തരധാരകളുടെയും പിഴച്ച അഖീദഃകളെ ശക്തമായി തന്നെ നേരിടുകയുണ്ടായി.

മുഅ്തസിലികളുടെ വിശ്വാസ വ്യതിയാനങ്ങൾ

മതകാര്യങ്ങളിൽ യുക്തിക്ക് പ്രാമുഖ്യം നൽകുന്ന രീതിയാണ് മുഅ്തസിലികൾ പൊതുവായി സ്വീകരിച്ചത്. അതുകൊണ്ട് തന്നെ പ്രാമാണികമായ അടിത്തറയുള്ള ദീനിലെ പല കാര്യങ്ങളെയും അവർ നിഷേധിക്കുകയും യുക്തിക്കും ബുദ്ധിക്കും നിരക്കുന്നതുമാത്രം അംഗീകരിക്കുകയും ചെയ്തു. അല്ലാഹുവിന്റെ ദാത്തും സ്വിഫാത്തുകളും സംബന്ധിച്ച് മുഅ്തസിലികൾക്കുണ്ടായിരുന്ന വാദം തന്നെ പ്രാമാണിക അടിത്തറയില്ലാത്തതും വ്യതിചലന സ്വഭാവമുള്ളതുമായിരുന്നു. അല്ലാഹു ഏകനാണ് എന്നതിന് അവൻ ഏകസത്തയാണ് എന്നും അവന്റെ ഗുണങ്ങളായി പറയപ്പെടുന്നവയെല്ലാം സത്തയുടെ ഭാഗമാണെന്നും അവർ വാദിച്ചു. സത്തയിൽ നിന്നും വേറിട്ട് നിൽക്കുന്നവയല്ല ഗുണങ്ങളെന്നും ഗുണങ്ങളെ പ്രത്യേകമായി കാണുക എന്നത് തൗഹീദിനെതിരാണെന്നും അവർ വാദിച്ചു. അല്ലാഹുവിനെ ഇവ്വിധം ഗുണങ്ങളും കൂടിയുള്ളവനായി കാണൽ ബഹുദൈവവിശ്വാസത്തിന്റെ അംശങ്ങൾ ഉള്ള വാദമായി അവർ ദുർവ്യാഖ്യാനിച്ചു. അല്ലാഹുവിന്റെ നീതിയെ സംബന്ധിച്ച് അവർ വിശദീകരിച്ച കാര്യങ്ങളിലും പ്രമാണങ്ങൾക്ക് നിരക്കാത്ത കേവല യുക്തിയുടെ അതിപ്രസരമുണ്ടായിരുന്നു. അല്ലാഹു അപാരമായ കാരുണ്യങ്ങൾക്കുടയവനും ഔദാര്യപൂർണ്ണനും അവന്റെ അടിമകൾക്ക് വിട്ടുവീഴ്ച ചെയ്യുന്നവനുമാണെന്നിരിക്കെ അല്ലാഹു പാപികളെ ശിക്ഷിക്കുന്നവനും സുകൃതവാന്മാർക്ക് രക്ഷ നൽകുന്നവനുമാണെന്നും അല്ലാഹു നീതിമാനാണ് എന്നതിന്റെ വിവക്ഷ ഇത് മാത്രമാണെന്നും അവർ വാദിച്ചു. ഈ വാദമനുസരിച്ച് മനുഷ്യന്റെ സൽകർമ്മങ്ങൾക്ക് നിർബന്ധമായും അല്ലാഹു പ്രതിഫലം നൽകണമെന്നും ദുഷ്കർമ്മങ്ങൾക്ക് ശിക്ഷ നൽകൽ അവന് നിർബന്ധമാണെന്നും അവർ വാദിച്ചു. മാത്രമല്ല വിധിവിശ്വാസത്തിന്റെ(ഖളാ ഖദ്റ്) യഥാർത്ഥ താത്പര്യം തിരിച്ചറിയാതിരുന്ന അവർ മനുഷ്യന് പൂർണ്ണമായ ഇച്ഛാസ്വാതന്ത്ര്യമുണ്ടെന്നും വിധിക്കപ്പുറം സ്വന്തം ഭാഗധേയം നിർണ്ണയിക്കേണ്ടത് മനുഷ്യൻ തന്നെയാണെന്നും സിദ്ധാന്തിച്ചു. നന്മതിന്മകളെ സംബന്ധിച്ച ഇസ്ലാമിക വിഭാവനകളെ അട്ടിമറിക്കുന്ന വീക്ഷണങ്ങളും അവർ വെച്ചുപുലർത്തി. അല്ലാഹു വിധിച്ചതുകൊണ്ടല്ല നന്മതിന്മകൾ ഉണ്ടായതെന്നും പ്രകൃത്യായുള്ളതാണ് നന്മതിന്മകളെന്നും മനുഷ്യന് സ്വന്തം ബുദ്ധികൊണ്ട് ആലോചിച്ച് നന്മതിന്മകളെ വിവേചിക്കാമെന്നും മുഅ്തസിലികൾ വിശദീകരിച്ചു. അഥവാ ശരിതെറ്റുകൾ മനുഷ്യന്റെ ബുദ്ധിയും യുക്തിയുമനുസരിച്ചാണ് തീരുമാനിക്കപ്പെടേണ്ടത് എന്ന വാദമാണവരുന്നയിച്ചത്. അല്ലാഹുവിന്റെ ദീനിന്റെ വിധിവിലക്കുകളുടെ യഥാർത്ഥ താത്പര്യങ്ങളെ അട്ടിമറിക്കുന്ന നിലപാടായിരുന്നു ഇത് എന്നതാണ് വസ്തുത.
തങ്ങളുടെ യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതിനാൽ പരലോകത്ത് വെച്ച് സത്യവിശ്വാസികൾക്ക് അല്ലാഹുവിനെ ദർശിക്കാനാവും എന്ന് സൂചിപ്പിക്കുന്ന തിരുനബി(സ്വ) തങ്ങളുടെ ഹദീസിനെ തന്നെ അവർ നിഷേധിക്കുന്നുണ്ട്. ഇതുപോലെ തങ്ങളുടെ കേവല യുക്തിക്ക് വഴങ്ങാത്ത ദീനിലെ മറ്റെല്ലാ അനുഭവ തലങ്ങളെയും നിഷേധിക്കുന്ന സമീപനമനുവർത്തിച്ച മുഅ്തസിലികൾ പരിശുദ്ധ ഖുർആനിനെ അല്ലാഹുവിന്റെ ഒരു സൃഷ്ടിയായി പരിഗണിച്ചു. അഥവാ അല്ലാഹുവിന്റെ വചനം അനാദിയല്ല എന്നും പരിശുദ്ധ ഖുർആൻ സൃഷ്ടിയാണെന്നും ഒരു നിശ്ചിത കാലയളവിനുള്ളിൽ തിരുനബി(സ്വ) തങ്ങൾക്ക് അവതീർണ്ണമായതാണ് അതെന്നും അതിനാൽ സൃഷ്ടിയെന്ന വിശേഷണമാണ് അതിന് ചേരുക എന്നും അവർ വാദിച്ചു.
ഖബറിലെ ശിക്ഷ, ലോകാവസാന സന്ദർഭത്തിൽ പ്രത്യക്ഷപ്പെടുമെന്ന് ഹദീസുകളിൽ പ്രവചിച്ച യഅ്ജൂജ് മഅ്ജൂജ്, ദജ്ജാൽ, ദാബ്ബത്തുൽ അർള് എന്നിവയുടെ സാന്നിദ്ധ്യം, അന്തിമ വിചാരണവേളയിലെ മീസാൻ, മനുഷ്യരുടെ നന്മതിന്മകൾ രേഖപ്പെടുത്തുന്ന മലക്കുകൾ, സ്വർഗനരകങ്ങൾക്കിടയിലെ സ്വിറാത്ത് പാലം തുടങ്ങിയ പ്രമാണികാടിത്തറയുള്ള പ്രവചനങ്ങളെയും വിശ്വാസകാര്യങ്ങളെയും മുഅ്തസിലികൾ നിഷേധിക്കുന്നുണ്ട്. മാത്രമല്ല പാപികൾ ഒരിക്കലും നരകത്തിൽ നിന്ന് രക്ഷനേടുകയില്ല എന്നും മിഅ്റാജ് സംഭവ്യമല്ല എന്നും അവർ വാദിച്ചു.

അശ്അരി ഇമാം(റ) വിന്റെ വിശകലന ശൈലിയുടെ സവിശേഷതകൾ

ഇത്തരം പിഴച്ച വാദങ്ങളെയെല്ലാം യുക്തിയുടെയും ബുദ്ധിയുടെയും സങ്കേതങ്ങൾ ഉപയോഗിച്ച് തന്നെ ശക്തമായ ഭാഷയിൽ ഖണ്ഡിക്കുന്ന ശൈലിയാണ് മഹാനായ അശ്അരി ഇമാം(റ) സ്വീകരിച്ചത് എന്ന് കാണാം. അതുകൊണ്ട് തന്നെ മുൻഗാമികളായ പലരും ബിദ്അത്തെന്നോണം പരിഗണിച്ച് അകറ്റി നിർത്തിയ ഇൽമുൽ കലാം പോലുള്ള ദാർശനിക വ്യവഹാരങ്ങളെ മുഅ്തസിലി ഉൾപ്പെടെയുള്ള വ്യതിയാന സിദ്ധാന്തങ്ങളെ നേരിടാൻ ഒരു സങ്കേതമെന്ന നിലക്ക് മഹാനവർകൾ പരിഗണിച്ചു. ഒരേ സമയം വ്യതിയാനം സംഭവിച്ച പിഴച്ച ധാരകളെയും പുതിയ സങ്കേതങ്ങളെ അപ്പാടെ ഭയന്ന പാരമ്പര്യവാദികളെയും നേരിടേണ്ട സാഹചര്യമായിരുന്നു അശ്അരി ഇമാം(റ) വിനുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇൽമുൽ കലാം ഒരു വിജ്ഞാനോപാദിയായി സ്വീകരിക്കണമെന്ന് അദ്ദേഹം സമർത്ഥിച്ചു. മതവിഷയങ്ങളിൽ യുക്തിക്കും ബുദ്ധിക്കും പ്രാമുഖ്യമുണ്ടെന്നും സമാനമായ സങ്കേതങ്ങൾ മുഅ്തസിലികൾ അധികമായി പ്രയോഗിക്കുന്നതുകൊണ്ട് ആ സങ്കേതം തന്നെ ഉപേക്ഷിക്കണമെന്ന വീക്ഷണം അപക്വമാണെന്നും മഹാനവർകൾ സമർത്ഥിച്ചു. കേവലം കർമ്മശാസ്ത്ര ജ്ഞാനനിർദ്ധാരണ സങ്കേതങ്ങളുപയോഗിച്ച് മുഅ്തസിലി പോലുള്ള ഒരു ധൈഷണിക രോഗത്തെ നേരിടാൻ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ പാരമ്പര്യവാദികളിൽ അധികവും അശ്അരി ഇമാം(റ) വിന്റെ നിലപാടുകളെ പിന്തുണച്ചു. യുക്തിയെ മാത്രം അവലംബിച്ച് വ്യതിയാനം സംഭവിച്ച മുഅ്തസിലിയത്തിന്റെ പ്രതിലോമ സ്വഭാവം യുക്തിയെ പൂർണ്ണമായി അവഗണിക്കുന്ന പാരമ്പര്യസമീപനങ്ങൾ കൊണ്ടും സംഭവിക്കാമെന്ന കാര്യം മഹാനവർകൾ സത്യവിശ്വാസികളുടെ സമൂഹത്തെ ബോദ്ധ്യപ്പെടുത്തി. തത്വചിന്തയെ സംബന്ധിച്ച പരമ്പരാഗത ധാരണകളെയും മഹാനവർകൾ തിരുത്തി. തത്വചിന്തയുടെ ഗുണവശങ്ങളെയും ഇസ്ലാമിക വിശ്വാസ വിജ്ഞാന സംരക്ഷണാർത്ഥം സ്വീകരിക്കാമെന്ന് അദ്ദേഹം സമർത്ഥിച്ചു.

മൂന്ന് അടിസ്ഥാന കാര്യങ്ങൾ

തന്റെ സമീപനങ്ങൾക്കടിസ്ഥാനമായി മൂന്ന് കാര്യങ്ങളെ മഹാനവർകൾ വിശദീകരിച്ചു.
ഒന്ന് തിരുനബി(സ്വ) തങ്ങൾ ഇത്തരം ചർച്ചകൾ നിരോധിച്ചിട്ടില്ലാത്തതിനാൽ അവിടുന്ന് നിരോധിക്കാത്തത് നിരോധിക്കലാണ് തെറ്റായ പ്രവണത.
രണ്ട് ദ്രവ്യം, ചലനം, ഗുണം, അണുക്കൾ തുടങ്ങിയ തത്വചിന്താപരമായ വിഷയങ്ങൾ തിരുനബി(സ്വ) തങ്ങൾ വെവ്വേറെ പ്രതിപാദിച്ചിട്ടില്ലെങ്കിലും അവയെയെല്ലാം സ്പർശിക്കുന്ന പൊതുനിയമങ്ങൾ വിശുദ്ധ ഖുർആനിലും സുന്നത്തിലുമുണ്ട്. ഇക്കാര്യം പരിശുദ്ധ ഖുർആൻ സൂക്തങ്ങളും തിരുമൊഴികളും ഉദ്ധരിച്ച് തന്നെ അദ്ദേഹം സമർത്ഥിച്ചു.
അദ്ദേഹം തന്റെ വിശകലന രീതിശാസ്ത്രത്തിന്റെ അടിസ്ഥാനമായി വിശദീകരിച്ച മൂന്നാമത്തെ കാര്യം തിരുനബി(സ്വ) തങ്ങൾ അഭിമുഖീകരിച്ച കാലവും തന്റെ സമകാലവും തമ്മിലുള്ള വ്യത്യാസത്തെ പരിഗണിക്കണമെന്നാണ്. അഥവാ ഈ വിഷയങ്ങളൊന്നും പ്രത്യേകമായി ചർച്ചചെയ്യേണ്ട സവിശേഷ സാഹചര്യം തിരുനബി(സ്വ) തങ്ങളുടെ കാലത്തുണ്ടായിരുന്നില്ല. അക്കാലത്തുണ്ടായിരുന്ന മതപരമായ പ്രശ്നങ്ങൾ അവിടുത്തെ സ്വഹാബികളായ അനുചരന്മാർ ചർച്ച ചെയ്തിട്ടുണ്ട്. തിരുനബി(സ്വ) തങ്ങളിൽ നിന്ന് വ്യക്തമായ മാർഗനിർദ്ദേശം വന്നിട്ടില്ലാത്ത കാര്യങ്ങളും അവർ ചർച്ച ചെയ്തിട്ടുണ്ട്. പല കാര്യങ്ങളിലും സ്വഹാബാക്കൾക്കിടയിൽ അഭിപ്രായ വൈവിദ്ധ്യങ്ങൾ നിലനിൽക്കുകയും ചെയ്തു. ഖുർആൻ സൃഷ്ടിയാണോ തുടങ്ങിയുള്ള സന്ദേഹങ്ങൾ തിരുനബി(സ്വ) തങ്ങളുടെ കാലത്ത് ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിൽ തീർച്ചയായും അവിടുന്ന് അതിന്റെ യാഥാർത്ഥ്യം വിശദീകരിക്കുമായിരുന്നു. ചുരുക്കത്തിൽ മതവിജ്ഞാന വ്യവഹാരങ്ങളിൽ ചില സന്ദർഭങ്ങളിൽ യുക്തി ഉപയോഗിക്കുന്നതിന് ഇസ്ലാം ദീൻ എതിരല്ലെന്നും ഇത്തരം സന്ദർഭങ്ങളിൽ അത്തരം സമർത്ഥന രീതികൾ അത്യന്താപേക്ഷിതമാണെന്നും മഹാനവർകൾ സമർത്ഥിച്ചു.

മുഅ്തസിലി വാദങ്ങൾ പൊളിയുന്നു

അല്ലാഹുവിന്റെ സത്തയെയും ഗുണഗണങ്ങളെയും സംബന്ധിച്ച മുഅ്തസിലിയത്തിന്റെ വികല വാദങ്ങളെ അശ്അരി ഇമാം(റ) ഇൽമുൽ കലാമിന്റെ സങ്കേതങ്ങളുപയോഗിച്ച് താഴെ വിശദീകരിക്കും പ്രകാരം നേരിട്ടു:
അല്ലാഹു ഏകനും അനാദിയും നിസ്തുലനും അരൂപിയും സ്ഥലകാലദിശകൾക്കതീതനുമാണ്. ജീവൻ, ജ്ഞാനം, ഉദ്ദേശം, ശക്തി ഇവകളോടൊപ്പം കേൾവിയും കാഴ്ചയും സംസാരവുമുള്ളവനാണ് അല്ലാഹു. അവന്റെ ഗുണങ്ങൾ വുജൂദിയായതാണ്. അല്ലാഹുവിന്റെ ഗുണങ്ങൾക്ക് സൃഷ്ടികളുടെ ഗുണങ്ങളുമായി സാമ്യമോ താരതമ്യമോ ഇല്ല. അക്ഷരാർത്ഥത്തിൽ അവയെ മനസ്സിലാക്കാനാവില്ല. ബിലാ കൈഫ്(എങ്ങനെയാണെന്നറിയാത്ത) ബിലാ തശ്ബീഹ്(താരതമ്യമില്ലാത്ത) എന്നാണ് അല്ലാഹുവിന്റെ ഗുണങ്ങളെ മഹാനവർകൾ സംഗ്രഹിക്കുന്നത്. ഈ തത്വമനുസരിച്ച് ഏതൊരു ഗുണത്തെയും അല്ലാഹുവുമായി ബന്ധപ്പെടുത്തുമ്പോൾ അത് അവന് മാത്രം സവിശേഷമാണെന്ന തിരിച്ചറിവോടെയായിരിക്കണമെന്നും സൃഷ്ടികളുമായി അതിന് യാതൊരു സാമ്യമോ സാദൃശ്യമോ ഇല്ല എന്നും മഹാനവർകൾ വിശദീകരിച്ചു. അല്ലാഹുവിന്റെ എല്ലാ ഗുണങ്ങളും അനാദിയും അനശ്വരവുമാണ്. അവന്റെ ദാത്ത് അനാദിയും അനശ്വരവുമായതുപോലെ. സത്ത തന്നെയാണ് ഗുണം എന്ന മുഅ്തസിലി വാദം ഫലത്തിൽ അല്ലാഹുവിന്റെ ഗുണത്തെ നിഷേധിക്കലായിതീരുന്നത് എപ്രകാരമാണെന്ന് ഇതിലൂടെ മഹാനവർകൾ സമർത്ഥിച്ചു.
ഇച്ഛാസ്വാതന്ത്ര്യത്തെയും വിധിയെയും കുറിച്ചുള്ള മുഅ്തസിലി വാദങ്ങളെയും അശ്അരി ഇമാം(റ) പ്രമാണബദ്ധമായി ഖണ്ഡിച്ചു. എല്ലാം വിധിയാണെന്ന് വാദിക്കുന്നതും വിധി തന്നെ ഇല്ല എന്ന് വാദിക്കുന്നതും പിഴച്ച വാദങ്ങളാണെന്ന് അദ്ദേഹം വിശദീകരിച്ചു. മനുഷ്യന്റെ ഇച്ഛകൾക്കും പ്രവർത്തികൾക്കും മേൽ അല്ലാഹുവിന്റെ നിയന്ത്രണമുണ്ട്. മനുഷ്യന് സ്വതന്ത്രമായി എന്തെങ്കിലും പ്രവർത്തിക്കാനുള്ള ഖുവ്വത്തില്ല. പ്രവൃത്തികളെ സൃഷ്ടിക്കാനുള്ള കഴിവ് മനുഷ്യനില്ല. ആർജ്ജിക്കാനുള്ള സമ്പാദിക്കാനുള്ള(കസ്ബ്) കഴിവേ അവനുള്ളൂ. പ്രവൃത്തിയുടെ സ്രഷ്ടാവ് അല്ലാഹു മാത്രമാണ്. ആ പ്രവൃത്തിയെ തിരഞ്ഞെടുക്കാനുള്ള ഇച്ഛാസ്വാതന്ത്ര്യവും ആ പ്രവൃത്തി അല്ലാഹു നൽകുന്ന ഖുവ്വത്ത് ഉപയോഗിച്ച് ആർജ്ജിക്കാനുള്ള കഴിവും മനുഷ്യനുണ്ട്. നന്മതിന്മകൾ വിവേചിച്ച് കാണിച്ചുതന്ന അല്ലാഹു പ്രവൃത്തിയെ തിരഞ്ഞെടുക്കാനുള്ള(ഇഖ്തിയാർ) സ്വാതന്ത്ര്യമാണ് മനുഷ്യന് നൽകിയിട്ടുള്ളത്. ഈ തിരഞ്ഞെടുപ്പുകൊണ്ടാണ് ഓരോ പ്രവൃത്തിയുടെയും മേൽ മനുഷ്യന് ഉത്തരവാദിത്വമുള്ളത്. രക്ഷാശിക്ഷകൾ ഈ തിരഞ്ഞെടുപ്പിന്റെ പരിണിത ഫലങ്ങളാണ്. അഫ്ആലിലെ തൗഹീദുമായി ബന്ധപ്പെട്ട വളരെ സങ്കീർണ്ണതയേറിയ ഈ മസ്അലയെ എളുപ്പം ഗ്രഹിക്കാവുന്ന വിധം മഹാനവർകൾ ഇപ്രകാരം വിശദീകരിച്ചതോടെ മുഅ്തസിലി, ജബ്രി, ഖദ്രി പോലുള്ള നൂതന വിഭാഗങ്ങളുടെ സൈദ്ധാന്തിക നെടുങ്കോട്ടകളാണ് തകർന്നടിഞ്ഞത്.
നന്മതിന്മകളെ സംബന്ധിച്ച മുഅ്തസിലികളുടെ വാദങ്ങളെ ഇമാം അശ്അരി(റ) നേരിട്ടത് മതനിയമങ്ങളുടെ പ്രാമാണികത ഉറപ്പിച്ചുകൊണ്ടായിരുന്നു. ഒരു കാര്യം തെറ്റാണോ ശരിയാണോ എന്ന കാര്യത്തിൽ ബുദ്ധിയും മതനിയമങ്ങളും തമ്മിൽ ഭിന്നതയുണ്ടായാൽ മതനിയമത്തിന് പ്രാമുഖ്യം നൽകണം എന്നാണ് മഹാനവർകൾ സമർത്ഥിച്ചത്. നന്മതിന്മകൾ ചിലപ്പോൾ ആപേക്ഷിക മൂല്യമുള്ള ഒന്നായി തീരും. സ്ഥലകാലങ്ങൾക്കും ആളുകൾക്കും അനുസരിച്ച് നന്മതിന്മകളിൽ മാറ്റങ്ങൾ വരാം. യുക്തിക്ക് നല്ലതായി തോന്നുന്നതാവണമെന്നില്ല ചിലപ്പോൾ നന്മ. യുക്തി തിന്മയായി പരിഗണിക്കുന്നത് ചിലപ്പോൾ നന്മയായും ഭവിക്കാം. ശരീഅത്ത് നിയമങ്ങൾക്കനുസരിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

പരിശുദ്ധ ഖുർആൻ സൃഷ്ടിയാണ് എന്ന മുഅ്തസിലി സമർത്ഥനങ്ങളെ അശ്അരി ഇമാം(റ) പ്രമാണ പിൻബലത്തോടെ യുക്തിഭദ്രമായി ഖണ്ഡിക്കുകയും ഖുർആനിന്റെ അനാദിയായ പ്രകൃതം ശരിയായി വിശദീകരിക്കുകയും ചെയ്തു. പരിശുദ്ധ ഖുർആന് നശ്വരമായ ഒരു ബാഹ്യഘടകവും അനശ്വരമായ ഒരു ആന്തരിക തലവും ഉണ്ടെന്നും പരിശുദ്ധ ഖുർആനിന്റെ അക്ഷരങ്ങളും വാക്കുകളും അതെഴുതപ്പെട്ട താളുകളും നശ്വരമായ ബാഹ്യഘടകങ്ങളാണെന്നും എന്നാൽ വചനങ്ങളും ആശയവും സന്ദേശവും അനാദിയും അനശ്വരവുമാണെന്നും ഇമാമവർകൾ സമർത്ഥിച്ചു. ഖുർആനികാശയങ്ങൾ ഇലാഹി ജ്ഞാനത്തിന്റെ ഭാഗമാണ്. ജ്ഞാനവും വചനവുമുൾപ്പെടെയുള്ള അല്ലാഹുവിന്റെ ഗുണങ്ങളെല്ലാം അനാദിയായതിനാൽ പരിശുദ്ധ ഖുർആനിന്റെ ആന്തരിക യാഥാർത്ഥ്യം അനാദിയും അനശ്വരവുമാണ്. ഇങ്ങനെ മുഅ്തസിലിയത്തിന്റെ ഓരോ വാദങ്ങളെയും പ്രമാണബദ്ധതയോടെയും യുക്തിപൂർണ്ണമായും മഹാനവർകൾ ഖണ്ഡിച്ചു.
പരലോകത്ത് വെച്ച് സത്യവിശ്വാസികൾക്ക് ലഭിക്കുന്ന അല്ലാഹുവിനെ കാണുക എന്ന ദർശന സൗഭാഗ്യത്തെ കുറിച്ചുള്ള പരമ്പരാഗതവും പ്രാമാണികവുമായ നിലപാടിനെ സാധൂകരിക്കാനും മഹാനവർകൾക്ക് സാധിച്ചു. ഇക്കാര്യത്തിൽ മുഅ്തസിലികളും തത്വചിന്തകരും പ്രചരിപ്പിച്ച തെറ്റായ നിലപാടുകളെ തുറന്നുകാട്ടുകയും പ്രകാശശാസ്ത്ര തത്വങ്ങളെ മറികടക്കുന്ന ദർശനാനുഭൂതിയായി ഇതിന്റെ സംഭവ്യതയെ അശ്അരി ഇമാം(റ) വിശദീകരിക്കുകയും ചെയ്തു. ദർശനം സാദ്ധ്യമാവുന്നതിനുള്ള ഭൗതിക ഉപാധികൾ ആവശ്യമില്ലാതെ തന്നെ സ്വയം വെളിപ്പെടുത്താൻ അല്ലാഹുവിന് സാധിക്കുമെന്നും പരലോകത്ത് അത് സാധ്യമാകുമെന്ന കാര്യം തിരുനബി(സ്വ) തങ്ങൾ അറിയിച്ചത് സംഭവ്യമാണെന്നും സംശയലേശമന്യേ അദ്ദേഹം സമർത്ഥിച്ചു.

വസ്തുപ്രപഞ്ചത്തിന്റെ ആവിർഭാവവും തിരോഭാവവും സംബന്ധിച്ച് വളരെ മൗലികതയുള്ള വീക്ഷണങ്ങളുള്ളവരായിരുന്നു ഇമാം അശ്അരി(റ). പരിശുദ്ധ ഖുർആനിന്റെയും തിരുഹദീസുകളുടെയും പ്രാമാണിക പിൻബലത്തോടെ ആറ്റങ്ങളുടെ ആവിർഭാവവും തിരോഭാവവുമാണ് പ്രപഞ്ചത്തിലെ മാറ്റങ്ങൾക്ക് നിദാനം എന്ന് സമർത്ഥിച്ചു. അല്ലാഹുവാണ് ഓരോ സംഭവ്യതയുടെയും പ്രതിഭാസങ്ങളുടെയും പിന്നിലുള്ളവൻ എന്നും കാരണമില്ലാതെ ഒന്നും ഉണ്ടാവുന്നില്ലെങ്കിലും കാര്യവും കാരണവും തമ്മിൽ ചിലപ്പോഴെങ്കിലും ബന്ധമുണ്ടായിക്കൊള്ളണമെന്നില്ല എന്നും അദ്ദേഹം വിശദീകരിച്ചു. കാര്യകാരണ ബന്ധത്തിന് അതീതമായി പലതും സംഭവിക്കാനുള്ള സാദ്ധ്യതകളുണ്ടെന്നും പ്രവാചകന്മാരിലൂടെ വെളിവാക്കപ്പെടുന്ന അമാനുഷിക ദൃഷ്ടാന്തങ്ങളും ഔലിയാക്കളുടെ അദ്ഭുത സിദ്ധികളും ഇതിനുദാഹരണമാണെന്നും ഇമാം അശ്അരി(റ) വിശദീകരിച്ചു. സാധാരണ ജീവിതത്തിൽ തന്നെ കാര്യകാരണങ്ങൾക്കതീതമായ ഇത്തരം സംഭവ്യതകൾ നമുക്കിന്ന് കൗതുകവാർത്തകളാണ്. അല്ലാഹു അതാത് സമയങ്ങളിൽ നൽകുന്ന കഴിവനുസരിച്ചാണ് പ്രപഞ്ചത്തിൽ ഓരോ കാര്യങ്ങളും സംഭവിക്കുന്നതെന്നും സൂക്ഷ്മതലത്തിലും സ്ഥൂലതലത്തിലും അവന്റെ സൃഷ്ടിസംഹാരങ്ങൾ അനുസ്യൂതമായി തുടരുകയാണെന്നും മഹാനവർകൾ വിശദമാക്കി. ഗ്രീക്ക് ഫിലോസഫിയുടെ അടിത്തറയുള്ള ‘ഭൗതികവാദ സ്വഭാവമുള്ള പ്രപഞ്ചവീക്ഷണങ്ങളെയാണ് ഇസ്ലാമിക പ്രപഞ്ച വീക്ഷണത്തിന്റെ നിർദ്ധാരണത്തിലൂടെ മഹാനവർകൾ തിരുത്തിക്കുറിച്ചത്. ഇത്തരം വിശകലനങ്ങളും സിദ്ധാന്തങ്ങളും ഗ്രീക്ക് ചിന്തക്കെതിരെ ശക്തമായ ആശയപ്രതിരോധം തീർക്കാൻ പാരമ്പര്യപണ്ഡിത സമൂഹത്തിന് ഊർജ്ജം നൽകി. ഇമാം ബാഖില്ലാനി(റ), ഇമാം ഗസ്സാലി(റ), ഇമാം ഫഖ്റുദ്ദീൻ റാസി(റ) തുടങ്ങിയ പിൽക്കാലത്തെ ഉജ്ജ്വലരായ പണ്ഡിത മഹത്തുക്കൾ ഈ പ്രപഞ്ച വീക്ഷണത്തെ അടിസ്ഥാനമാക്കി ഇസ്ലാമിക ചിന്തയെ വികസിപ്പിച്ചു. അതുകൊണ്ട് തന്നെ ചരിത്രത്തിലൂടെ അശ്അരി ചിന്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും അഹ്ലു സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസ, ആദർശ വിജ്ഞാനീയങ്ങൾക്ക് അടിത്തറയാവുകയും ചെയ്തു.

അഹ്ലു സുന്നത്തിന്റെ അഖീദഃകളുടെ അടിത്തറ

വിശ്വാസ കാര്യങ്ങളിൽ എക്കാലത്തേക്കുമുള്ള സന്ദേഹങ്ങൾ നീക്കി അഹ്ലു സുന്നത്തിന്റെ അഖീദഃയുടെ ജ്ഞാനമേഖലകൾക്ക് കൃത്യമായ അടിത്തറയൊരുക്കുകയായിരുന്നു ഇമാം അശ്അരി(റ) എന്ന് മഹാനവർകളുടെ ധൈഷണിക ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ശാഫിഈ, മാലികീ, ഹമ്പലീ മദ്ഹബുകാർക്കിടയിൽ അശ്അരി അഖീദഃക്ക് ശക്തമായ വേരോട്ടമുണ്ടായി. അഖീദയിലെ ഇമാമായി അശ്അരി ഇമാം(റ) സ്വീകരിക്കപ്പെട്ടു. എന്നാൽ ഹനഫി മദ്ഹബുകാർ ഏതാണ്ട് സമാനകാലത്ത് തന്നെ ജീവിച്ച ഇമാം അബൂ മൻസ്വൂരിൽ മാതുരീദി(റ) വിനെയാണ് തങ്ങളുടെ അഖീദഃയിലെ ഇമാമായി പരിഗണിച്ചത്. മഹാനവർകളും മുഅ്തസിലികളുൾപ്പെടെയുള്ള പിഴച്ച വിഭാഗങ്ങൾ സൃഷ്ടിച്ച ആശയകാലുഷ്യങ്ങളെ നീക്കി ഇസ്ലാമിക വിശ്വാസ ആദർശ തത്വങ്ങളെ അതിന്റെ സത്യശുദ്ധതയോടെ സമർത്ഥിക്കുകയുണ്ടായി.
ചുരുക്കത്തിൽ അശ്അരി ഇമാം(റ) വും അവരെ പിൻതുടർന്നുവന്ന അശാഇറത്തും ശാസ്ത്രീയ രീതികൾ അംഗീകരിക്കുകയും അത്തരം വിശകലന രീതിശാസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതായാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്. ഇസ്ലാമിക ലോകത്തെ ഉന്നതരായ ശാസ്ത്രകാരന്മാരായിരുന്ന ഇബ്നു ഹയ്തം(റ) യും അൽ ബിറൂനി(റ) യും പോലെയുള്ളവർ അശ്അരി അഖീദഃ സ്വീകരിച്ചവരായിരുന്നു. അറേബ്യയുടെ വിവിധ ദേശങ്ങളിലും വിശിഷ്യാ യമനിലും ശാഫിഈ മദ്ഹബ് പ്രചരിച്ച ഒട്ടെല്ലാ ദേശങ്ങളിലും വിശ്വാസ രംഗത്ത് അശ്അരി വീക്ഷണങ്ങളും പ്രചരിച്ചു. യമനിൽ നിന്ന് കേരളത്തിലെത്തിയ സാദാത്തുക്കളും ഔലിയാക്കളും വഴി കേരളത്തിലും അശ്അരി ധാര പ്രചരിച്ചു. തലമുറതലമുറകളായി അഖീദഃയിൽ അശ്അരി ധാരയെ പിന്തുടരുന്നതിലൂടെ ഇസ്ലാമിന്റെ യഥാർത്ഥ വിശ്വാസപാരമ്പര്യങ്ങളുമായി കണ്ണി ചേരാനുള്ള സൗഭാഗ്യമാണ് നമുക്ക് ലഭിച്ചത്.

രചനകൾ

അഖീദഃ വിജ്ഞാന ശാഖയായ ഇൽമുൽ കലാമിൽ ധാരാളം ഗ്രന്ഥങ്ങൾ ഇമാം അശ്അരി(റ) രചിച്ചിട്ടുണ്ട്. അശ്അരി ചിന്തയുടെ ശക്തനായ വക്താവായിരുന്ന ഇബ്നു ഫുറക്(റ) മൂന്നൂറോളം ഗ്രന്ഥങ്ങൾ അശ്അരി ഇമാം(റ) രചിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവയിൽ ഭൂരിഭാഗവും ഇന്ന് ലഭ്യമല്ല. എന്നാൽ അശ്അരി ചിന്തക്ക് അടിസ്ഥാനമായ അശ്അരി ഇമാം(റ) വിന്റെ അഞ്ച് ഗ്രന്ഥങ്ങളുടെ പേര് വിവരങ്ങൾ താഴെ ചേർക്കുന്നു.
1 കിതാബുൽ ഇബാന അൻ ഉസ്വൂലിദ്ദീനിയ്യഃ
2 രിസാല ഫീ ഇസ്തിഹ്സാനിൽ ഖൗലി ഫിൽ കലാം
3 കിതാബുൽ ലുമഅ്
4 കിതാബുൽ മൂജിസ്
5 കിതാബുശ്ശർഹി വത്തഫ്സീർ
ഇവയെ കൂടാതെ പിൽക്കാലത്ത് അശാഇറത്ത് രചിച്ച നിരവധി ഗ്രന്ഥങ്ങളും അശ്അരി അഖീദഃകൾ വിശദീകരിക്കുന്നതായുണ്ട്.
പ്രധാന ശിഷ്യന്മാർ
മഹാനായ അശ്അരി ഇമാം(റ) വിന്റെ പ്രധാന ശിഷ്യന്മാർ താഴെ പറയുന്നവരാണ്.
1 അബൂ സഹ്ല് സുലൂഖി(റ)
2 അബൂ സഈദ് മാവൂസി(റ)
3 ഹാഫിള് അബൂബക്കർ ജുർജാനി(റ)
4 അബൂ മുഹമ്മദ് ത്വബരി(റ)
5 അബുൽ ഹസൻ ബാഹിലി(റ)
മഹാന്മാരായ ഈ ശിഷ്യന്മാരും അവരുടെ പിൻമുറക്കാരും മുഖേന അശ്അരി അഖീദഃ ലോക വ്യാപകമായി പ്രചരിച്ചു. ഇന്ന് മുഖല്ലിദീങ്ങളായ സുന്നി ലോകം ഭൂരിപക്ഷവും പിന്തുടരുന്നത് അശ്അരി അഖീദഃയാണ്. ഹിജ്റഃ വർഷം 324 ൽ തന്റെ 65 ാം വയസ്സിൽ ബസ്വറയിൽ വെച്ച് അശ്അരി ഇമാം(റ) വഫാത്തായി. അല്ലാഹു മഹാനവർകളുടെ മദദും ഫൈളാനും നൽകി നാമേവരെയും അനുഗ്രഹിക്കുമാറാകട്ടെ…ആമീൻ…

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy